Sunday, October 7, 2018

Ingmar Bergman



സിനിമ എന്നത് അമേരിക്ക, ബ്രിട്ടീഷ് ചിത്രങ്ങളും ഒരു പരിധി വരെ ജാപ്പനീസ് ചിത്രങ്ങളും ആണ് എന്ന വിശ്വാസം പൊതുവെ പ്രേക്ഷകനിലും വിമർശകനിലും ഒരു പോലെ നില നിന്നിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിൽ സ്വീഡൻ പോലെയൊരു യൂറോപ്യൻ രാജ്യത്ത് നിന്നും തന്റെ സൃഷ്ടികളുമായി ലോകത്തിന് മുന്നിൽ അവതരിക്കുകയും പിന്നീടുള്ള നാല്പതിറ്റാണ്ടുകൾ സിനിമയുടെ ഒഴുക്കിൽ ഗണ്യമായ പങ്ക് വഹിക്കുകയും ചെയ്ത വ്യക്തിയാണ് ഇങ്മർ ബെർഗ്മാൻ. സിനിമ മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമായ കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ മികച്ച സംവിധായകർ എന്ന പട്ടം കരസ്ഥമാക്കിയ അനവധി പ്രതിഭകൾ സിനിമാ ലോകത്ത് വരികയും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്, എന്നാൽ ബെർഗ്മാനോളം തന്റെ സൃഷ്ടികളിലൂടെ അനിഷേധ്യമായ വ്യക്തിമുദ്ര ചരിത്രത്തിൽ പതിപ്പിച്ച മറ്റൊരു സംവിധായകൻ ഉണ്ടായിട്ടില്ല എന്ന് ഉറപ്പിച്ച് പറയാം. അമരത്വം, വിശ്വാസം, മതം, ഏകാന്തത, എല്ലാത്തിലും ഉപരി അവനവനിലും ദൈവമെന്ന പദത്തിലുമുള്ള വിശ്വാസം ഇവയെല്ലാം ബെർഗ്മാൻ തന്റെ ചിത്രങ്ങൾക്ക് വിഷയമാക്കി. ചോദ്യം ചെയ്യപ്പെടേണ്ടതെന്ന് കരുതിയതിനെ ചോദ്യം ചെയ്തു, നിശിതമായി വിമർശിച്ചു, മാറ്റേണ്ടതെന്ന് വിശ്വസിച്ച വസ്തുതകളെ യാതൊരു മടിയുമില്ലാതെ കീറി എറിഞ്ഞു. ഇങ്ങനെ ആറ് പതിറ്റാണ്ടുകൾ നീണ്ട് നിന്ന കരിയറിൽ അൻപതിലധികം സിനിമകളും ടോക്കിയുമെൻടെറികളും. ഒന്നിനൊന്ന് മികച്ച ഈ സൃഷ്ടികളിലെ അഞ്ച് സിനിമകളെ ഒന്ന് പരിചയപ്പെടാം.



Seventh Seal (1957)

