Showing posts with label Heist. Show all posts
Showing posts with label Heist. Show all posts

Friday, April 9, 2021

1061. Heroic Losers (2019)



Director : Sebastián Borensztein

Genre : Heist

Rating : 7.2/10

Country : Argentina

Duration : 119 Minutes


🔸നല്ല എങ്ങേയ്‌ജിങ്‌ ആയ ഒരു ഹെയ്‌സ്റ്റ് ചിത്രം എന്ന വിശേഷണം നിങ്ങളിൽ താല്പര്യം ഉണർത്തുന്നു എങ്കിൽ തീർച്ചയായും മികച്ചൊരു ഓപ്‌ഷൻ തന്നെ ആയിരിക്കും ഹീറോയിക് ലൂസേഴ്‌സ് എന്ന അർജന്റീനിയൻ ചിത്രം. ഇടക്കാലത്ത് പുറത്തിറങ്ങിയ ഈ ജോണറിൽ പെട്ട പല ചിത്രങ്ങളുമായി തട്ടിച്ച് നോക്കുമ്പോൾ ടെക്കനോളജിക്കലി അഡ്വാൻസ്ഡ് എന്നൊന്നും പറയാൻ ആവില്ലെങ്കിലും ഹാർട്ട് എന്നൊന്ന് ചിത്രത്തിലുണ്ട്. ഈ കാരണം കൊണ്ട് തന്നെയാണ് ആസ്വദിച്ച് കാണാവുന്ന നല്ലൊരു ചിത്രമായി ഈ സിനിമയെ വിശേഷിപ്പിക്കാൻ കഴിയുന്നത്.

🔸ഫെർമിൻ എന്ന നമ്മുടെ നായക കഥാപാത്രം ഒരു മുൻകാല ഫുട്‍ബോൾ കളിക്കാരനാണ്, ക്ലബ് തലത്തിലും മറ്റും മികച്ച പ്രകടനം കാഴ്ചവെച്ച ഇയാൾക്ക് സ്വന്തം നാട്ടിൽ ഒരു ലെജൻഡറി സ്റ്റാറ്റസ് ഉണ്ട് എന്ന് പറഞ്ഞാലും കുറയില്ല. കളിയുടെ കാലം ഒക്കെ കഴിഞ്ഞ് മധ്യവയസിലേക്ക് കടന്നു എങ്കിലും ഒരു വെൽ റെസ്പെക്റ്റഡ് ആയ കഥാപാത്രമാണ് ഫെർമിൻ. ഇന്ന് ഫെർമിൻ പുതിയൊരു സംരംഭത്തിന്റെ തുടക്കത്തിലാണ്, പഴയൊരു ഫാക്റ്ററി വാങ്ങി കോപ്പറേറ്റിവ് സൊസൈറ്റി രൂപത്തിൽ ഒരു പരിപാടി തുടങ്ങാനാണ് അയാളുടെ പ്ലാൻ.

🔸തന്റെ പരിചയക്കാരെയും സുഹൃത്തുക്കളെയും നാട്ടുകാരെയും എല്ലാം ഉൾപ്പെടുത്തി പൈസ സമാഹരിച്ചെങ്കിലും ഒരു ചെറിയ പ്രശനം ഇവിടെ ഉടലെടുക്കുകയാണ്. അതായത് തന്റെ ജീവിത കാലത്തെ മുഴുവൻ സമ്പാദ്യം ഉൾപ്പെടെ ഡെപ്പോസിറ്റ് ആയി ഫെർമിൻ നിക്ഷേപിച്ച ബാങ്ക് അയാളെ നല്ല ഒന്നാംക്‌ളാസ്‌സായി പറ്റിക്കുകയാണ്. സംരംഭം പോയിട്ട് സ്വന്തം സമ്പാദ്യം വരെ കട്ടപ്പുറത്ത് കേറിയത് കണ്ട് പാവം ഫെർമിൻ ആകെ തകർന്ന് തരിപ്പണം ആവുകയാണ്. ഇവിടെ നിന്നുമാണ് ഹീറോയിക് ലൂസേഴ്‌സ് എന്ന ചിത്രം കഥ പറഞ്ഞ് തുടങ്ങുന്നത്.

