Thursday, January 21, 2021

1014. Sword Of The Stranger (2007)



Director : Masahiro Andô

Genre : Animation

Rating : 7.8/10

Country : Japan

Duration : 108 Minutes


🔸ഒരു ലോണർ ആയ യോദ്ധാവിനെ കേന്ദ്ര കഥാപാത്രമാക്കി കൊണ്ടുള്ള ഒരുപാട് ഒരുപാട് സിനിമകൾ പല ഭാഷകളിലായി വന്നിട്ടുണ്ട്, കാലത്തിനും പശ്ചാത്തലത്തിനും എല്ലാം വന്ന മാറ്റത്തിന് അനുസരിച്ച് ഈ കഥാപാത്രങ്ങൾ ഒരു വെസ്റ്റേൺ കൗബോയ് ആയോ അല്ലെങ്കിൽ സാമുറായ് യോദ്ധാവ് ആയോ എല്ലാം മാറിയിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പാതിയിൽ ജോൺ വെയ്ൻ തൊട്ട് ഈ അടുത്ത് കീനു റീവ്സ് വരെ ഒരുപാട് നടൻമാർ ഈ കഥാപാത്രങ്ങളെ സ്‌ക്രീനിൽ എത്തിച്ചിട്ടുമുണ്ട്. അപ്പൊ പ്രധാന ചോദ്യം എന്നത്, ബേസിക്കലി ഈ വിഭാഗത്തിൽ പെടുത്താവുന്ന പ്രസ്തുത ചിത്രത്തിന് സവിശേഷതയായി കാണിക്കാവുന്ന എന്താണ് ഉള്ളത് എന്നത് തന്നെയാണ്.

🔸പേരില്ലാത്ത ആളാണ് നമ്മുടെ നായക കഥാപാത്രം, ആളൊരു വാണ്ടറിങ് സാമുറായ് ആണെന്ന് പറയാം. പ്രത്യേകിച്ച് ലക്ഷ്യമോ കാര്യമോ ഒന്നും ഇല്ലാതെ ഇങ്ങനെ അങ് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഒരു കഥാപാത്രം. തന്റെ മുൻകാല ജീവിതത്തിൽ അരങ്ങേറിയ എന്തൊക്കെയോ സംഭവങ്ങൾ അയാളെ വല്ലാതെ വേട്ടയാടുന്നുണ്ട് എന്നത് മുഖ ഭാവങ്ങളിൽ നിന്നും വ്യക്തമാണ്. ചുരുക്കി പറഞ്ഞാൽ ഇത്തരം പശ്ചാത്തലത്തിൽ നമ്മൾ പ്രതീക്ഷിക്കുന്ന ഒരു ആന്റി ഹീറോ ടൈപ്പ് നായകൻറെ സകല ട്രെയ്റ്റുകളും ഇയാളിലും ഉണ്ടെന്ന് സാരം.

🔸ഇങ്ങനെ പ്രത്യേകിച്ച് ഉദ്ദേശ ലക്ഷ്യങ്ങൾ ഒന്നും ഇല്ലാത്ത ഇയാളുടെ അടുത്തേക്ക് ഒരു കുട്ടി എത്തുകയാണ്, ഒപ്പം അവന്റെ വളർത്തുമൃഗവും ഉണ്ട്. സ്വാഭാവികമായും അവന്റെ സംരക്ഷണവും ഉത്തരവാദിത്തവും അയാളുടെ തലയിൽ വന്ന് ചേരുകയാണ്. ഈ സംരക്ഷണം എന്നത് അത്ര എളുപ്പമുള്ള പരിപാടിയല്ല ഈ കുട്ടിയെ പിടിക്കാനും മറ്റുമായി ഒരു വലിയ സേനയും, അവിടത്തെ ഏറ്റവും മികച്ച യോദ്ധാക്കളും, നിയമവും, ഭരണവും എല്ലാമുണ്ട്. ചുരുക്കി പറഞ്ഞാൽ ഏറെക്കുറെ ആത്മഹത്യയ്ക്ക് തുല്യമെന്ന് പറയാം. ഈ ഒരു പശ്ചാത്തലത്തിലാണ് സ്വോർഡ്‌ ഓഫ് ദി സ്ട്രെയ്ഞ്ചറിന്റെ കഥ ആരംഭിക്കുന്നത്, മികച്ച ചിത്രം തന്നെയാണ് താനും.

