Director : Ric Roman Waugh
Genre : Action
Rating : 6.8/10
Country : USA
Duration : 121 Minutes
🔸ട്രോപിക് തണ്ടർ എന്ന സിനിമയിൽ ഒരു സീൻ ഉണ്ട്, ഭൂമിയുടെ കറക്കവും അത് പോലെ ഗ്ലോബൽ വാമിംഗും എല്ലാം കാരണം ആവാസ വ്യവസ്ഥ തകിടം മറിഞ്ഞ ഭൂമിയെ രക്ഷിക്കാൻ വേണ്ടി ഒറ്റയാൾ പട്ടാളമായ നായകൻ കടന്ന് വരുന്നത്. ഇത് പിന്നെയും ആവർത്തിച്ചപ്പോ വീണ്ടും പുള്ളി മടങ്ങി വന്നു, മൂന്നാമതും നാലാമതും അഞ്ചാമതും പുള്ളി തന്നെ വേണ്ടിവന്നു, ഒടുവിൽ ആറാമതും. എയ്ഞ്ചൽ ഹാസ് ഫോളൻ എന്ന ചിത്രം കാണുമ്പോ പല കാരണം കൊണ്ടും ഓർമ്മ വന്നത് ആ രംഗമാണ്, പിന്നെ ഫ്രീ ടിക്കെറ്റ് ആയത് കൊണ്ട് പരാതിയും ഉണ്ടായില്ല. ഒളിമ്പസ് ഹാസ് ഫോളൻ, ലണ്ടൻ ഹാസ് ഫോളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സീരീസിലെ മൂന്നാമത്തെ ചിത്രമാണ് എയ്ഞ്ചൽ ഹാസ് ഫോളൻ.
🔸തൊണ്ണൂറുകളിലെ വൺ മാൻ ആർമി സ്റ്റൈൽ കോപ്പ് ചിത്രങ്ങളുടെ ഒരു റിപ് ഓഫ് ആയിരുന്നു ഒരു പരിധി വരെ ആദ്യ ചിത്രം. ആ ഒരു തീം കടമെടുത്തതായി തോന്നിയെങ്കിലും അത്യാവശ്യം എന്റർടൈനിംഗ് ആയി പോയ ചിത്രത്തിന്റെ മർമത്തിനിട്ടുള്ള അടി ആയിരുന്നു രണ്ടാമത്തെ രണ്ടാമത്തെ ചിത്രമായ ലണ്ടൻ ഹാസ് ഫോളൻ. ആദ്യ ഭാഗം ആസ്വാദ്യകരമാക്കിയ ഒരു വസ്തുതയും ഈ ഭാഗത്ത് കാണാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല ബോറിങ്ങും ആയിരുന്നു. ഈ കാരണങ്ങൾ കൊണ്ട് തന്നെ പ്രതീക്ഷ എന്നത് ലവലേശം ഉണ്ടായിരുന്നില്ല മൂന്നാമത്തെ ചിത്രത്തിൽ, കാണണം എന്ന് പോലും കരുതിയതുമല്ല. രണ്ടാം ഭാഗത്തേക്കാൾ ഭേദമാണ് ഇത് എന്ന് പറയാം, അത്ര മാത്രം.
🔸സീരീസിലെ മുൻ ചിത്രങ്ങൾ പോലെ തന്നെ പ്രസിഡന്റിന് നേരെ അരങ്ങേറുന്ന വധ ശ്രമവും അതിനെ തുടർന്ന് അരങ്ങേറുന്ന അന്വേഷണവും കൊലയാളിയെ കണ്ടെത്തി ഇല്ലായ്മ ചെയ്യാനുള്ള നായകന്റെ ശ്രമങ്ങളും എല്ലാമാണ് ഇവിടത്തെ തീം, ആ പിന്നെ ഒരു വറൈറ്റിക്ക് ഇവിടെ എല്ലാവരും കൊലയാളി ആയി തെറ്റിദ്ധരിക്കുന്നത് നമ്മടെ നായകനെ തന്നെയാണ്, ആ മുൻപ് രണ്ട് തവണ പ്രസിഡന്റിനെ മരണത്തിന്ന് രക്ഷിച്ച ഗഡിയെ തന്നെ, ഇത് പോലൊരു നന്ദിയില്ലാത്ത വർഗം, ത്ഫൂ. ഇനി നല്ലതും മോശവുമായി തോന്നിയ കാര്യങ്ങളിലേക്ക് കടക്കുക ആണെങ്കിൽ ആദ്യം തന്നെ കഥയെ പറ്റി പറയാം, അല്ലെങ്കി വേണ്ട പറയാൻ മാത്രം ഒന്നുമില്ല, ഒരു രണ്ട് വരിയിൽ പറയാൻ ഉള്ളതേ ഉള്ളൂ.
🔸നല്ലൊരു കാസ്റ്റ് ഉണ്ട് ചിത്രത്തിൽ, ഇവർക്ക് ചെയ്യാൻ കാര്യമായി ഒന്നുമില്ല താനും. ആദ്യാവസാനം പ്രെഡിക്ട് ചെയ്യാൻ പറ്റുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്. കഥ എഴുതിയ ആൾ അധികം സിനിമകൾ കണ്ടിട്ടില്ല എന്ന് തോന്നുന്നു, കാരണം വേറൊന്നുമല്ല വില്ലൻ ആരാണ് എന്നൊക്കെ ഒരു മൈൽ മുന്നേ കാഴ്ചക്കാരന് മനസിലാവും, പഴയ പല പടങ്ങളും ഉപയോഗിച്ചിട്ടുള്ള ടാക്റ്റിക്സ് ആണ് ഇവിടെയും ഉള്ളത് എന്നത് കൊണ്ട്. പിന്നെ അത്യാവശ്യം നല്ല ദൈർഖ്യവും ഉണ്ട് എന്നതും ഒരു പോരായ്മയായി തോന്നി. ഇനി നല്ല കാര്യങ്ങളിലേക്ക് കടക്കുക ആണെങ്കിൽ, ഡാനി ഹൂസ്റ്റൺ, നിക്ക് നോൾട് എന്നിവർ അത്യാവശ്യം നന്നായി തന്നെ തങ്ങളുടെ വേഷങ്ങൾ ചെയ്ത് ഫലിപ്പിച്ചിട്ടുണ്ട്.
🔸ആക്ഷൻ സീക്വൻസുകളുടെ കാര്യത്തിൽ ചിത്രം നിരാശപ്പെടുത്തുന്നില്ല എന്നത് ആശ്വാസകരം തന്നെ. നല്ല സൗണ്ട്ട്രാക്കും മറ്റൊരു പ്രത്യേകത ആണ്, നായകന്റെ ഭാര്യയെയും കുഞ്ഞിനേയും കാണിച്ചപ്പോൾ ഒരു തട്ടിക്കൊണ്ടുപോകൽ സബ്പ്ലോട്ട് പ്രതീക്ഷിച്ചിരുന്നു, അതില്ലാത്തതിൽ സന്തോഷം. ആകെ മൊത്തം പറയുക ആണെങ്കിൽ വലിയ കാര്യം ഒന്നുമില്ലാത്ത, ആവശ്യത്തിൽ അധികം സമയം ഉണ്ടെങ്കിൽ നോക്കാവുന്ന ഒരു ചിത്രം. ആക്ഷൻ ചിത്രങ്ങളോട് നല്ല താല്പര്യം ഉള്ള കാഴ്ചക്കാർക്ക് നോക്കാം, വലിയ പ്രതീക്ഷ ഒന്നും വേണ്ട.
DC Rating : 45/100
No comments:
Post a Comment