Friday, July 31, 2020

856. Three Colors Red (1994)



Director : Krzysztof Kieślowski

Genre : Drama

Rating : 8.1/10

Country : France

Duration : 100 Minutes


🔸കീസ്ലോവ്സ്കിയുടെ കളേഴ്സ് ത്രിലോഗിയിലെ അവസാന ചിത്രം, നിരൂപകരുടെയും പല സിനിമാ ആസ്വാദകരുടെയും അഭിപ്രായത്തിൽ സീരീസിനെ തന്നെ ഡിഫൈൻ ചെയ്യുന്ന, മൂന്ന് എണ്ണത്തിലെയും ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം. ഒരു ട്രിലോഗിയെ സംബന്ധിച്ച് മൂന്നാമത്തെ ചിത്രത്തിന് വലിയ പ്രാധാന്യമുണ്ട്, കഥയുടെ കാപ്പിങ് ഓഫിന് കഥയോളം പ്രാധാന്യം ഉണ്ടെന്ന് പറയുന്ന ആ അർത്ഥത്തിൽ തന്നെ. ഈ വസ്തുത കണക്കിൽ എടുത്ത് നോക്കുക ആണെങ്കിൽ തീർച്ചയായും ശക്തമായ ഒരു സിനിമ തന്നെയാണ് ത്രീ കളേഴ്സ് റെഡ്, ഏറ്റവും മികച്ചത് എന്ന പട്ടം വ്യക്തിപരമായി കൊടുക്കില്ലെന്നത് വേറെ കാര്യം.

🔸വാലന്റീന എന്ന യുവതിയാണ് ഈ മൂന്നാം ഭാഗ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം, വാലന്റീന ജനീവയിലെ ഒരു യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയും മോഡലും ഒക്കെയാണ്, ഇതിന് പുറമെ അല്ലറ ചില്ലറ ബാല്ലേ ക്‌ളാസ്സുകളിലും പങ്കെടുക്കാറുണ്ട്, ആകെ തിരക്കുള്ള ഒരു ജീവിതം. ഇതിന് പുറമെ ഒരു പ്രണയം കൂടിയുണ്ട് അവളുടെ ജീവിതത്തിൽ, ഇംഗ്ലീഷുകാരനായ അത്യാവശ്യം പൊസസീവ് ആയ ഒരു കഥാപാത്രം, ഇരുവരും അടുത്ത് തന്നെ കണ്ട് മുട്ടാൻ പ്ലാൻ ഇടുന്നുണ്ട്. വാലന്റീനയുടെ ജീവിതം മാറി മറിയുന്നത് ഒരുനാൾ അവളുടെ വണ്ടി കാരണം ഒരു നായയ്ക്ക് പരിക്കേൽക്കുമ്പോഴാണ്.

🔸അവൾ നായയുടെ ഉടമയെ കണ്ടെത്തി അവിടേക്ക് ചെന്നെങ്കിലും അയാൾ അതിൽ വലിയ താല്പര്യം ഒന്നും കാണിക്കുന്നില്ല, ആ പറയാൻ വിട്ടുപോയി ഈ ഉടമസ്ഥ കഥാപാത്രമാണ് ചിത്രത്തിലെ രണ്ടാമത്തെ കേന്ദ്ര കഥാപാത്രം, റിട്ടയേഡ് ജഡ്ജി ജോസഫ് കെൺ. കെണിന്റെ പക്കൽ നിന്നും ആശാവഹമായ പ്രതികരണം ഒന്നും കിട്ടാഞ്ഞതിനാൽ വാലന്റീന തന്നെ നായയെ പരിചരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി വൈദ്യസഹായം ഉറപ്പ് വരുത്തുന്നുണ്ട്. പിന്നീട് അതിനെ മടക്കി കൊണ്ട് ചെന്നപ്പോഴാണ് അവൾ ഒരു ഞെട്ടിക്കുന്ന കാര്യം ശ്രദ്ധിക്കുന്നത്.

🔸ജഡ്ജ് കെൻ തന്റെ അയൽക്കാരുടെയും മറ്റും രഹസ്യ,.സ്വകാര്യ സംഭാഷണങ്ങൾ മാറി ഇരുന്ന് കേൾക്കുന്നും വീക്ഷിക്കുന്നും ഒക്കെ ഉണ്ട് എന്ന കാര്യം. തുടക്കത്തിൽ യോജിക്കാൻ കഴിയുന്നില്ല എങ്കിലും പോകെ പോകെ അവളുടെ മനസിലും സംശയങ്ങൾ, ചോദ്യങ്ങൾ എന്നിവ ഉരുത്തിരിഞ്ഞ് വരികയാണ്. വാലന്റീനയ്ക്കും കെന്നിനും ഇടയിൽ ഒരു ബന്ധം പോകെ പോകെ ഉടലെടുക്കുന്നുണ്ട്, ഇത് തന്നെയാണ് ചിത്രത്തിന്റെ സോളും. പേഴ്സണലി ട്രിലോഗിയിൽ മൂന്നാം സ്ഥാനത്ത് മാത്രമേ ഈ ചിത്രത്തെ വെക്കാനാവു, മോശം ആയത് കൊണ്ടല്ല മറിച്ച് ആദ്യ രണ്ടെണ്ണം തന്ന ഇമ്പാക്റ്റ് ഒന്ന് കൊണ്ട്, ക്ലൈമാക്സിനോട് അടുത്ത് ചെറിയ ചില സർപ്രൈസുകൾ ഉണ്ട്, കാണാൻ ശ്രമിക്കുക.

Verdict : Good

DC Rating : 75/100

Thursday, July 30, 2020

855. Three Colors White (1994)



Director : Krzysztof Kieślowski

Genre : Drama

Rating : 7.6/10

Country : France

Duration : 92 Minutes


🔸കീസ്ലോവ്സ്കിയുടെ ത്രീ കളർ ട്രിലോഗിയിൽ പേഴ്സണലി ഏറ്റവും ഇഷ്ട്ടപ്പെട്ട ചിത്രമാണ് വൈറ്റ്, ആദ്യ ഭാഗം സ്വാതന്ത്ര്യം അല്ലെങ്കിൽ വ്യക്തി സ്വാതന്ത്ര്യം ഒക്കെയാണ് ഉയർത്തി കാട്ടിയത് എങ്കിൽ ഈ ഭാഗത്ത് പ്രതികാരവും, അത് കാരണം ഉണ്ടാവുന്ന വ്യക്തി ജീവിതത്തിൽ ഉൾപ്പെടെ ഉള്ള നഷ്ടങ്ങളും ഒക്കെയാണ് പ്രമേയം. ജൂലി ഡെൽപി എന്ന നടിയുടെ ആരാധകൻ ആയത് കൊണ്ട് കൂടി ഈ സിനിമ കൂടുതൽ സ്പെഷ്യൽ ആവുന്നത്, അവരുടെ മികച്ച ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ത്രീ കളേഴ്സ് വൈറ്റ്. മറ്റ് ചിത്രങ്ങളുമായി താരമത്യം ചെയ്യുമ്പോൾ റിലേറ്റ് ചെയ്യാനും ഇന്റർപ്രെറ്റ് ചെയ്യാനും കുറച്ച് കൂടി എളുപ്പമാണ് ഈ ഭാഗം.

