Showing posts with label Turkey. Show all posts
Showing posts with label Turkey. Show all posts

Sunday, June 27, 2021

1135. Miracle In Cell No 7 (2019)

Director : Mehmet Ada Oztekin

Cinematographer : Torben Forsberg

Genre : Drama

Country : Turkey

Duration : 132 Minutes


🔸മിറാക്കിൾ ഇൻ സെൽ നമ്പർ സെവൻ എന്ന കൊറിയൻ ചിത്രം കണ്ടത് അത്ര പെട്ടെന്ന് ഒന്നും മറക്കാൻ കഴിയാത്ത 'ഒരനുഭവം' തന്നെ ആയിരുന്നു. ഈ ചിത്രത്തിന്റെ തുർക്കിഷ് റീമേക്ക് കാണാൻ ഇടയായപ്പോൾ ഒരു കാര്യം ഉറപ്പിച്ചായിരുന്നു കാണാൻ ഇരുന്നത്, കഥ പരിചിതം ആയത് കൊണ്ട് തന്നെ മുൻകാല 'അനുഭവം' ആവർത്തിക്കില്ല എന്ന ഉറപ്പ്. ഇവിടെ കഥയിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എങ്കിലും കാര്യമായ വ്യത്യാസം ഒന്നും തന്നെ ലഭിച്ചില്ല, പ്രത്യേകിച്ചും കണ്ട് കഴിഞ്ഞ നിമിഷത്തെ മാനസികാവസ്ഥ കണക്കിൽ എടുക്കുമ്പോൾ. വൈകാരികമായി ഷാറ്റർ ചെയ്യുന്ന ആ ഒരു ശൈലി തുർക്കിഷ് സിനിമ ഒരാവർത്തി കൂടി പുറത്ത് എടുത്തിരിക്കുന്നു.

🔸എൺപതുകളിലെ ഒരു തുർക്കിഷ് ഗ്രാമത്തിലാണ് കഥ ആരംഭിക്കുന്നത്, അതായത് വധശിക്ഷ എന്ന സമ്പ്രദായം നിയമപരമായി ഒഴിവാക്കുന്നതിന് ഒരുപാട് മുന്നേയുള്ള സമയം. മുപ്പത് വയസിന് മേൽ ശാരീരിക വളർച്ചയുള്ള എന്നാൽ ആറ് വയസുകാരന്റെ ബുദ്ധിയുള്ള ആളാണ് മെഹ്മത്, അയാൾക്ക് ആറ് വയസുള്ള ഒരു മകളും സ്വന്തം അമ്മയും മാത്രമേയുള്ളൂ, വേണ്ടപ്പെട്ടവർ ആയിട്ട്. ആ ഗ്രാമത്തിൽ അരങ്ങേറിയ ഒരു കുട്ടിയുടെ ദുരൂഹ സാഹചര്യത്തിൽ ഉള്ള മരണത്തിൽ മെഹ്മത്തിന് പങ്ക് ഉള്ളതായി അധികൃതർ കണ്ടെത്തുമ്പോഴാണ് കഥ ഒന്ന് ട്രാക്ക് മാറുന്നത്.

🔸പിന്നീടങ്ങോട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അച്ഛനും, അയാളുടെ മകൾക്കും ഇടയിലുള്ള ഒരു ഇമോഷണൽ എക്സ്പീരിയൻസ് ആയി മാറുന്നുണ്ട് ചിത്രം. കൊറിയൻ ഒറിജിനയോ സിനിമയിൽ നിന്നും ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ഈ ചിത്രം, എന്നാലും ആ ഒരു ഇന്റൻസിറ്റി കുറച്ചിട്ടുമില്ല. താല്പര്യം ജനിപ്പിക്കുന്ന ഒരുപാട് സൈഡ് കഥാപാത്രങ്ങളും, നല്ല സൗണ്ട് ട്രാക്കും എല്ലാം കൂടി ആവുമ്പോൾ നല്ലൊരു അനുഭവം തന്നെയായി മാറുന്നുണ്ട് ചിത്രം. ഫൈനൽ ആക്റ്റും മറ്റും കാരണം കൊറിയൻ ഒറിജിനൽ തന്നെയാണ് മികച്ചത് എന്ന അഭിപ്രായം ആണെങ്കിലും കണ്ടിരിക്കേണ്ട ഒന്ന് തന്നെയാണ് ഈ ചിത്രവും, പൊതുവെ റീമെയ്ക്കുകൾ ഒറിജിനലിന്റെ പേര് കളയുന്ന ആ ശീലം ഇവിടെ പിന്തുടർന്നിട്ടില്ല.

Verdict : Very Good

DC Rating : 4/5 

Friday, May 28, 2021

1121. Champion (2018)



Director : Ahmet Katıksız

Genre : Drama

Rating : 8.3/10

Country : Turkey

Duration : 131 Minutes


🔸ബിസിം ഇസിൻ സാമ്പിയോൻ, ചാമ്പ്യൻ, വൺ ലവ് തുടങ്ങിയ പേരുകളിൽ എല്ലാം അറിയപ്പെടുന്ന തുർക്കിഷ് സ്പോർട്സ് ഡ്രാമ ചിത്രത്തെ രണ്ടായി തിരിക്കാം. അതായത് ഹാലിസ് എന്ന റൈഡറും, ബോൾഡ് പയലറ്റ് എന്ന പേരുള്ള അയാളുടെ കുതിരയും ഉൾപ്പെട്ട സ്പോർട്സ് ഡ്രാമ പോർഷനും, തന്റെ മുതലാളിയുടെ മകളായ ബീഗവും ആയുള്ള ഹാലീസിന്റെ പ്രണയം ഉൾപ്പെട്ട രണ്ടാമത്തെ റൊമാന്റിക് സബ് പ്ലോട്ടും. ഈ രണ്ട് വിഭാഗവും നല്ല രീതിയിൽ ഇടകലർത്തി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നിടത്താണ് സിനിമ ആസ്വാദ്യകരം ആവുന്നത്.

🔸കഥയിലേക്ക് കടക്കുന്നതിന് മുന്നേ ഹാലീസിനെ കുറിച്ച് പറയണം, ഒരു തുർക്കിഷ് ഗ്രാമ പ്രദേശത്ത് കർഷക കുടുംബത്തിൽ രണ്ട് ആണ്മക്കളിൽ ഇളയവൻ ആയാണ് അയാളുടെ ജനനം. കുതിര, കുതിര പന്തയം എന്നതൊക്കെ ആ കുടുംബത്തെ സംബന്ധിച്ച് വളരെ പരിചിതമായ കാര്യങ്ങളിൽ ചിലത് ആയിരുന്നു പണ്ട്, എന്നാൽ ഇന്ന് സ്ഥിതിഗതികൾ അങ്ങനല്ല. ഹാലീസിന്റെ ചേട്ടൻ വർഷങ്ങൾക്ക് മുന്നേ ഒരു റൈഡറായി കുതിര പന്തയത്തിന് പോയതും, അവിടെ വെച്ചുണ്ടായ ഒരപകടത്തിൽ കൊല്ലപ്പെട്ടതുമാണ്. തന്റെ മകന്റെ ജടവും പൊതിഞ്ഞ് കേട്ടിയുള്ള മടക്ക യാത്ര ആര് മറന്നാലും ഹാലീസിന്റെ അച്ഛന് മറക്കാൻ കഴിയില്ല.

🔸അത് എന്തൊക്കെ ആയാലും വിധി എന്നൊന്ന് ഉണ്ടെങ്കിൽ, അത് ഹലീസിനെയും ആ വഴിക്ക് തന്നെ എത്തിക്കുകയാണ്. അച്ഛനുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുന്നുണ്ട് എങ്കിലും ഹലീസ് ഒടുവിൽ ബോൾഡ് പയലറ്റ് എന്ന കുതിരയുടെ അടുക്കലേക്ക്, അതിന്റെ റൈഡറായി എത്തുകയാണ്. ബോൾഡ് പയലറ്റും കുറച്ച് കാലമായി നേരിടുന്നത് ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ഹലീസിന്റെ പ്രശ്നങ്ങൾ തന്നെയാണ്. കാസബ്ളാൻകായിൽ പറഞ്ഞത് പോലെ മനോഹരമായ ഒരു സൗഹൃദം അവിടെ ആരംഭിക്കുകയാണ്.

🔸അണ്ടർഡോഗ് സ്റ്റോറീസ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല, മികച്ച രീതിയിൽ അവതരിപ്പിക്കപ്പെട്ട ഈ വിഭാഗത്തിൽ പെട്ട കഥകൾ എല്ലാം ഓർമയിൽ തങ്ങി നിൽക്കുന്ന സിനിമകളായി മാറിയ ചരിത്രമേ ഉള്ളൂ, ആ കേസ് തന്നെയാണ് ഇവിടെയും. ആദ്യത്തെ ഒരു നാല്പത് മിനിറ്റ് സ്റ്റോറി സെറ്റ് ആവാൻ ഇത്തിരി ബുദ്ധിമുട്ടുന്നുണ്ട് എങ്കിലും ആ പ്രശനം രണ്ടാം പകുതി പരിഹരിക്കുന്നുണ്ട്. ഒരു ഇമോഷണൽ ടിയർ ജേർക്കർ എന്നൊക്കെ പറയാവുന്നതാണ് അവസാന ഒരു മണിക്കൂർ, എൻഡ് ക്രെഡിറ്റ്സ് കാണാതെ പോവരുത്.

Verdict : Very Good

DC Rating : 4/5 

Monday, September 14, 2020

888. Mucize 2 - Miracles Of Love (2019)



Director : Mahsun Kırmızıgül

Genre : Drama

Rating : 7.1/10

Country : Turkey

Duration : 130 Minutes


🔸മസിസ് ആദ്യ ഭാഗത്തെ പറ്റിയുള്ള പോസ്റ്റിൽ മനഃപൂർവം പരാമർശിക്കാതെ പോയ ഒരു കഥാപാത്രമാണ് അസീസ്, ഒരുപരിധി വരെ ആ ചിത്രത്തിന്റെ സോൾ എന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രം, അത്ര മനോഹരമായി ആണ് വികലാങ്ങനായ അസീസിനെ ആ കഥാപാത്രം ആയി എത്തിയ നടൻ അവതരിപ്പിച്ചിരിക്കുന്നത്. അസീസിനെ കാണേണ്ടതും അറിയേണ്ടതും ചിത്രം കാണുമ്പോൾ ആയിരിക്കണം എന്ന ആഗ്രഹത്തിന്മേലായിരുന്നു ആ ഒഴിവാക്കൽ, എന്തായാലും ഇവിടെ പറയാൻ പോവുന്നത് പുള്ളിയെ പറ്റിയാണ്, ആദ്യ ഭാഗം കാണാത്തവർ മടങ്ങി പോവുന്നത് ആയിരിക്കും ഉചിതം.

🔸ഗരാമമുഖ്യന്റെ ഇളയ മകനായ അസീസിനെ ആദ്യ ഭാഗത്ത് നമ്മൾ കാണുമ്പോൾ സ്ഥിതി ഗതികൾ വളരെ മോശം ആയിരുന്നു, നേരാംവണ്ണം സംസാരിക്കാനോ നടക്കാനോ പോലും കഴിയാതെ, വികലാങ്കനായി എന്തിനോ വേണ്ടി ജീവിക്കുന്ന ഒരാളായിരുന്നു അസീസ്. അച്ഛനും അമ്മയ്ക്കും അവനെ കുറിച്ച് വിഷമം ഉണ്ടായിരുന്നു എങ്കിലും അത് പുറമെ കാണിക്കാതെയും അവനെ അറിയിക്കാതെയും കൊണ്ട് നടക്കുക ആയിരുന്നു ഈ കാലമത്രയും. അതിനിടയിലേക്കാണ് മാഹിറിന്റെ വരവും പിന്നീടുള്ള സംഭവങ്ങളും ഒക്കെ, ഇതെല്ലാം നമ്മൾ ആദ്യ ഭാഗത്ത് കണ്ടതുമാണ്.

🔸ആദ്യ സീനിൽ ഗ്രാമത്തിലെ കുട്ടികൾ കമ്പും വടിയും ഒക്കെ കൊണ്ട് ഉപദ്രവിക്കുന്ന, നേരാംവണ്ണം പ്രതിരോധിക്കാൻ പോലും കഴിയാത്ത, സ്വന്തം പ്രാഥമിക കാര്യങ്ങൾ പോലും ചെയ്യാൻ മറ്റുള്ളവരുടെ സഹായം ആവശ്യമുള്ള അസീസിനെ അല്ല ആദ്യ ഭാഗ ചിത്രത്തിന്റെ അവസാനം നമ്മൾ കാണുന്നത്, ഈ ഒരു മാറ്റത്തിന് പിന്നിൽ വലിയൊരു കഥ തന്നെ ഉണ്ടെങ്കിലും അതൊന്നും ആദ്യ ഭാഗം വിഷയം ആക്കിയിട്ടില്ല, അതിലേക്ക് ഒക്കെയാണ് ഈ ചിത്രം കടന്ന് ചെല്ലുന്നത്. ഇവിടെ ആദ്യ ഭാഗത്തിലെ മറ്റുള്ള കഥാപാത്രങ്ങൾ പലരും വന്ന് പോവുന്നുമുണ്ട്.

🔸മസീസിന്റെ അത്രയും വൈകാരികമായി സ്പർശിച്ച ചിത്രം അല്ല രണ്ടാം ഭാഗം എങ്കിലും മോശം അല്ലേയല്ല, അത്യാവശ്യം വർത്തി ആയ ഒരു ഫോളോ അപ്പ് തന്നെയാണ് ഈ ചിത്രം. കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങളും, ആ ഒരു ലാളിത്യവും സിംപ്ലിസിറ്റിയും എല്ലാം ചിത്രം അതിമനോഹരമായി തന്നെ അവതരിപ്പിക്കുന്നുണ്ട്, ആദ്യ ഭാഗം കണ്ടവർ, ഇഷ്ട്ടപ്പെട്ടവർ തീർച്ചയായും കാണേണ്ട ഒന്ന് തന്നെയാണ് ഈ രണ്ടാം ഭാഗവും, കാണാൻ ശ്രമിക്കുക. കൂടുതൽ അറിയും തോറും തുർക്കിഷ് സിനിമ വിസ്മയിപ്പിച്ച് കൊണ്ടേ ഇരിക്കുന്നു.