🔸സിനിമയെ സ്പെഷ്യൽ ആക്കുന്നത് അന്യായം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സൗണ്ട് ട്രാക്കാണ്, പ്രത്യേകിച്ചും ആ ഫൈനൽ ബാറ്റിൽ തീം. ആ ഒരു ട്രാക്ക് ചിത്രത്തിന് നൽകുന്നൊരു പുൾ ഉണ്ട്, അധികം കണ്ടിട്ടില്ല. മികച്ച കഥയും കിടിലൻ എൻഡിങ്ങും തകർപ്പൻ ആക്ഷൻ രംഗങ്ങളും എല്ലാം ചേർന്ന് ഈ ചിത്രം ഒരു മികച്ച അനുഭവം തന്നെയായി മാറുന്നുണ്ട്. അപ്പോൾ പറഞ്ഞ് വന്നത് എന്താണെന്നാൽ തീർച്ചയായും കാണാൻ ശ്രമിക്കുക എന്ന് തന്നെ.

Verdict : Must Watch

DC Rating : 4.75/5 

1013. The Disappearance Of Haruhi Suzumiya (2010)



Director : Tatsuya Ishihara

Genre : Animation

Rating : 8.1/10

Country : Japan

Duration : 164 Minutes


🔸ഒന്ന് രണ്ട് വളരെ പ്രസക്തമായ പ്രത്യേകതകൾ ഉള്ള ഒരു അനിമേ ചിത്രമാണ് ദി ഡിസെപ്പിയറൻസ് ഓഫ് ഹാറൂഹി സുസുമിയോ, ആദ്യമേ തന്നെ ഒരു അനിമേ സീരീസിന്റെ ബാക്കി പത്രം അല്ലെങ്കിൽ കണക്റ്റഡ് ആയുള്ള ചിത്രമാണ് ഇത്, സീരീസ് കാണുന്നതിന് മുന്നേ ആണ് ഞാൻ ഈ പേ ഓഫ് ടൈപ്പ് ചിത്രം കണ്ടത് എങ്കിലും ആ ഒരു രീതി സജസ്റ്റ് ചെയ്യുകയേ ഇല്ല, റിലീസിംഗ് ഓർഡറിൽ തന്നെ കാണുന്നത് ഗുണം ചെയ്യും. രണ്ടാമതായി അനിമേ സിനിമകളിൽ ഏറ്റവും ദൈർഘ്യമേറിയ ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രം, അത് മനസ്സിൽ വെച്ച് കൊണ്ട് വേണം പ്രസ്തുത ചിത്രത്തെ സമീപിക്കാൻ.

🔸ഇങ്ങനെ ഒക്കെയാണ് കാര്യം എങ്കിലും ഒരു ഇൻട്രൊഡക്റ്ററി എലമെന്റ് ചിത്രം കരുതി വെച്ചിട്ടുണ്ട്, പ്രത്യേകിച്ചും കഥാപാത്രങ്ങളെ പറ്റിയും അവർ ഇന്ന് ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്നുമൊക്കെ ചേർത്ത് കൊണ്ട്. കഥയിലേക്ക് വരിക ആണെങ്കിൽ ഒരു ക്രിസ്തുമസ് കാലത്താണ് ചിത്രത്തിന്റെ കഥ അരങ്ങേറുന്നത്, സ്വാഭാവികമായും നമ്മുടെ ടൈറ്റിൽ കഥാപാത്രം ഉൾപ്പെടെ എല്ലാവരും തന്നെ ആഘോഷ കലാ പരിപാടികളിലേക്ക് ഇറങ്ങാൻ തയാറായി നിൽക്കുകയാണ്, ചില പദ്ധതികൾ എല്ലാം അവരുടെ മനസിലുണ്ട്.

🔸എസ്ഓഎസ് ബ്രിഗേഡിന്റെ ചീഫ് ആയ ഹാറൂഹി തന്നെയാണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്, ഇങ്ങനെ കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ തന്നെ പുരോഗമിക്കുകയാണ്. ഈ സംഭവങ്ങൾക്ക് ഉദ്ദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് ക്യോൻ സ്‌കൂളിലേക്ക് മടങ്ങി എത്തുന്നത്, വളരെ വിചിത്രമായ ഒരു സംഭവമാണ് അയാളെ അവിടെ എതിരേൽക്കുന്നത്. ഹാറൂഹിയെ കുറിച്ചോ ബ്രിഗേഡിനെ കുറിച്ചോ ആഘോഷ പരിപാടികളെ കുറിച്ചോ ആർക്കും തന്നെ ഒരു അറിവുമില്ല. ടൈറ്റിൽ സൂചിപ്പിച്ചത് പോലെ തന്നെ ഇവയെല്ലാം നിന്ന നില്പിൽ അപ്രത്യക്ഷയായ അവസ്ഥ.

