സിനിമ എന്നത് കാഴ്ചയിൽ വിനോദം ആണെങ്കിലും, നിർമാണ വേളയിൽ അണിയറ പ്രവർത്തകർക്ക് അങ്ങേയറ്റം ബുദ്ധിമുട്ടേറിയ ഒരു ഉദ്യമം ആണ്. ഒരാശയം കഥാകൃത്തിന്റെ തലയിൽ ഉദിക്കുന്നത് മുതൽ അത് തിയേറ്ററിൽ കാഴ്ചക്കാരന് മുന്നിൽ എത്തുന്നത് വരെ കടമ്പകൾ അനവധിയാണ്. നിർണായകമായ ഈ ഓരോ ഘട്ടങ്ങളിലും ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾ വ്യത്യസ്തർ ആയതിനാലും, ജോലി അങ്ങേയറ്റം ശ്രദ്ധ ആവശ്യപ്പെടുന്ന കഠിനമായ ഒന്ന് ആയതിനാലും തെറ്റുകൾ സംഭവിക്കുക എന്നത് തികച്ചും സ്വാഭാവികമാണ്. ഇങ്ങനെ വളരെ പ്രശസ്തമായ ചില ചിത്രങ്ങളിൽ അബദ്ധവശാൽ സംഭവിച്ച് പോയ ചില തെറ്റുകൾ ചൂണ്ടികാട്ടുകയാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം. ഒരു രീതിയിലും ഉൾപ്പെട്ടിരിക്കുന്ന ചിത്രങ്ങളെ പരിഹസിക്കുക അല്ല പോസ്റ്റിന്റെ ഉദ്ദേശം എന്നതും, കൗതുകം ഒന്ന് മാത്രമാണ് ഇതിന്റെ കാരണം എന്ന് കൂടി ചേർക്കട്ടെ.
North By Northwest (1959)
ആൽഫ്രഡ് ഹിച്കോക്കിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് എന്നതിലധികം വിശേഷണങ്ങൾ നോർത്ത് ബൈ നോർത്‌വെസ്റ്റ് എന്ന ചിത്രത്തിന് ആവശ്യമില്ല. ചിത്രത്തിലെ കഥാഗതിയിൽ വളരെ നിർണ്ണായകമായ ഒരു രംഗമാണ് മുകളിൽ ചേർത്തിരിക്കുന്നത്. നായകൻ നായികാ കഥാപാത്രത്തെ ഹോട്ടലിൽ വെച്ച് കാണുന്ന രംഗത്തിൽ നായികയുടെ കൈവശം തോക്കുള്ളതായി ഒരു സൂചന പോലും ചിത്രം നൽകുന്നില്ല. എന്നാൽ വലത് ഭാഗത്തുള്ള ജൂനിയർ ആർട്ടിസ്റ്റ് കഥാപാത്രങ്ങളിൽ ഒന്ന് തോക്ക് പുറത്തെത്തുന്നതിന് മുൻപേ കൈ ചെവിയിൽ വച്ചത് ഒരു പക്ഷെ അതീന്ദ്രിയമായ സിദ്ധി വഴി ആവണം.
Gladiator (2000)
രണ്ടായിരം വർഷങ്ങൾക്ക് മുൻപുള്ള റോമിലെ അധികാര വടംവലികളും കുടിപ്പകയും പ്രതികാരവും എല്ലാം പ്രമേയമായ ചിത്രമായിരുന്നു ഗ്ലാഡിയേറ്റർ. ചിത്രത്തിലെ കാർത്തേജ് യുദ്ധ രംഗം അതിന്റെ അവതരണം കൊണ്ടും മറ്റും പ്രശസ്തമാണെങ്കിലും വലിയൊരു തെറ്റ് കൂടി ഈ രംഗത്ത് കാണാൻ കഴിഞ്ഞേക്കും. മുന്നിലുള്ള തടസത്തിൽ തട്ടി മറിഞ്ഞ രഥത്തിന്റെ പിറകിൽ ഒരു ഗ്യാസ് സിലിണ്ടർ.