Genre : Fantasy

Rating : 8.3/10

Duration : 96 Minutes


ഏതൊരു ലോകോത്തര സംവിധായകനും ഉണ്ടാവും ലോകം അളവുകോലായി കണക്കാക്കപ്പെടുന്ന ഒരു ചിത്രം. കുബ്രിക്കിന് 2001 എ സ്പേസ് ഒഡിസ്സി പോലെ, ഹിച്ച്‌കോക്കിന് സൈക്കോ പോലെ, ഓർസോൺ വെൽസിന് സിറ്റിസൺ കയ്‌നും സ്പിൽബെർഗിന് സേവിങ് പ്രൈവറ്റ് റയാനും പോലെ. സിനിമ ജീവിതമായി കണ്ടവരുടെ സിനിമ ജീവിതം ശിഷ്ട കാലം വിലയിരുത്തപ്പെടുന്ന ചിത്രം. ആദ്യ കാലങ്ങളിൽ പുറം ലോകത്തിന് അപരിചിതമായ പൊതുവെ അപരിചിതമായ മേഖല ആയിരുന്നു സ്വീഡിഷ് ചിത്രങ്ങൾ, ഇവയെ ലോകത്തിന് മുന്നിൽ എത്തിച്ചതിൽ പ്രധാനി ആണ് സംവിധായകൻ ഇന്ഗമാർ ബെർഗ്മാൻ. തന്റെ ചിത്രങ്ങളിൽ എല്ലാം വിശ്വാസികളെയും വിശ്വാസത്തെയും ചോദ്യം ചെയ്ത സംവിധായകൻ. നിരാശയും നഷ്ടബോധവും സഹനവും വേദനയും പ്രതീകമായ കഥാപാത്രങ്ങളെ വെളിച്ചത്തിലേക്ക് കൊണ്ടുവന്ന സംവിധായകൻ. The Silence (1963), Fanny And Alexander (1982), Persona (1966) തുടങ്ങി എന്നും ഓര്മിക്കപ്പെടുന്ന ഒരുപിടി ചിത്രങ്ങൾ ബെർഗ്മാൻ സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മാഗ്നസ് ഓപസ് അന്നും ഇന്നും എന്നും The Seventh Seal (1957) ആണ്. ബെർഗ്മാൻ തന്നെ സംവിധാനം ചെയ്ത ഒരു നാടകം ആണ് ചിത്രത്തിന് ആധാരം. 60 വര്ഷം നീണ്ടുനിന്ന ബെർഗ്മാന്റെ സിനിമ ജീവിതം ആരെയും അസൂയപ്പെടുത്താം വിധം പൂർണം ആണ് , അതിൽ ഒരു ദീപസ്തംഭമായി നിലകൊള്ളുന്നു ഇത്ര വർഷങ്ങൾക്ക് ഇപ്പുറവും പ്രസക്തിയും പുതുമയും നഷ്ടപ്പെടാതെ The Seventh Seal (1957). ദീർഘകാലം യുദ്ധത്തിൽ പടയാളിയായ അന്റോണിയോസ്‌ ബ്ലോക്ക് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. യുദ്ധത്തിൽ പരാജയപ്പെട്ട ശേഷം കടൽത്തീരത്തു ഉറക്കം ഉണരുന്ന ബ്ലോക്ക് കാണുന്നത് തന്നെയും കാത്തിരിക്കുന്ന മരണത്തെ ആണ്. തന്റെ സമയം അടുത്ത് കഴിഞ്ഞു എന്ന് മനസ്സിലാവുന്ന ബ്ലോക്ക് കുറച്ചു സമയം കൂടി നീട്ടികിട്ടുവാനും തന്റെ അവസാനത്തെ ആഗ്രഹം സഫലീകരിക്കുവാനും വേണ്ടി മരണത്തിനെ ഒരു ചെസ്സ് മത്സരത്തിനായി വെല്ലുവിളിക്കുകയാണ്. ഒരു പിഴവിനപ്പുറം മരണമാണ് എന്ന തിരിച്ചറിവും, ദൈവവും സാത്താനും യാഥാർഥ്യമാണോ എന്ന സംശയവും, മരിക്കുന്നതിന് മുൻപ് ഒരു നല്ല കാര്യം എങ്കിലും ചെയ്യണം എന്ന നായകൻറെ ആഗ്രഹവും ആണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോവുന്നത്. തന്റെ ചിത്രങ്ങളിൽ എല്ലാം തന്നെ ദൈവത്തിന്റെ നിലനില്പിനെയും, വേദന സഹിക്കുന്ന ജനങ്ങൾക്ക് നേരെയുള്ള ദൈവത്തിന്റെ നിശ്ശബ്ദതക്കെതിരെയും  ശബ്ദം ഉയർത്തിയ സംവിധായകൻ ആണ് ബെർഗ്മാൻ. കൈകാര്യം ചെയ്ത വിഷയതിനാലും വിശ്വാസങ്ങളെ തച്ചുടക്കാൻ ശ്രമിച്ചതിനാലും ഇറങ്ങിയ കാലത്തു ഒരുപാട് വിവാദത്തിന് പാത്രം ആയ ചിത്രമാണ് ദി സെവൻത് സീൽ. എന്തിരുന്നാലും ചിത്രം ഒരു ലോകോത്തര ക്ലാസിക് ആണ് എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നില്ല. ദൈവം കച്ചവട വസ്തുവായ ഇന്നത്തെ കാലത്തും ചിത്രം പറഞ്ഞുവെച്ച കാര്യങ്ങൾക്കും നിർദേശങ്ങൾക്കും വലിയ പ്രസക്തി ഉണ്ട്. ചിത്രത്തിന്റെ കഥയിൽ ചെറിയ കാര്യങ്ങൾക്ക് പോലും സംവിധായകൻ പ്രാധാന്യം നൽകിയിട്ടുണ്ട്. 1950കളിൽ ഷൂട്ട് ചെയ്ത ചിത്രം ആയിട്ട് കൂടിയും ചിത്രത്തിലെ ക്ലൈമാക്സ് ഷോട്ട് ഉൾപ്പെടെയുള്ള രംഗങ്ങൾ ഇന്നും അത്ഭുതമായി നിലനിൽക്കുന്നു. കഥയും തിരക്കഥയും കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും എന്നും മനസ്സിൽ നിലനിൽക്കുന്നത് ആണ്. പ്രധാന കഥാപാത്രങ്ങളായ ബ്ലോക്കിനെ അവതരിപ്പിച്ച മാക്സ് വോൺ സിഡോയും മരണത്തിനെ അവതരിപ്പിച്ച ബെന്ഗത് എകെറോടും മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. വേണ്ടവിധം വിശകലനം ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു ക്ലാസിക് ചിത്രം തന്നെ ആണ് ദി സെവൻത് സീൽ.