Verdict : Very Good

DC Rating : 4/5 

887. Mucize (2015)



Director : Mahsun Kırmızıgül

Genre : Drama

Rating : 7.7/10

Country : Turkey

Duration : 136 Minutes


🔸സിനിമകളുടെ ലാളിത്യം ഒരു അത്ഭുതമായി തോന്നിയിട്ടുണ്ടെങ്കിൽ അത് തുർക്കിഷ് ഭാഷയിൽ ആണ്, പ്ലോട്ട് മാത്രമായി എടുക്കുക ആണെങ്കിൽ ഇത് വെച്ച് ഒരു സിനിമ എടുക്കാൻ കഴിയുമോ അല്ലെങ്കിൽ എടുത്താൽ തന്നെ അത് ആസ്വാദ്യകരം ആവുമോ അല്ലെങ്കിൽ വലിച്ച് നീട്ടൽ പോലെ തോന്നുമോ തുടങ്ങിയ സംശയങ്ങൾ ഉണ്ടാവുക സാധാരണമാണ്, എന്നാൽ ഇവ മിക്കതും തരുന്ന ആ ഒരു അനുഭവം അല്ലെങ്കിൽ ഫീൽ പറഞ്ഞ് അറിയിക്കാൻ പറ്റാത്തതാണ്, ഇവിടെ മുസീസ് ദി മിറക്കിൾ എന്ന ചിത്രത്തിന്റെ കാര്യത്തിലും സ്ഥിതി ഗതികൾ വ്യത്യസ്തമല്ല.

🔸മഹിർ എന്ന കഥാപാത്രം ആളൊരു അധ്യാപകനാണ്, കാലഘട്ടം ആയിരത്തി തൊള്ളായിരത്തി അറുപതുകളും. ടിയാൻ ജോലി ചെയ്യുന്നത് നഗര പ്രദേശത്ത് ആണെങ്കിലും ഒരുനാൾ സ്ഥലം മാറ്റം ലഭിക്കുകയാണ്, ഒരു ഓണം കേറാ മൂല എന്നൊക്കെ പറയാവുന്ന, എന്തിനധികം കേട്ട് കേൾവി പോലുമില്ലാത്ത ഒരു കുഗ്രാമത്തിലേക്ക്. മാഹിറിന്റെ ഭാര്യയ്ക്കും മക്കൾക്കും ഇതിനോട് വലിയ താല്പര്യം ഇല്ല എങ്കിലും സ്വതേ അഭിമാനി ആയ മാഹിർ ഇറങ്ങി തിരിക്കുകയാണ്, പുതിയ ജോലി സ്ഥലത്തേക്ക്. മാഹിറിനെ സംബന്ധിച്ചിടത്തോളം അവിടെ എത്തിപ്പെടുക എന്നത് തന്നെ ആയിരുന്നു ആദ്യത്തെ കടമ്പ.

🔸പരസ്തുത ഗ്രാമത്തിലേക്കുള്ള ഒരേയൊരു മാർഗം ബസ് ആണ്, അതും വാവിനും വെള്ളിയാഴ്ചക്കും മാത്രം ഉള്ള തോതിൽ ഒന്ന്. ഇതിൽ യാത്ര തിരിച്ചെങ്കിലും ഉദ്ദേശിച്ച സ്ഥലത്ത് എത്താൻ മാഹിറിന് കഴിഞ്ഞില്ല, കാരണം അവിടേക്ക് ഇന്നേവരെ ഗവണ്മെന്റ് റോഡ് വെട്ടിയിട്ട് പോലുമില്ല, ഇനി എന്ത് ചെയ്യണം എന്ന മാഹിറിന്റെ ചോദ്യത്തിന് ലഭിക്കുന്ന ഉത്തരം രണ്ട് മല കേറി ഇറങ്ങി അതിനപ്പുറമുള്ള പുഴയും കടന്ന് ചെന്നാൽ നിങ്ങൾക്ക് ഗ്രാമത്തിൽ എത്താം എന്നാണ്. എന്തായാലും മറ്റ് മാർഗങ്ങൾ ഇല്ലാത്തത് കൊണ്ട് മാഹിർ അവിടേക്കുള്ള യാത്ര കാൽനടയായി തുടങ്ങുകയാണ്.

🔸ഗരാമത്തിൽ എത്തിയപ്പോഴാണ് മാഹിറിന് ഒരു കാര്യം കൂടി ബോധ്യപ്പെടുന്നത്, താൻ പഠിപ്പിക്കാനായി എത്തിയ ഇവിടെ ഒരു സ്‌കൂൾ പോലുമില്ല, ആകെ ഉള്ളത് പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത ഒരുകൂട്ടം ഗ്രാമീണരും, പിന്നെ കുറെ വിദ്യാർത്ഥികളും മാത്രം. എന്ത് ചെയ്യണം എന്ന് പിടിയില്ലാതെ നിൽക്കുന്ന മാഹിറിൽ നിന്നുമാണ് സിനിമ തുടങ്ങുന്നത്, ഇവിടെ ഞാൻ പറയാത്ത ഒരുപാട് കാര്യങ്ങൾ വേറെയുണ്ട്, അത് മനഃപൂർവം തന്നെയാണ് ഒഴിവാക്കിയതും, അവ എല്ലാം കണ്ട് തന്നെ അനുഭവിക്കേണ്ടതുമാണ്. മുസിസ് ഞാൻ കണ്ട ഏറ്റവും ബ്യുട്ടിഫുൾ സിനിമകളിൽ ഒന്നാണ്, തീർച്ചയായും കാണാൻ ശ്രമിക്കുക.

"Some People Have Eyes In Their Heart, It Is Through The Heart They View The World....❤️"

Verdict : Must Watch

DC Rating : 4.75/5

Monday, July 20, 2020

839. Duvar (1983)



Director : Yılmaz Güney

Genre : Drama

Rating : 8.1/10

Country : Turkey

Duration : 117 Minutes


🔸എഴുപതുകളിൽ തുർക്കി കണ്ട പട്ടാള അട്ടിമറിയും അതിനെ തുടർന്നുണ്ടായ കിരാത ഭരണവും എല്ലാം പ്രമേയമാക്കി അനവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്, അതിൽ തന്നെ ഈ സംഭവങ്ങളെ നിശിതമായി വിമർശിക്കുന്ന ചിത്രങ്ങളും ഉണ്ട്, യോൾ പോലെ. ഈ ഒരു വിഭാഗത്തിൽ പെട്ട മറ്റൊരു സിനിമയാണ് ദുവാർ അഥവാ ദി വാൾ. ഒരുപക്ഷെ യോളുമായി തട്ടിച്ച് നോക്കുമ്പോൾ കുറച്ച് കൂടി ഡാർക്ക്, ഡിപ്രസിങ് ആയ ചിത്രമാണ് ദുവാർ. രണ്ട് മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള ചിത്രം ഏറെക്കുറെ മുഴുവൻ സമയവും ഒരു ജയിലിനകത്താണ് കഥ പറയുന്നത്.

🔸അത്യാവശ്യം കുപ്രസിദ്ധമായ ഒരു ജയിലറയാണ് നമ്മുടെ കഥാ പശ്ചാത്തലം, സ്ത്രീകൾ പുരുഷന്മാർ കുട്ടികൾ തുടങ്ങി എല്ലാ വിഭാഗങ്ങളിൽ പെട്ട തടവുകാരും ഇവിടുണ്ട്, ഇവരെയെല്ലാം പ്രായത്തിനും ജെൻഡറിനും അനുസരിച്ച് വെവ്വേറെ ബ്ലോക്കുകളിലായി തരം തിരിച്ച് നിർത്തിയിരിക്കുന്നു, പരസ്പരം കാണാം എന്നതൊഴിച്ചാൽ അവർക്കിടയിലുള്ള ഇടപഴകലുകൾക്ക് ശക്തമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൊല കൊള്ള റേപ്പ് പിടിച്ചുപറി ഭരണകൂട വിമർശനം തുടങ്ങിയ കുറ്റങ്ങൾ എല്ലാം ചുമത്തപ്പെട്ടവരാണ് ഈ കൂട്ടത്തിൽ ഉള്ളത്, പലരും വർഷങ്ങളായി തടവിൽ കഴിയുന്നവർ.

🔸അച്ചടക്കത്തിന് പേര് കേട്ടതാണ് പ്രസ്തുത തടവറയും അവിടുത്തെ പോലീസ് ഉദ്യോഗസ്ഥരും, മൂന്നാം മുറ ഉൾപ്പെടെ ഉള്ള കൈക്രിയകളുടെ സഹായത്തിൽ ആണ് ഈ സ്ട്രാറ്റജി അവർ നിലനിർത്തി പോവുന്നത്. മനുഷ്യപ്പറ്റ് എന്നത് തൊട്ട് തീണ്ടിയിട്ടില്ലാത്ത മനോഭാവമാണ് പോലീസ് ഉദ്യോഗസ്ഥരിൽ മിക്കവരുടെയും, തടവ് പുള്ളികളെ ഒരു തരം അടിമകളെ കാണുന്നത് പോലെയാണ് അവർ കാണുന്നത്, നീചമായ രീതിയിലാണ് അവരോടുള്ള പെരുമാറ്റം. ഇഷ്ട്ടാനുസരണം തല്ലുക എന്നതിനോടൊപ്പം വീട്ടുകാർ മാസാമാസം കാണാൻ വരുമ്പോൾ തരുന്ന തുകയിൽ കയ്യിട്ട് വാരുന്നത് ഉൾപ്പെടെയുള്ള ഉളുപ്പില്ലാത്ത പ്രവർത്തികളാണ് ഇവരുടെ ഒരു രീതി.

🔸ഈ ഒരു പശ്ചാത്തലത്തിലാണ് ദുവാർ എന്ന ചിത്രം കഥ പറഞ്ഞ് തുടങ്ങുന്നത്, ക്രൂരമായ ഒരുവേള സ്‌ക്രീനിൽ നിന്നും മുഖം തിരിക്കാൻ പ്രേരിപ്പിക്കുന്ന രംഗങ്ങൾ ഒരുപാടുണ്ട് ചിത്രത്തിൽ, എല്ലാവര്ക്കും കാണാൻ പറ്റുന്ന, നിർദ്ദേശിക്കാൻ കഴിയാത്ത ഒരു ചിത്രമാണിത്, അത്യാവശ്യം നല്ല തോതിൽ ഡിസ്റ്റർബിങ്ങും ആണ് ചിത്രം. റിലീസ് ആയ ടൈമിലും മറ്റും അത്യാവശ്യം കോളിളക്കം സൃഷ്ട്ടിച്ച ചിത്രമാണ് ദുവാർ, നല്ല നിലവാരമുള്ള ഒരു പ്രിന്റ് ഇപ്പോൾ പോലും ലഭ്യമാണ് എന്ന് തോന്നുന്നുമില്ല, എന്തായാലും താല്പര്യം തോന്നുന്നെങ്കിൽ, തോന്നുന്നെങ്കിൽ മാത്രം കാണാൻ ശ്രമിക്കുക.

Verdict : Very Good

DC Rating : 85/100

Thursday, July 16, 2020

836. The Chaos Class (1975)



Director : Ertem Eğilmez

Genre : Comedy

Rating : 8.7/10

Country : Turkey

Duration : 86 Minutes


🔸നമ്മൾ എല്ലാവരും തന്നെ ജീവിതത്തിൽ സ്‌കൂളിന്റെ പടി നടന്ന് കയറിയിട്ടുള്ളവരാണ്, നമ്മളിൽ മിക്കവരും കോളേജ് വിദ്യാഭ്യാസം നേടിയവരും, നമ്മളിൽ ചിലരെങ്കിലും അതിന് മുകളിലേക്ക് പഠിച്ചവരുമാണ്. ഈ കാലഘട്ടങ്ങൾ പോലെ മനോഹരമായ വേറൊന്ന് പിന്നീട് ഉണ്ടാവില്ല എന്നത് മുന്നേ പോയ പലരുടെയും അനുഭവങ്ങളിലൂടെയും അഭിപ്രായങ്ങളിലൂടെയും അറിഞ്ഞതുമാണ്. ഒരുപാട് നല്ല ഓർമകളും രസകരമായ കഥാപാത്രങ്ങളും എല്ലാം നമ്മളീ കാലഘട്ടത്തിൽ കണ്ട് പരിചയിച്ചിട്ടുണ്ടാവും, ഇതൊക്കെ തന്നെയാണ് ഹബാബൻ സിനിഫി അഥവാ കായോസ് ക്‌ളാസ്സിന്റെ പ്രമേയവും.

🔸ഒരു ക്‌ളാസ് മുറിയിൽ കാമറ കൊണ്ടുവെച്ച് ടീച്ചറും വിദ്യാർത്ഥികളും ഒന്നും അറിയാതെ ഷൂട്ട് ചെയ്‌താൽ എങ്ങനെ ഇരിക്കുമോ അത്രയും സ്വാഭാവികതയോടെ ആണ് കായോസ് ക്ലാസ് തയാറാക്കിയിരിക്കുന്നത്. ടീച്ചറും വിദ്യാർത്ഥികളും തമ്മിലുള്ള ഇടപഴകലുകളും കൊമെടികളും എല്ലാം തന്നെ ഒട്ടും ഫോസ്ഡ് ആയി തോന്നാത്ത രീതിയിലാണ് ചിത്രത്തിൽ ഉള്ളത്, പല സീനുകളും നന്നായി റിലേറ്റ് ചെയ്യാൻ പറ്റിയതുമാണ്. ചില രംഗങ്ങളിൽ വിദ്യാർഥികൾ എടുക്കുന്ന നമ്പറുകൾ കാണുമ്പോഴാണ് ഇവയെല്ലാം എഴുപതുകൾ മുതലേ ഉണ്ടായിരുന്നോ എന്ന തോന്നൽ ഉടലെടുക്കുന്നത്, അവയെല്ലാം ഒരിക്കൽ എങ്കിലും സ്വന്തം ക്‌ളാസ് മുറിയിൽ പയറ്റിയവർ ആയിരിക്കും നമ്മൾ ഓരോരുത്തരും.

🔸കഥയിലേക്ക് കടക്കുക ആണെങ്കിൽ ഒരു കോളേജ് ആണ് കഥാ പശ്ചാത്തലം, പിന്നെ ഈ കോളേജിന് ഉള്ള പ്രത്യേകത എന്താണെന്നാൽ സകലമാന ഉഡായിപ്പും, തക്കിട തരികിട പരിപാടികളിലും കഴിവ് തെളിയിച്ച ഒരുകൂട്ടം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്, ആരോ മനഃപൂർവം തിരഞ്ഞെടുത്തത് പറഞ്ഞയച്ചത് പോലെ, പഠിക്കാനായി വരുന്നവർ ഒന്നോ രണ്ടോ മാത്രം അവർ ആണെങ്കിൽ നമ്മളീ പഠിപ്പിസ്റ്റ് എന്ന പട്ടം ചേർത്ത് പറയുന്ന സ്റ്റീരിയോ ടൈപ്പിന്റെ ഉത്തമ ഉദാഹരണങ്ങളും. ഇവന്മാരെ കൊണ്ട് സത്യത്തിൽ മാഷന്മാർ ആകെ പൊറുതി മുട്ടിയിരിക്കുകയാണ്. ഈ ഒരു പശ്ചാത്തലത്തിലാണ് അവിടേക്ക് പുതിയൊരു അധ്യാപകൻ കടന്ന് വരുന്നത്.

