Director : Kihachi Okamoto
Genre : Action
Rating : 8/10
Country : Japan
Duration : 120 Minutes
🔸സ്വോർഡ് ഓഫ് ഡൂം എന്ന ചിത്രത്തെ പറ്റി ആദ്യമായി കേട്ടത് ഉദ്ദേശം രണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപാണ്, പഴയ ജാപ്പനീസ് ചിത്രങ്ങളുടെ കമനീയ ശേഖരത്തിൽ മുങ്ങി തപ്പി കൊണ്ട് നിൽക്കവേ ആണ് ഈ ചിത്രത്തിലെ ഒരു രംഗം കണ്ണിൽ പെട്ടത്. വീണ് കിടക്കുന്ന ഒരു പറ്റം യോദ്ധാക്കളുടെ ഇടയിലൂടെ നടന്ന് പോവുന്ന ഒരു കഥാപാത്രം, മഞ്ഞ് കാരണവും മറ്റും അവ്യക്തമായ വഴിയിലൂടെ അയാൾ കടന്ന് പോവുമ്പോൾ ഒന്ന് തിരിഞ്ഞ് നോക്കുന്നു പോലുമില്ല. ഈ ചിത്രത്തെ കുറിച്ചുള്ള ആദ്യ ഓർമ്മ സ്‌ട്രൈക്കിങ് ആയി തോന്നിയ ഈ ചിത്രം തന്നെയാണ്.
🔸ചിത്രത്തിന്റെ കഥയെ പറ്റി എന്ത് തന്നെ പറഞ്ഞാലും അത് അധികമായി പോവും, മാത്രമല്ല ഒരു പരിധി വരെ അത് ആസ്വാദനത്തെ സ്പോയിൽ ചെയ്യുകയും ചെയ്യും. അത് കൊണ്ട് വളരെ ചെറുതായി പ്രധാന കഥാപാത്രത്തെ കുറിച്ചും കഥയുടെ പശ്ചാത്തലത്തെ കുറിച്ചും ഒന്ന് സൂചിപ്പിച്ച് വിടാം. ഒരു മല മുകളിലാണ് ചിത്രം ആരംഭിക്കുന്നത്, ഒരു വൃദ്ധനും അയാളുടെ കൊച്ച് മകളും ദിവസങ്ങൾ നീണ്ട് നിൽക്കുന്ന ഒരു യാത്രയിലാണ്. മല കയറി മുകളിൽ എത്തിയ ഇരുവരും ഒരല്പ സമയം വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമായി അവിടം തിരഞ്ഞെടുക്കുകയാണ്.
🔸ഒരല്പം വെള്ളം എടുക്കാനായി അവിടെ നിന്നും കൊച്ചുമകൾ പോയ തക്കത്തിന് മല മുകളിലുള്ള ബുദ്ധ പ്രതിമ നോക്കി വൃദ്ധൻ പ്രാർത്ഥിക്കാൻ തുടങ്ങുകയാണ്. വൃദ്ധന് ഇനി അധികം ആയുസ്സില്ല, ഈ ഒരു അവസ്ഥയിൽ താൻ തന്റെ കൊച്ചുമകൾക്കും അവളുടെ ഭാവിക്കും ഒരു ബാധ്യത ആണെന്ന് അയാൾക്ക് നന്നായി അറിയാം. അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് തന്റെ കഥ കഴിയണം എന്നതാണ് അയാളുടെ ആഗ്രഹം, അത് തന്നെയാണ് ആ പ്രതിമയ്ക്ക് മുന്നിൽ നിന്നും അയാൾ അപേക്ഷിക്കുന്നതും. ഇതെല്ലാം കേട്ട് കൊണ്ട് മറ്റൊരു കഥാപാത്രം കൂടി ആ പരിസരത്ത് ഉണ്ടായിരുന്നു, കേന്ദ്ര കഥാപാത്രമായ സുകുയെ.
🔸ചോദ്യോത്തര പരിപാടിക്ക് ഒന്നും കാത്ത് നിൽക്കാതെ സുകുയെ വൃദ്ധന്റെ ആഗ്രഹം അങ് നടത്തി കൊടുക്കുകയാണ്, ആ ബുദ്ധ പ്രതിമയ്ക്ക് മുന്നിൽ വെച്ച് തന്റെ ആയുധത്താൽ വൃദ്ധന്റെ കഥ എന്നെന്നേക്കുമായി അയാൾ അവസാനിപ്പിക്കുകയാണ്. ഇതിന് ശേഷം യാതൊന്നും സംഭവിക്കാത്തത് പോലെ അയാൾ നടന്ന് നീങ്ങുകയാണ്. നമ്മുടെ പ്രധാന കഥാപാത്രമായ റിയൂനോസുകെ സുകുയെ കുറിച്ച് ഒരേകദേശ ചിത്രം ഈ സീനിൽ നിന്ന് തന്നെ ലഭിക്കുന്നുണ്ട്, അയാൾക്ക് വികാരങ്ങളില്ല ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അത് പ്രകടിപ്പിക്കാറില്ല.
🔸സുകുയെ എന്ന ഈ കോംപ്ലക്സ് കഥാപാത്രത്തിന്റെ കഥയാണ് സ്വോർഡ് ഓഫ് ഡൂം എന്ന ചിത്രം, പ്രസ്തുത കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ജാപ്പനീസ് സിനിമാ ചരിത്രത്തിലെ അതികായന്മാരിൽ ഒരാളായ ടാട്സൂയാ നകദായ് ആണ്, മറ്റൊരു പ്രധാന കഥാപാത്രത്തെ ടോഷിറോ മിഫുനെയും അവതരിപ്പിച്ചിരിക്കുന്നു. ഒരു സ്വോർഡ് ഫൈറ്റ് ഒക്കെ പ്രമേയമായ ചിത്രം എന്ന് തോന്നുമെങ്കിലും അതിനോളം തന്നെ മികച്ചൊരു ക്യാരക്ടർ സ്റ്റഡി കൂടിയാണ് ചിത്രം, പ്രത്യേകിച്ചും പ്രധാന കഥാപാത്രത്തിന്റെ മാനസികാവസ്ഥ കൂടി ഒരു പ്രധാന വിഷയമായി വരുമ്പോൾ.
DC Rating : 90/100
No comments:
Post a Comment