Usual Suspects (1995)
രണ്ട് പതിറ്റാണ്ടുകൾ മുന്നേ പുറത്തിറങ്ങിയ യൂഷ്വൽ സസ്‌പെക്ടസ് എന്ന ചിത്രത്തെ ഓർക്കുമ്പോൾ ചിത്രം കണ്ട ഏതൊരു വ്യക്തിയും എടുത്ത് പറയാൻ സാധ്യതയുള്ളത് കെവിൻ സ്പേസി എന്ന നടന്റെ മാസ്മരിക പ്രകടനവും, അമ്പരപ്പിച്ച അപ്രതീക്ഷിതമായ ട്വിസ്റ്റും ആയിരിക്കും. ഇതിനോളം തന്നെ അമ്പരപ്പ് ഉളവാക്കുന്ന ഒന്നാണ് നാല് എൻജിനോട് കൂടി ആദ്യമായി പ്രത്യക്ഷപ്പെട്ട എയ്റോപ്ലൈൻ തൊട്ടടുത്ത സീനിൽ എങ്ങിനെ രണ്ട് എൻജിനോട് കൂടി പ്രത്യക്ഷപ്പെട്ടു എന്ന ചോദ്യം.
Commando (1985)
അർണോൾഡിന് മാച്ചോ പരിവേഷം ചാർത്തി കൊടുത്ത കമാൻഡോ എന്ന ചിത്രത്തിൽ മകളെ തട്ടിക്കൊണ്ടുപോയ വില്ലൻ കഥാപാത്രങ്ങളിൽ ഒരാളെ റോഡിലൂടെയുള്ള ചേസ് സീനിൻ ശേഷം കുന്നിൻ മുകളിൽ വെച്ച് പിടികൂടുന്ന ഒരു രംഗമുണ്ട്. രംഗത്തിന്റെ ആരംഭത്തിൽ ഇടത് ഭാഗം ഇടിച്ച് ചുളിഞ്ഞ കാർ അവസാനമാവുമ്പോൾ തനിയെ നന്നായത് ശ്രദ്ധയോടെ വീക്ഷിച്ചാൽ കാണാൻ കഴിയും.
Braveheart (1995)
ഒരു പിരിയഡ് ചിത്രം തെറ്റ് കുറ്റങ്ങൾ ഇല്ലാതെ പൂർത്തിയാക്കുക എന്നത് അത്യന്തം ദുഷ്കരമായ ഒരു പ്രവർത്തി തന്നെയാണ്. ഈ പ്രശ്നത്തിൽ നിന്നും വില്യം വാലസ് എന്ന സ്‌കോട്ടിഷ് പ്രഭുവിന്റെ കഥ സ്‌ക്രീനിൽ എത്തിച്ച ബ്രേവ്ഹാർട്ട് എന്ന ചിത്രത്തിനും രക്ഷപ്പെടാനായില്ല. പടയാളികൾ തങ്ങളുടെ എതിരാളികളുടെ നേരെ പോർവിളികളോടെ കുതിക്കുന്ന രംഗത്തിൽ സെറ്റിലെ പ്രവർത്തകരിൽ ഒരാളുടെ കാർ ബാക് ഗ്രൗണ്ടിൽ വ്യക്തമായി കാണാം.
Pulp Fiction (1995)
ലോകത്താകമാനം ഉള്ള ഭക്ഷണപ്രിയരെ കൊതിപ്പിച്ച് കൊണ്ട് ബർഗറും തിന്ന്, ജ്യുസും കുടിച്ച് ജൂൾസ് തന്റെ ആവശ്യം ഉന്നയിക്കുന്ന രംഗം ചിത്രം കണ്ടവരാരും മറക്കാൻ ഇടയില്ല. ഈ രംഗത്തിൽ റൂമിലെ ശ്രദ്ധയിൽ പെടാത്ത ആറാം കഥാപാത്രം ഡോർ തള്ളിത്തുറന്ന് ജൂൾസിനും വേഗയ്ക്കും നേരെ വെടി ഉതിർക്കുന്നതും അത് ഇരുവർക്കും കൊള്ളാതെ പോവുന്നതും നമുക്ക് അറിയാം. ഈ രംഗം ഒരു മുപ്പത് സെക്കൻഡ് പിറകിലേക്ക് പോവുക ആണെങ്കിൽ വെടി ഉതിർക്കുന്നതിനും കഥാപാത്രം സ്‌ക്രീനിൽ വരുന്നതിനും മുൻപ് ചുമരിൽ ഉണ്ടയുടെ പാടുകൾ വന്നതായി കാണാൻ കഴിയും.
