Monday, June 29, 2020

818. My Father My Son (2005)



Director : Çağan Irmak

Genre : Drama

Rating : 8.3/10

Country : Turkey

Duration : 108 Minutes


🔸ഒരു സിനിമ മുഴുവൻ ഓർമയിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ, അവർക്ക് ഇടയിലുള്ള രസകരമായ ഇടപഴകലുകൾ, ആ ബന്ധങ്ങളുടെ ഊഷ്മളത എല്ലാം കൂടി ചേരുമ്പോൾ കഥയിൽ വിപ്ലവകരമായ പുതുമ ഒന്നും ഇല്ലെങ്കിൽ കൂടിയും ആ സിനിമ നമുക്ക് പ്രിയപ്പെട്ടതാവും എന്ന് മുന്നേ മനസിലായ ഒരു കാര്യമാണ്. ഈ ഒരു വസ്തുതയെ ഊട്ടി ഉറപ്പിക്കാൻ കഴിയുന്ന പുതിയ ഉദാഹരണമാണ് മൈ ഫാദർ ആൻഡ് മൈ സൺ എന്ന തുർക്കിഷ് ചിത്രം. ഇത്രയും ഇമോഷണലി ഷാറ്ററിങ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു ചിത്രം അടുത്ത കാലത്ത് ഒന്നും കണ്ടിട്ടില്ല, മാത്രമല്ല ഈ ചിത്രം നൽകുന്നത് പോലെ അപ്രതീക്ഷിതമായി കടന്ന് വന്ന ഇന്റെൻസ് ആയ ഓപ്പണിങ് സീനും അത്ര കണ്ട് പരിചയിച്ച ഒന്നല്ല.

🔸എൺപതുകളിലാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്, സാദിഖ് എന്ന നായക കഥാപാത്രം ഒരു ലെഫ്റ്റിസ്റ്റ് ആയ പത്ര പ്രവർത്തകനാണ്, ഗർഭിണിയായ ഭാര്യ മാത്രമാണ് അയാളുടെ കൂടെ ഉള്ളത്, തന്റെ മാതാപിതാക്കളും ബന്ധു ജനങ്ങളുമായി അയാൾ അത്ര അടുപ്പത്തിൽ അല്ല, ഒരു പത്ത് പതിനഞ്ച് വർഷമായി ഈ ഒരു അകൽച്ച തുടങ്ങിയിട്ട്. ഈ അകൽച്ചയ്ക്ക് കാരണമായത് സാദിഖിനും അദ്ദേഹത്തിന്റെ അച്ഛൻ ഹുസെയ്‌നിനും ഇടയിലുള്ള ചില വാക്ക് തർക്കങ്ങൾ ആയിരുന്നു, അതിന് ശേഷം ഇരുവരും നേർക്ക് നേർ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല, സാദിഖിന്റെ കല്യാണത്തിനോ മകൻ ഡെനിസ് ജനിച്ച വേളയിലോ പോലും ഉണ്ടായിട്ടില്ല.

🔸അതൊക്കെ എന്ത് തന്നെ ആയാലും സാദിഖ് ഇപ്പോൾ ഒരു മടങ്ങി പോക്കിന് ഒരുങ്ങുകയാണ്, തന്റെ മകനായ ഡെനിസിനെയും കൂട്ടി സ്വന്തം നാട്ടിലേക്ക്. ഈ തിരിച്ച് പോക്കിന്റെ കാരണം എന്ത് എന്നതൊക്കെ സിനിമ കണ്ട് അറിയുന്നതാവും നല്ലത്, സ്പോയ്ലർ ഒഴിവാക്കുന്നു. തിരികെ എത്തിയ തന്റെ മകനെ കണ്ട ഹുസ്സെയ്‌നിന്റെ പ്രതികരണം ആശാവഹം ആയിരുന്നില്ലെങ്കിലും ഒരു ഉത്സവ പ്രതീതി അവിടെ ഉടലെടുക്കുകയാണ്, പ്രത്യേകിച്ചും സാദിഖിന്റെ അമ്മയ്ക്കും സഹോദരനും എല്ലാം ഇതിന് മേൽ ഒരു സന്തോഷം ലഭിക്കാനില്ല. ഈ ഒരു ഉത്സവ പ്രതീതിയിലും സ്നേഹം പുതുക്കലിലും എല്ലാമാണ് ചിത്രത്തിന്റെ ആദ്യ പാതി മുന്നോട്ട് പോവുന്നത്.

🔸രണ്ടാം പാതി കഥ കുറച്ച് കൂടി ഇമോഷണൽ ആയ ട്രാക്കിലേക്ക് മാറുകയാണ്, കുറച്ച് എന്ന പറച്ചിൽ തന്നെ ശെരിയല്ല മറിച്ച് കരയിച്ചിരിക്കും എന്ന് ഉറപ്പിച്ച് പറയാം. പ്രധാന മൂന്ന് കഥാപാത്രങ്ങൾക്ക് പുറമെ സാദിഖിന്റെ അമ്മ, സഹോദരൻ സലിം, വീട്ട് ജോലിക്കാരിയായ ഫാത്തിമ എന്നിവരൊക്കെ പ്രത്യേക പരാമർശം അർഹിക്കുന്നവരാണ്. ഇവരിൽ തന്നെ അച്ഛൻ മകൻ, അമ്മ മകൻ, സഹോദരന്മാർ എന്നിവർക്കൊക്കെ ഇടയിലുള്ള ആ ബന്ധവും അത് സ്‌ക്രീനിൽ അവതരിപ്പിച്ചിരിക്കുന്ന രീതിയും എല്ലാം മികച്ചത് തന്നെയാണ്. കണ്ട് നോക്കുക, തീർച്ചയായും സജസ്റ്റ് ചെയ്യുന്നു, ഒരു കിടിലൻ അനുഭവം ആവും ഈ ചിത്രം.

Verdict : Must Watch

DC Rating : 95/100

Sunday, June 28, 2020

817. The Bandit (1996)



Director : Yavuz Turgul

Genre : Drama

Rating : 8.3/10

Country : Turkey

Duration : 121 Minutes


🔸തുർക്കിഷ് സിനിമാ ഇൻഡസ്ട്രിയുടെ ചരിത്രത്തിൽ തന്നെ വളരെ പ്രാധാന്യം ഉള്ളൊരു സിനിമയാണ് എസ്‌കിയ അഥവാ ദി ബാൻഡിറ്റ്. എൺപതുകളിലും മറ്റും കൊമെടി ജോണറിൽ പെട്ട സിനിമകളുടെ ഒരു അതിപ്രസരം തുർക്കിഷ് ഇൻഡസ്ട്രിയിൽ ഉണ്ടാവുക ഉണ്ടായി, ഇതിനെ തുടർന്ന് ആവർത്തനങ്ങൾ എന്ന മട്ടിൽ അനവധി സിനിമകൾ പുറത്തിറങ്ങുകയും ആളുകൾക്ക് തന്നെ താല്പര്യം നശിക്കുകയും ഉണ്ടായതായി പറഞ്ഞ് കേട്ടിട്ടുണ്ട്. ഈ ഒരു കാലയളവിൽ മറ്റുള്ള ഇന്ഡസ്ട്രികൾ ടെക്ക്നോളജിക്കലി ഉൾപ്പെടെ വലിയ രീതിയിൽ പുരോഗമിക്കുകയും പതിയെ തുർക്കിഷ് സിനിമാ മാർക്കറ്റുകൾ കയ്യടക്കുകയും ചെയ്തു.

🔸ഈ രീതിയിൽ തുർക്കിഷ് സിനിമകൾക്ക് സ്വന്തം നാട്ടിൽ തന്നെ പോപ്പുലാരിറ്റി കുറഞ്ഞ ഒരു കാലഘട്ടം ആയിരുന്നു തൊണ്ണൂറുകളുടെ ആദ്യ പകുതി. ഈ ഒരു വസ്തുത ബാക്ക്ഗ്രൗണ്ടിൽ നിൽക്കുമ്പോഴാണ് യാവ്‌സ് ടാർഗളിന്റെ എസ്‌കിയ തിയേറ്ററുകളിൽ എത്തിയത്. പതിയെ ആയിരുന്നു തുടക്കം എങ്കിലും പിന്നീട് ആ ചിത്രം പടർന്ന് അങ് പിടിക്കുകയായിരുന്നു തുർക്കിക്കാരുടെ ഇടയിലേക്ക്. പ്രശംസ, ആരാധക വൃന്ദം എന്നീ തലങ്ങൾ എല്ലാം വിട്ട് ഒരു സെൻസേഷൻ എന്ന തലത്തിലേക്ക് ചിത്രം മാറുകയായിരുന്നു, ഒരു രീതിയിൽ പറഞ്ഞാൽ തളർന്ന് കിടന്ന തുർക്കിഷ് സിനിമാ മേഖലയെ തിരികെ കൊണ്ടുവന്നതിൽ ഈ ചിത്രത്തിന്റെ പങ്ക് വളരെ വളരെ വലുതാണ്.

🔸കഥയിലേക്ക് കടക്കുക ആണെങ്കിൽ ഒരു പഴങ്കഥ പറഞ്ഞ് കൊണ്ടാണ് സിനിമ തുടങ്ങുന്നത്, അതായത് ഉദ്ദേശം ഒരു മുപ്പത്തി അഞ്ച് വർഷം മുൻപ് തുർക്കിയുടെ വടക്ക് പടിഞ്ഞാർ ഭാഗത്തുള്ള മലനിരകളിൽ നിന്നും ഒരുപാട് കൊള്ളക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോയിരുന്നു, ഈ കൂട്ടത്തിൽ തടവിലാക്കപ്പെട്ട ആളാണ് നമ്മുടെ കേന്ദ്ര കഥാപാത്രമായ ബറാൻ. ഇന്ന് മുപ്പത്തി അഞ്ച് വർഷത്തെ തടവ് ജീവിതത്തിന് ശേഷം ബറാൻ ജയിൽ മോചിതൻ ആയിരിക്കുകയാണ്, തന്റെ നല്ല കാലം മുഴുവൻ ജയിലറയ്ക്കുള്ളിൽ കഴിച്ച് കൂട്ടിയ അയാളെ വാർദ്ധക്യം ബാധിച്ച് തുടങ്ങിയിട്ടുണ്ട്, ഇനി തനിക്ക് അധിക കാലം ഒന്നും ബാക്കിയില്ല എന്നും അയാൾക്ക് അറിയാം, എങ്കിലും ഒരു ചെറിയ കടമ അല്ലെങ്കിൽ കാര്യം അയാൾക്ക് ചെയ്ത് തീർക്കാൻ ബാക്കിയുണ്ട്.

🔸ഈ കാര്യം വേറൊന്നുമല്ല, വർഷങ്ങൾക്ക് മുന്നേ ബറാൻ പോലീസിന്റെ കയ്യിൽ പെട്ടത് ഒരു ചതിപ്പണിയിൽ കൂടി ആയിരുന്നു, ബരാനെ ചതിച്ചത് ആണെങ്കിൽ സ്വന്തം സഹോദരനെ പോലെ അയാൾ കൂടെ കൊണ്ട് നടന്ന അടുത്ത സുഹൃത്തും. അയാളെ ഒന്ന് കാണണം എന്ന ആഗ്രഹം അയാൾക്കുണ്ട്, കണ്ട് കഴിഞ്ഞ ശേഷം എന്ത് എന്ന കാര്യത്തിൽ പോലും അയാൾക്ക് വ്യക്തതയില്ല, സത്യത്തിൽ ഇന്ന് ഇത്രയും വർഷങ്ങൾക്കിപ്പുറം അയാൾ ജീവനോടെ ഉണ്ടാവുമോ എന്ന് പോലും ബരാണിന് അറിവില്ല, എല്ലാം ഒരു പ്രതീക്ഷയാണ്, അതിലാണ് മുന്നോട്ട് പോവുന്നത്. അങ്ങനെ ബറാൻ തന്റെ ഭൂതകാലം ഉറങ്ങി കിടക്കുന്ന മണ്ണിലേക്ക് യാത്ര തുടങ്ങുകയാണ്, നല്ല ഒന്നാംക്‌ളാസ്സ് ഒരു സിനിമയിലേക്ക് കണ്ട് കൊണ്ടിരിക്കുന്ന നമ്മളും.

Verdict : Must Watch

DC Rating : 90/100

Friday, June 26, 2020

816. Boats Out Of Watermelon Rinds (2004)



Director : Ahmet Ulucay

Genre : Drama

Rating : 7.9/10

Country : Turkey

Duration : 101 Minutes


🔸തുർക്കിഷ് സിനിമ എന്നത് പേഴ്സണലി അധികം ഒന്നും കടന്ന് ചെന്നിട്ടില്ലാത്ത, തീരെ അപരിചിതമായ ഒരു ടർഫ് ആയിരുന്നു ഈ അടുത്ത കാലം വരെ. മികച്ചത് എന്ന് കേട്ട ചില സിനിമകൾ കണ്ടിട്ടുണ്ട് എന്നതൊഴിച്ചാൽ കൂടുതലായി അറിയാനോ പരിചയപ്പെടാനോ ഒന്നും ശ്രമിച്ചിട്ടില്ല, ഇത് താല്പര്യം ഇല്ലാഞ്ഞിട്ടോ അല്ലെങ്കിൽ നിലവാരം ഇല്ലാഞ്ഞിട്ടോ അല്ല മറിച്ച് ശ്രദ്ധിച്ചില്ല ഇതുവരെ എന്നത് കൊണ്ട് മാത്രമായിരുന്നു. അത് എന്ത് തന്നെ ആയാലും ഒന്ന് മാറ്റി പിടിക്കാൻ തീരുമാനിച്ച ശേഷം ആദ്യം കണ്ട ചിത്രമാണ് ബോട്ട്സ് ഔട്ട് ഓഫ് വാട്ടർമെലോൺ റിൻഡ്‌സ്. തുർക്കിഷ് സിനിമയുടെ, അവതരണത്തിന്റെ, കഥകളുടെ ഒക്കെ ഒരു സോൾ ഈ ചിത്രത്തിൽ കാണാൻ കഴിയും എന്നൊരു അഭിപ്രായം കേട്ടിരുന്നു മുന്നേ, അത് സത്യവുമാണ്.

