Director : Park Hoon Jung
Genre : Thriller
Rating : 7.3/10
Country : Korea
Duration : 139 Minutes
🔸ഒരു മൃഗത്തിനും മനുഷ്യനും ഇടയിൽ ഉടലെടുക്കുന്ന പകയും ,വൈരാഗ്യവും ,മത്സരവും എല്ലാം മികച്ച കഥകളും അതിലും മികച്ച സിനിമകളും ആയി രൂപാന്തര പെട്ട ചരിത്രമേ ഉള്ളൂ. അവിടെ ഉടലെടുക്കുന്നത് പണത്തിനും പദവിക്കും വിലയിടാൻ കഴിയാത്ത ഒറ്റയാന്മാരുടെ മത്സരമാണ്. ഓരോ തവണ തോൽപ്പിക്കപ്പെട്ടപ്പോഴും ,അളക്കാനാവാത്ത നഷ്ടങ്ങൾ സഹിക്കേണ്ടി വന്നപ്പോഴും ,ജീവിതം തന്നെ ചോദ്യ ചിഹ്നമായി നിന്നപ്പോഴും തോൽവി സമ്മതിക്കാതെ മോബിഡിക്കിനെ തോൽപ്പിക്കാനായി മടങ്ങിയെത്തിയ ആഹാബിന്റെ കഥ ഇതിഹാസം ആയി മാറിയത് അത് കൊണ്ട് തന്നെയാണ്. ഈ സ്രെണിയിൽ ഉൾപ്പെടുത്താൻ തീർത്തും അർഹമായ ചിത്രമാണ് ടൈഗർ ആൻ ഓൾഡ് ഹണ്ടേഴ്സ് ടയിൽ.
🔸തന്റെ നല്ല പ്രായം കഴിഞ്ഞ മാൻഡുക് എന്ന വേട്ടക്കാരനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം ,അയാളോളം തന്നെ പ്രാധാന്യം അർഹിക്കുന്ന സാന്നിധ്യം ആണ് ചിത്രത്തിലെ കടുവയുടേതും. വളരെ വ്യത്യസ്തം എന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും ഇത്രയും ഇഴുകി ചേർന്ന ബന്ധമോ സമയമോ മറ്റൊരു വേട്ടക്കാരനിലോ അയാൾ കൊല്ലാൻ വിധിക്കപ്പെടുന്ന ഇരയിലോ കാണാൻ കഴിഞ്ഞേക്കില്ല. തങ്ങളുടെ ചുറ്റുപാടുകളിൽ നിന്നും അറുത്ത് മാറ്റപ്പെട്ട ആഗ്രഹിക്കാത്ത ഇഷ്ട്ടപ്പെടാത്ത ജീവിതങ്ങൾ ജീവിച്ച് തീർക്കേണ്ടി വരുന്ന രണ്ട് കഥാപാത്രങ്ങൾ. ഈ വേട്ടക്കാരന്റെയും മൃഗത്തിന്റെയും കഥയാണ് ഈ ചിത്രം.
🔸മാൻഡുക്കിന്റെ ചെറുപ്പ കാലത്ത് അയാളോളം കഴിവുള്ള വേട്ടക്കാരൻ ആ നാട്ടിൽ ഉണ്ടായിരുന്നില്ല എന്നത് ആരും സമ്മതിക്കുന്ന കാര്യമാണ്. ഒരു നായാട്ടക്കാരന് ആവശ്യമായ ശ്രദ്ധയും ശൗര്യവും എല്ലാം തികഞ്ഞ ഒരു പോരാളി തന്നെ ആയിരുന്നു മാൻഡുക്. ജീവിതത്തിൽ സംഭവിച്ച ചില അപ്രതീക്ഷിത ദുരന്തങ്ങൾ കാരണവും ,യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ കഴിയാത്തത് കാരണവും എല്ലാവരിൽ നിന്നും എല്ലാത്തിൽ നിന്നും മാറി ഒഴിഞ്ഞൊരു ജീവിതമാണ് ഇന്ന് മാൻഡുക് നയിക്കുന്നത്. അയാളെ സംബന്ധിച്ചിടത്തോളം വേട്ടയാടലിന്റെയും മത്സരത്തിന്റെയും ഒക്കെ കാലം എന്നോ കഴിഞ്ഞ് പോയിരിക്കുന്നു.
🔸ജിരിസാൻ മലനിരകൾക്കിടയിൽ താമസിക്കുന്ന ഗ്രാമീണർക്കിടയിൽ ദൈവ പരിവേഷം ആണ് ഒറ്റയാനായ കടുവയ്ക്ക്. മറ്റുള്ള വന്യ ജീവികളിൽ നിന്നും മറ്റും ഒരു പരിധി വരെ തങ്ങളെ സംരക്ഷിക്കുന്നത് അവൻ ആണെന്നാണ് അവരുടെ വിശ്വാസം ,രാജ്യത്തെ അവസാനത്തെ കടുവ ആണവൻ ,കൊല്ലാനായി എത്തിയ ഒരുപാട് വേട്ടക്കാരുടെ കാലൻ ആയി മാറിയവൻ. ഇന്നും തന്റെ ചോരയ്ക്കായി മല കയറി വരുന്ന ഒരുത്തന് മുന്നിലും തോൽവി സമ്മതിക്കാതെ ,ജീവൻ ചോദിച്ച് വരുന്നവനെ തിരികെ അയക്കാതെ ഇതിഹാസ പരിവേഷത്തോടെ മലനിരകൾ മുഴുവൻ അടക്കി വാഴുകയാണ് അവൻ ,എല്ലാ രീതിയിലും തന്റെ വംശത്തിലെ അവസാന പോരാളി.
🔸രാജ്യത്തെ കടുവകളെ എല്ലാം കൊന്നൊടുക്കാനായി ഒരുമ്പെട്ട് ഇറങ്ങിയ ഭരണാധികാരിക്കും ,അയാൾ നൽകാൻ ഇടയുള്ള സമ്മാനങ്ങളിൽ ആകൃഷ്ടരായി എത്തുന്ന വേട്ടക്കാർക്കും ,അവരെയെല്ലാം നേരിടാം എന്ന മട്ടിൽ വിഹാരം തുടരുന്ന കടുവയ്ക്കും ഇടയിൽ മാൻഡുക് കൂടി എത്തപ്പെടുകയാണ്. മാണ്ഡുക്കും കടുവയും തമ്മിൽ പഴയ ചില കണക്കുകൾ കൂടി ബാക്കി കിടക്കുന്നുണ്ട് ,അവയെല്ലാം തന്നെ ഒരു നേർ രേഖയിൽ എത്തുമ്പോൾ കാഴ്ചക്കാരന് മുന്നിൽ എത്തുന്നത് മറ്റൊരു മികച്ച കൊറിയൻ ചിത്രം കൂടി ആണ്.
Verdict : Very Good
No comments:
Post a Comment