Wednesday, March 13, 2019

514. Teacher's Diary (2014)



Director : Nithiwat Tharathorn

Genre : Romance

Rating : 7.9/10

Country : Thailand

Duration : 90 Minutes


🔸ഒരു സ്ത്രീയും പുരുഷനും കണ്ട് മുട്ടി പരിചയപ്പെട്ട്, സൗഹൃദത്തിലായി, ആ സൗഹൃദം പ്രണയത്തിലേക്കും മറ്റുമൊക്കെ കടക്കണമെങ്കിൽ കടമ്പകൾ അനേകമാണ്, പ്രത്യേകിച്ചും ഇന്നത്തെ ചുറ്റുപാടുകളും സാമൂഹിക അന്തരീക്ഷവും എല്ലാം കണക്കിൽ എടുക്കുമ്പോൾ അതിന്റെ പ്രയാസം വർധിക്കുന്നതെ ഉള്ളൂ. എന്നാൽ രണ്ട് പേർക്ക് ജീവിതത്തിൽ ഒരിക്കലും നേരിൽ കാണാതെ പ്രണയിക്കാൻ കഴിയുമോ എന്നതാണ് ടീച്ചേർസ് ഡയറി എന്ന തായ്‌ലൻഡ് ചിത്രം ചോദിക്കുന്നത്. അത് സാധ്യമാണ് എന്ന് തെളിയിക്കുക മാത്രമല്ല മനോഹരമായ രണ്ട് കഥാപാത്രങ്ങളിലൂടെ മികച്ച രീതിയിൽ ആ കഥ അവതരിപ്പിക്കുന്നുമുണ്ട് ഈ ചിത്രം.

🔸വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമേ ചിത്രത്തിലുള്ളൂ, ഇവയിൽ തന്നെ പ്രധാന കഥാപാത്രങ്ങൾ എന്ന വിശേഷണം അർഹിക്കുന്നത് ആനിനും സോങിനുമാണ്. ഇവരിൽ ആനിനെ കുറിച്ച് ആദ്യം പറയാം, ഒരു അധ്യാപികയാണ് അവൾ. നഗരത്തിലെ അത്യാവശ്യം പ്രശസ്തമായ വിദ്യാലയത്തിൽ ടീച്ചർ ആയിരുന്ന ആൻ, തന്റെ സ്വകാര്യ ജീവിതത്തിലേക്കുള്ള ചിലരുടെ കടന്ന് കയറ്റത്തിനെതിരെ പ്രതികരിച്ചതിനാൽ ചില ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോവുകയാണ്. ഈ പ്രയാസങ്ങളുടെ ഫലം എന്നോണമാണ് തായ്‌ലൻഡിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ഒന്നിലേക്ക് അദ്ധ്യാപിക ആയി ആനിന് കടന്ന് വരേണ്ടി വന്നത്.

🔸ഗ്രാമം എന്ന വാക്ക് ഒരുപക്ഷെ അധികം ആയി പോയേക്കാം, കുഗ്രാമം എന്നൊക്കെ പറയേണ്ടി വരും ആ സ്ഥലത്തെ. പുറം ലോകവുമായി വലിയ ബന്ധം ഒന്നും പുലർത്താത്ത ഒരു കൂട്ടം മൽസ്യ തൊഴിലാളികൾ ആണ് അവിടത്തെ അന്തേവാസികൾ. ഇവരുടെ മക്കൾ പഠിക്കുന്ന സ്‌കൂൾ ആണ് പുഴയുടെ ഓരത്ത് സ്ഥിതി ചെയ്യുന്ന ആ പഴയ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ ചായ്പ്പ്, അതിനെയാണ് അവർ സ്‌കൂൾ എന്ന് വിളിച്ച് ശീലിച്ചിട്ടുള്ളത്. ആവശ്യത്തിന് വെള്ളമില്ല, വെളിച്ചമില്ല, വൈദ്യുതി ഇല്ല, മൊബൈലിന് റേഞ്ച് പോലുമില്ല, അങ്ങനെയുള്ള ഇവിടം തുടക്കത്തിൽ ആനിന് ഒരല്പം പ്രശനം സൃഷ്ടിച്ചെങ്കിലും പതിയെ കാര്യങ്ങൾ മാറുകയാണ്.

🔸വിദ്യാർത്ഥികളും ആയുള്ള ഇടപഴകലുകളും, പ്രകൃതിയുടെ താൻ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത വശ്യതയും, ചില തിരിച്ചറിവുകളും എല്ലാം ആനിനെ ഇതുവരെ കൊണ്ട് പോയിട്ടില്ലാത്ത വഴികളിലൂടെ കൊണ്ട് പോവുകയാണ്. ഈ സംഭവങ്ങൾ എല്ലാം അരങ്ങേറി ഒരു വർഷം കഴിഞ്ഞ ശേഷമാണ് സോങ് അവിടെ എത്തുന്നത്, അയാൾ അവിടെ എത്തുമ്പോൾ ആൻ അവിടെ ഇല്ലെങ്കിലും മറ്റുള്ളവരുടെ വാക്കുകളിലൂടെ ഒരേകദേശ ചിത്രം സോങ്ങിന് ലഭിക്കുന്നുണ്ട്. ഇപ്പോൾ താൻ അനുഭവിക്കുന്ന പ്രശ്നങ്ങളിലൂടെ ആൻ ഒരു വർഷം മുന്നേ കടന്ന് പോയതാണ് എന്ന തിരിച്ചറിവും, വിദ്യാർത്ഥികളുടെ ഓർമകളിലെ നിറമുള്ള ചിത്രങ്ങളും ആനിനെ പറ്റി കൂടുതൽ അന്വേഷിച്ചറിയാൻ സോങിനെ പ്രേരിപ്പിക്കുകയാണ്.

🔸സ്‌കൂളിലെ വാസത്തിനിടെ ആനിന്റെ ഡയറി സോങ്ങിന് ലഭിക്കുന്നിടത്ത് ചിത്രം വഴി മാറി ഒഴുകി തുടങ്ങുകയാണ്. തുടർന്നങ്ങോട്ട് ഈ കഥാപാത്രങ്ങൾക്ക് എന്ത് സംഭവിച്ചു എന്നതെല്ലാം ചിത്രം കണ്ട് തന്നെ മനസിലാക്കുന്നതാവും നല്ലത്. അടുത്ത കാലത്ത് ഒരു ചിത്രത്തിന്റെ ലൊക്കേഷൻ കണ്ട്, അവിടെ എന്നെങ്കിലും പോവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ഈ ചിത്രത്തിലെ പുഴയോര തായ് ഗ്രാമമാണ്. ഈ ദൃശ്യ ഭംഗിയും, നല്ല കഥയും കഥാപാത്രങ്ങളും എല്ലാം ചേരുമ്പോൾ മനോഹരമായ ഒരനുഭവം ആയി മാറുന്നുണ്ട് ഈ ചിത്രം. കൂടുതൽ പറഞ്ഞ് മുഷിപ്പിക്കുന്നില്ല, കഴിയുമെങ്കിൽ കാണാൻ ശ്രമിക്കുക, നല്ലൊരു അനുഭവം ആവും ഈ ചിത്രം.

Verdict : Very Good

DC Rating : 80/100

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...