🔸ത്രീ കളേഴ്സ് ബ്ലൂയിൽ നായികയായ ജൂലിയറ്റ് അബദ്ധവശാൽ കേറി പോകുന്ന ഒരു കോടതി മുറിയുണ്ട്, അവിടെ ആ സമയം നടക്കുന്ന വിചാരണയിൽ കൂടിയാണ് വൈറ്റ് ആരംഭിക്കുന്നത്, ആദ്യ ഭാഗത്തെ കഥാപാത്രത്തിന്റെ ഒരു ബ്ലിങ്ക് ആൻഡ് മിസ് കാമിയോ ഇവിടെ കാണാം. അപ്പൊ ആ മുറിയിൽ നടക്കുന്നത് ഒരു ഡിവോഴ്സ് കേസാണ്, ഡൊമിനിക് എന്ന ഫ്രഞ്ച് യുവതി തന്റെ ഭർത്താവായ കരോളിൽ നിന്നും തനിക്ക് വേർപിരിയണം എന്ന് കാണിച്ച് നൽകിയ പരാതിയിന്മേൽ ഉള്ള വിചാരണ. തങ്ങളുടെ വിവാഹബന്ധം പൂർത്തിയായില്ല എന്നും അയാളെ തനിക്ക് സ്നേഹിക്കാൻ കഴിയുന്നില്ല എന്നുമൊക്കെ ആണ് ഡൊമിനിക് പറയുന്ന ന്യായങ്ങൾ.

🔸എന്തായാലും കോടതി ഡിവോഴ്സ് അനുവദിക്കുകയാണ്, പക്ഷെ കരോളിനെ സംബന്ധിച്ച് ഏറ്റവും വലിയ അടി കിട്ടാൻ പോവുന്നെ ഉണ്ടായിരുന്നുള്ളൂ. അയാളുടെയും ഡൊമിനിക്കിന്റെയും പേരിലുള്ള വീട്, സ്ഥാപന ജംഗമ വസ്തുക്കൾ, അയാളുടെ കയ്യിലുള്ള പണം, തുടങ്ങി സകലമാന വകകളും ഡൊമിനിക്കിന്റെ പക്കൽ എത്തുകയാണ്. കയ്യിൽ അഞ്ചിന്റെ പൈസ ഇല്ലാതെ ഒരു രാത്രി തങ്ങാൻ തന്റെ വീട്ടിൽ എത്തിയ കരോളിനെ ഡൊമിനിക്ക് ആട്ടി ഇറക്കി വിടുകയും ചെയ്തു, ഇനിമേൽ ഇങ്ങോട്ട് വന്നാൽ തന്നെ അപായ പെടുത്താൻ ശ്രമിച്ചു എന്ന് കാണിച്ച് പോലീസിൽ പരാതി കൊടുക്കും എന്ന ഭീഷണി കൂടി ആയപ്പോൾ പൂർണം.

🔸മറ്റ് മാർഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ കരോൾ പിച്ച എടുക്കാൻ ഒക്കെ തയ്യാറാവുകയാണ്, റെയിൽവേ സ്റ്റേഷനിലും മറ്റും ചില്ലറ തുട്ടുകൾക്കായി പാട്ട് പാടുകയാണ് അയാൾ. പഴയകാല പോളിഷ് ഗാനങ്ങളിൽ ഒന്ന് അയാൾ പാടുന്നത് കേട്ട് ഒരു യാത്രക്കാരൻ അയാളെ സമീപിക്കുന്നിടത്ത് കഥ ട്രാക്ക് മാറി മറ്റൊരു തലത്തിലേക്ക് പോവുന്നു. അപമാനിക്കപ്പെട്ട ശേഷം കരോളിൽ ഉണ്ടാവുന്ന പ്രതികാര മനോഭാവവും അത് അയാളെ എവിടെ കൊണ്ട് ചെന്നെത്തിക്കുന്നു എന്നതും ഒക്കെയാണ് ചിത്രം കാണിച്ച് തരുന്ന കാര്യങ്ങൾ. അടുത്തിടെ കണ്ട ഏറ്റവും പവർഫുൾ എൻഡിങ് ഷോട്ടുകളിൽ ഒന്ന് ഈ ചിത്രത്തിലേതാണ്, അപ്പൊ തീർച്ചയായും കാണാൻ ശ്രമിക്കുക.

Verdict : Must Watch

DC Rating : 90/100

Wednesday, July 29, 2020

854. Three Colors Blue (1993)



Director : Krzysztof Kieślowski

Genre : Drama

Rating : 7.9/10

Country : France

Duration : 100 Minutes


🔸ത്രീ കളേഴ്സ് ട്രിലോഗി ആദ്യമായി കാണുന്നത് കുറച്ച് വർഷങ്ങൾക്ക് മുൻപെയാണ്, സീരിയസ് ആയ രീതിയിൽ അന്ന് സിനിമയെ സമീപിച്ച് തുടങ്ങിയിട്ടില്ലാത്ത കൊണ്ട് തന്നെ ആദ്യ അനുഭവം അത്ര മികച്ചത് ഒന്നും ആയിരുന്നില്ല. ഒരു റീവാച്ച് ആവശ്യമാണ് എന്ന തോന്നൽ ഉണ്ടായത് ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയുടെ ഡെക്കലോഗ് കണ്ട് കഴിഞ്ഞപ്പോഴാണ്, പിന്നെയും വർഷം ഒന്ന് രണ്ട് കഴിഞ്ഞു, ഇപ്പോഴാണ് അവസരം ഒത്ത് വന്നത്. ചിത്രത്തിന്റെ ടൈറ്റിലിലെ നീല സൂചിപ്പിക്കുന്നത് ഫ്രാൻസിന്റെ കൊടിയിലെ നിറമാണ്, സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന നിറം.

🔸ഇവിടെ സ്വാതന്ത്ര്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വ്യക്തി സ്വാതന്ത്ര്യമാണ്, കഥയിലേക്ക് വരിക ആണെങ്കിൽ ഒരു അച്ഛനും മകളും നടത്തുന്ന കാർ യാത്ര കാണിച്ച് കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്, എന്നാൽ താമസിയാതെ ഈ കാർ ഒരപകടത്തിൽ പെടുകയും അതിലെ യാത്രക്കാരായ അച്ഛനും മകളും കൊല്ലപ്പെടുകയും ചെയ്യുന്നു. ഈ മരണപ്പെട്ട ആൾ ഒരു സാധാരണക്കാരന് അല്ല, ലോകമറിയുന്ന ഒരു മ്യുസിക് കമ്പോസറാണ്. ഈ ഒരു അപകടത്തിൽ നിന്നും കമ്പോസറായ പാട്രീസിന്റെ ഭാര്യ ജൂലി മാത്രമേ രക്ഷപ്പെട്ടിട്ടുള്ളൂ.

🔸ജൂലിയെ സംബന്ധിച്ചിടത്തോളം ഈ സംഭവം വലിയ ഷോക്ക് ആയിരുന്നെങ്കിലും ചില തിരിച്ചറിവുകൾ അവിടെ ഉടലെടുക്കുകയാണ്, ഭർത്താവും മകളും മാത്രമാണ് തന്നെ തന്റെ പഴയ ജീവിതവുമായി മുന്നോട്ട് പോവാൻ പ്രേരിപ്പിച്ചിരുന്ന ഒരേയൊരു ഘടകം എന്നും ഈ ജീവിതത്തിൽ തനിക്ക് ചേർത്ത് വെക്കാനും മാത്രം മറ്റൊന്നും ഉണ്ടായിരുന്നില്ല എന്നും ജൂലി തിരിച്ചറിയുകയാണ്. അവിടെ നിന്നും ഒരു മാറ്റം ആരംഭിക്കുകയാണ്, സ്വന്തം എന്ന് തോന്നിയ സർവവും വിറ്റ് ഒഴിവാക്കാനും ബന്ധങ്ങൾ എല്ലാം അറുത്ത് മാറ്റി അകന്ന് നിൽക്കാനും അവൾ തയ്യാറാവുകയാണ്, എല്ലാം പുതിയ ഒരു തുടക്കത്തിന് വേണ്ടി.

