Wednesday, May 29, 2019

My Favourite Theater Experiences Ever



ഒരു സിനിമ, അതേതും ആയിക്കോട്ടെ, ഏത് വിഭാഗത്തിൽ പെട്ടതും ആയിക്കോട്ടെ കാണാൻ തിയേറ്ററിലേക്ക് കയറുമ്പോൾ ഒരു പ്രതീക്ഷ ഉണ്ട്, ഇതുവരെ കാണാത്ത എന്തെങ്കിലും ഒരു വസ്തുത ഈ ചിത്രം നമുക്കായി കരുതി വെച്ചിട്ടുണ്ട് എന്ന പ്രതീക്ഷ.തൊണ്ണൂറ് ശതമാനം സമയവും ഈ പ്രതീക്ഷ പാളിപോവാറാണ് പതിവ്, ഒരു ശരാശരി അല്ലെങ്കിൽ ബേധം എന്ന് പറയാവുന്ന രീതിയിലും കുറെ ചിത്രങ്ങൾ പോവും. എന്നാൽ ശിഷ്ട്ടം കിടക്കുന്ന ഒരു ശതമാനം സിനിമകൾ, ആ നൂറിൽ ഒന്ന് എന്നൊക്കെ വിശേഷിപ്പിക്കേണ്ട സിനിമകളാണ് കൊട്ടകയിലേക്ക് വീണ്ടും കടന്ന് ചെല്ലാൻ എന്നെ പ്രേരിപ്പിക്കുന്നത്. ആവേശം, രോമാഞ്ചം, ഞെട്ടൽ, സംപ്ത്രിപ്തി, സങ്കടം തുടങ്ങി അനവധി വികാരങ്ങളുടെ, വിചാരങ്ങളുടെ കഥ പറയാനുണ്ട് ഇവയിൽ ഓരോ ചിത്രത്തിനും. ഇങ്ങനെ മനസ്സിൽ തങ്ങി നിൽക്കുന്ന, അത്ര പെട്ടെന്നൊന്നും ഓർമയിൽ നിന്ന് മായാത്ത അഞ്ച് മികച്ച തിയേറ്റർ എക്സ്പീരിയൻസുകളിലേക്കുള്ള എത്തിനോട്ടമാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.



Dark Knight Rises (2012)

Director : Chris Nolan

Genre : Superhero

Rating : 8.4/10

Country : USA

Duration : 165 Minutes


👉🏻ഡാർക്ക് നൈറ്റ് റൈസസ് എന്ന ചിത്രം റിലീസായിട്ട് ഏകദേശം ഏഴ് വർഷങ്ങൾ തികയുകയാണ്, അതിന് ശേഷം ഒരുപാട് ചിത്രങ്ങൾ തിയേറ്ററുകളിൽ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തിട്ടുമുണ്ട് എന്നാൽ ഈ ചിത്രം തന്നത് പോലൊരു ഫീൽ പിന്നീടിതുവരെ കിട്ടിയിട്ടില്ല, ഇനിയൊട്ട് കിട്ടുമെന്ന പ്രതീക്ഷയുമില്ല. ഒരു അന്യഭാഷാ ചിത്രത്തിനും മലയാളി ഓടിയെൻസ് ഇത് പോലെ റിയാക്റ്റ് ചെയ്തത് കണ്ടിട്ടില്ല. ആദ്യ രണ്ട് ചിത്രങ്ങൾ മികച്ചത് ആയത് കൊണ്ടും ഈ ചിത്രം സീരീസിലെ അവസാനത്തേത് ആയതിനാലും കാണാൻ പോവുന്നത് സ്പെഷ്യൽ ആയ ഒരു ചലച്ചിത്രാനുഭവം ആവും എന്ന ഉറച്ച തിരിച്ചറിവിലാണ് അന്ന് തിയേറ്ററിലേക്ക് കടന്ന് ചെന്നത്, പ്രതീക്ഷിച്ചതിന്റെ പത്തിരട്ടിയായി സിനിമ അത് തിരികെ നൽകുകയും ചെയ്തു. ശെരിയാണ് ചിത്രത്തിൽ പിഴവുകൾ ഉണ്ട്, ആദ്യത്തെ രണ്ടെണ്ണം പോലെ നറേറ്റിവ് അത്ര ശക്തവുമല്ല, എന്നാൽ ഇതൊന്നും തിയേറ്ററിൽ ഒരു വിഷയമേ ആയിരുന്നില്ല. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ ബ്രൂസ് വെയ്ൻ കയറിന്റെ സഹായമില്ലാതെ ജയിലിൽ നിന്നും പുറത്തേക്ക് കടക്കുന്ന സീൻ ഓർമയില്ലേ, ഇനി ആ സീൻ ഒരു തിയേറ്റർ നിറയെ കടുത്ത ആരാധകർക്കിടയിൽ, അവരുടെ കയ്യടികൾക്ക് ഇടയിൽ, ആർപ്പുവിളികൾക്ക് ഇടയിൽ കാണുന്നത് ഒന്നോർത്ത് നോക്കിക്കേ, പറഞ്ഞ് അറിയിക്കാൻ കഴിയാത്തത്ര ഉയരെയാണ് ഡാർക്ക് നൈറ്റ് റൈസസ് എന്ന അനുഭവം.