🔸ഹാറൂഹി എന്നൊരാൾ ജീവിച്ചിരുന്നതിന്റെ ഒരു തെളിവ് പോലും ബാക്കിയില്ല എന്ന വസ്തുത ക്യോണിനെ കുറച്ചൊന്നും അല്ല അലട്ടുന്നത്. പിന്നീട് ഉത്തരങ്ങൾ തേടിയുള്ള ഒരു അലച്ചിലാണ്, എന്താണ് ഈ സംഭവങ്ങളുടെ കാരണം, ഹാറൂഹിക്ക് എന്ത് സംഭവിച്ചു തുടങ്ങിയ ചോദ്യങ്ങൾക്കായുള്ള അന്വേഷണം. നല്ല ഒരു ചിത്രം തന്നെയാണ് ഡിസപ്പിയറൻസ് ഓഫ് ഹാറൂഹി സുസ്‌മിയോ, സീരീസ് കണ്ടതിന് ശേഷം സമീപിക്കുന്നത് ആയിരിക്കും ഉത്തമം, അപ്പോൾ കാണാൻ ശ്രമിക്കുക.

Verdict : Very Good

DC Rating : 4/5 

1012. Away (2019)



Director : Gints Zilbalodis

Genre : Animation

Rating : 6.7/10

Country : Latvia

Duration : 81 Minutes


🔸അനിമേഷൻ വിഭാഗത്തിലെ ഒരു ലാൻഡ്മാർക്ക് ഐറ്റം എന്നൊക്കെ വിശേഷിപ്പിച്ചാൽ ചിലർക്ക് എങ്കിലും അതൊരു എക്സജറേഷൻ ആയി തോന്നാം, കുറ്റം പറയാൻ ഒക്കില്ല. ഇങ്ങനെ പറയാൻ കാരണം എന്താണെന്നാൽ പൊതുവെ അത്ര പ്രശസ്തി നേടിയിട്ടില്ലാത്ത, അധികം ആളുകളിലേക്ക് എത്തിയിട്ടില്ലാത്ത ഒരു ചിത്രമാണ് എവേ, കണ്ടവർ പേഴ്സണൽ സർക്കിളിൽ പോലും വളരെ കുറവാണ്. വൈഡർ ഓടിയെൻസ് ഗ്യാരണ്ടീ ചെയ്യുന്ന വലിയ സ്റ്റുഡിയോ പിന്തുണയോ കാര്യമോ ഒന്നും തന്നെ ഈ ചിത്രത്തിന് ഇല്ല, പിന്നണിയിൽ പോലും ഒരാളുടെ സാന്നിധ്യമേ ഉള്ളൂ.

🔸അതെ, ആ ഒരാളാണ് ഈ ചിത്രത്തിന്റെ സംവിധായകൻ, ആ ഒരു തസ്തികയെക്കാൾ ഒരു പക്ഷെ ചേരുക സൃഷ്ട്ടാവ് എന്ന വിശേഷണം തന്നെ ആവും. അദ്ദേഹത്തിന്റെ മൂന്ന് വര്ഷത്തോളമുള്ള കഠിനാധ്വാനത്തിന്റെ പ്രതിഫലനമാണ് ഈ ചിത്രം. ചിത്രത്തിന് വേണ്ടി അദ്ദേഹം എടുത്ത എഫേർട്ട് വിളിച്ചോതുന്നതാണ് സിനിമയുടെ ഓരോ ഫ്രയിമും, അത്ര മാത്രം മനോഹരവും അത്ഭുതം ജനിപ്പിക്കുന്നതുമാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐ ലോസ്റ്റ് മൈ ബോഡിക്ക് ശേഷം ഇതുപോലെ പരീക്ഷണം കൊണ്ട് അമ്പരപ്പിച്ച മറ്റൊരു ചിത്രം ഉണ്ടായിട്ടില്ല എന്നത് ഉറപ്പിച്ച് പറയാം.

🔸കഥയിലേക്ക് വരിക ആണെങ്കിൽ വളരെ ലളിതമാണ്, പറയത്തക്ക വണ്ണം ഒന്നില്ല എന്ന് പറഞ്ഞാൽ പോലും അത്ഭുതപ്പെടേണ്ട. ആദ്യാവസാനം സംഭാഷണങ്ങൾ ഏതും ഇല്ലാത്ത ചിത്രത്തിന് അതൊരു പോരായ്മയായി അനുഭവപ്പെടുന്നുമില്ല. ഒരു മോൺസ്റ്റർ അല്ലെങ്കിൽ ഭീകര രൂപത്തിന്റെ കയ്യിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന, സ്വന്തം വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്ന ഒരു പയ്യനാണ് നമ്മുടെ കേന്ദ്ര കഥാപാത്രം. ടിയാന്റെ ഈ രക്ഷപ്പെടൽ ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്ലോട്ട്, വേറൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