🔸ഈ പ്ലോട്ടിലേക്ക് ഒരു ഹെയ്‌സ്റ്റ് പ്ലാൻ കൂടി കടന്ന് വരികയാണ്, അത് എന്ത് എന്തിന് എങ്ങനെ എന്നതൊന്നും തല്ക്കാലം പറയുന്നില്ല, കണ്ട് തന്നെ അറിയുക. അപാരമായ ടെക്ക്നിക്കൽ അറിവോ കാര്യമോ ഒന്നും ഇല്ലാത്ത തികച്ചും സാധാരണക്കാരായവർ ആണ് കക്കാനായി ഇറങ്ങി തിരിക്കുന്നത്, അതിന്റെ ഒരു അറിവില്ലായ്മയും അബദ്ധങ്ങളും തമാശകളും എല്ലാം ചിത്രത്തിലുണ്ട്. ഒഴിവ് വേളയിൽ രസത്തോടെ കണ്ട് വിടാവുന്ന നല്ലൊരു എന്റർടെയ്‌നർ ആണ് ഹീറോയിക് ലൂസേഴ്‌സ്, അതിന് അപ്പുറം ഒന്നും പ്രതീക്ഷിക്കണ്ട, താല്പര്യം ഉണ്ടെങ്കിൽ കാണാൻ ശ്രമിക്കുക.

Verdict : Good

DC Rating : 3.75/5 

Saturday, April 18, 2020

752. Nokas (2010)



Director : Erik Skjoldbjærg

Genre : Heist

Rating : 6.5/10

Country : Norway

Duration : 86 Minutes


🔸നോകാസ് ഒരു ഹെസ്റ്റ് മൂവി ആണോ എന്ന് ചോദിച്ചാൽ അതെ എന്ന് പറയാം, പക്ഷെ ഒന്ന് കൂടി ആ ചോദ്യം ആവർത്തിച്ചാൽ സംശയമാണ്, കാരണം ഹെയ്‌സ്റ്റ് തന്നെയാണ് ഇവിടെ വിഷയം എങ്കിലും നമ്മൾ കണ്ട് ശീലിച്ച രീതിയിൽ ആരംഭിക്കുന്ന, പതിയെ ടോൺ മാറ്റി എസ്കലേറ്റ് ചെയ്ത് അത്യാവശ്യം ത്രില്ലിംഗ് ആയ നിലയിൽ തന്നെ അവസാനിക്കുന്ന സ്ഥിരം റോബ്ബറി ക്ളീഷ്ഡ് രീതിയിലേക്ക് നോകാസ് ഒരു സമയത്തും പോവുന്നില്ല, അത് കൊണ്ട് തന്നെ ആ വിഭാഗത്തിലേക്ക് അല്ലെങ്കിൽ ആ ചട്ടക്കൂടിലേക്ക് ഈ സിനിമയെ ഒതുക്കുന്നത് ശെരിയാണെന്നും തോന്നുന്നില്ല.

🔸കുറച്ച് വർഷങ്ങൾ പിറകോട്ട് പോവാം, ഉദ്ദേശം ഒരു പതിനാറ് വർഷം, ഇനി പറയാൻ പോവുന്ന കാര്യങ്ങൾ യാതൊരു രീതിയിലും അതിശയോക്തി ചേർക്കാത്ത, തികച്ചും സത്യമായ ഒരു കാര്യമാണ് എന്ന ബോധ്യത്തിൽ വായിക്കാൻ അപേക്ഷ. പതിനാറ് വർഷങ്ങൾ മുൻപുള്ള ഒരു ഈസ്റ്റർ കാലം, പശ്ചാത്തലം നോർവേ. ആഘോഷങ്ങളിലും അലയൊലികളിലും മുങ്ങി നിൽക്കുകയാണ് ആ നഗരം, എല്ലാവരും തിരക്കുകളിലാണ്, ഈ സമയത്താണ് നോർവെയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ള അരങ്ങേറുന്നത്.

🔸ആയുധ ധാരികളായ ഒരു കൂട്ടം വ്യക്തികൾ നഗരത്തിൽ ഒരു കൊള്ളയ്ക്ക് തയാറെടുക്കുന്നുണ്ട് എന്ന് ഈ സംഭവം അരങ്ങേറുന്നതിന് ദിവസങ്ങൾക്ക് മുൻപേ പോലീസിനും ഇന്റലിജൻസിനും വിവരം ലഭിച്ചിരുന്നത്രെ. എന്നാൽ ഇത്രയും ഗൗരവമേറിയ ഒരു സംഭവം പൊതുവെ വലിയ കുറ്റകൃത്യങ്ങൾ ഒന്നും അരങ്ങേറാറില്ലാത്ത നാട്ടിൽ, അതും തങ്ങളുടെ മൂക്കിന് കീഴിൽ വെച്ച് നടക്കും എന്ന് വിശ്വസിക്കാൻ അവർക്ക് ബുദ്ധിമുട്ടായിരുന്നു, അതും പോരെങ്കിൽ ഈസ്റ്റർ ആയതിനാൽ പോലീസുകാർ മിക്കവരും അവധിയിലും ആയിരുന്നു.

