Friday, September 14, 2018

Stanley Kubrick




ഒരു നൂറ്റാണ്ടോളം പഴക്കമുള്ള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും മികച്ച സംവിധായകരെ കുറിച്ച് ഒരു ചെറു അന്വേഷണം നടത്തുക ആണെങ്കിൽ പട്ടികയിൽ മുന്നിൽ തന്നെ ഉണ്ടാവും സ്റ്റാൻലി കുബ്രിക് എന്ന പ്രതിഭ, ഈ വസ്തുതയ്ക്ക് സംശയത്തിന്റെയോ വാഗ്വാദങ്ങളുടെയോ ആവശ്യം ഉണ്ടെന്ന് കരുതുന്നില്ല. നാല്പത്തി ആറ് വർഷങ്ങൾ നീണ്ടുനിന്ന സിനിമാ ജീവിതം ,അതിനിടെ പതിമൂന്ന് ചിത്രങ്ങൾ മാത്രം. ഈ പതിമൂന്ന് ചിത്രങ്ങൾ കൊണ്ട് ലോകത്തെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായി കുബ്രിക് മാറി എന്ന വസ്തുത മാത്രം മതിയാവും ഈ പതിമൂന്ന് ചിത്രങ്ങളുടെയും മൂല്യം മനസിലാക്കാൻ. തന്റെ ചിത്രങ്ങൾക്ക് മേൽ പൂർണ സ്വാതന്ത്ര്യവും സ്വാധീനവും നിലനിർത്തിയിരുന്ന കുബ്രിക്കിന് ഓരോ ചിത്രങ്ങളും എത്ര മേൽ വ്യത്യസ്തമാവണം എന്നതിനെ കുറിച്ചും വ്യക്തമായ അഭിപ്രായം ഉണ്ടായിരുന്നിരിക്കണം, അതിന്റെ തെളിവാണ് പ്രമേയത്തിലും അവതരണത്തിലും പ്രസക്തിയിലും വരെ വ്യത്യസ്തത പുലർത്തിയ അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും. തന്റെ സിനിമയുടെ പൂർണതയ്ക്ക് വേണ്ടി നൂറിൽ അധികം ഷോട്ടുകൾ ആവശ്യമെങ്കിൽ അതിനും മടിക്കാത്ത കുബ്രിക്കിന്റെ ഓരോ ചിത്രവും ഓരോ പാഠപുസ്തകങ്ങൾ ആണ് എന്ന് തന്നെ പറയാനാവും, സ്റ്റാൻലി കുബ്രിക് എന്ന വ്യക്തിപ്രഭാവത്തിന്റെ മികച്ച ചിത്രങ്ങളിലൂടെ ഒന്ന് കടന്ന് പോവാം.


A Clockwork Orange (1971)

Genre : Crime

Rating : 8.1/10

Duration : 136 Minutes


മാസ്റ്റർപീസ് എന്നൊക്കെയുള്ള വാക്ക് ഏതെങ്കിലും ഒരു ചിത്രം അക്ഷരാർത്ഥത്തിൽ അർഹിക്കുന്നുണ്ടെങ്കിൽ അത് എ ക്ലോക്ക്വർക്ക് ഓറഞ്ച് പോലുള്ള സിനിമകളാണ്. പ്രേക്ഷകനെയും കൊണ്ട് കുബ്രിക് ഇത്തവണ സഞ്ചരിക്കുന്നത് പ്രതീക്ഷയ്ക്ക് വകയില്ലാത്ത ഒരു സമൂഹത്തിനും നിയമങ്ങൾക്ക് വിലയില്ലാത്ത കാലത്തേക്കുമാണ്. അലക്സ് എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ഇഷ്ട വിനോദങ്ങൾ കൊലപാതകം ,ബലാത്സംഗം ,ബീതോവാൻ എന്നിവയാണ്. അതിനപ്പുറമുള്ള ഒന്നും അലെക്സിനെ മോഹിപ്പിക്കുന്നില്ല ,ജീവിക്കാൻ പ്രേരിപ്പിക്കുന്നുമില്ല. അലക്സിന്റെ ലോകത്ത് കൂടിയുള്ള ഈ യാത്ര മിക്ക പ്രേക്ഷകർക്കും കണ്ടിരിക്കാൻ ബുദ്ധിമുട്ടേറിയ അനുഭവം ആണ് എന്ന കാര്യത്തിൽ സംശയമില്ലെങ്കിലും കുബ്രിക്കിന്റെ അവതരണവും അതിമനോഹരമായ സെറ്റപ്പും എല്ലാം കൊണ്ട് തന്നെ നൂതനമായ ഒരനുഭവം ആവും എന്ന കാര്യത്തിൽ സംശയമില്ല.


