Director : Kevin Kölsch
Genre : Horror
Rating : 6.6/10
Country : USA
Duration : 101 Minutes
🔸ഷൈനിങ്, ഗ്രീൻ മൈൽ, ഷോഷാങ്ക് റിഡെംപ്‌ഷെൻ, സ്റ്റാൻഡ് ബൈ മീ, ഇറ്റ് എന്നീ ചിത്രങ്ങൾ പറയും സ്റ്റീഫൻ കിംഗ് എന്ന വ്യക്തിയുടെയും ആ ബ്രാൻഡിന്റെയും മൂല്യം. കാസ്റ്റിംഗിനും മറ്റ് കാര്യങ്ങൾക്കും മേലെ ഈ പേരിലുള്ള വിശ്വാസം ആണ് ഒരു പരിധി വരെ ഏത് ചിത്രവും കാണാൻ ഉണ്ടായിരുന്ന പ്രചോദനം. ഏതാണ്ട് മൂന്ന് പതിറ്റാണ്ട് മുൻപ് പെറ്റ് സെമിത്തേരി എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം തിയേറ്ററുകളിൽ എത്തിയിരുന്നെങ്കിലും കാര്യമായ ചലനങ്ങൾ ഒന്നും സൃഷ്ടിച്ചിരുന്നില്ല. വ്യക്തിപരമായി ഡാർക്ക് ടവർ പോലെയൊരു വികൃതമായ അഡാപ്റ്റേഷൻ ആയാണ് പ്രസ്തുത ചിത്രം അനുഭവപ്പെട്ടത്, ഈ കാരണങ്ങൾ കൊണ്ട് തന്നെ നല്ലൊരു സിനിമ ഈ കഥ അർഹിക്കുന്നുണ്ട് എന്ന ബോധം ഉണ്ടായിരുന്നെങ്കിലും പ്രതീക്ഷകൾ കുറവായിരുന്നു, സിനിമ കാണാൻ തയ്യാറെടുക്കുമ്പോൾ പോലും.
🔸അടുത്ത കാലത്ത് പല ഹോളിവുഡ് ഹൊറർ ചിത്രങ്ങളും സഞ്ചരിച്ച പാതയിലൂടെ തന്നെയാണ് പെറ്റ് സെമിത്തേരിയും വെച്ച് പിടിക്കുന്നത്. ലുഡ്‌ലോ എന്ന ചെറിയ പട്ടണത്തിലേക്ക് സ്ഥലം മാറി എത്തുകയാണ് കഥാനായകനും ഡോക്ടറും ആയ ലൂയിസ് ക്രീഡ്. ഇതിൽ നിന്നും പ്രതീക്ഷിക്കാവുന്നത് പോലെ തന്നെ താങ്കൾ എത്തപ്പെട്ട സ്ഥലത്തെ കുറിച്ചും ചുറ്റുപാടുകളെ കുറിച്ചും നിഗൂഢമായ ചില അറിവുകൾ ലൂയിസിന് ലഭിക്കുകയാണ്, പ്രത്യേകിച്ചും തന്റെ വീടിന് പിറകിലായി സ്ഥിതി ചെയ്യുന്ന ശ്മശാനത്തെ കുറിച്ച്. ഇതിന് പിറകെ ക്രീഡ് കുടുംബത്തിന്റെ ജീവിതങ്ങളിൽ ചില അനിഷ്ട സംഭവങ്ങൾ കൂടി അരങ്ങേറുമ്പോൾ കഥാ ഗതി ആകെ മാറി മറിയുകയാണ്.