🔸ആകെ നാല് ഭാഗങ്ങളായി ഡിവൈഡ് ചെയ്തിട്ടുണ്ട് ഈ ചിത്രത്തെ, ആ നാല് വഴിയിലൂടെയുമാണ് പ്ലോട്ട് പ്രോഗ്രസ് ചെയ്യുന്നത്. വിഷ്വൽസ് ആണ് ചിത്രത്തിന്റെ നട്ടെല്ല്, അമെയ്സിങ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന അതി മനോഹരമായ വിഷ്വൽസ്. എടുത്ത് പറയേണ്ട മറ്റൊന്ന് ചിത്രത്തിന്റെ ട്രാക്കുകളാണ്, വേറെ തന്നെ ഒരു ഫീൽ ഇവ രണ്ടും കാഴ്ചക്കാരന് നൽകുന്നുണ്ട്. കണ്ട് തുടങ്ങിയാൽ കണ്ണിമ പോലും വെട്ടാതെ എന്നൊക്കെ പറയുന്ന പോലെ ഫിനിഷ് ചെയ്യാവുന്ന നല്ല ഒന്നാംതരം ഒരു സിനിമ തന്നെയാണ് എവേ, അപ്പോൾ കാണാൻ ശ്രമിക്കുക.

Verdict : Must Watch

DC Rating : 4.75/5 

Sunday, January 10, 2021

1011. The Reason I Jump (2021)



Director : Jerry Rothwell

Genre : Documentary

Rating : 7.4/10

Country : USA

Duration : 84 Minutes


🔸നയോഗി ഹികാശിദയുടെ ദി റീസൺ ഐ ജംബ് എന്ന പുസ്തകം വായിച്ച അനുഭവമില്ല, മുൻപ് ഓട്ടിസം എന്ന വിഷയത്തെ കുറിച്ചുള്ള ഗൂഗിൾ സ്ക്രോളിംഗിനിടെ ഈ പുസ്തകം എവിടെയോ പരാമര്ശിക്കപ്പെട്ടതായി ഓർമയുണ്ട്, അന്ന് വായിക്കണം എന്ന് തോന്നിയിരുന്നു എങ്കിലും സാധിച്ചില്ല. ഇന്ന് വർഷങ്ങൾക്കിപ്പുറം ഒരു ഡോക്യുമെന്ററി രൂപത്തിൽ പ്രസ്തുത പുസ്തകം മുന്നിൽ എത്തിയിരിക്കുകയാണ്. നിർഭാഗ്യവശാൽ തീർച്ചയായും വായിച്ചിരിക്കണം എന്ന തോന്നൽ ബാക്കി വെച്ച് കൊണ്ടാണ് ഈ സംരംഭം അവസാനിക്കുന്നതും, അത്രത്തോളം മനോഹരവും ടച്ചിങ്ങും ഒക്കെ ആണെന്ന് സാരം.

🔸ഓട്ടിസം എന്ന മാനസിക അവസ്ഥ ബാധിച്ച ഒട്ടനവധി ആളുകളുണ്ട് പല ഭൂഖണ്ഡങ്ങളിലും രാജ്യങ്ങളിലും ഒക്കെ ആയിട്ട്, നമ്മുടെ ചുറ്റിൽ തന്നെയും ഉണ്ടാവും. മുകളിൽ സൂചിപ്പിച്ച നോവൽ രചിച്ച നയോകി തന്നെയും ഓട്ടിസം ബാധിച്ച, സംസാരിക്കാൻ കഴിയാത്ത ഒരു വ്യക്തിയാണ്. ഒരു ചോദ്യോത്തര ശൈലിയിൽ ആണ് അദ്ദേഹം തന്റെ പുസ്തകം തയാറാക്കിയിട്ടുള്ളത്, അതും പുള്ളിയുടെ പതിനാലാം വയസ്സിൽ. ഓട്ടിസ്റ്റിക് ആയ ഒരാളുടെ മനസ്സിൽ അരങ്ങേറുന്ന കാര്യങ്ങൾ, ചിന്തകൾ ഒക്കെ അതേപടി പകർത്തി വെക്കുക ആയിരുന്നിരിക്കണം അദ്ദേഹത്തിന്റെ ഉദ്ദേശം. സ്വാഭാവികമായും ഒരു സിനിമാറ്റിക് അഡാപ്റ്റേഷൻ ഒരല്പം ബുദ്ധിമുട്ട് ആയേക്കും എന്നത് വ്യക്തം.