Drishyam (2013)

Director : Jeethu Joseph

Genre : Thriller

Rating : 8.6/10

Country : India

Duration : 164 Minutes


👉🏻ഈ അപ്രതീക്ഷിതമായി ലഭിക്കുന്ന ചില ഭാഗ്യ സന്ദർഭങ്ങളുണ്ട്, ലോട്ടറി അടിക്കുക എന്നൊക്കെയാണ് പൊതുവെ ഈ സന്ദർഭങ്ങളെ വിശേഷിപ്പിക്കാറ്, അത്തരത്തിൽ ലഭിച്ച ഒരു ലോട്ടറി ആണ് ദൃശ്യം എന്ന ചിത്രം. ഇനിയൊരു നാല്പത് അൻപത് വർഷം കഴിഞ്ഞാലും ഏതെങ്കിലും ഒരു ചിത്രം ആദ്യ ഷോ കാണാൻ കഴിഞ്ഞതിൽ നീ അഭിമാനിക്കുന്നുണ്ടോ എന്ന് ആരെങ്കിലും എന്നോട് ചോദിക്കുക ആണെങ്കിൽ നിസ്സംശയം പറയും അത് ദൃശ്യം റിലീസ് ദിവസം കണ്ടതിലാണ് എന്ന്. ഒരു ഇവിടം സ്വർഗമാണ് ഒക്കെ പ്രതീക്ഷിച്ചാണ് സത്യത്തിൽ അന്ന് തിയേറ്ററിലേക്ക് കയറിയത്, അതും വേണ്ടിയിട്ടല്ല എൻട്രൻസ് കോച്ചിങ് ക്‌ളാസ് കട്ട് ചെയ്ത് വേറൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് മാത്രം. ചെറിയ ചില തമാശകളും, കളി ചിരികളും ഒക്കെയായി പോയ ആദ്യ നാല്പത് മിനുട്ടിന് ശേഷം കഥ ചെറുതായി അങ്ങട്ട് മാറി, ഇന്റെർവെല്ലിന് പുറത്തിറങ്ങുമ്പോൾ മനസ്സിൽ വേറൊന്നും ഉണ്ടായില്ല, എന്തൊക്കെയോ രണ്ടാം പകുതിയിൽ വരാനുണ്ട് എന്നൊരു പ്രതീക്ഷയും, സ്‌ക്രീനിൽ കണ്ട ജോർജ്ജ് കുട്ടിയുടെ മനസിലെ പേടിയും ആയിരുന്നു എന്റെയും ഉള്ളിൽ. അവിടെ നിന്നും രണ്ടാം പകുതി, ഷാജോൺ നിലത്തിട്ട് ചവിട്ടുന്ന രംഗം ഒക്കെ പിൻ ഡ്രോപ്പ് സൈലെൻസ്, ഒടുവിൽ ആ ക്ലൈമാക്സ് കഴിഞ്ഞ് അഞ്ച് മിനുട്ട് തരിച്ച് സീറ്റിൽ തന്നെയുള്ള ഇരുത്തം, ഞാൻ മാത്രമല്ല ഒപ്പമുള്ള പതിനഞ്ച് ഇരുപത് ആളുകളും. കണ്ട് കഴിഞ്ഞത് സ്പെഷ്യൽ ആയ ഒരു ചിത്രം ആണെന്ന് തിരിച്ചറിയുക ആയിരുന്നു ആ നിമിഷങ്ങളിൽ, പിറ്റേന്ന് അത് വഴി പോകുമ്പോൾ പടം കളിക്കുന്ന തിയേറ്ററിന് മുന്നിൽ കണ്ട തിക്കും തിരക്കും തന്ന സംപ്ത്രിപ്തിക്ക് കയ്യും കണക്കുമില്ല.