🔸ഈ പുതുതായി വന്ന അധ്യാപകനും വിദ്യാർത്ഥികൾക്കും ഇടയിലെ ചെറിയ ചില തമാശകളും കാര്യങ്ങളും ഒക്കെയായി നല്ല രസകരമായ രീതിയിലാണ് കഥ മുന്നോട്ട് പോവുന്നത്. ഈ ക്‌ളാസ് റൂം രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ സിംഹ ഭാഗവും, ഒന്നേമുക്കാൽ മണിക്കൂറിൽ താഴെ ഉള്ള ചിത്രം ഒരിടത്ത് പോലും ബോർ അടിപ്പിക്കുന്നില്ല. തുർക്കിഷ് സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമകളിൽ ഒന്നാണ് കായോസ് ക്‌ളാസ്, പിന്നീട് അഞ്ചോളം തുടർ ഭാഗങ്ങൾ വന്നിട്ടുണ്ട് എങ്കിലും എണ്ണം കൂടും തോറും നിലവാരം താഴോട്ട് ആയിരുന്നു, അപ്പൊ താല്പര്യം ഉള്ളവർക്ക് കണ്ട് നോക്കാവുന്നതാണ്.

Verdict : Good

DC Rating : 75/100

Tuesday, July 14, 2020

834. A Long Story (2012)



Director : Osman Sınav

Genre : Drama

Rating : 7.6/10

Country : Turkey

Duration : 121 Minutes


🔸ലോങ്ങ് സ്റ്റോറി, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു നീണ്ട കഥയാണ് ചിത്രത്തിന്റേത്, നമ്മുടെ നറേറ്റർ ആയ മുസ്‌തഫയുടെ വാക്കുകൾ കടം എടുക്കുക ആണെങ്കിൽ ഒരു സിനിമയ്ക്ക് വേണ്ടി പറഞ്ഞ് തീർക്കാവുന്ന എന്നാൽ മൂന്ന് തലമുറകളും പതിറ്റാണ്ടുകളും നീണ്ട് നിന്ന ഒരു എപിക് സ്റ്റോറി. തുർക്കയിലെ ഒരു ഗ്രാമ പ്രദേശത്തെ റെയിൽവേ സ്റ്റേഷനിൽ അമ്പതുകളിൽ ഒരു ട്രെയിൻ വന്ന് നിർത്തുന്നതിൽ തുടങ്ങി എഴുപതുകളിൽ മറ്റൊരു ട്രെയിൻ സ്റ്റേഷൻ വിട്ട് പോവുന്നത് വരെയുള്ള രണ്ട് മണിക്കൂർ മനോഹരമായ രീതിയിൽ കഥ പറയുന്നുണ്ട് ഈ ചിത്രം.

🔸ലോങ്ങ് സ്റ്റോറി എന്ന സിനിമയുടെ ഫോക്കസ് മകൻ അച്ഛൻ ബന്ധമാണ്, അതിന് രണ്ട് മികച്ച ഉദാഹരണങ്ങൾ ചിത്രത്തിലുണ്ട്. സുലൈമാൻ, അലി, മുസ്തഫ എന്നിവർ യഥാക്രമം മുത്തച്ഛൻ, അച്ഛൻ മകൻ എന്നിങ്ങനെ പരസ്പരം ബ്ലഡ് റിലേഷൻ ഉള്ളവരാണ്. ഇതിൽ തന്നെ സുലൈമാൻ എന്ന കഥാപാത്രം ഒരു നിമിഷം പോലും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നില്ല, അലിയുടെ വാക്കുകളിലൂടെയാണ് അയാളെ നമ്മൾ അറിയുന്നത്. തന്റെ അച്ഛൻ ബൾഗേറിയയിലെ ഏറ്റവും മികച്ച ഗുസ്തിക്കാരിൽ ഒരാളും, സകലരും ബഹുമാനിച്ചിരുന്ന വ്യക്തിത്വവും, അതിലും ഉപരി നല്ലൊരു മനുഷ്യനും ഒക്കെ ആയിരുന്നു എന്ന് പറയുമ്പോൾ ഉള്ള അലിയുടെ മുഖത്തെ അഭിമാനം ആ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.

🔸സുലൈമാൻ മറ്റുള്ള കഥാപാത്രങ്ങളുടെ വാക്കുകളിലൂടെ തന്റെ പ്രസൻസ് അറിയിക്കുന്നുണ്ട് എങ്കിലും അലി, മുസ്തഫ ബന്ധമാണ് ചിത്രത്തിന്റെ സിംഹ ഭാഗവും ചർച്ച ചെയ്യുന്നത്. അലി മനിരയെ വിവാഹം കഴിച്ചത് സ്വന്തം നാട്ടിൽ ഒരല്പം ഒച്ചയും ബഹളവും ഒക്കെ സൃഷ്ടിച്ചാണ്, വലിയ സാമൂഹിക സാമ്പത്തിക അന്തരം ഒക്കെയുള്ള അവർ വിവാഹം കഴിഞ്ഞ ശേഷം തുർക്കിയിലേക്ക് പലായനം ചെയ്യുക ആയിരുന്നു. പിന്നീട് അപരിചിതമായ ഒരു സ്ഥലത്ത് വന്നെത്തുന്ന ആ കുടുംബം അല്ലറ ചില്ലറ ചെറിയ ജോലികൾ ഒക്കെ ചെയ്ത് മുന്നോട്ട് പോവുകയാണ്. അലിയെ കുറിച്ച് മകൻ മുസ്തഫ ഓർമ്മകൾ നറേറ്റ് ചെയ്യുന്ന പോലെയാണ് സിനിമ പുരോഗമിക്കുന്നത്.

🔸തന്റെ തൊഴിൽ മേഖലയിലും മറ്റും സഹ തൊഴിലാളികളുടെ ആവശ്യത്തിനും അവകാശത്തിനും ഒക്കെയായി ശബ്ദം ഉയർത്തുന്ന സ്വഭാവക്കാരാണ് ആണ് അലി, സോഷ്യലിസ്റ്റ് അലി എന്ന വിളിപ്പേര് സ്വന്തമായുള്ള പുള്ളി എല്ലാ കാലത്തും ഒരു റിബല്ല്യസ് മനോഭാവം വെച്ച് പുലർത്തിയ ആളാണ്. അലിയെ ഫോക്കസ് ചെയ്ത് കാണിക്കുന്നതിനോടൊപ്പം തന്നെ മുസ്‌തഫയുടെ ജീവിതവും ചിത്രം വിഷയമാക്കുന്നുണ്ട്, ഇവയെല്ലാം ഇടകലർത്തിയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതും. സ്‌ക്രീനിൽ വരാത്ത സുലൈമാൻ തൊട്ട് ഏറ്റവും ഒടുവിൽ കഥയുടെ ഭാഗമാവുന്ന ഫരീദ വരെ മികച്ച ഒരുപിടി കഥാപാത്രങ്ങളും, നല്ല ദൃശ്യങ്ങളും, കഥയും എല്ലാം ചിത്രത്തിന്റെ പ്ലസ് പോയിന്റുകളാണ്.

Verdict : Very Good

DC Rating : 80/100

Sunday, July 12, 2020

832. Somersault In A Coffin (1996)



Director : Derviş Zaim

Genre : Drama

Rating : 7.8/10

Country : Turkey

Duration : 76 Minutes


🔸മുഹ്‌സിൻ ഒരു റിട്ടാർഡ് ആണ്, സാധാരണ ഉള്ള മനുഷ്യരുടെ ബുദ്ധി വളർച്ചയോ കാര്യങ്ങൾ എക്സ്പ്രസ് ചെയ്യാനുള്ള കഴിവോ, വസ്തുതകൾ ഗ്രഹിക്കാനുള്ള ശേഷിയോ ഒന്നും അയാൾക്കില്ല. മറ്റുള്ളവരോട് നേരാംവണ്ണം സംസാരിക്കാറ് പോലുമില്ല അയാൾ, അത് എത്ര പരിചയം ഉള്ള ആളാണെങ്കിലും. സോമേഴ്‌സോൾട്ട് ഇൻ എ കോഫിൻ എന്ന ചിത്രം മുഹ്‌സിന്റെ കഥയാണ്, ഒരല്പം ഡിപ്രസിങ് ആയ കണ്ട് കഴിയുമ്പോൾ ഹോണ്ട് ചെയ്യുന്ന ഒരു കഥ. ട്രാജിക്കൽ ടോണിലാണ് ചിത്രം ആദ്യം തൊട്ട് അവസാനം വരെ കഥ പറഞ്ഞ് പോവുന്നത്, ഒടുവിൽ ഒരല്പം പെയിൻഫുൾ ആയൊരു എൻഡിങ്ങും കൂടി ആവുമ്പോൾ പൂർണം.

🔸തുർക്കിയിലെ ഗ്രാമ പ്രദേശങ്ങളിൽ ഒന്നിൽ മീൻ പിടുത്തക്കാരായ ഒരു വിഭാഗം ആളുകളോടൊപ്പമാണ് മുഹ്‌സിൻ ജോലി ചെയ്യുന്നത്, ഒരു അസിസ്റ്റന്റിനെ പോലെ. പ്രത്യക്ഷത്തിൽ അവൻ വലിയ പണി ഒന്നും എടുക്കുന്നില്ല, പുഴയിലേക്ക് പോവുന്നു പോലുമില്ല, പക്ഷെ വല കെട്ടുക മീൻ കൊട്ടയിലേക്ക് കേറ്റുക പോലെയുള്ള നിർദോഷകരമായ പരിപാടികളിൽ അവന്റെ കയ്യുണ്ട്, ഈ അണ്ണാറക്കണ്ണനും തന്നാൽ ആയത് പോലെ എന്നൊക്കെ പൊതുവെ പറയില്ലേ, അത് തന്നെ. കാര്യമായ വരുമാനം ഒന്നും മുഹ്സിന് ഈ പരിപാടിയിലൂടെ ലഭിക്കാറില്ല, കച്ചവടം കഴിഞ്ഞ് പോണ പോക്കിൽ മുതലാളി ഒരു തുക കയ്യിൽ കൊടുത്താലായി, ചിലപ്പോ കിട്ടിയെന്നും വരില്ല.

🔸പിന്നെ മുഹ്സിന് ഒരു ചെറിയ സ്വഭാവമുണ്ട്, ഈ സ്വഭാവമേന്മ കാരണം കൈ നിറയെ തല്ല് പല ഭാഗത്ത് നിന്നും പല ആളുകളിൽ നിന്നും അവൻ വാങ്ങി കൂട്ടിയിട്ടുണ്ട്. സ്വഭാവം മറ്റൊന്നുമല്ല, മോഷണം തന്നെ, ഇത് കാരണം ഒട്ടനവധി തവണ അവൻ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിയും വന്നിട്ടുണ്ട്. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വാക്ക് കടം എടുക്കുക ആണെങ്കിൽ ഇവനെ ശിക്ഷിച്ചിട്ട് ജഡ്ജിക്കും, തല്ലിയിട്ട് പോലീസുകാർക്കും, ഒപ്പം താമസിച്ച ജയിൽ പുള്ളികൾക്കും വരെ മടുത്തു, എന്നിട്ടും ഇവൻ നിർത്തിയതേ ഇല്ല. ഈ ഒരു പശ്ചാത്തലമാണ് കഥയുടെ ടെർനിങ് പോയിന്റ് എന്ന് പറയാം.

🔸കഥ നടക്കുന്ന സമയം ഒരു മഞ്ഞുകാലമാണ്, തുർക്കിയിൽ ആണെങ്കിൽ ഇത് ഏറ്റവും തണുത്ത മാസങ്ങളിൽ ഒന്നും. പൊതുവെ വഴിവക്കിലും കൺസ്ട്രക്ഷൻ സൈറ്റിലും ഒക്കെ കിടന്നുറങ്ങി പതിവുള്ള മുഹ്‌സിൻ ഒരു നാൾ തണുപ്പ് സഹിക്കാതായപ്പോൾ ഒരു കടുംകൈ ചെയ്യുകയാണ്, തന്റെ മുന്നിൽ വന്ന് നിർത്തിയ ഒരു കാർ അവൻ അടിച്ചോണ്ട് പോവുകയാണ്, ആ വണ്ടി ആണെങ്കിൽ ഒരു പ്രമുഖ വ്യക്തിയുടെയും. ഇവിടെ നിന്നും പിന്നീട് കഥ ചൂട് പിടിച്ച് പോവുകയാണ്, നല്ല അഭിനയവും ദൃശ്യങ്ങളും ഒക്കെ ചിത്രത്തിന്റെ സവിശേഷതയാണ്, ഒരല്പം സ്ലോ ആയി തോന്നിയേക്കാം എങ്കിലും നല്ലൊരു കഥയാണ് ചിത്രത്തിന്റേത്, താല്പര്യം തോന്നുന്നെങ്കിൽ കാണാം.

Verdict : Good

DC Rating : 75/100

Friday, July 10, 2020

827. Innocence (1997)



Director : Zeki Demirkubuz

Genre : Drama

Rating : 8.3/10

Country : Turkey

Duration : 110 Minutes


🔸ഒരു പതിറ്റാണ്ടിന് മുകളിലായി ജയിൽ വാസം അനുഷ്ഠിച്ച വ്യക്തിയാണ് യൂനിസ്, പുള്ളി ചെയ്ത തെറ്റ് എന്താണെന്ന് സിനിമയുടെ ആരംഭത്തിൽ വ്യക്തമാക്കുന്നില്ല എങ്കിലും അയാളെ കുറിച്ച് ജയിൽ അധികാരിക്കും, പോലീസുകാർക്കും എല്ലാം നല്ലത് മാത്രമേ പറയാനുള്ളൂ. തികഞ്ഞ അച്ചടക്കം പാലിക്കുന്ന വ്യക്തി, ഇന്നേവരെ ഒരു വാക്കോ നോക്കോ കൊണ്ട് പോലും അധികൃതർക്ക് ഒരു പ്രശനം യൂനിസ് ഉണ്ടാക്കി കൊടുത്തിട്ടില്ല, ഒഫീഷ്യൽ രേഖയിൽ പോലും അയാളെ വിശേഷിപ്പിച്ചിരിക്കുന്നത് മാതൃകാ തടവ് കാരൻ എന്നാണ്. ഇതൊക്കെ എന്ത് തന്നെ ആയാലും അയാളുടെ തടവ് കാലം ഏറെക്കുറെ അവസാനിക്കാറായിട്ടുണ്ട്, ഇനി മൂന്ന് ദിവസം മാത്രമേ ബാക്കിയുള്ളൂ.

