Director : Todd Philips
Genre : Superhero
Rating : 9/10
Country : USA
Duration : 124 Minutes
🔸ജോക്കറിനോളം പ്രശസ്തിയും പ്രചാരവും നേടിയൊരു കോമിക് ബുക് വില്ലൻ കഥാപാത്രം മറ്റൊന്ന് ഉണ്ടാവില്ല. ലോകത്താകമാനം ഉള്ള കാഴ്ചക്കാരുടെയും ആരാധകരുടെയും സ്നേഹാശിസ്സുകൾ നേടി കൊണ്ട് ഈ ഒരു കഥാപാത്രത്തിന്റെ തന്നെ അനവധി വേർഷനുകൾ ഇറങ്ങി കഴിഞ്ഞു. സെസാർ റോമെറോ തൊട്ട് ഇങ് ജൊവാക്വിൻ ഫീനിക്സ് വരെ ഒരുപാട് വേർഷനുകൾ, ഇതിനിടയിൽ തന്നെ എടുത്ത് പറയേണ്ട ജാക്ക് നിക്കോൾസണിന്റെയും, മാർക്ക് ഹാമിലിന്റെയും വേർഷനുകൾ പിന്നെ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്ത ഹീത് ലെഡ്ജറുടെ അനശ്വരമായ വേർഷൻ. ഇവയിൽ എല്ലാം തന്നെ നമ്മൾ കഥ കണ്ടത് ബാറ്റ്മാന്റെ വീക്ഷണത്തിലൂടെയാണ്, ഇനി ഒരു വറൈറ്റിക്ക് ജോക്കറിന് എന്താണ് പറയാൻ ഉള്ളത് എന്ന് അയാളുടെ ഭാഗത്ത് നിന്ന് കേട്ടാലോ എന്ന ചിന്തയാണ് ഈ സോളോ ചിത്രത്തിൽ എത്തി നിൽക്കുന്നത്.
🔸ഒരു ഒറിജിൻ സ്റ്റോറി ആണ് ചിത്രം, ആർതർ ഫ്ലെക്ക് എന്ന തികഞ്ഞ പരാജയമായ സ്റ്റാൻഡ് അപ് കൊമേഡിയനിൽ നിന്നും ജോക്കർ എന്ന 'വില്ലൻ' കഥാപാത്രത്തിലേക്കുള്ള ദൂരം ആണ് ചിത്രം പറയുന്നത്. ഒന്നല്ല, ഒട്ടനവധി കാരണങ്ങളാണ് ആ മനുഷ്യനെ ഇൻസെയ്നിറ്റിയിലേക്ക് തള്ളി വിടുന്നത്, ഇവ എല്ലാം തന്നെ നല്ല വെടിപ്പായിട്ട് ചിത്രം കാണിക്കുന്നുമുണ്ട്. എല്ലാവർക്കും ചിത്രം കാണാൻ അവസരം ലഭിച്ചിട്ടില്ലാത്തതിനാൽ കഥ അവിടെ നിർത്താം, ബാക്കി കണ്ട് തന്നെ അറിയുക. ഒരു മോശം ദിവസം മതി, ഒരു മനുഷ്യനെ ഭ്രാന്തിലേക്ക് തള്ളി വിടാൻ എന്ന് മുൻപ് എങ്ങോ കണ്ട സിനിമയിലോ സീരീസിലോ മറ്റോ ഉള്ള സംഭാഷണത്തിന്റെ ദൃശ്യാവിഷ്‌കാരം ആണ് ചിത്രം.
🔸കാര്യങ്ങളിലേക്ക് കൂടുതലായി പോവുന്നതിന് മുന്നേ ഒരു ചെറിയ കാര്യം പറഞ്ഞിടാം, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്, അവേഞ്ചേഴ്‌സ് എൻഡ്ഗെയിം, ടോയ് സ്റ്റോറി 4, റോക്കെറ്റ്‌മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ വർഷം തിയേറ്ററിൽ കണ്ടതിൽ മസ്റ്റ് വാച്ച് എന്ന് ഉറപ്പിച്ച് പറയാൻ കഴിയുന്ന ഒന്നാണ് ഈ ചിത്രം, സംശയത്തിന് ഒരു ചെറിയ സാധ്യത പോലുമില്ല. ഇത്രയും സംപ്ത്രിപ്തി പകർന്ന, ആവേശം കൊള്ളിച്ച, ഇനി എന്ത് എന്ന ചോദ്യം ഉന്നയിച്ച വേറൊരു ചിത്രവും അടുത്ത് വന്നിട്ടില്ല. റിലീസിന് മുൻപ് എന്തായിരിക്കും ചിത്രം എന്നാണോ അണിയറ പ്രവർത്തകർ അവകാശപ്പെട്ടത്, ആ കോളത്തിൽ എല്ലാം ടിക്ക് മാർക്കും എ ഗ്രേഡും വാങ്ങി സിനിമ പാസ് ആയിട്ടുണ്ട്.