🔸റിസപ്, മെഹ്‌മേറ്റ് എന്നീ സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രം. തുർക്കിയിലെ ഒരു പിന്നോക്ക ഗ്രാമത്തിൽ ദരിദ്ര പശ്ചാത്തലത്തിൽ ജനിച്ചവരാണ് ഇരുവരും, ഗ്രാമത്തിലുള്ള മിക്കവരുടെയും എന്ന പോലെ രണ്ട് പേരുടെയും അച്ഛന്മാർ യുദ്ധത്തിന് പോയി പിന്നീട് മടങ്ങി വന്നിട്ടില്ല, യുദ്ധ ഭൂമിയിൽ വച്ച് കൊല ചെയ്യപ്പെട്ടിരിക്കണം. സ്വന്തം ഗ്രാമത്തിൽ തൊഴിലോ പണമോ ഭൂമിയോ ഇല്ലാത്തത് കൊണ്ട് തന്നെ മണിക്കൂറുകൾ നടന്ന് അയൽ ഗ്രാമത്തിൽ ചെന്നാണ് ഇരുവരും ജോലി ചെയ്യുന്നത്. ആട്ടിടയന്മാർ മാത്രമുള്ള തങ്ങളുടെ ഗ്രാമത്തെക്കാൾ എന്ത് കൊണ്ടും നല്ലത് കുറച്ചെങ്കിലും പുരോഗമിച്ചിട്ടുള്ള, ഏറ്റവും കുറഞ്ഞത് പേരിനൊരു സിനിമാ കൊട്ടക എങ്കിലും ഉള്ള അയൽ ഗ്രാമം ആണെന്ന് റിസറ്റ് പറയുന്നുണ്ട്.

🔸ആ സിനിമയെ പറ്റി പറഞ്ഞ സ്ഥിതിക്ക് പറയാം, ഈ രണ്ട് പേർക്കും ഏറ്റവും താല്പര്യം ഉള്ളതും, ഏറ്റവും അഭിനിവേശം വെച്ച് പുലർത്തുന്നതുമായ ഒന്നാണ് സിനിമ. പണിക്ക് വന്ന ഗ്രാമത്തിലെ കൊട്ടകയിൽ നിന്നും ചില സിനിമകൾ കാണാൻ രണ്ട് പേർക്കും സാധിച്ചിട്ടുണ്ട്, ഈ ഒരു അവസരത്തിൽ ചില സിനിമകളുടെ വെട്ടി കൂട്ടിയ ഫിലിമുകളും അവർ കരസ്ഥമാക്കിയിട്ടുണ്ട്. മരത്തിന്റെ തടിയും മറ്റുമൊക്കെ കെട്ടി വെച്ച് ഉണ്ടാക്കിയ പ്രൊജക്റ്ററിൽ വെച്ച് സിനിമ ഓടിച്ച് കാണിക്കണം എന്നതാണ് രണ്ട് പേരുടെയും ആഗ്രഹം. പക്ഷെ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ഇന്നേവരെ രണ്ട് പേർക്കും അത് കഴിഞ്ഞിട്ടില്ല, 24 ഫ്രെയിംസ് ഒരു സെക്കൻഡിൽ ഓടിച്ച് പ്ളേ ചെയ്യുക എന്നത് മരത്തടിയും മറ്റും വെച്ച് ഏറെക്കുറെ അസാധ്യം തന്നെയാണ്.

🔸സിനിമ, ജോലി എന്നീ കാരണങ്ങൾക്ക് പുറമെ മറ്റൊരു കാരണം അല്ലെങ്കിൽ വസ്തുത കൂടിയുണ്ട് രണ്ട് പേരുടെയും ഈ ദിവസേന ഉള്ള അയൽ ഗ്രാമ സന്ദർശനത്തിന്, അത് മറ്റൊന്നുമല്ല ഒരു യുവതിയോടുള്ള പ്രണയമാണ്, ഇതിനെ പറ്റി തല്ക്കാലം പറയുന്നില്ല കണ്ട് തന്നെ അറിയുന്നത് ഗുണം ചെയ്യും. വളരെ ലളിതമായ കഥയാണ് ചിത്രത്തിന്റേത്, എന്നാൽ പ്രതീക്ഷിക്കാത്ത പേ ഓഫും ആണ്, ഓർമയിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു കിടിലൻ അസ്പക്റ്റ്. പ്രധാന താരങ്ങൾക്ക് പുറമെ കാര്യമായി സംഭാഷണം ഇല്ലാത്ത ഒമർ എന്ന സൈഡ് കഥാപാത്രത്തിന് വരെ നല്ല സ്റ്റോറി ആർക്കുകൾ ചിത്രം കൊടുക്കുന്നുണ്ട്. ആകെ മൊത്തം ഒരു ചെറിയ നല്ല ചിത്രം, അതാണ് ബോട്ട്സ് ഔട്ട് ഓഫ് വാട്ടർമെലൺ റിൻഡ്‌സ്.

Verdict : Very Good

DC Rating : 80/100

Thursday, June 25, 2020

815. Good Men, Good Women (1995)



Director : Hou Hsiao-Hsien

Genre : Drama

Rating : 7.2/10

Country : Taiwan

Duration : 108 Minutes


🔸സിയാവോ സിയാനിന്റെ തായ്‌വാനീസ് ഹിസ്റ്ററി ത്രിലോഗിയിലെ അവസാനത്തെ ചിത്രം, പേഴ്സണലി മറ്റ് ചിത്രങ്ങളുമായി കാഴ്ചക്കാരനായ എന്നിൽ സൃഷ്ട്ടിച്ച ഇമ്പാക്റ്റ് മാത്രം താരമത്യം ചെയ്യുമ്പോൾ സീരീസിലെ വീക് എന്ന് തോന്നിയ ചിത്രം, അതാണ് ഗുഡ് മെൻ ഗുഡ് വുമൺ എന്ന സിനിമ. ആദ്യ രണ്ട് സിനിമകളുടെയും കാര്യത്തിൽ ജനറലൈസ് ചെയ്ത് പറഞ്ഞത് എല്ലാം ഈ ചിത്രത്തിനും ബാധകമാണ്, ഒരു റിയൽ ലൈഫ് സ്റ്റോറി ആണ് പ്രമേയമായിരിക്കുന്നത്, ഈ സ്റ്റോറിയുടെ വേരുകൾ തായ്‌വാൻ എന്ന രാജ്യത്തിന്റെ ചരിത്രത്തിൽ ഊന്നി നിൽക്കുന്നതാണ്, സർവോപരി രണ്ടും നല്ല രീതിയിൽ തന്നെ ഇടകലർത്തി കാര്യം അവതരിപ്പിച്ചിട്ടുമുണ്ട്.

🔸ചാങ്, ചുങ് എന്നീ ദമ്പതിമാരാണ് ഈ ചിത്രത്തിന്റെ ഫോക്കസ്, ഇരുവരും റിയൽ ലൈഫ് വ്യക്തിത്വങ്ങളും ആയിരുന്നു. ഇവരുടെ ജീവിതം ഒരു സിനിമാ നടിയുടെ വ്യൂ പോയിന്റിലൂടെ ആണ് ചിത്രം അവതരിപ്പിക്കുന്നത്, സിനിമയ്ക്ക് ഉള്ളിലെ സിനിമ എന്ന രീതിയിൽ തന്നെ. ലിയാങ് ചിങ് എന്ന നടി ആദ്യം സൂചിപ്പിച്ച ദമ്പതിമാരുടെ കഥ സിനിമ ആക്കുമ്പോൾ അതിലെ സുപ്രധാന കഥാപാത്രങ്ങളിൽ ഒന്നിനെ അവതരിപ്പിക്കാം തിരഞ്ഞെടുക്കപ്പെട്ടവരാണ്, ഓരോ സംഭവങ്ങളും അവർ സീൻ വായിക്കുമ്പോൾ വിഷ്വലൈസ് ചെയ്യുന്നത് പോലെയാണ് സിനിമയിൽ ഉള്ളത് താനും.

🔸പ്രെസെന്റ് ടൈം, ലിയാങ്ങിന്റെ ഫ്ലാഷ് ബാക്ക്, ചാങ് ചുങ് ദമ്പതിമാരുടെ കഥ തുടങ്ങി മൂന്ന് ടൈം ഫ്രയിമുകളിൽ ആയാണ് കഥ പറഞ്ഞ് പോകുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാനിൽ നിന്നും ചൈനയിലേക്ക് പോവുന്ന ദമ്പതികൾ പിന്നീട് ജപ്പാൻ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗം ആവുന്നതും, അത് വഴി ലെഫ്റ്റിസ്റ്റ് ഗ്രൂപ്പുകളിലേക്കും നയങ്ങളിലേക്കും എല്ലാം ആകൃഷ്ടർ ആകുന്നതും ഇതിനെ തുടർന്ന് വ്യക്തി ജീവിതത്തിൽ ഉൾപ്പെടെ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും മറ്റുമാണ് ദമ്പതിമാരുടെ കഥയുടെ തീം. രാഷ്ട്രീയത്തിനും ആശയങ്ങൾ തമ്മിലുള്ള കൊള്ളീഷനും എല്ലാം വ്യക്തമായി ചിത്രം വരച്ച് കാണിക്കുന്നുണ്ട്.

🔸ലിയാങ്ങിന്റെ കഥ കുറച്ച് കൂടി പേഴ്സണലാണ്, മദ്യം ഉൾപ്പെടെ ഉള്ള ലഹരി പദാർത്ഥങ്ങൾ കീഴടക്കിയ ഒരു കുത്തഴിഞ്ഞ ജീവിതമായിരുന്നു അവരുടേതും, തുടർന്ന് എന്ത് സംഭവിക്കുന്നു എന്നതും ഈ കഥകൾ എല്ലാം കൊള്ളയ്ഡ് ചെയ്യുന്നതും എല്ലാം നന്നായിരുന്നു, ഈ ടൈം ഫ്രയിമുകൾക്ക് യോജിച്ച തോതിലുള്ള നല്ലൊരു എൻഡിങ്ങും ഇവിടെ കാണാനുണ്ട്. സിറ്റി ഓഫ് സാഡ്നെസ് നൽകിയത് പോലെ ഒരു ഡിപ്രസിങ് അല്ലെങ്കിൽ ദിവസ്റ്റെറ്റിങ് ഫീലോ അല്ലെങ്കിൽ പപ്പറ്റ് മാസ്റ്റർ തന്നത് പോലൊരു ബ്ലാങ്ക് അവസ്ഥയോ നല്കാൻ കഴിയുന്നില്ല എന്നതാണ് വ്യക്തിപരമായി ഈ ചിത്രം സീരീസിലെ ഏറ്റവും തൃപ്തി കുറഞ്ഞത് എന്ന് പറയാൻ കാരണം, അതിനർത്ഥം ചിത്രം മോശം എന്നല്ല. ഒരുപക്ഷെ നിങ്ങൾക്ക് തോന്നുന്നത് മറ്റൊരു രീതിയിലാകും, കണ്ട് തന്നെ അറിയുക മൂന്ന് ചിത്രങ്ങളെയും.

Verdict : Very Good

DC Rating : 84/100

Tuesday, June 23, 2020

814. The Puppetmaster (1993)



Director : Hou Hsiao-Hsien

Genre : Drama

Rating : 7.3/10

Country : Taiwan

Duration : 142 Minutes


🔸പപ്പറ്റ് മാസ്റ്റർ എന്ന ചിത്രം കണ്ട് കൊണ്ടിരുന്നപ്പോഴും കഴിഞ്ഞതിന് ശേഷവും മനസ്സിൽ വന്ന ചിന്ത എന്ത് കൊണ്ട് ഇത് പോലൊരു ചിത്രം അധികം ഡിസ്കസ് ചെയ്യപ്പെട്ടില്ല എന്നത് ആയിരുന്നു, സംവിധായകന്റെ ഹിസ്റ്റോറിക്കൽ ട്രിലജിയിൽ തന്നെ പൊതുവെ എ സിറ്റി ഓഫ് സാദ്നെസ് പോലെയുള്ള സെലിബ്രെറ്റ് ചെയ്യപ്പെട്ട ചിത്രങ്ങൾക്ക് ശേഷമാണ് ഈ ചിത്രം പൊതുവെ പരാമര്ശിക്കപ്പെടാറ് പോലും ഉള്ളത്. എന്നാൽ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടും, ആന്റി പ്രോപഗണ്ട സ്റ്റൈൽ കൊണ്ടും വ്യക്തിപരമായി ആദ്യം പറഞ്ഞ ചിത്രത്തിന് മേലെ ആണ് പപ്പറ്റ് മാസ്റ്റർ. ഒരുപക്ഷെ ഇത്രയും അണ്ടർ ലുക്ഡ് ആയൊരു ചിത്രം വേറെ കാണിച്ച് തരാനും കഴിഞ്ഞേക്കില്ല.

🔸സീരീസിലെ ആദ്യ ചിത്രം പോലെ തന്നെ തായ്‌വാന്റെ ചരിത്രത്തിലെ നിർണ്ണായകമായ ഒരു കാലഘട്ടം ഒരു വ്യക്തിയുടെ ജീവിതവുമായി ചേർത്ത് വെച്ച് പറയുകയാണ് പപ്പറ്റ് മാസ്റ്ററിൽ. സിറ്റി ഓഫ് സാദ്നെസിൽ ജപ്പാനിൽ നിന്നും മോചനം നേടി ചൈനയുടെ അധിനിവേശം വരെയുള്ള കാലമാണ് പ്രമേയം എങ്കിൽ ഇവിടെ അതിന് മുൻപുള്ള കാലമാണ്, അതായത് ജാപ്പനീസ് ഭരണത്തിന് കീഴിൽ ഉള്ള തായ്‌വാന്റെ കാലഘട്ടം ആണ് ഫോക്കസ്. വെൻ കുടുംബത്തിന് പകരം ഇവിടെ ഇവിടെ കഥ ലീ ടിയാൻലു എന്ന നിഴൽ പാവകളി കലാകാരനാണ് എന്നതാണ് വ്യത്യാസം, ഈ എണ്പത്തിനാലുകാരൻ കഥ പറയുന്നത് പോലെയാണ് സിനിമ പുരോഗമിക്കുന്നത്.

🔸കഥയിലേക്ക് കടക്കുക ആണെങ്കിൽ ഉദ്ദേശം ഒരു അൻപത് വർഷത്തെ സംഭവ വികാസങ്ങൾ വന്ന് പോവുന്നുണ്ട്, പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം തൊട്ട് രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം വരെയുള്ള കാലഘട്ടത്തിൽ അമച്വർ ആയ കലാകാരനിൽ നിന്ന് തുടങ്ങി ലെജൻഡറി സ്റ്റാറ്റസ് കരസ്ഥമാക്കിയ ടൈയാൻല്യൂവിന്റെ കഥയാണ് ചിത്രം. എന്നാൽ കേവലം ഈ ഒരു പ്രോഗ്രഷനിൽ ഒതുങ്ങാതെ ജപ്പാൻ ഒരു കാലത്ത് കയ്യാളിയ പ്രൊപോഗണ്ട, അതിന്റെ നയങ്ങൾ, ആ ആശയം പ്രചരിപ്പിക്കാൻ ഒരു പാവ പോലെ ഈ പാവ കളിക്കാരൻ മാറിയത്, അങ്ങനെ എല്ലാമെല്ലാം ഈ ചിത്രം പറഞ്ഞ് പോവുന്നുണ്ട്. യഥാർത്ഥ സംഭവങ്ങളാണ് ചിത്രത്തിന് വിഷയം ആയിരിക്കുന്നത് എന്നും ഓർമയിൽ വെക്കുക.