🔸അപ്പോഴാണ് ഒരു പ്രശനം ഉടലെടുക്കുന്നത്, സംഭവം വേറൊന്നുമല്ല കാലം കുറച്ചായി യൂനിസ് ജയിലിന് അകത്തായിട്ട്. പുറമെ ഉള്ള ജീവിതവും മറ്റും അയാൾക്ക് ഏറെക്കുറെ അപരിചിതമാണ്, പറയത്തക്ക ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നും തന്നെ അയാൾക്കില്ല ആകെ ഉള്ള ബന്ധങ്ങൾ ഈ നാല് ചുവരിന് ഉള്ളിലാണ്. താൻ പുറത്ത് ഇറങ്ങിയാൽ എങ്ങോട്ട് പോവുമെന്നോ എന്ത് ചെയ്യുമെന്നോ ഒന്നും അയാൾക്ക് ഒരു പിടിയുമില്ല. ഒരു സഹോദരി ഉണ്ടായിരുന്നത് ഇപ്പോൾ എവിടെ ആണെന്ന് ദൈവത്തിനറിയാം, അന്വേഷിച്ച് ചെന്നാൽ തന്നെ തനിക്ക് ലഭിച്ചേക്കാവുന്ന സ്വീകരണം അത്ര നല്ലതാവാൻ വഴിയില്ല.

🔸ഇങ്ങനെ ഇനിയെന്ത് എന്നറിയാതെ ആകെ സംശയത്തിൽ നിൽക്കുമ്പോഴാണ് അയാളുടെ മനസ്സിൽ ഒരു ആശയം ഉടലെടുക്കുന്നത്, ആ ആശയം ഒരു കത്ത് രൂപേണ ജയിൽ അധികാരിക്ക് മുന്നിൽ എത്തുകയാണ്, ഇതാണ് സിനിമയുടെ ഓപ്പണിങ് സീൻ. യൂനിസിന്റെ ആവശ്യം വളരെ ലളിതമാണ്, ശിഷ്ടകാലം തന്നെ ഈ ജയിലറയിൽ ജീവിക്കാൻ അനുവദിക്കണം, പുറത്തേക്ക് വിട്ടാൽ തനിക്ക് അതിജീവിക്കാനുള്ള കഴിവില്ല, ഒന്നുകിൽ മരിക്കും അല്ലെങ്കിൽ എന്തെങ്കിലും കുറ്റം ചെയ്ത് വീണ്ടും ഇങ്ങോട്ടേക്ക് മടങ്ങി വരും, ആയതിനാൽ തന്റെ കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാക്കണം എന്നതാണ് പുള്ളിയുടെ വശം.

🔸കത്ത് വായിച്ച് സ്തബ്ധനായ ജയിൽ അധികാരി ലളിതമായി തനിക്ക് ആവുന്ന പോലെ പുള്ളിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ഒന്നും അത്ര ഫലവത്ത് ആവുന്നില്ല. ഒടുവിൽ ഇരുവരും ഒരു ധാരണയിൽ എത്തുകയാണ്, വർഷങ്ങൾക്ക് മുന്നേ യൂനിസിനൊപ്പം ജയിൽ അറയിൽ ഒരുമിച്ച് ഉണ്ടായിരുന്ന ഒരു തടവ് പുള്ളി ഉണ്ടായിരുന്നു. പിന്നീട് ഒരുനാൾ രണ്ട് വഴി പിരിഞ്ഞപ്പോൾ എന്നെങ്കിലും തന്നെ വന്ന് കാണണം, സഹായിക്കാം എന്നൊക്കെ പറഞ്ഞാണ് അയാൾ പോയത്, അവിടേക്ക് ചെല്ലാൻ യൂനിസ് തയ്യാറാവുകയാണ്, ബാക്കി ഒക്കെ അതിന് ശേഷം എന്ന നിലയ്ക്ക്. ഈ യാത്രയിൽ സംഭവിക്കുന്ന അതിമനോഹരമായ സംഭവങ്ങളാണ് ഇന്നസെൻസ് എന്ന ചിത്രം, തുർക്കിഷ് സിനിമകളിലെ വൺ ഓഫ് ദി ബെസ്റ്റ് എന്ന് പറയാം.

Verdict : Must Watch

DC Rating : 90/100

Wednesday, July 8, 2020

826. My Dear Brother (1973)



Director : Ertem Eğilmez

Genre : Drama

Rating : 8.7/10

Country : Turkey

Duration : 92 Minutes


🔸ചില സിനിമകളെ ചൂണ്ടി കാണിച്ച് ഇറങ്ങിയ സമയം തെറ്റി പോയി എന്ന് പറഞ്ഞ് കേൾക്കാറുണ്ട്, അങ്ങനെ ഒരു വിശേഷണം ജെനുവിൻ ആണെങ്കിൽ ഏറ്റവും കൂടുതൽ അർഹിക്കുന്ന ചിത്രങ്ങളിൽ ഒന്ന് സനിം കാർഡെസിം അഥവാ മൈ ഡിയർ ബ്രദർ എന്ന ഈ ചിത്രമായിരിക്കും. ഒരു സോഷ്യൽ സബ്ജക്റ്റ് പ്രമേയമാക്കി സംവിധായകൻ തന്റെ കരിയറിൽ ചെയ്ത ആദ്യ സിനിമയാണ് ഇത്, സ്ഥിരം റൊമാന്റിക് കൊമെടി ഡ്രാമ ചിത്രങ്ങൾ ഇറങ്ങിയിരുന്ന ഇൻഡസ്ട്രിയിൽ നിന്നും വേറിട്ട രീതിയിൽ വന്ന ആദ്യ ശ്രമങ്ങളിൽ ഒന്ന്. നിർഭാഗ്യവശാൽ അന്ത കാലത്ത് ബോക്സ് ഓഫീസിൽ ഉൾപ്പെടെ തകർന്നടിഞ്ഞു ചിത്രം, പിന്നീടും ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് അർഹിച്ച പ്രശംസയും ശ്രദ്ധയും എല്ലാം നേടി എടുത്തത്.

🔸ചിത്രത്തിന്റെ കഥയിലേക്ക് പോവുന്നില്ല, കാരണം എന്തെന്നാൽ വേഫർ തിൻ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന പ്ലോട്ട് ലൈൻ ആണ് ചിത്രത്തിന്റെ, സ്റ്റോറിയുടെ ഒരു ചെറിയ കണിക പറഞ്ഞാൽ പോലും കഥ എങ്ങോട്ടാണ് പോവുന്നത്, എവിടെ ചെന്ന് അവസാനിക്കും എന്നതൊക്കെ ഒരു ഏകദേശ ധാരണ ലഭിച്ചേക്കും, അത് കൊണ്ട് ഒഴിവാക്കുന്നു. മുറാട്, കഹാർമാൻ എന്നിവർ സഹോദരന്മാരാണ്, പ്രായമായ അച്ഛൻ അല്ലാതെ ഇരുവർക്കും മറ്റ് ബന്ധുക്കൾ ആരുമില്ല, പിന്നെ എടുത്ത് പറയാനുള്ള അടുപ്പം ഹലീത് എന്ന സുഹൃത്തിനോട് മാത്രമാണ്. മുറാത്തും, ഹലീതും സമ പ്രായക്കാരാണ്, പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലാതെ രാവിലെ തൊട്ട് രാത്രി വരെ ഗ്രാമത്തിലൂടെ തെക്ക് വടക്ക് നടന്ന് സമയം കൊല്ലുന്ന രണ്ട് റെയർ പീസുകൾ.

🔸മുറാദിനെ അപേക്ഷിച്ച് കാഹർമാൻ കുറച്ച് കൂടി ചെറുപ്പമാണ്, സ്‌കൂൾ വിദ്യാർത്ഥിയുമാണ്. ഇരുവരുടെയും അച്ഛൻ പ്രായമായ ഒരു വ്യക്തി ആണെങ്കിലും കുടുംബത്തിന്റെ ഒരേയൊരു വരുമാന സ്രോതസ്സ് ആണ്, രാവിലെ തൊട്ട് രാത്രി വരെ വെള്ളം കോരിയും കൂലിവേല ചെയ്തും ഒക്കെയാണ് അയാൾ കുടുംബം പോറ്റുന്നത്, മുറാദിന് ജോലിക്ക് പോവേണ്ട ഉദ്ദേശം ഒന്നും പ്രത്യക്ഷത്തിൽ ഇല്ല, ഇളയവന് പ്രായം ഒട്ട് തികഞ്ഞിട്ടുമില്ല. ഇതാണ് മൈ ഡിയർ ബ്രദർ എന്ന ചിത്രത്തിന്റെ ഒരു സ്റ്റോറി ബാക്ക്ഗ്രൗണ്ട്, കഥയല്ല. ഇവിടെ നിന്നുമാണ് ചിത്രം കഥ പറഞ്ഞ് തുടങ്ങുന്നത്, ഹലീത് ഉൾപ്പെടെ നാല് കഥാപാത്രങ്ങൾക്കും മികച്ച ആർക്കുകൾ തന്നെ ചിത്രം നൽകുന്നുണ്ട്.

🔸പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ രണ്ട് സഹോദരങ്ങൾക്കും ഇടയിലെ ബന്ധമാണ് ചിത്രത്തിന്റെ ബാക്ക്ബോൺ, ചിത്രത്തിന്റെ തുടക്കത്തിൽ ഈ ഒരു റിലേഷൻ ഒട്ടും ആശാവഹമായ രീതിയിൽ അല്ല കാണിക്കുന്നത് എങ്കിലും കഥ മുന്നേറവെ ഇരുവർക്കും ഇടയിലുള്ള ആ ബന്ധത്തിന്റെ തീവ്രതയും കൂടുതൽ വെളിവാവുന്നുണ്ട്, കഥ ആ ഒരു ട്രാക്കിലേക്ക് ആണ് മാറുന്നതും. സഹോദര ബന്ധത്തിന് പുറമെ സുഹൃദ് ബന്ധത്തിനും വലിയ വില കൊടുക്കുന്നുണ്ട് ചിത്രം, അതിനുള്ള ഉദാഹരണമാണ് നിഴൽ പോലെ കൂടെ നിൽക്കുന്ന ഹലീത്. ഒരല്പം സ്ലോ ആയാണ് തുടങ്ങുന്നത് എങ്കിലും താമസിയാതെ പെയ്സ് ഒക്കെയാക്കി മുന്നോട്ട് പോവുന്ന ചിത്രം ക്ളൈമാക്സ് ഒക്കെ എത്തുമ്പോഴേക്കും ഇമോഷണലി കാഴ്ചക്കാരനെ പിടിച്ചിരുത്തിയിരിക്കും, കാണാൻ ശ്രമിക്കുക യൂറ്റിയൂബിൽ സബ്ടൈറ്റിൽ ഉൾപ്പെടെ ചിത്രം ലഭ്യമാണ്.

Verdict : Very Good

DC Rating : 80/100

Monday, July 6, 2020

824. Mustang (2015)



Director : Deniz Gamze Ergüven

Genre : Drama

Rating : 7.6/10

Country : Turkey

Duration : 100 Minutes


🔸തുർക്കിഷ് സിനിമാ ഇൻഡസ്ട്രിയിൽ നിന്നും ശക്തമായ, സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കുറച്ച് നല്ല സിനിമകൾ കാണാൻ കഴിഞ്ഞെങ്കിലും ഒരു ഫീമെയിൽ ഓറിയന്റഡ് സ്റ്റോറി കാണാൻ കഴിഞ്ഞില്ല എന്ന ചിന്ത മാറിയത് മസ്റ്റാങ് എന്ന ചിത്രം കണ്ടതോട് കൂടിയാണ്. ബ്ലിസ് പോലെയുള്ള ചിത്രങ്ങൾ ഈ വിഷയത്തെ പ്രതിപാദിച്ചിരുന്നു എങ്കിലും മസ്റ്റാങ് പോലെ തീവ്രമായ തോതിൽ കാര്യങ്ങൾ അവതരിപ്പിച്ചിട്ടില്ല എന്ന് പറയേണ്ടി വരും, ബ്ലിസ് മോശമാണ് എന്നല്ല മറിച്ച് അവിടെ ഫോക്കസ് വേറെ ചില വിഷയങ്ങളിൽ കൂടി ആയിരുന്നു എന്ന് മാത്രം. ലൈറ്റ് ആയ തോതിൽ ഒരു തുടക്കം തന്ന ശേഷം വൈകാരികമായി കാഴ്ചക്കാരനെ ഉലക്കുന്ന രീതിയിലുള്ള അവതരണമാണ് ചിത്രത്തിന്റെ ഒരു എടുത്ത് പറയേണ്ട ഫാക്റ്റർ.

🔸അഞ്ച് സഹോദരിമാരുടെ കഥയാണ് ചിത്രം, അഞ്ച് യുവതികൾ എന്നൊക്കെ പറയുമ്പോൾ ഓവർ ഡൂയിങ് ആവുമോ, കഥകൾക്കെല്ലാം ആവശ്യമായ ഫോക്കസ് കിട്ടുമോ തുടങ്ങിയ തെറ്റിദ്ധാരണകൾ ചിത്രം കാണുന്നതിന് മുന്നേ ഉണ്ടായിരുന്നു എങ്കിലും സ്ഥിതി ഗതികൾ അങ്ങനല്ല. ഇന്നിപ്പോൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് നമ്മൾ എത്തിയിരിക്കുകയാണ്, ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും എല്ലാം അവഗണിച്ച് മറ്റൊരു മാർഗത്തിലൂടെ പോവാൻ താൽപര്യപ്പെടുന്ന ഒട്ടനവധി വ്യക്തികൾ ഇന്നുണ്ട്, പല ഭൂപ്രദേശങ്ങളിലും, മതങ്ങളിലും എല്ലാമായി. ഇങ്ങനൊക്കെ ആണെങ്കിലും, സാമ്പത്തികമായും ശാസ്ത്രീയമായും ഒരുപാട് മുന്നേറിയിട്ട് കൂടി തുർക്കി എന്ന രാജ്യം ചില ഇടങ്ങളിൽ ഇന്നും പ്രാകൃത മനോഭാവം വെച്ച് പുലർത്തുന്നുണ്ട്, ജനറലൈസ് ചെയ്യുകയല്ല.