🔸എന്നാൽ ഇത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന തിരിച്ചറിവ് താമസിയാതെ തന്നെ ജൂലിക്ക് ലഭിക്കുകയാണ്, അകത്തി നിർത്താൻ ശ്രമിക്കും തോറും കൂടുതൽ ശക്തമായി ഓർമ്മകൾ അവളെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആദ്യാവസാനം നീല നിറം സ്‌ക്രീനിൽ ആകെ നിറഞ്ഞ് നിൽക്കുന്നുണ്ട്, സ്‌കോർ കാരണവും മികച്ചൊരു അനുഭവമായി മാറുന്നുണ്ട് ത്രീ കളർ ബ്ലൂ. സ്‌ക്രീനിൽ എത്തിയ നടീ നടന്മാരുടെ പ്രകടനം എല്ലാം തന്നെ ഗംഭീരമായിരുന്നു, അപ്പൊ തീർച്ചയായും കാണാൻ ശ്രമിക്കുക.

Verdict : Very Good

DC Rating : 85/100

Tuesday, July 28, 2020

853. Virumandi (2004)



Director : Kamal Haasan

Genre : Thriller

Rating : 8.3/10

Country : India

Duration : 175 Minutes


🔸ഒരു കുറ്റം, അത് എന്ത് തന്നെ ആയാലും വധ ശിക്ഷ വിധിക്കുന്നത് ആവശ്യമായ കാര്യമാണോ എന്ന ചർച്ചയ്ക്ക് വധശിക്ഷയോളം തന്നെ പഴക്കമുണ്ട്, പല രാജ്യങ്ങളും ഈ വിഷയം ഇഴ കീറി പരിശോധിച്ചതും ചിലർ നടപടിയിൽ മാറ്റം വരുത്തിയതുമാണ്, ഈ ഒരു സബ്ജക്റ്റ് തന്നെയാണ് വിരുമാണ്ടി എന്ന ചിത്രം കൈകാര്യം ചെയ്യുന്നതും. വധശിക്ഷ എന്നതിനെ ജുഡീഷ്യറി അനുവാദം നൽകുന്ന, അനുശാസിക്കുന്ന കൊലപാതകം എന്ന് ചിത്രത്തിലെ ഒരു കഥാപാത്രം നൽകുന്ന വിശേഷണം വളരെ പ്രസക്തമായി തോന്നി, അത് വ്യക്തിപരമായ അഭിപ്രായം ആണെന്നും ഓർക്കുക.

🔸അകിര കുറൊസാവ റാഷോമോണിൽ ഉപയോഗിച്ച, പിൽക്കാലത്ത് റാഷോമോൻ ഇഫക്റ്റ് എന്ന പേരിൽ പ്രസിദ്ധി നേടിയ അവതരണ ശൈലിയുടെ മറ്റൊരു മികച്ച ഉദാഹരണമാണ് വിരുമാണ്ടി. ഒരു സംഭവത്തെ രണ്ട് വ്യക്തികൾ കാണുന്നതും മറ്റൊരാളോട് വിശദീകരിച്ച് കൊടുക്കുന്നതും രണ്ട് രീതിയിൽ ആവുന്നതും മറ്റും ഒക്കെയാണ് റാഷോമോൻ ഇഫക്ടിന്റെ ഏറ്റവും ബേസിക് ആയ ഐഡിയ. കൃത്യമായ രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞാൽ മികച്ച ഔട്ട്പുട്ട് ഉറപ്പ് തരുന്ന കാര്യങ്ങളിൽ ഒന്ന്. ഇവിടെ വിരുമാണ്ടിയും കൊത്താല തേവരും പറയുന്നത് രണ്ട് കഥകളാണ്, ഒരേ ഔട്ട്പുട്ട് ഉള്ളവ.

🔸വധശിക്ഷയുടെ ആവശ്യവും പ്രസക്തിയും എല്ലാം തന്റെ റിസേർച്ച് വിഷയമായി പഠിച്ച് കൊണ്ടിരിക്കുന്ന ഏഞ്ചല എന്ന യുവതിയിലൂടെ ആണ് കഥ ആരംഭിക്കുന്നത്. നാരായണൻ എന്ന ജയിൽ പുള്ളിയെ ഇന്റർവ്യൂ ചെയ്യാനായിരുന്നു എയ്ഞ്ചല എത്തിയത് എങ്കിലും പല കാരണങ്ങൾ കൊണ്ടും അവർക്ക് പഠിക്കാനായി കിട്ടുന്നത് കുപ്രസിദ്ധമായ വിരുമാണ്ടി കേസ് ആണ്. കൊലപാതകമാണ് കേസ് അതും ഒന്നും രണ്ടും ഒന്നുമല്ല ഇരുപത്തി ആറോളം കൊലപാതകങ്ങൾ, രണ്ട് പ്രതികൾ, വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിരുമാണ്ടിയും ജീവപര്യന്തം കിട്ടിയ കൊത്തല തേവരും.

🔸എൻജെല ആദ്യം ഇന്റർവ്യൂ ചെയ്യുന്ന കൊത്തല തേവർ പറയുന്നത് ഒരു കഥയാണ്, ഒരു ഗ്രാമത്തിലെ രണ്ട് കമ്യുണിറ്റികൾ തമ്മിൽ നടന്ന വഴക്കും അതിനെ തുടർന്നുണ്ടായ കൈവിട്ട് പോയ ചില സംഭവങ്ങളും, അതിനെല്ലാം കാരണക്കാരനായ ഒരു വിരുമാണ്ടിയും എല്ലാം ചേർന്ന കഥ. വിരുമാണ്ടിക്ക് പറയാൻ ഉണ്ടായതും ഇതേ സംഭവങ്ങളെ പറ്റി തന്നെ ആയിരുന്നു, പക്ഷെ വേറെ തന്നെ ഒരു വേർഷൻ. ചുരുക്കി പറയുക ആണെങ്കിൽ ആദ്യവും അവസാനവും മാത്രം യോജിക്കുന്ന ബാക്കിയെല്ലാം വ്യത്യസ്തമായ രണ്ട് കഥകൾ. ഇതാണ് വിരുമാണ്ടി എന്ന ചിത്രത്തിന്റെ ഒരു പ്ലോട്ട് ലൈൻ, ഒരുപക്ഷെ തമിഴിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്.

Verdict : Must Watch

DC Rating : 90/100

852. The Wings Of The Kirin (2011)



Director : Nobuhiro Doi

Genre : Mystery

Rating : 6.6/10

Country : Japan

Duration : 129 Minutes


🔸അധികം ആരും പറഞ്ഞ് കേട്ടിട്ടില്ലാത്ത, എന്നാൽ സ്‌ക്രീനിൽ ഉള്ള സമയമത്രയും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന നല്ല, എന്ഗേയ്ജിങ് ആയ ത്രില്ലെർ, അതാണ് ദി വിങ്‌സ് ഓഫ് കിരിൻ. ഒരു മർഡർ മിസ്റ്ററി ആണ് ചിത്രത്തിന്റെ ബാക്ക്ബോൺ, കൊലപാതകി എന്ന് കരുതപ്പെടുന്ന ഒരാൾ കണ്മുന്നിൽ തന്നെ ഉണ്ട്, ഇനി എല്ലാ പോയിന്റുകളും ഒന്ന് കണക്റ്റ് ചെയ്ത് ഒരു വര വരക്കേണ്ട ആവശ്യമേ ഉള്ളൂ, എന്നാൽ അവിടെയാണ് ഒരു പസിൽ കിടക്കുന്നത്. ഈ ഒരു മിസ്റ്ററി നമ്മുടെ നായകനായ അന്വേഷകനും അയാളുടെ സഹായിയും എങ്ങിനെ സോൾവ് ചെയ്യും എന്നതാണ് ചിത്രം ഉന്നയിക്കുന്ന ചോദ്യം.