🔸രാജ്യത്തിന്റെയും ഒരു വ്യക്തിയുടെ തന്നെയും കഥ ഒരുമിച്ചാണ് അവതരിപ്പിക്കുന്നത് എങ്കിലും ഇവ രണ്ടിലും പാരലൽ ആയി സാമ്യമുള്ള പല കാര്യങ്ങളും കഥാഗതിയിൽ കാണാനിടയായി, പാവകളിയുടെ ബാക്ക്ഗ്രൗണ്ടും കഥയെ കൂടുതൽ മികച്ചത് ആക്കുന്നെ ഉള്ളൂ താനും. സംവിധായകന്റെ സിനിമകൾക്ക് പൊതുവെ കേൾക്കാറുള്ള പരാതിയാണ് ഷോട്ടുകളും അത്യാവശ്യം ഡൾ ആണ് എന്നത്, ചിത്രത്തിൽ വ്യക്തിപരമായി അങ്ങനെ തോന്നിയില്ല എങ്കിലും മറ്റ് ചിത്രങ്ങളിൽ നിന്നുമുള്ള സ്വാധീനം വ്യക്തമാണ്. ചരിത്ര പഠനത്തിലും അറിവ് സമ്പാദനത്തിലും എല്ലാം താല്പര്യം ഉള്ളവർക്ക് തീർച്ചയായും കാണാവുന്ന ഒന്നാണ് ഈ ചിത്രം, മികച്ച ചിത്രം ആണ് എന്നതിൽ തർക്കത്തിന് സാധ്യത പോലുമില്ല.

Verdict : Must Watch

DC Rating : 90/100

Monday, June 22, 2020

813. A City Of Sadness (1989)



Director : Hou Hsiao-Hsien

Genre : Drama

Rating : 7.9/10

Country : Taiwan

Duration : 157 Minutes


🔸എ സിറ്റി ഓഫ് സാഡ്നെസ്, പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അങ്ങേയറ്റം വിഷമകരമായ ഒരു പക്ഷെ ഞാനിന്നേ വരെ കണ്ടതിൽ ഏറ്റവും ഡിപ്രസിങ് ആയ ചിത്രങ്ങളുടെ കൂട്ടത്തിൽ പെടുത്താവുന്ന ഒന്നാണ് ഈ തായ്‌വാനീസ് ചിത്രം. ഹൌ ഹസ്യവോ ഹസിയെന്റെ തായ്‌വാനീസ് ഹിസ്റ്റോറിക്കൽ ട്രിലോഗി എന്ന പേരിൽ ഒന്നിച്ച് ചേർത്ത് പറയാറുള്ള മൂന്ന് ചിത്രങ്ങളിൽ ആദ്യത്തേതാണ് ഈ ചിത്രം. മറ്റ് ചിത്രങ്ങളായ പപ്പറ്റ് മാസ്റ്ററുടെയും, ഗുഡ് മെൻ ഗുഡ് വുമെനിന്റെയും നല്ല പ്രിന്റ് കിട്ടാത്തത് കൊണ്ട് മാത്രം ഇത്രയും നാൾ കാണാതെ മാറ്റി വെച്ചതായിരുന്നു ഈ എപിക് എന്നൊക്കെയുള്ള വിശേഷണം അർഹിക്കുന്ന ചിത്രം.

🔸തായ്‌വാൻ എന്ന രാജ്യത്തിന്റെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാലഘട്ടമാണ് ഈ ചിത്രത്തിന്റെ ഫോക്കൽ പോയിന്റ്, അതായത് ജപ്പാനിൽ നിന്നും സ്വാതന്ത്ര്യം നേടിയ 1945 തൊട്ട് ചൈനയുടെ അധിനിവേശം നടന്ന 1949 വരെയുള്ള നാല് വർഷക്കാലം, ഇതിനിടെ ഫെബ്രുവരി 28 ഇൻസിഡന്റ് എന്ന പേരിൽ കുപ്രസിദ്ധി ആർജിച്ച സംഭവവും കൂട്ടക്കുരുതിയും, റിബൽ ഫോഴ്‌സിന്റെ വരവും അടിച്ചമർത്തലും എല്ലാം പ്രത്യക്ഷമായും പരോക്ഷമായും ചിത്രത്തിന്റെ ഭാഗമായി മാറുന്നുണ്ട്. ഈ സംഭവങ്ങളെ ഒരു ഡോക്കിയുമെന്ററി പോലെ അവതരിപ്പിക്കാത്ത ഒരു കുടുംബവുമായി റിലേറ്റ് ചെയ്താണ് ചിത്രം അവതരിപ്പിച്ചിട്ടിക്കുന്നത്.

🔸ഇഷ്ട്ട നടനായ ടോണി ലിയുങ് അവതരിപ്പിച്ച വെൻ ചിങ് എന്ന കഥാപാത്രമാണ് ചിത്രത്തിന്റെ സോൾ, വെൻ ഒരു ഫോട്ടോഗ്രാഫറാണ് പോരെങ്കിൽ ഒരു മ്യുട്ടും. ഈ ഒരു വസ്തുത കൊണ്ട് തന്നെ തനിക്ക് ചുറ്റും അരങ്ങേറുന്ന ഭീകരമായ സംഭവ വികാസങ്ങൾ നോക്കി കാണുന്ന വെന്നിന്റെ അവസ്ഥ കുറച്ച് കൂടി നിസ്സഹായം ആയും ദയനീയം ആയും തോന്നി. വെന്നിന് മൂന്ന് സഹോദരങ്ങളാണ്, ഏറ്റവും ഇളയവനാണ് വെൻ എന്ന് പറയാം. മറ്റ് സഹോദരങ്ങളിൽ ഒരാൾ വർഷങ്ങൾക്ക് മുന്നേ യുദ്ധ ഭൂമിയിൽ കൊല്ലപ്പെട്ടതായാണ് താനും. ബാക്കിയുള്ള മൂന്ന് സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത്, ഈ മൂന്ന് കഥകൾക്കും തുടക്കവും ഒടുക്കവും ഉണ്ട്, മൂന്നും സങ്കടകരം ആണ് താനും.

🔸ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ വെൻ കുടുംബത്തിലെ അംഗങ്ങൾ എല്ലാം ഭരണകൂടത്തിന്റെ കിരാത വാഴ്ചയ്ക്ക് പാത്രം ആവുന്നുണ്ട്, വൈറ്റ് ടെറർ എന്ന പേരിൽ പ്രശസ്തി നേടിയ തായ്‌വാന്റെ ചരിത്രത്തിലെ വളരെ മോശം ഒരു കാലഘട്ടം ആധാരമാക്കിയ അപൂർവം ചിത്രങ്ങളിൽ ഒന്നാണ് എ സിറ്റി ഓഫ് സാദ്നെസ്, ചില സംഭവങ്ങൾ അർഹിക്കുന്ന ഗൗരവത്തിൽ ചിത്രത്തിൽ കാണിച്ചില്ല എന്ന ചെറിയ പ്രശനം ഒഴിച്ച് നിർത്തിയാൽ മറ്റൊന്നും തന്നെ മോശമായി പറയാൻ ഇല്ലാത്ത, യൂണിവേഴ്സൽ അക്ക്ലെയിം നേടിയ ചിത്രം. തീർച്ചയായും കാണേണ്ട, കണ്ടിരിക്കേണ്ട ഒരു ചിത്രം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

Verdict : Must Watch

DC Rating : 90/100

Sunday, June 21, 2020

812. Asur : Welcome To Your Dark Side (2020)



Director : Oni Sen

Genre : Mystery

Rating : 8.4/10

Seasons : 01

Episodes : 08

Duration : 36 - 50 Minutes


🔸അടുത്ത കാലത്ത് വലിയ തോതിൽ പ്രേക്ഷക ശ്രദ്ധ നേടിയ ഇന്ത്യൻ ടീവി സീരീസാണ് അസുർ വെൽകം റ്റു യുവർ ഡാർക്ക് സൈഡ്. ഒരുവേള സീരീസിന് ലഭിച്ച വേർഡ് ഓഫ് മൗത്ത് സേക്രഡ് ഗെയിംസിനെ വെട്ടിച്ച് ഇന്ത്യൻ ടീവി സീരീസുകളുടെ കൂട്ടത്തിലെ ബെഞ്ച്മാർക്ക് ആയി മാറുമോ എന്ന് പോലും സംശയിപ്പിച്ചത് ആയിരുന്നു. എന്നാൽ പതിയെ ഈ അഭിപ്രായം കെട്ടടങ്ങിയതും സീരീസ് വിമർശിക്കപ്പെട്ടതുമെല്ലാം കൗതുകം ജനിപ്പിക്കുന്ന വസ്തുത തന്നെ ആയിരുന്നു. ഈ രണ്ട് ചേരിയിൽ എവിടെ എന്റെ അഭിപ്രായം വരും എന്ന കൗതുകമാണ് സത്യത്തിൽ ഇത്രയും പെട്ടെന്ന് ഇത് കാണാൻ ഉണ്ടായ കാരണം, പൊതുവെ വൻ പബ്ലിസിറ്റി കിട്ടിയ സീരീസും സിനിമയും എല്ലാം ഹൈപ്പ് ഒന്ന് കെട്ടടങ്ങിയതിന് ശേഷമേ കാണാറുള്ളൂ, അതായിരുന്നു ശീലം.

🔸പുരാണം, മിത്തോളജി, മത വിശ്വാസങ്ങൾ തുടങ്ങിയ കാര്യങ്ങൾ കൂടി കഥയിലേക്ക് കൊണ്ടുവരുന്ന ഒരു എട്ട് പാർട്ടി സീരീസാണ് അസുർ. ഈ കാര്യങ്ങൾ എങ്ങിനെ കഥയിൽ ഫാക്ടർ ആവുന്നു എന്നത് പറഞ്ഞാൽ സ്പോയ്ലർ ആവും എന്നതിനാൽ തല്ക്കാലം അവിടേക്ക് കടക്കുന്നില്ല, എന്തിരുന്നാലും വ്യക്തിപരമായി അത്ര കൺവിൻസിംഗ് ആയി തോന്നിയില്ല എന്ന് മാത്രം പറയുന്നു. ഇന്ത്യ മഹാരാജ്യത്തിന്റെ വിവിധ കോണുകളിൽ കുറച്ച് നാളുകളായി ചില കൊലപാതകങ്ങൾ നടക്കാൻ തുടങ്ങിയിട്ട്, കൃത്യമായി പറയുക ആണെങ്കിൽ നമ്മൾ ആദ്യം കാണുന്നത് മൂന്നാമത്തെ കൊലയാണ്. ഇവിടെ പ്രശനം എന്താണെന്ന് വെച്ചാൽ, ഒരു കണക്റ്റിംഗ് ലിങ്ക് ഇതുവരെ പൊലീസിന് കിട്ടിയിട്ടില്ല എന്നതാണ്.

🔸കൊല ചെയ്യപ്പെട്ട വ്യക്തികളുടെ എല്ലാം തന്നെ വലത് കയ്യുടെ രണ്ടാമത്തെ വിരൽ അറുത്ത് മാറ്റിയിട്ടുണ്ട് എന്നത് ഒഴിച്ചാൽ ആദ്യ രണ്ട് കൊലപാതകങ്ങൾക്കും സ്‌ട്രൈക്കിങ് ഫാക്റ്റർ എന്ന് ചൂണ്ടിക്കാണിക്കാൻ ഒന്നും തന്നെയില്ല. എന്നാൽ ഈ ഒരു വസ്തുത മാറി മറിയുന്നത് മൂന്നാമത്തെ കൊലയിലാണ്, ശരീരമാസകലം കത്തി കരിഞ്ഞ നിലയിൽ ആണ് മൂന്നാമത്തെ ശരീരം ലഭിക്കുന്നത്, അതിന് തൊട്ടടുത്ത് ഒരു മാസ്കും. മൂന്ന് കൊലകളുടെയും മെത്തേഡ് ഓഫ് ഓപ്പറേഷൻ ഒന്ന് തന്നെയാണ്, ഇതെല്ലാം വിരൽ ചൂണ്ടുന്നത് ഒരു സൈക്കോ സീരിയൽ കില്ലറിന്റെ സാന്നിധ്യത്തിലേക്കും. ഇവിടെ നിന്നുമാണ് അസുർ എന്ന പസിൽ അല്ലെങ്കിൽ ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആരംഭിക്കുന്നത്.

🔸കാഴ്ചക്കാരന്റെ മുന്നിൽ പസിൽ റിവീൽ ചെയ്യുന്ന സമയം അത്രയും എന്കെയ്ജിങ് ആയി നിൽക്കുകയും, എന്നാൽ ഉത്തരങ്ങൾ റിവീൽ ചെയ്യുമ്പോൾ തൊട്ട് വീക് ആയി പോവുകയും ചെയ്യുന്ന ഒന്നായാണ് അസുർ പേഴ്സണലി അനുഭവപ്പെട്ടത്, ആ ഒരു വ്യത്യാസം പ്രകടമായിരുന്നു താനും പ്രത്യേകിച്ചും സീസണിന്റെ രണ്ടാം പാതിയിൽ. ഇനി പറയാൻ പോവുന്നത് സ്പോയ്ലർ ആയേക്കും എന്നതിനാൽ ശ്രദ്ധിക്കുക, പത്ത് വർഷത്തോളം അകവും പുറവും പഠിച്ച ഒരാളുടെ ഹോറോസ്കോപ്പ് ആ ഒരു ബാക്ക്ഗ്രൗണ്ട് ഉള്ളൊരാൾ ഒരിക്കലും ശ്രദ്ധിച്ചില്ല എന്നത് പോലുള്ള പല സംശയങ്ങളും ഈ രണ്ടാം പാതിയിൽ അനുഭവപ്പെട്ടേക്കാം, അത് പോലുള്ള ചില ചോദ്യങ്ങളാണ് മുഷിപ്പിക്കുന്നതും. എന്ത് തന്നെ ആയാലും കാണുന്നതിൽ തെറ്റൊന്നുമില്ല, ത്രില്ലർ ആരാധകർക്ക് ഒക്കെ ഇഷ്ടമായേക്കും.

Verdict : Watchable

DC Rating : 65/100

Monday, June 15, 2020

811. Da 5 Bloods (2020)



Director : Spike Lee

Genre : Drama

Rating : 6.9/10

Country : USA

Duration : 154 Minutes


🔸സ്പൈക് ലീ എന്ന പേരും, ആ പേരിനോട് ഒപ്പം വരുന്ന സിനിമയും ശ്രദ്ധ അല്ലെങ്കിൽ അറ്റൻഷൻ പിടിച്ച് വാങ്ങുന്ന ഒന്നാണ്. തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ മാൽകം എക്സ് തൊട്ട് കഴിഞ്ഞ വർഷം ഇറങ്ങിയ ബ്ലാക്ക് ക്ലൻസ്മാൻ വരെ വിവിധ ജനുസ്സിലും രീതിയിലും സ്വഭാവവത്തിലും എല്ലാം പെട്ട അനവധി സിനിമകൾ, ട്വൻറ്റി ഫിഫ്ത്ത് ഹവർ പോലെ അണ്ടർ ലുക്ഡ് ആയ ചിത്രങ്ങൾ വേറെ. വിയെറ്റ്നാം യുദ്ധത്തിന്റെ ഒക്കെ പശ്ചാത്തലത്തിൽ, സ്പൈക് ലീ തന്നെ പ്രെസ്റ്റീജ്യസ് എന്നൊക്കെ വിശേഷിപ്പിച്ച ഒരു സിനിമ വന്നാൽ പിന്നെ കാണാതിരുന്നത് എങ്ങിനെ, അത് തന്നെ ആയിരുന്നു റിലീസിന്റെ അന്ന് തന്നെ ദാ ഫൈവ് ബ്‌ളഡ്സ് കാണാനുണ്ടായ കാരണം.

