Tuesday, December 17, 2019

659. Portrait Of A Lady On Fire (2019)



Director : Céline Sciamma

Genre : Drama

Rating : 8.3/10

Country : France

Duration : 119 Minutes


🔸സ്വവർഗ്ഗ പ്രണയം പശ്ചാത്തലമാക്കി അനവധി സിനിമകൾ വിദേശ ഭാഷകളിലായി പുറത്തിറങ്ങിയിട്ടുണ്ട്, ഇവ മിക്കതും മികച്ച പ്രതികരണങ്ങൾ നേടിയവയും കയ്യടി കരസ്ഥമാക്കിയവയുമാണ്, ലോകത്ത് പല ഭാഗങ്ങളിലും ഇവരോടുള്ള മനോഭാവത്തിലും വലിയ മാറ്റങ്ങൾ കണ്ട് തുടങ്ങിയിട്ടുണ്ട് എന്നതും നല്ല കാര്യം, പ്രത്യേകിച്ചും ഒരു രണ്ട് നൂറ്റാണ്ട് മുൻപൊക്കെ ഉള്ള സ്ഥിതി ഗതികൾ കണക്കിൽ എടുക്കുക ആണെങ്കിൽ. ഈ വിഷയത്തോടുള്ള നമ്മുടെ നാട്ടിലെ ചിലരുടെ മനോഭാവത്തിലേക്ക് കടക്കുന്നില്ല, അത് മനസിലാവണം എങ്കിൽ ഒരു രണ്ട് മൂന്നാഴ്ച മുൻപുള്ള സ്വവർഗ്ഗ ദമ്പതിമാരുടെ വിവാഹ പരസ്യത്തിന് കീഴിൽ വന്ന കമന്റുകൾ മാത്രം ശ്രദ്ധിച്ചാൽ മതിയാവും. അത് തല്ക്കാലം നമുക്ക് വിടാം, ഈ ഒരു വിഷയം തന്നെയാണ് പോർട്രെയിറ്റ് ഓഫ് എ ലേഡി ഓൺ ഫയർ എന്ന ചിത്രത്തിന്റെ പ്രമേയം.

🔸പതിനെട്ടാം നൂറ്റാണ്ടിലെ ഇറ്റലി ആണ് നമ്മുടെ കഥാ പശ്ചാത്തലം, മറിയാൻ എന്ന യുവതി കഥ പറയുന്ന പോലെയാണ് ചിത്രം പുരോഗമിക്കുന്നത്, മറിയാൻ ഒരു ചിത്രകാരിയാണ്. കുറച്ച് വർഷങ്ങൾക്ക് മുന്നെയാണ് ഒരു യുവതിയുടെ നിർദ്ദേശ പ്രകാരം മറിയാൻ ബ്രിട്ടണിയിൽ എത്തുന്നത്, ഒരു യുവതിയുടെ പോർട്രെയിറ്റ് അല്ലെങ്കിൽ ചിത്രം വരയ്ക്കുക എന്നതായിരുന്നു അവളുടെ ദൗത്യം. ലളിതമായ കാര്യം എന്ന് കേൾക്കുമ്പോൾ തോന്നുമെങ്കിലും ഇതിൽ ചെറിയൊരു പ്രശ്നമുണ്ട്, ആരുടെ ചിത്രമാണോ വരക്കേണ്ടത്, അവർ ഇതറിയാൻ പാടില്ല.

🔸ഇനി മറ്റൊരു കഥാപാത്രത്തിലേക്ക് പോവാം, മറിയാൻ വരക്കേണ്ടത് ഹെലോയിസ് എന്ന യുവതിയുടെ ചിത്രമാണ്. ഹെലോയിസ് ദീർഘ നാളായുള്ള കോൺവെന്റ് വാസത്തിന് ശേഷം മടങ്ങി വീട്ടിൽ എത്തിയിട്ട് നാളുകൾ ഏറെ ആയില്ല, ഇതിനെല്ലാം പുറമെ വ്യക്തി ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന ചില നഷ്ടങ്ങളിൽ നിന്നും അവർ കരകയറി വരുന്നതേ ഉള്ളൂ. ഈയൊരു പശ്ചാത്തലത്തിൽ ഹെലൂയിസിന്റെ ചിത്രം വരയ്ക്കാനായി മറിയാൻ എത്തിയതിന് ഒരു പ്രത്യേക കാരണമുണ്ട്. ഹെലൂയിസിന് ഒരു കല്യാണ ആലോചന വന്നിരിക്കുകയാണ്.

🔸വരൻ ആവേണ്ട വ്യക്തി ഇറ്റലിയിലെ ഒരു പ്രമുഖനാണ്, എല്ലാം കൊണ്ടും ദോഷം പറയാൻ ഒന്നുമില്ലാത്ത ബന്ധം, ഒരേയൊരു പ്രശനം മാത്രം, ലവലേശം താല്പര്യം ഇല്ല ഹെലൂയിസിന്. ഈ താല്പര്യമില്ലായ്മ കാരണം തന്നെ തന്റെ പടം വരയ്ക്കാൻ സമ്മതിച്ചിട്ടുമില്ല അവർ, ഇതാണ് മറിയാനിന്റെ ദൗത്യം. ഒറ്റപ്പെടൽ അനുഭവിക്കുന്ന ഹെലൂയിസിന് ഒരു കൂട്ടായി, സന്തത സഹചാരി ആയൊരു സുഹൃത്ത് എന്ന നിലയ്ക്കാണ് മറിയാനിനെ ഹെലൂയിസിന്റെ അമ്മ പരിചയപ്പെടുത്തുന്നത്. പല രീതിയിലും സാമ്യതകൾ ഉള്ള ഈ രണ്ട് പേർക്കുമിടയിൽ ഒരു സൗഹൃദം ഉടലെടുക്കുകയാണ്.

🔸എന്നാൽ കാര്യങ്ങൾ കൂടുതൽ കോംപ്ലക്സ് ആവുന്നത് സൗഹൃദത്തിന് പുറമേയൊരു ബന്ധം കൂടി അവിടെ ഉണ്ടാവുമ്പോഴാണ്, പ്രണയം എന്നൊരു ഫാക്ടർ കൂടി പിറക്കുകയാണ്. കാലഘട്ടവും, കഥാപാത്രങ്ങളുടെ സാംസ്‌കാരിക ചുറ്റുപാടുകളും എല്ലാം ശ്രദ്ധയിൽ എടുക്കുമ്പോഴാണ് ഈ വിഷയത്തിന്റെ ഗൗരവം പൂർണമായും പിടികിട്ടുന്നത്. ഈ വർഷം കണ്ട മികച്ച ചിത്രങ്ങളിൽ ഒന്നാണ് പോർട്രെയിറ്റ് ഓഫ് എ ലേഡി ഓൺ ഫയർ, ഒരു സംശയവും ഇല്ലാതെ പറയാം. പ്രദർശിപ്പിച്ച വേദികളിൽ എല്ലാം മികച്ച അഭിപ്രായങ്ങൾ കരസ്ഥമാക്കിയ ചിത്രം തീർച്ചയായും കാണാൻ ശ്രമിക്കുക.

Verdict : Must Watch

DC Rating : 92/100

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...