Director : Scott Aukerman
Genre : Comedy
Rating : 6.5/10
Country : USA
Duration : 82 Minutes
🔸ബിറ്റ്വീൻ റ്റു ഫേൺസ് എന്ന പരിപാടിയെ പറ്റി ആദ്യമായി അറിഞ്ഞത് ഉദ്ദേശം ഒരു ആറ് മാസം മുൻപാണ്, സ്ഥിരം യൂറ്റിയൂബ് അന്വേഷണങ്ങൾക്ക് ഇടയിലാണ് ബ്രാഡ് പിറ്റുമായുള്ള സാക്ക് ഗാലിഫിയാനാകിസിന്റെ സെഗ്മെന്റ് കാണാൻ ഇടയായത്. തന്റെ മുന്നിൽ ഇരിക്കുന്ന അതിഥികളെ ആക്കുന്ന രീതിയിൽ ഉള്ള ചോദ്യങ്ങളും തമാശ രൂപേണ ഉള്ള അവഹേളന ട്രോളുകളും പോകെ പോകെ നന്നായി രസിച്ചു. ബ്രാഡ് പിറ്റ് സെഗ്‌മെന്റിന്റെ എന്റിങ്ങോടെ പരിപാടിയുടെ മറ്റ് എപ്പിസോഡുകൾ തേടി പിടിച്ച് കാണുക ആയിരുന്നു, ഒടുവിൽ ഒരു റ്റു ഫേൺസ് ചിത്രം നെറ്റ്ഫ്ലിക്സ് പുറത്തിറക്കുന്നു എന്ന് കേട്ടപ്പോൾ അതിന് വേണ്ടിയുള്ള കാത്തിരിപ്പായി അത് പരിണമിക്കുകയും ചെയ്തു.
🔸പഴയ എപ്പിസോഡുകൾ പോലെ തന്നെ സെലിബ്രിറ്റികളും ആയുള്ള ഇന്റർവ്യൂ സെഗ്മെന്റുകളാണ് ഇവിടെയും ഹൈലൈറ്റ്. കീനു റീവ്സ്, മാത്യു മക്കെണോലി, ജോൺ ഹാം, ബ്രൈ ലാർസൺ, ഗാൽ ഗാഡറ്റ് തുടങ്ങി പ്രശസ്തരായ അനവധി നടീ നടന്മാർ ചിത്രത്തിൽ വന്ന് പോവുന്നുണ്ട്. ഇവർ എല്ലാവരുമായി രസകരമായ ഇന്റർവ്യൂകൾ ഉണ്ട് എന്ന് മാത്രമല്ല ഇതിനെയെല്ലാം കണക്റ്റ് ചെയ്യുന്ന ഒരു കഥ കൂടി ചിത്രത്തിലുണ്ട്. വലിയ സെൻസോ ലോജിക്കോ ഒന്നും തപ്പി പോയില്ലെങ്കിൽ ആദ്യം തൊട്ട് അവസാനം വരെ ചിരിക്കാനുള്ള വകുപ്പ് ഈ പടത്തിൽ ഉണ്ട്, ആ വിഭാഗത്തിൽ നൂറ് ശതമാനം ഗ്യാരന്റി.
🔸കഥ എന്നാൽ, റ്റു ഫേൺസ് എന്ന പരിപാടിയുടെ ഹോസ്റ്റ് ആണ് നമ്മുടെ കേന്ദ്ര കഥാപാത്രമായ സാക്ക് ഗാലിഫിയാനാകിസ്, പരിപാടിയുടെ ഒരു ഉദ്ദേശം എന്താണെന്ന് വെച്ചാൽ അതിഥികളെ വിളിച്ച് വരുത്തി അവരോട് മറ്റാരും ചോദിയ്ക്കാൻ മടിക്കുന്ന കാര്യങ്ങളും മറ്റും ചോദിക്കുകയും, ട്രോളലും മറ്റും ഒക്കെ തന്നെയാണ്. ഇങ്ങനെ പ്രമുഖ നടനായ മതി മാകണോഗ്ലിയുമായുള്ള ഒരു അഭിമുഖ വേളയിലാണ് ചിത്രം ആരംഭിക്കുന്നത്. പുള്ളിയുടെ അഭിനയത്തേയും സിനിമകളെയും എല്ലാം നന്നായി തന്നെ സാക്ക് ട്രോളി മുന്നോട്ട് പോകവേ ആണ് ആ മുറിയിൽ ഒരു പ്രത്യേക സംഭവം അരങ്ങേറുന്നത്.
🔸മുറിയിലേക്കുള്ള പൈപ്പിന്റെ ലീക് കാരണം അവിടേക്ക് വെള്ളം വന്ന് നിറയുകയാണ്, രക്ഷപ്പെടാൻ എല്ലാവരും തങ്ങളാൽ കഴിയുന്ന ശ്രമങ്ങൾ നടത്തുന്നുണ്ട് എങ്കിലും മഗ്കാണോഗ്ലിയുടെ കാര്യത്തിൽ സാക്കിന് വലിയ സഹായം ഒന്നും ചെയ്യാനായില്ല. അവസാനമായി ഗഡി കാണുന്നത് മുങ്ങി താഴുന്ന മാത്യുവിനെയാണ്. ഈ സംഭവം സാക്കിന് ക്ഷീണം ആവുന്നതും അതിനെ തുടർന്ന് അരങ്ങേറുന്ന സംഭവങ്ങളും എല്ലാമാണ് ചിത്രത്തിന്റെ പ്രമേയം. മുൻപ് സൂചിപ്പിച്ചത് പോലെ തന്നെ ലോജിക്ക് പോലെയുള്ള കാര്യങ്ങളിൽ വലിയ ശ്രദ്ധ കൊടുക്കേണ്ടതില്ല, ഇനി കൊടുത്താലും വലിയ കാര്യമില്ല.
🔸ചില സമ്മർദ്ദങ്ങൾ കാരണം അടുത്ത രണ്ടാഴ്ചയ്ക്കിടെ പത്ത് സെലിബ്രിറ്റികളുമായി അഭിമുഖം നടത്താനായി സാക്കും ടീമും ഇറങ്ങി പുറപ്പെടുന്നതും, അതിനെ തുടർന്നുള്ള രസകരമായ കാര്യങ്ങളും കണ്ട് മുട്ടുന്ന നടീ നടന്മാരും എല്ലാമായി നല്ല കോമിക്കലായി പടം മുന്നോട്ട് പോവുന്നുണ്ട്. ഒന്നര മണിക്കൂറിൽ താഴെയേ ദൈർഖ്യമുള്ളൂ, കാണുന്നത് കൊണ്ട് വലിയ നഷ്ടം ഒന്നും തന്നെയില്ല എന്ന് മാത്രമല്ല നല്ല ചിരിക്കും വകുപ്പുണ്ട്, വ്യക്തിപരമായി അത് തന്നെ വലിയൊരു കാര്യമാണ്. അത്കൊണ്ട് കാണാൻ താല്പര്യപ്പെടുന്നെങ്കിൽ ഒന്ന് നോക്കാം, നെറ്റ്ഫ്ലിക്സിൽ ചിത്രം ഇന്ന് എത്തീട്ടുണ്ട്.
DC Rating : 70/100
No comments:
Post a Comment