Director : Aparna Sen
Genre : Drama
Rating : 7.6/10
Country : India
Duration : 101 Minutes
🔸ഇന്ത്യൻ മെയിൻസ്ട്രീം ചിത്രങ്ങളുടെ ഇടയിൽ അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു ജെം എന്ന് വിശേഷിപ്പിക്കാം, കഴിഞ്ഞ ദശാബ്ദത്തിന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ ഈ അപർണ സെൻ ചിത്രത്തെ. ടുംബാദ് എന്ന ഇന്ത്യൻ ചിത്രത്തിന് ശേഷം കഥ നടക്കുന്ന സ്ഥലത്തോടും ചുറ്റുപാടുകളോടും ഇത്രയും വൈകാരികമായി എന്നിലെ കാഴ്ചക്കാരനെ അടുപ്പിച്ച മറ്റൊരു ഇന്ത്യൻ ചിത്രം ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. രണ്ടും രണ്ട് രീതിയിൽ ഉള്ള, രണ്ട് ജോണറുകളിൽ ഉള്ള വ്യത്യസ്ത ചിത്രങ്ങൾ ആണെങ്കിലും കഥ പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ തരുന്നൊരു പെയ്ൻ ഉണ്ട്, അധികം സിനിമകൾ അത്തരത്തിൽ ഉള്ളത് കാണാൻ ഭാഗ്യം സിദ്ധിച്ചിട്ടില്ല.
🔸എൺപതുകളുടെ അവസാനം, ബംഗാളിൽ ആണ് ചിത്രത്തിന് ആസ്പദമായ കഥ ആരംഭിക്കുന്നത്. പേമാരിയും, വെള്ളപ്പൊക്കവും, പകർച്ച വ്യാധികളും എല്ലാം ഒരു തുടർ കഥയായി മാറിയ നമ്മൾക്കൊന്നും അത്ര പരിചിതമല്ലാത്ത ഒരു കാലഘട്ടത്തിലേക്കാണ് ചിത്രം നമ്മെ കൊണ്ടുപോവുന്നത്. നമ്മുടെ നായക കഥാപാത്രമായ സ്നേഹമൊയ് ചാറ്റർജി ഒരു അന്തർമുഖനാണ്, ആൾക്കൂട്ടവും ബഹളങ്ങളും എല്ലാം അയാൾക്ക് അസ്വസ്ഥത ഉളവാക്കുന്നതാണ്, കൂടുതൽ സമയവും സ്വന്തം ലോകത്ത് ചെലവഴിക്കാനാണ് ടിയാന് താല്പര്യം.
🔸സ്നേഹമൊയിയുടെ ചെറുപ്പ കാലത്ത് ഉണ്ടായ ഒരു വെള്ളപ്പൊക്കത്തിൽ അയാളുടെ അച്ഛനമ്മമാർ കൊല്ലപ്പെട്ടതാണ്, അതിന് ശേഷം അയാളെ വളർത്തിയതും പഠിപ്പിച്ചതും എല്ലാം മാഷി എന്ന വല്യമ്മയാണ്. വേണ്ടപ്പെട്ടവർ ഒന്നും അധികമില്ലാത്ത മാഷി സ്വന്തം മകൻ ആയാണ് സ്നേഹമൊയിയെ വളർത്തിയത്, അമ്മയില്ലാത്ത ഒരു കുറവും അയാൾ അറിഞ്ഞിട്ടില്ല എന്ന് തന്നെ പറയാം. തന്റെ കോളേജ് പഠന കാലത്താണ് സ്നേഹമൊയ് മിയാജി എന്ന ജപ്പാൻകാരിയെ പരിചയപ്പെടുന്നത്, അതും നേരിട്ടല്ല മറിച്ച് കത്തുകളിലൂടെ. സ്വഭാവത്തിലും മറ്റും സാമ്യതകൾ അനവധി ഉള്ള ഇരുവരും പെൻഫ്രെണ്ടുകളായി മാറുകയാണ് താമസിയാതെ.
🔸രണ്ട് രാജ്യങ്ങൾക്കിടയിലൂടെ ഉള്ള നിരന്തരമായ കത്തിടപാടുകളും സംസാരവും എല്ലാം ഇരുവരെയും താമസിയാതെ പ്രണയ ബദ്ധരാക്കുകയും വിവാഹത്തിലേക്ക് നയിക്കുകയും ചെയ്യുകയാണ്. ഈ സംഭവങ്ങൾ എല്ലാം നടക്കുന്ന കാലത്തൊന്നും തന്നെ ഇവർ മുഖാമുഖം കണ്ടിട്ടില്ല എന്നതാണ് കൗതുകകരമായ വസ്തുത. വിവാഹത്തിന് ശേഷവും ആ സമാഗമം നീണ്ട് പോവുകയാണ്, അങ്ങനെ ദിവസങ്ങൾ ആഴ്ചകൾക്കും, ആഴ്ചകൾ മാസങ്ങൾക്കും, മാസങ്ങൾ വർഷങ്ങൾക്കും വഴി മാറി കൊടുക്കുകയാണ്. ഇതിനിടെ സ്നേഹമോയിയുടെ ജീവിതത്തിലേക്ക് പുതിയ രണ്ട് കഥാപാത്രങ്ങൾ കൂടി കടന്ന് വരുന്നുണ്ട്.
🔸സ്നേഹമൊയിയുടെ ഭാര്യ ആകേണ്ടിയിരുന്ന, എന്നാൽ പല കാരണങ്ങൾ കൊണ്ടും നടക്കാതെ പോയി, മറ്റൊരാളുടെ ഭാര്യ ആയ സന്ധ്യ എന്ന കഥാപാത്രവും അവരുടെ മകനുമാണ് വർഷങ്ങൾക്ക് ശേഷം മടങ്ങി വരുന്നത്. സന്ധ്യ ഇന്ന് ഒരു വിധവയാണ്, ആ കാലഘട്ടത്തിലെ വിധവകളായ സ്ത്രീകളുടെ ജീവിതം നരകതുല്യം ആയതിനാലും പോവാൻ മറ്റൊരിടം ഇല്ലാത്തതിനാലും മാഷിയുടെ വീട്ടിൽ അവർ അഭയം പ്രാപിക്കുകയാണ്. തുടർന്ന് അങ്ങോട്ട് ഈ കഥാപാത്രങ്ങളുടെ എല്ലാം ഭാവി എന്താകും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ചിത്രം. ഒരു കവിതയ്ക്ക് ഒക്കെ സമാനമായ അതി മനോഹരമായ ചിത്രമാണ് ദി ജാപ്പനീസ് വൈഫ്, തീർച്ചയായും കാണാൻ ശ്രമിക്കുക.
DC Rating : 90/100
No comments:
Post a Comment