🔸ജപ്പാനിലെ അത്യാവശ്യം പേര് കേട്ട ഒരു ടൂറിസ്റ്റ് സ്പോട്ട് ആണ് കിരിൻ പ്രതിമയും അത് സ്ഥിതി ചെയ്യുന്ന പുഴയ്ക്ക് കുറുകെ ഉള്ള പാലവും. എല്ലാ ഒഴിവ് ദിവസവും അത്യാവശ്യം ടൂറിസ്റ്റുകൾ വന്ന് പോവുന്ന ഈ സ്ഥലത്ത് അവരെ സഹായിക്കാനും അനുഗമിക്കാനും ഒക്കെയായി കുറച്ച് പോലീസുകാരുമുണ്ട്. അങ്ങനെ അത്യാവശ്യം ടൂറിസ്റ്റുകാർ ഉള്ള ഒരു ദിവസം രാത്രിയാണ് ഒരു പോലീസുകാരൻ അപ്രതീക്ഷിതമായ ഒരു കാഴ്ച കാണുന്നത്, പാലത്തിന്റെ നടുക്ക് ആയിട്ട് ഒരു പുള്ളി ആടി കുഴഞ്ഞ് നടക്കാൻ പോലും കഴിയാതെ വേച്ച് വേച് പോവുന്നു. സ്ഥിരം മദ്യപാനികളിൽ ഒരാൾ ആയിരിക്കുമെന്നാണ് ഗാർഡ് ആദ്യം കരുതിയത്.

🔸പാലത്തിന്റെ കൈവഴിയിൽ ഒക്കെ പിടിച്ച് താങ്ങി അത്യാവശ്യം പണിപ്പെട്ടാണ് പുള്ളി നടക്കുന്നത്, സഹായിക്കാനായി അടുത്തെത്തിയപ്പോഴാണ് ഗാർഡ് ഒരു കാര്യം ശ്രദ്ധിച്ചത്, അയാൾ നടന്ന വഴികളിൽ എല്ലാം ചോര പാടുകൾ, അപ്പോഴേക്കും പുള്ളി വീണ് കഴിഞ്ഞിരുന്നു, താമസിയാതെ മരിക്കുകയും ചെയ്തു. ഇതേ സമയം ആ സിറ്റിയുടെ തന്നെ മറ്റൊരിടത്ത് ഒരാളെ പോലീസ് ഓടിച്ച് കൊണ്ടിരിക്കുകയാണ്, അയാളെ ചേസ് ചെയ്യാനുള്ള കാരണം ഒന്നും വ്യക്തം അല്ലെങ്കിലും ഈ ഓട്ടത്തിനിടെ പുള്ളി ഒരു ആക്സിഡൻറ്റിൽ പെടുകയാണ്,.ഗുരുതരമായി പരിക്കേറ്റ അയാൾ കോമയിലേക്ക് പോവുകയാണ്.

🔸പ്രത്യക്ഷത്തിൽ വലിയ കണക്ഷൻ ഒന്നും ഇല്ലാത്ത ഈ രണ്ട് കേസുകളും കണക്റ്റഡ് ആവുന്നത് കൊല്ലപ്പെട്ട ആളുടെ ചില വസ്തുവകകൾ ആക്സിഡന്റിൽ പെട്ടവന്റെ കയ്യിൽ നിന്നും കണ്ടെടുക്കുമ്പോഴാണ്. പക്ഷെ ഇതിനേക്കാൾ എല്ലാം അന്വേഷകനെ കുഴയ്ക്കുന്ന ചോദ്യം കുത്തേറ്റ വ്യക്തി എന്ത് കൊണ്ട് ആരുടേയും സഹായം തേടാതെ സംഭവം നടന്ന സ്ഥലത്ത് നിന്നും 800 മീറ്റർ അകലേക്ക് കഷ്ടപ്പെട്ട് നടന്നു എന്നതാണ്. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താനായി അന്വേഷകൻ ഇറങ്ങി തിരിക്കുമ്പോൾ അത്യാവശ്യം നല്ലൊരു ത്രില്ലർ ചിത്രമാണ് നമുക്ക് ലഭിക്കുന്നതും.

Verdict : Good

DC Rating : 70/100

Monday, July 27, 2020

851. Wajma, An Afghan Love Story (2013)



Director : Barmak Akram

Genre : Drama

Rating : 7.3/10

Country : Afghanisthan

Duration : 115 Minutes


🔸ശക്തവും വൈകാരികവും ആയ രീതിയിൽ മനുഷ്യ ബന്ധങ്ങളെയും നിസ്സഹായാവസ്ഥയെയും എല്ലാം വരച്ച് കാണിച്ച് ശീലമുള്ള അഫ്ഘാൻ സിനിമാ ഇൻഡസ്ട്രിയിൽ നിന്നും മറ്റൊരു നല്ല ചിത്രം, അതാണ് വാജ്‌മ എൻ അഫ്ഗാൻ ലവ് സ്റ്റോറി. അഫ്‌ഗാനി സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം അംഗീകാരങ്ങളും അക്കോലെഡുകളും എല്ലാം കരസ്ഥമാക്കിയ ചിത്രം റിലീസ് ആയ വർഷത്തെ രാജ്യത്തിൻറെ ഒഫീഷ്യൽ ഓസ്കാർ എൻട്രി കൂടി ആയിരുന്നു. ഒരു സ്ത്രീ പക്ഷ സിനിമയാണ് വാജ്‌മ എങ്കിലും ഡോകിയുമെന്ററി ശൈലിയിലാണ് തയാറാക്കിയിരിക്കുന്നത്.

🔸അഫ്ഗാനിസ്ഥാനിലെ ഭൂരിപക്ഷ കുടുംബങ്ങളും എന്ന പോലെ തന്നെ അങ്ങേയറ്റം യാഥാസ്ഥികരായ കൺസർവേറ്റിവ് ചിന്തകൾ അസ്ഥിക്ക് പിടിച്ചത് പോലെ കൊണ്ട് നടക്കുന്ന ഒരു കുടുംബമാണ് വാജ്‌മയുടേത്, വാജ്‌മ പ്രായം തികഞ്ഞ ഒരു യുവതിയാണ്, വിവാഹിതയല്ല. വാജ്‌മയുടെ അച്ഛൻ പട്ടാളത്തിലാണ്, പോരാത്തതിന് നല്ല ഒന്നാംക്‌ളാസ്സ് ഒരു മുരടനും. കൂടുതൽ സമയവും വീട്ടിൽ നിന്ന് മാറി നിൽക്കുന്ന വാജ്‌മയുടെ അച്ഛനെ ഒഴിച്ച് നിർത്തിയാൽ ഒരു സഹോദരൻ, അമ്മ, മുത്തശ്ശി എന്നിവരാണ് അവൾക്ക് ഉള്ളത്, ഒരു ടിപ്പിക്കൽ ഇടത്തരം കുടുംബം.