🔸ഓട്ടിസം ബാധിച്ച അഞ്ച് പേരുടെ കഥയാണ് ഡോക്കിൽ കാണിച്ചിരിക്കുന്നത്, ഇവരാണെങ്കിൽ നാല് വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ ഉള്ള, ഈ ഒരു കാര്യം ഒഴിച്ച് നിർത്തിയാൽ കണക്റ്റിങ് ലിങ്ക് ആയി ഒന്നും തന്നെ കാണിക്കാൻ ഇല്ലാത്ത ചില കഥാപാത്രങ്ങൾ. ഇന്ത്യ, അമേരിക്ക, വെസ്റ്റ് ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് എല്ലാം കടന്ന് ചെല്ലുന്നുണ്ട് ഈ സംരംഭം, ടർഫ് അല്ലെങ്കിൽ പശ്ചാത്തലം എന്ത് തന്നെ ആയാലും ഈ ഒരു അവസ്ഥയിലൂടെ കടന്ന് പോവുന്നവരുടെ മാനസിക വ്യഥകളും നേരിടുന്ന വെല്ലുവിളികളും എല്ലാം എത്രമേൽ തീവ്രവും സാമ്യവും ആണെന്നൊക്കെ ഇവിടെ മനോഹരമായി കാണിക്കുന്നുണ്ട്.

🔸വളരെ വൈകാരികവും ടച്ചിങ്ങും ആയ ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത് എങ്കിലും ആവശ്യമായ ഒരു സമയം ഇതിനായി നൽകിയ ഒരു ഫീൽ കിട്ടുന്നില്ല എന്നത് ഒരു പ്രശ്നമായി അനുഭവപ്പെട്ടു. അതായത് ഒരു അബ്‌റപ്റ്റ് ആയ തോതിൽ ചില ഭാഗങ്ങൾ അവസാനിപ്പിച്ചത് പോലെ, കുറച്ച് കൂടി പറയാമായിരുന്നു എന്ന ഒരു തോന്നൽ ഡോക്യുമെന്ററി തരുന്നുണ്ട് എന്നത് പോരായ്മ തന്നെയാണ്. അതൊഴിച്ച് നിർത്തിയാൽ അത്യാവശ്യം നന്നായി തന്നെ ഫീൽ ചെയ്തു ഈ ഒരു അറ്റംപ്റ്റ്, കഴിയുമെങ്കിൽ കാണാൻ ശ്രമിക്കുക.

Verdict : Very Good

DC Rating : 4/5 

1010. Midnight Sky (2020)



Director : George Clooney

Genre : Sci Fi

Rating : 5.6/10

Country : USA

Duration : 122 Minutes


🔸നിരൂപക സിംഹങ്ങൾ ഒക്കെ കൊട്ടി വിട്ട ചില സിനിമകൾ കണ്ട് ഇഷ്ട്ടപ്പെട്ട ചില സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്, പലപ്പോഴും അത്രയും ഹാർഷ് ആയ അഭിപ്രായങ്ങൾ ഈ ചിത്രങ്ങൾ അർഹിക്കുന്നുണ്ടോ എന്ന് പോലും തോന്നിയിട്ടുണ്ട്, ആ ഒരു ജനുസ്സിൽ പെടുത്താവുന്ന ചിത്രമാണ് ജോർജ്ജ് ക്ലൂണിയുടെ മിഡ്നൈറ്റ് സ്‌കൈ. മികച്ച സിനിമ എന്ന അഭിപ്രായം ഒന്നും നൽകുന്നില്ല, പക്ഷെ രണ്ട് മണിക്കൂർ പരിധിയിൽ അത്യാവശ്യം മോശം തോന്നിക്കാത്ത രീതിയിൽ തന്നെ സിനിമ കഥ പറഞ്ഞ് പുരോഗമിക്കുന്നുണ്ട് എന്നതാണ് സത്യം.

🔸മപ്പത് വർഷങ്ങൾക്ക് അപ്പുറം ഭാവി കാലത്താണ് സിനിമയുടെ കഥ ആരംഭിക്കുന്നത്, ഒരു ഗ്ലോബൽ ഫിനോമിനൻ കാരണം ഭൂമി വാസ യോഗ്യം അല്ലാതായി മാറിയിരിക്കുന്നു. ഭൂമിയുടെ സർഫെയ്‌സ്‌ ഒന്നാകെ ഐസ് മൂടി കിടക്കുകയും, പുൽ - ചെടി നാമ്പുകൾ പോലും അവശേഷിക്കാത്ത വിധം മാറി പോവുകയും ചെയ്തിരിക്കുന്നു. ഈ ഒരു പശ്ചാത്തലത്തിന് കഥയിൽ വലിയ പ്രാധാന്യമുണ്ട്, ഭൂമിയിലെ അവശേഷിക്കുന്നവരെ എല്ലാം തന്നെ മറ്റൊരു ഗൃഹത്തിലേക്ക് അല്ലെങ്കിൽ ടർഫിലേക്ക് മാറ്റി പാർപ്പിച്ച് കഴിഞ്ഞിട്ടുണ്ട്, അധികം ആളുകൾ ഒന്നുമില്ല, മനുഷ്യരാശി വല്ലാതെ ചുരുങ്ങി പോയിരിക്കുന്നു.

