Wednesday, September 26, 2018

Andrei Tarkovski




സിനിമയുടെ ചരിത്രം ഏത് രാജ്യമെന്നോ കാലമെന്നോ രീതിയെന്നോ ബേധമില്ലാതെ എങ്ങനെ ഒക്കെ പറഞ്ഞ് തുടങ്ങിയാലും തർക്കോവ്സ്കി എന്ന നാമം ചേർത്ത് പറഞ്ഞില്ലെങ്കിൽ അത് അപൂർണമാണ്, അതിൽ യാതൊരു സംശയവും വേണ്ട. ആത്മീയതയുടെയും, ഫിലോസഫിയുടെയും മേൻപൊടിയോടെ സിനിമകളെ സമീപിച്ച തർക്കോവ്സ്കിയോളം ഒരു കാലഘട്ടത്തിനെയും ആ കാലത്തെ പ്രതിനിധീകരിക്കുന്ന സിനിമാ സംസ്കാരത്തെയും സ്വാധീനിച്ച മറ്റനേകം സംവിധായകർ ഉണ്ടാവില്ല. തന്റെ സമകാലികരായ സംവിധായകരിൽ നിന്നും വ്യത്യസ്തമായി ലോങ്ങ് ഷോട്ടുകളുടെയും, വേറിട്ട അവതരണത്തിന്റെയും സർവോപരി മാനവ രാശിയുടെ നിലനില്പും ഉത്ഭവവും അതിന്റെ കാര്യ കാരണങ്ങളും വരെ താഥ്വികമായി അവതരിപ്പിച്ച ശൈലിയായിരുന്നു തർക്കോവ്‌സ്‌കിയുടേത്. 1962ൽ ഇവാൻസ് ചൈൽഡ്ഹുഡ് എന്ന ചിത്രത്തിൽ നിന്നും തുടങ്ങി ഇരുപത്തി നാല് വർഷങ്ങൾക്കിപ്പുറം 1986ൽ സാക്രിഫൈസ് എന്ന ചിത്രത്തോടെ അവസാനിച്ച കരിയറിൽ പൊൻതൂവലുകൾ പോലെ പതിനൊന്ന് ചിത്രങ്ങൾ. തന്റെ സൃഷ്ടിയിൽ വിട്ടുവീഴ്ചയ്ക്ക് മുതിരാതിരുന്ന മാസ്റ്റർ മൈൻഡിന്റെ അഞ്ച് മികച്ച ചിത്രങ്ങളിലൂടെ ഒന്ന് സഞ്ചരിച്ച് നോക്കാം.



Nostalghia (1983)

Genre : Drama

Rating : 8.2/10

Duration : 125 Minutes


ഒരു മനുഷ്യൻ ഭൂമിയിൽ ജനിച്ച് വീഴുന്ന നിമിഷം മുതൽ ശ്വാസത്തിന്റെ അവസാന നാളം ശരീരം വിട്ട് പോവുന്നത് വരെയുള്ള കാലയളവ് അവൻ സ്വന്തം വ്യക്തിത്വത്തെ കുറിച്ചും ഞാൻ എന്നതിനെ കുറിച്ചുമുള്ള ഒടുങ്ങാത്ത അന്വേഷണത്തിൽ ആയിരിക്കും എന്ന് എവിടെയോ കേട്ട് മറന്ന ചിന്തയുടെ പേടിപ്പെടുത്തും വിധം സുന്ദരമായ അവതരണം ആണ് നൊസ്റ്റാൾജിയ എന്ന ചിത്രം. പതിനെട്ടാം നൂറ്റാണ്ടിൽ റഷ്യയിൽ ജീവിച്ചിരുന്ന കമ്പോസർ ആയിരുന്ന പാവൽ സോസ്‌നോവ്സ്കിയെ കുറിച്ച് കൂടുതൽ അറിയാനും മറ്റുമായി ഇറ്റലിയിൽ എത്തുന്ന ഗോർച്ചക്കോവ് എന്ന എഴുത്തുകാരനെയും, ഈ അന്വേഷണങ്ങളിൽ അയാൾ കണ്ടെത്തുന്ന വസ്തുതകളുമാണ് ചിത്രത്തിന്റെ പ്രമേയം. കാഴ്ചയിൽ വിസ്മയം ജനിപ്പിക്കുന്ന ഓരോ ഫ്രെയിമും, തർക്കോവ്സ്കി എന്ന വ്യക്തിയുടെ പ്രതിഭ വിളിച്ചോതുന്ന സിനിമയുടെ ഓരോ ഘടകങ്ങളും എല്ലാത്തിനും പുറമെ ഒലെ യാങ്കോവ്സ്കിയുടെ മാസ്മരിക പ്രകടനവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.