🔸പെറ്റ് സെമിത്തേരി എന്ന ചിത്രം കണ്ട് കഴിഞ്ഞപ്പോൾ പല കാരണങ്ങൾ കൊണ്ടും മനസ്സിൽ എത്തിയത് നിർണായകമായ ഒരു ഘട്ടത്തിൽ കഥാപാത്രങ്ങളിൽ ഒന്ന് പറയുന്ന "Sometimes Dead Is Better" എന്ന ഡയലോഗ് ആണ്. മുൻ ചിത്രത്തേക്കാൾ മികച്ചത് ആണെങ്കിൽ കൂടിയും ഹൈപ്പിനോടും പേരിനോടും നീതി പുലർത്താൻ ഈ ചിത്രത്തിന് ഒരുപരിധി വരെ കഴിഞ്ഞിട്ടില്ല, നോവൽ വായിച്ചിട്ടില്ലാത്തതിനാൽ ആ ഭാഗത്തേക്ക് കടക്കുന്നില്ല. നല്ല കുറച്ച് ജംപ് സ്‌കെയറുകൾ ഉണ്ടെങ്കിൽ കൂടിയും ഇവ നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോവാൻ കഴിയാഞ്ഞതും ചിത്രത്തിന്റെ വലിയ പോരായ്മകളിൽ ഒന്നാണ്. ഈ കാരണങ്ങൾ കൊണ്ട് തന്നെ വലിയ സാദ്ധ്യതകൾ ഉണ്ടായിട്ടും ശരാശരിയിൽ ഒതുങ്ങി പോവുന്നുണ്ട് ഈ ചിത്രം, പല സന്ദർഭങ്ങളിലും.
🔸ശരാശരിയിൽ ഒതുങ്ങി പോവുന്നുണ്ട് പല സന്ദർഭങ്ങളിലും എന്ന് മുകളിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക, ഈ സന്ദർഭങ്ങൾ പിറകോട്ട് വലിക്കുമ്പോഴും ചില ഇടങ്ങളിൽ ചിത്രം തീർച്ചയായും ഹൈപിന് നീതി നൽകുന്നുണ്ട്, പ്രത്യേകിച്ചും റേച്ചൽ ക്രീഡ് എന്ന കഥാപാത്രത്തെ അടുത്തറിയുന്ന ചില രംഗങ്ങളിൽ. ഇതോടൊപ്പം തന്നെ പറയേണ്ടതാണ് നടീ നടന്മാരുടെ മികച്ച പ്രകടനങ്ങളും. അപ്രതീക്ഷിതമായ ചില വഴികളിലൂടെ സഞ്ചരിക്കുന്നുണ്ട് ഈ ചിത്രം, പ്രത്യേകിച്ചും ക്ളൈമാക്സിനോട് അടുക്കുമ്പോൾ, ഈ ഭാഗത്ത് സോഴ്സ് മെറ്റീരിയലിൽ നിന്നും വഴി മാറാൻ തീരുമാനിച്ച മനോഭാവം തീർച്ചയായും നല്ലത് തന്നെ.
🔸കാണണമോ വേണ്ടയോ എന്ന ചോദ്യത്തിന് ഉത്തരമാണ് വേണ്ടതെങ്കിൽ സ്റ്റീഫൻ കിങ്ങിന്റെ നോവലിന്റെ മികച്ച ചലച്ചിത്രാവിഷ്കാരം ആണ് ഈ ചിത്രം, എന്നാൽ അത് ഈ സിനിമയുടെ നിലവാരത്തെക്കാൾ ആദ്യ ഭാഗം എത്ര മാത്രം പരാജയം ആയിരുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. പ്രൊമോഷനിലും മറ്റും ഒരു തികഞ്ഞ പരാജയം ആണ് ഈ ചിത്രം എന്ന് പറയേണ്ടി വരും, അതിനുള്ള കാരണം സിനിമ കാണുമ്പോൾ പിടികിട്ടും. ഒരുപാട് സാദ്ധ്യതകൾ ഉണ്ടായിട്ടും വലിയ ചലനങ്ങൾ സൃഷ്ടിക്കപ്പെടാതെ പോയ ചിത്രങ്ങളുടെ കൂട്ടത്തിൽ കാണും പെറ്റ് സെമിത്തേരിയും.
DC Rating : 65/100
No comments:
Post a Comment