🔸കടുകിട പോലും പിഴയ്ക്കരുത് എന്ന ചിന്താഗതിയിൽ കഠിനമായ പരിശീലനവും പ്ലാനിങ്ങും എല്ലാം ഈ ഒരു മൈമെന്റിലേക്ക് വന്ന് ചേരുകയാണ്. ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകൾ, മാസ്കുകൾ, ആവശ്യത്തിന് ആയുധങ്ങൾ തുടങ്ങി എല്ലാ രീതിയിലും വന്നിറങ്ങിയവർ തയാറായിരുന്നു. ഈ പദ്ധതി വിജയിക്കാൻ തങ്ങൾ അവിടെ ചെലവഴിക്കേണ്ട മിനിറ്റും സെക്കന്റുകളും വരെ അവർ അളന്ന് മുറിച്ച് പഠിച്ചിരുന്നു എന്നിടത്താണ് അരങ്ങേറിയ സംഭവത്തിന്റെ പിറകിലെ മാസ്റ്റർമൈൻഡിന്റെ പവർ മനസിലാവുന്നത്.

🔸ഈ ഒരു സംഭവമാണ് ഈ ചിത്രത്തിന് ആധാരം, പക്ഷെ ഇവിടെ വ്യത്യസ്തമായി എന്താണെന്ന് വെച്ചാൽ ഒരു ഡോകിയുമെന്ററി സ്റ്റൈലിൽ ഷേക്കൻ കാം ഒക്കെ ഉപയോഗിച്ച് റിയലിസ്റ്റിക്ക് ആയി, ഒരു ബാങ്ക് റോബ്ബറി എങ്ങനെയാണോ നടക്കുന്നത് അത് അതേപടി പകർത്തി വെച്ചിരിക്കുകയാണ് ഇവിടെ. കഥാപാത്രങ്ങളോ, സബ് പ്ലോട്ടുകളോ, കഥാപാത്ര വികസനമോ, ത്രില്ലിംഗ് ആയ പേ ഒഫൊ ഒന്നും തന്നെയില്ല. ഒരു വ്യത്യസ്തമായ ചിത്രമാണ് നോകാസ്, എല്ലാവര്ക്കും ഇഷ്ടപ്പെടണം എന്നില്ല, കണ്ട് നോക്കാവുന്നതാണ്.

Verdict : Good

DC Rating : 70/100

Tuesday, January 22, 2019

486. Widows (2018)



Director : Steve McQueen

Genre : Heist

Rating : 7.4/10

Country : USA

Duration : 128 Minutes


🔸വളരെ പ്രശസ്തനായ ഒരു കവർച്ചക്കാരനാണ് ഹാരി റോളിംഗ്‌സ്, അയാളുടെ കയ്യാളുകളാണ് ഈ വിഷയത്തിൽ അപാരമായ കഴിവുകളുള്ള ഫ്ളോറെക്, ജിമ്മി, കാർലോസ് തുടങ്ങിയവർ. അങ്ങനെ കവർച്ചകളിൽ നിന്നും കവർച്ചകളിലേക്ക് കടന്ന് പോയിക്കൊണ്ടിരുന്ന സംഘത്തിന്റെ ഒരു ശ്രമം ദുരന്തമായി കലാശിക്കുന്നതും, ഇവർ തുടങ്ങി വെച്ച ദൗത്യം പൂർത്തീകരിക്കുന്നതിനായി ഇവരുടെ ഭാര്യമാർ കടന്നു വരേണ്ടി വരുന്നതും, അവർ നേരിടേണ്ടി വരുന്ന തടസങ്ങളും മറ്റുമൊക്കെയാണ് ചിത്രത്തിന്റെ കഥ. മുകളിൽ ചേർത്തിരിക്കുന്ന കഥാംശം സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ഹെയ്സ്റ്റ് മൂവിയാണ് വിഡോസ്.

🔸ഹങ്കർ, ഷെയിം, 12 ഇയേഴ്സ് എ സ്ലെവ് തുടങ്ങിയ കിടിലോൽക്കിടില സിനിമകളുടെ അമരക്കാരനായ സ്റ്റീവൻ മക്വീൻ ആണ് ഈ ചിത്രത്തിന്റെ അമരത്ത്, ഈ ഒരു കാരണം ഒന്ന് മാത്രം മതിയായിരുന്നു വിഡോസ് എന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കാൻ. സ്‌ക്രീനിന് മുന്നിൽ ആണെങ്കിൽ വിയോള ഡേവിസ്, മിഷേൽ റോഡ്രിഗസ്, ഡാനിയേൽ കാലുയ, എലിസബേത് ഡെബിക്കി, ലിയാം നീസൺ, കോളിൻ ഫെറിൽ, റോബർട്ട് ഡ്യൂവൽ തുടങ്ങി പ്രതിഭകളുടെ സംഗമവും. ഇനി അതും പോരെങ്കിൽ സംഗീത വിഭാഗം സാക്ഷാൽ ഹാൻസ് സിമ്മെറും. തിയേറ്റർ റിലീസ് ഇന്ത്യയിൽ ഇല്ലാത്തതിനാൽ ഡിവിഡിക്ക് വേണ്ടി ഏറ്റവും കാത്തിരുന്ന ചിത്രം കൂടി ആയിരുന്നു വിഡോസ്. ഹെസ്റ്റ് ചിത്രങ്ങളോടുള്ള താല്പര്യവും കാണാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം ആയിരുന്നു.