🔸ഇത്തരത്തിലുള്ള ഒരു വിഷയമാണ് മസ്റ്റാങ് കൈകാര്യം ചെയ്യുന്നത്, വുമൺ എംപവര്മെന്റും അതിന്റെ പ്രസക്തിയും. ഒരു ടർക്കിഷ് ഗ്രാമമാണ് പശ്ചാത്തലം, കൺസർവേറ്റിവ് ആയ ഒരു കുടുംബത്തിലാണ് കേന്ദ്ര കഥാപാത്രങ്ങളായ അഞ്ച് സഹോദരിമാരും ജനിച്ചതും വളർന്നതും. ഒരു നാൾ സ്‌കൂളിൽ നിന്നും മടങ്ങി വരവേ സഹപാഠികളായ ആണ്കുട്ടികളോടൊപ്പം ഇവർ കടലിൽ കളിക്കാൻ ചെന്നത് വലിയൊരു സദാചാര പ്രശ്നമായി മാറുകയാണ്. താമസിയാതെ ഈ പ്രശ്നത്തിന്റെ പരിണിത ഫലം എന്നവണ്ണം ഈ കഥാപാത്രങ്ങൾക്ക് സ്വന്തം വീട് തന്നെ ജയിലറയായി മാറുകയാണ്, ബന്ധു മിത്രാതികളുടെ പെരുമാറ്റവും ആ ഒരു രീതിയിലേക്ക് മാറുകയാണ്.

🔸വീട് വിട്ട് പുറത്ത് പോവാനുള്ള അവരുടെ അവകാശം എടുത്ത് മാറ്റപ്പെടുകയും, അഞ്ച് പേരുടെയും കല്യാണം എന്നത് ആകസ്മികം ആവുകയും ചെയ്യുകയാണ്. എന്നാൽ ഈ അഞ്ച് സഹോദരിമാരും തങ്ങളുടെ മേലുള്ള നിയന്ത്രണങ്ങൾ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം വീണ്ടെടുക്കാൻ ശ്രമിക്കുന്നിടത്ത് ചിത്രം മറ്റൊരു തലത്തിലേക്ക് പോവുകയാണ്. അഞ്ച് സഹോദരിമാർക്കും വ്യത്യസ്തവും അതെ സമയം മനോഹരവുമായ ആർക്കുകളും, ആ ആർക്കിന് അനുയോജ്യമായ മികച്ച അവസാനവും എല്ലാം ചിത്രം നൽകുന്നുണ്ട്. കാൻസ്, ഐഎഫ്എഫ്കെ പോലുള്ള വേദികളിൽ മികച്ച അഭിപ്രായം കരസ്ഥമാക്കിയ ചിത്രമാണ് മസ്റ്റാങ്, കണ്ടില്ലെങ്കിൽ നഷ്ടവുമാണ്.

Verdict : Very Good

DC Rating : 85/100

Sunday, July 5, 2020

823. Bliss (2007)



Director : Abdullah Oğuz

Genre : Drama

Rating : 7.5/10

Country : Turkey

Duration : 126 Minutes


🔸ആട് മേയ്ക്കാനായി ഗ്രാമത്തിൽ നിന്നും അകലെയുള്ള താഴ്വരയിലേക്ക് പോയതാണ് മിറിയം, പിന്നീട് ആ നാട്ടുകാർ കാണുന്നത് ബോധ രഹിതയായി കിടക്കുന്ന അവളെയാണ്. കാര്യങ്ങളോ കാരണമോ ഒന്നും വ്യക്തം ആയില്ലെങ്കിലും ഒരു റേപ്പ് അറ്റംപ്റ്റ് നടന്നിട്ടുണ്ട് എന്ന് നാട്ടുകാർ വിധി എഴുതുകയാണ്, പ്രൂഫോ ഫക്റ്റോ ഒന്നും വെച്ചല്ല എല്ലാം ഒരു അനുമാനത്തിന്റെ പേരിൽ. തിരികെ വീട്ടിലേക്ക് മിറിയത്തിനെ കൊണ്ടുവന്നെങ്കിലും അവളോടുള്ള സകലരുടെയും പെരുമാറ്റത്തിൽ വലിയ തോതിൽ മാറ്റങ്ങൾ സംഭവിച്ചിരുന്നു. വീട്ടിന് അകത്തേക്ക് പ്രവേശിപ്പിക്കാതെ അടുത്തുള്ള ഒരു ചായ്പ്പിൽ കുറ്റവാളിയെ പോലെ ഇരുട്ടിൽ പൂട്ടിയിട്ടിരിക്കുകയാണ് അവളെ, ഇതാണ് ബ്ലിസ് എന്ന ചിത്രത്തിന്റെ ഓപ്പണിങ് സീൻ.

🔸പ്രാകൃതമായ ചിന്താ രീതികളും വിശ്വാസങ്ങളും എല്ലാം വെച്ച് പുലർത്തുന്നവരാണ് പ്രസ്തുത നാട്ടിലെ അന്തേവാസികൾ, മിറിയതിന്റെ കാര്യത്തിൽ സംഭവിച്ചത് എന്താണെന്നോ തെറ്റ് ചെയ്തത് ആരാണെന്നോ തീരുമാനിക്കുന്നതിന് മുന്നേ തന്നെ വിധി അവർ ഏറെക്കുറെ കൈക്കൊണ്ട് കഴിഞ്ഞിരുന്നു. മിറിയം തങ്ങളുടെ നാടിനും, നാട്ടാർക്കും എല്ലാം അപമാനമാണ് അല്ലെങ്കിൽ ഒരു കളങ്കമാണ്, അത് കൊണ്ട് തന്നെ അവൾ മരിക്കണം എന്നാണ് ഗ്രാമത്തിലെ പ്രമാണിമാരുടെ വിധി, ഒരു തരത്തിൽ പറഞ്ഞാൽ അഭിമാന ദുരഭിമാന കൊലയിലേക്ക് തന്നെയാണ് കാര്യങ്ങളുടെ പോക്ക്.

🔸മിറിയത്തിന് ബന്ധുക്കൾ എന്ന് പറയാൻ ആകെ ഉള്ളത് അച്ഛനും ഒരു രണ്ടാനമ്മയും മാത്രമാണ്, ആ സ്ത്രീയുടെ അവളോടുള്ള പെരുമാറ്റം ആണെങ്കിൽ അത്ര ആശാവഹവുമല്ല, നിസ്സഹായാവസ്ഥയിൽ നോക്കി നിന്ന ശീലമേ മറിയത്തിന്റെ അച്ഛനുള്ളൂ, ചുരുക്കി പറയുക ആണെങ്കിൽ അവൾ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്‌താൽ അതിൽ വിഷമം അനുഭവിച്ചേക്കാവുന്ന അധികം ആരും തന്നെ ആ നാട്ടിലില്ല. അങ്ങനെ വിധി വന്ന് കഴിഞ്ഞു, മരിക്കാനായി അവൾക്ക് ഒരു മുഴം കയറും നല്ലൊരു സ്ഥലവും വരെ റെഡി ആക്കിയും കൊടുത്തു, എന്നാൽ അത് സംഭവിച്ചില്ല, ആത്മഹത്യാ എന്നത് അവളെ സംബന്ധിച്ച് കഠിനം ആയിരുന്നു. ഈ കാര്യക്രമങ്ങൾ എല്ലാം നടക്കുമ്പോഴും അന്ന് താഴ്വരയിൽ എന്താണ് നടന്നത് എന്ന് ഓർത്തെടുക്കാൻ അവൾക്ക് കഴിഞ്ഞിട്ടില്ല.

🔸അങ്ങനെ ഗ്രാമത്തിന്റെ അഭിമാനം കാക്കാൻ ഇനി എന്താണ് ഒരു പോംവഴി എന്ന് ആലോചിച്ച് കൊണ്ടിരിക്കെ ആണ് ദീർഘ നാളായി പട്ടാളത്തിൽ സൈനികൻ ആയിരുന്ന കമാലിന്റെ മടങ്ങി വരവ്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഉൾപ്പെടെ ഉള്ള അനവധി യാതനകൾ അനുഭവിച്ച ആളാണ് കമാൽ, അയാൾക്ക് അച്ഛന്റെ വാക്ക് ധികരിക്കാനുള്ള ധൈര്യവുമില്ല. അങ്ങനെ മിറിയതിനെയും കൂട്ടി അയാൾ യാത്ര തിരിക്കുകയാണ്, മടങ്ങി വരുമ്പോൾ അവൾ ഈ ഭൂമിയിലെ ഉണ്ടാവരുത് എന്നാണ് അവന് കിട്ടിയിരിക്കുന്ന നിർദ്ദേശം, ആ യാത്ര അങ്ങനെ തുടങ്ങുകയാണ്. നല്ലൊരു കഥയും, അഭിനയവും, ദൃശ്യങ്ങളും, അവതരണവും എല്ലാം ചേരുമ്പോൾ മികച്ചൊരു അനുഭവമായി മാറുന്നുണ്ട് ഈ ടർക്കിഷ് ചിത്രം, കാണാൻ ശ്രമിക്കുക.

Verdict : Very Good

DC Rating : 80/100

822. Love Loves Coincidences (2011)



Director : Ömer Faruk Sorak

Genre : Romance

Rating : 7.3/10

Country : Turkey

Duration : 118 Minutes


🔸ഒരു സിനിമ എന്ന നിലയിൽ ചിത്രത്തിന്റെ കഥയെ സീരിയസ് ആയി എടുക്കുന്നില്ല എന്നതാണ് ലവ് ലവ്‌സ് കൊയ്നസിഡൻസ്സ് എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇങ്ങനെ പറയാനുള്ള കാര്യം എന്താണെന്ന് വെച്ചാൽ ഒരു റൊമാൻസ് ആണ് ചിത്രത്തിന്റെ ബാക്ക്ബോൺ, ഉദ്ദേശം രണ്ട് പതിറ്റാണ്ട് നീണ്ട് നിൽക്കുന്ന റൊമാൻസ്, ഈ റൊമാന്റിക് ഫിൽഡ് ആയ കഥയെ പല പോയിന്റിലും മുന്നോട്ട് കൊണ്ട് പോകുന്നത് യാദൃഛികമായി സംഭവിക്കുന്ന ചില കാര്യങ്ങളാണ്, സീരിയസ് ആയ രീതിയിലാണ് അത് അവതരിപ്പിച്ചത് എങ്കിൽ എത്രത്തോളം ഫലവത്തായി വന്നേനെ എന്നത് സംശയമാണ്, ഇവിടെ കോമിക്കൽ ആയാണ് കഥാപാത്രങ്ങൾ വരെ ഈ വസ്തുത ചൂണ്ടി കാണിക്കുന്നത്. ഈ ഒരു കാര്യം കൊണ്ട് തന്നെ കണ്ട് പഴകിയ കഥയിൽ ഒരു ഫ്രഷ് ഫീൽ വരുന്നുണ്ട്.

🔸ഇസ്താൻബൂൾ നഗരത്തിലെ അത്യാവശ്യം ഫേമസ് ആയ ഒരു പെയിന്റർ ആണ് ഒസ്‌ഗർ, ഗ്രാമ പ്രദേശത്തിൽ ജനിച്ച് വളർന്ന ഒസ്‌കറിന് അമ്മ അല്ലാതെ മറ്റ് ബന്ധുക്കൾ ആരുമില്ല, അച്ഛൻ ഒരു വർഷം മുന്നേ മരണപ്പെട്ടു. അങ്കാറ എന്ന ടർക്കിഷ് ഗ്രാമത്തിൽ ഫോട്ടോഗ്രാഫർ ആയിരുന്നു ഓസ്‌കറിന്റെ അച്ഛൻ, പതിറ്റാണ്ടുകൾ നീണ്ട് നിന്ന അയാളുടെ ഫോട്ടോഗ്രാഫിക്ക് ലൈഫിൽ അനവധി ആളുകളുടെ ചിത്രങ്ങൾ അയാൾ പകർത്തുകയും അതിൽ ഓർമയിൽ തങ്ങി നിൽക്കുന്നവ എടുത്ത് സൂക്ഷിക്കുകയും ചെയ്തിരുന്നു. മരിക്കുന്നതിന് മുന്നേ അച്ഛൻ ഓസ്കറിന് കൊടുത്ത സമ്മാനമാണ് ഈ ഒരു ഫോട്ടോഗ്രാഫി കളക്ഷൻ.

🔸ഇസ്താൻബൂൾ നഗരത്തിൽ തന്നെ താമസിക്കുന്ന മറ്റൊരു കഥാപാത്രമാണ് ഡെനിസ്, ഒരു നടി ആവാനായി ഓഡിഷൻ വേദികളിൽ കേറി ഇറങ്ങുകയാണ് ഡെനിസ്. കഴിവും കാണാൻ ഭംഗിയും ഉണ്ടായിട്ട് പോലും ഇന്നേവരെ പറയത്തക്ക ഒരു സിനിമയിലും അവൾ പ്രവർത്തിച്ചിട്ടില്ല. ഇതിന് പുറമെ ഒരു പ്രണയം കൂടി അവൾക്കുണ്ട്, ഓവർ കൺട്രോളിങ് ആയ പയ്യന്റെ അച്ഛനമ്മമാരും മറ്റും തരുന്ന സ്‌ട്രെസുകൾ വേറെ. അങ്ങനെ ഒരു ദിവസം പങ്കെടുത്ത ഒരു ഓഡീഷൻ കൂടി പരാജയമായി ആകെ തകർന്ന് നിൽക്കുന്ന അവസ്ഥയിലാണ് ഡെനിസ് അസാധാരണമായ ഒരു കാഴ്ച കാണുന്നത്, ആ കാഴ്ചയാണ് സിനിമയുടെ ട്രാക്ക് മാറ്റുന്നതും ഡെനിസിന്റെയും ഓസ്‌കറിന്റെയും വേൾഡുകൾ കൊളൈഡ് ചെയ്യിക്കുന്നതും.

🔸ഈ രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം ഇവർ പോലും അറിയാതെ ആരംഭിച്ചത് വർഷങ്ങൾക്ക് മുന്നെയാണ്, അങ്കാറ എന്ന ഗ്രാമത്തിൽ വെച്ച്, ഇരുവരും അത് ഇന്നേവരെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് മാത്രം. ഒരു സിംപിൾ റൊമാന്റിക് ഡ്രാമ ചിത്രമാണ് ലവ് ലവ്‌സ് കോയിൻസിഡെൻസസ്, അതല്ലാതെ മറ്റൊന്നും തന്നെ ചിത്രത്തിൽ ഇല്ല, പ്രതീക്ഷക്കേണ്ടതുമില്ല. രണ്ട് പ്രധാന കഥാപാത്രങ്ങൾക്കും ഇടയിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്റെ ഏറ്റവും സ്ട്രോങ്ങ് എലെമെന്റുകളിൽ ഒന്ന്, മെലോഡ്രാമാറ്റിക് ആയി പോയേക്കാവുന്ന ഒന്നായിരുന്നു കഥ എങ്കിൽ കൂടിയും ഒരു പോയിന്റിലും ബോർ ആയോ മോശമായോ തോന്നിയില്ല, താല്പര്യം തോന്നുന്നെങ്കിൽ കണ്ട് നോക്കാവുന്നതാണ്.

