Creator : Philipp Käßbohrer
Genre : Comedy
Rating : 8.1/10
Seasons : 1
Episodes : 06
Country : Germany
Duration : 25 - 32 Minutes
🔸പേര് കേട്ടിട്ട് ഞെട്ടി ആലോചിച്ച് കാട് കേറേണ്ട, സംഭവം ഒരു ടിവി സീരീസ് ആണ്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ ഡ്രഗ്സും അതിന്റെ വില്പനയും കൈമാറ്റവും എല്ലാം പ്രധാന ഘടകങ്ങളായി വരുന്ന ഒരു ചെറിയ മിനി സീരീസ് ആണ് ഹൌ ടു സെൽ ഡ്രഗ്സ് ഓൺലൈൻ. എന്നാൽ നാർകോസ് പോലെയോ അല്ലെങ്കിൽ ബ്രെയ്ക്കിങ് ബാഡ് പോലെയോ ഡ്രഗ് കാർട്ടലുകളുടെ കഥ അല്ല ഈ സീരീസ്, ഒരു കമിങ് ഓഫ് എയ്ജ് റൊമാൻസ് മൂഡിലാണ് കഥ സെറ്റ് ചെയ്തിരിക്കുന്നതും പുരോഗമിക്കുന്നതും. ചുരുക്കി പറയുക ആണെങ്കിൽ ഒരു തരത്തിലും മിക്സ് ആവാത്ത രണ്ട് വിഷയങ്ങളുടെ കൂട്ടിക്കെട്ടൽ ആണിതെന്ന് പറയാം.
🔸ഒരു സ്വാറ്റ് ടീം റെയ്ഡോട് കൂടിയാണ് സീരീസ് ആരംഭിക്കുന്നത്, നായക കഥാപാത്രത്തെ പോലീസ് പിടിക്കുന്നത് ആണെന്നും തുടർന്നുള്ള ഭാഗം ഒരു ഫ്ലാഷ് ബാക്കിൽ ആയിരിക്കും കഥ പറഞ്ഞ് പോവുക എന്നുമൊക്കെ നമ്മൾ കരുതും എങ്കിലും കഥയിലെ ആദ്യ ട്വിസ്റ്റ് ഇവിടെ തന്നെ സംഭവിക്കുകയാണ്. നായകൻ തന്റെ വോയിസ് ഓവറിലൂടെ വെളിപ്പെടുത്തുകയാണ്, തന്റെ വിജയം കണ്ട് അസൂയ കാരണം അത് പകർത്താൻ ശ്രമിച്ച് പണി ഇരന്ന് വാങ്ങിയ അനേകം കോപ്പി കാറ്റുകളിൽ ഒന്നാണ് ഈ കഥാപാത്രം എന്ന്. ഏറെക്കുറെ സീരീസിന്റെയും കേന്ദ്ര കഥാപാത്രമായ മോറിറ്റ്സ് സിമ്മെർമാന്റെയും ടോൺ ഈ രംഗങ്ങളിൽ തന്നെ സെറ്റ് ചെയ്യപ്പെടുന്നുണ്ട്.
🔸ഇനി മോറിറ്റ്സ് സിമ്മെർമാനെ കുറിച്ച് പറയുക ആണെങ്കിൽ ആളൊരു സാധാരണക്കാരനും അതിനോളം തന്നെ പാവവും ആണ് എന്ന് പറയേണ്ടി വരും, ഒരു ടിപ്പിക്കൽ നേർഡിന് ആവശ്യമായ എല്ലാ സ്വഭാവ ഗുണങ്ങളും രീതികളും ശൈലിയും എല്ലാം മോറിറ്റ്സിന് ഉണ്ട്. ഇതോടൊപ്പം ഉൾവലിഞ്ഞ ശൈലിയും, മിഡിൽ ക്‌ളാസ് ജീവിത ശൈലിയും, ശരാശരിയോ അതിൽ താഴെയോ നിൽക്കുന്ന രൂപ ഭംഗിയും എല്ലാം കൂടി ചേരുമ്പോൾ മോറിറ്റ്സ് ആയി. മോറിറ്റ്സ് കുട്ടി കാലം തൊട്ടേ ലിസാ നൊവാക് എന്ന കളി കൂട്ടുകാരിയുമായി അഗാധ പ്രണയത്തിലാണ്, അവൾക്കും ഇതേ വികാരം തിരിച്ചുണ്ട് എന്നതാണ് സത്യം, അല്ലെങ്കിൽ ഉണ്ടായിരുന്നു എന്ന് പറയാം.
🔸കഴിഞ്ഞ ഒരു വർഷക്കാലമായി ലിസ ഉപരി പഠനത്തിനായി ന്യു യോർക്കിൽ ആയിരുന്നു, ഈ കാലയളവിൽ അവളിൽ ഒരുപാട് മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്, അതിൽ ഏറ്റവും പ്രധാനമാണ് മോറിറ്റ്സിൽ നിന്നും ലിസ അകന്ന് പോയിരിക്കുന്നു എന്ന വസ്തുത. ഇന്ന് അവൾ മറ്റൊരു ബന്ധത്തിൽ സന്തുഷ്ടയാണ്, എന്നാൽ ഈ കാര്യം മോറിറ്റ്സിന് അറിയത്തതുമില്ല. ദിവസങ്ങൾ എന്നി ലിസയുടെ മടങ്ങി വരവിന് വേണ്ടി കാത്തിരുന്ന മോറിറ്റ്സിന് ഏറ്റ കനത്ത അടിയായിരുന്നു ലിസയുടെ ഈ മാറ്റം. ഇവിടെ നിന്നും ആരംഭിക്കുന്ന മോറിറ്റ്സിന്റെ യാത്ര അയാളെ കൊണ്ട് ചെന്നെത്തിക്കുന്നത് യൂറോപ്പിലെ ഏറ്റവും വലിയ ഓൺലൈൻ ഡ്രഗ് ഡീലറിലേക്കാണ്.
🔸വെറും ആറ് എപ്പിസോഡ് മാത്രമേ ഉള്ളൂ ഈ ജർമൻ സീരീസ്, പ്ലോട്ടിൽ നിന്നും ഒരു സാധാരണ പൈങ്കിളി കമിങ് ഓഫ് എയ്ജ് ഡ്രാമ ആയിരിക്കും എന്ന് കരുതിയിരുന്നെങ്കിലും ഒരു മിനിറ്റ് പോലും ബോർ അടിപ്പിക്കാതെ അത്യാവശ്യം പിടിച്ചിരുത്തി തന്നെ കടന്ന് പോവുന്നുണ്ട് കഥ. മുകളിൽ സൂചിപ്പിച്ച രണ്ട് പേർക്ക് പുറമെ നല്ല ചില കഥാപാത്രങ്ങൾ കൂടിയുണ്ട് ഈ സീരീസിൽ. ഇനിയും തുടർ ഭാഗങ്ങൾ വരാൻ സാധ്യത ഉണ്ടെന്ന് കേട്ടിരുന്നു, അതിൽ സന്തോഷം മാത്രം. ചുരുക്കി പറഞ്ഞാൽ രണ്ട് സിനിമ കാണുന്ന സമയം കൊണ്ട് കണ്ട് തീർക്കാൻ കഴിയുന്ന നല്ലൊരു മിനി സീരീസ് ആണ് ഹൌ ടു സെൽ ഡ്രഗ്സ് ഓൺലൈൻ ഫാസ്റ്റ്, താല്പര്യം ഉണ്ടെങ്കിൽ കാണാൻ ശ്രമിക്കുക.
DC Rating : 85/100
No comments:
Post a Comment