Director : A.B Shawky
Genre : Journey
Rating : 7.2/10
Country : Egypt
Duration : 97 Minutes
🔸യോമെഡീൻ എന്ന ഈജിപ്ഷ്യൻ ചിത്രം കണ്ട് കൊണ്ടിരിക്കുന്ന വേളയിൽ പലയിടത്തും ഓർമയിൽ എത്തിയത് ഉദ്ദേശം നൂറ് വർഷങ്ങൾക്ക് മുന്നേ പുറത്തിറങ്ങിയ ഫ്രീക്സ് എന്ന ചിത്രമാണ്. ഫ്രീക്സ് എന്ന സിനിമ മുന്നോട്ട് വെച്ച ആശയം വിരൂപർ എന്ന് സമൂഹം വിലയിരുത്തിയ ഒരു കൂട്ടം ആളുകളും എല്ലാം തികഞ്ഞവർ എന്ന് സ്വയം ഊറ്റം കൊള്ളുന്ന വിഭാഗവും തമ്മിലുള്ള സ്വഭാവം ഉൾപ്പെടെ ഉള്ള കാര്യങ്ങളിലെ അന്തരം ആയിരുന്നു. യോമെഡീൻ എന്ന ചിത്രവും ഈ വിഷയം പരാമർശിക്കുന്നുണ്ട്, അല്ല ചർച്ച ചെയ്യുന്നു തന്നെയുണ്ട്. ഫ്രീക്സ് വ്യക്തിപരമായി വളരെ ഇഷ്ട്ടപ്പെട്ട ചിത്രമാണ്, ഈ ഒരു പാരലൽ കാരണമാവും യോമെഡിനും ആ ഒരു തലത്തിലേക്ക് പോവുന്നുണ്ട്.
🔸ബേഷായ് എന്ന വ്യക്തിയുടെ കഥയാണ് യോമെഡീൻ, പുള്ളിക്ക് പ്രായം നാല്പതിന് അടുത്ത് എത്തി. നഗരത്തിന് പുറത്ത് കുപ്പയ്ക്ക് സമാനമായ ഒരു കോളനിയിലാണ് അയാളുടെ താമസം, ആ സ്ഥലത്തിന് ഒരു പ്രത്യേകത ഉണ്ട്, വേറൊന്നുമല്ല അവിടം നിറച്ച് രോഗികളായവരുടെയും ആരാരുമില്ലാത്ത അനാഥർ ആയവരുടെയും ഒക്കെ വാസ സ്ഥലമാണ്. കഴിഞ്ഞ ഒരു മൂന്ന് പതിറ്റാണ്ട് കാലമായി ബെശായിയും ഇവിടുത്തെ താമസക്കാരനാണ്, നഗരത്തിൽ നിന്നും വരുന്ന മാലിന്യങ്ങളിൽ നിന്നും മറ്റും വേസ്റ്റ് പെറുക്കി വിറ്റിട്ട് ഒക്കെയാണ് അയാൾ ഉപജീവനത്തിനുള്ള മാർഗം കണ്ടെത്തുന്നത്.
🔸ഭാര്യ ഒഴിച്ച് നിർത്തിയാൽ അയാൾക്ക് ബന്ധുക്കൾ എന്ന് പറയാൻ ആരുമില്ല, ഭാര്യയെ ആണെങ്കിൽ ചില മാനസിക പ്രശ്നങ്ങളും മറ്റും കാരണം ഒരു അഗതി മന്ദിരം പോലൊരു മാനസിക ആരോഗ്യ കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുകയാണ്. ബേഷായ് ഒരു ലെപ്രസി രോഗി ആയിരുന്നു, ഈ കാരണം കൊണ്ട് തന്നെ അയാളുടെ സ്കിന്നും മുഖവും എല്ലാം വികലമാക്കപ്പെട്ടതാണ്, കാഴ്ചയിലെ ഈ ഒരു വിരൂപത കാരണം തന്നെ അയാളെ ആളുകൾ അകറ്റി നിർത്താറാണ് പതിവ്. അതിൽ ഇപ്പൊ അയാൾക്ക് വലിയ പരാതിയോ പരിഭവമോ ഒന്നുമില്ല, ശീലം ആയി കഴിഞ്ഞിരിക്കുന്നു ഇതെല്ലാം.
🔸അങ്ങനെ വലിയ മാറ്റം ഒന്നും ഇല്ലാതെ പോയി കൊണ്ടിരുന്ന ദിവസങ്ങളിൽ ഒന്നിലാണ് ബശ്ശായിയുടെ മനസ്സിൽ ഒരു ആഗ്രഹം ഉടലെടുക്കുന്നത്, തന്റെ കുടുംബത്തെ, ബാക്കി ഉള്ളവരെ ഒരിക്കൽ എങ്കിൽ ഒരിക്കൽ കാണണം എന്ന്. അതിനായി അയാൾ സ്വന്തം കഴുതപ്പുറത്ത് യാത്ര തിരിക്കുകയാണ്. കൃത്യമായ അറിവ് ഒന്നും തന്നെയില്ല അയാളുടെ പക്കൽ, എല്ലാം ഊഹാപോഹങ്ങളാണ്, എന്തായാലും യാത്ര ആരംഭിച്ച് കഴിഞ്ഞു. അതിമനോഹരമായ ഒരു സിനിമയാണ് യോമെഡീൻ, ഒരുവേള കണ്ണ് നനയിപ്പിക്കും എന്ന് തന്നെ പറയാം. മികച്ച കഥ, കഥാപാത്രങ്ങൾ, പേ ഓഫ് തുടങ്ങി എല്ലാ കോളങ്ങളും എ ഗ്രെയ്ഡ അർഹിക്കുന്ന നല്ല ഒന്നാന്തരം ഒരു സിനിമ,തീർച്ചയായും കാണാൻ ശ്രമിക്കുക.
Verdict : Must Watch
DC Rating : 90/100
No comments:
Post a Comment