Virgin Spring (1960)

Genre : Revenge

Rating : 8.1/10

Duration : 89 Minutes


വിർജിൻ സ്പ്രിങ് എന്ന ചിത്രത്തിന് ഒരു സവിശേഷത, അല്ലെങ്കിൽ ഒരു കുഴപ്പം ഉണ്ട്. പ്രഥമ ദൃഷ്ടിയാൽ നോക്കവേ വളരെ ലളിതം എന്നൊരു ചിന്ത ഈ ചിത്രം കാഴ്ചക്കാരനിൽ ജനിപ്പിക്കാം എങ്കിലും സിനിമ മുന്നോട്ട് വെയ്ക്കുന്ന വിഷയവും ഉളവാക്കുന്ന ചിന്തയും വളരെ വലുതാണ്. സ്വീഡനിലെ ഗ്രാമ പ്രദേശങ്ങളിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു നാടോടി കഥയാണ് ബെർഗ്മാൻ സിനിമാ രൂപേണ വിർജിൻ സ്പ്രിങ്ങിലൂടെ അവതരിപ്പിച്ചിട്ടുള്ളത്. എട്ട് നൂറ്റാണ്ട് മുൻപേ സ്വീഡനിൽ താമസിച്ചിരുന്ന കടുത്ത ക്രിസ്തീയ മത വിശ്വാസം പാലിക്കുന്ന കുടുംബത്തിലേക്കാണ് കാഴ്ചക്കാരെയും കൂട്ടി ബെർഗ്മാൻ കടന്ന് ചെല്ലുന്നത്, ഗൃഹനാഥനായ റ്റോറിയും അയാളുടെ ഭാര്യയും മകളും വളർത്തുമകളും ഉൾപ്പെടുന്നതാണ് ആ കുടുംബം. ഈ കുടുംബത്തിൽ പിന്നീട് അരങ്ങേറുന്ന ഒരു ദുരന്തവും അതിന്റെ കാര്യ കാരണങ്ങളും പ്രത്യാഘാതങ്ങളും എല്ലാമാണ് തുടർന്നുള്ള ഒന്നര മണിക്കൂർ. ദൈവം എന്ന വസ്തുതയെ ഒരല്പം സംശയത്തോടെയും ഒരായിരം ചോദ്യങ്ങളോടെയും സമീപിച്ച ബെർഗ്മാൻ ഇവിടെയും ആവർത്തിക്കുന്നത് അത് തന്നെയാണ്, ചോദ്യം ചെയ്യുന്നത് വിശ്വാസങ്ങളെയാണ്.



