Director : Eli Craig
Genre : Comedy
Rating : 7.6/10
Country : USA
Duration : 88 Minutes
🔸കുറെ നാളുകളായി റഷ്യൻ, ജാപ്പനീസ് പഴയകാല ചിത്രങ്ങൾക്ക് പുറകെ വച്ച് പിടിച്ച് അവ മിക്കതും കണ്ട് തീർത്ത് ഒരു മൂകാവസ്ഥയിൽ നിൽക്കവേ ആണ് ടക്കർ ആൻഡ് ടെയിൽ വേഴ്സസ് ദി ഈവിൾ എന്ന ഈ കൊമെടി ചിത്രം കയ്യിൽ കിട്ടിയത്. ചിത്രത്തിന്റെ പേരും പോസ്റ്ററും ഒക്കെ കണ്ടപ്പോൾ പലപ്പോഴും അബദ്ധത്തിൽ ചാടിയ ഓർമയിൽ ഒരു ഹൊറർ ബി മൂവി സ്ട്രെയിറ്റ് റ്റു ഡിവിഡി റിപ്പോഫ് ആയിരിക്കും എന്നൊക്കെയാണ് പ്രതീക്ഷിച്ചത്, മുൻധാരണകൾ എത്രത്തോളം തെറ്റായിരുന്നു എന്ന് പടം കഴിഞ്ഞപ്പോഴാണ് പിടി കിട്ടിയത്. നല്ല ഒന്നാം ക്ലാസ് ചിത്രം, അത്യാവശ്യം നന്നായി ചിരിക്കാനും ഉണ്ട്.
🔸മുകളിൽ സൂചിപ്പിച്ചത് പോലെ തന്നെ ഒരുപാട് ഹൊറർ ക്ലിഷേ ചിത്രങ്ങൾ കണ്ട ഓർമയിൽ ഈ ചിത്രവും അത്തരത്തിൽ ഉള്ള ഒന്നാണോ എന്ന് തോന്നിപ്പോവും, പ്രത്യേകിച്ചും ആദ്യ രംഗങ്ങൾ കാണുമ്പോൾ. മിക്ക ഹൊറർ ടോർച്ചർ പോൺ സ്ലേഷർ ചിത്രങ്ങളിലും ഉള്ളത് പോലെ തന്നെ ഈ ചിത്രവും ആരംഭിക്കുന്നത് ഒരു കൂട്ടം വിദ്യാർത്ഥികളിൽ നിന്ന് ആണ്, ഒഴിവുകാലം ആഘോഷിക്കാൻ ഒരു ഒഴിഞ്ഞ താഴ്വരയിലേക്ക് വരികയാണ് ഇവർ. കളിയും ചിരിയും ഒക്കെ ആയി യാത്ര പുരോഗമിച്ച് കൊണ്ടിരിക്കെയാണ് തങ്ങളുടെ വണ്ടി ഓവർ ടേക്ക് ചെയ്ത് പോവുന്ന രണ്ട് പേരെ ഇവർ ശ്രദ്ധിക്കുന്നത്.
🔸കാണുമ്പോ തന്നെ ചെറുതായി പേടിപ്പെടുത്തുന്ന രണ്ട് കഥാപാത്രങ്ങൾ, അവരുടെ ഭാഷയിൽ ഹില്ലി ബില്ലികൾ എന്ന് പറയാം. ആദ്യ കൂടി കാഴ്ചയിൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കുന്നില്ലെങ്കിലും ക്രൂരമായ ഒരു നോട്ടം സമ്മാനിച്ച് ആ രണ്ട് കഥാപാത്രങ്ങളും കടന്ന് പോവുകയാണ്. ഇതൊന്ന് മറന്ന് വരുമ്പോഴാണ് ഈ രണ്ട് ടീമും തമ്മിലുള്ള പുനഃ സമാഗമം, ടൗണിലുള്ള ഒരു കടയിൽ വെച്ച്. ഇവിടെ ആ രണ്ട് കഥാപാത്രങ്ങളിൽ ഒരാൾ വിദ്യാർത്ഥികളിൽ ഒരാളായ ആലിയെ ചെറുതായി ഒന്ന് പേടിപ്പിക്കുകയാണ്. വിദ്യാർത്ഥി സംഘം എന്തായാലും കൂടുതൽ പ്രശ്നങ്ങൾക്ക് നിക്കാതെ തങ്ങളുടെ ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങുകയാണ്.
🔸ഇത് കഥയുടെ ഒരു വേർഷൻ, ഇനി നമുക്ക് ആ ഹില്ലിബില്ലികളുടെ വശത്ത് നിന്നും കഥ കേൾക്കാം, ടക്കറിന്റെയും ഡെയ്‌ലിന്റെയും കഥ. കാണാൻ ഭീമാകാര ലുക്ക് ഒക്കെ ഉണ്ടെങ്കിലും പഞ്ച പാവങ്ങളാണ് ഇരുവരും. രാവെളുക്കുവോളം അധ്വാനിക്കുക, മദ്യപിക്കുക, രണ്ട് തമാശ പറയുക എന്നിങ്ങനെ ലളിതമായ ദിനചര്യകളാണ് രണ്ട് പേരുടേതും. കുറച്ച് കാലമായി രണ്ട് പേരും ഒരു വീട് സ്വന്തമായി വാങ്ങാനുള്ള പ്ലാനിലാണ്, ഒടുവിൽ അത് സാധിച്ച് പുതിയ വീട്ടിലേക്കുള്ള യാത്രാ മധ്യേയാണ് കോളേജ് വിദ്യാർത്ഥികളെ കണ്ട് മുട്ടുന്നത്. ഇവരിൽ ഒരാളായ ആലിയോട് ആദ്യ കാഴ്ചയിൽ തന്നെ പ്രണയം തോന്നിയ ഡെയ്ൽ അത് പ്രകടിപ്പിക്കാൻ ചെന്നപ്പോഴാണ് അവർ പേടിച്ചതും സ്ഥലം വിട്ടതും.
🔸വിധി എന്ന വസ്തുത ഈ രണ്ട് സംഘങ്ങളെയും ഒരു തവണ കൂടി നേർക്കുനേർ കൊണ്ട് വരികയാണ്, അവധിക്കാല വസതിക്കടുത്ത് വെച്ച്. കൊലയാളികൾ എന്ന് തെറ്റിദ്ധരിച്ച് വിദ്യാർഥികൾ ടക്കറിനും, ഡെയ്‌ലിനും എതിരെ തിരിയുമ്പോൾ അവിടെ നിന്നും പിടിച്ചിരുത്തുന്ന, ചിരിപ്പിക്കുന്ന ഒരു സിനിമ ആരംഭിക്കുകയായി. ബ്ലഡ് ബാത്തും വയലൻസും അത്യാവശ്യം നല്ല തോതിൽ തന്നെ ചിത്രത്തിൽ ഉണ്ട്, ഒരു ഹൊറർ സ്പൂഫ് എന്നൊക്കെ വിശേഷിപ്പിക്കാം ഈ ചിത്രത്തെ. താല്പര്യം തോന്നുന്നെങ്കിൽ കാണുക, നല്ലൊരു എന്റെർറ്റൈനെർ ആണ് ഈ ചിത്രം.
DC Rating : 80/100
No comments:
Post a Comment