🔸ചിത്രത്തിന്റെ നല്ല വശങ്ങളിലേക്ക് ആദ്യം ശ്രദ്ധ കൊടുക്കുക ആണെങ്കിൽ ആദ്യമേ തന്നെ സംവിധായകന് ഒരു കയ്യടി കൊടുക്കേണ്ടി വരും, തന്റെ മികച്ച ഫിൽമോഗ്രാഫിയിലേക്ക് ഒരു നല്ല ചിത്രം കൂടി ചേർത്തു എന്നതിനോടൊപ്പം തന്നെ ആ ചിത്രത്തിന് അർഹിച്ച പ്രാധാന്യവും മികവും എല്ലാം പകർന്നു കൊടുത്തു എന്നിടത്താണ് മാക്ക്വീൻ വിജയിക്കുന്നത്. ഇതിനോടൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത വിയോള ഡേവിസും പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. റോബർട്ട് ഡ്യുവൽ എന്ന നടനോടുള്ള ഇഷ്ടം ഗോഡ്ഫാദറും, അപോകലിപ്സ് നൗവും വരെ നീണ്ട് നിൽക്കുന്നതാണ് അതിനാൽ തന്നെ അദ്ദേഹത്തെ ഈ ചിത്രത്തിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം, അദ്ദേഹത്തിന്റെ കഥാപാത്രവും നന്നായിരുന്നു.

🔸കൂടുതൽ സ്പോയ്ലറിലേക്ക് കടക്കുന്നില്ലെങ്കിലും ഒരു കാര്യം പറയാം, ആദ്യ ആക്റ്റ് മുതൽക്കേ തന്നെ ചിത്രം കാഴ്ചക്കാരനെ കയ്യിൽ എടുത്തിരിക്കും, അവിടെ നിന്നും പലയിടങ്ങളിലും ബ്രൂട്ടൽ ആയ രീതിയിൽ മുന്നേറുന്ന ചിത്രം ഒരു നിമിഷം പോലും ബോറടിപ്പിക്കുകയില്ല എന്ന് മാത്രമല്ല പിടിച്ചിരുത്തുകയും ചെയ്യും. ഇനി മോശം എന്ന് അനുഭവപ്പെട്ട കാര്യം ആണെങ്കിൽ ഒരു ശരാശരി ഹെയ്‌സ്റ്റ് ചിത്രം കടന്ന് പോവുന്ന വഴികളിലൂടെ തന്നെ, ആ ബ്ലൂ പ്രിന്റ് ഏറെക്കുറെ അത് പോലെ തന്നെ പകർത്തി മുന്നേറുന്ന ചിത്രമാണ് വിഡോസ്, എന്നാൽ ഇത് ഒരിക്കലും ആസ്വാദനത്തിന് പ്രശനം സൃഷ്ടിക്കില്ല എന്നതാണ് വ്യക്തിപരമായ അനുഭവം.

🔸ഇനി കാണണമോ വേണ്ടയോ എന്നതാണ് ചോദ്യമെങ്കിൽ, തീർച്ചയായും കാണാൻ നിർദ്ദേശിക്കും, കാരണം നല്ലൊരു ചിത്രം തന്നെയാണ് വിഡോസ്, ഒരുപക്ഷെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഹെയ്‌സ്റ്റ് ചിത്രം. ആദ്യ നിമിഷങ്ങളിൽ തന്നെ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ പ്രേക്ഷകന് നൽകി ശ്രദ്ധ പിടിച്ചെടുക്കുന്നിടത്ത് നിന്നും രണ്ട് മണിക്കൂർ സമയം അത് നഷ്ടപ്പെടാതെ കണ്ടിരിക്കാനുള്ള വകയെല്ലാം ചിത്രം നൽകുന്നുണ്ട്. പ്ലോട്ടിൽ നിന്നും പ്രതീക്ഷിച്ച സ്ഥിരം ഫെമിനിസ്റ്റ് സഹതാപ രീതിയിലേക്ക് ചിത്രം ഒരിടത്തും പോകുന്നില്ല, എന്ന് മാത്രമല്ല വ്യക്തമായ മോട്ടിവേഷനുകൾ കഥാപാത്രങ്ങൾക്ക് നൽകി അവരെ നമുക്ക് മുന്നിലേക്ക് വിട്ടു തരികയാണ് സംവിധായകൻ. ചുരുക്കി പറഞ്ഞാൽ വ്യക്തിപരമായി കാത്തിരിപ്പുകൾ വെറുതെ ആയില്ല, ഇഷ്ട ജെനെറിൽ മറ്റൊരു നല്ല ചിത്രം കൂടി കൂട്ടി ചേർക്കാനായതിൽ വളരെ സന്തോഷം.