Persona (1966)

Genre : Mystery

Rating : 8.2/10

Duration : 84 Minutes


ഓരോ രംഗം കഴിയുമ്പോഴും ഇനി എന്ത് എന്ന ചിന്ത മനസ്സിൽ ഉയരുകയും, നമ്മുടെ ധാരണകൾ എല്ലാം തന്നെ ഓരോന്നായി മാറി മറിയുകയും ചെയ്യുമ്പോൾ ഉറപ്പിക്കാം സ്‌ക്രീനിൽ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത് ഒരു സാധാരണ ചിത്രമല്ല എന്ന്. ഈ വസ്തുതയെ നൂറ് ശതമാനം പിന്താങ്ങുന്ന ഒന്നാണ് ബെർഗ്മാൻ സംവിധാനം ചെയ്ത പെർസോണ എന്ന ചിത്രം. വ്യക്തിപരമായി സംവിധായകന്റെ ചിത്രങ്ങളിൽ ഏറ്റവും ഇഷ്ട്ടപ്പെട്ടതും അത്ഭുതപ്പെടുത്തിയതും ഈ ചിത്രമാണ്, അതിനാൽ തന്നെ ഏതെങ്കിലും ഒരു ചിത്രം ഇത് വായിക്കുന്നവർ അറിവൊന്നുമില്ലാതെ, യാതൊരു വിധ മുൻവിധികളും ഇല്ലാതെ കാണണം എന്ന് നിർബന്ധമുണ്ടെങ്കിൽ അത് ഇതാണ്. കഥയെ കുറിച്ചുള്ള വലിയ സൂചനകൾ ഒന്നും ഉൾപ്പെടുത്തുന്നില്ലെങ്കിലും രണ്ട് സ്ത്രീ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്, ഇവർക്കിടയിൽ ഉടലെടുക്കുന്ന യാഥാർഥ്യമോ ഭാവനയോ എന്ന് തിരിച്ചറിയാനാവാത്ത ചോദ്യങ്ങളാണ് ഈ ചിത്രം, ഉത്തരങ്ങൾ കണ്ട്, അറിഞ്ഞ്, അനുഭവിച്ച് മനസിലാക്കാനായി ഈ ചിത്രം വിട്ടുതരുന്നു.



Wild Strawberries (1957)

Genre : Drama

Rating : 8.2/10

Duration : 91 Minutes


ജീവിതത്തിൽ ഏതൊരു വ്യക്തി ആയാലും ശെരി സംഭവിക്കും എന്ന് നൂറ് ശതമാനം ഉറപ്പുള്ള ഒരു വസ്തുതയെ ബുദ്ധി ഉറച്ച കാലം മുതൽക്കേ ഭയപ്പെടുന്നുണ്ടെങ്കിൽ അത് മരണത്തെയാണ്, മരണം എന്നത് സുനിശ്ചിതമാണ്, സത്യമാണ്, തിരിച്ചറിവാണ്. കഥ കാരണം അത്ഭുതമായി മാറിയ സിനിമകൾ അനവധി ആണെങ്കിലും കഥയില്ലായ്മ കാരണം ഞെട്ടിച്ച അപൂർവം ചിലതെ ഉള്ളൂ, അവയിൽ ഒന്നാണ് വൈൽഡ് സ്ട്രോബറീസ്, വിശദീകരിക്കാൻ മാത്രമൊരു കഥ ചിത്രത്തിലില്ല. തന്റെ ജീവിതത്തിന്റെ അന്ത്യ കാലത്തേക്ക് കടന്ന ഒരു പ്രൊഫെസറാണ് സിനിമയുടെ കേന്ദ്ര കഥാപാത്രം, സ്വന്തം ആദരിക്കൽ ചടങ്ങിലേക്കുള്ള അയാളുടെ യാത്രയിലൂടെയാണ് കഥ മുന്നേറുന്നത്. മരണഭയം പ്രൊഫസറെ കാർന്ന് തിന്നുകയാണ്, അയാളുടെ ചിന്തകളിൽ പോലും മരണം ഭാഗമാവുകയാണ്. കൂടുതൽ പറഞ്ഞ് ആസ്വാദനത്തെ കുറയ്ക്കുന്നില്ല, സിനിമ എന്നതിൽ കവിഞ്ഞ് ഒരു അനുഭവമാണ് വൈൽഡ് സ്ട്രോബറീസ്, കാണാൻ ശ്രമിക്കുക, അനുഭവിക്കാൻ ശ്രമിക്കുക.