🔸വിയറ്റ്നാം യുദ്ധമാണ് വിഷയം എന്ന് ആദ്യമേ പറഞ്ഞെങ്കിലും പ്രസ്തുത യുദ്ധത്തിന്റെ പൊളിറ്റിക്കൽ അല്ലെങ്കിൽ ഹ്യുമാനിറ്റേറിയൻ വശങ്ങളിലേക്ക് ഒന്നും സിനിമ പോവുന്നില്ല, അത്തരത്തിൽ ഇതിന് മുന്നേ വന്ന സിനിമകളും ആയൊന്നും ഒരു സാമ്യവും പാലിക്കുന്നുമില്ല. ഇവിടെ ഈ ചിത്രത്തിൽ ഫോക്കസ് ദി ഫൈവ് ബ്‌ളഡ്സ് എന്ന പേരിൽ പ്രസിദ്ധി ആർജിച്ച ഒരു അഞ്ച് അംഗ സംഘത്തിന്മേൽ ആണ്. വിയെറ്റ്നാം യുദ്ധത്തിൽ ഇവരെല്ലാവരും പങ്കെടുക്കുകയും വിജയകരമായ ചില മിഷനുകളുടെ ഭാഗം ആവുകയും ചെയ്തിട്ടുണ്ട്, എന്നാൽ കഥ ഫോക്കസ് ചെയ്യുന്നത് വർത്തമാന കാലഘട്ടമാണ്, അതായത് നാല് പതിറ്റാണ്ടുകൾക്ക് ഇപ്പുറം ഇന്നിൽ.

🔸ഇന്നിപ്പോൾ ഇത്രയും വർഷങ്ങൾക്ക് ശേഷം ഈ സുഹൃത്തുക്കൾ ഒന്ന്കൂടി ഒത്ത് ചേരുകയാണ്, ഈ സമാഗമത്തിന് പ്രധാനമായും രണ്ട് കാരണങ്ങൾ ആണുള്ളത്, അതിലേക്ക് വരാം. പോയി മറഞ്ഞ നാല്പത്തി അഞ്ചിലേറെ വർഷങ്ങൾ ഈ കഥാപാത്രങ്ങളെ എല്ലാം ഒരുപാട് മാറ്റി മറച്ചിരിക്കുന്നു, ഒരുവേള ഇവരിൽ പലരും റഫ് ആൻഡ് ടഫ് ആയ വിയറ്റ്നാം യുദ്ധ ഭൂമിയിൽ ഒരുനാൾ ജീവൻ കയ്യിൽ പിടിച്ച് നടന്നവർ തന്നെയാണോ എന്ന സംശയം പോലും ജനിപ്പിക്കുന്നുണ്ട്, അത്ര മേൽ സബ്മിസ്സിവ് ആയി മാറി കഴിഞ്ഞിരിക്കുന്നു മിക്കവരും, അതിൽ തന്നെ യുദ്ധാനന്തര പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ഉൾപ്പെടെ ഉള്ള പ്രശ്നങ്ങൾ നേരിടുന്നവർ വേറെ.

🔸ആദ്യം സൂചിപ്പിച്ച കാരണങ്ങളിലേക്ക് വരിക ആണെങ്കിൽ, യുദ്ധത്തിനിടെ ഒരു സന്ദർഭത്തിൽ ഈ കഥാപാത്രങ്ങളുടെ കൈകളിലേക്ക് വലിയൊരു സ്വർണ്ണ ശേഖരം വന്ന് ചേരുക ഉണ്ടായി, പിന്നീട് ഒരു കാലം മടങ്ങി വന്ന് അത് എടുത്ത് വിനിയോഗിക്കാം എന്ന ധാരണമേൽ അവരത് അവിടെ തന്നെ രഹസ്യമായി വെക്കുകയായിരുന്നു. ഇനി പ്രധാന കാരണത്തിലേക്ക്, അഞ്ച് പേരിൽ ഒരാൾ അന്ന് അവിടെ വെച്ച് കൊല്ലപ്പെട്ടിരുന്നു, പല കാരണങ്ങൾ കൊണ്ടും അനുയോജ്യമായ ഒരു യാത്ര അയപ്പ് അയാൾക്ക് നൽകാൻ കഴിഞ്ഞിരുന്നില്ല, അത് ഒരു നോവായി എല്ലാവരിലും നിൽക്കുന്നുണ്ട്. ഈ രണ്ട് കാര്യങ്ങളും നിറവേറ്റാനായി ഈ കഥാപാത്രങ്ങളെല്ലാം വിയറ്റ്നാമിലേക്ക് ഒരുതവണ കൂടി വരികയാണ്, പതിറ്റാണ്ടുകൾക്ക് ശേഷം.

Verdict : Very Good

DC Rating : 85/100

Saturday, June 13, 2020

810. The King Eternal Monarch (2020)



Director : Baek Sang Hoon

Genre : Romance

Rating : 8.8/10

Seasons : 01

Episodes : 16

Duration : 68 - 72 Minutes


🔸നെറ്റ്ഫ്ലിക്സിലെ പതിവ് സ്ക്രോളിംഗ് പരിപാടി നല്ല രീതിയിൽ സാധാരണത്തേത്‌ പോലെ തന്നെ തുടരുന്നതിന് ഇടയിലാണ് കിങ്‌ഡം ദി എറ്റേർണൽ മൊണാർച്ച് എന്ന സീരീസ് കണ്ണിൽ പെട്ടത്. അടുത്തിടെ കണ്ട ക്രാഷ് ലാൻഡിംഗ് ഓൺ യുവും, ഡിസൻഡൻസ് ഓഫ് ദി സണ്ണും മികച്ച അനുഭവങ്ങൾ ആയത് കൊണ്ട് തന്നെ അടുത്തത് ഇത് ഒന്ന് കണ്ട് നോക്കാം എന്ന് കരുതുക ആയിരുന്നു. ഇനി അതും പോരെങ്കിൽ കാസ്റ്റ് ലിസ്റ്റിലൂടെ കണ്ണോടിച്ചപ്പോൾ കണ്ടത് ഗന്നം ബ്ലൂസ്, ടിയൂൺ ഇൻ ഫോർ ലവ് എന്നീ സിനിമകളിലൂടെ പരിചിതരായ ലീ മിൻഹോയും, കിം ഗൊയുന്നും ഒക്കെ തന്നെ, എല്ലാം കൊണ്ടും ചേർന്ന ഒന്ന് തന്നെ.

🔸പാരലൽ യുണിവേഴ്‌സ് എന്ന നല്ല രസമുള്ള കൺസപ്റ്റ് ആണ് എറ്റേർണൽ മൊണാർച്ചിന്റേത്. കിങ്‌ഡം ഓഫ് കൊറിയ ഇപ്പോഴും രാജഭരണം തുടർന്ന് പോകുന്ന ഒരു പ്രദേശമാണ്, ഈ രാജ്യത്തിൻറെ മറ്റൊരു പതിപ്പാണ് റിപ്പബ്ലിക് ഓഫ് കൊറിയ, പാരലൽ ആയ രണ്ട് യുണിവേഴ്‌സുകളിൽ ഇവ രണ്ടും പരസ്പര ബന്ധിതം അല്ലാതെ നിലനിന്ന് പോവുന്നുണ്ട്. ലീ മിൻഹോ അവതരിപ്പിക്കുന്ന ലീ ഗോൺ ആണ് കിങ്‌ഡം ഓഫ് കൊറിയയിലെ രാജാവ്, ചില പ്രത്യേക സാഹചര്യങ്ങൾ ഒക്കെ കാരണം ലീഗോണിന് താൻ ഭരിക്കുന്ന കൊറിയയിൽ നിന്നും ആൾട്ടർനേറ്റ് റിയാലിറ്റി ആയ റിപ്പബ്ലിക്ക് കൊറിയയിൽ വരേണ്ടി വരുന്നതും തുടർന്ന് അരങ്ങേറുന്ന സംഭവങ്ങളും ഒക്കെയാണ് സീരീസിന്റെ പ്രമേയം, ലീഗോൺ എത്തിപ്പെടുന്ന റിയാലിറ്റിയിലെ ഒരു ഡിറ്റെക്ടിവിന്റെ വേഷമാണ് കിം കൈകാര്യം ചെയ്യുന്നത്.

🔸ഒരല്പം കോംപ്ലക്സ് ആയ സ്റ്റോറി ടെല്ലിങ് ആണ് എറ്റേർണൽ മൊണാർച്ചിന്റേത്. ആൾട്ടർനേറ്റ് റിയാലിറ്റി ആയത് കൊണ്ട് തന്നെ ഒരേ വ്യക്തികളുടെ വ്യത്യസ്ത വേർഷനുകൾ ഒക്കെ വരുന്നുണ്ട്, ഇനി അതും പോരെങ്കിൽ ഈ രണ്ട് റിയാലിറ്റിയിലും വ്യത്യസ്ത ടൈം ഫ്രയ്മിലേക്ക് ഒക്കെ കഥ കടന്ന് ചെല്ലുന്നുണ്ട്, പോയിന്റ് ഈസ് ശ്രദ്ധ വളരെ ആവശ്യമുള്ള സീരീസാണ് എന്നത് തന്നെ. ഒരു ഫാന്റസി ഡ്രാമ വിന്നിംഗ് ഫോർമുല ഒക്കെ ഉണ്ടെങ്കിലും ഹ്യുമർ വിഭാഗത്തിലും സീരീസ് പിന്നോട്ട് പോവുന്നില്ല, നന്നായിരുന്നു. സൈഡ് കഥാപാത്രങ്ങൾ പലരും മെയിൻ കഥാപാത്രങ്ങളെ ഔട്ട്‍ഷൈൻ ചെയ്തതായി തോന്നിച്ച അപൂർവം സീരീസുകളിൽ ഒന്ന് കൂടിയാണ് എറ്റേർണൽ മൊണാർച്ച്.

🔸ആദ്യ എപ്പിസോഡിൽ തന്നെ സീസൺ വ്യക്തമായ ഒരു ടോൺ സെറ്റ് ചെയ്യുന്നുണ്ട്, പിന്നീടുള്ള ഏഴ് എട്ട് എപ്പിസോഡുകളിൽ പെയ്‌സിങ് ഒന്ന് കുറയുന്നുണ്ട് എങ്കിലും ആ ഒരു ഓളത്തിൽ കഥ പോവുന്നുണ്ട്. ഹൈലൈറ്റ് ആയി തോന്നിയത് അവസാനത്തെ കുറച്ച് എപ്പിസോഡുകൾ തന്നെയാണ്, ഫിനാലെയും. ഛായാഗ്രഹണം ആണ് സീരീസ് കയ്യടി അർഹിക്കുന്ന ഒരു വിഭാഗം, പതിനാറ് എപ്പിസോഡിലും മികച്ചത് എന്ന നിലയിൽ എടുത്ത് കാണിക്കാവുന്ന അനവധി ഷോട്ടുകൾ കാണാൻ ഇടയായി. പ്രധാന കഥാപാത്രങ്ങളുടെ ചില സമയത്തെ പ്രകടനം ഉൾപ്പെടെ ഉള്ളവ പാതി വെന്ത പോലെ തോന്നിയെങ്കിൽ കൂടിയും കണ്ട് ആസ്വദിക്കാൻ ഉള്ളതെല്ലാം ഈ സീരീസിലുണ്ട്, താല്പര്യം തോന്നുന്നെങ്കിൽ പരീക്ഷിക്കാം.

Verdict : Good

DC Rating : 75/100

Friday, June 12, 2020

809. My People, My Country (2019)



Director : Chen Kaige

Genre : Anthology

Rating : 6.4/10

Country : China

Duration : 158 Minutes


🔸മൈ പീപ്പിൾ, മൈ കൺട്രി എന്ന ചിത്രത്തെ വിലയിരുത്താൻ കുറച്ച് ബുദ്ധിമുട്ടാണ്, കാരണം വേറൊന്നുമല്ല ബേസിക്കലി ഇതൊരു പ്രോപഗണ്ട ചിത്രമാണ് എന്നത് തന്നെ. എഴുപതാം വാർഷികം ആഘോഷിക്കുന്ന റിപ്പബ്ലിക് ഓഫ് ചൈനയുടെ ചരിത്രത്തിലെ വളരെ പ്രാധാന്യം അർഹിക്കുന്ന ഏഴ് ഹിസ്റ്റോറിക്കൽ മോമെന്റുകളാണ് ഏഴ് സെഗ്മെന്റ് രൂപേണ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ദേശീയതയും രാജ്യ നിർമാണവും ഒക്കെ ആഘോഷം ആക്കാൻ ഉദ്ദേശിച്ചുള്ള സിനിമ ആയത് കൊണ്ട് തന്നെ ഒരു പെർസ്പെക്റ്ററ്റീവിൽ ഒതുങ്ങി ഒരു ഗ്ലോറിഫിക്കേഷൻ ശൈലിയിലേക്ക് മാറുന്നതായി പലയിടത്തും സിനിമ സൂചന നൽകുന്നുണ്ട്, കാണാൻ താല്പര്യം തോന്നുക ആണെങ്കിൽ ഇത് മനസ്സിൽ വെച്ചേക്കുക, ഒരു ചെറിയ അറിവായി കണ്ടാൽ മതി.

🔸ആന്തോളജി സിനിമകളോടുള്ള താല്പര്യമാണ് സത്യത്തിൽ ഇത്തരം പ്രൊപഗണ്ട സിനിമകളോട് ഇഷ്ടക്കേട് ആയിട്ട് പോലും പ്രസ്തുത ചൈനീസ് ചിത്രത്തിലേക്ക് എത്തിച്ചത്. ചൈന പൂർണ്ണ റിപ്പബ്ലിക് ആയി അവരോധിക്കപ്പെട്ട ദിവസം നടന്ന കൊടി നാട്ടൽ, ആദ്യ അറ്റോമിക് ബോംബിന്റെ സൃഷ്ട്ടി, ഷെൻഷോ പതിനൊന്ന് എയർ ക്രാഫ്റ്റിന്റെ വിജയകരമായ വിക്ഷേപണം, പഞ്ച വത്സര പദ്ധതികൾ തുടങ്ങിയ പോയിന്റുകളെ ഒക്കെ തൊട്ട് പോവുന്നുണ്ട് ഈ ചിത്രം. പ്രശസ്ത സംവിധായകൻ ചെൻ കൈഗും മറ്റ് ആറ് സംവിധായകരും ചേർന്നാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്, ഏഴ് സെഗ്മെന്റുകളും ഏഴ് സംവിധായകർ എന്ന നിലയ്ക്ക്.