Verdict : Very Good

DC Rating : 84/100

Monday, September 10, 2018

406. American Animals (2018)



Director : Bart Layton

Genre : Heist

Rating : 7.1/10

Country : USA

Duration : 116 Minutes


🔸പതിനഞ്ച് വർഷങ്ങൾക്ക് മുൻപേ അരങ്ങേറിയ ചില യഥാർത്ഥ സംഭവങ്ങൾ, അതിൽ ഉൾപ്പെട്ടിരിക്കുന്ന യഥാർത്ഥ വ്യക്തികളെയും സന്ദര്ഭങ്ങളെയും സ്‌ക്രീനിൽ എത്തിക്കുക എന്ന അത്യാവശ്യം ബുദ്ധിമുട്ടേറിയ കാര്യമാണ് അമേരിക്കൻ അനിമൽസ് എന്ന ചിത്രത്തിലൂടെ സംവിധായകൻ ബർട്ട് ലെയ്റ്റൻ സാക്ഷാത്കരിച്ചിരിക്കുന്നത്. ബുദ്ധിമുട്ടേറിയ കാര്യം എന്ന് ഈ സംഭവങ്ങളെ വിശേഷിപ്പിക്കാൻ പ്രത്യേക കാരണമുണ്ട്, കാരണം ഈ സംഭവം ഏകദേശം പതിനഞ്ച് വർഷങ്ങൾക്ക് മുന്നേ അരങ്ങേറിയ, കുപ്രസിദ്ധി ആർജിച്ച ഒരു മോഷണ ശ്രമമാണ്. അതിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളെല്ലാം തന്നെ മേൽ സൂചിപ്പിച്ച സംഭവത്തിന് ശേഷം മറ്റ് പാതകളിലേക്കോ, സമൂഹത്തിന്റെ മറ്റ് തട്ടുകളിലേക്കോ മാറി നടന്നവരാണ്.

🔸ഈ കാരണങ്ങൾ കൊണ്ടെല്ലാം തന്നെ തികച്ചും നീതി പുലർത്തുന്ന രീതിയിൽ സംഭവങ്ങളെ ദൃശ്യവൽക്കരിക്കുക എന്ന കഠിനമായ ജോലി തന്നെയാണ് സംവിധായകന്റെ മുന്നിൽ ഉണ്ടായിരുന്നത്. 2004ഇലാണ് ചിത്രത്തിന് ആസ്പദമായ സംഭവങ്ങൾ അരങ്ങേറുന്നത്, വിദ്യാർത്ഥിയായ സ്‌പെൻസർ തന്റെ ജീവിതത്തോടും ഒരു പരിധി വരെ തന്നോട് തന്നെയും വെറുപ്പോടെ പെരുമാറുന്ന വ്യക്തി ആണ്. പ്രതീക്ഷിച്ച രീതിയിലുള്ളൊരു ജീവിതം സ്പെൻസറിന് ഒരു കാലത്തും ലഭിച്ചിട്ടില്ല, അതിനാൽ തന്നെ താൻ ഇങ്ങനെ ജീവിച്ച് പോവുന്നതിൽ എന്തെങ്കിലും അർഥം ഉണ്ടെന്നോ ,ഏതെങ്കിലും ഒരു കാലത്ത് തന്റെ ജീവിതം മാറുമെന്നോ അയാൾ കരുതുന്നില്ല. ഒരു തരം വിഷാദം സ്പെൻസറിനെ വേട്ടയാടി കൊണ്ടിരിക്കുകയാണ്.

🔸നേർ രേഖ പോലെ പോയി കൊണ്ടിരിക്കുന്ന തന്റെ ജീവിതത്തിൽ എന്തെങ്കിലും ഒരു മാറ്റം, അത് നല്ലതോ ചീത്തയോ ആയിക്കോട്ടെ, കൊണ്ടുവരാൻ പ്രാപ്തിയുള്ള ഒരു സ്പാർക്കിന് വേണ്ടിയാണ് സ്പെൻസറിന്റെ ഓരോ ദിവസവും കടന്ന് പോവുന്നത്. സ്പെൻസറിന്റെ അടുത്ത സുഹൃത്താണ് സ്പോർട്സ് സ്‌കൂളിൽ വിദ്യാർത്ഥിയായ വാറൻ ലിപ്കാ. അത്ലറ്റിക്സിനോടൊ കായിക ഇനങ്ങളോടോ യാതൊരു താല്പര്യവുമില്ലാത്ത വാറൻ മാതാപിതാക്കളുടെ ആഗ്രഹ സഫലീകരണം എന്ന ഒറ്റ ഉദ്ദേശം മാത്രം മുൻ നിർത്തിയാണ് പഠനം തുടരുന്നത്. ഏറെക്കുറെ സ്പെൻസറിന്റെ മാനസികാവസ്ഥ തന്നെയാണ് വാറനും. എല്ലാത്തിനോടും അടങ്ങാത്ത ഈർഷ്യയും നിരാശയും വിപ്ലവ മനോഭാവവും.