Paths Of Glory (1957)

Genre : Anti War

Rating : 8.5/10

Duration : 88 Minutes


ഒരു കഥാപാത്രം സ്‌ക്രീനിൽ കാണിക്കുന്ന വിദ്യകൾ കണ്ട് മാസ്സ് എന്ന പരിവേഷം ചാർത്തി കൊടുത്ത് അതിനെ ഇന്ന് നമ്മൾ പുകഴ്ത്തുമ്പോൾ വലിയ ബഹളങ്ങൾ ഏതുമില്ലാതെ ഒരു അണ്ടർഗ്രൗണ്ട് ട്രെഞ്ചിൽ കുബ്രിക് ആ വിഭാഗം അറുപത് വർഷങ്ങൾക്ക് മുന്നേ അവതരിപ്പിച്ച് കഴിഞ്ഞിരുന്നു. ചുറ്റും തടിച്ച് കൂടിയ പട്ടാളക്കാർക്കിടയിലൂടെ പൊട്ടി ചിതറുന്ന ഗ്രനേഡുകൾക്കിടയിലൂടെ ഭാവമാറ്റങ്ങളില്ലാതെ നടന്ന് വരുന്ന കൊളോണൽ ഡാക്സിന്റെ ഇൻട്രോ സീൻ ഇന്നും പഴക്കം ഏൽക്കാതെ കാഴ്ചക്കാരനെ വിസ്മയിപ്പിച്ച് കൊണ്ടേ ഇരിക്കുന്നു. പാത്സ് ഓഫ് ഗ്ലോറി എന്ന ചിത്രം യുദ്ധം എന്ന വിഷയം കൈകാര്യം ചെയ്യുന്നതിനോടൊപ്പം തന്നെ ഉയർത്തുന്നത് മനുഷ്യ മനസ്സിൽ ഉയരുന്ന വ്യത്യസ്തമായ ചിന്തകളുടെയും ആഗ്രഹങ്ങളുടെയും അവ ഉളവാക്കുന്ന വലിയ മാറ്റങ്ങളുടെയും കഥയാണ്. കൂടുതൽ പറഞ്ഞ് ആസ്വാദനം കളയുന്നില്ല, ഈ ചിത്രത്തിലൂടെ ജീവിതം സംബന്ധിച്ചുള്ള വലിയൊരു പാഠവും കുബ്രിക് കാഴ്ചക്കാരന് മുന്നിൽ തുറന്നിടുന്നുണ്ട്.


Dr. Strangelove (1964)

Genre : Black Comedy

Rating : 8.5/10

Duration : 94 Minutes


ശീതയുദ്ധം പോലെ സിനിമകൾക്ക് പ്രചോദനമായ അധികം സംഭവങ്ങൾ ഉണ്ടായേക്കില്ല, എന്നാൽ അത്യന്തം ഗൗരവമേറിയ ഈ വിഷയത്തെ അങ്ങേയറ്റം നർമത്തിലും പരിഹാസത്തിലും പൊതിഞ്ഞ് അവതരിപ്പിക്കാനുള്ള ധൈര്യവും ക്രിയാത്മകതയും വിരിഞ്ഞത് കുബ്രിക്കിന്റെ തലയിൽ ആയിരുന്നെന്ന് മാത്രം. അമേരിക്ക ശത്രു രാജ്യമായ സോവിയേറ്റ് യൂണിയനുമേൽ രാസായുധം പ്രയോഗിച്ചാൽ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും ,മനുഷ്യ കുലത്തെ തന്നെ ബാധിക്കാൻ സാധ്യത ഉള്ള ഇവയുടെ പ്രഹരശക്തിയും ഒക്കെയാണ് സിനിമ ചർച്ച ചെയ്യുന്നത്. സിംഹഭാഗവും ഒരു മുറിക്കുള്ളിൽ ചിലവഴിക്കേണ്ടി വന്നിട്ടും ഒരു നിമിഷം പോലും പ്രേക്ഷകനെ മടുപ്പിക്കാത്ത, പിടിച്ചിരുത്തുന്ന അവതരണവും തന്നെയാണ് സിനിമയുടെ ശക്തി. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായെത്തിയ പീറ്റർ സെല്ലേഴ്‌സിനെയും കാഴ്ചക്കാരനെ അമ്പരപ്പിക്കുന്ന രീതിയിലുള്ള ചിത്രത്തിന്റെ ക്ലൈമാക്സും എടുത്ത് പറയേണ്ട വസ്തുതകളാണ്.