🔸നിലവാരത്തിലും ടോണിലും എല്ലാം ഏഴ് സിനിമകളും വേറിട്ട് നിക്കുന്നുണ്ട് എങ്കിലും ഇവയെ എല്ലാം കണക്റ്റ് ചെയ്യുന്ന ഒരു കോമൺ ഫാക്റ്റർ ഉണ്ട്. ഇത് വേറൊന്നുമല്ല ഏഴ് സംഭവങ്ങളും നമ്മൾ കാണുന്നത് സാധാരണക്കാരായ ജനങ്ങളുടെ കണ്ണിൽ കൂടിയാണ് എന്നതാണ്, ഈ ഏഴ് സംഭവങ്ങളും അവരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തിയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്, അത് എന്തായാലും ഇഷ്ട്ടപ്പെട്ടു, ആ ട്രീറ്റ്‌മെന്റ് നന്നായി തന്നെ തോന്നി. ഒരു ഉദാഹരണം പറഞ്ഞാൽ ഈ കാര്യം കുറച്ച് കൂടി മനസിലായേക്കും, ആദ്യത്തെ സെഗ്മെന്റിൽ ഫോക്കസ് ഒരു സാധാരണക്കാരനായ എഞ്ചിനിയറിലാണ്, അയാൾക്ക് പിറ്റേന്ന് നടക്കുന്ന ചൈനയുടെ ചരിത്രത്തിലെ ആദ്യ കൊടി നാട്ടൽ പരിപാടി വിജയകരമായി നടത്താൻ ഉള്ള ബാധ്യതയുണ്ട്.

🔸ഈ ബാധ്യത ഒരു പ്രശ്നമാവുന്നത് പരിപാടിയുടെ തലേദിവസം അയാളൊരു സാങ്കേതിക പ്രശനം അഭിമുഖീകരിക്കുമ്പോഴാണ്. അത് പോലെ രണ്ടാമത്തെ സെഗ്മെന്റ് ചൈന എണ്പത്തിനാലിലെ ഒളിമ്പിക് ഫൈനൽ കളിച്ച സംഭവവുമായി ബന്ധപ്പെട്ടിട്ട് ഉള്ളതാണ്, ഇവിടെയും ഒരു സാധാരണക്കാരനുണ്ട്, അയാളുടെ ജീവിതവുമായി ഈ സംഭവം ബന്ധപ്പെടുന്നുമുണ്ട്. ഈ രീതിയിൽ തന്നെയാണ് പിന്നീടുള്ള അഞ്ച് സെഗ്മെന്റുകളും ഒരുക്കിയിരിക്കുന്നത്. ചരിത്രത്തിൽ നമ്മൾ കേട്ട പല സംഭവങ്ങളുടെയും വേറൊരു വേർഷൻ ഒക്കെ ആയിരിക്കും സിനിമയിൽ കാണാൻ കഴിഞ്ഞേക്കുക, വെള്ള പൂശൽ ഒക്കെ ഉണ്ടായേക്കാം. ഇതൊക്കെ ആണെങ്കിലും വ്യക്തിപരമായി വലിയ താല്പര്യം ഒന്നും ഈ ചിത്രത്തോട് തോന്നിയില്ല, കൊഹാറൻറ് ആയി നിൽക്കാനുള്ള കോപ്പ് ഒന്നും ഇവയ്ക്ക് ഉള്ളതായും അനുഭവപ്പെട്ടില്ല.

Verdict : Watchable

DC Rating : 55/100

808. The Samuel Project (2018)



Director : Marc Fusco

Genre : Drama

Rating : 8/10

Country : USA

Duration : 92 Minutes


🔸സ്റ്റാഷെ ജ്യുവിഷ് ഫെസ്റ്റിന് പിന്നാലെ പോകാനുണ്ടായ പ്രധാന കാരണം സത്യത്തിൽ ദി സാമുവൽ പ്രോജക്റ്റ് എന്ന ചിത്രം ആയിരുന്നു. ലെറ്റർബോക്സ് കമ്യുണിറ്റികളിലും മറ്റും നല്ല അഭിപ്രായം കേട്ടിട്ടും, കാണാൻ ഒരു പ്ലാറ്റ്ഫോം ഇല്ല എന്നതിനാൽ ഒഴിവായി പോയ ചിത്രമായിരുന്നു ദി സാമുവൽ പ്രോജക്റ്റ്, അങ്ങനെ ഒരവസരത്തിലാണ് പ്രസ്തുത ചിത്രം ഫ്രീയായി ഓൺലൈൻ വഴി പ്രദർശിപ്പിക്കുന്നു എന്ന് അറിയാൻ ഇടയായതും അത് വഴി ഈ മേളയിലേക്ക് എത്തിയതും. ഇങ്ങനെയൊക്കെ ആണ് കാര്യങ്ങൾ എങ്കിലും മറ്റ് രണ്ട് ചിത്രങ്ങളെയും അപേക്ഷിച്ച് കിടിലൻ എന്നൊന്നും പറയാനുള്ള ഒരു അനുഭവം ഈ ചിത്രത്തിന് തരാൻ കഴിഞ്ഞില്ല എന്നതാണ് സത്യം, വലിയ പ്രതീക്ഷകൾ സമ്മാനിച്ച പ്രശ്നമാവും.

🔸മേളയിലെ ആദ്യ രണ്ട് ചിത്രങ്ങളും എന്ന പോലെ തന്നെ ഈ ചിത്രവും ചരിത്ര ബന്ദിതം ആണ്, ആദ്യത്തേതൊക്കെ പരോക്ഷമായി ആ വിഷയം കൈകാര്യം ചെയ്തത് ആണെങ്കിൽ ഇവിടെ ഫോക്കസ് തന്നെ ഹിസ്റ്ററിയിലേക്കാണ്. ലോകമഹായുദ്ധ കാലത്തെ കറുത്ത അധ്യായങ്ങളിൽ ഒന്നായ ഹോളോകോസ്റ്റിലേക്കാണ് ഈ ചിത്രം കടന്ന് ചെല്ലുന്നത്, ഒരു രീതിയിൽ മെമ്മോയർ ഒക്കെ പോലെ. കഥയിലേക്ക് കടക്കുക ആണെങ്കിൽ എലി എന്ന ഹൈ സ്‌കൂൾ വിദ്യാർത്ഥിയാണ് നമ്മുടെ നായകൻ, പഠന പാഠ്യേതര പരിപാടികളിൽ ഒന്നും എലിക്ക് വലിയ താല്പര്യമില്ല, ചിത്രരചനയിൽ ഒഴിച്ച്. ഈ ഒരു കാര്യത്തിൽ എലി ഫോക്കസ്ഡ് ആണ്, താല്പര്യവും കഴിവും ഉണ്ട്.

🔸മറ്റൊരു വിഷയത്തിലും അവൻ കാണിക്കാത്ത ഈ താല്പര്യം അവന്റെ അച്ഛന് ഒട്ടും രസിച്ചിട്ടുമില്ല, ഇത് ഇരുവർക്കും ഇടയിലെ ബന്ധത്തിന് കൂടുതൽ വിള്ളൽ വീഴ്ത്തിയിട്ടേ ഉള്ളൂ താനും. ഇങ്ങനെ ലക്ഷ്യമില്ലാതെ പോയി കൊണ്ടിരുന്ന അവന്റെ ജീവിതം ഒരു ദിശ കണ്ടെത്തുന്നത് അധ്യാപകരിൽ ഒരാൾ നൽകുന്ന പ്രൊജക്റ്റോഡ് കൂടിയാണ്. ആ പ്രോജക്റ്റ് അവനെ മുത്തച്ഛന്റെ അടുത്തേക്ക് എത്തിക്കുകയാണ്, മുത്തച്ഛനായ സാമുവൽ രണ്ടാം ലോക മഹായുദ്ധവും ഹോളോകോസ്റ്റും എല്ലാം അതിജീവിച്ച ആളാണ്, എണ്പതിന് മേൽ പ്രായവുമുണ്ട്, അയാൾക്ക് ഒരു കഥ പറയാൻ ഉണ്ടായിരുന്നു.

🔸ഈ കഥയിൽ എലി ചില സാദ്ധ്യതകൾ കാണുകയാണ്, അവിസ്മരണീയം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന കഥയെ ദൃശ്യവൽക്കരിക്കുക എന്ന സാധ്യത. പിന്നീട് കഥ ആ ഒഴുക്കിന് അനുസരിച്ച് നീങ്ങുകയാണ്. ആദ്യ രണ്ട് ചിത്രങ്ങളും വെച്ച് നോക്കുമ്പോൾ ഒരല്പം തൃപ്തി കുറവുണ്ട് ഈ ചിത്രത്തിന്, വ്യക്തമായ പെയ്‌സിംഗോ ഒഴുക്കോ താല്പര്യമോ പലയിടത്തും ചിത്രം ജനിപ്പിക്കുന്നില്ല. നല്ലൊരു കഥ ആയിട്ട് കൂടിയും അവതരണം ഡയലോഗ് എന്നിവയൊക്കെ ഡൽ ആവുന്നുണ്ട്, ബഡ്ജറ്റിന്റെ ലിമിറ്റേഷനും വ്യക്തമാണ്. ഒരു ശ്രമം എന്ന നിലയ്ക്ക് സിനിമ ഓക്കേ ആണ്, സംവിധായകന്റെ മറ്റ് വർക്കുകൾ ഒന്നും അത്ര പരിചിതവുമല്ല, താല്പര്യം തോന്നുന്നെങ്കിൽ കാണാം.

Verdict : Above Average

DC Rating : 65/100

Wednesday, June 10, 2020

807. My Polish Honeymoon (2018)



Director : Elise Otzenberger

Genre : Drama

Rating : 6.1/10

Country : France

Duration : 88 Minutes


🔸സ്റ്റാഷെ ജ്യുവിഷ് ഫിലിം ഫെസ്റ്റിവലിലെ രണ്ടാമത് ചിത്രം കണ്ട് കഴിഞ്ഞപ്പോഴാണ് സത്യത്തിൽ ഒരു പാറ്റേൺ ശ്രദ്ധയിൽ പെട്ടത്, സത്യത്തിൽ പേരിൽ തന്നെയും കണ്മുന്നിൽ തന്നെയും ഉണ്ടായിട്ടും എന്ത് കൊണ്ട് ഈ വസ്തുത ശ്രദ്ധിച്ചില്ല എന്നത് അത്ഭുതകരവും അതെ സമയം ജാള്യവും ആയിരുന്നു. കാര്യം വേറൊന്നുമല്ല മൂന്ന് ചിത്രങ്ങളിലും പ്രത്യക്ഷവും പരോക്ഷവുമായ രീതിയിൽ രണ്ടാം ലോക മഹായുദ്ധം ഒരു ഘടകമായി വരുന്നുണ്ട് എന്ന കാര്യമായിരുന്നു. മൂന്നാമത്തെ ചിത്രമായ ദി സാമുവൽ പ്രൊജക്റ്റിന്റെ ബേസ് തന്നെ ഹോളോകോസ്റ്റ് ആണെങ്കിൽ മറ്റുള്ളവയിൽ വേറെ രീതിയിൽ ചിലയിടത്ത് സബ്‌ടൈൽ ആയ തോതിലാണ് കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

🔸ക്രെസെണ്ടോ എന്ന ചിത്രത്തിൽ വളരെ ചെറുതായി മാത്രം വന്ന് പോവുന്ന ഒന്നാണ് നാസി ഭീകരതയും രണ്ടാം ലോക മഹായുദ്ധം സമ്മാനിച്ച മുറിപ്പാടുകളും ഒക്കെ. പ്രത്യക്ഷത്തിൽ പരാമർശിച്ച് പോലും കണ്ടില്ലെങ്കിൽ കൂടിയും ആ മുറിവുകൾ പ്രധാന കഥാപാത്രങ്ങളിൽ ഒന്നിന്റെ ബാക്ക്ഗ്രൗണ്ടിലും അയാളുടെ സ്വഭാവരൂപീകരണത്തിൽ അവിഭാജ്യ ഘടകമായും ഒക്കെ ഉണ്ടെന്ന കാര്യം വ്യക്തമാണ്. മൈ പോളിഷ് ഹണിമൂൺ എന്ന ചിത്രത്തിൽ കാര്യങ്ങൾ ഓപ്പൺ ആണ്, ഒരു തരം ഓർമ്മപ്പെടുത്തൽ അല്ലെങ്കിൽ തിരിച്ച് പോക്കിന്റെ ഒരു ഫീൽ ഈ ചിത്രം തരുന്നുണ്ട്. ഈ ഒരു കാരണം ആണ് ചിത്രത്തെ കൂടുതൽ മനോഹരം ആക്കുന്നതും.

🔸ലോകമഹായുദ്ധ കാലത്ത് ഉദ്ദേശം മുപ്പത്തി മൂന്ന് ലക്ഷം ജ്യുതന്മാർ എങ്കിലും പോളണ്ടിൽ നാസി ഭീകരത കാരണം കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്, പരിക്കേറ്റവരുടെയും രാജ്യം വിട്ട് പോകേണ്ടി വന്നവരുടെയും കണക്കുകൾ ഇതിലും എത്രയോ അധികം ആയിരിക്കണം. ഈ ഒരു ബാക്ക്ഗ്രൗണ്ട് ഈ ചിത്രത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമാണ്, കാരണം നായികാ കഥാപാത്രമായ അന്നയുടെ മുൻ തലമുറയിൽ പെട്ടവർ ജ്യുതന്മാർ എന്ന നിലയ്ക്ക് ഒരുപാട് പീഡനങ്ങൾ സഹിക്കേണ്ടി വന്നവരാണ്. അന്നയുടെ മുത്തശ്ശി പോളണ്ടിൽ വെച്ച് കൊല്ലപ്പെട്ടതായാണ്, അവളുടെ കുടുംബാംഗങ്ങൾ വർഷങ്ങൾക്ക് മുന്നേ ജീവൻ മാത്രം കയ്യിലെടുത്ത് അവിടെ നിന്നും രക്ഷപ്പെട്ടവരാണ്, പിന്നീട് ഇത്രയും കാലം അഭയാർഥികളായി ജീവിക്കേണ്ടിയും വന്നവരാണ്.

