Tuesday, June 9, 2020

806. Crescendo (2020)



Director : Dror Zahavi

Genre : Drama

Rating : 7/10

Country : Germany

Duration : 102 Minutes


🔸കോവിഡ് കാരണം ലോകത്താകമാനം ഉള്ള ജനങ്ങൾ ദുരിതക്കയത്തിൽ ആയതും സിനിമാ മേഖല ഉൾപ്പെടെയുള്ള വ്യവസായങ്ങൾ എല്ലാം തന്നെ താറുമാർ ആയതും നമ്മൾ കണ്ടതാണ്. ഈ ഒരു കാലയളവിൽ വീടിനുള്ളിലെ നാല് ചുവരുകൾക്കുള്ളിൽ കുടുങ്ങി കിടക്കുന്ന ജനങ്ങളെ തങ്ങളാൽ കഴിയുംവിധം എന്റെർറ്റൈൻ ചെയ്യിക്കാനായി പല ഇൻഡി ഫിലിം ഗ്രൂപ്പുകളും ഫെസ്റ്റുകൾ ഒക്കെ സംഘടിപ്പിക്കുക ഉണ്ടായി, എല്ലാം ഓൺലൈൻ ആയി കാണാവുന്ന തോതിൽ. അത്തരത്തിൽ ഒരു ഫെസ്റ്റ് ആയിരുന്നു സ്‌റ്റാഷെ ജ്യുവിഷ് ഫിലിം ഫെസ്റ്റിവൽ. മൂന്ന് ആഴ്ച നീണ്ട് നിന്ന ഫെസ്റ്റിൽ മൂന്ന് ചിത്രങ്ങളായിരുന്നു പ്രദർശിപ്പിച്ചത്, അവ നമ്മുടെ സമയത്തിന് അനുസരിച്ച് കാണാനുള്ള രീതിയിൽ ക്രമീകരിച്ചുമിരുന്നു.

🔸പ്രിന്റ് ലഭിക്കുക ബുദ്ധിമുട്ടായ മൂന്ന് ചിത്രങ്ങൾ കാണാനുള്ള അവസരം ആയത് കൊണ്ട് തന്നെ നല്ല രീതിയിൽ വിനിയോഗിച്ചു ഈ അവസരം. മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലെ, വേറിട്ട പശ്ചാത്തലങ്ങളിൽ ഉള്ള, വൈവിധ്യമാർന്ന ജോണറിൽ പെട്ടവ ആയിരുന്നു മൂന്ന് ചിത്രങ്ങളും. ഇവയിൽ ആദ്യത്തെ ചിത്രമാണ് ജർമനിയിൽ നിന്നെത്തിയ ക്രെസെണ്ടോ, ഒരു മ്യുസിക്കൽ ട്രൂപ്പിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ് പോയ ശക്തമായ രാഷ്ട്രീയം പുലർത്തിയ നല്ല ഒരു ചിത്രം. ഇതിന് പുറമെ മൈ പോളിഷ് ഹണിമൂൺ, ദി സാമുവൽ പ്രോജക്റ്റ് എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുക ഉണ്ടായി, അവയെ പറ്റി വൈകാതെ പറയാം.

🔸എഡ്വേർഡ് സ്‌പോർക്ക് എന്ന ലോക പ്രശസ്തനായ കണ്ടക്ടർ ഒരു ഓർക്കസ്ട്ര റെഡി ആക്കാനുള്ള പ്ലാനിലാണ്, തനിക്ക് ചുറ്റുമുള്ള കഴിവ് തികഞ്ഞ ഒരു കൂട്ടം യുവാക്കളെയാണ് അതിനായി അയാൾ തിരഞ്ഞെടുക്കുന്നത്. ഈ ഒരു ഓർക്കസ്ട്രയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ട്, ഇസ്രായേൽ പലസ്തീൻ ചേരികളിൽ നിന്നുള്ളവരാണ് ഇതിൽ അംഗങ്ങളായി ഉള്ളവരെല്ലാം. ഇസ്രയേലും പലസ്തീനും പോലെ വിഭജിക്കപ്പെട്ട, അസ്ഥി പോലും പങ്ക് വെക്കപ്പെട്ട രണ്ട് രാജ്യങ്ങൾ ഒരുപക്ഷെ നമ്മുടേതും അയൽക്കാരുടേതും മാത്രമാവും, ആ ഒരു വേർതിരിവും കാര്യങ്ങളും ഈ ഓർക്കസ്ട്ര മെമ്പർമാരിലും നമുക്ക് കാണാനാവും.

🔸ഓർക്കസ്ട്രയുടെ ആദ്യ ഒത്തുചേരലിൽ തന്നെ അവരിൽ ഒരാൾ സ്‌പോർക്കിനോട് പറയുന്നുണ്ട്, ഞങ്ങൾക്ക് രാഷ്ട്രീയം ഒക്കെ വ്യക്തമായി ഉണ്ട്, അതിലേക്ക് നിങ്ങൾ നിങ്ങളുടെ ഇൻപുട്ട് തരേണ്ട കാര്യമില്ല, ഓർക്കസ്ട്രയുടെ ഭാഗമായി മാറാൻ വേണ്ടി മാത്രമാണ് ഞങ്ങൾ വന്നത്, അതിലെ താല്പര്യമുള്ളൂ എന്ന്. അങ്ങനെ എല്ലാ രീതിയിലും വേർപെട്ട് കിടന്ന ഒരു കൂട്ടം യുവാക്കളെ ഒരുമിച്ച് ചേർത്ത് ഈ പരിപാടി നടത്താൻ അയാൾക്ക് സാധിക്കുമോ എന്നതാണ് ചോദ്യം, ഒരു ഇമോഷണൽ റൈഡ് ആണ് ക്രെസെൻഡോ എന്ന ചിത്രം. ചിത്രം ആദ്യമായി പ്രദര്ശിപ്പിക്കപ്പെട്ട മ്യുണിച്ച് ഫിലിം ഫെസ്റ്റിവലിൽ പത്ത് മിനുട്ടോളം നീണ്ട് നിന്ന സ്റ്റാന്റിംഗ് ഒവേഷനാണ് ലഭിച്ചത്, അതിനുള്ളത് ഉണ്ട് താനും.

Verdict : Very Good

DC Rating : 85/100

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...