Director : Drew Goddard
Genre : Thriller
Rating : 7.5/10
Country : USA
Duration : 142 Minutes
🔸കഥ : കാലിഫോർണിയ, നെവാഡ എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലാണ് എൽ റോയാൽ, അതിർത്തി എന്ന് പറയുമ്പോൾ റോയാലിന്റെ പാതി കാലിഫോർണിയയിലെ മറ്റേ പാതി നെവാഡയിലും ആണ് ഉള്ളത് എന്ന് കൂടി പറയാം. ഓഫ്‌സീസൺ കാലഘട്ടമാണ് ഇപ്പോൾ, അധികം തിരക്കോ ബഹളമോ ഒന്നും തന്നെ ഇല്ല, അങ്ങനെ കടന്ന് പോയിക്കൊണ്ടിരുന്ന ദിവസങ്ങളിൽ ഒന്നിൽ ഹോട്ടലിലേക്ക് നാല് താമസക്കാർ എത്തുകയാണ്. ഒരു പള്ളീലച്ചൻ, ഒരു ഗായിക, ഒരു സെയിൽസ്മാൻ, പേര് വെളിപ്പെടുത്താത്ത ഒരു യുവതി എന്നിവരാണിവർ. കാഴ്ചയിലും പെരുമാറ്റത്തിലും സ്വഭാവത്തിലും സംസ്കാരത്തിലും എല്ലാം തികച്ചും വ്യത്യസ്തരായ ഈ അഞ്ച് പേർക്കും അന്നേ ദിവസം അവിടെ എത്തിച്ചേരാൻ ചില കാരണങ്ങൾ ഉണ്ടായിരുന്നു, വ്യക്തമായ ചില ഉദ്ദേശങ്ങളും. ഈ കാര്യ കരണങ്ങളിലേക്കാണ് രണ്ടര മണിക്കൂറിനടുത്ത് ദൈർഘ്യം ഉള്ള ചിത്രം പിന്നീട് കടന്ന് ചെല്ലുന്നത്.
🔸പിന്നാമ്പുറം : വേൾഡ് വാർ സെഡ്, മാർഷ്യൻ, കാബിൻ ഇൻ ദി വുഡ്‌സ് എന്നീ ചിത്രങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ള ഡ്രൂ ഗൊദാർഢ് ആണ് ബാഡ് ടൈംസ് അറ്റ് ദി എൽ റോയാലിന്റെ സംവിധായകൻ, ഈ മുൻകാല ചിത്രങ്ങൾ കണക്കിലെടുക്കുമ്പോൾ സ്വാഭാവികമായും പ്രതീക്ഷിക്കുന്ന എന്റർടൈൻമെന്റ് വാല്യൂ ഉള്ള ഒരു ചിത്രം തന്നെയാണ് ഇതും. ഇനി സ്‌ക്രീനിന്റെ മുന്നിലേക്ക് വരികയാണെങ്കിൽ ജെഫ് ബ്രിഡ്ജസ്, ഡകോട്ട ഫാനിങ്, സിന്തിയ എരിവോ, ജോൺ ഹാം, ക്രിസ് ഹെൽമസ്വർത്ത് തുടങ്ങി പ്രതിഭാധനരായ ഒരുപിടി മികച്ച അഭിനേതാക്കളും ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്. ടാരന്റിനോ ചിത്രങ്ങളുടെ ഒരു വൈബ് ബോധപൂർവ്വമോ അല്ലാതെയോ ഈ ചിത്രത്തിലും കടന്ന് കൂടിയിട്ടുള്ളതായി കാണാനാവും, പ്രത്യേകിച്ചും ഹെറ്റ്ഫുൾ എയ്റ്റ് എന്ന ചിത്രം കണക്കിലെടുക്കുമ്പോൾ, അതിലേക്ക് കൂടുതൽ കടന്ന് ചെല്ലുന്നത് സ്പോയിലേർ ആവും എന്നതിനാൽ ഒഴിവാക്കുന്നു.
