Tuesday, September 17, 2019

608. Last Black Man In San Fransisco (2019)



Director : Joe Talbot

Genre : Drama

Rating : 7.5/10

Country : USA

Duration : 120 Minutes


🔸ഈ ബ്ലാക്ക് സെന്റിമെൻസ് ആധാരമായി വരുന്ന ചിത്രങ്ങളോട് പൊതുവെ വലിയ താല്പര്യം തോന്നിയിട്ടില്ല, ഇൻ ദി ഹീറ്റ് ഓഫ് ദി നൈറ്റ് പോലെയുള്ള പഴയകാല സിനിമകൾ ഇഷ്ടമാണെങ്കിൽ കൂടിയും ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയ ഈ വിഭാഗത്തിൽ വന്ന പല ചിത്രങ്ങളും കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്ന രീതി പിന്തുടരുന്നത് പോലെ തോന്നിയിരുന്നു പലപ്പോഴും. പ്രസ്തുത വിഭാഗക്കാർ അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങളെ താഴ്ത്തി കെട്ടുകയോ അവഹേളിക്കുകയോ ഒന്നുമല്ല, ഒരുപക്ഷെ ആ അന്തരീക്ഷം അപരിചിതം ആയത് കൊണ്ടുമാവാം. എന്തായാലും ഈ കാരണങ്ങൾ കൊണ്ട് തന്നെ ദി ലാസ്റ്റ് ബ്ലാക്ക് മാൻ ഇൻ സാൻ ഫ്രാൻസിസ്‌കോ എന്ന ചിത്രവും ആദ്യം വലിയ താല്പര്യം ഒന്നും ജനിപ്പിച്ചില്ല, എന്നാൽ ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണങ്ങളും മറ്റും കാണാനുള്ള കാരണങ്ങളായി മാറി.

🔸ജിമ്മി ഫെയിൽസ്, മോണ്ട് അലൻ, രണ്ട് സുഹൃത്തുക്കളാണ്, ഇവരാണ് നമ്മുടെ കേന്ദ്ര കഥാപാത്രങ്ങൾ. ജിമ്മി തന്റെ മുത്തച്ഛനും മോണ്ടിനോടും ഒപ്പമാണ് താമസിക്കുന്നത്. പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്ത രണ്ട് പേരും തങ്ങളുടെ സമയം ചിലവഴിക്കുന്നത് ഒരു കാര്യവും ഇല്ലാതെ നഗരത്തിലൂടെ റോന്ത് ചുറ്റിയാണ്. ഇങ്ങനെ ഉള്ള ദിവസങ്ങളിൽ ഒന്നിലാണ് ചിത്രം കഥ പറഞ്ഞ് തുടങ്ങുന്നത്, രണ്ട് കഥാപാത്രങ്ങളും ബസ് കാത്ത് നിൽക്കുന്നതിനിടെ തങ്ങളുടെ കഥ പറഞ്ഞ് തുടങ്ങുകയാണ്. ഈ സംഭാഷണങ്ങളിൽ തങ്ങളുടെ ചുറ്റുപാടുകൾ, തങ്ങൾ ജനിച്ച് വന്ന നഗരം, തങ്ങൾ നേരിട്ട അനുഭവങ്ങൾ, ഈ സംസ്കാരം എന്നിവ എല്ലാം വിഷയമായി വരാറുണ്ട്.