🔸പോളണ്ടിനെ കുറിച്ച് അതായത് തന്റെ പൂർവികരുടെ നാടിനെ കുറിച്ച് തനിക്ക് അറിഞ്ഞാൽ കൊള്ളാം എന്ന അന്നയുടെ ആഗ്രഹമാണ് അവളെയും ഭർത്താവായ ആദമിനേയും ഹണിമൂണിന് അവിടേക്ക് എത്തിക്കുന്നത്. കുടുംബാംഗങ്ങളുടെ മുറുമുറുപ്പും, എതിരഭിപ്രായങ്ങളും ഒന്നും തന്നെ അവളെ തടഞ്ഞില്ല, അവിടെ നിന്നും തനിക്ക് നൊസ്റ്റാൾജിയ അല്ലാതെ മറ്റൊന്നും ലഭിക്കാനില്ല എന്ന വ്യക്തമായ തിരിച്ചറിവ് ഉണ്ടായിട്ട് കൂടിയും അവൾ ആ യാത്രയ്ക്കായി ഇറങ്ങി തിരിക്കുകയാണ്. പേഴ്സണലി ഭയങ്കര ഇഷ്ടമുള്ള ഒരു ജോണർ ആയത് കൊണ്ടും നൊസ്റ്റാൾജിയ എലെമെന്റ്സ് ഉള്ളത് കൊണ്ടും നന്നായി ആസ്വദിച്ച് കണ്ട സിനിമയാണ് മൈ പോളിഷ് ഹണിമൂൺ, ലഭ്യമായാൽ കാണാൻ ശ്രമിക്കുക.

Verdict : Very Good

DC Rating : 80/100

Tuesday, June 9, 2020

806. Crescendo (2020)



Director : Dror Zahavi

Genre : Drama

Rating : 7/10

Country : Germany

Duration : 102 Minutes


🔸കോവിഡ് കാരണം ലോകത്താകമാനം ഉള്ള ജനങ്ങൾ ദുരിതക്കയത്തിൽ ആയതും സിനിമാ മേഖല ഉൾപ്പെടെയുള്ള വ്യവസായങ്ങൾ എല്ലാം തന്നെ താറുമാർ ആയതും നമ്മൾ കണ്ടതാണ്. ഈ ഒരു കാലയളവിൽ വീടിനുള്ളിലെ നാല് ചുവരുകൾക്കുള്ളിൽ കുടുങ്ങി കിടക്കുന്ന ജനങ്ങളെ തങ്ങളാൽ കഴിയുംവിധം എന്റെർറ്റൈൻ ചെയ്യിക്കാനായി പല ഇൻഡി ഫിലിം ഗ്രൂപ്പുകളും ഫെസ്റ്റുകൾ ഒക്കെ സംഘടിപ്പിക്കുക ഉണ്ടായി, എല്ലാം ഓൺലൈൻ ആയി കാണാവുന്ന തോതിൽ. അത്തരത്തിൽ ഒരു ഫെസ്റ്റ് ആയിരുന്നു സ്‌റ്റാഷെ ജ്യുവിഷ് ഫിലിം ഫെസ്റ്റിവൽ. മൂന്ന് ആഴ്ച നീണ്ട് നിന്ന ഫെസ്റ്റിൽ മൂന്ന് ചിത്രങ്ങളായിരുന്നു പ്രദർശിപ്പിച്ചത്, അവ നമ്മുടെ സമയത്തിന് അനുസരിച്ച് കാണാനുള്ള രീതിയിൽ ക്രമീകരിച്ചുമിരുന്നു.

🔸പ്രിന്റ് ലഭിക്കുക ബുദ്ധിമുട്ടായ മൂന്ന് ചിത്രങ്ങൾ കാണാനുള്ള അവസരം ആയത് കൊണ്ട് തന്നെ നല്ല രീതിയിൽ വിനിയോഗിച്ചു ഈ അവസരം. മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലെ, വേറിട്ട പശ്ചാത്തലങ്ങളിൽ ഉള്ള, വൈവിധ്യമാർന്ന ജോണറിൽ പെട്ടവ ആയിരുന്നു മൂന്ന് ചിത്രങ്ങളും. ഇവയിൽ ആദ്യത്തെ ചിത്രമാണ് ജർമനിയിൽ നിന്നെത്തിയ ക്രെസെണ്ടോ, ഒരു മ്യുസിക്കൽ ട്രൂപ്പിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ് പോയ ശക്തമായ രാഷ്ട്രീയം പുലർത്തിയ നല്ല ഒരു ചിത്രം. ഇതിന് പുറമെ മൈ പോളിഷ് ഹണിമൂൺ, ദി സാമുവൽ പ്രോജക്റ്റ് എന്നീ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുക ഉണ്ടായി, അവയെ പറ്റി വൈകാതെ പറയാം.

🔸എഡ്വേർഡ് സ്‌പോർക്ക് എന്ന ലോക പ്രശസ്തനായ കണ്ടക്ടർ ഒരു ഓർക്കസ്ട്ര റെഡി ആക്കാനുള്ള പ്ലാനിലാണ്, തനിക്ക് ചുറ്റുമുള്ള കഴിവ് തികഞ്ഞ ഒരു കൂട്ടം യുവാക്കളെയാണ് അതിനായി അയാൾ തിരഞ്ഞെടുക്കുന്നത്. ഈ ഒരു ഓർക്കസ്ട്രയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ട്, ഇസ്രായേൽ പലസ്തീൻ ചേരികളിൽ നിന്നുള്ളവരാണ് ഇതിൽ അംഗങ്ങളായി ഉള്ളവരെല്ലാം. ഇസ്രയേലും പലസ്തീനും പോലെ വിഭജിക്കപ്പെട്ട, അസ്ഥി പോലും പങ്ക് വെക്കപ്പെട്ട രണ്ട് രാജ്യങ്ങൾ ഒരുപക്ഷെ നമ്മുടേതും അയൽക്കാരുടേതും മാത്രമാവും, ആ ഒരു വേർതിരിവും കാര്യങ്ങളും ഈ ഓർക്കസ്ട്ര മെമ്പർമാരിലും നമുക്ക് കാണാനാവും.

🔸ഓർക്കസ്ട്രയുടെ ആദ്യ ഒത്തുചേരലിൽ തന്നെ അവരിൽ ഒരാൾ സ്‌പോർക്കിനോട് പറയുന്നുണ്ട്, ഞങ്ങൾക്ക് രാഷ്ട്രീയം ഒക്കെ വ്യക്തമായി ഉണ്ട്, അതിലേക്ക് നിങ്ങൾ നിങ്ങളുടെ ഇൻപുട്ട് തരേണ്ട കാര്യമില്ല, ഓർക്കസ്ട്രയുടെ ഭാഗമായി മാറാൻ വേണ്ടി മാത്രമാണ് ഞങ്ങൾ വന്നത്, അതിലെ താല്പര്യമുള്ളൂ എന്ന്. അങ്ങനെ എല്ലാ രീതിയിലും വേർപെട്ട് കിടന്ന ഒരു കൂട്ടം യുവാക്കളെ ഒരുമിച്ച് ചേർത്ത് ഈ പരിപാടി നടത്താൻ അയാൾക്ക് സാധിക്കുമോ എന്നതാണ് ചോദ്യം, ഒരു ഇമോഷണൽ റൈഡ് ആണ് ക്രെസെൻഡോ എന്ന ചിത്രം. ചിത്രം ആദ്യമായി പ്രദര്ശിപ്പിക്കപ്പെട്ട മ്യുണിച്ച് ഫിലിം ഫെസ്റ്റിവലിൽ പത്ത് മിനുട്ടോളം നീണ്ട് നിന്ന സ്റ്റാന്റിംഗ് ഒവേഷനാണ് ലഭിച്ചത്, അതിനുള്ളത് ഉണ്ട് താനും.

Verdict : Very Good

DC Rating : 85/100

805. A White, White Day (2019)



Director : Hlynur Pálmason

Genre : Drama

Rating : 7/10

Country : Iceland

Duration : 109 Minutes


🔸എ വൈറ്റ് വൈറ്റ് ഡേ എന്ന ഐസ്ലാൻഡിക് ചിത്രത്തിന്റെ പ്ലോട്ടിനെ കുറിച്ച് പറയുന്നത് സത്യത്തിൽ ആ സിനിമയോട് ചെയ്യുന്ന ഒരു പാതകമാണ്, കാരണം വേറൊന്നുമല്ല ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലർ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന, ആ ഒരു ജനുസ്സിൽ പെട്ട ഒന്നായി ഈ പ്ലോട്ടിനെ അതിന്റെ വൺ ലൈനർ കേട്ട് നിങ്ങൾ തെറ്റിദ്ധരിച്ചാൽ കുറ്റം പറയാൻ ഒക്കില്ല, അത്തരത്തിൽ ഉള്ള ഒന്ന് തന്നെയാണത്. സത്യത്തിൽ അങ്ങനൊരു ചിത്രം പ്രതീക്ഷിച്ച് കൊണ്ട് തന്നെയാണ് ഈ സിനിമ കാണാൻ തയ്യാറായതും. പ്രതീക്ഷയ്ക്ക് വിരുദ്ധമായി പതിയെ പുരോഗമിക്കുന്ന ഒരു സ്ലോ ബർണർ വിശേഷണം അർഹിക്കുന്ന ചിത്രമാണ് എ വൈറ്റ് വൈറ്റ് ഡേ.

🔸പ്രതീക്ഷയ്ക്ക് വിരുദ്ധമായ ഒരു സിനിമയാണ് ലഭിച്ചത് എങ്കിൽ കൂടിയും ആസ്വാദനത്തെ ഒരിടത്തും അത് ബാധിച്ചതേയില്ല എന്നതാണ് വൈറ്റ് വൈറ്റ് ഡേയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഒരു അന്വേഷണമാണ് ഈ ചിത്രത്തിലെ നായകനും നടത്തുന്നത്, പക്ഷെ ഇവിടെ പ്രശനം എന്താണെന്നാൽ അയാൾ തേടുന്നത് എന്തെന്നോ അയാളുടെ മോട്ടിവേഷൻ എന്താണെന്നോ ഉള്ള ചോദ്യങ്ങൾക്ക് ഒന്നും തന്നെ വ്യക്തത ഇല്ല, കഥ നടക്കുന്ന പ്രതലം പോലെ തന്നെ ആകെ ഒരു വ്യക്തത ഇല്ലാത്ത മഞ്ഞ് മൂടി കിടക്കുന്ന പോലെ ഒന്നാണ് ഈ ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും, ഒരു മരീചികയ്ക്ക് സമം.

🔸ഐസ്ലാൻഡിലെ സ്വതേ മഞ്ഞ് മൂടിക്കിടക്കുന്ന ആ ഗ്രാമ പ്രദേശത്തേക്ക് ഒരു വ്യക്തിയും അയാളുടെ മകളും താമസത്തിന് എത്തുകയാണ്. ഈ വ്യക്തി ആള് ചില്ലറക്കാരനല്ല, ആ പ്രദേശത്തെ പോലീസ് മേധാവിയാണ്, എന്തിരുന്നാലും ടിയാൻ ഇപ്പോൾ സേനയിൽ ഇല്ല. ഒരു ആക്സിഡന്റിൽ ഈ വ്യക്തിയുടെ ഭാര്യ കൊല്ലപ്പെട്ടതായാണ്, ഈ സംഭവം അരങ്ങേറിയിട്ട് കുറച്ച് കാലം ആയെങ്കിലും ആ ഷോക്കിൽ നിന്നും ടിയാനോ മകളോ കര കയറിയിട്ടില്ല, കാര്യങ്ങളുമായി പൊരുത്തപ്പെട്ട് വരുന്നതേ ഉള്ളൂ. എന്നാൽ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം അല്ലെങ്കിൽ ഉന്നയിക്കുന്ന ചോദ്യം മറ്റൊന്നാണ്, നമ്മുടെ നായകന് ഭാര്യ മരിക്കുന്നതിന് കുറച്ച് കാലം മുന്നേ തന്നെ ചില സംശയങ്ങൾ ഉണ്ടായിരുന്നു.

🔸സംശയം വേറൊന്നുമല്ല, തന്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടോ എന്നത് തന്നെ. നായകന്റെ ഭാഗത്ത് നിന്ന് ചിന്തിക്കുക ആണെങ്കിൽ ഈ സംശയം സാധൂകരിക്കാവുന്ന പല സൂചനകളും അയാൾക്ക് കിട്ടിയിട്ടുണ്ട്, എന്തായാലും വ്യക്തമായ ഉത്തരം ലഭിക്കുന്നതിന് മുന്നേ തന്നെ അവർ കൊല്ലപ്പെട്ട് കഴിഞ്ഞിരുന്നു. ആ മരണത്തോടെ സംശയങ്ങൾക്ക് ഏറെക്കുറെ അർഥം ഇല്ലാതായി എങ്കിലും നമ്മുടെ കേന്ദ്ര കഥാപാത്രം അത് വിട്ട് കളയാൻ തയാറാവുന്നില്ല, ഇതിന് പിറകെ വെച്ച് പിടിക്കുകയാണ്. ഈ അന്വേഷണം അയാളെയും കുടുംബത്തെയും എവിടെ ചെന്നെത്തിക്കുന്നു, ഇവരുടെ ഭാവിയെന്ത് എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ചിത്രം.

Verdict : Good

DC Rating : 75/100

Monday, June 8, 2020

804. Swades (2004)



Director : Ashutosh Gowariker

Genre : Drama

Rating : 8.2/10

Country : India

Duration : 207 Minutes


🔸ഈ അടുത്ത് കണ്ട മലയാള ചിത്രങ്ങളിൽ ഒന്നിൽ കേൾക്കാൻ ഇടയായ ഒരു സംഭാഷണം ഉണ്ട്, "നിങ്ങൾ സഞ്ചരിക്കണം, നിങ്ങൾക്ക് കഴിയാവുന്ന കാലത്തോളം, എത്താൻ പറ്റുന്ന അത്രയും ദൂരത്തേക്ക്, പക്ഷെ ജീവിതത്തിൽ ഒരിക്കൽ എങ്കിലും നിങ്ങൾ നിങ്ങളുടെ വേരുകളിലേക്കും ഭൂത കാലത്തേക്കും കൂടി സഞ്ചരിക്കണം...." എന്ന ഡയലോഗ്. ഈ ഡയലോഗ് തിയേറ്ററിൽ കേട്ട മാത്രയിൽ തന്നെ ഒരു ചലനം സൃഷ്ടിച്ചതാണ്, അതിന് വ്യക്തിപരമായ ഒരു കാരണം കൂടിയുണ്ട്. ഈ ഒരു ഉപ കഥ കൂടി ചേരുമ്പോഴേ സ്വദേശ് എന്ന ചിത്രം എന്ത് കൊണ്ട് ഞാൻ എന്ന കാഴ്ചക്കാരനിൽ ഏറ്റവും ഇമ്പാക്റ്റ്‌ സൃഷ്ട്ടിച്ച ചിത്രങ്ങളിൽ ഒന്നായി മാറി എന്ന് പൂർണമായി മനസിലാവുകയുള്ളൂ.