Andrei Rublev (1966)

Genre : Biography

Rating : 8.4/10

Duration : 205 Minutes


തർക്കോവ്സ്കിയുടെ മികച്ച ചിത്രങ്ങളിൽ ഒന്ന് എന്നതിനപ്പുറം ലോകത്ത് ഇന്നേവരെ പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് എന്ന പദവി ആന്ദ്രേ റബ്ലെവ് എന്ന ചിത്രം തീർച്ചയായും അർഹിക്കുന്ന ഒന്ന് തന്നെയാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ ജീവിച്ചിരുന്ന ആന്ദ്രേ റബ്ലെവ് എന്ന ചിത്രകാരന്റെ ജീവിതമാണ് ചിത്രത്തിന് ആസ്പദമായിരിക്കുന്നത്. യുദ്ധവും കലഹങ്ങളും വിപ്ലവവും എല്ലാം കൊണ്ട് വിഭജിക്കപ്പെട്ടിരുന്ന റഷ്യയിൽ രാജവംശത്തിനിടയിൽ ജീവിച്ച് പോന്ന ഒരു ജനതയുടെയും ഇവർക്കിടയിൽ മൗനം ഒരു തരം പ്രതിഷേധ മാർഗമായി സ്വീകരിച്ച റബ്ലെവിന്റെയും കഥ ഏതൊരു സിനിമാ ആസ്വാദകനും നിശ്ചയമായും കണ്ടിരിക്കേണ്ടതാണ്. പതിനഞ്ചാം നൂറ്റാണ്ടിലെ റഷ്യയെ സാമൂഹിക രാഷ്ട്രീയ പരിസ്ഥിതികളിൽ എല്ലാം തന്നെ മാറ്റങ്ങൾ ഏതുമില്ലാതെ അവതരിപ്പിക്കുന്നതിൽ വിസ്മയകരമാം വിധം വിജയിച്ച തർക്കോവ്സ്കിയുടെ തലയിലെ മറ്റൊരു പൊൻ തൂവലാണ് റിലീസിന് ശേഷം കടുത്ത സെൻസറിങ് നേരിടേണ്ടി വന്ന ആന്ദ്രേ റാബ്ലെവ്.



Ivans Childhood (1962)

Genre : War

Rating : 8.1/10

Duration : 97 Minutes


ചിത്രം കാണുന്നയാൾ അവസാനം ആവുമ്പോൾ  യുദ്ധം എന്ന വാക്കിനെ പോലും വെറുത്തിരിക്കണം, അതിന് ഏറ്റവും നല്ലത് ബാല്യം ആണ്. കാരണം യുദ്ധവും ബാല്യവും പോലെ ഒരേസമയം വ്യത്യസ്തവും എന്നാൽ ബന്ധപ്പെട്ടിരിക്കുന്നതുമായ മറ്റൊന്നുമില്ല - തർക്കോവ്സ്കി. രണ്ടാം ലോകമഹായുദ്ധം ആണ് കഥാ പശ്ചാത്തലം. റഷ്യ കീഴടക്കാനുള്ള ഹിറ്റ്ലറുടെ കല്പന നടപ്പാക്കാനായി ഇരച്ച് കയറിയ നാസികളും റഷ്യൻ സൈന്യവും തമ്മിൽ കനത്ത ആക്രമണം നടക്കുകയാണ്. ആ നാളുകളിൽ ഒന്നിലാണ് ഇരു സേനകളെയും വേർതിരിച്ചിരുന്ന നദി നീന്തി കടന്ന് കൊണ്ട് പന്ത്രണ്ട് വയസ്സുകാരനായ ഇവാൻ റഷ്യൻ സേന തമ്പടിച്ചിരുന്നിടത്ത് എത്തുന്നത്. സംശയത്തോടെ നോക്കിയ പട്ടാളക്കാർക്ക് അധികം താമസിയാതെ ഇവാൻ ഒരു അത്ഭുതമായി മാറുകയാണ്, കാരണം അവൻ യുദ്ധ മുഖത്ത് നിന്നും വിലപ്പെട്ട വിവരങ്ങളുമായി എത്തിയ റഷ്യൻ ചാരനാണ്. ബാല്യത്തിൽ തന്നെ ജീവൻ പണയം വെച്ച് യുദ്ധമുഖത്ത് ഇറങ്ങാൻ ഇവാന് കാരണങ്ങൾ ഉണ്ടായിരുന്നു. സ്വസ്ഥമായ മനസ്സോടെ അല്പം പോലും ദേഷ്യം തോന്നാതെ കണ്ടുതീർക്കാനാവില്ല ഈ തർക്കോവ്സ്കി ചിത്രം.



