Director : Michael Fimognari
Genre : Romance
Rating : 7.2/10
Country : USA
Duration : 102 Minutes
🔸പൊതുവെ ഈ കമിങ് ഓഫ് എയ്ജ്, റൊമാൻസ് ചിത്രങ്ങളോട് വലിയ താല്പര്യം ഇല്ല എങ്കിലും കണ്ട് കഴിഞ്ഞ ശേഷം കൊള്ളാം എന്ന് തോന്നിയ അല്ലെങ്കിൽ താല്പര്യം ഉണർത്തിയ ഒരു ചിത്രം ആയിരുന്നു രണ്ടായിരത്തി പതിനെട്ടിൽ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് സംരംഭമായ റ്റു ഓൾ ദി ബോയ്സ് ഐ ലവ്ഡ് ബിഫോർ. ലാറ ജീനും പീറ്ററും അവർക്ക് ചുറ്റുമുള്ള മറ്റ് കഥാപാത്രങ്ങളും എല്ലാം തന്നത് ഫ്രഷ് ഫീൽ തന്നെ ആയിരുന്നു. ചെറിയ പ്ലോട്ടിനെ വലിയ കോംപ്ലിക്കേഷൻ ഒന്നും ഇല്ലാതെ, എന്നാൽ അതെ സമയം എന്റർടൈനിംഗ് ആയി അവതരിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല എങ്കിലും അതിൽ വിജയിച്ചിരുന്നു ഒന്നാം ഭാഗ ചിത്രം.
🔸ഈ ഹാപ്പി എൻഡിങ് ആയ റൊമാന്റിക് ചിത്രങ്ങൾ സാധാരണ അവസാനിക്കാറുള്ളത് മിക്കതും "അതിന് ശേഷം ഒരുപാട് നാളുകൾ അവരിരുവരും സുഖമായി ജീവിച്ചു...." എന്ന പോലുള്ള രീതികളിലാണ്. എന്നാൽ ഇതിന് ശേഷം, അതായത് കമിതാക്കൾ രണ്ട് പേരും ജീവിതത്തിലേക്ക് കടന്ന ശേഷം, ആ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന അല്ലെങ്കിൽ പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ആ പീരീഡ് ആണ് ഈ ചിത്രത്തിന്റെ പ്രമേയം. ഈ ഒരു വിഭാഗത്തിൽ അധികം ചിത്രം കണ്ടിട്ടില്ലാത്ത കൊണ്ടും കണ്ടവ നന്നായിരുന്നത് കൊണ്ടും പ്രതീക്ഷ അത്യാവശ്യം ഉണ്ടായിരുന്നു എന്ന് തന്നെ പറയാം.
🔸നമ്മുടെ നായികാ കഥാപാത്രമായ ലാറ ജീൻ ജീവിതത്തിൽ ആദ്യമായാണ് ഒരു വ്യക്തിയുമായി പ്രണയത്തിൽ ആവുന്നത്, അവളുടെ ഭാഷയിൽ പറയുക ആണെങ്കിൽ ഒരു ഗേൾഫ്രണ്ട് ആവുക എന്നതിന്റെ ആ ഒരു എക്‌സൈറ്റേഷൻ അവൾ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന്റെ മറുവശം എന്താണെന്നാൽ ഒരു റിലേഷൻഷിപ്പിൽ നടക്കുന്ന, നടക്കേണ്ട പല കാര്യങ്ങളും അവൾക്ക് പുതുമ ഉള്ളത് അല്ലെങ്കിൽ ഒട്ടും പരിചിതം അല്ലാത്തതാണ്. കിട്ടിയതിനെ നഷ്ട്ടപ്പെടുത്താതിരിക്കാൻ ഉള്ള ഒരു മനോഭാവം അല്ലെങ്കിൽ പൊസസീവ്‌നെസ്സ് അവളിൽ നല്ല തോതിൽ തന്നെ ഉണ്ട്.
🔸ഇങ്ങനെ ഉള്ള ചെറിയ ചെറിയ കാര്യങ്ങളും മറ്റും രണ്ട് പ്രധാന കഥാപാത്രങ്ങൾക്ക് ഇടയിലെ ബന്ധത്തിൽ ഏതെല്ലാം രീതിയിൽ വിള്ളൽ വീഴ്ത്തും എന്നതും അതിനെ അതിജീവിക്കാൻ ഉള്ള കഴിവ് ഇവർക്കുണ്ടോ എന്നതും എല്ലാമാണ് ചിത്രം ഉയർത്തുന്ന ചോദ്യങ്ങൾ. പിന്നെ ഈ സംഭവങ്ങൾക്കിടയിലേക്ക് ഒരു പുതിയ കഥാപാത്രം കൂടി കടന്ന് വരുന്നുണ്ട് എന്നതാണ് ട്വിസ്റ്റ്, രണ്ട് കഥാപാത്രങ്ങൾക്കും ഒപ്പം ഏറെക്കുറെ തുല്യമായ സ്‌ക്രീൻ സ്പെയ്സും ജോൺ ആംബ്രോസ് എന്ന ഈ കഥാപാത്രം കരസ്ഥമാക്കുന്നുണ്ട്. ഇയാൾ ആര്, എന്ത്, എങ്ങിനെ കഥയിലേക്ക് വരുന്നു എന്നതെല്ലാം ചിത്രം കണ്ട് തന്നെ മനസിലാക്കുക.
🔸ആദ്യ ഭാഗത്തിനോട് താല്പര്യം തോന്നിച്ച നല്ല കഥാപാത്രങ്ങൾ, അവർക്കിടയിലെ കെമിസ്ട്രി, ലൈറ്റ് ആയ ഹ്യുമർ എന്നിവ എല്ലാം ഒട്ടും മോശം പറയാൻ ഇല്ലാത്ത രീതിയിൽ രണ്ടാം ഭാഗത്തിലും ഉണ്ട്, ചുരുക്കി പറഞ്ഞാൽ നിരാശ ഉണ്ടാവില്ല എന്ന് തന്നെ. ചില ഇടങ്ങളിൽ ഒരല്പം സ്ലോ ആവുന്നുണ്ട് എങ്കിലും അതൊന്നും കഥയുടെ ഒഴുക്കിൽ വലിയ പോരായ്മ ആയി തോന്നിയതുമില്ല. മുൻഭാഗം ഇഷ്ടപ്പെട്ടവരെ രസിപ്പിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്, ഒരു മൂന്നാം ഭാഗം വരുന്നുണ്ട് എന്നും കേട്ടു. താല്പര്യം ഉള്ളവർക്ക് പരീക്ഷിക്കാം, നിരാശപ്പെടുത്തില്ല
DC Rating : 70/100
No comments:
Post a Comment