Director : Robert Wiene
Genre : Thriller
Rating : 8.1/10
Country : Germany
Duration : 78 Minutes
🔸ദി ക്യാബിനറ്റ് ഓഫ് ഡോക്ടർ കാലിഗറി എന്ന ചിത്രം കാണാതിരിക്കാൻ ഒരു ശരാശരി കാഴ്ചക്കാരനെ സംബന്ധിച്ചിടത്തോളം കാരണങ്ങൾ ഒരുപാട് ഉണ്ടാവും ,ശെരിയാണ് ചിത്രത്തിന് നൂറ് വർഷത്തിനടുത്ത് പഴക്കം ഉണ്ട് ,ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ചിത്രം ആണ് ,നിശബ്ദ ചിത്രമാണ് ,എല്ലാത്തിനും ഉപരി സിനിമ പിച്ച വെച്ച് തുടങ്ങിയ കാലഘട്ടത്തിൽ ചിത്രീകരിക്കപ്പെട്ട ,സിനിമയുടെ ആദ്യ ആചാര്യന്മാരിൽ ഒരാളായ ചാർളി ചാപ്ലിൻ പോലും അരങ്ങിൽ പ്രശസ്തനാവും മുൻപ് പുറത്തിറങ്ങിയ ജർമൻ ചിത്രം കൂടിയാണ് ഇത്. ഇങ്ങനെ കാണാൻ മടിക്കാൻ ഒരു ശരാശരി സിനിമാ പ്രേമിയെ സംബന്ധിച്ചിടത്തോളം കാരണങ്ങൾ അനവധിയാണ് ,ഒരു പരിധി വരെ ഈ മുൻവിധികളെ കുറ്റം പറയാനും ആവില്ല.
🔸കാണാതിരിക്കാൻ ഉള്ള കാരണങ്ങളായി പൊതുവെ കേൾക്കാറുള്ള വസ്തുതകൾ പറഞ്ഞ് കഴിഞ്ഞതിനാൽ എന്ത് കൊണ്ട് ഈ ചിത്രം കണ്ടിരിക്കണം എന്ന ഭാഗത്തേക്ക് കടക്കാം. സിനിമാ ചരിത്രത്തിലെ തന്നെ ആദ്യ കൾട്ട് ചിത്രമായാണ് ക്യാബിനറ്റ് ഓഫ് കാലിഗറി വിലയിരുത്തപ്പെടുന്നത് ,അതായത് സ്ഥിരം സിനിമകൾ സഞ്ചരിക്കുന്ന പാതയിൽ നിന്നും മാറി സഞ്ചരിക്കുകയും അത് വഴി പിൽക്കാലത്ത് മികച്ച ആരാധക പിന്തുണയും പ്രശംസയും കരസ്ഥമാക്കിയ ചിത്രം എന്ന് ലഘു ആയി പറയാം. ഫൈറ്റ് ക്ലബ് പോലെയുള്ള ചിത്രങ്ങൾ പിൽക്കാലത്ത് പിന്തുടരുകയും വൻ വിജയം കൈവരിക്കുകയും ചെയ്ത വിശ്വസിക്കാൻ കഴിയാത്ത ആഖ്യാതാവിന്റെ ആദ്യ പതിപ്പ് ഈ ചിത്രത്തിലൂടെ ആണ് എന്നത് മറ്റ് ചിത്രങ്ങൾക്ക് മേൽ ഉണ്ടാക്കിയ സ്വാധീനത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണ്.
🔸മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന് ,ലോകത്ത് ആദ്യമായി പുറത്തിറങ്ങിയ ട്വിസ്റ്റ് എൻഡിങ് ചിത്രം അഥവാ പ്രേക്ഷകനെ അമ്പരപ്പിക്കുന്ന ക്ലൈമാക്സ് എന്ന ട്രെൻഡ് ആദ്യമായി കൈവരിച്ച ചിത്രം കൂടിയാണ് ക്യാബിനറ്റ് ഓഫ് കാലിഗറി. നേർ രേഖയിൽ കഥ പറഞ്ഞ് ശീലിച്ച പ്രവർത്തകരെയും ,അവ കണ്ട് ശീലിച്ച പ്രേക്ഷകരെയും മാറി നടക്കാൻ പ്രേരിപ്പിച്ച ആദ്യ ചിത്രം എന്ന പദവി ഈ ചിത്രത്തിന് സ്വന്തം. പ്രേക്ഷകന്റെ മനസിനെ കബളിപ്പിക്കാനായി മനുഷ്യ ബുദ്ധിക്ക് വിവരിക്കാൻ കഴിയാത്ത വിധം വിചിത്രമായ ചുറ്റുപാടുകളും ചിത്രത്തിന്റെ പ്രത്യേകതകൾ ആണ്.
🔸ജർമൻ നഗരമായ ഹോൾസ്റ്റൻവലിൽ ആണ് ചിത്രം ആരംഭിക്കുന്നത്, നഗരത്തിൽ അരങ്ങേറി കൊണ്ടിരിക്കുന്ന ഒരു ഫെയറിൽ കാലിഗറി എന്ന പേരുള്ള ഓപ്പറേറ്റർ കടന്ന് വരികയാണ്. ഇന്നേവരെ ആരും കണ്ടിട്ടില്ലാത്ത ഒരു അഭ്യാസം അയാൾക്ക് നാട്ടുകാരെ കാണിക്കാൻ ഉണ്ടായിരുന്നു ,ജനിച്ചിട്ട് ഇരുപത്തി മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഉറക്കം ഉണരാത്ത സീസർ എന്ന വ്യക്തിയെ അയാൾ കാഴ്ചക്കാർക്ക് പരിചയപ്പെടുത്തി കൊടുക്കുകയാണ്. സൂര്യന് താഴെയുള്ള എന്തിനെ കുറിച്ച് ചോദിച്ചാലും സീസറിന് ഉത്തരം പറയാൻ കഴിയും എന്ന വെല്ലുവിളിയും അയാൾ ഉന്നയിക്കുകയാണ്.
🔸ഒരു നിമിഷം തോന്നിയ കൗതുകം ,ഉത്തരം അറിയാനുള്ള ആകാംക്ഷ അതൊന്ന് കൊണ്ട് മാത്രമാണ് പരിപാടി കാണാൻ എത്തിയ ഫ്രാൻസിസിന്റെ സുഹൃത്ത് അലൻ തന്റെ മരണസമയം പ്രവചിക്കാൻ സീസറിനോട് ആവശ്യപ്പെടുന്നത്. എന്നാൽ അതിന് കിട്ടിയ മറുപടി നാളെ സൂര്യോദയം കാണാൻ നീ ഉണ്ടാവില്ല എന്നതായിരുന്നു ,അപ്രതീക്ഷിതവും അസ്വാസ്ഥ്യം ഉളവാക്കുന്നതുമായ മറുപടി ആയിരുന്നെങ്കിലും പ്രശ്നത്തിന്റെ ഗൗരവം പൂർണമായി മനസിലാവുന്നത് പ്രവചനം സത്യമായി മാറുമ്പോഴാണ്.
Verdict : Must Watch
No comments:
Post a Comment