അകിര കുറൊസാവ എന്ന ഇതിഹാസത്തെ കുറിച്ച് കേട്ടിട്ടില്ലാത്ത സിനിമാ പ്രേമികൾ ഉണ്ടാവില്ല, പ്രത്യേകിച്ചും അന്താരാഷ്ട്ര സിനിമകളെ കുറിച്ചും കടന്ന് പോയ വർഷങ്ങൾക്കിടെ സിനിമ കൈവരിച്ച മാറ്റങ്ങളെ കുറിച്ചും കരസ്ഥമാക്കിയ നേട്ടങ്ങളെ കുറിച്ചും അറിയാൻ ശ്രമിക്കുന്ന ഏതൊരു വ്യക്തിയും തീർച്ചയായും പിന്തുടരേണ്ട പേരുകളിൽ ഒന്നാണ് കുറൊസാവയുടേത്. സിനിമ മേഖലയിൽ അനിഷേധ്യമായ സാന്നിധ്യമായി അമേരിക്കയും മറ്റും നില നിന്ന് പോന്നിരുന്ന കാലഘട്ടത്തിൽ തന്റെ ചിത്രങ്ങളിലൂടെ ആ നാടുകളിൽ തന്നെ സെലിബ്രിറ്റി സ്റ്റാറ്റസും, മികച്ച ആരാധക പിന്തുണയും കരസ്ഥമാക്കിയ അപൂർവം പ്രതിഭകളിൽ ഒരാളാണ് അകിര കുറൊസാവ. മുപ്പതുകളിൽ ആരംഭിച്ച്, ആറ് പതിറ്റാണ്ടുകളോളം നീണ്ടു നിന്ന ഐതിഹാസികം ആയ സിനിമാ ജീവിതത്തിൽ മുപ്പത്തി ഏഴോളം ചിത്രങ്ങൾ, ഇവയിൽ തന്നെ മികച്ച സിനിമകളുടെ പുസ്തക താഴുകളിൽ നിത്യ സാന്നിധ്യമായ ഒരു പറ്റം ചിത്രങ്ങളും. ഇന്ഗമാർ ബെർഗ്മാൻ, റോമൻ പൊളാൻസ്കി, ഫെല്ലിനി, സ്പിൽബെർഗ് തുടങ്ങി സമകാലികരായ ചലച്ചിത്ര പ്രേമികൾ പോലും ഉൾപ്പെടുന്ന ആരാധക വൃന്ദം സ്വന്തമായിരുന്ന കുറൊസാവയുടെ നേട്ടങ്ങൾ സിനിമാ മേഖലയിൽ മാത്രമായി ഒതുങ്ങുന്നില്ല. വിപ്ലവകരമായ രീതിയിൽ വ്യത്യസ്തമായി സിനിമയെ സമീപിച്ച കുറൊസാവയുടെ ചിത്രങ്ങളിലൂടെ കാഴ്ചക്കാരന്റെ ജീവിത പരിസ്ഥിതികളിലും വന്ന മാറ്റങ്ങൾ വളരെ വലുതായിരുന്നു, അതിനാൽ തന്നെയാണ് ഇരുപതാം നൂറ്റാണ്ടിൽ ജനങ്ങൾക്കിടയിൽ ഏറ്റവും സ്വാധീനം കൈവരിച്ച സിനിമ പ്രവർത്തകൻ എന്ന് കുറൊസാവ പൊതുവെ വിലയിരുത്തപ്പെടുന്നത്. കുറൊസാവയെ പോലൊരു പ്രതിഭയുടെ അര നൂറ്റാണ്ടിലധിക കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തെ അദ്ദേഹത്തിന്റെ അഞ്ച് ചിത്രങ്ങളിലൂടെ വിവരിക്കാൻ ശ്രമിക്കുന്നത് അപൂർണ്ണത ആണെങ്കിലും ഒരു ചെറിയ ശ്രമം നടത്തുകയാണ്.