Stalker (1979)

Genre : Sci Fi

Rating : 8.2/10

Duration : 161 Minutes


ദൃശ്യവിസ്മയം എന്നൊക്കെ ഒരു ചിത്രത്തെ വിശേഷിപ്പിക്കാമെങ്കിൽ അത് സ്റ്റാക്കർ എന്ന ചിത്രത്തിനെയാണ്, ഓരോ ഫ്രെയിമും ഓരോ കാഴ്ചയും പ്രേക്ഷകനോട് പറയുന്നത് ഒരുപാട് കാര്യങ്ങളാണ്. ദൃശ്യഭംഗിയോളം തന്നെ പ്രാധാന്യം അർഹിക്കുന്നതാണ് ചിത്രത്തിലെ സംഭാഷണങ്ങളും, ഓരോ വരിയിലും ഒരുപാട് അർഥങ്ങൾ അവയിൽ ഓരോന്നിലും ഒരുപാട് തലങ്ങൾ, ചുരുക്കി പറയുക ആണെങ്കിൽ സ്റ്റാക്കർ എന്ന ചിത്രം ഒരു സിനിമ എന്നതിനേക്കാൾ സൃഷ്ടി എന്നോ പിറവി എന്നോ ഉള്ള നാമം അർഹിക്കുന്നു. സോൺ എന്ന പേരുള്ള സ്ഥലം, അവിടെ എത്തുന്ന വ്യക്തിക്ക് തന്റെ ഒരാഗ്രഹം സാധിക്കാനുള്ള അവസരം ലഭിക്കും എന്നാൽ അവിടേക്കുള്ള പാത അത്യന്തം കഠിനമായതും. സോണിലേക്കുള്ള മൂന്ന് വ്യക്തികളുടെ യാത്രയാണ് സ്റ്റാക്കർ എന്ന ചിത്രം. സോണിനെ ഏത് രീതിയിൽ വേണമെങ്കിലും പ്രതിപാദിക്കാം, മതമോ ദൈവമോ എങ്ങനെ വേണമെങ്കിലും, അതെല്ലാം പൂർണമായും പ്രേക്ഷകന് വിട്ടുതരുന്ന ചിത്രം ഒരനുഭവം ആണ്, ഒഴിവാക്കാൻ പാടില്ലാത്ത ഒരനുഭവം.



The Mirror (1975)

Genre : Art

Rating : 8.2/10

Duration : 106 Minutes


ഫിലോസഫിയും സ്പിരിച്വലിറ്റിയും നോൺ ലീനിയർ അവതരണ ശൈലിയും സ്വത സിദ്ധമായ തർക്കോവ്സ്കിയുടെ കയ്യൊപ്പും ചേർന്നാൽ ദി മിറർ എന്ന ചിത്രമാകും, വ്യക്തിപരമായി സംവിധായകന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ചിത്രം കൂടിയാണ് ദി മിറർ. മരണകിടക്കയിൽ അന്ത്യം കാത്ത് കിടക്കുന്ന റഷ്യൻ കവിയുടെ ഭൂതകാലത്തേക്കുള്ള ഒരു തിരിഞ്ഞ് നോട്ടവും, അതിനോടൊപ്പം കാലഘട്ടത്തിലെ റഷ്യൻ ജനതയുടെ ശബ്ദവും കുടുംബം എന്ന വസ്തുതയും എല്ലാം തർക്കോവ്സ്കി തന്റെ പ്രമേയമാക്കി മാറ്റുന്നു. സ്വന്തം പിതാവിന്റെ കഥ തന്നെ പ്രമേയമാക്കിയ തർക്കോവ്സ്കി ഭൂതകാലത്തിലും ഓർമകളിലും ഫിലോസോഫിയോടൊപ്പം തന്നെ വികാരങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. ഒരു മനുഷ്യന്റെ ഓർമകളെ അനശ്വരമാം വിധം വീണ്ടും ഒപ്പിയെടുക്കാനും മികച്ച രീതിയിൽ അവശ്യ ഘടകങ്ങളുടെ അകമ്പടിയോടെ പ്രേക്ഷകന് മുന്നിൽ എത്തിക്കാനും തർക്കോവ്സ്കി നടത്തിയ പരിശ്രമങ്ങൾക്ക് മുന്നിൽ കൂപ്പ് കയ്യോടെ നിൽക്കാനേ വഴിയുള്ളൂ.



ഈ ചിത്രങ്ങൾക്ക് പുറമെ സ്പേസ് സ്റ്റേഷനുകളും ബാഹ്യാകാശവും അവിടെ അരങ്ങേറുന്ന ചില വിചിത്ര സംഭവങ്ങളും പ്രമേയമാക്കിയ സൊളാരിസ് (1972), മനഃശാന്തി അന്വേഷിച്ച് കൊണ്ടുള്ള ഒടുങ്ങാത്ത പ്രയാണത്തെ കുറിച്ച് പറഞ്ഞ സാക്രിഫൈസ് (1986), വോയേജ് ഇൻ ടൈം (1983) തുടങ്ങിയവയും തർക്കോവ്സ്കിയുടെ മികച്ച ചിത്രങ്ങളാണ്.

1 comment:

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...