Verdict : Good

DC Rating : 70/100

821. Yol (1982)



Director : Şerif Gören

Genre : Drama

Rating : 8.2/10

Country : Turkey

Duration : 124 Minutes


🔸ടർക്കിഷ് സിനിമാ ചരിത്രത്തിൽ യോലിനോളം വിവാദം സൃഷ്ട്ടിച്ച മറ്റൊരു ചിത്രം ഉണ്ടായേക്കില്ല, കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ പരമോന്നത പുരസ്‌കാരം ലഭിച്ച ചിത്രം സ്വ രാജ്യത്ത് വിലക്കപ്പെട്ടത് ഉദ്ദേശം രണ്ട് പതിറ്റാണ്ടിന് അടുത്ത് കാലമാണ്. ചിത്രത്തിന്റെ സംവിധായകൻ ചിത്രം തയാറാക്കുന്ന വേളയിൽ തുറുങ്കിൽ അടക്കപ്പെടുകയും പിന്നീട് മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെട്ട ശേഷം സിനിമയുടെ അവസാന മിനുക്ക് പണികൾ പൂർത്തിയാക്കുകയുമാണ് ചെയ്തത്. ഇത്രയ്ക്കും ഒരു ഭരണകൂടം ഭയപ്പെടാൻ ഈ ചിത്രത്തിൽ എന്താണ് ഉണ്ടായിരുന്നത് എന്നതാണ് പ്രസക്തമായ ചോദ്യം.

🔸എൺപതുകളിൽ തുർക്കി രാജ്യം കണ്ട പട്ടാള കൂപ്പിന് ശേഷമാണ് സിനിമയുടെ കഥ ആരംഭിക്കുന്നത്, അതും രാജ്യത്തിന് പുറത്തുള്ള ഒറ്റപ്പെട്ട ദ്വീപിലെ ഒരു ജെയിലിൽ നിന്നും. പല വിധ കുറ്റങ്ങൾ ചുമത്തി ഒട്ടനവധി ആളുകളെയാണ് ഈ തടവറയിൽ പാർപ്പിച്ചിരിക്കുന്നത്, ഈ കുറ്റങ്ങളിൽ കൊലപാതകം, ഗൂഢാലോചന തുടങ്ങി ഭരണ വർഗത്തിന് എതിരെയുള്ള വിമർശനങ്ങൾ വരെ ഉണ്ട്. കഠിനമായ ജീവിത സാഹചര്യവും അച്ചടക്കവും നിയമങ്ങളും ഒക്കെയാണ് ഈ ദ്വീപ്‌ ജയിലിന്റെ എടുത്ത് പറയേണ്ട പ്രത്യേകതകൾ. അടുത്തുള്ള ഖനിയിലെ ഖനന ജോലികൾ, കൃഷി തുടങ്ങി അനവധി ജോലികൾ തടവുകാർക്കായി ഇവിടെയുണ്ട്.

🔸ഇവിടുള്ള തടവുകാർക്ക് ആശ്വാസം പകരുന്ന രണ്ടേ രണ്ട് കാര്യങ്ങൾ വല്ലപ്പോഴും ബന്ധു മിത്രാദികൾ തങ്ങൾക്ക് അയക്കുന്ന കത്തുകളും പിന്നെ എപ്പോഴെങ്കിലും കിട്ടിയേക്കാവുന്ന ഒരാഴ്ച കാലത്തെ പരോൾ കാലവും മാത്രമാണ്. ഈ പരോൾ എന്നത് സ്വപ്നമായി കാണുന്ന ഒട്ടനവധി ആളുകളുണ്ട് അവിടെ, വര്ഷങ്ങളായി തടവറയിൽ കഴിയുന്നവർ, പ്രിയപ്പെട്ടവരെ ഒരിക്കൽ കൂടി കാണണം എന്ന ആഗ്രഹം ഉള്ളിൽ ഒതുക്കി ജീവിക്കാൻ കഴിയാത്തവർ, അങ്ങനെ ശീലിക്കേണ്ടി വന്നവർ. ഇത്തരത്തിൽ ഉള്ളവരിൽ ഭാഗ്യവാന്മാരായ അഞ്ച് പേർക്കാണ് ഒരേ സമയം ഈ ഒരു അവസരം ലഭിക്കാറ്. ഇതാണ് യോളിന്റെ ഒരു ഏകദേശ ബാക്ക്ഗ്രൗണ്ട്.

🔸ഇങ്ങനെ പരോൾ ലഭിച്ച അഞ്ച് പേർ ഒരുനാൾ ദ്വീപിൽ നിന്നും സ്വന്തം നാട്ടിലേക്ക് വരികയാണ്, ഒരാഴ്ചത്തെ സമയം മാത്രമേ ഉള്ളൂ, അതിനുള്ളിൽ മടങ്ങി എത്തേണ്ടതുണ്ട്, അതെങ്കിൽ അത് എന്നൊരു മാനസിക നിലയിൽ ഇവർ യാത്ര തിരിക്കുകയാണ്. ഈ ഒരു യാത്രയിൽ ഈ അഞ്ച് പേർ കാണുന്ന കാഴ്ചകളാണ് ഈ ചിത്രത്തിന്റെ പ്രമേയം, ജയിലറകൾ ഭീകരമാണ് എന്ന ചിന്തയിൽ നിന്നും അതായിരുന്നു ബേധം എന്ന നിലയിലുള്ള കാഴ്ചകളാണ് ഈ അഞ്ച് പേരും യാത്രയിൽ ഉടനീളം കാണുന്നതും അനുഭവിക്കുന്നതും, കൂടെ സിനിമ കാണുന്ന നമ്മളും.

Verdict : Very Good

DC Rating : 80/100

Saturday, July 4, 2020

820. For Love And Honor (2007)



Director : Ömer Vargı

Genre : Drama

Rating : 7.8/10

Country : Turkey

Duration : 140 Minutes


🔸ഓർമിക്ക തക്ക വണ്ണം മനോഹരമോ, അല്ലെങ്കിൽ മറ്റൊരാളോട് പറഞ്ഞ് കൊടുക്കാൻ കഴിയും വിധം മാന്യമോ ആയ ഒന്നല്ല അലി ഉസ്മാൻ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ഭൂതകാലം. അത്യാവശ്യം പേര് കേട്ട ഒരു ഹിറ്റ്മാൻ ആയിരുന്നു അലി, റൂത്ലെസ് എന്ന വിശേഷണം നൂറ് ശതമാനം അർഹിച്ചിരുന്ന ഒരു വ്യക്തിത്വം. ഇന്ന് എന്നാൽ സ്ഥിതിഗതികൾ കുറച്ച് വ്യത്യസ്തമാണ്, അലി ഉസ്മാൻ തന്റെ പൂർവ ചരിത്രവും വയലന്റ് ആയ വഴികളും എല്ലാം മണ്ണിട്ട് മൂടിയിരിക്കുന്നു, ഒരു സിന്തറ്റിക്ക് ടര്ഫിന്റെ നോക്കി നടത്തിപ്പുകാരനായി ഇന്ന് സമാധാനപരമായ ജീവിതമാണ് അയാൾ നയിക്കുന്നത്.

🔸അലിയുടെ ഒപ്പം പഴയ ചില സഹചാരികൾ കൂടി ഇന്നും ഉണ്ട് എന്നതൊഴിച്ചാൽ അയാൾ ഏകനാണ്, ബന്ധു ജനങ്ങൾ എന്ന വേരുകളോ മറ്റ് കാര്യങ്ങളോ ബാധ്യതയോ ഒന്നും തന്നെയില്ല. വാർദ്ധക്യം എന്നത് ബാധിച്ച് തുടങ്ങിയിരിക്കുന്നു, ഓടുന്നിടത്തോളം കാലം ഈ വണ്ടി അങ്ങനെ ഓടട്ടെ ബാക്കി വരുന്നിടത്ത് വെച്ച് കാണാം എന്നൊരു ആറ്റിറ്റിയൂഡ് ആണ് പുള്ളിക്ക് ഇപ്പോൾ, ദോഷം പറയാൻ ഒക്കില്ല പഴയ ജീവിത രീതിയും മറ്റും ഒക്കെ കൊണ്ടാവും ആ ഒരു രീതിയിലേക്ക് അലി മോൾഡ് ചെയ്യപ്പെട്ട് കഴിഞ്ഞിരുന്നു. എന്നാൽ ഈ ചിന്തയും കഥയുടെ ട്രാക്കും എല്ലാം മാറി മറിയാൻ പോവുകയാണ് ഒരു വഴിത്തിരിവിലൂടെ.

🔸ഇത്രയും നാലും മുകളിൽ ആകാശം താഴെ ഭൂമി എന്ന നിലയ്ക്ക് ജീവിച്ച് പോന്ന അലി ഒരുനാൾ തനിക്ക് ഒരു മകൻ ഉണ്ടെന്ന് അറിയുകയാണ്, പഴയൊരു ബന്ധത്തിൽ. ഒരു മൂന്ന് പതിറ്റാണ്ട് കാലം മുന്നെയാണ് അലി അഫേറ്റ് എന്ന യുവതിയെ കണ്ട് മുട്ടിയത്, അയാളുടെ വാക്കുകളിൽ പറയുക ആണെങ്കിൽ ജീവിതത്തിൽ താൻ ആത്മാർഥമായി സ്നേഹിച്ച ഒരേയൊരു യുവതി. പല കാരണങ്ങൾ കൊണ്ടും ഒന്നിച്ച് ജീവിക്കാൻ കഴിയാതെ പിരിഞ്ഞ് രണ്ട് വഴിക്ക് പോവേണ്ടി വന്ന ഇരുവരും പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് കണ്ട് മുട്ടുന്നത്, ഒരു ആശുപത്രി കെട്ടിടത്തിൽ അഫേറ്റിന്റെ മരണ കിടക്കയിൽ വെച്ച്, അപ്പോഴേക്കും കാലം ഒരുപാട് മാറ്റങ്ങൾ വരുത്തിയിരുന്നു ഇരുവരിലും.

🔸മകനെ അന്വേഷിച്ചുള്ള യാത്ര അലി ഉസ്മാനെ കൊണ്ട് ചെന്നെത്തിക്കുന്നത് പഴയ മാഫിയാ വേൾഡിലേക്ക് തന്നെയാണ്, പിന്നീട് അരങ്ങേറുന്ന പല സംഭവങ്ങളും അയാളെ ഒരുകാലത്ത് ഉപേക്ഷിച്ച ആയുധം വീണ്ടും കയ്യിലെടുക്കാൻ പ്രേരിപ്പിക്കുകയാണ്. ഒരു ഓൾഡ് ഗ്യാങ്‌സ്റ്റർ പഴയ വയലെന്സിന്റെ വഴിയിലേക്ക് മടങ്ങി വരുന്ന ത്രെഡ് തന്നെയാണ് ചിത്രം, അവിടെയും വ്യത്യസ്തമാവുന്നത് ചിത്രം പല പോയിന്റുകളിൽ തുറന്നിടുന്ന സബ് പ്ലോട്ടുകളാണ്, അവ തന്നെയാണ് കഥയെ പിടിച്ചിരുത്തുന്ന തോതിൽ മുന്നോട്ടേക്ക് കൊണ്ട് പോവുന്നതും. ഓവറോൾ ഒരു തവണ കണ്ടിരിക്കാനുള്ള വകയുണ്ട് ഈ ചിത്രത്തിൽ, കഴിയുമെങ്കിൽ കാണാൻ ശ്രമിക്കുക.

Verdict : Good

DC Rating : 75/100

Friday, July 3, 2020

819. Climates (2006)



Director : Nuri Bilge Ceylan

Genre : Drama

Rating : 7.2/10

Country : Turkey

Duration : 101 Minutes


🔸നൂറി ബിൽജെ സെലാൻ, വിശദീകരണങ്ങളോ അല്ലെങ്കിൽ പരിചയപ്പെടുത്തലുകളോ ഒന്നും ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല, തുർക്കിഷ് സിനിമ ഇന്ഡസ്ട്രിക്ക് ഈ ജനറേഷനിൽ ലഭിച്ച ഏറ്റവും മികച്ച സംവിധായകൻ എന്ന വിശേഷണം ചേരുന്ന, അർഹിക്കുന്ന പ്രതിഭ. വൈൽഡ് പിയർ ട്രീ, വിന്റർ സ്ലീപ്, വൺസ് അപ്പോൺ എ ടൈം ഇൻ അനറ്റോളിയ തുടങ്ങിയ മികച്ച സിനിമകൾ മാത്രം മതിയാവും സംവിധായകന്റെ പ്രതിഭാ ധാരാളിത്തം വിളിച്ചോതാൻ. നൂറി സെലാന്റെ കരിയറിൽ വളരെ പ്രധാനപ്പെട്ട ചിത്രമാണ് ക്ലൈമറ്റ്സ്, വെസ്റ്റേൺ ഓടിയെൻസ് ഉൾപ്പെടെ ഉള്ളവർക്ക് സംവിധായകനെ പരിചയപ്പെടുത്തിയതും, അത് വഴി ഉസാക് പോലുള്ള ചിത്രങ്ങളെ ആളുകളിലേക്ക് കൂടുതലായി എത്തിച്ചതിലും എല്ലാമുള്ള പ്രസ്തുത ചിത്രത്തിന്റെ പങ്ക് വളരെ വലുതാണ്.

🔸പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കാലാവസ്ഥയ്ക്കും മറ്റും പ്രാധാന്യമുള്ള ഒന്നാണ് ഈ ചിത്രത്തിന്റെ കഥ. ഒരു സ്ത്രീക്കും പുരുഷനും ഇടയിലുള്ള ബന്ധത്തിൽ അരങ്ങേറുന്ന മൂന്ന് സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടിക്കുന്നത്. വേനൽ, മഴക്കാലം, മഞ്ഞ് കാലം തുടങ്ങി മൂന്ന് സീസണുകളിലായി ആണ് ഈ സംഭവങ്ങൾ എല്ലാം തന്നെ കാണിച്ചിരിക്കുന്നത്, ഈ ഒരു വസ്തുത ഒരേ സമയം കൗതുകകരവും മനോഹരവും ആയിരുന്നു താനും, സംഭവങ്ങൾക്ക് കാലാവസ്ഥയുമായി പോയെറ്റിക്കലി സാമ്യം ഉണ്ട്. സംവിധാനത്തിന് പുറമെ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടിക്കുന്നത് സംവിധായകൻ നൂറി ബിൽജെ സിലാനാണ്.