🔸ആയിടെയാണ് സ്പെൻസറിന് യൂണിവേഴ്സിറ്റി ലൈബ്രറിയിലേക്ക് കടന്ന് ചെല്ലാൻ അവസരം ലഭിക്കുന്നതും, അപൂർവ്വത്തിൽ അപൂർവമായ പുസ്തകങ്ങളുടെ ശേഖരം അവിടെ കാണുന്നതും. സ്വാഭാവികമായും കാലപ്പഴക്കവും പുസ്തകങ്ങളുടെ മൂല്യവും കണക്കിലെടുത്തപ്പോൾ അവ മോഷ്ടിച്ച് വിൽക്കുക എന്ന പദ്ധതി തന്നെയാണ് രണ്ട് സുഹൃത്തുക്കളുടെയും മനസ്സിൽ ഉദിക്കുന്നത്. മോഷണത്തിനും പണത്തിനുമപ്പുറം യാന്ത്രികമായി പോയി കൊണ്ടിരുന്ന ജീവിതത്തിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം രണ്ട് പേരെയും ഈ പദ്ധതിയോട് കൂടുതൽ അടുപ്പിക്കുകയാണ്. ശിഷ്ട ഭാഗം കണ്ട് തന്നെ അറിയുന്നതാവും നല്ലത്.

🔸യഥാർത്ഥ സംഭവങ്ങൾ സ്‌ക്രീനിൽ എത്തുന്നതിനൊപ്പം യഥാർത്ഥ സംഭവങ്ങളുടെ ഭാഗമായ വ്യക്തികളുടെ സാന്നിധ്യവും ചിത്രത്തിൽ ഉണ്ട് എന്നത് ഒരു പ്രത്യേകത തന്നെയാണ്, വർഷങ്ങൾക്കിപ്പുറം മാറിയ ജീവിത സാഹചര്യങ്ങളിൽ നിന്ന് കൊണ്ട് തങ്ങളുടെ തന്നെ പഴയ വ്യക്തിത്വങ്ങളെ കണ്ടറിയുന്നത് തീർച്ചയായും ഈ വ്യക്തികളെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ അനുഭവം ആയിരിക്കും എന്നതിൽ സംശയമില്ല. വളരെ ലളിതമായ കഥയാണ് അമേരിക്കൻ അനിമൽസ് എന്ന ചിത്രത്തിന്റേത്, ഒരു ഹെയ്‌സ്റ്റ് ചിത്രത്തിൽ കാണാനിടയുള്ള തോക്ക് ബോംബ് ഉദ്യമങ്ങളുടെ അതിപ്രസരമോ ചെയ്‌സ് രംഗങ്ങളോ ചിത്രത്തിൽ കാണാനായേക്കില്ല, എങ്കിലും ലളിതമായ ഒരു കഥയുടെ മികച്ചൊരു അവതരണം ഈ സിനിമയിൽ കാണാം. ഈ വർഷമിറങ്ങിയ നല്ല ചിത്രങ്ങളുടെ കൂട്ടത്തിൽ തീർച്ചയായും ഉൾപ്പെടുത്താം ബഹളങ്ങളില്ലാത്ത ഈ ചിത്രത്തെയും.