🔸ഭമിയിലെ ഒരു സ്‌പേസ് സെന്ററിൽ റിസർചർ ആണ് കേന്ദ്ര കഥാപാത്രമായ അഗസ്റ്റിൻ, ഒരു നോൺ ലീനിയർ ശൈലിയിൽ ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളും സിനിമയിലേക്ക് കടന്ന് വരുന്നുണ്ട്. മറ്റ് മനുഷ്യർ എല്ലാവരും പുതിയ ഗൃഹത്തിലേക്ക് അല്ലെങ്കിൽ സ്ഥലത്തേക്ക് പോയി എങ്കിലും അഗസ്റ്റിൻ തന്റെ സെന്ററിൽ തന്നെ തുടരാൻ തീരുമാനിക്കുകയാണ്. അയാളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു മിഷൻ ബാക്കിയുണ്ട്, അന്യ ഗ്രഹങ്ങളെ പറ്റി പഠിക്കാൻ പോയ ഒരു പേടകം ഭൂമിയിലേക്ക് മടങ്ങി വരാനുണ്ട്, അതിനെ ഗൈഡ് ചെയ്യണം, പറ്റുകയാണെങ്കിൽ അവരെ രക്ഷപ്പെടാൻ സഹായിക്കണം, ഇതാണ് അഗസ്റ്റിന്റെ അവസാന ദൗത്യം.

🔸ഒരു രോഗി കൂടിയാണ് അയാൾ, അധികം കാലം ഉണ്ടെന്ന് തോന്നുന്നുമില്ല, മറ്റ് ചില കാരണങ്ങൾ കൂടി അയാൾക്കുണ്ട്, ഈ മിഷൻ ഇത്രയും പ്രധാനപ്പെട്ടതാവാൻ, അതിലേക്ക് ചിത്രം കടന്ന് ചെല്ലും. സിനിമയിലേക്ക് വരിക ആണെങ്കിൽ നെഗറ്റിവ് ആയി അനുഭവപ്പെട്ടത്, സ്ക്രിപ്റ്റിൽ കാണിച്ച ചില കൈക്രിയകളാണ് അല്ലെങ്കിൽ ഓവർസ്മാർട്ട് രീതി. കഥ പുരോഗമിക്കവേ ഞെട്ടിക്കാനായി ചില ട്വിസ്റ്റ് ഒക്കെ വെച്ചിരുന്നു എങ്കിലും അവയെല്ലാം അങ്ങേയറ്റം പ്രെഡിക്റ്റബിൾ ആയിരുന്നു, അതിനാൽ തന്നെ ഞെട്ടൽ ഒന്നും ഉണ്ടായില്ല. വിഷ്വലി ബ്യുട്ടിഫുൾ ആണ് ചിത്രം, മോശം ഇല്ലാത്ത കഥയും നല്ല പ്രകടനങ്ങളും, കണ്ട് നോക്കാവുന്നതാണ്.

Verdict : Good

DC Rating : 3.5/5 

1009. The Ripper (2020)



Director : Jesse Vile

Genre : Doocumentary

Rating : 7.1/10

Seasons : 01

Episodes : 04

Duration : 48 - 50 Minutes


🔸റിപ്പർമാരെ ഒക്കെ പ്രമേയമാക്കി ഒട്ടനവധി സിനിമകളും സീരീസുകളും പല ഭാഷകളിലായി പുറത്തിറങ്ങിയിട്ടുണ്ട്, ബ്രിട്ടനിലെ ജാക്ക് ദി റിപ്പർ എന്ന കുപ്രസിദ്ധി നേടിയ വ്യക്തിയെ ആധാരമാക്കി കുറഞ്ഞത് ഒരു പത്ത് എണ്ണമെങ്കിലും കാണിച്ച് തരാൻ കഴിഞ്ഞേക്കും. എന്നാൽ ഇതുവരെ കേട്ട് കേൾവി ഇല്ലാതിരുന്ന ഒരു റിപ്പറെ കുറിച്ചും അയാളുടെ അഴിഞ്ഞാട്ടത്തെ പറ്റിയും ഒക്കെയാണ് ഈ നാല് എപ്പിസോഡ് ഉള്ള ടീവി സീരീസ് കഥ പറയുന്നത്. നമ്മുടെ കഥാ പശ്ചാത്തലം ബ്രിട്ടനിലെ യോർക്ക്ഷെയറാണ്, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ക്വർട്ടറിലെ യോർക്ക്ഷെയർ.

