Director : David Lowery
Genre : Biography
Rating : 7/10
Country : USA
Duration : 93 Minutes
🔸"അയാൾക്ക് ഒരു അറുപത് വയസ്സ് തോന്നിക്കും സാർ, ഉറപ്പില്ല എന്നാലും ഒരു അൻപത് അറുപത് ഒക്കെ ഉണ്ടാവും. കണ്ടാൽ മോശം ഒന്നും തോന്നിക്കാത്ത നല്ല വേഷ വിധാനങ്ങളും, ഊഷ്മളമായ പെരുമാറ്റവും ഒക്കെ ആയിരുന്നു അയാളുടേത്. അയാളുടെ പക്കൽ ഒരു തോക്ക് ഉണ്ടായിരുന്നു, ഉവ്വ് ഞാൻ കണ്ടിരുന്നു, ഇല്ല എനിക്ക് നേരെ ചൂണ്ടിയില്ല. തെറിയോ ? ഇല്ല സാർ, അങ്ങനെ ഒരു സംഭാഷണവും ഉണ്ടായില്ല ഒരു ഭീഷണി പോലും അയാളിൽ നിന്നും ഉണ്ടായില്ല സാർ, തന്റെ പക്കൽ തോക്ക് ഉണ്ട് എന്ന് അയാൾ ഇടക്ക് സൂചിപ്പിച്ചിരുന്നു. തികച്ചും സൗമ്യമായ രീതിയിലുള്ള ഇടപഴകൽ ആയിരുന്നു അയാളുടേത്, ആ പിന്നെ അയാളൊരു തികഞ്ഞ ജെന്റിൽമാൻ ആയിരുന്നു സാർ....".
🔸പറഞ്ഞ് വന്നത് ഫോറസ്റ്റ് ടക്കറെ പറ്റിയാണ്, എഴുപത് വയസ്സിനിടെ പതിനെട്ട് തവണ വിജയകരമായി ജയിൽ ചാട്ടം പൂർത്തിയാക്കിയ അപൂർവ പ്രതിഭാസം. ബാങ്ക് കൊള്ള ആണ് ടക്കരുടെ മാസ്റ്റർപീസ്, വിവിധ പോലീസ് റെക്കോർഡുകൾ പ്രകാരം കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ നൂറിനടുത്ത് കൊള്ളകളാണ് ടക്കറുടേതായി ഉള്ളത്. തന്റേതെന്ന് മനസിലാക്കാൻ ഒരു സൂചന പോലും അവശേഷിപ്പിക്കുന്നത് ടിയാന്റെ രീതിയല്ല. രീതികളുടെ കാര്യം പറഞ്ഞപ്പോഴാണ്, ചെയ്യുന്നത് മോഷണം ആണെങ്കിൽ പോലും അതിന് ഒരു പ്രത്യേക സ്റ്റൈൽ ഫോറെസ്റ്റ് ടേക്കർ പിന്തുടരുന്നുണ്ട്. തന്റെ ദൗത്യത്തിൽ വയലെന്സിന്റെ അളവ് കുറവായിരിക്കണം എന്നൊരു നിർബന്ധം ഉള്ളത് പോലെയാണ് ടിയാന്റെ ചെയ്തികൾ.
🔸രീതികളിലും ആശയങ്ങളിലും സാമ്യം പുലർത്തുന്ന മറ്റ് രണ്ട് സുഹൃത്തുക്കൾ കൂടിയുണ്ട് ടാക്കറിന്, മൂന്ന് പേരും ചേർന്നാണ് തങ്ങളുടെ പദ്ധതികൾ എല്ലാം ആവിഷ്കരിക്കുന്നതും നിറവേറ്റുന്നതും. മൂവർ സംഘത്തിനെ നിയമത്തിന് മുന്നിൽ എത്തിക്കുക എന്ന ഉദ്ദേശവുമായി പിറകെ കൂടിയതാണ് ഡിറ്റക്റ്റീവ് ആയ ജോൺ ഹണ്ട്, ഒരു പോലീസുകാരൻ എന്ന രീതിയിൽ ജീവിതത്തിൽ അങ്ങോളം ഇങ്ങോളം പരിഹാസവും അവഗണനയും പുച്ഛവും മാത്രം സമ്പാദ്യമായി ഉള്ള വ്യക്തിയാണ് ഹണ്ട്. കഴിവും, ബുദ്ധിയും എല്ലാം ഉണ്ടായിട്ടും നേരിടേണ്ടി വരുന്ന ഈ ദുരനുഭവങ്ങൾ കാരണം ഒരുവേള സേവനം അവസാനിപ്പിച്ച് കടന്ന് പോയാലോ എന്ന ചിന്ത വരെ ഹണ്ടിൽ ഉടലെടുക്കുന്നുണ്ട്.
🔸മുകളിൽ സൂചിപ്പിച്ച ഡിറ്റക്റ്റീവ് ആയ ജോൺ ഹണ്ടിനും, മൂവർ സംഘത്തിനും ഇടയിൽ ചെറിയ ചരിത്രമുണ്ട്. ടക്കരുടെയും സംഘത്തിന്റെയും കലാ പരിപാടികളിൽ ഒന്നിൽ മനസ്സറിയാതെ ഹണ്ടും ഭാഗമായിട്ടുണ്ട്, അയാളുടെ മൂക്കിന്റെ തുമ്പത്തൂടെയാണ് മൂവർ സംഘം കൊള്ള നടത്തിയതും രക്ഷപ്പെട്ടതും. അന്ന് അനുഭവിക്കേണ്ടി വന്ന ദേഷ്യവും നിരാശയും രോഷവും അപമാനവുമെല്ലാം അത്ര പെട്ടെന്ന് ജോൺ ഹണ്ടിന് മറക്കാനാവില്ല. അതിനാൽ തന്നെ ഫോറെസ്റ്റ് ടക്കറിനെ പിടികൂടുക എന്നതിന് വ്യക്തിപരമായ കാരണങ്ങൾ കൂടി ഉണ്ട് ജോണ് ഹണ്ടിന്. ഇതാണ് ദി ഓൾഡ് മാൻ ആൻഡ് ദി ഗൺ എന്ന ചിത്രത്തിന്റെ വളരെ ലളിതമായ പ്രമേയം.
🔸വലിയ സങ്കീർണ്ണതകൾ ഒന്നും ഇല്ലാതെ നല്ല രീതിയിൽ മനോഹരമായി കഥ പറഞ്ഞ് പോവുന്ന ലളിതമായ ചിത്രമാണ് ഇത്, നേർ രേഖയിൽ പോവുന്ന കഥാപാത്രങ്ങൾ അവർക്കുള്ള വ്യക്തമായ മോട്ടിവേഷൻ, അതിനോട് നീതി പുലർത്തുന്ന കഥാ പുരോഗതി ഒക്കെ ചേർന്ന് കണ്ടിരിക്കാവുന്ന നല്ല ഒരു ചിത്രം. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഇതിഹാസ സമാനനായ റോബർട്ട് റെഡ്‌ഫോർഡും ഓസ്കാർ ജേതാവായ കാസി അഫ്‌ളെക്കും ആണ്. പേരും പെരുമയും വാക്കുകളിൽ ഒതുക്കാതെ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട് ഇരുവരും. തന്റെ അഭിനയ ജീവിതത്തിലെ അവസാന കഥാപാത്രമാണ് ഈ ചിത്രത്തിലേത് എന്ന് റെഡ്ഫോർഡ് പറയുക ഉണ്ടായി, അങ്ങനെയെങ്കിൽ 'Adios Captain'.
DC Rating : 75/100
No comments:
Post a Comment