Seven Samurai (1954)
Genre : Epic Drama
Rating : 8.7/10
Duration : 206 Minutes
ഇറങ്ങിയിട്ട് അറുപത് വർഷങ്ങൾ കഴിഞ്ഞിട്ടും, ഈ കാലഘട്ടത്തിലും അതിന് മുൻപും ഒട്ടനവധി ചിത്രങ്ങൾ വിവിധ ഭാഷകളിൽ ആയും രാജ്യങ്ങളിൽ ആയും പുറത്തിറങ്ങിയിട്ടും ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ചിത്രമായി സെവൻ സമുറായിയെ കാണുന്നവരുണ്ട് എന്നത് മാത്രം മതിയാവും ഈ ചിത്രത്തിന്റെ നിലവാരം മനസിലാക്കാൻ. ഗ്രാമീണരെ കൊള്ളക്കാരിൽ നിന്നും സംരക്ഷിക്കാനായി എത്തുന്ന ഏഴ് സമുറായി പടയാളികളും അവരുടെ പോരാട്ടങ്ങളും ആധാരമാക്കി വന്ന ചിത്രം പിന്നീട് റീമേയ്ക്ക് ചെയ്യപ്പെടുകയും, ഒരുപാട് ചിത്രങ്ങൾക്ക് പ്രചോദനമായി തീരുകയും ചെയ്തിട്ടുണ്ട്. ടീം അപ്പ് ചിത്രങ്ങൾക്കും വെസ്റ്റേൺ സിനിമാ വിഭാഗത്തിനും ഒരു പരിധി വരെ കാരണമായി തീർന്ന ഈ ചിത്രത്തെ സംശയം ഏതും ഇല്ലാതെ തന്നെ വിശേഷിപ്പിക്കാം, ക്ലാസ്സിക് എന്ന്. മൂന്നര മണിക്കൂറോളം ദൈർഖ്യം ഉണ്ടെങ്കിൽ കൂടിയും ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്നും പ്രേക്ഷകന്റെ ശ്രദ്ധ പോവാത്ത രീതിയിൽ അണിയിച്ചൊരുക്കിയ ചിത്രം ഏതൊരു സിനിമാ ആസ്വാദകനും പുതിയൊരു അനുഭവം ആവും എന്ന് നൂറ് ശതമാനം ഉറപ്പ് നൽകാനാവും.
Rashomon (1950)
Genre : Period Drama
Rating : 8.3/10
Duration : 88 Minutes
റാഷോമോൻ എന്ന ചിത്രം പ്രധാനമായും മൂന്ന് കാരണങ്ങൾ കൊണ്ടാണ് സിനിമാ ചരിത്രത്തിലെ ഇന്നത്തെ അനിഷേധ്യമായ സ്ഥാനം കയ്യാളുന്നത്. ആദ്യമായി ജാപ്പനീസ് ചിത്രങ്ങൾക്ക് പാശ്ചാത്യ നാടുകളിലേക്കുള്ള പ്രവേശനത്തിനും അതിനോട് അനുബന്ധിച്ച് ലഭ്യമായ ആരാധക വൃന്ദത്തിനും കാരണമായ ചിത്രം എന്ന നിലയ്ക്കാണ് റാഷോമോൻ ശ്രദ്ധേയമായത്. ചിത്രം പുറത്തിറങ്ങിയ വർഷം വെനീസ് ചലച്ചിത്ര മേളയിൽ നിന്നും ഏവരെയും അമ്പരപ്പിച്ച് കൊണ്ട് ഗോൾഡൻ ലയൺ പുരസ്‌കാരം നേടിയ ചിത്രം സ്വാഭാവികമായും മാറുന്ന സിനിമാ ചിന്തകളുടെ സൂചനയാണ് മറ്റുള്ളവർക്ക് നൽകിയത്. ഒരു സംഭവം ഒന്നിൽ അധികം വ്യക്തികളുടെ കാഴ്ചപ്പാടുകളിലൂടെ അവതരിപ്പിക്കുന്ന രീതിയാണ് പൊതുവെ റാഷോമോൻ എഫക്ട് എന്ന് അറിയപ്പെടുന്നത്, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചിത്രം ഭാഷയ്ക്ക് നൽകിയ സംഭാവനയാണ് ഈ പദം, റാഷോമോൻ എഫക്ടിന്റെ ചുവട് പിടിച്ച് പിന്നീട് അനവധി സിനിമകൾ പുറത്തിറങ്ങിയതും ചരിത്രം. മൂന്നാമതായി റാഷോമോൻ എന്ന ചിത്രത്തിലൂടെ ലോകത്തിന് ലഭിച്ചത് മികച്ച ഒരു ചിത്രത്തോടൊപ്പം അതിനോളം മികച്ചൊരു സംവിധായകനെയുമാണ്, തന്റെ സിനിമാ ജീവിതം ആരംഭിച്ച് ഒരു പതിറ്റാണ്ടിലേറെ കഴിഞ്ഞിരുന്നെങ്കിലും സിനിമാ ചരിത്രത്തിൽ തന്റേതായ ഒരു സ്ഥാനം കുറൊസാവ കരസ്ഥമാക്കിയത് ഈ ചിത്രത്തിലൂടെ ആണെന്ന് പറയാം. കുറൊസാവയുടെ ഏറ്റവും ദൈർഖ്യം കുറഞ്ഞ ചിത്രങ്ങളിൽ ഒന്നായ റാഷോമോൻ കാണാത്തവർ തീർച്ചയായും കാണാൻ ശ്രമിക്കുക.