Verdict : Good

Wednesday, June 13, 2018

352. Ocean's 8 (2018)



Director : Gary Ross

Genre : Heist

Rating : 6.2/10

Country : USA

Duration : 109 Minutes


🔸ഡാനി ഓഷ്യനും കൂടെയുണ്ടായിരുന്ന യഥാക്രമം പത്ത് ,പതിനൊന്ന് ,പന്ത്രണ്ട് പേരും ചേർന്ന് മോഷണവും പിടിച്ചുപറിയും പറ്റിക്കലും ഒക്കെ കഴിഞ്ഞ് പോയിട്ട് പത്ത് വർഷം കഴിഞ്ഞു. ഇപ്പോൾ സഹോദരി ഡെബ്ബി ഓഷ്യന്റെ ഊഴമാണ് ,ഫിലോമിനയുടെ ഭാഷയിൽ പറയുക ആണെങ്കിൽ കുടുംബം അടക്കം കള്ളന്മാരാണ്. മികച്ച ആരാധക പ്രശംസയും ,മോശമല്ലാത്ത നിരൂപക പ്രശംസയും നേടിയ ക്ലൂണിയുടെ ഓഷ്യൻസ് ത്രിലോഗിയിൽ നിന്നും സാന്ദ്ര ബുള്ളക്കിന്റെ ഓഷ്യൻസ് 8ൽ എത്തുമ്പോൾ മാറ്റങ്ങൾ ഒരുപാടാണ്. സംവിധായകനിൽ തുടങ്ങി തലപ്പത്ത് നിന്നും ആരംഭിക്കുന്ന മാറ്റങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് പ്രധാന കഥാപാത്രങ്ങളായി ഇത്തവണ എത്തുന്നതെല്ലാം സ്ത്രീകൾ ആണ് എന്നത് തന്നെയാണ് ,അതും ഓസ്കാർ ഉൾപ്പെടെ ഒരുപാട് പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ കഴിവുറ്റ നടിമാർ തന്നെ.

🔸പേരും മുൻകാല ചിത്രങ്ങൾ നൽകുന്ന സൂചനകളും ശെരി വെച്ച് കൊണ്ടുതന്നെ ഇതൊരു ഹെയ്‌സ്റ്റ് ചിത്രമാണ് ,എട്ട് സ്ത്രീകളും ഒരുമിക്കുന്നത് മോഷണം എന്ന ലക്ഷ്യം മാത്രം മനസ്സിൽ കണ്ട് കൊണ്ടാണ് ,അതിന് ഓരോരുത്തരെയും പ്രേരിപ്പിക്കുന്ന വ്യത്യസ്തമായ ഘടകങ്ങൾ ഉണ്ടെങ്കിലും ഉദ്ദേശം ഒന്ന് തന്നെ ,എല്ലാവർക്കും. ഇത്തവണ സംഘം ഉന്നം വെച്ചിരിക്കുന്നത് ഒരു നെക്ലേസ് ആണ് ,ഉദ്ദേശം 150 മില്യൺ ഡോളർ വില മതിക്കുന്ന ഈ നെക്ലേസിന് ഇവരിൽ പലരുടെയും ജീവിതം മാറ്റി മറിക്കാനുള്ള ശേഷി ഉണ്ട്. എന്നാൽ ഒട്ടും എളുപ്പമല്ല മുന്നിലുള്ള വഴി ,മോഷണത്തിനായി അവർക്ക് തിരഞ്ഞെടുക്കേണ്ടി വരുന്നത് ലോകത്തിലെ തന്നെ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ന്യൂ യോർക്കിലെ ഫാഷൻ എക്സ്ട്രാവേഗാൻസ എന്ന ഷോ ആണ്. തങ്ങളുടെ പദ്ധതി വിജയകരം ആവാൻ ഇവർക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും ,കടന്ന് പോവേണ്ടി വരുന്ന അപ്രതീക്ഷിത കഥാ സന്ദർഭങ്ങളും ചിത്രം കണ്ട് മനസ്സിലാക്കുന്നതാവും നല്ലത്.

🔸ഓഷ്യൻസ് ചിത്രങ്ങൾ കണ്ടിട്ടുള്ള ഒരു ശരാശരി ആരാധകൻ ആണെങ്കിൽ സീരീസിൽ നിന്നും എന്താണ് പ്രതീക്ഷിക്കുന്നത് എന്നും എന്ത് കണ്ടാൽ തന്നിലെ കാഴ്ചക്കാരനെ തൃപ്തി പെടുത്താൻ ആവും എന്നും ഒരേകദേശ ധാരണ ഉണ്ടാവും ,ഈ ഒരു മനോഭാവം മാത്രം വെച്ച് കാണുക ആണെങ്കിൽ ഓഷ്യൻസ് 8 എന്ന ചിത്രം ഇഷ്ടപ്പെട്ടേക്കാം. കുറ്റങ്ങളോ കുറവുകളോ ഇല്ല എന്നല്ല ,തീർച്ചയായും അതിന്റെതായ പ്രശ്നങ്ങൾ ചിത്രത്തിന് ഉണ്ട് എന്നാലും ഒരു ഹെയ്‌സ്റ്റ് ചിത്രത്തിന്റെ പൾസ് എന്നത് ആ കവർച്ചയെ അവതരിപ്പിക്കുന്ന രീതിയും അവ പറഞ്ഞ് ഫലിപ്പിക്കാനുമുള്ള കഴിവും ആണെങ്കിൽ ഓഷ്യൻസ് 8 എന്ന ചിത്രം പ്രസ്തുത മേഖലയിൽ മോശമില്ലാത്ത വിജയിച്ചിട്ടുണ്ട്. എന്തിരുന്നാലും ലോജിക് എന്ന വസ്തുതയും ചിത്രം കണ്ട് കൊണ്ടിരിക്കെ സ്വാഭാവികമായും ഉണ്ടാവുന്ന 'ഇത് ഞാൻ എവിടെയോ....' എന്ന ചിന്തയും ഒരു പരിധി വരെ ചിത്രത്തിന് മേൽ ശാപമായി നിൽക്കുന്നുണ്ട്.

