Director : Marcin Wrona
Genre : Horror
Rating : 6.1/10
Country : Poland
Duration : 94 Minutes
🔸ഈ സിനിമയുടെ ടൈറ്റിലിനും മുകളിൽ ചേർത്തിരിക്കുന്ന ഹൊറർ ജിൻറിനും ഒരു ചെറിയ കൊഴപ്പമുണ്ട്, തെറ്റിദ്ധരിപ്പിക്കാനുള്ള കുഴപ്പം. സ്വാഭാവികമായും ഇത് കണ്ടൊരു വ്യക്തി പ്രതീക്ഷിക്കാൻ പോവുന്നത് ഭൂത പ്രേതാദികളുടെ ഒരു പൂണ്ട് വിളയാട്ടവും, ജംപ് സ്‌കെയറുകളും മറ്റുമൊക്കെ ആവും. എന്നാൽ ആദ്യമേ ഒരു കാര്യം പറയാം, ഈ വക സംഭവങ്ങൾ ഒന്നും നിങ്ങൾ പ്രതീക്ഷിച്ച തോതിൽ ഈ ചിത്രത്തിൽ കാണില്ല. ഒരു ടിപ്പിക്കൽ ഹൊറർ ചിത്രം എന്നതിനേക്കാൾ ഒരു പസിലിന്റെ പീസുകൾ നമ്മുടെ മുന്നിൽ ഇട്ട് തന്നിട്ട് അവ പൂർത്തിയാക്കാൻ നമ്മളോട് തന്നെ ആവശ്യപ്പെടുന്ന തരം ഒന്നാണ് ഈ ചിത്രം.
🔸പോളണ്ടിലെ ഗ്രാമ പ്രദേശങ്ങളിൽ ഒന്നിലാണ് ചിത്രം ആരംഭിക്കുന്നത്, നായക കഥാപാത്രമായ പിറ്റോർ അവിടെ ആദ്യമായി എത്തുകയാണ്, അയാളുടെ ഈ വരവിന് പിന്നിൽ ഒരു ഉദ്ദേശമുണ്ട്, മൂന്നാല് ദിവസങ്ങൾ കഴിഞ്ഞാൽ അയാളുടെ വിവാഹമാണ്. തന്റെ പൂർവികർ പോളിഷുകാർ ആണെങ്കിൽ കൂടിയും ഭാഷയിലും ആ സംസ്കാരത്തിലും ഒന്നും പിറ്റോർ അത്ര പരിചിതനല്ല, ഒക്കെ പഠിച്ച് പരിചയിച്ച് വരുന്നേ ഉള്ളൂ. ഗ്രാമത്തിൽ കാല് കുത്തുന്ന ആ നിമിഷം തന്നെ ഓർക്കാൻ അത്ര ഇഷ്ട്ടപ്പെടാത്ത ഒരു കാഴ്ചയാണ് അയാൾക്ക് കാണേണ്ടി വരുന്നത്, തുടർന്ന് വരാൻ പോവുന്ന സംഭവങ്ങളുടെ ഒരു സൂചന പോലെ.
🔸താൻ വിവാഹം കഴിക്കാൻ പോവുന്ന സനേറ്റയെ സ്കൈപ്പ് വഴിയുള്ള പരിചയം മാത്രമേ പിറ്റൊറിന് ഉള്ളൂ. ഈ ഒരു പരിചയം തന്നെ പിറ്റോറിനെ സംബന്ധിച്ച് മതിയായിരുന്നു, ഇതോടൊപ്പം സനേട്ടയുടെ സഹോദരനുമായുള്ള വർഷങ്ങളായുള്ള പരിചയവും കൂടി ചേർന്നപ്പോൾ സ്വാഭാവികമായും ബന്ധം വിവാഹത്തിലേക്ക് നീണ്ടു എന്നതാണ് സത്യം. താൻ വിവാഹം കഴിക്കാൻ പോവുന്ന യുവതിയുടെ കുടുംബത്തെ പറ്റിയോ പശ്ചാത്തലത്തെ പറ്റിയോ വലിയ അറിവൊന്നും പിറ്റോറിന് ഇല്ല, ഒരല്പം യാഥാസ്ഥിക കുടുംബം ആണെന്ന് മാത്രം അറിയാം. വിവാഹത്തിനായി ആ കുടുംബം സമ്മാനിച്ച വില്ല കാണാനും ഒരുക്കങ്ങൾക്കും വേണ്ടിയാണ് ഈ വരവ്.
🔸വീട്ടിലെത്തി പരിസരവും ചുറ്റുപാടുകളും എല്ലാം വീക്ഷിച്ച് മനസിലാക്കിയ പിറ്റോർ പൂർണ സംപ്ത്രിപ്തൻ ആയിരുന്നു, വൈകാതെ തന്നെ കാമുകിയെയും സഹോദരനെയും എല്ലാം നേരിൽ കാണുകയും ബന്ധം ഒന്ന്കൂടി ഊട്ടി ഉറപ്പിക്കുകയും ചെയ്തു. ഇതുവരെ നടന്ന കാര്യങ്ങൾ എല്ലാം തന്നെ മംഗളമായി സംഭവിച്ചു എന്ന് പറയാം. എന്നാൽ ട്വിസ്റ്റ് സംഭവിക്കുന്നത് ഒരുക്കങ്ങൾ പൂർത്തീകരിക്കുന്നതിനായി വീടിന് മുൻപിലെ പറമ്പ് കുഴിക്കേണ്ടി വരുമ്പോഴാണ്. കുഴിയിൽ നിന്നും ഒരു സ്ത്രീയുടെ അസ്ഥികൂടം ലഭിക്കുന്നിടത്ത് നിന്നും കഥ മറ്റൊരു വഴിയിലേക്ക് മാറുകയാണ്. ഇതിനെ തുടർന്ന് അരങ്ങേറുന്ന സംഭവങ്ങളാണ് പിന്നീടുള്ള ഒന്നര മണിക്കൂർ സമയം ചിത്രം പറയുന്നത്.
🔸ഒരു സ്ട്രെയിറ്റ് അപ്പ് ഹൊറർ ക്ലിഷേ ചിത്രം എന്നതിനേക്കാൾ പൊസഷൻ പ്രമേയമായ ചിത്രം എന്ന് പറയാം ഡെമണിനെ. നായക കഥാപാത്രത്തിന്റെ മാനസിക നിലയിലും മറ്റും ആഘാതത്താലോ, മറ്റൊരു അതീന്ദ്രിയ ശക്തിയുടെ ഉദയത്താലോ വരുന്ന മാറ്റമാണ് പ്രമേയം. ഒരു തരം ഓപ്പൺ എൻഡിങ് കൂടിയാണ് ചിത്രം, അത് എങ്ങിനെ കാഴ്ചക്കാരൻ എടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ ചിത്രം നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന കാര്യം. എന്തായാലും വ്യക്തിപരമായി ഇഷ്ട്ടപ്പെട്ട ചിത്രങ്ങളുടെ കൂട്ടത്തിൽ തന്നെ കാണും ഈ ചിത്രവും, സമയവും താല്പര്യവും ഉണ്ടെങ്കിൽ കാണാൻ ശ്രമിക്കുക.
DC Rating : 80/100
No comments:
Post a Comment