🔸ജിമ്മിയുടെയും മോണ്ടിന്റെയും റോന്ത് ചുറ്റലുകളിൽ ഒഴിച്ച് കൂടാനാവാത്ത ഒരു സ്ഥലമുണ്ട്, നഗരത്തിന്റെ ഒത്ത നടുക്ക് പഴയ കാല ശൈലി വിളിച്ചോതുന്ന, വിക്ടോറിയൻ സംസ്കാരത്തിന്റെ ബാക്കി പത്രമായ ഒരു പഴയ വീട്. ഈ വീടിനോട് ഒരു തരം ഒബ്‌സഷൻ ആണ് ജിമ്മിക്ക്, അതിന് ഒരു കാരണവും അവൻ പറയുന്നുണ്ട്. ജിമ്മിയുടെ മുത്തച്ഛൻ നാല്പതുകളിൽ പണിത ഒന്നാണ് ഈ വീട്, നഗരത്തിലെ ആദ്യ വലിയ സൃഷ്ടികളിൽ ഒന്ന്. ഈ ഒരു കഥയാണ് വീടിനോടുള്ള അടുപ്പത്തിന്റെ കാരണമായി നമ്മുടെ ജിമ്മി മോണ്ടിനോട് പറയുന്നത്. തന്റെ മുത്തച്ഛന്റെ കഴിവിനോടുള്ള താല്പര്യമാവാം, ഇല്ലെങ്കിൽ ഈ നഗരത്തിന്റെ ഉയർച്ചയിൽ അദ്ദേഹം വഹിച്ച പങ്കിന്റെ ഓർമ്മപ്പെടുത്തലും ആവാം.

🔸പ്രസ്തുത വീട്ടിൽ ഇപ്പോൾ താമസമാക്കിയ വൃദ്ധ ദമ്പതിമാർ വീട് നേരാം വണ്ണം നോക്കുന്നില്ല എന്നൊരു പരാതി ഉണ്ട് ജിമ്മിക്ക്, അത് അവൻ നാഴികയ്ക്ക് നാല്പത് വട്ടം എന്ന തോതിൽ മോണ്ടിനോട് പറയുന്നുമുണ്ട്. ഈ പരാതി പറച്ചിൽ അല്ലാതെ ഈ വിഷയത്തിൽ ജിമ്മിക്ക് വലിയ റോൾ ഒന്നുമില്ല, കാരണം നിയമ പരമായി ആ വീട്ടിൽ അവന് യാതൊരു അവകാശമോ അധികാരമോ ഇല്ല, കടന്ന് കയറിയാൽ തന്നെ അത് കുറ്റകരവും ആണ്. അപ്പൊ മിക്കപ്പോഴും അവിടെ ചെല്ലും, ദൂരെ നിന്ന് നോക്കും, പരാതി പറയും, മടങ്ങി പോരും, ഇതാണ് പാറ്റേൺ, കുറച്ച് കാലമായി ഇത് ഇങ്ങനെ തന്നെയാണ് തുടർന്ന് പോവുന്നതും.

🔸മുകളിലെ കഥയുടെ ചെറിയ ഭാഗത്ത് നിന്ന് തന്നെ മനസിലാക്കാം ഇതൊരു ഡ്രാമ ചിത്രമാണ്, അതും അത്യാവശ്യം നല്ല സ്ലോയിൽ തന്നെ പോകുന്ന ഒരു ഡ്രാമ ചിത്രം. നല്ല അഭിനയവും, അത്യാവശ്യം ടച്ചിങ് ആയൊരു ക്ലൈമാക്‌സും ചിത്രത്തിന്റെ പ്രത്യേകതകൾ തന്നെയാണ്. ആദ്യ ഭാഗത്ത് സൂചിപ്പിച്ച വിഷയം കൊണ്ടോ എന്തോ ഒരു നിരാശയാണ് ലാസ്റ്റ് ബ്ലാക്ക് മാൻ ഇൻ സാൻ ഫ്രാൻസിസ്‌കോ എന്ന ചിത്രം കണ്ട് കഴിയുമ്പോൾ അനുഭവപ്പെട്ടത്, പേരിനും ഖ്യാതിക്കും ഉള്ള ഉയരത്തിലേക്ക് എത്താതെ പോയ പോലെ ഒരു തോന്നൽ, അപ്പോഴും ഇതൊരു മോശം ചിത്രമാവുന്നില്ല, നല്ല ചിത്രം തന്നെ.

Verdict : Good

DC Rating : 70/100

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...