🔸ഇപ്പോൾ കഥയിലെ പ്രശനം എന്താണെന്ന് വെച്ചാൽ വാജ്‌മ മുസ്തഫ എന്ന യുവാവുമായി പ്രണയത്തിലാണ്, വാജ്‌മയ്ക്ക് ആത്മാർത്ഥ പ്രണയം ഒക്കെ ആണെങ്കിലും മുസ്തഫയുടെ കാര്യം അങ്ങനല്ല. അങ്ങേയറ്റം കെയർലസ്സ് ആയ, ഒരു യൂസ്‌ലെസ് ആണ് മുസ്തഫ എന്ന് പറഞ്ഞാൽ പോലും തെറ്റില്ല, വാജ്‌മ ആണെങ്കിൽ നിയമ പഠനത്തിന് വരെ പ്രവേശനം നേടിയ കഴിവുള്ള വിദ്യാർത്ഥിയും, സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നത് പോലും നിഷിദ്ധമായി കരുതുന്ന ഒരു സൊസൈറ്റി ആണെന്ന് മനസിലാക്കണം. എന്തായാലും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് പറഞ്ഞത് പോലെ ഇതെല്ലാം സംഭവിച്ചു, വാജ്‌മ ഗർഭിണിയുമായി.

🔸കുടുംബത്തിന്റെ അഭിമാനം എന്നതിൽ ഈ കമ്യുണിറ്റിയിൽ വലിയ പ്രാധാന്യമുണ്ട്, ചില പ്രത്യേക സന്ദർഭങ്ങളിൽ ജീവൻ കളഞ്ഞും അത് നിലനിർത്തണം എന്ന് കരുതുന്നവരും ഉണ്ട്, വാജ്‌മയുടെ അച്ഛൻ ആണെങ്കിൽ വെട്ടൊന്ന് മുറി രണ്ട് എന്ന മെന്റാലിറ്റി ഉള്ള വ്യക്തിയും. ഇവിടെ നിന്നുമാണ് വാജ്‌മയുടെ കഥ തുടങ്ങുന്നത്, ഒരു ഡ്രാമ ആണ് ചിത്രം, അത്യാവശ്യം നല്ല തോതിൽ സ്ലോയുമാണ്, എല്ലാവര്ക്കും കാണാനായി നിർദ്ദേശിക്കാനും പറ്റില്ല. അപ്പൊ പറഞ്ഞ് വന്നത് താല്പര്യം ഉണ്ടെങ്കിൽ കാണാവുന്നതാണ്, വലിയ സംഭവം ഒന്നുമല്ല വെറുതെ കണ്ട് പോവാം, പ്രിന്റ് യൂറ്റിയൂബിൽ ലഭ്യമാണ്.

Verdict : Above Average

DC Rating : 60/100

850. Earth And Ashes (2004)



Director : Atiq Rahimi

Genre : Drama

Rating : 7.8/10

Country : Afghanisthan

Duration : 110 Minutes


🔸യുദ്ധം കാരണം ഏറ്റവും ബുദ്ധിമുട്ടിയ ലോക രാജ്യങ്ങളിൽ ഒന്ന് അഫ്ഘാനിസ്ഥാൻ ആയിരിക്കും, പത്തൊൻപതാം നൂറ്റാണ്ടിന്റെ പാതി മുക്കാൽ കാലം വരെയും രാജ ഭരണത്തിന് കീഴിൽ ആയിരുന്ന അഫ്ഘാൻ പിന്നീട് റഷ്യയുടെ കീഴിലും താലിബാന്റെ കീഴിലും ഒക്കെ ആയി ഓരോ ഫേസ് വീതം പൂർത്തിയാക്കിയിട്ടുണ്ട്, അത് കഴിയുമ്പോഴേക്കും യുദ്ധങ്ങളുടെയും തീവ്രവാദി ആക്രമണങ്ങളുടെയും എല്ലാം തുടക്കവും ആയിരുന്നു. ഈ ഒരു കാരണം കൊണ്ട് തന്നെ ഒരു അരക്ഷിതാവസ്ഥ അഫ്ഘാൻ സിനിമകളിൽ പോലും പ്രകടമായി തോന്നിയിട്ടുണ്ട്, എല്ലാത്തിലും ഏതെങ്കിലും ഒരു തരത്തിൽ യുദ്ധം ഒരു വിഷയമായി വന്നിട്ടും കണ്ടിട്ടുണ്ട്, എർത് ആൻഡ് ആഷസ് എന്ന ചിത്രത്തിലും സ്ഥിതി ഗതികൾ വ്യത്യസ്തമല്ല.

🔸അതിക്ക് റഹിമിയുടെ തന്നെ നോവലിന്റെ ദൃശ്യാവിഷ്‌കാരം ആണ് ചിത്രം, അത് എന്ത് കൊണ്ടും നന്നായെന്ന് തോന്നി കാരണം എഴുത്തുകാരന്റെയും സംവിധായകന്റെയും വിഷൻ ഏകീകരിക്കപ്പെട്ടപ്പോൾ എല്ലാം തന്നെ ലഭിച്ചത് കൺസിസ്റ്റന്റ് ആയ മികച്ച സിനിമകളാണ് എന്നാണ് മനസിലായിട്ടുള്ളത്, എർത് ആൻഡ് ആഷസിന്റെ കാര്യത്തിൽ എന്തായാലും അത് സത്യമാണ്. യുദ്ധവും മറ്റും കാരണം തകർന്ന് തരിപ്പണമായ അഫ്ഘാനിലെ ഒരു ഗ്രാമപ്രദേശത്താണ് ചിത്രം ആരംഭിക്കുന്നത്, കാഴ്ചയിൽ തന്നെ ദയനീയർ എന്ന് തോന്നിക്കുന്ന ഒരു കൂട്ടം യാത്രികരെ കാണിച്ച് കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.

🔸ഈ യാത്രികരിൽ രണ്ട് പേരാണ് നമ്മുടെ കേന്ദ്ര കഥാപാത്രങ്ങളായ ദസ്തഗീറും യാസീനും, ഒരു മുത്തച്ഛനും കൊച്ചുമകനും. ഇരുവരുടെയും മട്ടും ഭാവവും ഒക്കെ കണ്ടാൽ തന്നെ വ്യക്തമാവും ദൂരെ പ്രദേശത്ത് നിന്നും യാത്ര തിരിച്ച് വന്നവരാണ് എന്ന്, ഇവരുടെ വരവിന് പിന്നിൽ ഒരുദ്ദേശവും ഉണ്ട്. ദസ്തഗീറിന് തന്റെ കുടുംബത്തെ മുഴുവൻ ഒരു ബോംബ് സ്ഫോടനത്തിൽ നഷ്ടപ്പെട്ടതാണ്, യാസീനിൻ ആണെങ്കിൽ അവന്റെ കേൾവിശക്തിയും. ഇപ്പോൾ ഈ യാത്ര ദസ്തഗീർ യാസീനിന് ഒപ്പം നടത്തുന്നത് തന്റെ മകനെ കാണാനായി ആണ്.

🔸ദസ്തഗീറിന്റെ മകൻ വർഷങ്ങൾക്ക് മുന്നേ വീട് വിട്ട് പോയതാണ്, അന്ന് ചില പ്രശ്നങ്ങളും മറ്റുമൊക്കെ ഉണ്ടായിരുന്നു താനും. എന്തായാലും അവനെ കണ്ട് കാര്യങ്ങളൊക്കെ അറിയിക്കാനാണ് ഈ യാത്ര, രണ്ട് പ്രധാന കഥാപാത്രങ്ങളെ കൂടാതെ വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രമേ ചിത്രത്തിൽ ഉള്ളൂ, വൈകാരികമായി കാഴ്ചക്കാരനെ സ്പർശിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് എർത് ആൻഡ് ആഷസ്. നല്ല ദൃശ്യങ്ങളും ലോങ്ങ് ഷോട്ടുകളും എല്ലാം ചിത്രത്തിന്റെ മറ്റ് പ്രത്യേകതകളാണ്, അപ്പൊ പറഞ്ഞ് വന്നത് എന്താണെന്നാൽ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്നാണിത് എന്ന് തന്നെ.

