Director : Andy Nyman
Genre : Horror
Rating : 6.6/10
Country : UK
Duration : 98 Minutes
🔸മനുഷ്യ ബുദ്ധിക്ക് വിവരിക്കാൻ കഴിയാത്ത ,അതിന് അതീതമായ യാതൊന്നിലും പ്രൊഫസർ ഫിലിപ്പ് ഗുഡ്മാൻ വിശ്വസിക്കുന്നില്ല. ലോകത്ത് ആകമാനം അരങ്ങേറിയ അമാനുഷിക സംഭവങ്ങൾ എല്ലാം തന്നെ വിശദീകരിക്കാൻ തനിക്ക് കഴിയും എന്ന് പ്രൊഫസർ ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഇവിടെ എല്ലാം തന്നെ മുതലെടുപ്പിനും സ്വന്തം താല്പര്യ സംരക്ഷണത്തിനും സർവോപരി തങ്ങളുടെ നേട്ടം മാത്രം മുന്നിൽ കണ്ട് കൊണ്ടുള്ള ആളുകളുടെ സാന്നിധ്യമാണ് പ്രശ്ന കാരണം എന്നതാണ് അയാളുടെ വിശ്വാസം. പ്രേക്ഷകരെ പൊടി കയ്യുപയോഗിച്ച് പറ്റിക്കുന്ന ചില കൺകെട്ട് വിദ്യക്കാരെയൊക്കെ കയ്യോടെ പിടിച്ച അനുഭവവും ടിയാന് ഉണ്ട് ,അത് തന്നെയാണ് ഈ ഉറച്ച വിശ്വാസത്തിന്റെ കാരണവും.
🔸പ്രേതങ്ങളോടും അവ സംബന്ധിച്ച കഥകളോടും അവയിലെല്ലാം ഉൾപ്പെടുന്ന അനേകം ആളുകളുടെ അനുഭവങ്ങളോടും ഒരു തരം പുച്ഛത്തോടെ മാത്രമേ പ്രൊഫസർക്ക് പ്രതികരിച്ച് ശീലമുള്ളൂ. അയാളെ സംബന്ധിച്ചിടത്തോളം നൂറ്റാണ്ടുകളായി ആളുകളെ പറ്റിച്ച് കൊണ്ട് തുടർന്ന് പോവുന്ന ഈ പ്രക്രിയ പരിഹാസമല്ലാതെ മറ്റൊന്നും തന്നെ അർഹിക്കുന്നില്ല. ഈ വിഷയത്തിൽ പ്രൊഫെസ്സർ പിന്തുടരുന്നത് തന്റെ ഗുരുനാഥനായ ചാൾസ് കാമറൂണിന്റെ പാതയാണ്. അതീന്ദ്രിയ ശക്തികളെ പറ്റിയുള്ള പഠനങ്ങളിൽ വേറാരും കടന്ന് ചെന്നിട്ടില്ലാത്ത വഴികളിലൂടെ കടന്ന് പോയ ,തനിക്ക് മുന്നേ സഞ്ചരിച്ച ,വഴികാട്ടിയായ ചാൾസിനോട് പ്രൊഫസർക്ക് തികഞ്ഞ ബഹുമാനമാണ്.
🔸തന്റെ സ്ഥിരം പ്രക്രിയകളുമായി ജീവിച്ച് പോയിക്കൊണ്ടിരുന്നു പ്രൊഫസറെ തേടി ഒരു ദിവസം ചാൾസിന്റെ കത്ത് എത്തുകയാണ്. പ്രിയപ്പെട്ട ഗുരുനാഥനെ കാലങ്ങൾക്ക് ശേഷം കാണാനുള്ള അവസരം ഒഴിവാക്കാതെ കടന്നെത്തിയ പ്രൊഫസർ കണ്ടുമുട്ടുന്നത് തികച്ചും വ്യത്യസ്തനായ ഒരു മനുഷ്യനെ ആയിരുന്നു ,അയാൾക്ക് പറയാൻ ഉണ്ടായത് പ്രൊഫസർക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ചില വസ്തുതകളും. തന്റെ വർഷങ്ങൾ നീണ്ട് നിന്ന പഠനത്തിന്റെയും അന്വേഷണത്തിന്റെയും ആകെ തുക ,അയാളുടെ നിഗമനങ്ങൾ ,എല്ലാം തന്നെ പ്രൊഫെസ്സർ ഗുഡ്മാന്റെ മുന്നിൽ അയാൾ പറയാൻ തുടങ്ങുകയാണ്.
🔸ഇത്രയും നാളും താൻ പുച്ഛിച്ച ,പരിഹസിച്ച ,ഇല്ലെന്ന് ഉറച്ച് വിശ്വസിച്ച ,ഒരു പരിധി വരെ ഭയന്ന സംഭവങ്ങൾ എല്ലാം യാഥാർഥ്യമാണ്. തങ്ങൾ ഇന്ന് വരെ എന്തിനെതിരെ ആണോ നിലനിന്നത് ,അവ എല്ലാം ഈ ലോകത്തിന്റെ ഭാഗമാണ് ,ഇത്രയും നാളും അവഗണിക്കാൻ ശ്രമിച്ച ഈ സത്യം അംഗീകരിക്കേണ്ട സമയം ആയി എന്ന ചാൾസിന്റെ വാക്കുകൾ ഒരല്പം ഞെട്ടലോടെയാണ് പ്രൊഫസർ കേട്ടത്, അതിന് വ്യക്തമായ കാരണവുമുണ്ട്. തന്റെ പ്രായത്തിൽ തന്നെക്കാൾ വീറോടെയും വാശിയോടെയും അതീന്ദ്രിയ ശക്തികളെ വെല്ലുവിളിച്ച് നടന്നിരുന്ന വ്യക്തിയാണ് ഇന്ന് തന്റെ മുന്നിൽ ഇരുന്ന് അവയെ അംഗീകരിക്കണം എന്നും ,തനിക്ക് സംഭവിച്ചതെല്ലാം തെറ്റുകൾ ആയിരുന്നെന്നും പറയുന്നത്.
🔸തന്റെ വാക്കുകൾ വിശ്വസിക്കാൻ മടി കാണിച്ച പ്രൊഫസർക്ക് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയ മൂന്ന് വിചിത്രമായ സംഭവങ്ങളെ കുറിച്ച് പഠിക്കാനും ,തീരുമാനത്തിൽ സ്വയം എത്തിച്ചേരാനും ഉള്ള നിർദേശങ്ങൾ നൽകുകയാണ് ചാൾസ് ചെയ്തത്. താൻ സഞ്ചരിച്ച വഴിയിലൂടെ സഞ്ചരിക്കാൻ അയാൾ പ്രൊഫസറെ പ്രേരിപ്പിക്കുകയാണ് ,തന്റെ ഈ വാക്കുകൾ തെറ്റാണെന്ന് തെളിയിക്കാൻ അയാളെ വെല്ലുവിളിക്കുകയാണ്. അവിടെ നിന്നും പ്രൊഫസർ യാത്ര ആരംഭിക്കുന്നത് മൂന്ന് കഥകളിലേക്കാണ്. കഥയെന്ന് കേൾക്കാൻ ഇഷ്ട്ടപ്പെടുമെങ്കിലും വിശദീകരിക്കാൻ കഴിയാത്ത ,അപകടകരമായ മൂന്ന് യഥാർത്ഥ സംഭവങ്ങളിലേക്ക്.
Verdict : Good
No comments:
Post a Comment