Yojimbo (1961)
Genre : Samurai
Rating : 8.3/10
Duration : 110 Minutes
സെർജിയോ ലിയോണിന്റെ എ ഫിസ്റ്റ്ഫുൾ ഓഫ് ഡോളേഴ്‌സ് എന്ന ചിത്രം കണ്ടു കഴിഞ്ഞ ശേഷം കുറൊസാവ കത്ത് മുഖേന സംവിധായകനെ ബന്ധപ്പെട്ട ഒരു കഥ കേട്ടിട്ടുണ്ട്, കത്തിൽ ചിത്രത്തെ പുകഴ്ത്തിയ ശേഷം കുറൊസാവ സരസമായി അത് തന്റെ യോജിമ്പോ എന്ന ചിത്രം തന്നെയാണെന്ന് പറയുകയും ചെയ്തു. ഇനി ലിയോണിന്റെ ഭാഗത്ത് നിന്ന് സംഭവത്തെ നോക്കുക ആണെങ്കിൽ, മേൽ പറഞ്ഞ കത്തിടപാടിന് രണ്ടോളം വർഷങ്ങൾക്ക് മുൻപെയാണ് അദ്ദേഹത്തിന് യോജിമ്പോ എന്ന ചിത്രം കാണാൻ അവസരം ലഭിച്ചത്, ചിത്രത്തിൽ അങ്ങേയറ്റം ആകൃഷ്ടനായ ലിയോൺ റീമേയ്ക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും സാമ്പത്തികം എന്ന കടമ്പയിലും ജാപ്പനീസ് നിർമാതാക്കളുടെ കടുംപിടിത്തത്തിലും തട്ടി ആ ഉദ്യമം പരാജയപ്പെട്ടു. ശ്രമം ഉപേക്ഷിക്കാൻ തയ്യാറാകാതിരുന്ന ലിയോണിന്റെ അവസാന ശ്രമം ആയിരുന്നു എ ഫിസ്റ്റ് ഫുൾ ഓഫ് ഡോളേഴ്‌സ് എന്ന ചിത്രമായി പിൽക്കാലത്ത് പരിണമിച്ചെത്തിയത്. ഒരു ഗ്രാമത്തിൽ രണ്ട് സംഘങ്ങൾക്കിടയിൽ കാലങ്ങളായി നില നിന്ന് പോന്ന കുടിപ്പകയും, അതിനിടയിലേക്ക് ഒരു പുതിയ വ്യക്തി കടന്ന് വരുന്നതും അതിന്റെ പ്രത്യാഘാതങ്ങളും എല്ലാമാണ് യോജിമ്പോ എന്ന ചിത്രത്തിന്റെ പ്രമേയം. മറുത്തൊരു ചിന്തയ്ക്ക് മുതിരാതെ ധൈര്യമായി ഏതൊരാൾക്കും കാണാം ഈ ചിത്രം, ഒരു വേറിട്ട അനുഭവം ഉറപ്പ് നൽകുന്നു.
Dersu Uzala (1975)
Genre : Drama
Rating : 8.3/10
Duration : 144 Minutes
തന്റെ ജീവിതത്തിൽ രണ്ടേ രണ്ട് തവണ മാത്രമേ ക്യാപ്റ്റൻ ആർസീനിയേവ് ഡാർസോ ഉസാലയെ കണ്ടിട്ടുള്ളൂ. ആർസീനിയേവ് ഇപ്പോൾ ഇറങ്ങി തിരിച്ചിരിക്കുന്ന യാത്ര ഉസാലയ്ക്ക് വേണ്ടിയാണ്, അയാളെ കണ്ടെത്താനായി. 1902ഇൽ പര്യവേഷണത്തിന്റെ ഭാഗമായി ആണ് ആർസീനിയേവ് റഷ്യിലെ അസീരിയിൽ എത്തുന്നത്. പുറം നാട്ടുകാർക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടായതിനാൽ അവരെ സഹായിക്കാനായി എത്തിയതാണ് വേട്ടക്കാരനായ ഉസാല. തന്റെ ജോലിയല്ലാതെ മറ്റൊന്നിനോടും താല്പര്യം കാണിക്കാത്ത ആരോടും അടുക്കാത്ത പരുക്കൻ കഥാപാത്രമാണ് ഉസാല.എങ്കിലും ഭൂമിശാസ്ത്രത്തെ കുറിച്ചും അസീരിയിലെ ഓരോ പുൽനാമ്പിനെ കുറിച്ച് പോലും അയാൾക്കുള്ള അറിവ് അയാളെ പര്യവേഷക സംഘത്തിന്റെ അവിഭാജ്യ ഘടകമാക്കുകയാണ്. പുറമെ പരുക്കനെങ്കിലും ഉസാലയുടെ യഥാർത്ഥ സ്വഭാവം അറിഞ്ഞവർ അധികമില്ല. ആർസെനിയെവിന് ഉസാലയോട് ഉള്ള കടപ്പാടും സ്നേഹവും അയാളോടുള്ള ജീവനോളമാണ്. