Director : Krzysztof Kieślowski
Genre : Drama
Rating : 9/10
Seasons : 01
Episodes : 10
Country : Poland
Duration : 572 Minutes
🔸ഡെകാലോഗ് എന്ന സീരീസിനെ കുറിച്ച് കേട്ട് തുടങ്ങിയിട്ട് കാലം ഒരുപാടായി, ആദ്യമായി കേട്ടത് വളരെ പ്രശസ്തമായ ഒരു ഇന്സ്ടിട്യൂട്ടിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രമായി കണ്ടപ്പോഴാണ്. അപ്പോഴും സംശയങ്ങൾ ഒരുപാട് ബാക്കി ഉണ്ടായിരുന്നു, പ്രത്യേകിച്ചും പത്ത് ഭാഗങ്ങൾ ഉള്ള ഡെകാലോഗ് ഒരു സിനിമ ആണോ അതോ ടിവി സീരീസ് ആണോ എന്ന സംശയം, ഈ പത്ത് കഥകളും പരസ്പര ബന്ധിതം ആണോ എന്ന സംശയം, എല്ലാത്തിനും മേലെ ഇത്രയും പ്രതീക്ഷ വച്ച് പുലർത്തി കാണുക ആണെങ്കിൽ ചിത്രം അർഹിക്കുന്ന രീതിയിൽ ഇഷ്ടപ്പെടാൻ കഴിയുമോ എന്ന സംശയം. ഈ കാരണങ്ങൾ കൊണ്ട് തന്നെ ഒരുപാട് കാലം ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയതേ ഇല്ല. ഒടുവിൽ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നുമില്ലാതെ പെട്ടെന്നൊരുനാൾ കണ്ട് തീർത്തപ്പോഴാണ് മാറ്റി വെച്ചത് എന്തായിരുന്നെന്നും ഏത് ആയിരുന്നെന്നും ഒരേകദേശ രൂപം ലഭിച്ചത്.
🔸ബൈബിളിൽ പരാമർശിച്ചിട്ടുള്ള പത്ത് കല്പനകളെ അടിസ്ഥാനപ്പെടുത്തി പത്ത് മണിക്കൂറിന് അടുത്ത് ദൈർഖ്യമുള്ള പത്ത് ചിത്രങ്ങൾ ആണ് ഡെകാലോഗ്, ഒരുപക്ഷെ ഈ സീരീസിനെ ഏറ്റവും ലളിതമായി വിലയിരുത്താൻ കഴിയുക ഈ ഒരു വാചകത്തിലൂടെ ആവും. കാരണം വേറൊന്നുമല്ല ഇതിനപ്പുറം ചിത്രം കൈകാര്യം ചെയ്യുന്ന വിഷയവും കാര്യങ്ങളും എല്ലാം തന്നെ അത്യന്തം ഗൗരവം നിറഞ്ഞതും ഇന്നും പ്രസക്തവുമാണ്. മഹാഭാരതവും രാമായണവും ചൂണ്ടി കാട്ടി പൊതുവെ പറയാറുണ്ട്, ഇതിൽ പറഞ്ഞിട്ടില്ലാത്ത ഒരു കഥ നിങ്ങൾക്ക് ഇനി കാണാനാവില്ല എന്ന്, മനുഷ്യന്റെ വികാരങ്ങളുടെ കാര്യം എടുക്കുക ആണെങ്കിൽ ഡെകാലോഗിനെ കുറിച്ചും ഇത് തന്നെ പറയാം, ഒരു മനുഷ്യായുസ്സിൽ കടന്ന് പോവുന്ന വികാരങ്ങളെല്ലാം ഈ ചിത്രങ്ങളിലൂടെ അനുഭവിച്ചറിയാനാവും.