🔸സാസി ബീറ്റ്സിന്റെ കഥാപാത്രത്തിന് ഒരു പൂർണത കിട്ടിയില്ല എന്ന ചെറിയ പരാതി ഒഴിച്ചാൽ ബാക്കിയെല്ലാം പോസിറ്റിവുകളാണ്. അർത്ഥരും റോബർട്ട് ഡെനിറോയുടെ കഥാപാത്രവും തമ്മിലുള്ള ബന്ധവും കെമിസ്ട്രിയും എല്ലാം തന്നെ നന്നായിരുന്നു, അല്ല മികച്ചതായിരുന്നു. ഭ്രാന്തിലേക്ക് വീഴുന്ന, മനസ്സ് കൈവിട്ട് കൊണ്ടിരിക്കുന്ന ഒരു കഥാപാത്രത്തിന്റെ കഥ ആയതിനാൽ തന്നെ ഒരല്പം ഡിസ്റ്റർബിങ് ആവുന്നുണ്ട് ചിത്രം, ആ രംഗങ്ങൾ ആർതർ ഫ്ലെക്ക് എന്ന വ്യക്തിയുടെ വീഴ്ചയുടെ ആഘാതം കാണിച്ച് തരുന്നുമുണ്ട്. വ്യക്തമായ ഒരു ഒറിജിൻ സ്റ്റോറി ഇല്ലാത്ത കഥാപാത്രമാണ് കോമിക്സിൽ ജോക്കർ എന്ന് എവിടെയോ കേട്ടിട്ടുണ്ട്, അങ്ങനെ ഒരു ക്ളീൻ സ്ലേറ്റിൽ ഇതിനേക്കാൾ നല്ലൊരു പാഠം എഴുതാൻ കഴിഞ്ഞേക്കില്ല.
🔸ധനികരും ദരിദ്രരും തമ്മിലുള്ള വ്യത്യാസവും അത് പോലുള്ള കോണ്ടെക്സ്റ്റും ഒക്കെ ഉൾപ്പെടുത്തി മറ്റൊരു ലൈൻ കൂടി പ്ലോട്ടിൽ ചിത്രം ഉൾപ്പെടുത്തുന്നുണ്ട്. ഇതോടൊപ്പം നല്ല സൗണ്ട്ട്രാക്കും, അല്പം ക്രേസി ആയി തോന്നപ്പെട്ട സിനിമാട്ടോഗ്രഫിയും എല്ലാം ചേരുമ്പോൾ ജോക്കർ വേറൊരു തലത്തിലേക്ക് ഉയരുകയാണ്. ജൊവാക്വിൻ ഫീനിക്സിന്റെ പ്രകടനത്തെ പറ്റി ഒന്നും പറയാഞ്ഞത് മനപ്പൂർവം ആണ്, അത് പറയാൻ ആണേൽ ഈ പോസ്റ്റിന്റെ മുഴുവൻ ദൈർഘ്യം മതിയാവില്ല, എന്തൊരു മനുഷ്യനാടോ. ജോക്കറിന്റെ കഥ വെയ്ൻ ഫാമിലി ഇല്ലാതെ പൂർത്തിയാവില്ല, അവരുണ്ട്, ആ ഉള്ള രംഗങ്ങൾക്ക് കിട്ടിയത് തികഞ്ഞ കയ്യടി ആണെന്ന് പറഞ്ഞ് അവസാനിപ്പിക്കാം. ജോക്കർ തിയേറ്ററിൽ തന്നെ അനുഭവിക്കേണ്ട ഒരു ചിത്രമാണ്, പ്രത്യേകിച്ചും അവസാനത്തെ നാല്പത് മിനുട്ടുകൾ, അവ പാക്ക്ഡ് ഹൌസിൽ ഈ കഥാപാത്രങ്ങളുടെ ആരാധകരായവരോടൊപ്പം ഇരുന്ന് ആസ്വദിക്കാൻ പറ്റിയില്ലെങ്കിൽ നഷ്ടമാണ്, വൻ നഷ്ടം.
DC Rating : 90/100
No comments:
Post a Comment