നമ്മളീ ഒരുപാട് സിനിമകൾ കണ്ട് ശീലിച്ചത് കൊണ്ടാവണം ഒരു കഥാപാത്രത്തിന്റെ കാര്യം ഏകദേശം തീരുമാനം ആയി എന്ന് മുൻകൂട്ടി പറയാൻ കഴിയും, ഒരു പരിധി വരെ. അതായത് ഒരു പ്രത്യേക കഥാപാത്രം ആരോടെങ്കിലും അമിതമായ അടുപ്പമോ, സ്നേഹമോ അല്ലെങ്കിൽ അത്തരത്തിൽ ഉള്ള അമിത വികാര പ്രകടനങ്ങളോ നടത്തിയാൽ, അല്ലെങ്കിൽ ഭാവിയെ പറ്റി കൂടുതലായി ഉൽക്കണ്ഠ പെട്ടാൽ, ഇനി അതും അല്ലെങ്കിൽ സ്ഥിരം രീതികൾ വിട്ട് എന്തെങ്കിലും വ്യത്യസ്തമായ രീതിയിൽ പെരുമാറിയാൽ എല്ലാം സൂചനകളാണ്, മോനെ നിന്റെ പടം ഭിത്തിയിൽ കയറാറായി എന്ന സൂചന, അപൂർവം സന്ദർഭങ്ങളിലെ ഇത് മറിച്ച് സംഭവിക്കാറുള്ളൂ.
ഇതിനൊരു മറുവശം ഉണ്ട്, നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് കയറി വരുന്ന ചില കഥാപാത്രങ്ങളുടെ മരണ രംഗങ്ങൾ. അവിടെ മേൽ പറഞ്ഞ സൂചനകൾ ഏതും കണ്ടെന്ന് വരില്ല, പലപ്പോഴും സിനിമ മുന്നോട്ട് പോവുക ഈ കഥാപാത്രങ്ങളിലൂടെ ആവും എന്നാവും നമ്മൾ കരുതി വെച്ചിരിക്കുക, എന്നാൽ അമ്പരപ്പിച്ച് കൊണ്ട് തൊട്ടടുത്ത മോമെന്റിൽ ആ കഥാപാത്രത്തിന്റെ വെടി തീർന്നിരിക്കും, ആ നിമിഷത്തില് അമ്പരപ്പ് എന്നതിനേക്കാൾ അപ്രവചനീയതയ്ക്കും ചിത്രം തുടർന്ന് കാണാനുള്ള താല്പര്യത്തിനും വേണ്ടി കൊടുക്കുന്ന ബലിയാണ് ഈ കഥാപാത്രങ്ങൾ. ഗെയിം ഓഫ് ത്രോൺസ് പോലെയുള്ള സീരീസുകളിൽ ഇത് നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്, നെഡ് സ്റ്റാർക്ക് പോലുള്ള കഥാപാത്രങ്ങളുടെ കാര്യത്തിൽ, ഈ പോസ്റ്റ് സിനിമയിൽ ഇത് പോലെ സംഭവിച്ച ചില അപ്രതീക്ഷിത മരണങ്ങളെ പറ്റിയാണ്....
കൂടുതൽ പറയേണ്ടല്ലോ, ഒടുക്കത്തെ SPOILER ALERT, പല ചിത്രങ്ങളുടെയും പ്രധാന രംഗങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്, അറിയാൻ ആഗ്രഹിക്കാത്തവർ ദയവ് ചെയ്ത് മടങ്ങി പോവുക, നന്ദി....