Verdict : Must Watch

DC Rating : 90/100

849. Mishima A Life In Four Chapters (1985)



Director : Paul Schrader

Genre : Drama

Rating : 8/10

Country : USA

Duration : 121 Minutes


🔸പൊതുവെ ഈ ബയോപിക് സിനിമകളോട് വലിയ മതിപ്പ് ഒന്നുമില്ല, കാര്യം വേറൊന്നുമല്ല ഒരു തരം വെള്ളപൂശൽ ആണ് ഈ ബയോപ്പിക്കുകളുടെ മിക്കതിന്റെയും ലക്ഷ്യം എന്നത് കൊണ്ട് തന്നെ. സത്യം എന്നത് ഈ സ്‌ക്രീനിൽ കാണിക്കുന്നത് അല്ല എന്ന വ്യക്തമായ ധാരണ ഉണ്ടായിട്ട് കൂടിയും ബ്ലൻഡ് ആയി കള്ളം അടിച്ചിറക്കുന്ന ഈ പരിപാടിയെക്കാൾ മോശം ഒരു കാര്യം സിനിമയ്ക്ക് സംഭവിക്കാനില്ല എന്നാണ് പേഴ്സണലി വിശ്വസിക്കുന്നത്. എന്നാൽ മിഷിമ എ ലൈഫ് ഇൻ ഫോർ ചാപ്‌റ്റേഴ്‌സ് എന്ന ചിത്രത്തിന്റെ കാര്യം കുറച്ച് വ്യത്യസ്തമാണ്.

🔸യുകിയോ മിഷിമ എന്ന എഴുത്തുകാരൻ നമുക്ക് അപരിചിതൻ ആയിരിക്കും, പക്ഷെ ജപ്പാനിൽ ഇത്രമേൽ സെലിബ്രെറ്റ് ചെയ്യപ്പെട്ട, ആളുകൾ ശ്രദ്ധ നൽകിയ മറ്റൊരു എഴുത്തുകാരൻ ഇരുപതാം നൂറ്റാണ്ടിൽ ഉണ്ടായിരുന്നോ എന്നത് സംശയമാണ്. ഒരു എഴുത്തുകാരൻ എന്ന നിലയ്ക്ക് മാത്രമല്ല, മിഷിമ പ്രകടിപ്പിച്ച ഐഡിയോളജി, അയാളുടെ രാഷ്ട്രീയം, നിശിതമായ വിമർശനം എന്നിവയൊക്കെ പുള്ളിയെ പലപ്പോഴും സെന്റർ ഓഫ് ഫോക്കസും സെന്റർ ഓഫ് അറ്റൻഷനും ആക്കി മാറ്റിയിട്ടുണ്ട്. ഐതിഹാസികം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഈ ജീവിതമാണ് പ്രസ്തുത സിനിമയ്ക്ക് ആധാരം.

🔸മിഷിമയെ പോലെ ചെറു പ്രായത്തിൽ തന്നെ വേൾഡ് വൈഡ് റെക്കഗ്നീഷൻ കിട്ടിയ അധികം എഴുത്തുകാർ ജപ്പാന്റെ ചരിത്രത്തിലില്ല, പാശ്ചാത്യ രാജ്യങ്ങളിലേക്ക് ജാപ്പനീസ് ലിറ്ററേച്ചറിന് ആരാധകർ അധികം ഇല്ലാത്ത കാലത്താണ് മിഷിമയുടെ പുസ്തകം അഞ്ച് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്, അതിന് ലഭിച്ച വായനക്കാർ ആണെങ്കിൽ പ്രതീക്ഷിച്ചതിലും എത്രയോ അധികം. ജപ്പാന്റെ സോഷ്യോ പൊളിറ്റിക്കൽ പശ്ചാത്തലത്തിനെ ഒക്കെ ഒരു ദാക്ഷണ്യവും ഇല്ലാതെ എടുത്തിട്ട് കുടയാൻ അയാൾ ഒരു മടിയും കാണിച്ചിരുന്നില്ല, എന്നാൽ ഇതിനെല്ലാം മുകളിൽ ഒരു കാര്യമാണ് 1970ൽ അയാൾ ചെയ്തത്, കുപ്രസിദ്ധമായ ആ സംഭവ ദിവസമാണ് ചിത്രം ആരംഭിക്കുന്നത്.

🔸പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നാല് ആക്റ്റുകൾ അല്ലെങ്കിൽ ഭാഗങ്ങളിൽ ആയാണ് സിനിമ കഥ പറയുന്നത്, മിഷിമയുടെ ബാല്യ കാലം ബ്ലാക്ക് ആൻഡ് വൈറ്റിൽ അവതരിപ്പിക്കുന്നു. മിഷിമയുടെ മൂന്ന് മികച്ച വർക്കുകൾ കളർഫുൾ ആയും, മുകൾ ഭാഗത്ത് സൂചിപ്പിച്ച സംഭവ ദിവസത്തെ പരിപാടികൾ റിയലിസ്റ്റിക് ടോണിലും ചിത്രം അവതരിപ്പിക്കുന്നുണ്ട്, ഈ മൂന്ന് ആക്റ്റുകളും ഇന്റർകണക്റ്റഡ് ആയാണ് ചിത്രത്തിൽ കാണിക്കുന്നത്. മികച്ച ഒരു സിനിമയാണ് മിഷിമ എ ലൈഫ് ഇൻ ഫോർ ആക്റ്റ്സ്, ബയോഗ്രഫിക്കൽ ജോണറിൽ പെട്ട സിനിമകൾ കാണിക്കാറുള്ള ഏച്ചുകെട്ടൽ ഒന്നും തന്നെയില്ല, കഴിയുമെങ്കിൽ കാണാൻ ശ്രമിക്കുക.

Verdict : Must Watch

DC Rating : 90/100

Sunday, July 26, 2020

848. Playtime (1967)



Director : Jacques Tati

Genre : Comedy

Rating : 7.9/10

Country : France

Duration : 120 Minutes


🔸പ്ലെ ടൈം എന്ന ജാക്വസ് ടാറ്റി ചിത്രത്തെ കുറിച്ച് എന്ത് പറയുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം വേറൊന്നുമല്ല ഒരല്പം യുണീക് ആയ ഒന്നാണ് ഈ ചിത്രവും അതിന്റെ അവതരണവും എല്ലാം. ചിത്രത്തെ കുറിച്ച് എന്ത് പറഞ്ഞാലും അത് മറ്റേതെങ്കിലും കാര്യമായി തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഉള്ളതും, ആ ഒരു കാരണം കൊണ്ട് ആസ്വദിക്കാൻ കഴിയാതെ പോയേക്കാവുന്നതുമാണ്. അത് കൊണ്ട് തുടർന്ന് വായിക്കണം എന്ന് ഒരു നിർബന്ധവുമില്ല, ഇവിടെ നിന്നും മടങ്ങിപോവാം. ഇനി വായിച്ചാൽ തന്നെ, അതൊരു വ്യക്തിയുടെ വ്യൂ പോയിന്റ് മാത്രമാണ് എന്ന കാര്യം മറക്കാതിരിക്കാൻ ശ്രദ്ധിക്കുക.