🔸വളരെ ചെറുപ്പത്തിൽ തന്നെ കേരളത്തിന് പുറത്തേക്ക് പറിച്ചെടുത്ത് പുനഃസ്ഥാപിച്ച ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്, ആ ഒരു ചുവട് മാറ്റം പിന്നീട് ഒരുപാട് വർഷങ്ങൾ അങ്ങനെ നിൽക്കുകയും ചെയ്തിരുന്നു. ഈ ഒരു അന്യദേശ വാസത്തിന് ശേഷം, അതായത് പത്തിൽ അധികം വർഷങ്ങൾക്ക് ശേഷം മടങ്ങി വന്നപ്പോഴാണ് പഴയ സുഹൃത്തുക്കളിൽ പലരും പല വഴിക്ക് പോയതൊക്കെ അറിയാൻ ഇടയായത്, എനിക്ക് രണ്ട് തലമുറ മുകളിൽ ഉണ്ടായിരുന്ന നല്ല ഓർമകൾ മാത്രമുള്ള ഒരു ജെനെറേഷൻ ഒന്നടങ്കം ഈ കാലയളവിൽ മരണപ്പെടുകയും ചെയ്തിരുന്നു, ഉണ്ടായിരുന്ന ചിലർ ആണെങ്കിൽ ഓർമ പോലും മറഞ്ഞ് പോയ രീതിയിൽ ഒരു മുറിക്ക് ഉള്ളിലേക്കായി ഒതുങ്ങി കഴിഞ്ഞിരുന്നു താനും.

🔸ഒരു തരത്തിൽ പറഞ്ഞാൽ ഒരു മടങ്ങി പോക്ക് ആണ് സ്വദേശ് എന്ന ചിത്രത്തിന്റെയും ഫോക്കൽ പോയിന്റ്. ചിത്രത്തിലെ നായക കഥാപാത്രമായ മോഹൻ വർഷങ്ങളായി അമേരിക്കയിൽ സ്ഥിര താമസമാക്കിയ വ്യക്തിയാണ്, വെസ്റ്റേൺ കൽച്ചറിനോടും ജീവിത രീതികളോടും എല്ലാം അയാൾ പരിചയിച്ച് കഴിഞ്ഞിരിക്കുന്നു. മോഹന്റെ അച്ഛനും അമ്മയും എല്ലാം വർഷങ്ങൾക്ക് മുന്നേ മരണപ്പെട്ടതാണ്, ഇന്ന് നാസയിലെ ഒരു റെപ്യുട്ടഡ് പോസ്റ്റിൽ ഇരിക്കുന്ന സയന്റിസ്റ്റ് ആണ് മോഹൻ, ബഹിരാകാശത്തേക്ക് ഉള്ള നാസയുടെ പുതിയ ചുവട് വെപ്പിൽ നിർണ്ണായക പങ്ക് കൂടി അയാൾ വഹിക്കുന്നുണ്ട്, ചുരുക്കി പറയുക ആണെങ്കിൽ എല്ലാം തികഞ്ഞ സുഖലോലുപമായ ഒരു ജീവിതം എന്ന് പറയാം, പുറമെ നിന്ന് നോക്കുന്നവർക്ക്.

🔸ഒരു അമേരിക്കൻ പൗരനാവാൻ, പൗരത്വം നേടാനുള്ള യോഗ്യത ക്രൈറ്റെറിയ എല്ലാം മോഹനുണ്ട്, അതിന് അയാൾ തയാറാവുന്നുമുണ്ട്. എന്നാൽ ഒരു ചെറിയ ആഗ്രഹം അയാളിൽ ബാക്കിയുണ്ട്, അതായത് വർഷങ്ങൾക്ക് മുന്നേ താൻ കുട്ടി ആയിരുന്ന കാലത്ത് തന്നെ അമ്മയോളം സ്നേഹിച്ച, പരിപാലിച്ച ഒരു സ്ത്രീ ഇന്ത്യയിൽ ഉണ്ട്, അവരെ പിന്നീട് ഒരിക്കലും കാണാൻ കഴിഞ്ഞിട്ടില്ല, ഇപ്പോൾ ഈ ഒരവസ്ഥയിൽ തന്നോടൊപ്പം താമസിക്കാനായി അവരെ അമേരിക്കയിലേക്ക് കൊണ്ടുവരണം എന്നാണ് മോഹന്റെ ആഗ്രഹം, അതിനായി അയാൾ ഇന്ത്യയിലേക്ക് മടങ്ങി വരികയാണ്. ജീവിതത്തെ കുറിച്ചായാലും എന്തിനെ കുറിച്ചായാലും നമ്മൾ നിലനിർത്തി കൊണ്ടുപോന്ന പെർസ്പെക്റ്ററ്റീവ് മുഴുവനായി മാറ്റി മറിച്ചത് എന്നൊക്കെ ചില കാര്യങ്ങളെ വിശേഷിപ്പിക്കാറുണ്ട്, അവയിൽ ഒന്നാണ് ഈ ചിത്രത്തിൽ മോഹൻ നടത്തുന്ന യാത്ര.

Verdict : Must Watch

DC Rating : 100/100

Sunday, June 7, 2020

803. The Killing Fields (1984)



Director : Roland Joffé

Genre : War

Rating : 7.8/10

Country : UK

Duration : 142 Minutes


🔸ഒരു യുദ്ധ ചിത്രം എന്ന് പറയുമ്പോൾ മിക്കപ്പോഴും നമ്മുടെ മുന്നിൽ എത്തുന്നവ പിന്തുടരുന്ന ഒരു പാറ്റേൺ ഉണ്ട്, അതായത് ഒരു ഭാഗത്തെ കടന്ന് കയറ്റക്കാരൻ ആയും മറു ഭാഗത്തെ വിക്‌ടിം ആയും അവതരിപ്പിക്കുന്ന ഒരു രീതി. സിനിമയെ സംബന്ധിച്ച് ആവശ്യമായ നായക വില്ലൻ സങ്കല്പങ്ങളെ ഒക്കെ ഊട്ടി ഉറപ്പിക്കാൻ ഈയൊരു രീതി വളരെ ആവശ്യമാണ്, എന്നാൽ ഇവിടെ സത്യം അല്ലെങ്കിൽ യഥാർത്ഥ വസ്തുതകൾ കുഴിച്ച് മൂടപെടുകയാണ്, ഇങ്ങനെയുള്ള അനവധി അനവധി സിനിമകളിൽ വേറിട്ട് നിൽക്കുന്ന ഒന്നാണ് കില്ലിംഗ് ഫീൽഡ്സ് എന്ന ചിത്രം. യുദ്ധ ചിത്രം എന്ന നിലയിൽ നിൽക്കുമ്പോൾ തന്നെയും രണ്ട് ഭാഗങ്ങളെയും വിമർശിക്കുന്നുണ്ട് ഈ ചിത്രം, നിശിതമായി തന്നെ.

🔸അമേരിക്ക എന്ന രാജ്യം കംബോഡിയയിൽ നടത്തിയ കടന്ന് കയറ്റത്തെയും അതിന് ശേഷം അരങ്ങേറിയ മുതലെടുപ്പിന്റെയും ക്രൂരതയുടെയും കഥ ഒക്കെ വിമർശിക്കുമ്പോൾ തന്നെയും പോൾ പ്ലോട്ട് എന്ന ഏകാധിപതിയുടെ കാട്ടി കൂട്ടലുകളും ഖെമാർ റോഗ് എന്ന വിമത സേനയുടെ കൊള്ളരുതായ്മയും എല്ലാം ചിത്രം വിഷയമാക്കുന്നുണ്ട്. ഇതെല്ലാം ശക്തമായി പ്രതിപാദിക്കുമ്പോൾ തന്നെയും കോർ പ്ലോട്ട് എന്നത് സൗഹൃദത്തിൽ ഊന്നി നിൽക്കുന്ന ഒന്നാണ്. ഇത് പോലൊരു ഡിസ്‌ടോപ്യൻ സെറ്റപ്പിൽ വളർന്ന് വന്ന സൗഹൃദം ആയത് കൊണ്ട് കൂടി ആവണം സിഡ്‌നിക്കും പ്രാണിനും ഇടയിലുള്ള ആ ബന്ധം കൂടുതൽ മനോഹരം ആവുന്നുണ്ട്.

🔸സിഡ്‌നി ഷൻബെർഗ് എന്ന അമേരിക്കൻ ജേര്ണലിസ്റ്റിന്റെ ദി ഡെത് ആൻഡ് ലൈഫ് ഓഫ് ഡിത് പ്രാൺ എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്കാരം ആണ് ദി കില്ലിംഗ് ഫീൽഡ്സ് എന്ന ചിത്രം. സിഡ്‌നിയും പ്രാനും തന്നെയാണ് പ്രധാന കഥാപാത്രങ്ങൾ, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിലെ കംബോഡിയ ആണ് നമ്മുടെ കഥാ പശ്ചാത്തലം. കമ്പോഡിയൻ നാഷണൽ ആർമിയും വിമത ഗ്രൂപ്പായ ഖമർ റോഗുമായുള്ള ആഭ്യന്തര യുദ്ധം രക്ത രൂഷിതമായ അവസ്ഥയിലേക്ക് പോയി കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് ഇത് റിപ്പോർട്ട് ചെയ്യാനായി സിഡ്‌നി ഷെൽഡൺ ആ നാട്ടിൽ വിമാനം ഇറങ്ങുന്നത്, അവിടെ വെച്ചാണ് അയാൾ തന്റെ ജീവിതം തന്നെ മാറ്റി മറിച്ച ദിത് പ്രാണിനെ കണ്ട് മുട്ടുന്നതും.

🔸വന്ന് ഇറങ്ങിയതിന് പിന്നാലെ തന്നെ സിഡ്‌നിയും സംഘവും ആ നാട്ടിലെ അരക്ഷിതാവസ്ഥയിലേക്ക് വലിച്ചെറിയപ്പെടുകയാണ്, അമേരിക്കൻ പട്ടാളം രാജ്യത്തിൻറെ തലസ്ഥാന നഗരിയിൽ ബോംബ് വർഷിച്ചത് പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുന്നെ ഉള്ളൂ താനും. പതിയെ പതിയെ റിപ്പോർട്ട് ചെയ്യാനായി എത്തിയ സിഡ്‌നിയും സംഘവും യുദ്ധത്തിന്റെ ഭാഗവും ബാക്കി പത്രവും എല്ലാമായി മാറുകയാണ്, തുടർന്ന് അരങ്ങേറുന്ന സംഭാഗങ്ങളാണ് രണ്ടര മണിക്കൂറിന് അടുത്ത് ദൈർഘ്യമുള്ള ഈ ചിത്രം. ഒരു ആന്റി വാർ ചിത്രമായി ഉയർത്തി കാട്ടാവുന്ന മികച്ച ഉദാഹരണമാണ് ദി കില്ലിംഗ് ഫീൽഡ്സ്, മികച്ച സൗണ്ട് ട്രാക്കും, ഛായാഗ്രഹണവും എല്ലാം പ്രത്യേകതകളാണ്, തീർച്ചയായും കാണാൻ ശ്രമിക്കുക.

Verdict : Must Watch

DC Rating : 90/100

Saturday, June 6, 2020

802. Seven Samurai (1954)



Director : Akira Kurosawa

Genre : Drama

Rating : 8.6/10

Country : Japan

Duration : 207 Minutes


🔸സെവൻ സമുറായ് ലോകത്ത് ഇന്നേവരെ പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രമാണ്, ഈ ഒരു കാര്യം ആദ്യമേ പറഞ്ഞിടാൻ രണ്ട് കാരണങ്ങളുണ്ട്, വളരെ പ്രസക്തമായ രണ്ട് കാരണങ്ങൾ. ഒന്ന്, ഈ വസ്തുത തർക്കം ഏതും ഇല്ലാതെ ചിത്രം കണ്ടവർ ഒരുപോലെ സമ്മതിക്കുന്നത് കൊണ്ട്, രണ്ടാമത്തെ കാരണം വേറൊന്നുമല്ല, ഈ ചിത്രത്തിന്റെ നിലവാരവും പ്രസക്തിയും എല്ലാം ഒരുപാട് തവണ പല പ്ലാറ്റ്‌ഫോമുകളിൽ ഇഴകീറി പരിശോധിച്ച് കഴിഞ്ഞതാണ്, അതിന് ഇവിടെ ഒരു പ്രസക്തി കാണുന്നില്ല, ഈ കുറിപ്പിന്റെ ഉദ്ദേശവും അതല്ല എന്നത് തന്നെ. കൊള്ളക്കാരിൽ നിന്നും രക്ഷ നേടാനായി ഏഴ് സമുറായ് യോദ്ധാക്കളെ ഒരു ഗ്രാമത്തിലെ ജനങ്ങൾ നിയോഗിക്കുന്നതും തുടർന്ന് അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രം.

🔸ജപ്പാൻ എന്ന രാജ്യത്തിന്റെ തന്നെ ചരിത്രത്തിൽ നിർണ്ണായകമായ ഒരു സമയത്താണ് സെവൻ സമുറായ് എന്ന ചിത്രം കാഴ്ചക്കാർക്ക് മുന്നിലേക്ക് എത്തുന്നത്. രണ്ടാം ലോക മഹായുദ്ധത്തിലെ കനത്ത പരാജയത്തിന് ശേഷവും ഹിരോഷിമ നാഗസാക്കി കൂട്ടക്കുരുതിക്ക് ശേഷവും എല്ലാം പിച്ച വെച്ച് തുടങ്ങിയ കാലത്താണ് ജാപ്പനീസ് സിനിമയുടെ ഗോൾഡൻ എയ്ജ് തുടങ്ങുന്നത്, ഇതിന് ഒരു പരിധി വരെ കാരണമാവുന്നത് സെവൻ സമുറായി പോലുള്ള ചിത്രങ്ങൾ വെസ്റ്റേൺ മാർക്കറ്റിലും ഓഡിയൻസിന് ഇടയിലും സൃഷ്ട്ടിച്ച ചലനം തന്നെ ആയിരുന്നെന്ന് പറയാം, ഇങ്ങനെ ഒരു ചരിത്രപരമായ പ്രസക്തി കൂടിയുണ്ട് ഈ ചിത്രത്തിന്.

🔸എന്നാൽ ചരിത്രം എന്ന ഘടകം മാത്രം കൊണ്ട് ഒരു സിനിമയ്ക്ക് വലിയ ഓളം ഒന്നും സൃഷ്ട്ടിക്കാൻ കഴിയില്ല, ഏറ്റവും കുറഞ്ഞത് ഞാൻ അങ്ങനെയാണ് വിശ്വസിക്കുന്നത്, അപ്പോൾ ഈ ചിത്രത്തെ സിനിമ എന്ന നിലയ്ക്ക് സ്പെഷ്യൽ ആക്കുന്ന ഘടകം അല്ലെങ്കിൽ ഘടകങ്ങൾ എന്തൊക്കെ എന്നതിലേക്ക് ശ്രദ്ധ തിരിക്കാം. ഈ ഘടകങ്ങളിൽ ആദ്യം എടുത്ത് പറയേണ്ടത് ചിത്രത്തിന്റെ സ്ക്രിപ്റ്റ് തന്നെയാണ്, സമുറായ് യോദ്ധാക്കളും മറ്റും ജപ്പാന്റെ ചരിത്രത്തിലെ നിർണ്ണായക സ്വാധീനം ആണെങ്കിലും അർഹിക്കുന്ന തോതിലുള്ള ഒരു സ്ക്രീൻ റെപ്രെസന്റേഷൻ അവർക്ക് ആ കാലം വരെയും ലഭിച്ചിരുന്നില്ല, ഇത് കൈവരിക്കുന്നതിന് ഒപ്പം സോഷ്യലി റെലെവന്റ് ആയ ചില വിഷയങ്ങൾ കൂടി അവതരിപ്പിച്ചപ്പോൾ വിന്നിങ് ആയൊരു സ്ക്രിപ്റ്റ് തയ്യാറാവുക ആയിരുന്നു. മികച്ച ഒരു എൻഡ് സീക്വൻസും, ടാലന്റഡ് ആയ ഒരു കാസ്റ്റും കൂടി ചേരുമ്പോൾ സെവൻ സമുറായ് പൂർണമാവുകയാണ്, എല്ലാ രീതിയിലും.