Winter Light (1963)

Genre : Drama

Rating : 8.1/10

Duration : 81 Minutes


ബെർഗ്മാനെ കുറിച്ചുള്ള ഒരു സംഭാഷണവും അദ്ദേഹത്തിന്റെ ട്രിലോഗി ഓഫ് സൈലെൻസ് എന്ന സിനിമാ സീരീസിനെ കുറിച്ച് പറയാതെ അവസാനിപ്പിക്കാനാവില്ല.ത്രൂ എ ഗ്ലാസ് ഡാർക്‌ലി എന്ന ചിത്രത്തിലൂടെ ആരംഭിച്ച് ദി സൈലെൻസ് എന്ന ചിത്രത്തിൽ അവസാനിച്ച സീരീസിലെ രണ്ടാം ഭാഗ ചിത്രമാണ് വിന്റർ ലൈറ്റ്. വിഷമം അനുഭവിക്കുന്ന മനുഷ്യനെ അയാളുടെ ദുരിത സമയത്ത് പോലും ആശ്വസിപ്പിക്കാൻ കഴിയാത്ത ഒരു പാസ്റ്റർ കഥാപാത്രത്തിന്റെ നിസ്സഹായ അവസ്ഥയിലൂടെ കടന്ന് പോവുന്ന ചിത്രം ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ചോദ്യം ചെയ്യുന്നത് വിശ്വാസത്തെയും ദൈവത്തെയും തന്നെയാണ്. ദൈവത്തിനും വിശ്വാസത്തിനും മൂല്യങ്ങൾക്കും അപ്പുറം മനുഷ്യന്റെ നിശബ്ദതയും ചിത്രം പ്രതിപാദിക്കുന്നുണ്ട്. ചില ചിത്രങ്ങളെ കുറിച്ച് എന്തെങ്കിലും കുത്തി കുറിക്കുമ്പോൾ, നമ്മുടെ ഇടുങ്ങിയ മനസിലൂടെ കണ്ട് അഭിപ്രായം പറഞ്ഞ് അതിനോട് തന്നെ നീതികേട്‌ കാട്ടുകയാണ് എന്ന് തോന്നിയിട്ടുണ്ട്. വിന്റർ ലൈറ്റും ഒട്ടുമിക്ക ബെർഗ്മാൻ ചിത്രങ്ങളും ആ സ്രേണിയിൽ പെട്ടവയാണ്, അത് വിശകലനം ചെയ്യാൻ ഞാൻ ആളല്ല, എങ്കിലും പരിചയപ്പെടുത്താൻ ശ്രമിക്കുകയാണ്. ഒഴിവാക്കാതെ കാണാൻ ശ്രമിക്കുക ഓരോ ചിത്രങ്ങളും, കാരണം ഇവ ഓരോന്നും ഓരോ പാഠ പുസ്തകങ്ങൾ ആവുന്നു.



ബെർഗ്മാന്റെ നൂറാം ജന്മ വാർഷികത്തിൽ മികച്ച് നിൽക്കുന്ന അനവധി സൃഷ്ടികളിൽ നിന്നും അഞ്ച് ചിത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുക എന്നത് നീതികേട് ആണ്. ഈ അഞ്ചെണ്ണത്തിലേക്ക് ശ്രദ്ധ തിരിയുമ്പോഴും ഓരോ കോണുകളിൽ നിന്നും ചോദ്യങ്ങൾ ഉയരുകയാണ്, ഫാനി ആൻഡ് അലക്സാണ്ടർ നല്ല ചിത്രമല്ലേ ? ഓട്ടം സൊണാറ്റ ആണോ മോശം ? ക്രൈസ് ആൻഡ് വിസ്‌പേർസ് മറക്കാൻ കഴിയുമോ ? അങ്ങനെ അങ്ങനെ. ഇവയെല്ലാം മറ്റൊരു ഭാഗത്ത് ഉൾപ്പെടുത്താം എന്ന പ്രതീക്ഷയിൽ ബെർഗ്മാന് പ്രണാമം അർപ്പിച്ച് തല്ക്കാലം പിൻവാങ്ങാം എന്ന് മാത്രം.

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...