🔸ചിത്രത്തെ കുറിച്ച് കൂടുതൽ പറയുന്നതിന് മുന്നേ, സിനിമ യാഥാർഥ്യമാവാൻ വേണ്ടി കീസ്ലോവ്സ്കി നടത്തിയ ചില ശ്രമങ്ങളെ കുറിച്ച് പറയാം. പോളണ്ടിന്റെ തനിക്ക് പരിചിതമായ ചുറ്റുപാടുകളിൽ നിന്ന് കൊണ്ട്, തനിക്ക് പരിചിതരായ മനുഷ്യരുടെയും, അവരുടെ ജീവിതത്തിന്റെയും കഥ പറയുക എന്നത് കീസ്ലോവ്സ്കിയുടെ എക്കാലത്തെയും വലിയ സ്വപ്നം ആയിരുന്നു. നീണ്ട പത്ത് വർഷക്കാലം ഈ ശ്രമങ്ങൾക്ക് പിറകെ അയാൾ വച്ച് പിടിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല എന്നതായിരുന്നു സത്യം. ഒടുവിൽ ഒരുനാൾ അപ്രതീക്ഷിതമായി അയാളുടെ മനസിലേക്ക് പത്ത് കല്പനകളും അവയുടെ സാധ്യതകളും കടന്ന് വരികയാണ്. ഈ സാധ്യതകളാണ് പത്ത് മണിക്കൂറിനടുത്ത് ദൈർഖ്യമുള്ള ഈ ചിത്രങ്ങളായി പിൽക്കാലത്ത് രൂപം പ്രാപിച്ചത്.
🔸സർക്കാരും പ്രതിപക്ഷവും പള്ളിയും പട്ടക്കാരും എല്ലാവരുമായി ഉടക്കിൽ ആയിരുന്ന കീസ്ലോവ്സ്കിയുടെ ശ്രമങ്ങൾ പാഴായി പോവാൻ സാധ്യത വളരെ അധികമായിരുന്നു, എങ്കിലും കഠിനാധ്വാനവും ലക്ഷ്യബോധവും കൈമുതലാക്കി തന്റെയും സുഹൃത്തിനെയും ചെറിയ സമ്പാദ്യം അരിച്ചരിച്ച് ചിലവാക്കി ആ സിനിമ അയാൾ പൂർത്തിയാക്കുക തന്നെ ചെയ്തു. അപ്പോഴും പ്രശ്നങ്ങൾ ഒഴിഞ്ഞ് പോയിരുന്നില്ല, പത്ത് മണിക്കൂർ ഒരു പ്രേക്ഷകൻ എങ്ങിനെ സഹിച്ചിരിക്കും എന്ന ചോദ്യം ഉയർന്നു, സിനിമ വെട്ടി ചുരുക്കി ഭാഗങ്ങൾ ആക്കി മാറ്റിയാലോ എന്നും, ദൈർഖ്യം കുറച്ചാലോ എന്നും ഉള്ള അഭിപ്രായങ്ങൾ ഉയർന്നു. ഈ ചിന്തയുടെ ആകെത്തുക എന്ന മട്ടിൽ തിയേറ്റർ റിലീസോ, ഡിവിഡി റിലീസോ ലഭിക്കാതെ ഒരുപാട് നാൾ വിസ്‌മൃതിയിലാണ്ടു കിടന്നു ഡെകാലോഗ് എന്ന സൃഷ്ടി.
🔸പിൽകാലത്ത് റിലീസ് ആയപ്പോൾ ചിത്രത്തിന് ലഭിച്ചത് മികച്ച പ്രതികരണങ്ങൾ ആയിരുന്നു, സംവിധായകന്റെ ധൈര്യത്തിനും പ്രശംസ അർഹിക്കുന്ന മികച്ച കൺസെപ്റ്റിനും ആ പ്രതികരണങ്ങൾ ആവശ്യം ആയിരുന്നു താനും. ലൊക്കേഷനുകളും ചില കഥാപാത്രങ്ങളും ഒഴിച്ച് നിർത്തിയാൽ വലിയ ബന്ധം ഒന്നും തന്നെ കഥകൾക്ക് ഒന്നും തമ്മിലില്ല, ഇവ ഓരോന്നും കൈകാര്യം ചെയ്യുന്ന വിഷയങ്ങളും അത് പോലെ തന്നെ തികച്ചും വ്യത്യസ്തം ആയവയുമാണ്. ചിത്രങ്ങളുടെ കഥയിലേക്കും പ്രമേയത്തിലേക്കും ഒന്നും തന്നെ കടന്ന് ചെല്ലുന്നില്ല, താല്പര്യം തോന്നുന്നു എങ്കിൽ കാണാൻ ശ്രമിക്കുക, മികച്ച ഒരുകൂട്ടം ചിത്രങ്ങളും വ്യത്യസ്തമായ പത്ത് മണിക്കൂർ സിനിമ ആസ്വാദനവും ഉറപ്പ് നൽകുന്നു.
DC Rating : 95/100
No comments:
Post a Comment