Kammara Sambhavam (2018)

Director : Rathish Ambat

Genre : Satirical Thriller

Rating : 7.2/10

Country : India

Duration : 185 Minutes


👉🏻വ്യക്തിപരമായി വേറെ ലെവൽ ഒരു തിയേറ്റർ അനുഭവം ആയിരുന്നു കമ്മാര സംഭവം എങ്കിലും ഏറ്റവും നിരാശ തോന്നിയ ഒരു തിയേറ്റർ എക്സ്പെരിയെൻസും ഇത് തന്നെ. ഈ ഒരു കാരണം കൊണ്ട് തന്നെയാണ് മറ്റ് പല ചിത്രങ്ങളെയും ഒഴിവാക്കി ഈ ചിത്രം പട്ടികയിൽ ഇടം പിടിക്കുന്നതും. ദോഷം പറയരുതല്ലോ, നല്ല കൂവൽ ആയിരുന്നു ചിത്രത്തിന് പ്രത്യേകിച്ചും രണ്ടാം പകുതിയിൽ. യഥാർത്ഥ സംഭവം കാണിച്ച ആദ്യ പകുതിയും, അതിനെ വളച്ചൊടിച്ച് വ്യാഖ്യാനിച്ച രണ്ടാം പകുതിയും പ്രേക്ഷക പ്രതികരണത്തിൽ രണ്ട് ധ്രുവങ്ങളിൽ ആയിരുന്നു. പാതി വഴിക്ക് വെച്ച് വലിയൊരു ജനവിഭാഗം ഇറങ്ങി പോയതും, സംവിധായകന്റെ പേര് കാണിച്ചപ്പോൾ ലഭിച്ച വൻ കൂവലും പറയുന്നത് മറ്റൊരു കഥയാണ്. വ്യക്തിപരമായി അടുത്ത കാലത്ത് ഇറങ്ങിയ ചിത്രങ്ങളിൽ കമ്മാര സംഭാവത്തോളം അത്ഭുതപ്പെടുത്തിയ വേറെ ചിത്രമില്ല, ഒരു സിനിമ എന്ന നിലയിൽ ചിത്രത്തിന്റെ പ്രസക്തി കൂടി വരുന്നതേ ഉള്ളൂ, പ്രത്യേകിച്ചും ഈ കാലഘട്ടത്തിൽ. കഴിഞ്ഞ അഞ്ച് വര്ഷങ്ങള്ക്കിടെ ഒരു സിനിമയുടെ ടൈറ്റിൽ കാർഡ് കണ്ട് അഭിമാനത്തിൽ കയ്യടിച്ച അപൂർവം ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രം, ഭാവിയിൽ ഈ ചിത്രം എവിടെ എങ്കിലും പരാമര്ശിക്കപ്പെടുമ്പോൾ 'ഉവ്വ് ഞാനന്ന് അവിടെ ഉണ്ടായിരുന്നു' എന്ന് പറയാൻ കഴിയും എന്നത് തന്നെ സംപ്തൃപ്തി നൽകുന്ന കാര്യമാണ്.

ഈ വിഭാഗത്തിൽ പെടുന്ന മറ്റ്‌ അനവധി ചിത്രങ്ങളുണ്ട്, ഡെനിസ് വിലനോവിന്റെ അറൈവൽ, നമ്മുടെ സ്വന്തം സ്റ്റാർ വാർസ് ദി ഫോഴ്‌സ് അവെയ്‌ക്കൻസ്, ജിത്തു ജോസെഫിന്റെ തന്നെ മെമ്മറീസ്, സ്‌കൂൾ കാലഘട്ടത്തിലെ ജ്വലിക്കുന്ന ഓർമ ആയ പഴശ്ശി രാജ, ഈമായു, തുടങ്ങി അവസാനം പുറത്തിറങ്ങിയ അവേഞ്ചേഴ്‌സ് എൻഡ്ഗെയിം വരെ ഒരുപാടൊരുപാട് സിനിമകൾ. ഇത്തരത്തിലുള്ള അനുഭാഗങ്ങളാണ് കാണാൻ പോവുന്ന ചിത്രങ്ങളിലേക്ക് പ്രതീക്ഷ നൽകുന്നത്, അത് തന്നെയാണ് പ്രചോദനവും.

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...