Terminator 2 (1991)
T-1000 സാറ കോണറിനെയും മകനെയും തേടി മാനസിക ആശുപത്രിയിൽ വരുന്ന രംഗം നായക വില്ലൻ കഥാപാത്രങ്ങളുടെ ഇടപഴകൽ കാരണം പ്രശസ്തമാണ്. ഈ രംഗത്തിൽ സാറയെയും മകനെയും സംരക്ഷിക്കാനായി T-1000 എന്ന കഥാപാത്രത്തിന്റെ തലയ്ക്ക് നേരെ അർണോൾഡിന്റെ കഥാപാത്രം വെടി ഉതിർക്കുന്ന ഒരു രംഗമുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ടത് എന്താണെന്നാൽ അർണോൾഡ് വെടി ഉതിർക്കുന്നതിന് തൊട്ട് മുൻപേ രണ്ടായി പിളർന്ന് തുടങ്ങിയ T-1000 കഥാപാത്രത്തിന്റെ തല ആണ്, ഒരു ചെറിയ ടൈമിംഗ് മിസ്റ്റേക്ക്.
I Am Legend (2007)
സോമ്പി ചിത്രമായ ഐ ആം ലെജന്റിൽ വിൽ സ്മിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സോമ്പിയായി മാറിയ ഒരാളിൽ നിന്നും കടി ഏൽക്കുന്ന ഭാഗമുണ്ട്. ഇതിൽ സവിശേഷമായത് എന്താണെന്നാൽ ഇടത് ഭാഗത്ത് കടിയേറ്റ വിൽ സ്മിത്ത് വലത് ഭാഗത്ത് മുറിവുമായി മറ്റൊരു സീനിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നതാണ്. അതും പോരെങ്കിൽ തൊട്ടടുത്ത രംഗത്തിൽ വീണ്ടും മുറിവ് ഇടത് ഭാഗത്ത് എത്തുന്നു.
Titanic (1997)
തെറ്റുകളുടെ ഒരു പെരുങ്കളിയാട്ടം തന്നെ കാണാനാവും ടൈറ്റാനിക് എന്ന ചിത്രത്തിൽ. അടുത്തടുത്ത രംഗങ്ങളിൽ ഹെയർ സ്റ്റൈൽ മാറ്റുന്ന നായക കഥാപാത്രവും കാലത്തിന് മുന്നേ അവതരിച്ച റോളക്സ് വാട്ച്ചും സ്ഥാനം മാറി കൊണ്ടിരിക്കുന്ന വസ്തുക്കൾക്കും ഒക്കെ ഇടയിൽ വ്യത്യസ്തമായി തോന്നിയത് അവസാനത്തെ മൂവിങ് ഷോട്ടിൽ സ്വന്തം സാന്നിധ്യം പ്രേക്ഷകനെ അറിയിച്ച ക്യാമറയുടെ ഇടപെടലാണ്.
Bad Boys (1983)
പ്രതീക്ഷിക്കാത്ത വ്യക്തികളോ, വസ്തുക്കളോ കടന്ന് വന്നത് കൊണ്ട് തെറ്റുകൾ സംഭവിക്കാം. എന്നാൽ ചിത്രം പകർത്തി കൊണ്ടിരുന്ന കാമറാമാൻ തന്നെ ഫ്രെയിമിൽ കടന്നുവരിക എന്നത് കൗതുകകരമായ കാര്യം തന്നെ. ബാഡ് ബോയ്സ് എന്ന ചിത്രത്തിൽ രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള പോരാട്ടത്തിനിടെ വ്യക്തമായി തന്നെ ചിത്രീകരിക്കുന്ന ക്യാമെറാമാനെയും സ്‌ക്രീനിൽ കാണാൻ സാധിക്കും.
തെറ്റുകൾ മനുഷ്യ സഹജമാണ്, പരിഹാസം അല്ല പോസ്റ്റിന്റെ ഉദ്ദേശം, വെറും കൗതുകം മാത്രമാണ്. വായിക്കുന്നവരും ആ രീതിയിൽ ഉൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.
No comments:
Post a Comment