2001 A Space Odyssey (1968)

Genre : Sci Fi

Rating : 8.6/10

Duration : 161 Minutes


ആദ്യ മൂന്ന് മിനിറ്റ് ഇരുട്ടല്ലാതെ മറ്റൊന്നും കാണിക്കുന്നില്ല ,പിന്നീട് കുറച്ച് സമയം മോണോലിത്ത് അഥവാ ഒരു കൽ പ്രതിമ ആണ് സ്‌ക്രീനിൽ, ആദ്യ ഇരുപത്തഞ്ച് മിനിറ്റും അവസാന ഇരുപത്തി മൂന്ന് മിനിറ്റും സംഭാഷണങ്ങൾ ഏതുമില്ല. അവസാന ഭാഗത്ത് എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി വിശദീകരിക്കാൻ ഇന്നേവരെ ആർക്കും സാധിച്ചിട്ടുമില്ല. ഇതാണ് ചുരുക്കി പറഞ്ഞാൽ കുബ്രിക്കിന്റെ സ്പേസ് ഒഡിസ്സി. ഒരു കാരണവശാലും കാഴ്ചക്കാരന് കാര്യം മനസിലാവരുത് എന്ന് അണിയറ പ്രവർത്തകർ വാശി പിടിച്ച് തീരുമാനിച്ച് ഉറപ്പിച്ച് പുറത്തിറക്കിയ ലോകത്തെ ആദ്യത്തെയും അവസാനത്തെയും ചിത്രം ആയിരിക്കും സ്പേസ് ഒഡീസി. കാഴ്ചക്കാരൻ ചിത്രത്തിൽ നടക്കുന്ന സംഭവങ്ങൾ മനസിലാക്കിയാൽ അത് തങ്ങളുടെ പരാജയം ആണെന്ന് പിന്നണിയിൽ പ്രവർത്തിച്ചവർ തുറന്ന് പറഞ്ഞത് ചരിത്രം.സങ്കീർണമായ ചിത്രം ആയതിനാൽ തന്നെ ആദ്യ ഷോ കഴിഞ്ഞ് തിയേറ്ററിലുള്ള ഇരുന്നൂറോളം കാഴ്ചക്കാർ പാതിവഴി പിന്നിട്ടപ്പോൾ ഇറങ്ങിപ്പോയ ചരിത്രവും ഈ ചിത്രത്തിന് ഉണ്ട്. പഴക്കം കൂടും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ വർഷങ്ങൾക്കിപ്പുറം കൾട്ട് സ്റ്റാറ്റസ് ആണ് ചിത്രത്തിന് ഇന്ന്. കാലത്തിന് പോലും പഴക്കം വരുത്താൻ കഴിയാഞ്ഞ കാലത്തിന് മുന്നേ സഞ്ചരിച്ച കുബ്രിക്കിന്റെ വിശ്വൽ എഫക്ടുകളും ടെക്‌നോളജിയും ആണ് വർഷങ്ങൾക്കിപ്പുറവും ചിത്രത്തിനെ കൾട്ടായി നിലനിർത്താനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് എന്നത് തീർച്ചയാണ്.കുരങ്ങന്മാരായി ഭൂമിയിൽ വിഹരിച്ചിരുന്ന കാലം മുതൽ ചന്ദ്രനിൽ കാൽ കുത്തിയത് വരെയുള്ള മാനവരാശിയുടെ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ ചിത്രം കടന്ന് പോവുന്നു. ഇന്റെർസ്റ്റെല്ലർ ,ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് പോലെയുള്ള ഒരുപാട് ചിത്രങ്ങൾക്ക് പ്രചോദനമായ സ്പേസ് ഒഡീസി അമ്പത് വർഷങ്ങൾക്ക് മുന്നേ തന്നെ മൊബൈൽ ഫോൺ ,ഐ പാഡ് ,സ്പേസ് റോബോട്ട് തുടങ്ങിയവയെ പ്രവചിച്ചിരുന്നു എന്നത് കുബ്രിക് എന്ന ദീർഘ വീക്ഷകന്റെ ലെവൽ മനസ്സിലാക്കി തരുന്നു.കാഴ്ചക്കാരന്റെ ശ്രദ്ധ പിടിച്ച് നിർത്താനായി ഒരൊറ്റ ഷോട്ട് പോലുമില്ല ചിത്രത്തിൽ ,അതിനായി ചിത്രത്തിലെവിടെയും കൂബ്രിക് ശ്രമിച്ചിട്ടുമില്ല. അതിനാൽ തന്നെ പൊതുവെ കേൾക്കുന്ന പരാതികളിൽ ഒന്നാണ് ചിത്രം വളരെ മടുപ്പിക്കുന്നതും വിരസവും ആണെന്നത്. എന്നാൽ സിനിമയെ ഗൗരവമായി കാണുന്ന ഒരാളും ഒരിക്കലും കാണാതെ ഒഴിവാക്കാൻ പാടില്ലാത്ത സിനിമ അപനുഭവം തന്നെയാണ് ഈ ചിത്രം. 2001ൽ എങ്ങനെയാണ് ഇത്രയും മികച്ച ടെക്കനോളജി ഉപയോഗിച്ച് സംവിധായകൻ ചിത്രം പുറത്തിറക്കിയത് എന്ന് 1968ൽ പുറത്തിറങ്ങിയ ചിത്രം കണ്ട് അത്ഭുതപ്പെട്ട കൂട്ടുകാരനെ സ്മരിക്കുന്നു.


