Director : James Gray
Genre : Sci Fi
Rating : 7/10
Country : USA
Duration : 125 Minutes
🔸റോയ് മക്‌ബ്രൈഡ് എന്ന നായക കഥാപാത്രത്തിന്റെ വോയിസ് ഓവറോഡ് കൂടിയാണ് ചിത്രം ആരംഭിക്കുന്നത്. തുടക്കത്തിൽ അയാളുടെ ദൗത്യത്തെ കുറിച്ച് വലിയൊരു വ്യക്തത ഒന്നും ചിത്രം നല്കുന്നില്ലെങ്കിലും എന്തോ കാര്യപ്പെട്ട ഒരു യാത്രയ്ക്കായി അയാൾ ഇറങ്ങുക ആണെന്ന് വ്യക്തമാണ്, ശാരീരികവും മാനസികവുമായി അയാൾ ആ യാത്രയ്ക്ക് തയ്യാറെടുത്ത് കഴിഞ്ഞിരിക്കുകയാണ്, സ്വന്തം വാക്കുകളിൽ പറയുക ആണെങ്കിൽ ജീവിതത്തിൽ അതുവരെ നടന്ന സകല സംഭവങ്ങളും കാര്യങ്ങളും അനുഭവങ്ങളും എല്ലാം ഈ ഒരു പോയിന്റിലേക്ക് അല്ലെങ്കിൽ ആരംഭിക്കാനിരിക്കുന്ന യാത്രയിലേക്ക് വന്ന് ചേർന്നിരിക്കുകയാണ്.
🔸ബഹിരാകാശം പ്രമേയമായ ചിത്രം ആയിരുന്നിട്ട് കൂടി ഒരല്പം ഫിലോസഫിക്കൽ ആണ് ഈ ചിത്രം. റോയ് മക്‌ബ്രൈഡ് എന്ന കഥാപാത്രത്തിന്റെ മാനസിക നിലയ്ക്കും ഭൂത കാലത്തിനും എല്ലാം പ്രാധാന്യം നൽകുന്ന രീതിയിൽ വോയിസ് ഓവറിലൂടെയാണ് ചിത്രത്തിന്റെ നല്ലൊരു ഭാഗം പുരോഗമിക്കുന്നത്. ഒരുവേള ഈ വോയിസ് ഓവർ അധികമായി പോയോ എന്നൊരു സംശയം പോലും ഉയർന്നു, സ്പൂൺ ഫീഡിങ്ങിലേയ്ക്കും ചിലയിടത്ത് ചിത്രം കടന്നതായി തോന്നി. ദീർഘനാൾ പ്രൊഡക്ഷനിൽ ഇരുന്നും ചിത്രീകരണ വേളയിൽ ഒരുപാട് തടസ്സം നേരിട്ടും നന്നേ ബുദ്ധിമുട്ടിയാണ് ആഡ് ആസ്ട്ര തിയേറ്ററുകളിൽ എത്തിയത്.
🔸ഇന്ത്യയിൽ റിലീസ് പറഞ്ഞിരുന്ന ദിവസത്തിന് രണ്ട് ദിവസം മുന്നേ പാടെ റിലീസ് ഒഴിവാക്കി ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കാണിച്ച ചതിയോളം വലുതൊന്ന് ഈ വർഷം മറ്റൊന്ന് കാണിച്ച് തരാനില്ല. പ്രധാനമായും രണ്ട് കാരണങ്ങൾ കൊണ്ടാണ് ഈ ചിത്രത്തിനായി കാത്തിരുന്നത്, ഒന്ന് സ്പേസ് ഫിലോസഫിക്കൽ ചിത്രം എന്ന രസകരമായി തോന്നിയ കൺസപ്റ്റ് കാരണം, മറ്റൊന്ന് ചിത്രത്തിന്റെ പ്രിലിമിനറി ഷോയിൽ പടം കണ്ടൊരു ക്രിട്ടിക്ക് ഈ ചിത്രത്തിന് നൽകിയ 'അപോകലിപ്സ് നൗ ഇൻ സ്‌പെയ്‌സ്' എന്ന വിശേഷണം കാരണം. ഇത് തള്ളാവാൻ ആയിരുന്നു സാധ്യത കല്പിച്ചതെങ്കിലും ആ താരമത്യം, അത് ധാരാളം ആയിരുന്നു.
🔸പ്രമേയത്തിലും അവതരണത്തിലും സാമ്യതകൾ ഉണ്ട് രണ്ട് ചിത്രങ്ങൾ തമ്മിലും, രണ്ടിടത്തും ജീവിതം കൈവിട്ട് പോയികൊണ്ടിരിക്കുന്ന നായക കഥാപാത്രം വർഷങ്ങൾക്ക് മുന്നേ കാണാതായ ഒരു കഥാപാത്രത്തെ തേടി യാത്ര തിരിക്കുന്നതാണ്, ഇവിടെ വ്യത്യാസം എന്താണെന്ന് വെച്ചാൽ റോയ് അന്വേഷിച്ചിറങ്ങുന്നത് സ്വന്തം അച്ഛനെ ആണ് എന്നതാണ്. പതിറ്റാണ്ടുകൾക്ക് മുന്നേ ഒരു പര്യവേഷകനായി ഭൂമി വിട്ട ആളാണ് റോയിയുടെ അച്ഛനായ ക്ലിഫ്‌ഫോർഡ്, പിന്നീട് ഒരു വിവരവും ഉണ്ടായിട്ടില്ല, എന്തിനധികം ഇന്നയാൾ ജീവനോടെ ഉണ്ടോ എന്ന് പോലും ഉറപ്പില്ല. ഈ ക്ലിഫ്‌ഫോർഡിനെ അന്വേഷിച്ചാണ് റോയ് ഇറങ്ങി പുറപ്പെടുന്നത്.
🔸ചിത്രത്തിൽ നിന്നും പ്രതീക്ഷിച്ചത് എന്താണോ, അത് നല്ല അന്തസ്സായി മടക്കി തരുന്നുണ്ട് എന്നത് എടുത്ത് പറയണം. പെർഫോമൻസ് വെച്ച് എല്ലാവരും ടോപ് ഫോമിലാണ്, നല്ല വിഷ്വൽസും സിനിമാട്ടോഗ്രഫിയും എല്ലാം ചിത്രത്തിന്റെ എടുത്ത് പറയേണ്ട പ്രത്യേകതകളാണ്, പ്രത്യേകിച്ചും ഓപ്പൺ അക്ടിലേത്. അതുവരെ ഉള്ള ടോണിൽ നിൽക്കാതെ ത്രിൽ മോഡിലേക്ക് പോവുന്ന ഫൈനൽ ആക്റ്റും മികച്ചതായിരുന്നു, ചുരുക്കി പറയുക ആണെങ്കിൽ തീർച്ചയായും നല്ലൊരു ചിത്രമാണ് ആഡ് ആസ്ട്ര, കാണാൻ ശ്രമിക്കുക.
DC Rating : 80/100
No comments:
Post a Comment