ചിത്രം തുടങ്ങി ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു, അണ്ടർ വോട്ടർ റിസേർച് സ്റ്റേഷനിലെ ഷാർക് അറ്റാക്ക് കാരണം പൊറുതി മുട്ടിയിരിക്കുകയാണ് നമ്മടെ പ്രധാന കഥാപാത്രങ്ങളെല്ലാം, അപ്പൊ ദാ വരുന്നു സാമുവൽ ജാക്ക്സൺ. ആംഗ്രി ബ്ലാക്ക് ക്യാപ്റ്റൻ, തകർന്ന് തരിപ്പണമായി കിടക്കുന്ന സ്റ്റേഷൻ, നിസ്സഹായരായ ടീം, ങാ മോട്ടിവേഷന് സമയമായി എന്ന് നമ്മൾ വിചാരിക്കും, പക്ഷെ ഒരു തേങ്ങയും നടക്കൂല. പുള്ളി സംസാരിച്ച് തുടങ്ങുമ്പോഴേക്കും പിറകിൽ നിന്ന് ഷാർക് വന്ന് കൊന്ന് തിന്ന് പോയിരിക്കും, എന്താണ് സംഭവിച്ചത് എന്ന ഞെട്ടലിൽ നിന്ന് നമ്മൾ രക്ഷപ്പെട്ടിട്ടും ഉണ്ടാവില്ല.
ഈ മാർട്ടിൻ സ്കോർസെസ് ചിത്രത്തിന്റെ കാര്യം കുറച്ച് കഷ്ടമാണ്, ഇന്റർനൽ അഫേഴ്‌സ് എന്ന ഒറിജിനൽ ചിത്രം കണ്ടവർക്ക് അറിയാം ഏകദേശം എന്താണ് സംഭവിക്കാൻ പോവുന്നത് എന്ന്, എന്നാൽ അവർ പോലും പ്രതീക്ഷിച്ച് കാണില്ല ലിഫ്റ്റ് തുറന്ന് നേരെ കോസ്റ്റിഗെൻ പോവുന്നത് മരണത്തിലേക്കാണ് എന്ന്, എല്ലാം ഞൊടിയിടയിൽ സംഭവിക്കുന്നു എന്നതും ഈ സീനിന്റെ റിപ്പീറ്റ് വാലിയു കൂട്ടുന്നു. സെക്കന്റുകൾക്കുള്ളിൽ ഒരു സിനിമയുടെ ഭാവി മാറി മറിയുന്നത് കാണാൻ എന്താ ഒരു രസം. ചിത്രത്തിലെ തന്നെ ജാക്ക് നിക്കോൾസൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മരണവും ശ്രദ്ധേയമാണ്, പക്ഷെ അവിടെ ആര് കൊന്നു എന്നതാണ് ശ്രദ്ധേയം.
Casey (Scream)
തൊണ്ണൂറുകളിലെ തിരക്കേറിയ ഒരു നടിയെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുക, പ്രൊമോഷനിലും മറ്റും നടിക്ക് വലിയ പ്രാധാന്യം നൽകുക, എന്തിന് അധികം സിനിമയിൽ തന്നെ ടോപ് ബില്ലിംഗ് നൽകുക, ഒടുവിൽ ആദ്യ പത്ത് മിനുട്ടിൽ തന്നെ വില്ലന്റെ പ്രാധാന്യം കാണിക്കാൻ കൊന്ന് കളയുക. ഇതാണ് സ്ക്രീം എന്ന ചിത്രത്തിലെ ഡ്രൂ ബാരിമോറിന്റെ കഥാപാത്രം. മരിക്കുന്ന സമയം പോലെ പ്രാധാന്യം അർഹിക്കുന്നതാണ്, അവർ മരിക്കുന്ന മൃഗീയമായ രീതിയും. ടോൺ സെറ്റിങ് എന്നതിന്റെ ഒക്കെ നല്ല ഫസ്റ്റ് ക്‌ളാസ് ഉദാഹരണം, എന്നാലും ഡ്രൂ ബാരിമോർ....
Llewelyn Moss (No Country For Old Man)
ആന്റൺ ചിഗുർ എന്ന നമ്മടെ വില്ലൻ ഫുൾ മാസായിട്ട് സ്ക്രീൻ നിറഞ്ഞ് നിൽക്കുകയാണ്, നായക കഥാപാത്രം കുറെ ആയി ആന്റണിനെയും പേടിച്ച് ഓടാൻ തുടങ്ങിയിട്ട്, സ്വാഭാവികമായും സിനിമകൾ കണ്ട് ശീലിച്ച അനുഭവത്തിൽ പറയാം, ഇതെല്ലാം ക്ലൈമാക്സിലേ നായക വില്ലൻ സംഘട്ടനത്തിലേക്കാണ് പോയി കൊണ്ടിരിക്കുന്നത് എന്ന്, എന്നാൽ അല്ലേയല്ല. ആ പ്രതീക്ഷിച്ച സീൻ സംഭവിക്കുന്നെ ഇല്ല, നായകനെ വില്ലൻ നൈസ് ആയിട്ട് കൊല്ലും അതും ഓഫ് സ്‌ക്രീനിൽ, ഇത് നിങ്ങൾ ഉദ്ദേശിക്കുന്ന പടം അല്ല സാർ.