🔸പ്ലെ ടൈമിനെ പറ്റി പറയുമ്പോൾ ആദ്യമേ തന്നെ പറയേണ്ടത് ചിത്രത്തിന്റെ സെറ്റിനെ പറ്റിയും സംവിധായകന്റെ അധ്വാനത്തെ പറ്റിയുമാണ്. എയർപോർട്ട്, വലിയ ബിൽഡിങ്, അപ്പാർട്ട്മെന്റ്, സ്കൈസ്ക്രാപ്പർ തുടങ്ങിയ സംവിധാന സംഗതികൾ ഒക്കെയുള്ള ഒരു ചെറിയ നഗരം തന്നെയാണ് ടാറ്റി തന്റെ ചിത്രത്തിനായി തയാറാക്കിയത്. ആവശ്യത്തിന് വൈദ്യുതിക്കും മറ്റുമായി സ്വന്തം പവർ പ്ലാന്റ് വരെ ഇവിടെ ഉള്ളതായി പറഞ്ഞ് കേട്ടിട്ടുണ്ട്, ടാറ്റിവിൽ എന്ന ഓമനപ്പേര് ഇട്ട് വിളിച്ച ഈ സെറ്റിന് അന്ന് ചെലവായത് ഏറെക്കുറെ പതിനേഴ് മില്യൺ ഡോളറായിരുന്നു.

🔸ഈ ചിലവിന് അനുസരിച്ചുള്ള ലാഭം ചിത്രത്തിന് നേടാൻ കഴിഞ്ഞില്ല, അത്യാവശ്യം നല്ലൊരു പരാജയം ആയിരുന്നു പ്ളേടൈം ബോക്സ് ഓഫീസിൽ. ഈ കനത്ത പരാജയം കാരണം തന്റെ മുൻകാല ചിത്രങ്ങളുടെ റൈറ്റ്സ് ഉൾപ്പെടെ ടാറ്റിക്ക് വിൽക്കേണ്ടി വന്നെങ്കിലും ഒരിക്കൽ പോലും അദ്ദേഹം ഈ ചിത്രത്തിൽ പശ്ചാത്താപമോ വിഷമമോ അറിയിച്ചതായി കേട്ടിട്ടില്ല, അത് ആവശ്യവുമില്ല, കാരണം പ്ളേ ടൈം ഒരു റെയർ ഫീറ്റ് ആണ്, നമ്മൾ കണ്ട് ശീലിച്ച ഒരു രീതിയിൽ നിന്നും മാറി കാര്യങ്ങളെ അവതരിപ്പിച്ച ഒരു വേറിട്ട ശ്രമവും നല്ലൊരു സിനിമയും.

🔸ടാറ്റിയുടെ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമായ കഥാപാത്രം മോൺസിയർ ഹ്യൂലോട്ടിന്റെ തിരിച്ചുവരവാണ് ഈ ചിത്രത്തിൽ, ഒരു വലിയ കോർപറേറ്റ് ബിൽഡിങ്ങിൽ വ്യക്തമാക്കാതെ ആവശ്യത്തിനായി ഹ്യൂലോട്ട് എത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്, പിന്നീട് അരങ്ങേറുന്നതെല്ലാം ആ ഫ്ലോയിൽ അങ് സംഭവിക്കുകയാണ്, ഹ്യുലോട്ടിന് പുറമെ ബാര്ബറയേ പോലുള്ള വേറെയും പരാമർശം അർഹിക്കുന്ന കഥാപാത്രങ്ങൾ ചിത്രത്തിലുണ്ട്. പറഞ്ഞ് വന്നത് എന്താണെന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടാൻ സാധ്യത ഉള്ള ഒന്നല്ല ഈ ചിത്രം, പ്രത്യേകിച്ച് ടാറ്റിയുടെ മുൻകാല ചിത്രങ്ങൾ കണ്ടിട്ടില്ലാത്ത, അതിന്റെ ഒരു രീതി അറിവില്ലാത്തവർക്ക്, അത്കൊണ്ട് എല്ലാവർക്കും നിർദ്ദേശിക്കുന്നില്ല.

Verdict : Good

DC Rating : 75/100

847. Blind Detective (2013)



Director : Johnnie To

Genre : Thriller

Rating : 6.5/10

Country : Hong Kong

Duration : 131 Minutes


🔸സീരിയസ് ആയ രീതിയിൽ ഉള്ള അവതരണം അല്ലാതെ ലൈറ്റ് ആയി, ഒരു ഹ്യുമർ ടച്ച് എല്ലാമുള്ള കൊറിയൻ സിനിമയാണ് ആവശ്യമെങ്കിൽ പറ്റിയ ഒരു സജഷനാണ് ബ്ലൈൻഡ് ഡിറ്റക്ടീവ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ഇന്വെസ്റ്റിഗേറ്റിവ് ത്രില്ലർ എലമെന്റ് ഉള്ള കഥയാണ് ചിത്രത്തിന്റേത്, പ്രധാന കഥാപാത്രം ആയ ഡിറ്റക്ടീവ് ആണെങ്കിൽ റെറ്റിനൽ ഡിസ്പാച് കാരണം അന്ധനായ ഒരാളും. ഒരു മിസ്റ്ററി സോൾവിങ് ആണ് തീം എങ്കിലും കൊമെടി എലെമെന്റുകൾ നല്ലവണ്ണം ഉണ്ട് കഥയിൽ, കഥ നടക്കുന്ന സമയം അത്രയും എന്ജോയ് ചെയ്ത് കാണാനാവും എന്ന് ചുരുക്കം.

🔸നായക കഥാപാത്രമായ ജോൺസ്റ്റൻ ഒരു മുൻകാല പോലീസ് ഡിറ്റക്ടീവ് ആയിരുന്നു, പുള്ളി കേസ് അന്വേഷണത്തിൽ ഒരു നിഘണ്ടു ആയിരുന്നു എന്ന് പറയാം കാരണം സ്വതസിദ്ധമായ ശൈലിയും അപാരമായ കഴിവും ശ്രദ്ധയും എല്ലാം വെച്ച് ഏറ്റെടുത്ത ഒരുവിധപ്പെട്ട കേസ് എല്ലാം അദ്ദേഹം സർവീസിൽ ഇരുന്ന കാലത്ത് തെളിയിച്ചിട്ടുണ്ട്. ഒരു അന്വേഷണത്തിന് ഇടയിലാണ് പുള്ളിക്ക് ആദ്യമായി കണ്ണിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെട്ട് തുടങ്ങുന്നത്. കരട് പോലെ തോന്നിയ കറുത്ത പാട് താമസിയാതെ കാഴ്ചയെ മൊത്തം ഇരുട്ടിലാക്കി കഴിഞ്ഞു എന്ന് പറയാം. ഇതോട് കൂടി സർവീസിൽ നിന്നും വിരമിക്കേണ്ടി വരികയും ചെയ്തു.

🔸ജോലി ഒഴിഞ്ഞെങ്കിലും പുള്ളി അന്വേഷണം നിർത്തിയില്ല, പ്രതിക്ക് മേലെ സർക്കാരും പോലീസും പ്രഖ്യാപിച്ച ബൗണ്ടി ആണ് ഇപ്പോൾ ജോൺസ്റ്റണിന്റെ സ്ഥിരം വേട്ടമൃഗം. പോലീസ് സേനയിൽ ചീഫ് ഇൻസ്പെക്ടറായ സെറ്റോ ജോൺസ്റ്റണിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്, മിക്കപ്പോഴും അവർ ഒരുമിച്ചാണ് പ്രവർത്തിക്കുന്നതും. ഇങ്ങനെ ഒരു കേസ് അന്വേഷണത്തിനിടെ ആണ് ജോൺസ്റ്റൻ, ഹോ എന്ന റുക്കി ഡിറ്റക്ടീവിനെ പരിചയപ്പെടുന്നത്, അന്ധനായിട്ട് കൂടിയും അയാൾ കാണിക്കുന്ന കഴിവ് സത്യത്തിൽ അമ്പരപ്പിക്കുന്നതായിരുന്നു.

