Director : Michael Winterbottom
Genre : Comedy
Country : UK
Rating : 7.4/10
Duration : 117 Minutes
🔸ഒരു മനുഷ്യന് വിജയിക്കാൻ അവൻ തന്നിൽ തന്നെ വിശ്വസിക്കണം എന്ന് പൊതുവെ പലരും ഉപദേശ രൂപേണ പറഞ്ഞ് കേൾക്കാറുണ്ട്, എന്നാൽ ടോം വിൽസൺ എന്ന വ്യക്തിയുടെ ജീവിതം ഒന്ന് ആഴത്തിൽ പരിശോധിക്കുക ആണെങ്കിൽ ഈ വാദം എത്രമേൽ അപഹാസ്യം ആണെന്ന് കാണാൻ കഴിഞ്ഞേക്കും. സ്വന്തം കഴിവിനെ അമിതമായി വിശ്വസിച്ച, പ്രതീക്ഷ അർപ്പിച്ച ഒരാളുടെ പതനം തീർച്ചയായും പകർന്ന് തരുന്ന സന്ദേശം അത് എന്തായാലും ആശ്വാസകരം അല്ല.ഒരു ശരാശരി ലോക്കൽ ന്യൂസ് ചാനലിലെ അവതാരകനാണ് ടോം വിൽസൺ.
🔸തന്റെ റിപ്പോർട്ടർ ജീവിതത്തിൽ പൂർണമായും അസംതൃപ്തനായ ടോം യാദൃച്ഛികമായാണ് ഒരു റോക്ക് ബാൻഡിന്റെ ലൈവ് പെർഫോമൻസ് കാണുന്നത്. ഒരു വേള തന്റെ അരസികമായ ജീവിതത്തിൽ നിന്നും മാറി നടക്കാൻ താല്പര്യപ്പെട്ട ടോം വിത്സൺ ആഗ്രഹിച്ച മാറ്റം അയാൾ കണ്ടെത്തിയത് ഈ ലൈവ് പെർഫോമൻസിൽ കൂടിയാണ്. യാദൃച്ഛികമായി തന്റെ മുന്നിൽ എത്തിയ ഈ അവസരമാണ് ഇനി അങ്ങോട്ടുള്ള തന്റെ മാർഗമെന്ന് അയാൾ ഉറച്ച് വിശ്വസിക്കുകയാണ്, അതിനായി ഇറങ്ങി തിരിക്കുകയാണ്.
🔸അവരുടെ പ്രകടനത്തിൽ ആകൃഷ്ടനായ ടോം താൻ സ്വരൂക്കൂട്ടിവെച്ച പൈസ മുടക്കി ഒരു ക്ലബ് ആരംഭിക്കുകയാണ്. സംഗീതത്തിൽ അറിവോ കാര്യമോ, ബിസിനസ്സിൽ മുൻപരിചയമോ ഇല്ലെങ്കിൽ കൂടിയും ആത്മ വിശ്വാസവും കഠിനാധ്വാനവും കൈ മുതലാക്കി കൊണ്ട് ടോം തന്റെ യാത്ര തുടങ്ങുകയാണ്. കടമ്പകൾ അനവധി നേരിടേണ്ടി വന്നെങ്കിലും, ചതിക്കുഴികൾ താണ്ടേണ്ടി വന്നെങ്കിലും തന്റെ സമയം എന്നെങ്കിലും തെളിയും എന്ന ശുഭാപ്തി വിശ്വാസം മുന്നോട്ടുള്ള യാത്രയിൽ അയാൾക്ക് ഊർജ്ജം പകരുകയാണ്, എല്ലാ അർത്ഥത്തിലും.
🔸വളർന്നുവരുന്ന യുവ സംഗീത പ്രതിഭകൾക്ക് അവസരം നൽകി കൊണ്ടുള്ള ടോമിന്റെ ക്ലബ് വിജയത്തിലെത്താൻ താമസമുണ്ടായില്ല. അവസരങ്ങൾ തേടി എത്താനും, വിജയം നേടാനും സർവോപരി ക്ലബ്ബും അംഗങ്ങളും പ്രശസ്തിയുടെ പടവുകൾ കയറാനും അധികം സമയം വേണ്ടി വന്നില്ല. ഈ വളർച്ചയിൽ ടോമിന്റെ ജീവിതവും മാറി മറിയുക ആയിരുന്നു, വ്യക്‌തികളുടെ മേലേക്ക് ക്ലബ്ബിന്റെ പ്രശസ്തി ഉയരുമ്പോൾ സ്വാഭാവികമായും ആ മാറ്റങ്ങൾ ടോമിന്റെ കാര്യത്തിലും പ്രത്യക്ഷമായി തുടങ്ങി.
🔸എന്നാൽ വ്യക്തിജീവിതത്തിൽ പരാജയങ്ങൾ ടോമിനെ വിട്ടകന്നേയില്ല. തന്റെ ഉദ്യമം പ്രശസ്തിയുടെ പടവുകൾ കയറി തുടങ്ങുമ്പോൾ ടോമിന്റെ ജീവിതം നിലയില്ലാ കയത്തിലേക്ക് വീണ് തുടങ്ങുക ആയിരുന്നു, ഒരു തിരിച്ചുവരവ് അസാധ്യമാക്കുന്ന നിലയിലേക്ക്. യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മൈക്കൽ വിന്റർ ബോട്ടം സംവിധാനം ചെയ്ത 24 ഹവർ പാർട്ടി പീപ്പിൾ എന്ന ചിത്രം ഒരു ഓർമപ്പെടുത്തൽ ആണ്, വ്യക്തി ജീവിതവും പ്രവർത്തി ജീവിതവും തമ്മിലുള്ള അന്തരത്തിന്റെ ഓർമപ്പെടുത്തൽ, ജീവിത വിജയത്തിനായി സഹിക്കേണ്ടി വരുന്ന ത്യാഗങ്ങളുടെ ഓർമപ്പെടുത്തൽ.
Verdict: Good
No comments:
Post a Comment