Chad Feldheimer (Burn After Reading)
ഈ സിനിമയെ പറ്റി ഓർമിക്കുമ്പോ ആദ്യം മനസ്സിൽ വരുന്നത് ബ്രാഡ് പിറ്റിന്റെ ചിരിയാണ്, പിന്നെ ആ കഥാപാത്രത്തിന്റെ മരണവും, സിനിമയെ പറ്റി വല്യ അഭിപ്രായം ഇല്ലെങ്കിലും ഈ സീൻ ഞെട്ടൽ ആയിരുന്നു എന്നത് സത്യം. ബ്രാഡ് പിറ്റിനെ പോലെ ഒരു നടൻ സ്വാഭാവികമായും ക്ളൈമാക്സ് വരെ ഉണ്ടാവും എന്നൊരു മിഥ്യാധാരണ ഉണ്ടായിരുന്നു, അതും പോരെങ്കിൽ ചിത്രത്തിൽ ഏറ്റവും ഇഷ്ടം തോന്നിയ കഥാപാത്രം ആയിരുന്നു ചാഡ്, ടമാർ പഠാർ തീർന്നു. മരിക്കുന്നതിന് തൊട്ട് മുൻപ് ഒരു ചിരി ഉണ്ട്, 60 വാൾട്ട് ബൾബ് കത്തിച്ച പോലെ, ആ ചിരി ഈ സീൻ കൂടുതൽ മെമറബിൽ ആക്കുന്നേ ഉള്ളൂ.
Dick Halloran (Shining)
ഡിക്ക് ഹലോറന്റെ മരണം അപ്രതീക്ഷിതം ആയതിന് ഒരു കാരണമുണ്ട്, ചിത്രത്തിന് ആധാരമായ നോവലിൽ പുള്ളി മരിക്കുന്നില്ല എന്ന് മാത്രമല്ല അതിന്റെ തുടർ ഭാഗത്തിൽ ശക്തമായ ഒരു സാന്നിധ്യം കൂടിയാണ്. അതെല്ലാം ഒഴിവാക്കിയാലും സിനിമ ഒരു സൂചന പോലും തരുന്നില്ല എന്നതാണ് സത്യം, വെണ്ടിയേയും ഡാനിയേയും അന്വേഷിച്ച് എത്തുന്ന ഹലോറൻ അവരെ രക്ഷിക്കും എന്ന് പ്രതീക്ഷിക്കും എങ്കിലും സംഭവിക്കുന്നത് മറിച്ചാണ്. അപ്രതീക്ഷിത മരണങ്ങളിൽ ഒന്നായി ഇപ്പോഴും ഉണ്ടാവും ഡിക് ഹലോറൻ എന്ന കഥാപാത്രം.
ഒരു ആൽഫ്രെഡ് ഹിച്ച്കോക് ചിത്രമാവുമ്പോൾ സ്വാഭാവികമായും ആരെങ്കിലും ഒരാൾ മരിക്കണം. എന്നാൽ സൈക്കോ എന്ന ചിത്രം കാണുന്ന, ജാനറ്റ് ലെ എന്ന നടിയെ അറിയുന്ന ആരും അത് അവർ ആവും എന്ന് പ്രതീക്ഷിക്കില്ല. താരമൂല്യവും, നായിക എന്ന് മുഖത്ത് എഴുതി വെച്ചിട്ടുള്ള അവരുടെ മുൻ സിനിമകളും എല്ലാം ഇതിന് കാരണങ്ങളാണ്, എന്നാൽ എന്താണ് സംഭവിച്ചത് എന്ന് ചിത്രം കണ്ട എല്ലാവര്ക്കും അറിയാം, അതിൽ വലിയ വിഷമവും ഇല്ല കാരണം ചിത്രം നിലവാരത്തിൽ അത്രയും ഉയരത്തിലാണ്.