🔸ഇസാ, ബഹർ എന്നീ ദമ്പതിമാരാണ് ഈ ചിത്രത്തിന്റെ ഫോക്കൽ പോയിന്റ്, ഇസാ ഒരു യൂണിവേഴ്സിറ്റിയിൽ അധ്യാപകനാണ്, ബഹർ ഒരു ടെലിവിഷൻ ഷോയുടെ ആർട്ട് ഡയറക്ടറും. ഈ രണ്ട് കഥാപാത്രങ്ങളും ഒരു കാലത്ത് അഗാധമായ രീതിയിൽ പരസ്പരം ഇഷ്ട്ടപ്പെട്ടവരുമാണ്, ഇൻ പാസ്റ്റ് ടെൻസിൽ. ഇന്ന് സ്ഥിതി ഗതികൾ കുറച്ച് വ്യത്യസ്തമാണ്, ജോലിയും മറ്റ് കാര്യങ്ങളുമായി തിരക്കിലായ ഇരുവർക്കും കാണാൻ ഉള്ള സാഹചര്യങ്ങൾ പോലും കുറവാണ്, എന്നാൽ കണ്ട് കഴിഞ്ഞാലോ എല്ലാം പറഞ്ഞ് കഴിഞ്ഞ് ഇനിയൊന്നും പറയാൻ ബാക്കിയില്ല എന്ന അവസ്ഥയും. ചുരുക്കി പറയുക ആണെങ്കിൽ വീഴ്ചയിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന ഒന്നാണ് ഇരുവർക്കും ഇടയിലെ ബന്ധം.

🔸ഈ ഒരു ബന്ധത്തിൽ തുടർന്ന് അരങ്ങേറുന്ന കാര്യങ്ങളാണ് മൂന്ന് സീസണുകളിലൂടി ചിത്രം കാണിച്ച് തരുന്നത്. ഒരു റിലേഷൻഷിപ്പ് ഡ്രാമയാണ് ചിത്രം, അതല്ലാതെ മറ്റൊന്നും തന്നെ പ്രതീക്ഷിക്കേണ്ടതില്ല, നൂറി ബിൽജെ സിലാന്റെ മറ്റ് ചിത്രങ്ങൾ പോലെ തന്നെ അത്യാവശ്യം സ്ലോ ആയി പുരോഗമിക്കുന്ന ഒന്ന് കൂടിയാണ് ചിത്രം, താല്പര്യം തോന്നുന്നവർ മാത്രം ശ്രദ്ധ കൊടുത്താൽ മതിയാവും. മനോഹരമായ ദൃശ്യങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്, റിയൽ ലൈഫിൽ ഭാര്യാ ഭർത്താക്കന്മാരായ രണ്ട് പേരാണ് ചിത്രത്തിലെ ബ്രെയ്ക്കപ്പിന്റെ വക്കിൽ നിൽക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് എന്നത് കൗതുകകരമായ വസ്തുതയായി തോന്നി.

Verdict : Good

DC Rating : 70/100

Monday, June 29, 2020

818. My Father My Son (2005)



Director : Çağan Irmak

Genre : Drama

Rating : 8.3/10

Country : Turkey

Duration : 108 Minutes


🔸ഒരു സിനിമ മുഴുവൻ ഓർമയിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ, അവർക്ക് ഇടയിലുള്ള രസകരമായ ഇടപഴകലുകൾ, ആ ബന്ധങ്ങളുടെ ഊഷ്മളത എല്ലാം കൂടി ചേരുമ്പോൾ കഥയിൽ വിപ്ലവകരമായ പുതുമ ഒന്നും ഇല്ലെങ്കിൽ കൂടിയും ആ സിനിമ നമുക്ക് പ്രിയപ്പെട്ടതാവും എന്ന് മുന്നേ മനസിലായ ഒരു കാര്യമാണ്. ഈ ഒരു വസ്തുതയെ ഊട്ടി ഉറപ്പിക്കാൻ കഴിയുന്ന പുതിയ ഉദാഹരണമാണ് മൈ ഫാദർ ആൻഡ് മൈ സൺ എന്ന തുർക്കിഷ് ചിത്രം. ഇത്രയും ഇമോഷണലി ഷാറ്ററിങ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു ചിത്രം അടുത്ത കാലത്ത് ഒന്നും കണ്ടിട്ടില്ല, മാത്രമല്ല ഈ ചിത്രം നൽകുന്നത് പോലെ അപ്രതീക്ഷിതമായി കടന്ന് വന്ന ഇന്റെൻസ് ആയ ഓപ്പണിങ് സീനും അത്ര കണ്ട് പരിചയിച്ച ഒന്നല്ല.

🔸എൺപതുകളിലാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്, സാദിഖ് എന്ന നായക കഥാപാത്രം ഒരു ലെഫ്റ്റിസ്റ്റ് ആയ പത്ര പ്രവർത്തകനാണ്, ഗർഭിണിയായ ഭാര്യ മാത്രമാണ് അയാളുടെ കൂടെ ഉള്ളത്, തന്റെ മാതാപിതാക്കളും ബന്ധു ജനങ്ങളുമായി അയാൾ അത്ര അടുപ്പത്തിൽ അല്ല, ഒരു പത്ത് പതിനഞ്ച് വർഷമായി ഈ ഒരു അകൽച്ച തുടങ്ങിയിട്ട്. ഈ അകൽച്ചയ്ക്ക് കാരണമായത് സാദിഖിനും അദ്ദേഹത്തിന്റെ അച്ഛൻ ഹുസെയ്‌നിനും ഇടയിലുള്ള ചില വാക്ക് തർക്കങ്ങൾ ആയിരുന്നു, അതിന് ശേഷം ഇരുവരും നേർക്ക് നേർ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല, സാദിഖിന്റെ കല്യാണത്തിനോ മകൻ ഡെനിസ് ജനിച്ച വേളയിലോ പോലും ഉണ്ടായിട്ടില്ല.

🔸അതൊക്കെ എന്ത് തന്നെ ആയാലും സാദിഖ് ഇപ്പോൾ ഒരു മടങ്ങി പോക്കിന് ഒരുങ്ങുകയാണ്, തന്റെ മകനായ ഡെനിസിനെയും കൂട്ടി സ്വന്തം നാട്ടിലേക്ക്. ഈ തിരിച്ച് പോക്കിന്റെ കാരണം എന്ത് എന്നതൊക്കെ സിനിമ കണ്ട് അറിയുന്നതാവും നല്ലത്, സ്പോയ്ലർ ഒഴിവാക്കുന്നു. തിരികെ എത്തിയ തന്റെ മകനെ കണ്ട ഹുസ്സെയ്‌നിന്റെ പ്രതികരണം ആശാവഹം ആയിരുന്നില്ലെങ്കിലും ഒരു ഉത്സവ പ്രതീതി അവിടെ ഉടലെടുക്കുകയാണ്, പ്രത്യേകിച്ചും സാദിഖിന്റെ അമ്മയ്ക്കും സഹോദരനും എല്ലാം ഇതിന് മേൽ ഒരു സന്തോഷം ലഭിക്കാനില്ല. ഈ ഒരു ഉത്സവ പ്രതീതിയിലും സ്നേഹം പുതുക്കലിലും എല്ലാമാണ് ചിത്രത്തിന്റെ ആദ്യ പാതി മുന്നോട്ട് പോവുന്നത്.

🔸രണ്ടാം പാതി കഥ കുറച്ച് കൂടി ഇമോഷണൽ ആയ ട്രാക്കിലേക്ക് മാറുകയാണ്, കുറച്ച് എന്ന പറച്ചിൽ തന്നെ ശെരിയല്ല മറിച്ച് കരയിച്ചിരിക്കും എന്ന് ഉറപ്പിച്ച് പറയാം. പ്രധാന മൂന്ന് കഥാപാത്രങ്ങൾക്ക് പുറമെ സാദിഖിന്റെ അമ്മ, സഹോദരൻ സലിം, വീട്ട് ജോലിക്കാരിയായ ഫാത്തിമ എന്നിവരൊക്കെ പ്രത്യേക പരാമർശം അർഹിക്കുന്നവരാണ്. ഇവരിൽ തന്നെ അച്ഛൻ മകൻ, അമ്മ മകൻ, സഹോദരന്മാർ എന്നിവർക്കൊക്കെ ഇടയിലുള്ള ആ ബന്ധവും അത് സ്‌ക്രീനിൽ അവതരിപ്പിച്ചിരിക്കുന്ന രീതിയും എല്ലാം മികച്ചത് തന്നെയാണ്. കണ്ട് നോക്കുക, തീർച്ചയായും സജസ്റ്റ് ചെയ്യുന്നു, ഒരു കിടിലൻ അനുഭവം ആവും ഈ ചിത്രം.

Verdict : Must Watch

DC Rating : 95/100

Sunday, June 28, 2020

817. The Bandit (1996)



Director : Yavuz Turgul

Genre : Drama

Rating : 8.3/10

Country : Turkey

Duration : 121 Minutes


🔸തുർക്കിഷ് സിനിമാ ഇൻഡസ്ട്രിയുടെ ചരിത്രത്തിൽ തന്നെ വളരെ പ്രാധാന്യം ഉള്ളൊരു സിനിമയാണ് എസ്‌കിയ അഥവാ ദി ബാൻഡിറ്റ്. എൺപതുകളിലും മറ്റും കൊമെടി ജോണറിൽ പെട്ട സിനിമകളുടെ ഒരു അതിപ്രസരം തുർക്കിഷ് ഇൻഡസ്ട്രിയിൽ ഉണ്ടാവുക ഉണ്ടായി, ഇതിനെ തുടർന്ന് ആവർത്തനങ്ങൾ എന്ന മട്ടിൽ അനവധി സിനിമകൾ പുറത്തിറങ്ങുകയും ആളുകൾക്ക് തന്നെ താല്പര്യം നശിക്കുകയും ഉണ്ടായതായി പറഞ്ഞ് കേട്ടിട്ടുണ്ട്. ഈ ഒരു കാലയളവിൽ മറ്റുള്ള ഇന്ഡസ്ട്രികൾ ടെക്ക്നോളജിക്കലി ഉൾപ്പെടെ വലിയ രീതിയിൽ പുരോഗമിക്കുകയും പതിയെ തുർക്കിഷ് സിനിമാ മാർക്കറ്റുകൾ കയ്യടക്കുകയും ചെയ്തു.

🔸ഈ രീതിയിൽ തുർക്കിഷ് സിനിമകൾക്ക് സ്വന്തം നാട്ടിൽ തന്നെ പോപ്പുലാരിറ്റി കുറഞ്ഞ ഒരു കാലഘട്ടം ആയിരുന്നു തൊണ്ണൂറുകളുടെ ആദ്യ പകുതി. ഈ ഒരു വസ്തുത ബാക്ക്ഗ്രൗണ്ടിൽ നിൽക്കുമ്പോഴാണ് യാവ്‌സ് ടാർഗളിന്റെ എസ്‌കിയ തിയേറ്ററുകളിൽ എത്തിയത്. പതിയെ ആയിരുന്നു തുടക്കം എങ്കിലും പിന്നീട് ആ ചിത്രം പടർന്ന് അങ് പിടിക്കുകയായിരുന്നു തുർക്കിക്കാരുടെ ഇടയിലേക്ക്. പ്രശംസ, ആരാധക വൃന്ദം എന്നീ തലങ്ങൾ എല്ലാം വിട്ട് ഒരു സെൻസേഷൻ എന്ന തലത്തിലേക്ക് ചിത്രം മാറുകയായിരുന്നു, ഒരു രീതിയിൽ പറഞ്ഞാൽ തളർന്ന് കിടന്ന തുർക്കിഷ് സിനിമാ മേഖലയെ തിരികെ കൊണ്ടുവന്നതിൽ ഈ ചിത്രത്തിന്റെ പങ്ക് വളരെ വളരെ വലുതാണ്.

🔸കഥയിലേക്ക് കടക്കുക ആണെങ്കിൽ ഒരു പഴങ്കഥ പറഞ്ഞ് കൊണ്ടാണ് സിനിമ തുടങ്ങുന്നത്, അതായത് ഉദ്ദേശം ഒരു മുപ്പത്തി അഞ്ച് വർഷം മുൻപ് തുർക്കിയുടെ വടക്ക് പടിഞ്ഞാർ ഭാഗത്തുള്ള മലനിരകളിൽ നിന്നും ഒരുപാട് കൊള്ളക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോയിരുന്നു, ഈ കൂട്ടത്തിൽ തടവിലാക്കപ്പെട്ട ആളാണ് നമ്മുടെ കേന്ദ്ര കഥാപാത്രമായ ബറാൻ. ഇന്ന് മുപ്പത്തി അഞ്ച് വർഷത്തെ തടവ് ജീവിതത്തിന് ശേഷം ബറാൻ ജയിൽ മോചിതൻ ആയിരിക്കുകയാണ്, തന്റെ നല്ല കാലം മുഴുവൻ ജയിലറയ്ക്കുള്ളിൽ കഴിച്ച് കൂട്ടിയ അയാളെ വാർദ്ധക്യം ബാധിച്ച് തുടങ്ങിയിട്ടുണ്ട്, ഇനി തനിക്ക് അധിക കാലം ഒന്നും ബാക്കിയില്ല എന്നും അയാൾക്ക് അറിയാം, എങ്കിലും ഒരു ചെറിയ കടമ അല്ലെങ്കിൽ കാര്യം അയാൾക്ക് ചെയ്ത് തീർക്കാൻ ബാക്കിയുണ്ട്.

🔸ഈ കാര്യം വേറൊന്നുമല്ല, വർഷങ്ങൾക്ക് മുന്നേ ബറാൻ പോലീസിന്റെ കയ്യിൽ പെട്ടത് ഒരു ചതിപ്പണിയിൽ കൂടി ആയിരുന്നു, ബരാനെ ചതിച്ചത് ആണെങ്കിൽ സ്വന്തം സഹോദരനെ പോലെ അയാൾ കൂടെ കൊണ്ട് നടന്ന അടുത്ത സുഹൃത്തും. അയാളെ ഒന്ന് കാണണം എന്ന ആഗ്രഹം അയാൾക്കുണ്ട്, കണ്ട് കഴിഞ്ഞ ശേഷം എന്ത് എന്ന കാര്യത്തിൽ പോലും അയാൾക്ക് വ്യക്തതയില്ല, സത്യത്തിൽ ഇന്ന് ഇത്രയും വർഷങ്ങൾക്കിപ്പുറം അയാൾ ജീവനോടെ ഉണ്ടാവുമോ എന്ന് പോലും ബരാണിന് അറിവില്ല, എല്ലാം ഒരു പ്രതീക്ഷയാണ്, അതിലാണ് മുന്നോട്ട് പോവുന്നത്. അങ്ങനെ ബറാൻ തന്റെ ഭൂതകാലം ഉറങ്ങി കിടക്കുന്ന മണ്ണിലേക്ക് യാത്ര തുടങ്ങുകയാണ്, നല്ല ഒന്നാംക്‌ളാസ്സ് ഒരു സിനിമയിലേക്ക് കണ്ട് കൊണ്ടിരിക്കുന്ന നമ്മളും.