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നും വന്ന രണ്ട് പേർ തമ്മിലുള്ള നിർവചിക്കാനാവാത്ത നിഷ്കളങ്കമായ സൗഹൃദം. അഞ്ച് വർഷങ്ങൾക്ക് ശേഷം ഒരിക്കൽക്കൂടി ആർസീനിയേവ് ഉസാലയെ കണ്ടുമുട്ടുക ഉണ്ടായി. പ്രതീക്ഷിക്കാതെ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന് അതിലും അപ്രതീക്ഷിതമായി കടന്നുപോയ ഉസാലയെ തേടിയുള്ള ആർസീനിയേവിന്റെ യാത്രയാണ് ഈ ചിത്രം. കുറൊസാവയുടെ അവസാന ക്ലസ്സിക്കുകളിൽ ഒന്ന് ,ഏതൊരു സിനിമ പ്രേമിയും നിസ്സംശയം കണ്ടിരിക്കേണ്ട ചിത്രം.
Ikiru (1952)
Genre : Drama
Rating : 8.3/10
Duration : 143 Minutes
കുറൊസാവയുടെ ചിത്രങ്ങളിൽ ഏറ്റവും മികച്ചത് ഏത് എന്ന് തിരഞ്ഞെടുക്കുക ഒരല്പം ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. സെവൻ സമുറായി, റാഷോമോൻ എന്ന ചിത്രങ്ങളാണ് പൊതുവെ എല്ലാവരും ആ തസ്തികയിലേക്ക് പരിഗണിക്കാറെങ്കിലും അത്ര തന്നെ പ്രാധാന്യവും ശ്രദ്ധയും അർഹിച്ചിട്ടും ലഭിക്കാതെ പോവുന്ന ചിത്രമാണ് ഇകിരു. മുപ്പത് വർഷത്തോളം ജോലിയും മറ്റുമായി ജീവിതം ജീവിച്ച് തീർക്കാതെ പോയ നായകന് മരണം അടുത്ത നിമിഷം ഒന്ന് ജീവിക്കാൻ ആഗ്രഹം തോന്നുന്നതും അതിനുള്ള അയാളുടെ ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കാഴ്ചക്കാരനെ വൈകാരികമായി ബാധിക്കുന്ന രീതിയിൽ ഒരല്പം വിഷാദത്തിന്റെ അകമ്പടിയോടെ എത്തുന്ന ഈ ചിത്രം കാണാതിരിക്കുന്നത് വലിയ നഷ്ടം തന്നെയാണ്. ഏകാന്തതയിലൂടെയും വിഷാദത്തിലൂടെയും വേദനയിലൂടെയും മാത്രം തന്റെ ജീവിതം ജീവിച്ച് തീർത്ത നായകന്റെ സന്തോഷം കണ്ടെത്താനുള്ള യാത്ര എല്ലാ രീതിയിലും വ്യത്യസ്തമായ ഒരു സിനിമാ അനുഭവം തന്നെ ആയിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.
അകിര കുറൊസാവയെ പോലെ ഒരു സംവിധായകനെ, അദ്ദേഹത്തിന്റെ കേവലം അഞ്ച് ചിത്രങ്ങളിൽ കൂടി മാത്രം പരിചയപ്പെടുത്തുന്നത് അസംബന്ധം തന്നെയാണ്, അതിനാൽ തന്നെ മറ്റുള്ളവ ഉൾപ്പെടുത്തി മറ്റൊരു ഭാഗവുമായി എത്താം എന്ന് പ്രതീക്ഷിക്കുന്നു. മുകളിൽ സൂചിപ്പിച്ച ചിത്രങ്ങൾക്ക് ഒപ്പം Drunken Angel (1948), Ran (1985), Dreams (1990), Throne Of Blood (1957), Hidden Fortress (1958), എന്നിവയും പ്രതിഭ വിളിച്ചോതുന്ന, പരാമർശം അർഹിക്കുന്ന ചിത്രങ്ങളാണ്.
No comments:
Post a Comment