Director : Galder Gaztelu-Urrutia
Genre : Thriller
Rating : 7.1/10
Country : Spain
Duration : 94 Minutes
🔸ഒരു ദിവസം നിങ്ങൾ ഉറക്കം ഉണരുന്നത് ഒരു തടവ് മുറിയിലാണ് എന്ന് കരുതുക, വലിയ വിസ്തൃതി ഒന്നുമില്ല, രണ്ടാൾക്ക് കിടക്കാം, അത്യാവശ്യം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാം അത്ര മാത്രം. പിന്നെ പ്രധാനപ്പെട്ട കാര്യം എന്താണെന്നാൽ ഈ തടവ് മുറിയുടെ ഒത്ത നടുക്ക് വലിയൊരു ദ്വാരം ഉണ്ട് എന്നതാണ്, ഈ ദ്വാരത്തിലൂടെ മുകളിലും താഴെയും ഉള്ള കാര്യങ്ങൾ എല്ലാം നല്ല വ്യക്തമായും വെടിപ്പായും കാണാം. പക്ഷെ ഈ കാഴ്ച കൊണ്ടും വലിയ കാര്യം ഇല്ല എന്നതാണ് സത്യം, മുകളിലും താഴെയും എല്ലാം, എന്തിന് കണ്ണ് കൊണ്ട് കാണാൻ കഴിയുന്ന ദൂരം വരെ മുഴുവനും തടവറകളും തടവ് പുള്ളികളും ആണ്.
🔸നമ്മുടെ നായക കഥാപാത്രം ഇങ്ങനെ ഒരുനാൾ ഉറക്കം ഉണരുന്നത് ഇത്യാദി തടവറകളിൽ ഒന്നിലാണ്, അവിടെ വൃദ്ധനായ ഒരു സഹ തടവുകാരനുമുണ്ട്. പ്രസ്തുത ജയിലിലെ നാല്പത്തി രണ്ടാം നിലയിലാണ് തങ്ങൾ എന്ന് വൃദ്ധൻ അയാൾക്ക് പറഞ്ഞ് കൊടുക്കുന്നുമുണ്ട്. ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു, താല്പര്യം ഇല്ലാത്ത, പ്ലോട്ടിന്റെ ഒരു ഭാഗവും കേൾക്കാൻ താല്പര്യമില്ലാത്ത എല്ലാ രീതിയിലും ഫ്രഷ് ആയി തന്നെ ചിത്രം അനുഭവിക്കണം എന്ന് നിർബന്ധം ഉള്ളവർ ഇവിടെ നിന്നും മടങ്ങി പോവുന്നത് ആയിരിക്കും അത്യുത്തമം.
🔸തടവ് മുറികളിലേക്ക് ദിവസം ഒരു നേരം മാത്രമേ ഭക്ഷണം വരികയുള്ളൂ അതും മുകൾ നിലയിൽ നിന്നും താഴെ നിലയിലേക്ക് ഒരു വഴിയിലൂടെ മാത്രം. മുകളിൽ സൂചിപ്പിച്ച ദ്വാരം വഴിയാണ് ഭക്ഷണം വരിക, അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയരാം, ഈ ഭക്ഷണം എല്ലാവർക്കും തികയുമോ എന്ന്, ഇല്ല ഒരിക്കലും തികയില്ല. ആ തടവറയിൽ എത്ര നിലകളുണ്ട് എന്ന കാര്യം ദൈവത്തിന് മാത്രമേ അറിയാവൂ, എന്തായാലും കുറഞ്ഞത് നൂറ്റി അമ്പതിന് മുകളിലുണ്ട് എന്നാണ് കേട്ടറിവ്, ഈ മുറികളിലെല്ലാം തന്നെ രണ്ട് പേർ വീതവുമുണ്ട്, അത് എന്ത് തന്നെ ആയാലും ആ വലിയ ചതുര ദ്വാരത്തിലൂടെ വരുന്ന ഭക്ഷണം കൊണ്ട് തൃപ്തി പെടുത്താൻ ആവുന്ന അളവല്ല.
🔸അപ്പൊ എന്ത് എന്നാണ് ചോദ്യം എങ്കിൽ അതിന് ഉത്തരം വേറൊന്നുമല്ല, പട്ടിണി തന്നെ, മുഴുപട്ടിണി. മുകളിൽ ഉള്ളവർക്ക് വൃഷ്ട്ടാനം കഴിക്കാം, താഴേയ്ക്ക് പോകവേ അളവ് കുറയും, എന്ന് മാത്രമല്ല മുകളിൽ ഉള്ളവർ കഴിച്ചതിന്റെ ഉച്ചിഷ്ടം മാത്രമായി ഭക്ഷണം മാറുകയും ചെയ്യും, അങ്ങനെ ആകെ മൊത്തത്തിൽ ഒരു നെറികെട്ട സിസ്റ്റം ആണ് അവിടെ അരങ്ങേറുന്നത് എന്ന് പറയാം. മാസാമാസം ഓരോരുത്തരും നിൽക്കുന്ന നിലകളും മാറിക്കൊണ്ടേയിരിക്കും, ചുരുക്കി പറഞ്ഞാൽ സകലതും ഒരു ഭാഗ്യത്തിന്റെ കളിയാണ് എന്ന്.
🔸വിശപ്പ് എന്നത് വലിയൊരു കാര്യമാണ്, മനുഷ്യന്റെ എല്ലാ പരിശ്രമങ്ങളും ഒരു പരിധി വരെ വിശപ്പ് അടക്കാനുള്ളതാണ്. വിശപ്പിന്റെ കാഠിന്യം കൂടുമ്പോൾ മനുഷ്യൻ ചിലപ്പോൾ ചില കൈവിട്ട കളികളൊക്കെ കളിച്ചെന്നിരിക്കും, അതാണ് ഈ ചിത്രം. അത്യാവശ്യം നല്ല തോതിൽ വയലന്റായ, ബ്ലഡ് ബാത്തുള്ള, ലോല മനസുള്ളവർക്ക് പറ്റാത്തൊരു ചിത്രമാണ് പ്ലാറ്റ്ഫോം, ഒരുവേള വയലൻസ് കൂടിപ്പോയോ എന്ന സംശയം വരെ തരുന്നുണ്ട് ഈ ചിത്രം, കൈകാര്യം ചെയ്യുന്ന വിഷയവും ഡിസ്റ്റർബിങ് തന്നെയാണ്. താല്പര്യം തോന്നുന്നു എങ്കിൽ കാണാൻ ശ്രമിക്കാം ഈ ചിത്രം.
Verdict : Good
DC Rating : 70/100
No comments:
Post a Comment