Verdict : Must Watch

DC Rating : 90/100

Friday, June 26, 2020

816. Boats Out Of Watermelon Rinds (2004)



Director : Ahmet Ulucay

Genre : Drama

Rating : 7.9/10

Country : Turkey

Duration : 101 Minutes


🔸തുർക്കിഷ് സിനിമ എന്നത് പേഴ്സണലി അധികം ഒന്നും കടന്ന് ചെന്നിട്ടില്ലാത്ത, തീരെ അപരിചിതമായ ഒരു ടർഫ് ആയിരുന്നു ഈ അടുത്ത കാലം വരെ. മികച്ചത് എന്ന് കേട്ട ചില സിനിമകൾ കണ്ടിട്ടുണ്ട് എന്നതൊഴിച്ചാൽ കൂടുതലായി അറിയാനോ പരിചയപ്പെടാനോ ഒന്നും ശ്രമിച്ചിട്ടില്ല, ഇത് താല്പര്യം ഇല്ലാഞ്ഞിട്ടോ അല്ലെങ്കിൽ നിലവാരം ഇല്ലാഞ്ഞിട്ടോ അല്ല മറിച്ച് ശ്രദ്ധിച്ചില്ല ഇതുവരെ എന്നത് കൊണ്ട് മാത്രമായിരുന്നു. അത് എന്ത് തന്നെ ആയാലും ഒന്ന് മാറ്റി പിടിക്കാൻ തീരുമാനിച്ച ശേഷം ആദ്യം കണ്ട ചിത്രമാണ് ബോട്ട്സ് ഔട്ട് ഓഫ് വാട്ടർമെലോൺ റിൻഡ്‌സ്. തുർക്കിഷ് സിനിമയുടെ, അവതരണത്തിന്റെ, കഥകളുടെ ഒക്കെ ഒരു സോൾ ഈ ചിത്രത്തിൽ കാണാൻ കഴിയും എന്നൊരു അഭിപ്രായം കേട്ടിരുന്നു മുന്നേ, അത് സത്യവുമാണ്.

🔸റിസപ്, മെഹ്‌മേറ്റ് എന്നീ സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രം. തുർക്കിയിലെ ഒരു പിന്നോക്ക ഗ്രാമത്തിൽ ദരിദ്ര പശ്ചാത്തലത്തിൽ ജനിച്ചവരാണ് ഇരുവരും, ഗ്രാമത്തിലുള്ള മിക്കവരുടെയും എന്ന പോലെ രണ്ട് പേരുടെയും അച്ഛന്മാർ യുദ്ധത്തിന് പോയി പിന്നീട് മടങ്ങി വന്നിട്ടില്ല, യുദ്ധ ഭൂമിയിൽ വച്ച് കൊല ചെയ്യപ്പെട്ടിരിക്കണം. സ്വന്തം ഗ്രാമത്തിൽ തൊഴിലോ പണമോ ഭൂമിയോ ഇല്ലാത്തത് കൊണ്ട് തന്നെ മണിക്കൂറുകൾ നടന്ന് അയൽ ഗ്രാമത്തിൽ ചെന്നാണ് ഇരുവരും ജോലി ചെയ്യുന്നത്. ആട്ടിടയന്മാർ മാത്രമുള്ള തങ്ങളുടെ ഗ്രാമത്തെക്കാൾ എന്ത് കൊണ്ടും നല്ലത് കുറച്ചെങ്കിലും പുരോഗമിച്ചിട്ടുള്ള, ഏറ്റവും കുറഞ്ഞത് പേരിനൊരു സിനിമാ കൊട്ടക എങ്കിലും ഉള്ള അയൽ ഗ്രാമം ആണെന്ന് റിസറ്റ് പറയുന്നുണ്ട്.

🔸ആ സിനിമയെ പറ്റി പറഞ്ഞ സ്ഥിതിക്ക് പറയാം, ഈ രണ്ട് പേർക്കും ഏറ്റവും താല്പര്യം ഉള്ളതും, ഏറ്റവും അഭിനിവേശം വെച്ച് പുലർത്തുന്നതുമായ ഒന്നാണ് സിനിമ. പണിക്ക് വന്ന ഗ്രാമത്തിലെ കൊട്ടകയിൽ നിന്നും ചില സിനിമകൾ കാണാൻ രണ്ട് പേർക്കും സാധിച്ചിട്ടുണ്ട്, ഈ ഒരു അവസരത്തിൽ ചില സിനിമകളുടെ വെട്ടി കൂട്ടിയ ഫിലിമുകളും അവർ കരസ്ഥമാക്കിയിട്ടുണ്ട്. മരത്തിന്റെ തടിയും മറ്റുമൊക്കെ കെട്ടി വെച്ച് ഉണ്ടാക്കിയ പ്രൊജക്റ്ററിൽ വെച്ച് സിനിമ ഓടിച്ച് കാണിക്കണം എന്നതാണ് രണ്ട് പേരുടെയും ആഗ്രഹം. പക്ഷെ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ഇന്നേവരെ രണ്ട് പേർക്കും അത് കഴിഞ്ഞിട്ടില്ല, 24 ഫ്രെയിംസ് ഒരു സെക്കൻഡിൽ ഓടിച്ച് പ്ളേ ചെയ്യുക എന്നത് മരത്തടിയും മറ്റും വെച്ച് ഏറെക്കുറെ അസാധ്യം തന്നെയാണ്.

🔸സിനിമ, ജോലി എന്നീ കാരണങ്ങൾക്ക് പുറമെ മറ്റൊരു കാരണം അല്ലെങ്കിൽ വസ്തുത കൂടിയുണ്ട് രണ്ട് പേരുടെയും ഈ ദിവസേന ഉള്ള അയൽ ഗ്രാമ സന്ദർശനത്തിന്, അത് മറ്റൊന്നുമല്ല ഒരു യുവതിയോടുള്ള പ്രണയമാണ്, ഇതിനെ പറ്റി തല്ക്കാലം പറയുന്നില്ല കണ്ട് തന്നെ അറിയുന്നത് ഗുണം ചെയ്യും. വളരെ ലളിതമായ കഥയാണ് ചിത്രത്തിന്റേത്, എന്നാൽ പ്രതീക്ഷിക്കാത്ത പേ ഓഫും ആണ്, ഓർമയിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു കിടിലൻ അസ്പക്റ്റ്. പ്രധാന താരങ്ങൾക്ക് പുറമെ കാര്യമായി സംഭാഷണം ഇല്ലാത്ത ഒമർ എന്ന സൈഡ് കഥാപാത്രത്തിന് വരെ നല്ല സ്റ്റോറി ആർക്കുകൾ ചിത്രം കൊടുക്കുന്നുണ്ട്. ആകെ മൊത്തം ഒരു ചെറിയ നല്ല ചിത്രം, അതാണ് ബോട്ട്സ് ഔട്ട് ഓഫ് വാട്ടർമെലൺ റിൻഡ്‌സ്.

Verdict : Very Good

DC Rating : 80/100

Wednesday, February 13, 2019

496. Ayla The Daughter Of War (2018)



Director : Can Ulkay

Genre : War

Rating : 8.8/10

Country : Turkey

Duration : 120 Minutes


🔸യുദ്ധവും കുട്ടികളും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെ അത്രമേൽ അന്തരം സൂക്ഷിക്കുന്ന രണ്ട് കാര്യങ്ങൾ ആണെന്ന് ഇവാൻസ് ചൈൽഡ്ഹുഡ് എന്ന ചിത്രം തെളിയിച്ചിട്ട് വർഷങ്ങൾ ഒരുപാട് കഴിഞ്ഞ് പോയിരിക്കുന്നു. ഈ ചിത്രത്തിൽ നിന്നും അയ്‌ലാ ദി ഡോട്ടർ ഓഫ് വാർ എന്ന ചിത്രത്തിൽ എത്തുമ്പോൾ വിഷയത്തിലോ മുകളിൽ സൂചിപ്പിച്ച വസ്തുതയിലോ വലിയ മാറ്റം ഒന്നും വന്നിട്ടില്ല, കുറച്ച് കൂടി വൈകാരികത കൂടി എന്ന് മാത്രം. ഈ ചിത്രത്തെ കുറിച്ച് എന്തൊക്കെ ഏതൊക്കെ രീതിയിൽ പറഞ്ഞാലും അതൊന്നും ഒരിക്കലും ആ രണ്ട് മണിക്കൂർ സമയത്തെ നീതികരിക്കുകയില്ല, കാരണം അവയൊന്നും തന്നെ വാക്കുകളാൽ വിവരിക്കാനോ പറഞ്ഞറിയിക്കാനോ കഴിയാത്ത വിധം മനോഹരമാണ്, ആയതിനാൽ തന്നെ ഈ പോസ്റ്റ് കാണുന്ന ഏതൊരു വ്യക്തിക്കും രണ്ടാമതൊരു ചിന്തയില്ലാതെ ഈ ചിത്രം ശുപാർശ ചെയ്യും, ഒടുക്കത്തെ മസ്റ്റ് വാച്ച് എന്നൊക്കെ വിശേഷിപ്പിക്കാവുന്നതാണ് അയലയുടെയും സുലെയ്മന്റെയും കഥ.

🔸രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലുള്ളത്, തുർക്കിഷ് വംശജനായ സുലൈമാനും, കൊറിയൻ വംശജ ആയ അയ്‌ലാ എന്ന കുട്ടിയും. അയ്‌ലാ എന്നത് യഥാർത്ഥത്തിൽ അവളുടെ പേരൊന്നുമല്ല, അതെന്താണെന്ന് സുലൈമാന് വലിയ പിടിയുമില്ല, പൂർണശോഭയോട് കൂടി തിളങ്ങി നിൽക്കുന്ന ചന്ദ്രനോട് സാദൃശ്യം തോന്നിയതിനാൽ അവളെ ആ പേര് അയാൾ വിളിച്ചെന്ന് മാത്രം. സത്യത്തിൽ ഈ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ വലിയ രീതിയിലുള്ള ഇടപഴകലുകൾ ഒന്നും നടക്കുന്നില്ല. രണ്ട് ഭൂ പ്രദേശത്ത് നിന്നും വരുന്ന, വ്യത്യസ്ത ഭാഷകൾ ഉപയോഗിക്കുന്ന, വ്യത്യസ്ത സംസ്കാരം പിന്തുടരുന്ന ഇരുവർക്കും ഇടയിൽ കടമ്പകൾ അനവധി ആയിരുന്നു. എന്തിരുന്നാലും ഇതിനെയെല്ലാം മറികടന്ന് കൊണ്ട് മനോഹരമായ ഒരു ബന്ധം അവിടെ ഉടലെടുക്കുകയാണ്.

🔸ടൈറ്റിൽ കഥാപാത്രത്തെ നാം ആദ്യമായി കാണുന്നത് രണ്ടാം ലോക മഹായുദ്ധത്തിന് അഞ്ച് വർഷങ്ങൾക്ക് ശേഷമാണ്, ഉത്തര ദക്ഷിണ കൊറിയകൾ തമ്മിലുള്ള യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയമാണ്. ഈ യുദ്ധം കാരണം ദുരിതങ്ങൾ ഏറ്റ് വാങ്ങേണ്ടി വന്ന സാധാരണക്കാരിൽ ഒരാളാണ് അയ്‌ലാ എന്ന കഥാപാത്രവും. അച്ഛനോടും അമ്മയോടുമൊപ്പം സന്തോഷവതി ആയി കാണപ്പെടുന്നിടത്ത് നിന്നും യുദ്ധം അയലയുടെ ജീവിതം ആകെ മാറ്റി മറിക്കുകയാണ്. തുടർന്നങ്ങോട്ട് സുലൈമാനെ കണ്ട് മുട്ടുന്നത് വരെ ഒരുപാട് അനിശ്ചിതത്വങ്ങളിലൂടെ ആണ് അവൾ കടന്ന് പോവുന്നതും.

🔸ഈ സംഭവങ്ങൾ എല്ലാം അരങ്ങേറിക്കൊണ്ടിരിക്കെ ഭൂമിയുടെ മറ്റൊരു ഭാഗത്ത് സുലൈമാൻ തന്റെ ശാന്തതയും സമാധാനവും നിറഞ്ഞ ജീവിതം ജീവിച്ച് കൊണ്ടിരിക്കുക ആണ്. അവൻ സംപ്ത്രിപ്തനാണ്, അത്യാവശ്യം നല്ലൊരു ജീവിത സാഹചര്യം അവനുണ്ട്, അല്ലൽ ഇല്ലാത്ത വരുമാനം ഉണ്ട്, മുന്നോട്ട് പോവാൻ പ്രേരിപ്പിക്കുന്നതായി ഒരു പ്രണയവും മറ്റ് കാര്യ കാരണങ്ങളും ഉണ്ട്. ഇങ്ങനെ കഴിഞ്ഞ് പോന്ന സുലെയ്മാന് രാജ്യ സേവനം കാരണം കൊറിയയിലേക്ക് സൈനികനായി വരേണ്ടി വരുന്നതും, അയ്‌ലയെ കണ്ട് മുട്ടുന്നതും തുടർന്ന് അരങ്ങേറുന്ന സംഭവങ്ങളും എല്ലാമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

🔸ഒരു യുദ്ധ കാല ചിത്രം ആണെങ്കിൽ കൂടിയും വൈകാരികതയുടെ അളവിൽ കുറവൊന്നും ഈ ചിത്രം വരുത്തുന്നില്ല എന്ന് മുകളിൽ സൂചിപ്പിച്ചിരുന്നു, അതിനോട് നീതി പുലർത്തും വിധം ഇമോഷണൽ രംഗങ്ങളുടെയും സംഭവങ്ങളുടെയും ഒരു അതിപ്രസരം തന്നെയാണ് ഈ ചിത്രത്തിന്റെ രണ്ടാം പകുതി, കുറച്ച് കൂടി ലളിതമായി പറയുക ആണെങ്കിൽ കണ്ണ് നിറഞ്ഞിരിക്കും എന്നുറപ്പ്. മികച്ച പ്രകടനങ്ങളും, പിടിച്ചിരുത്തുന്ന രീതിയിലുള്ള കഥയുടെ പോക്കും എല്ലാം കൂടി ചേരുമ്പോൾ ഈ വർഷം ഇതുവരെ കണ്ടവയിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി മാറുകയാണ് അയ്‌ലാ ദി ഡോട്ടർ ഓഫ് വാർ എന്ന ചിത്രം. ചിത്രത്തിന്റെ അവസാനം ഒരു ചെറിയ തിരിച്ചറിവ് ഉണ്ടാവും കാഴ്ചക്കാരന്, അല്ലെങ്കിൽ വേണ്ട അങ്ങട്ടേക്ക് കടക്കുന്നില്ല, കണ്ട് തന്നെ അനുഭവിക്കുക.

Verdict : Must Watch

DC Rating : 90/100

1550. Demons (1971)

Director : Toshio Matsumoto Cinematographer : Tatsuo Suzuki Genre : Horror Country : Japan Duration : 134 Minutes 🔸Set in the old entertain...