🔸പോസിറ്റിവ്‌സ് : ഈ വിഭാഗത്തിൽ ആദ്യമേ തന്നെ പറയേണ്ടത് ചിത്രത്തിന്റെ കാസ്റ്റിംഗ് മികവാണ്, ജെഫ് ബ്രിഡ്ജസിനെ പോലെയൊരു നടനെ ചിത്രത്തിലേക്ക് കൊണ്ട് വന്നത് പോരാതെ ആ കഥാപാത്രത്തിനും ചുറ്റുമുള്ള മറ്റ് കഥാപാത്രങ്ങൾക്കും വ്യക്തമായ ബിൽഡ് നൽകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്ത് പറയേണ്ടി ഇരിക്കുന്നു. ആദ്യ മുപ്പത് മിനുട്ടുകളിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ കൂടി തന്നെ ഒരു നല്ല ചിത്രം ഇവരെ കുറിച്ച് സംവിധായകൻ നൽകുന്നുണ്ട്. സിന്തിയ എരിവോ എന്ന നടിയുടെ ഡാർലിൻ എന്ന കഥാപാത്രത്തെയും എടുത്ത് പറയേണ്ടി ഇരിക്കുന്നു, തുടക്കത്തിൽ ഈ കഥാപാത്രങ്ങൾക്കും കഥയ്ക്കും ഒപ്പം ചേർന്ന് നിൽക്കാത്ത ഒന്നെന്ന പ്രതീതി നൽകിയെങ്കിലും ചിത്രം കഴിയുമ്പോൾ ഈ തോന്നൽ എല്ലാം ഇല്ലാതാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം പ്രതീക്ഷിച്ച വഴിയേ പോകാത്ത കഥാ ഗതിയും മികച്ച ദൃശ്യങ്ങളും ചിത്രത്തിന്റെ പ്ലസ് പോയിന്റുകളാണ്.
🔸നെഗറ്റിവ്‌സ് : മോശം എന്ന് അനുഭവപ്പെട്ട അധിക കാര്യങ്ങൾ ഈ ചിത്രത്തിൽ ഇല്ല എങ്കിലും തോന്നിയവ ഒരല്പം ഗൗരവം അർഹിക്കുന്നത് തന്നെയാണ്, ആദ്യമേ തന്നെ കഥ പോവുന്ന വഴിയേ പോയാൽ നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിലൊരു സർപ്രൈസ്/ മാരക എൻഡിങ് ചിത്രത്തിന് ഇല്ല. അവസാന ഇരുപത് മിനുട്ട് വരെ അത് പോലെ നിലനിന്ന പ്രശ്നങ്ങളെല്ലാം പിന്നീട് ഞൊടിയിടയിൽ തീരുന്ന പ്രതീതിയും ചിത്രം നൽകുന്നുണ്ട്, എന്നാൽ ഇത് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ആയിരുന്നു എന്നിടത്താണ് ഈ പോരായ്മ കൂടുതൽ പ്രകടമാവുന്നത്. എൻഗേജിങ് ആയ ആദ്യ മുപ്പത് മിനുട്ടിന് ശേഷം മധ്യഭാഗത്ത് എവിടെയോ ഈ എൻഗേജിങ് ഫാക്ടർ കളഞ്ഞുവോ എന്ന സംശയവും ബാക്കി നിൽക്കുന്നു.
🔸കാണണമോ വേണ്ടയോ : തീർച്ചയായും ഒരു തവണ കാണാം, ആ ഒരു തവണ കാഴ്ചക്കാരന്റെ ശ്രദ്ധ പിടിച്ച് പറ്റാനുള്ള വക എല്ലാം ചിത്രത്തിൽ ഉണ്ട്. രണ്ടര മണിക്കൂർ എന്ന ദൈർഖ്യം ചിലപ്പോഴെങ്കിലും പ്രശ്നമായി അനുഭവപ്പെടാം എന്നിരുന്നാലും ഇടയ്ക്കിടെ വഴി മാറി ഒഴുകുന്ന കഥയും അപ്രതീക്ഷിത ലക്ഷ്യങ്ങളും രീതികളും ഉള്ള കഥാപാത്രങ്ങളും ഇതെല്ലാം ബാലൻസ് ചെയ്യുന്നുണ്ട്. ദൈർഖ്യവും കഥ പോവുന്ന രീതിയും കണക്കിൽ എടുക്കുമ്പോൾ പൂർണ ആസ്വാദനത്തിന് ഒരൊറ്റ സ്ട്രെച്ചിൽ ചിത്രം കാണുന്നതും ഗുണം ചെയ്യും, ചുരുക്കി പറയുക ആണെങ്കിൽ ഒരു തവണ കണ്ട് ഒഴിവാക്കാവുന്ന, ആഴത്തിൽ ചിത്രത്തിലേക്ക് കടന്ന് ചെല്ലേണ്ട ആവശ്യമില്ലാത്ത ബേധപ്പെട്ട ഒരു ചിത്രം തന്നെയാണ് ബാഡ് ടൈംസ് അറ്റ് ദി എൽ റോയാൽ.
No comments:
Post a Comment