Sunday, May 5, 2019

539. The Tashkent Files (2019)



Director : Vivek Agnihotri

Genre : Historical

Rating : 8.5/10

Country : India

Duration : 136 Minutes


🔸ലാൽ ബഹാദൂർ ശാസ്ത്രി ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ആയിരുന്നു, അദ്ദേഹത്തിന്റെ കീഴിലാണ് ഇന്ത്യ പാകിസ്താനെതിരെ അറുപത്തി അഞ്ചിലെ യുദ്ധത്തിൽ വിജയം കൈവരിച്ചത്. യുദ്ധത്തിന് ശേഷം സമാധാനം പുനഃസ്ഥാപിക്കാനായി പാകിസ്താനുമായി ചർച്ചയ്ക്ക് തയാറായിരുന്നു ശാസ്ത്രി, അതിനായി ഉസ്ബെകിസ്താനിലെ ടാഷ്കെന്റിൽ ചർച്ചയ്ക്കുള്ള കളം ഒരുങ്ങുകയും ചെയ്തു. ആറ് ദിവസങ്ങൾ നീണ്ട് നിന്ന കഠിനമായ ചർച്ചകൾക്കൊടുവിൽ ഇന്ത്യയും പാകിസ്ഥാനും കരാറിൽ ഒപ്പുവെച്ചു. കരാർ പ്രാബല്യത്തിൽ വന്നതിന്റെ ആറാം നാൾ ലാൽ ബഹാദൂർ ശാസ്ത്രി താഷ്‌ക്കന്റിൽ വെച്ച് മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണം ഇന്നും പല ചോദ്യങ്ങളും ബാക്കി വെക്കുന്നു....

🔸മുകളിൽ സൂചിപ്പിച്ച വരികളോടെയാണ് ചിത്രം ആരംഭിക്കുന്നത്. അതായത് പറയാനുള്ള, പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വ്യക്തമായും വൃത്തിയായും പറഞ്ഞ് കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ഇവിടുന്നങ്ങോട്ട് അവതരണത്തിൽ മേൽ സൂചിപ്പിച്ച വ്യക്തതയും വൃത്തിയും എല്ലാം കാത്ത് സൂക്ഷിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ചർച്ച അനിവാര്യമാണ്. വളരെ എങ്ങേയ്‌ജിങ്‌ ആയ ഒരു ത്രെഡ് തന്നെയാണ് ചിത്രത്തിന്റേത്, ഇത് പോലൊരു കഥയിൽ ചരിത്രവും സത്യവും എല്ലാം ഇടകലർത്തി ബോസ് എന്ന സീരീസ് വിജയിച്ചിടത്ത് താഷ്കെന്റ് ഫയൽസ് വിജയം ആവർത്തിക്കുമോ എന്നാണെങ്കിൽ ഇല്ല എന്ന് ഒരല്പം നിരാശയോടെ പറയേണ്ടി വരും, ഇത് ബോസ് ഡെഡ് ഓർ അലൈവ് അല്ല വേറെയാണ് ഇനം.

🔸തൊണ്ണൂറുകളുടെ തുടക്കത്തിൽ ആണ് ചിത്രം ആരംഭിക്കുന്നത്, ആധാരമായ സംഭവങ്ങൾക്ക് ഉദ്ദേശം രണ്ട് പതിറ്റാണ്ട് ശേഷം. ഒരുനാൾ ബ്രിട്ടീഷ് എംബസ്സിയുടെ മുന്നിൽ ഒരു വ്യക്തി പ്രത്യക്ഷപ്പെടുകയാണ്, ഉള്ളിലേക്ക് കടക്കാനും മേധാവിയുമായി സംസാരിക്കാനും ഉള്ള ടിയാന്റെ ശ്രമങ്ങൾ എല്ലാം വിഫലം ആയപ്പോൾ അവസാന അമ്പ് എടുത്ത് പ്രയോഗിക്കുകയാണ് ഇയാൾ. താൻ ഒരു പഴയ റഷ്യൻ ചാരൻ ആണെന്നും കെജിബി കാലഘട്ടത്തിൽ ഉള്ള തന്റെ പ്രവർത്തനങ്ങളിൽ നിന്നും നിർണ്ണായകമായ ചില വിവരങ്ങൾ തനിക്ക് നൽകാൻ കഴിയും എന്നുമുള്ള ഇയാളുടെ അവകാശ വാദത്തിന് മുന്നിൽ അംബാസഡർ കേൾവിക്കാരന്റെ വേഷം കെട്ടാൻ നിർബന്ധിതൻ ആവുകയാണ്.

