Tuesday, March 19, 2019

517. Stan And Ollie (2018)



Director : Jon Baird

Genre : Biographical

Rating : 7.5/10

Country : UK

Duration : 98 Minutes


🔸സിനിമ എന്നത് ഒരു മാന്ത്രിക ലോകമാണ് എന്നത് നമ്മുടെ ചുറ്റും ഉള്ള അനവധി ഉദാഹരണങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നതാണ്. ഈ മായിക ലോകത്തേക്ക് ഒന്നും ഇല്ലായ്മയിൽ നിന്നും പ്രതീക്ഷകളുടെ ഭാരം പേറി കഠിനാധ്വാനത്തിലൂടെ വിജയം കൈവരിച്ചവരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ടാവും, എന്നാൽ തോറ്റ് പോയവരുടെ കഥകൾക്ക് നമ്മൾ ചെവി കൊടുക്കാറില്ല, മായിക ലോകത്തേക്ക് കഴിവും പ്രതിഭയും ഉണ്ടായിട്ടും പ്രവേശനം നിഷേധിക്കപ്പെട്ട, ശോഭിക്കാതെ പോയ എത്രയോ ആളുകളുണ്ട്, ഇവരിലേക്കുള്ള ഓർമപ്പെടുത്തലാണ് സ്റ്റാൻ ആൻഡ് ഒള്ളി എന്ന ചിത്രം.

🔸മുകളിൽ സൂചിപ്പിച്ച വസ്തുതയിൽ നിന്നും ചെറിയൊരു വ്യത്യാസം ഉണ്ട് ഈ ചിത്രത്തിന്, വ്യത്യാസം വേറൊന്നുമല്ല രണ്ട് കേന്ദ്ര കഥാപാത്രങ്ങളും തങ്ങളുടെ ആയ കാലത്ത് സിനിമയിൽ നിറഞ്ഞ് നിന്ന് ശോഭിച്ചവരാണ്. സെൻസേഷൻ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രീതിയിലുള്ള ആരാധക ജന പിന്തുണ സ്വന്തമായിരുന്ന ഇരുവരുടെയും കാര്യം ഇപ്പോൾ കുറച്ച് മോശമാണ് എന്ന് മാത്രം.

🔸ഒരല്പം പഴക്കമുണ്ട് ഈ കഥയ്ക്ക്, പഴക്കം എന്ന് പറഞ്ഞാൽ രണ്ടാം ലോകമഹായുദ്ധം വരെയുള്ള പഴക്കം. അന്ത കാലത്തെ വളരെ പ്രശസ്തരായ രണ്ട കൊമേഡിയന്മാരാണ് സ്റ്റാൻലിയും ഒലിവറും. ഇരുവരും ഒന്നിച്ചുള്ള കൊമെടി രംഗങ്ങൾക്കും, അവ ഉൾപ്പെടുന്ന ചിത്രങ്ങൾക്കും ആരാധകർ അനവധി ആയിരുന്നു എന്നതാണ് സത്യം, രണ്ടാൾക്കും ഇടയിലുള്ള കെമിസ്ട്രിയും ടൈമിങ്ങും എല്ലാം മറ്റ് കലാകാരന്മാർക്ക് അസൂയ തോന്നും വിധം മനോഹരവും, ഇവയൊക്കെയാണ് ഒരു പരിധി വരെ സ്റ്റാൻ ഒലി എന്ന ബ്രാൻഡിനെ മുന്നോട്ട് കൊണ്ട് പോയതും.

🔸സ്‌ക്രീനിന്റെ പുറത്ത് ജീവിതത്തിലും ഉറ്റ ചങ്ങാതിമാർ ആയിരുന്നു സ്റ്റാനും ഒലിവറും, ഇങ്ങനെ കത്തി നിൽക്കുന്ന കാലഘട്ടത്തിൽ ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്കുള്ള യാത്രകൾക്കിടെ രണ്ട് കഥാപാത്രങ്ങൾക്കും ഇടയിൽ ചില സൗന്ദര്യ പിണക്കങ്ങൾ ഉടലെടുക്കുന്നതും, അതിന്റെ കാര്യ കാരണങ്ങളും പ്രത്യാഘാതങ്ങളും എല്ലാമാണ് ഈ ചിത്രം പറയുന്നത്. മുപ്പതുകളുടെ അവസാനം ആണ് ചിത്രം ആരംഭിക്കുന്നത് എങ്കിലും കഥ ഒന്ന് ചൂട് പിടിക്കുന്നത് ഇരുപത് വർഷങ്ങൾക്ക് ശേഷമാണ്.

🔸രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഈ കഥാപാത്രങ്ങളെ നമ്മൾ കണ്ട് മുട്ടുമ്പോൾ അവസ്ഥ കുറച്ച് മോശമാണ്, തങ്ങളുടെ സുവർണ കാലം കഴിഞ്ഞ് പോയി എന്ന വസ്തുതയോട് മാനസികമായി യോജിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന രണ്ട് കഥാപാത്രങ്ങളാണ് ഈ ഭാഗത്തുള്ളത്. ഇവിടെ നിന്നും തങ്ങളുടെ ആരാധകരുമായി അവസാനമായി ഒരുതവണ കൂടി ഇടപഴകുന്നതിന് രണ്ട് പേരും ചേർന്ന് നടത്തുന്ന ചില്ലറ ശ്രമങ്ങളും മറ്റുമാണ് പിന്നീടുള്ള ഒന്നര മണിക്കൂർ സമയം. രണ്ട് പ്രധാന കഥാപാത്രങ്ങളെയും അവരുടെ ഭാര്യമാരെയും അവതരിപ്പിച്ച നടീ നടൻമാർ എല്ലാം നന്നായിരുന്നെങ്കിലും ജോൺ റെയ്ലിയുടെ അഭിനയം പ്രത്യേകം പരാമർശിക്കേണ്ടി ഇരിക്കുന്നു. ഒരല്പം സ്ലോ ആയ ഡ്രാമ ചിത്രങ്ങളോട് താല്പര്യം ഉള്ളവരാണ് നിങ്ങൾ എങ്കിൽ ധൈര്യമായി കാണാം ഈ ചിത്രം.

Verdict : Very Good

DC Rating : 80/100

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...