🔸പല സ്ഥലങ്ങളിലും പഴയ ചിത്രങ്ങളുടെ ഒരു നിഴൽ ഓഷ്യൻസ് 8നു മേൽ നിലനിൽക്കുന്നതായി അനുഭവപ്പെടുന്നുണ്ട്, പ്രത്യേകിച്ചും രണ്ട് ചിത്രങ്ങളുടെയും മുഖ്യ കഥാപാത്രങ്ങൾ തമ്മിൽ. ജയിലിൽ നിന്നും മടങ്ങി വരുന്ന നായക കഥാപാത്രവും ,ഒരു മോഷണത്തിനായി അയാൾ തന്റെ ഉറ്റ സുഹൃത്തിനെ കാണാൻ പോവുന്നതുമായ രംഗങ്ങൾ പണ്ട് ജോർജ് ക്ലൂണിയും ബ്രാഡ് പിറ്റും ചെയ്തത് ഇവിടെ ഭംഗി ഒന്നും ചോരാതെ സാന്ദ്ര ബുള്ളക്കും ,കേറ്റ് ബ്ലാഞ്ചട്ടും ചെയ്തിട്ടുണ്ട് എങ്കിലും കഥാപാത്രങ്ങളുടെ കാരണങ്ങൾ ഉൾപ്പെടെ പലതും ആവർത്തനമായി പോയ പ്രതീതി ചിത്രത്തിൽ ഉണ്ട്. ഈ രണ്ട് നടിമാർക്ക് പുറമെ ഹെലൻ ബോൺഹാം കാർട്ടർ ,മിന്റി കൈലിങ് ,റിഹാന തുടങ്ങിയവരും ചിത്രത്തിൽ ഉണ്ടെങ്കിലും ആദ്യാവസാനം നിറഞ്ഞ് നിന്നതും സ്ക്രീൻ കീഴടക്കിയതും ആൻ ഹതാവേ തന്നെ. ടീമിന്റെ ഭാഗം അല്ലായിരുന്നിട്ട് കൂടിയും പ്രത്യക്ഷപ്പെടുന്ന ഓരോ സ്ക്രീനിലും അവർ കാഴ്ചവെച്ച പ്രസരിപ്പ് കയ്യടി അർഹിക്കുന്നു.

🔸ശക്തി തന്നെയാണ് ഒരു പരിധി വരെ ഈ ചിത്രത്തിന്റെ ദൗർബല്യവും ,ആരാധകരെ തൃപ്തി പെടുത്താൻ കഴിഞ്ഞേക്കുമെങ്കിലും ഹെയ്‌സ്റ്റ് രംഗങ്ങൾക്ക് ഒന്നും തന്നെ മുൻപുള്ള ചിത്രങ്ങളുടെ തലത്തിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല. നടീ നടന്മാരുടെ കാര്യവും വ്യത്യസ്തമല്ല ,ചിത്രം കണ്ട് കഴിയുമ്പോൾ രണ്ട് മണിക്കൂറോളം സ്‌ക്രീനിൽ ഉണ്ടായിരുന്ന ചില കഥാപാത്രങ്ങളുടെ പേര് പോലും ഓർത്തെടുക്കാൻ ബുദ്ധിമുട്ടുണ്ടായി എന്നത് ഒട്ടും ഗുണകരം ആണെന്ന് തോന്നുന്നില്ല. എന്തൊക്കെ ഇരുന്നാലും സ്ത്രീ കഥാപാത്രങ്ങളെ ഒരു രീതിയിലും മുൻകാല പുരുഷ കഥാപാത്രങ്ങളുമായി തട്ടിച്ച് നോക്കാനോ താഴ്ത്തി കെട്ടാനോ ഉള്ള ശ്രമങ്ങൾ ചിത്രം നടത്തിയിട്ടില്ല എന്നത് പ്രശംസ അർഹിക്കുന്നു. ഒരു വരിയിൽ പറയുക ആണെങ്കിൽ ഒരു തവണ കണ്ട് ഒഴിവാക്കാവുന്ന ,മുൻകാല ചിത്രങ്ങളോട് നീതി പുലർത്താൻ കഴിയാതെ പോയ ഒരു ശ്രമം ആൺ ഓഷ്യൻസ് 8.

Verdict : Average

1550. Demons (1971)

Director : Toshio Matsumoto Cinematographer : Tatsuo Suzuki Genre : Horror Country : Japan Duration : 134 Minutes 🔸Set in the old entertain...