🔸ഒരു ഡോക്യുമെന്ററി സ്റ്റൈലിലാണ് സീരീസ് കഥ പറയുന്നത്, അതായത് പുതിയ ഫുട്ടേജുകൾ ഇല്ല പകരം പഴയ ആർകൈവ് വേര്ഷനുകളും ഇന്റർവ്യൂവും എല്ലാം ചേർന്നുള്ള അവതരണം. പഴയ റിയൽ ലൈഫ് സംഭവം ജീവിതത്തെ ബാധിച്ചവർ, അതായത് ഇരകൾ ആയവരുടെ ബന്ധുക്കൾ, പരിചയക്കാർ, കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർ, കേസ് കവർ ചെയ്ത മീഡിയ പ്രതിനിധികൾ തുടങ്ങി ഒട്ടനവധി സംഭവങ്ങളുടെ വേർഷൻസ് നമുക്ക് കാണാൻ കഴിയും. ഇവയെല്ലാം തന്നെ അങ്ങേയറ്റം സ്‌ട്രെക്കിങ്ങും ഒരുവേള ഞെട്ടിപ്പിക്കുന്നതുമാണ്.

🔸ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചിലാണ് സംഭവ പരമ്പരകൾ തുടങ്ങുന്നത്. തീർത്തും അപ്രതീക്ഷിതമായി ഒരുനാൾ ഒരു യുവതിയുടെ ശവശരീരം അവരുടെ വീടിന്റെ പിന്നാമ്പുറത്തെ പാടത്ത് നിന്നും ലഭിക്കുന്നിടത്ത് വെച്ച്. കേവലം ഒരു ഒറ്റപ്പെട്ട സംഭവം എന്ന് കരുതി ഈ ഒരു കുറ്റകൃത്യത്തിന് വലിയ പ്രാധാന്യം ഒന്നും ആരും നൽകിയില്ല എങ്കിലും താമസിയാതെ ഇതിനോട് സാമ്യം ഉള്ള തോതിൽ സംഭവങ്ങൾ ഒരു തുടർ കഥയായി അരങ്ങേറുകയാണ്. ഇവയെ എല്ലാം കൂട്ടിച്ചേർക്കുന്ന ചില ഘടകങ്ങൾ അന്വേഷകർ കണ്ടെത്തുന്നിടത്ത് ഒരു സീരിയൽ കില്ലർ റിപ്പറിന്റെ സാന്നിധ്യം ഉടലെടുക്കുകയാണ്.

🔸പിന്നീടുള്ള അഞ്ച് വർഷക്കാലം റിപ്പറിന്റെ ഭീതി ജനിപ്പിക്കുന്ന വിഹാരം ആയിരുന്നെന്ന് പറയാം, അവസാനം അയാളെ പിടിക്കാൻ പൊലീസിന് പറ്റിയോ അല്ലെങ്കിൽ ഒരു ശേഷിപ്പ് പോലും അവശേഷിപ്പിക്കാതെ അയാൾ അപ്രത്യക്ഷനായോ എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ട് തന്നെ അറിയുക. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൊള്ളരുതായ്മയെയും, കെയർലെസ്സ്നെസ്സിനെയും എല്ലാം സീരീസ് നിശിതമായി വിമർശിക്കുന്നുണ്ട്. ഒരു ഡോക്യുമെന്ററി സീരീസാണ്, അത് മനസ്സിൽ വെച്ച് കൊണ്ട് കാണാൻ ഇരിക്കുക.

Verdict : Very Good

DC Rating : 4/5 

1008. The Woman Who Ran (2020)



Director : Hong Sangsoo

Genre : Drama

Rating : 6.7/10

Country : South Korea

Duration : 80 Minutes


🔸പല വിധ മൂവി ഫെസ്റ്റുകളിലും സിനിഫയൽ സർക്കിളുകളിലും മികച്ച പ്രീ റിലീസ് പ്രതികരണം കേട്ടിരുന്നത് കൊണ്ട് തന്നെ ഈ വർഷം ഏറ്റവും പ്രതീക്ഷ വെച്ച് പുലർത്തിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ദി വുമൺ ഹു റാൻ. ഒരു പ്ലോട്ട് എന്ന നിലയിൽ പറയത്തക്കതായി ഒന്നും തന്നെ ചിത്രത്തിൽ ഇല്ല എന്ന് ആദ്യമേ തന്നെ പറയേണ്ടി ഇരിക്കുന്നു. വേണമെങ്കിൽ ഒരു സെഗ്മെന്റ് രൂപത്തിൽ വിഭാവന ചെയ്യാവുന്ന ഒരു ശൈലിയിലാണ് സിനിമ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അതായത് വേണമെങ്കിൽ മൂന്ന് ഭാഗങ്ങളായി ഡിവൈഡ് ചെയ്യാവുന്ന സെഗ്മെന്റുകൾ.