🔸ചിത്രത്തിന്റെ കഥ തുടക്കം തൊട്ട് അവസാനം വരെ ഉന്നം വെക്കുന്നത് ഫൈനൽ ബാറ്റിൽ സീനിലേക്കാണ്, അതായത് സമുറായ് യോദ്ധാക്കളും ഗ്രാമീണരും ചേർന്ന് കൊള്ളക്കാരെ നേരിടുന്ന അവസാന ബാറ്റിൽ രംഗത്തേക്ക്. അത്രയും നേരമുള്ള മികച്ച ബില്ഡപ്പും സ്റ്റോറി ആർക്കുകളും എല്ലാം മഴയുടെ അകമ്പടിയോടെ എത്തിയ ഈ സീക്വൻസിൽ എത്തി അവസാനിക്കുമ്പോൾ സത്യത്തിൽ ലഭിക്കുന്നത് എക്കാലത്തെയും ഏറ്റവും മികച്ച ആക്ഷൻ സെറ്റ് പീസുകളിൽ ഒന്നാണ്. ഈ രംഗങ്ങളിലും അതിനെ തുടർന്നുള്ള എപിലോഗ് സീനിലും ഉൾപ്പെടെ ഉള്ള ഛായാഗ്രഹണം ഭംഗി കൂട്ടുന്നെ ഉള്ളൂ. ചുരുക്കി പറഞ്ഞാൽ ഈ ചിത്രത്തിലെ ഓരോ കാര്യവും, ചെറുതോ വലുതോ ആയിക്കോട്ടെ, സെവൻ സമുറായിയുടെ മികവ് വര്ധിപ്പിക്കുന്നെ ഉള്ളൂ, റെയർ ഫീറ്റ് അല്ലെങ്കിൽ ലൈറ്റനിംഗ് ഇൻ എ ബോട്ടിൽ എന്നൊക്കെ ചില കാര്യങ്ങളെ നമ്മൾ വിശേഷിപ്പിക്കില്ലേ, അതാണ് ഈ ചിത്രം.

Verdict : Must Watch

DC Rating : 100/100

Friday, June 5, 2020

801. Rashomon (1950)



Director : Akira Kurosawa

Genre : Drama

Rating : 8.2/10

Country : Japan

Duration : 88 Minutes


🔸ഒരു സംഭവം, അതായത് നമ്മൾ കണ്ണ് കൊണ്ട് കണ്ടിട്ടില്ലാത്ത എന്നാൽ മറ്റൊരാളുടെ വാക്കുകളിലൂടെ മാത്രം അറിഞ്ഞൊരു സംഭവം, അതിനി പറയുന്ന വ്യക്തി എത്ര തന്നെ ശ്രമിച്ച് അവതരിപ്പിച്ചാലും നമ്മൾ അറിയാൻ പോവുന്നത് യഥാർത്ഥ സംഭവത്തിന്റെ അയാളുടെ വേർഷൻ മാത്രമാണ്. ഈ കഥ പറയുന്ന വ്യക്തിയുടെ സ്വഭാവ, സാംസ്‌കാരിക, മാനസിക നിലകൾ എല്ലാം ഈ വേർഷനിൽ തങ്ങളുടെ സ്വാധീനം കാണിക്കും, പോയിന്റ് ഈസ് യഥാർത്ഥത്തിൽ അരങ്ങേറിയ സംഭവത്തിന്റെ ഒറിജിനൽ വേർഷൻ എന്നത് ആ സംഭവം അവസാനിക്കുന്നതോടെ കൈമോശം വരും, പിന്നീടുള്ളതൊക്കെ വെള്ളം ചേർക്കലുകളാണ്, മറ്റുള്ളവരുടെ ദൃഷ്ടിയിൽ തോന്നിയ കാര്യങ്ങൾ മാത്രമാണ്. ചരിത്രത്തിൽ ഒക്കെ ഇങ്ങനെ വേർഷണലൈസ് ചെയ്യപ്പെട്ട സംഭവങ്ങൾ എത്രത്തോളം ഉണ്ടാവും എന്ന ചിന്ത തന്നെ ഭീതിതമാണ്, ആ ചിന്തയാണ് റാഷോമോൻ, ആ ഭീതി കൂടി ആണത്.

🔸ജപ്പാനിലെ ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്, കനത്ത മഴയിൽ കേറി നിൽക്കാനായി ആണ് വഴിപോക്കനായ ഒരു വ്യക്തി ആ പഴയ കെട്ടിടത്തിലേക്ക് കടന്ന് വരുന്നത്. അയാൾക്ക് മുന്നേ അവിടെ രണ്ട് പേർ ആദ്യമേ ഇരിപ്പ് ഉറപ്പിച്ചിരുന്നു, ഒരു ബുദ്ധ ഭിക്ഷുവും, വിറക് വെട്ടുകാരനും. എന്തോ കാര്യമായ പ്രശനം രണ്ട് പേരെയും അലട്ടുന്നുണ്ട് എന്ന് അവരുടെ മുഖഭാവങ്ങളിൽ നിന്നും വ്യക്തമാണ്, പിച്ചും പേയും പോലെ എന്തൊക്കെയോ മുരളുന്നുമുണ്ട്. മഴ ഒഴിയാൻ സമയം എടുക്കും എന്ന് ബോധ്യം വന്നതിനാലും, ഇരുവരുടെയും അസാധാരണമായ പെരുമാറ്റം കൗതുകം ജനിപ്പിച്ചതിനാലും അവർക്ക് പറയാൻ ഉള്ളത് കേൾക്കാൻ ആ വഴിപോക്കൻ തയ്യാറാവുകയാണ്.

🔸അവർക്ക് രണ്ട് പേർക്കും പറയാൻ ഉണ്ടായിരുന്ന കഥ ഒരല്പം വിചിത്രം തന്നെ ആയിരുന്നു, അതും ഒരേ സംഭവത്തെ ചുറ്റി പറ്റി ഉള്ളത്. സംഭവം വേറൊന്നുമല്ല ഒരു സമുറായി യോദ്ധാവ് കൊല്ലപ്പെട്ടിട്ടുണ്ട്, കൊല ചെയ്‌തെന്ന് പറയപ്പെടുന്ന വ്യക്തി കുപ്രസിദ്ധനായ ഒരു കൊള്ളക്കാരൻ ആണ്, കൊല്ലപ്പെട്ട വ്യക്തിയുടെ ഭാര്യ ഈ സമയത്ത് അവിടെ ഉണ്ടായിരുന്നു താനും. അതായത് കൊല നടക്കുന്ന സമയം ഈ മൂന്ന് പേർ അവിടെ ഉണ്ടായിരുന്നു എന്ന്. എന്നാൽ അതിന് മുന്നേ നമ്മുടെ ബുദ്ധ സന്യാസിയും, വിറക് വെട്ടുകാരനും അവരെ നേരിൽ കണ്ടിട്ടുണ്ട്, കൊല നടക്കുന്നതിന് മുൻപ്. എന്നാൽ വിചിത്രം എന്ന വിശേഷണം ഈ സംഭവത്തിനല്ല, ഇതിന്റെ അനുബന്ധ കഥയ്ക്കാണ്.

🔸ഈ സംഭവത്തിന്റെ വിചാരണ വേളയിൽ കൊല നടക്കാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് പ്രതി സ്ഥാനത്ത് നിൽക്കുന്ന കൊള്ളക്കാരൻ ഒരു കഥ പറയുന്നുണ്ട്, ഇതിൽ കുറ്റം അയാൾ നിഷേധിക്കുന്നൊന്നും ഇല്ല. എന്നാൽ കൊല്ലപ്പെട്ട ആളുടെ ഭാര്യ പറയുന്നത് മറ്റൊരു കഥയാണ്, കൊല നടന്നു എന്നതൊഴിച്ചാൽ ആദ്യം പറഞ്ഞ കഥയുമായി പുല ബന്ധം പോലും ഇല്ലാത്തൊരു വേർഷൻ. അവിടം കൊണ്ടും തീരുന്നില്ല, മൂന്നാമത് ഒരു കഥ കൂടിയുണ്ട്, അത് ആദ്യത്തെ രണ്ടിനെയും കവച്ച് വെക്കുന്ന, അവയുമായി ഒരു സാമ്യവും ഇല്ലാത്ത മറ്റൊന്ന്, സത്യം എന്നത് ഇതിനിടയിൽ എവിടെയോ ആണ്, അല്ലെങ്കിൽ ഇവയുമായി ഒരു ബന്ധവും ഇല്ലാത്ത മറ്റെന്തോ. റാഷമോൺ നിങ്ങൾ കണ്ടില്ലെങ്കിൽ വൻ നഷ്ടമാണ്, ഇനഫ് സെയ്‌ഡ്‌.

Verdict : Must Watch

DC Rating : 100/100

800. Ikiru (1952)



Director : Akira Kurosawa

Genre : Drama

Rating : 8.3/10

Country : Japan

Duration : 143 Minutes


🔸ജീവിതത്തിന്റെ അർത്ഥമെന്ത്, ആവശ്യമെന്ത് എന്നീ ചോദ്യങ്ങളൊക്കെ വര്ഷങ്ങളായി നിലനിൽക്കുന്ന ഒന്നാണ്, പലരും പല പല കാലയളവുകളിൽ ഒരിക്കൽ എങ്കിലും അഭിമുഖീകരിച്ചിട്ടുള്ള, ഉത്തരം അന്വേഷിച്ചിട്ടുള്ള ചോദ്യം കൂടിയാണ്. ഈ പർപ്പസ് ഓഫ് ലൈഫ് എന്ന ചോദ്യം തന്നെയാണ് ഇകിരു എന്ന ചിത്രത്തിലൂടെ കുറൊസാവ എടുത്ത് കാണിക്കുന്നതും. പ്രസ്തുത ചോദ്യത്തിന് ഒരുത്തരം തനിക്ക് അനുഭവപ്പെട്ട തോതിൽ സംവിധായകൻ മനോഹരമായി അവതരിപ്പിച്ച് കാണിച്ചിട്ടുമുണ്ട്, അതിനോട് കാഴ്ചക്കാർ യോജിക്കുന്നുണ്ടോ, നമ്മുടെ ഉത്തരവും വിശ്വാസവും ഒക്കെ അതാണോ എന്നതൊക്കെ വേറൊരു ചോദ്യം. ഒരുപക്ഷെ സംവിധായകന്റെ സിനിമകളിൽ ഏറ്റവും ഡെപ്ത് ഉള്ള ചിത്രമായിരിക്കും ഇകിരു.

🔸നിശ്ചയമായും സംഭവിക്കും എന്ന് ഏതെങ്കിലും കാര്യം ഒരു വിശേഷണം അർഹിക്കുന്നുണ്ട് എങ്കിൽ അത് മരണം മാത്രമാണ്, ജനിച്ചവർ എല്ലാവരും ഒരിക്കൽ മരിക്കും, അതിൽ തർക്കം ഏതുമില്ല, മരണത്തിന് മുന്നിൽ ജാതിയോ മതമോ പദവിയോ മഹത്വമോ ഒന്നിനും വിലയില്ല, പക്ഷെ പ്രാധാന്യം അർഹിക്കുന്ന ചോദ്യം അതല്ല. മരിക്കുന്നവർ എല്ലാവരും ജീവിച്ചിരുന്നോ എന്നതാണ് ആ ചോദ്യം, സംശയമാണ് അതിനുള്ള ഉത്തരം. മരണം തൊട്ട് മുന്നിൽ എത്തുന്ന നിമിഷം വരെ മിക്കവരും ജീവിക്കാൻ മറന്ന് പോവാറാണ് പതിവ് എന്നത് അങ്ങേയറ്റം ദുഖകരമായ കാര്യമാണ്, പക്ഷെ അതാണ് സത്യം. ഇകിരു എന്ന ചിത്രവും ഈ തരത്തിൽ ജീവിക്കാൻ മറന്ന് പോയ ഒരാളുടെ കഥയാണ്.

🔸ജീവിതത്തിന്റെ നല്ലൊരു ഭാഗവും കഴിഞ്ഞ്, വാർദ്ധക്യത്തിലേക്ക് കടക്കാൻ ഇരിക്കെയാണ് കെഞ്ചി വാതനബി തനിക്ക് കാൻസർ ഉണ്ടെന്ന് തിരിച്ചറിയുന്നത്. രോഗം തിരിച്ചറിയാൻ വളരെ വൈകിപ്പോയതിനാൽ തന്നെ മൂർച്ഛിച്ച് ഏറെക്കുറെ അയാളുടെ വിധി നിർണ്ണയിക്കപ്പെട്ട് കഴിഞ്ഞിരിക്കുകയാണ്, ഈ ഒരു അവസരത്തിലാണ് തന്റെ ജീവിതം ഒന്ന് കൂടി വിലയിരുത്താൻ അയാൾ തയ്യാറാവുന്നത്. ജീവിതത്തിന്റെ നല്ല കാലം മുഴുവനും ജോലി നോക്കുന്ന ഒരു സർക്കാർ സ്ഥാപനത്തിൽ മറ്റ് പലരുടെയും കളിപ്പാവയായി കഴിയുകയായിരുന്നു അയാൾ, ജീവിക്കുക ആയിരുന്നു എന്ന വാക്ക് ഇവിടെ ഒരു രീതിയിലും ചേരില്ല.

🔸അങ്ങനെ താൻ തന്റെ ജീവിതം നശിപ്പിക്കുക ആയിരുന്നു എന്ന തിരിച്ചറിവിൽ ഇനി മുന്നിലുള്ള ഏതാനും ദിവസങ്ങൾ ആസ്വദിക്കാനായി തീരുമാനിക്കുകയാണ് അയാൾ, ഇത്ര എങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ എന്താണ് ഒരർത്ഥം എന്നതാണ് മനോഭാവം. പിന്നീട് അരങ്ങേറുന്ന രസകരമായ, ഹൃദയ സ്പർശിയായ, ഊഷ്മളമായ സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. കുറൊസാവ ചിത്രങ്ങളിലെ ഏറ്റവും മികച്ചവയിൽ ഒന്ന് എന്ന് നിസ്സംശയം പറയാവുന്ന ചിത്രമാണ് ഇകിരു, തീർച്ചയായും കണ്ടില്ലെങ്കിൽ വൻ നഷ്ടമാണ്, കാണാൻ ശ്രമിക്കുക.

Verdict : Must Watch

DC Rating : 100/100

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...