🔸ഇവിടെ നിന്നും ഫോക്കസ് രാഗിണി ഫുലെ എന്ന മാധ്യമ പ്രവർത്തകയിലേക്ക് മാറുകയാണ്. ഒരു പൊളിറ്റിക്കൽ ജേർണലിസ്റ്റ് എന്ന നിലയിൽ പ്രതീക്ഷാവഹമായ യാതൊരു സവിശേഷതയും അവകാശപ്പെടാനില്ല എന്ന സ്വന്തം സീനിയരുടെ പരിഹാസം കേട്ട് പുറത്തിറങ്ങുന്ന രാഗിണിയെ തേടി ഒരു അനോണിമസ് കോൾ എത്തുകയാണ്. തന്റെ പക്കൽ ദേശീയ ശ്രദ്ധ പിടിച്ച് പറ്റാൻ കെൽപ്പുള്ള ഒരു വിഷയം ഉണ്ടെന്ന ടിയാന്റെ അവകാശവാദം രാഗിണിയെ കൊണ്ട് ചെല്ലുന്നത് അൻപത് വർഷങ്ങൾക്ക് മുൻപുള്ള താഷ്കെന്റിലും, ലാൽ ബഹാദൂർ ശാസ്ത്രിയിലും ആയിരുന്നു. ഇന്ത്യ മറന്ന ഒരു വ്യക്തിയെ കുറിച്ചുള്ള അന്വേഷണം കൊണ്ട് എന്ത് കാര്യം എന്ന ചോദ്യം രാഗിണിയെ പിന്തിരിപ്പിച്ചതും ഇല്ല.

🔸ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രി, വിദേശ രാജ്യത്ത് വെച്ച് മരണമടഞ്ഞിട്ടും വ്യക്തമായ രേഖകളോ, പോസ്റ്റ് മോർട്ടം റിപ്പോർട്ടോ ഗവണ്മെന്റിന്റെ കയ്യിൽ ഇല്ല എന്ന വിവരം സത്യത്തിൽ രാഗിണിയെയും കണ്ടിരിക്കുന്ന പ്രേക്ഷകനെയും ഒരുപോലെ ഞെട്ടിക്കുന്നുണ്ട്. അവിടുന്നങ്ങോട്ട് ഈ വിഷയത്തിൽ അരങ്ങേറുന്ന ചർച്ചകളും, സാധ്യതകളും, അന്വേഷണങ്ങളും എല്ലാമാണ് താഷ്കെന്റ് ഫയൽസ് എന്ന ചിത്രം. ട്വൽവ് ആംഗ്രി മെൻ എന്ന ചിത്രത്തിൽ നിന്നും ചെറിയ തോതിൽ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട് ഈ ചിത്രം. ഇതൊക്കെയാണ് കാര്യം എങ്കിലും ഒരു സിനിമ എന്ന നിലയിൽ പൂർണത ഈ ചിത്രത്തിന് ഇല്ല, കയ്യിലുള്ള വിഷയത്തിന് വേണ്ട രീതിയിലുള്ള ഒരവസാനമോ, ഗൗരവമോ കൊടുക്കാത്ത ചിത്രം ചില സ്ഥലങ്ങളിൽ വഴി മാറി എവിടെ ഒക്കെയോ പോയി എത്തുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ഒരു തവണ കണ്ടിരിക്കാവുന്ന, എത്രയോ മികച്ചത് ആവേണ്ടി ഇരുന്ന ഒരു ചിത്രം, അതാണ് താഷ്കെന്റ് ഫയൽസ്.

Verdict : Watchable

DC Rating : 64/100

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...