Shining (1980)

Genre : Horror

Rating : 8.4/10

Duration : 144 Minutes


ചില സിനിമകൾക്ക് ഒരു സ്വഭാവം ഉണ്ട്, എത്രത്തോളം ശ്രമിച്ചാലും അവ പിടി നൽകില്ല, ഓരോ കാഴ്ചയിലും എന്തെങ്കിലും ഒരു പുതിയ അറിവ് അല്ലെങ്കിൽ പുതിയ വസ്തുത ചിത്രം കാഴ്ചക്കാരനായി ഒഴിച്ചിട്ടിട്ടുണ്ടാവും. അവ പ്രേക്ഷകരിൽ ഉണ്ടാക്കാൻ പോവുന്ന വികാരം അത്ഭുതമാണ്, എന്ത് കൊണ്ട് താനിത് ശ്രദ്ധിച്ചില്ല എന്നല്ല മറിച്ച് ഇത്രയും വർഷങ്ങൾക്ക് മുന്നേ ഒരു വ്യക്തിക്ക് എങ്ങനെ ഇത് പോലൊരു ചിത്രം ഒരുക്കാൻ കഴിഞ്ഞു എന്ന രീതിയിലുള്ള അത്ഭുതമാണ്, ഇതാണ് ഷൈനിങ്. എന്നിലെ സിനിമാ ആസ്വാദകനോട് ചോദിക്കുക ആണെങ്കിൽ കുബ്രിക് എന്ന സംവിധായകന്റെ ഏറ്റവും മികച്ച ചിത്രം, ഒരു മരീചികയാണ് ഷൈനിങ്. തന്റെ രചന പൂർത്തിയാക്കാനായി ഓവർലുക് ഹോട്ടലിൽ എത്തിയ ജാക്കും ഭാര്യ വെൻഡിയും മകൻ മകൻ ഡാനിയും എല്ലാം എന്ത് കൊണ്ട് ഇന്നും ഒരു മരവിപ്പായി തുടരുന്നു എന്നത് സിനിമ കണ്ട് അറിയാൻ ശ്രമിക്കുക.


ഈ ചിത്രങ്ങൾക്ക് പുറമെ ബാരി ലിൻഡൻ (1975) ഐസ് വൈഡ് ഷട്ട് (1999) ഫുൾ മെറ്റൽ ജാക്കറ്റ് (1987) ലോലിറ്റ (1962) ദി കില്ലിംഗ് (1956) എന്നീ ചിത്രങ്ങളും കുബ്രിക്കിന്റെ പ്രതിഭ വിളിച്ചോതുന്ന ചിത്രങ്ങളാണ്.

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...