🔸ജോൺസ്റ്റണിനോട് ഹോ ഒരു കാര്യം ആവശ്യപ്പെടുന്നിടത്ത് ആണ് ചിത്രം ട്രാക്കിൽ കയറുന്നത്, ഈ ആവശ്യം എന്താണെന്ന് പറയുന്നില്ല പക്ഷെ അത്യാവശ്യം കോംപ്ലക്സ് ആയ ഒരു കേസിലേക്ക് പിന്നീട് കഥ മാറുകയാണ്, ഇതാണ് ബാക്കിയുള്ള കഥ, ഇത്രയും പറഞ്ഞത് ചിത്രത്തിന്റെ ഒരു ആദ്യ പത്ത് മിനിറ്റ് മാത്രമാണ്. അത്യാവശ്യം സീരിയസ് ആയ ക്രൈം ആണ് കഥയിലേത് എങ്കിലും രണ്ട് പ്രധാന കഥാപാത്രങ്ങളുടെയും ഇടയിലുള്ള ബന്ധവും ഇടപഴകലുകളും എല്ലാം ഹ്യുമരിലൂടെ ആണ് അവതരിപ്പിച്ചിരിക്കുന്നത്, ജോൺസ്റ്റൻ കാണിക്കുന്ന പോസിറ്റിവ് എനർജിയും നന്നായി തോന്നി. അങ്ങനെ ചുരുക്കി പറയുക ആണെങ്കിൽ വർത്ത് ആയ ഒരു എന്റർടെയ്‌നർ, ആസ്വദിച്ച് കാണാനുള്ള ഒരു നല്ല സിനിമ അതാണ് ബ്ലൈൻഡ് ഡിറ്റക്ടീവ്.

Verdict : Good

DC Rating : 70/100

846. Thousand Rupee Note (2014)



Director : Shrihari Sathe

Genre : Drama

Rating : 7.3/10

Country : India

Duration : 86 Minutes


🔸മെയിന്റസ്ട്രീമിന് പുറത്ത് നിൽക്കുന്ന ചില ഇന്ത്യൻ സിനിമകൾ കണ്ട് അമ്പരന്ന് പോയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്, ഇവ മിക്കതും അപ്രതീക്ഷിതമായി ലഭിച്ച അനുഭവങ്ങളാണ് എന്നതാണ് ഈ വസ്തുതയെ കൂടുതൽ മനോഹരമാക്കുന്നത്. ഏക് ഹസാരച്ചി നോട്ട് അഥവാ തൗസണ്ട് റുപീ നോട്ട് എന്ന മറാത്തി ചിത്രത്തെയും ഈ ഒരു വിഭാഗത്തിൽ ഉൾപ്പെടുത്താം. വെറും ഒന്നര മണിക്കൂറിൽ താഴെ ദൈർഘ്യം വെച്ച് ഈ ചിത്രം പറയുന്ന കഥ, കൈകാര്യം ചെയ്യുന്ന മെസ്സേജ്, പരാമർശിക്കുന്ന വിഷയം എന്നതൊക്കെ വളരെ പവർഫുൾ ആയ കാര്യങ്ങളാണ്.

🔸ബുധി എന്ന വൃദ്ധയാണ് ചിത്രത്തിന്റെ സോൾ, അവർക്ക് ബന്ധുക്കളോ അടുപ്പക്കാരോ ആയി അങ്ങനെ പറയാൻ മാത്രം ആരുമില്ല. ഭർത്താവ് ഒക്കെ എന്നോ മരിച്ച് പോയതാണ്, ആകെ ഉള്ള മകൻ ആണെങ്കിൽ ആത്മഹത്യയും ചെയ്തു. ബുദ്ധിയുടെ മകന്റേത് ഒരു കർഷക ആത്മഹത്യ ആയിരുന്നു, കൃഷിക്കും മറ്റും ഒക്കെ ധാരാളം രൂപ കടം എടുത്തത് തിരികെ നൽകാൻ കഴിയാതെ ഒരു മുഴം കയറിൽ അയാൾ എല്ലാം അവസാനിപ്പിക്കുക ആയിരുന്നു. ഒരു കുഗ്രാമത്തിൽ അടച്ച് ഉറപ്പ് പോലും ഇല്ലാത്തൊരു വീട്ടിൽ ഇന്ന് ബുധി ഒറ്റയ്ക്കാണ് താമസം.

🔸പണക്കാരായവരുടെ വീട്ടിൽ അടുക്കളപ്പണിയും അലക്കും വൃത്തിയാക്കലും ഉൾപ്പെടെ ഉള്ള വീട്ട് ജോലികൾ ചെയ്താണ് അവർ അന്നത്തിന് ഉള്ള വക കണ്ടെത്തുന്നത്. ഈ സ്ഥലങ്ങളിൽ നിന്നെല്ലാം മിക്കപ്പോഴും നേരിടേണ്ടി വരുന്നത് വളരെ മോശം പ്രതികരണങ്ങളും അനുഭവങ്ങളുമാണ് എന്നത് വേറെ കാര്യം. ബുദ്ധിക്ക് ഗ്രാമത്തിൽ ഏറ്റവും അടുപ്പം ഉള്ളത് തന്റെ അയൽക്കാരനായ സുദാമയോടും കുടുംബത്തോടുമാണ്, അയാൾക്ക് തിരിച്ച് അവരോടും ഒരു അമ്മയോട് എന്ന നിലയ്ക്കുള്ള ബഹുമാനവും അടുപ്പവുമുണ്ട്.

🔸ഇങ്ങനെ പോയി കൊണ്ടിരുന്ന കഥയിൽ ഒരു ടെർനിങ് പോയിന്റ് വരുന്നത് ആ പ്രദേശത്ത് ഇലക്ഷൻ വരുമ്പോഴാണ്. സ്ഥാനാർത്ഥികളുടെ സ്ഥിരം പ്രഹസനങ്ങൾക്കും വാരിപുണരലുക്കുകൾക്കും ഇടയിൽ ബുദ്ധിക്ക് ആയിരത്തിന്റെ കുറച്ച് നോട്ടുകൾ കിട്ടുകയാണ്. മകന്റെ കാര്യം അറിഞ്ഞ സ്ഥാനാർഥി ഒരു മുഴം നീട്ടി എറിഞ്ഞതാണ് ഈ നോട്ടുകൾ എന്ന് പറയാം, എന്തായാലും ഇത് ബുദ്ധിയെ സംബന്ധിച്ച് വലിയൊരു തുക തന്നെയാണ്. ഈ തുക വെച്ച് എന്ത് ചെയ്യണം എന്നറിയാതെ അവർ ആകെ ബുദ്ധിമുട്ടുകയാണ് എന്ന് പറയാം. സിമ്പിൾ ആയ സ്റ്റോറിയുടെ ശക്തമായ അവതരണമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്, പ്രകടനങ്ങളും, തീര്ച്ചയായും കാണാൻ ശ്രമിക്കുക.

Verdict : Very Good

DC Rating : 85/100

1545. Devi (1960)

Director : Satyajit Ray Cinematographer : Subrata Mitra Genre : Drama Country : India Duration : 93 Minutes 🔸What happens when faith become...