Director : Hal Ashby
Genre : Comedy
Rating : 8/10
Country : USA
Duration : 91 Minutes
🔸ഹാരോൾഡ് തന്റെ ജീവിതത്തിൽ അന്നോളം അങ്ങനെ ഒരാളെ കണ്ടിരുന്നില്ല, അങ്ങനെ ഒരു കാഴ്ചയും. ചില ആളുകൾക്ക് പ്രത്യേക കാര്യങ്ങളോടായിരിക്കുമല്ലോ ഇഷ്ടവും ഇഷ്ടക്കൂടുതലും, ഹാരോൾഡിന്റെ ഇഷ്ട്ടപ്പെട്ട പരിപാടി എന്നത് മരിച്ചവരുടെ അടക്കിന് പോവുന്നതാണ്. പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ ഹാരോൾഡിന് ഇത് സംബന്ധിച്ച് പറയാനില്ല ,എങ്കിലും എന്തോ ഒരു തരം സന്തോഷമാണ് ഈ അവസരത്തിൽ അവന് അനുഭവപ്പെടാറ്. ഇത്തരം ഒരുപാട് സന്ദർഭങ്ങളിൽ അവൻ പങ്കെടുത്തിട്ടുണ്ടെങ്കിലും മൗടിയെ പോലെയൊരാളെ ആദ്യമായാണ് കാണുന്നത്. വശപ്പിശക് എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞ് പോകും ,ഒന്നോ രണ്ടോ പിരി ഇളകിയതാവും എന്നാണ് ആദ്യ കാഴ്ചയിൽ ഹാരോൾഡിന് മൗടിയെ കുറിച്ച് തോന്നിയ വികാരം.
🔸ഹാരോൾഡിനെ കുറ്റം പറയാനാവില്ല, അല്പം പ്രായമായി മരിച്ച ഒരു പ്രമുഖന്റെ അടക്ക് ചടങ്ങായിരുന്നു അന്ന്. അയാൾ ചെയ്ത് കൂട്ടിയ കാര്യങ്ങളെ ഒരല്പം മേമ്പൊടിയോട് കൂടി അവതരിപ്പിക്കുന്നത് കേട്ട് പലരും കണ്ണീർ വാർക്കുമ്പോൾ ഒരല്പം മാറിയിരുന്ന് ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല എന്ന മട്ടിൽ അതി സൂക്ഷ്മതയോടെ നാരങ്ങയുടെ ഇതളുകൾ ,സന്ദർഭത്തിന് പ്രാധാന്യം കൊടുക്കാതെ ഉതിർത്തെടുത്ത് കഴിക്കുകയാണ് മൗദി. തന്റെ ഇരുപത് വർഷകാല ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഭാസത്തെ ഹാരോൾഡ് അവിടെ കണ്ട് മുട്ടുക ആയിരുന്നു.
🔸ഒരു ഇരുപത് വയസ്സുകാരന് എൺപത് വയസുകാരിയോട് തോന്നുന്ന പ്രണയം, കേൾക്കുമ്പോൾ തന്നെ ഒരു തരം അസ്വാഭാവികത തോന്നാം, ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ചിത്രം ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും അത് തന്നെ ആണ്. മരണം എന്ന പ്രതിഭാസം, യാഥാർത്യം അതാണ് ചിത്രത്തെ മുന്നോട്ട് കൊണ്ട് പോവുന്ന ഘടകം. ഹാരോൾഡ് എന്ന കഥാപാത്രത്തിന് മരണത്തോട് ഒരു വല്ലാത്ത രീതിയിൽ ഉള്ള അടുപ്പമാണ്. മരിച്ചവരുടെ അടക്ക് ചടങ്ങുകൾക്ക് പുറമെ തികച്ചും വ്യത്യസ്തമായ ആത്മഹത്യാ രീതികൾ അനുകരിക്കുക എന്നത് ടിയാന്റെ ഇഷ്ട്ട വിനോദമാണ്.
🔸ഒരു ദിവസം വീട്ടിലേക്ക് കടന്ന് വരുന്ന ഹാരോൾഡിന്റെ അമ്മ കാണുന്നത് തൂങ്ങി മരിച്ച രീതിയിൽ ഉള്ള ഹാരോൾഡിനെ ആണ്, മറ്റൊരു ദിവസം ആണെങ്കിൽ ശരീരമാസകലം രക്തം വാർന്ന് മരിച്ച രീതിയിലും. ഇതിനൊക്കെ എന്താണ് കാരണം അല്ലെങ്കിൽ വ്യക്തമായ കാരണങ്ങൾ ഹാരോൾഡിനുണ്ടോ എന്നത് സിനിമ കണ്ട് തന്നെ അറിയാൻ ശ്രമിക്കുക. മൗദി എന്ന കഥാപാത്രം ,നിഗൂഢതകൾ എറിയതാണ് എവിടെനിന്ന് വന്നുവെന്നോ ആരാണെന്നോ ഒന്നും തന്നെ വ്യക്തത നല്കുന്നില്ലെങ്കിൽ കൂടിയും ഹാരോൾഡിന്റെ ജീവിതത്തിലും മാനസിക നിലയിലും അവരുണ്ടാക്കുന്ന മാറ്റങ്ങൾ വിവരിക്കാൻ കഴിയാത്തതാണ്.
🔸രാത്രിക്ക് പകൽ പോലെ, യൗവനത്തിന് വാർദ്ധക്യം പോലെ, ജീവിതത്തിന് മരണം പോലെ തികച്ചും വ്യത്യസ്തരായ രണ്ട് കഥാപാത്രങ്ങളുടെ അടുപ്പവും തുടർന്ന് അരങ്ങേറുന്ന സംഭവങ്ങളും പ്രമേയം ആയ ചിത്രം ആണ് ഹാരോൾഡ് ആൻഡ് മൗഡ്. രസകരമായ സംഭവങ്ങൾ ആണ് ആധാരം എങ്കിൽ കൂടിയും ഗൗരവമേറിയ, വൈകാരികമായ വസ്തുതകളാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. മരണത്തോട് ആസക്തിയുള്ള ജീവിതം തുടങ്ങിയിട്ട് മാത്രമുള്ള ഹാരോൾഡും ,മരണത്തോട് അടുത്ത് കൊണ്ടിരിക്കുന്ന ജീവിച്ച് കൊതി തീർന്നിട്ടില്ലാത്ത മൗദിയും കാഴ്ചക്കാരന് വ്യത്യസ്തമായ അനുഭവം ആവുമെന്ന് ഉറപ്പ്.
Verdict : Very Good
No comments:
Post a Comment