Hicks, Newt, Bishop (Aliens 3)
എലിയെൻസ് 2 എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഒരു റിലീഫ് ആണ്, പ്രത്യേകിച്ചും നമ്മുടെ പ്രധാന കഥാപാത്രങ്ങളായ റിപ്ലി, ന്യുട്, ഹിക്ക്സ്, ബിഷപ് എന്നിവർ രക്ഷപ്പെട്ടു എന്ന് അറിയുമ്പോൾ. എന്നാൽ മൂന്നാം ഭാഗത്തിന്റെ തുടക്കത്തെ ഹാർട്ട് ബ്രെയ്ക്കിങ് എന്നൊക്കെ വിശേഷിപ്പിക്കാം, തുടക്കത്തിൽ സംഭവിച്ച ഒരു ദുരന്തത്തിൽ ഈ കഥാപാത്രങ്ങൾ എല്ലാം മരിക്കുകയാണ്, ഇനി അതും പോരെങ്കിൽ ആ ക്രൂരമായ ബീജിഎമ്മും, വികൃതമായ കഥാപാത്രങ്ങളുടെ മുഖങ്ങളും, ചിന്നി ചിതറിയ ശരീരങ്ങളും മതി ഓർമയിൽ നില്ക്കാൻ, എലിയൻസ് 3 വല്ലാത്ത ഒരു അനുഭവം ആയിരുന്നു, എല്ലാ അർത്ഥത്തിലും.
സോമ്പിലാൻഡ് എന്ന ചിത്രം രണ്ടാം പകുതിയിൽ കരുതിവെച്ച സർപ്രൈസ് ആയിരുന്നു ബിൽ മുറേയുടെ അതിഥി വേഷം. സോംബികളെ പറ്റിക്കാൻ അവരിൽ ഒരാളായി വേഷം മാറി നടന്നാൽ പോരെ എന്ന തികച്ചും ന്യായമായ ചോദ്യം ചോദിച്ച കഥാപാത്രത്തോളം തന്നെ സ്പെഷ്യൽ ആയിരുന്നു പുള്ളിയുടെ മരണവും, അത് എങ്ങിനെയാണ് സംഭവിക്കുന്നത് എന്ന് പറഞ്ഞാൽ ഫ്ലോ അങ് പോവും, യൂറ്റിയൂബിൽ ഒന്ന് കൂടി കണ്ട് നോക്കുക. ചിത്രത്തിന്റെയും നടന്റെയും എല്ലാം ടോണിനോടും, രീതിയോടും ചേർന്ന് നിൽക്കുന്ന നല്ല ഫസ്റ്റ് ക്‌ളാസ് ഡെത് സീൻ.
ഇത്രയും ഇന്റെൻസ് ആയ, ഗ്രിപ്പി ആയ ഒരു ചിത്രത്തിന് ഹാപ്പി ആയ ഒരു എൻഡിങ് ഉണ്ടാവും എന്ന് ആരാ പറഞ്ഞത്, മിസ്റ്റ് അവസാനിക്കുന്നത് ഒരുപക്ഷെ ഏറ്റവും ഡിപ്രസിങ് ആയ രീതിയിലാണ്, നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ, എന്നാൽ ഈ അപ്രവചനീയത ഒരു അനുഗ്രഹമാക്കി മാറ്റിയ ചിത്രമാണ് മിസ്റ്റ്, ചിത്രത്തെ പറ്റിയുള്ള മിക്ക ചർച്ചകളും ക്ലൈമാക്സിലേക്ക് വഴി മാറി പോവുന്നത് ഇതിനുള്ള നല്ല ഉദാഹരണമാണ്, ഇങ്ങനെ എത്ര എത്ര സിനിമകൾ പലപ്പോഴും ഈ രംഗങ്ങൾ ഒരു ശരാശരി ചിത്രത്തെ പോലും ഓർമ്മയിൽ നിർത്തും എന്നതാണ് അനുഭവം
No comments:
Post a Comment