🔸മന്ന് വ്യത്യസ്തമായ ടർഫുകളിൽ, പശ്ചാത്തലങ്ങളിൽ ആണ് ചിത്രം കഥ പറയുന്നത്. മൂന്ന് ഭാഗങ്ങളിലും അരങ്ങേറുന്നത് രണ്ട് അല്ലെങ്കിൽ മൂന്ന് കഥാപാത്രങ്ങൾക്ക് ഇടയിലുള്ള ഇടപഴകലുകളും സംഭാഷണങ്ങളും മാത്രമാണ്. ഈ സംഭാഷണങ്ങളിൽ കൂടിയുള്ള സ്റ്റോറി ഡെവലപ്മെന്റ് അല്ലാതെ മറ്റൊന്നും തന്നെ ചിത്രത്തിൽ ഇല്ല, അത് പ്രതീക്ഷിക്കുകയും വേണ്ട. ഈ ഒരു വസ്തുത ഇങ്ങനെ എടുത്ത് പറയാൻ കാരണം വേറൊന്നുമല്ല, ലാഗ് അല്ലെങ്കിൽ സ്ലോ എന്നൊക്കെ പരാതി പറയുന്നവർ ഈ വഴിക്ക് പോവേണ്ടതില്ല.

🔸സംവിധായകന്റെ ഭാര്യയായ കിം മിങ്‌ഹീ തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്, ഒരു കുടുംബിനിയായ പ്രസ്തുത കഥാപാത്രം വിവാഹശേഷം ആദ്യമായി ഭർത്താവിൽ നിന്ന് പിരിഞ്ഞ് താമസിക്കാൻ തയാറെടുക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. അഞ്ച് വർഷത്തെ ദാമ്പത്യത്തിന് ഇടയിൽ അവരുടെ വാക്കുകൾ കടം എടുക്കുക ആണെങ്കിൽ ഒരു ചെറിയ കലഹം പോലും ഉണ്ടായിട്ടില്ല എന്തിനധികം അങ്ങേയറ്റം സന്തുഷ്ടകരം ആയൊരു ദാമ്പത്യമാണ് അവരുടേത്, എന്നാണ് അവർ പറയുന്നത്, അതിൽ ചില സംശയങ്ങൾ തോന്നാം എങ്കിലും. അങ്ങനെ നീണ്ട കാലത്തിന് ശേഷം തന്റെ ഒരു പഴയ കൂട്ടുകാരിയോടൊപ്പം താമസിക്കാൻ എത്തുന്ന ഈ കഥാപാത്രത്തെയാണ് നമ്മൾ കണ്ട് മുട്ടുന്നത്.

🔸പിന്നീടാണ് ആദ്യ സെഗ്മന്റിന്റെ തുടക്കം, നമ്മുടെ നായികാ കഥാപാത്രം കൂട്ടുകാരിയോട് ഒപ്പം ഒരു നീണ്ട സംഭാഷണത്തിൽ ഏർപ്പെടുകയാണ്, ഈ രൂപത്തിലാണ് കഥ പിന്നീട് പുരോഗമിക്കുന്നത്. വളരെ ലീനിയർ ആയി അധികം കോമ്പ്ലിക്കേഷൻ ഒന്നും തന്നെ ഇല്ലാതെയാണ് ചിത്രം മുന്നോട്ട് പോവുന്നത്. ഡ്രാമ ജോണറിൽ പെട്ട സിനിമകൾ ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ എങ്കിൽ കണ്ട് നോക്കാവുന്നതാണ്, പല ഭാഗത്ത് നിന്നും കേട്ട സ്പെഷ്യൽ എന്ന വിശേഷണം ഒന്നും കൊടുക്കാൻ തോന്നുന്നില്ല എങ്കിലും കണ്ടിരിക്കാൻ ഉള്ള വക ഈ ചിത്രത്തിലുണ്ട്, താല്പര്യം തോന്നുന്നെങ്കിൽ ആവാം.

Verdict : Watchable

DC Rating : 3/5 

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...