Thursday, February 13, 2020

688. Just Mercy (2019)



Director : Destin Cretton

Genre : Drama

Rating : 7.5/10

Country : USA

Duration : 136 Minutes


🔸അടുത്ത കാലത്ത് ഇറങ്ങിയ നല്ല കോർട്ട് റൂം ഡ്രാമകളിൽ ഉൾപ്പെടുത്താവുന്ന ഒരു സിംപിൾ ചിത്രം, അതാണ് ജസ്റ്റ് മേഴ്സി. അമേരിക്കയിലെ കറുത്ത വർഗക്കാരുടെ പ്രശ്നങ്ങളും കുഴിച്ച് മൂടി എന്ന് ആശ്വസിച്ച് അഭിരമിക്കുന്ന റേസിസത്തിന്റെ പ്രശ്നങ്ങളും എല്ലാം ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ബ്രയാൻ സ്റ്റീവൻസൺ എന്ന പ്രശസ്തനായ ആക്ടിവിസ്റ്റിന്റെ പ്രശസ്തമായ ഒരു കൃതിയാണ് ചിത്രത്തിന് ആധാരം ആയിരിക്കുന്നത്, ആക്ടിവിസ്റ്റ് ആയി മാറുന്നതിനും മുൻപ് ഒരു വക്കീൽ ആയിരുന്ന കാലത്ത് ബ്രയാൻ നേരിട്ട് ഇടപെട്ട, അത്യാവശ്യം കുപ്രസിദ്ധി നേടിയ ഒരു കേസ് ആണ് ഇവിടെ വിഷയം.

🔸ജാമി ഫോക്സ് അവതരിപ്പിക്കുന്ന വാൾട്ടർ മാക്മില്ലനെ കാണിച്ച് കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്, വികസനവും ടെക്കനോളജിയും ഗ്രാമങ്ങളിലേക്ക് എത്തുന്നതിന് തൊട്ട് മുന്നേയുള്ള എണ്പതുകളാണ് കഥ നടക്കുന്ന പിരീഡ്. വാൾട്ടർ ഒരു മരം വെട്ടുകാരൻ ആണ്, കാട്ടിലേക്കും മറ്റും കയറി തന്റെ ജോലി ചെയ്ത് കൊണ്ട് കുടുംബം പോറ്റാനുള്ള വക അയാൾ ദിവസേന ഉണ്ടാക്കുന്നു. ഈ ഒരു പ്രക്രിയ ആവർത്തിച്ച് കൊണ്ട് പോവുന്ന ദിവസങ്ങളിൽ ഒന്നിലാണ് കഥയുടെ ടേണിങ് പോയിന്റ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സംഭവം അരങ്ങേറുന്നത്. ജോലിയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വാൾട്ടിന്റെ വണ്ടിക്ക് നേരെ ഒരു പോലീസുകാരൻ കൈ കാണിക്കുകയാണ്.

🔸പോലീസുകാരുടെ സ്ഥിരം ലൈസൻസ് പരിശോധനാ പ്രക്രിയ ആണെന്ന് കരുതി വണ്ടി ഒതുക്കിയ വാൾട്ടിന് കാര്യങ്ങൾ താൻ വിചാരിക്കുന്ന അത്ര ലളിതം അല്ല എന്നും, ഇത്തിരി പ്രശനം ആണെന്നും തിരിച്ചറിയാൻ അധികം സമയം വേണ്ടി വന്നില്ല. സമയം പോകവേ പോലീസുകാരുടെ ശബ്ദത്തിന്റെ ടോണും സംസാരത്തിന്റെ ശൈലിയും മാറി തുടങ്ങി, പിന്നീടെല്ലാം വളരെ വളരെ പെട്ടെന്ന് ആയിരുന്നു. റോണ്ടാ മോറിസൺ എന്ന യുവതിയെ മൃഗീയമായി കൊലപ്പെടുത്തി എന്ന കുറ്റത്തിന് വാൾട്ടർ അറസ്റ്റ് ചെയ്യപ്പെടുകയാണ്, നിങ്ങൾക്ക് ആള് മാറിപ്പോയി എന്ന വാൾട്ടിന്റെ വാക്കുകൾ ആരുടേയും കാതുകളിൽ എത്താതെ പോവുകയും ചെയ്തു, കാരണം സാഹചര്യ തെളിവുകൾ എല്ലാം വിരൽ ചൂണ്ടിയത് അയാളിലേക്ക് തന്നെ ആയിരുന്നു.

🔸കൊല്ലപ്പെട്ടത് ഒരു ഓൾ അമേരിക്കൻ വൈറ്റ് വുമൺ ആയത് കൊണ്ടും, പ്രതിസ്ഥാനത്ത് നിൽക്കുന്ന വാൾട്ടർ മക്മില്ലൻ ഒരു കറുത്ത വംശജൻ ആയത് കൊണ്ടും ആ കാലഘട്ടം പരിഗണിക്കുമ്പോൾ സഹതാപമോ ഒരു പരിധി വരെയോ നീതി പ്രതീക്ഷിക്കേണ്ടതില്ല, എന്നാൽ ഇവിടെ സംഭവിച്ചിരിക്കുന്നത് അപകടകരമായ, ഒരു രീതിയിലും വിശദീകരിക്കാൻ കഴിയാത്ത നീതികേട്‌ തന്നെയാണ്. ഒരു പരിധി വരെ പ്രഹസനം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന വാദ പ്രതിവാദങ്ങൾക്ക് ശേഷം വാൾട്ടർ വധ ശിക്ഷയ്ക്ക് വിധിക്കപ്പെടുകയാണ്. വെറും ഒന്നര ദിവസം കൊണ്ട് എല്ലാം കഴിഞ്ഞ് കേസിന് ഒപ്പ് വീണു എന്നത് കൂടി ഇതിനോടൊപ്പം ചേർത്ത് വായിക്കണം.

🔸വക്കീൽ പണി പഠിച്ചുവരുന്ന ബ്രയാൻ സ്റ്റീവൻസൺ എന്ന മൈക്കൽ ജോർദാൻ അവതരിപ്പിക്കുന്ന കഥാപാത്രം ചില കാരണങ്ങൾ കാരണം ഈ കേസിലേക്ക് വന്നെത്തുകയാണ്. കേസ് ഡയറിയിൽ നിന്നും അരങ്ങേറിയിട്ടുള്ള നീതികേടുകൾ മനസിലായ ബ്രയാൻ, ഒരു തവണ കൂടി ന്യായം അർഹിക്കുന്ന രീതിയിൽ അന്വേഷണവും വാദവും നടക്കാനായി കേസ് റീഓപ്പൺ ചെയ്യാൻ ശ്രമിക്കുകയാണ്, അതിന് അയാൾ നേരിടുന്ന പ്രശ്നങ്ങളും ഈ കേസിന്റെ തുടർന്നുള്ള ഭാവി എന്ത് എന്നതുമെല്ലാമാണ് രണ്ടര മണിക്കൂറിന് അടുത്ത് ദൈർഘ്യമുള്ള ഈ ചിത്രം. നല്ല ഒരു ചിത്രമാണ് ജസ്റ്റ് മേഴ്സി, കാണാൻ ശ്രമിക്കുക.

Verdict : Good

DC Rating : 70/100

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...