Thursday, August 16, 2018

Shining (1980) - Part 3


പോസ്റ്റ് 3 : ഭാഗം 3

ആദ്യ രണ്ട് പോസ്റ്റുകൾക്ക് കിട്ടിയ നല്ല പ്രതികരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് ആരംഭിക്കുന്നു. ഷൈനിങ് എന്ന ചിത്രം ഒരു ഹൊറർ സ്പൂഫ് ആകാനുള്ള സാധ്യതകൾക്കും, ഓവർലുക്ക് ഹോട്ടലിന്റെ ഘടനയിലെ അപാകതകൾക്കും ശേഷം സിനിമയിലെ ഒളിഞ്ഞിരിക്കുന്ന ചില വ്യവസ്ഥകളിലേക്ക് വെളിച്ചം വീശാൻ ശ്രമിക്കുകയാണ് ഈ പോസ്റ്റ്. ചിത്രത്തിലെ വിവിധ സന്ദർഭങ്ങളിൽ ഒട്ടും പ്രതീക്ഷിക്കാതെ കടന്നു വരുന്ന കണ്ണാടികളും ,അവയിലെ പ്രതിബിംബങ്ങളും അവ വിരൽ ചൂണ്ടുന്ന വസ്തുതകളും നമ്മൾ ആദ്യ കാഴ്ചയിൽ കരുതുന്നതിനേക്കാൾ തീവ്രമായ പല കാര്യങ്ങളും ഒളിപ്പിച്ചു വെച്ചിരിക്കുന്നു. ഈ വസ്തുതകൾ കഥാപരമായും,കഥാപാത്രപരമായും വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണെന്ന് സൂക്ഷ്മാന്വേഷണത്തിൽ മനസിലാക്കാൻ കഴിയും.

146 മിനിറ്റ് ദൈർഖ്യമുള്ള ചിത്രത്തിൽ പ്രധാനമായും അഞ്ച് സ്ഥലത്താണ് കണ്ണാടികളും പ്രതിബിംബങ്ങളും കടന്ന് വരുന്നത്. ഇവയിൽ ആദ്യത്തേത് ഓവർലുക്ക് ഹോട്ടലിലെ ടോറൻസ് കുടുംബം താമസിക്കുന്ന അപ്പാർട്മെന്റിലാണ്. ചിത്രത്തിലെ കുപ്രസിദ്ധമായ 237ആം നമ്പർ മുറിയിലും ,ഗോൾഡ് റൂമിലും, ഗോൾഡ് റൂമിലേക്ക് നീണ്ട് കിടക്കുന്ന ഹാളിലും, ഡാനി ടോണിയോട് സംസാരിക്കുന്ന ബാത്റൂം സീനിലും സമർത്ഥമായ രീതിയിൽ കണ്ണാടിയും പ്രതിബിംബവും സംവിധായകൻ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

237ആം നമ്പർ മുറിയുടെ മുന്നിൽ നിന്നും ഡാനി ഭയത്തോടെ നോക്കി നിൽക്കുന്ന രംഗത്ത് വാതിലിനപ്പുറം മുറിയുടെ ഉള്ളിൽ രണ്ട് കണ്ണാടികൾ കാണാം, ഇവ ഒരു വാതിലിന്റെ തന്നെ വലിപ്പം ഉള്ളവയും മുറിയുടെ ഒരു ഏകദേശ ചിത്രം ഡാനിക്ക് നല്കുന്നവയും ആണ്.രണ്ട് കണ്ണാടികളിലെയും പ്രതിബിംബങ്ങൾ മുറിയുടെ ഒരേകദേശ രൂപം ഡാനിക്ക് നൽകുന്നുണ്ട്, അതിലൂടെ മുറിക്കുള്ളിൽ താൻ കരുതുന്നത് പോലെ ഒന്നുമില്ല എന്ന ഒരു വിശ്വാസം ഡാനിക്ക് ലഭിച്ചിരിക്കണം. ടോറെൻസ് അപ്പാർട്മെന്റിലെ ആദ്യ സീനുകളിൽ ഒന്നിൽ കണ്ണാടിയിലെ പ്രതിബിംബത്തിൽ കാണുന്ന ജാക്കിന്റെ പ്രതിബിംബം ഡാനിയുടെ മുറിയിലേക്കുള്ള പാതയെ മറച്ചുപിടിക്കുകയും അച്ഛനെയും മകനെയും ഇരുവശങ്ങളിലേക്ക് മാറ്റി കാണിക്കുകയും ചെയ്യുന്നു. സിനിമയിൽ സംഭവിക്കാൻ പോവുന്ന കാര്യങ്ങളിലേക്കുള്ള ഒരു മുൻ‌കൂർ ജാമ്യം.

വെൻഡി ജാക്കിന് ഭക്ഷണം കൊണ്ടുകൊടുക്കുന്ന സീനിലാണ് മറ്റൊരു പ്രധാന മുൻ‌കൂർ ജാമ്യ പരിപാടി അരങ്ങേറുന്നത്.സീൻ ആരംഭിക്കുന്നത് തന്നെ ജാക്കിന്റെ ക്ലോസ് അപ്പ് ഷോട്ടിലൂടെ ആണ്. പിന്നിലേക്ക് വരുമ്പോൾ മാത്രമാണ് അത് കണ്ണാടിയിലെ പ്രതിബിംബം ആണെന്ന് കാഴ്ചക്കാരന് മനസ്സിലാവുന്നത്. ചിത്രത്തിലേക്ക് സൂം ചെയ്യുകയും പിന്നീട് കട്ട് ചെയ്ത് യഥാർത്ഥ ജാക്കിലേക്ക് മാറുകയും ചെയ്യുന്നുണ്ട്. ഇതേ മുറിയിലും ,ഇതേ കണ്ണാടിയിലുമാണ് ചിത്രത്തിന്റെ രണ്ടാം പകുതിയിൽ മർഡറർ എന്ന സീൻ സംഭവിക്കുന്നത്. പ്രസ്തുത സീനിൽ കൊലയാളി ആയി എത്തുന്നത് ജാക്ക് അല്ലാതെ മറ്റാരും അല്ല.വീണ്ടും ഒരു കുബ്രിക് മുൻ‌കൂർ ജാമ്യം.


ഇതൊക്കെ എവിടേക്ക് പ്രേക്ഷകനെ കൊണ്ടുപോവുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം അഞ്ചാമത്തെ രംഗത്ത് നിന്നും ലഭിക്കും. ചിത്രത്തിൽ പ്രത്യേകിച്ച് വലിയ പ്രാധാന്യം ഒന്നും തന്നെയില്ല എന്ന് കരുതിയ ഈ രംഗത്താണ് പ്രശ്നത്തിന്റെ താക്കോൽ കിടക്കുന്നത്. കണ്ണാടിയിൽ നോക്കി തന്റെ ദ്വന്ത്വവ്യക്തിത്വമായി ടോണിയോട് സംസാരിക്കുന്ന ഡാനി. ഈ സീനിൽ ടോണിയും ഡാനിയും തമ്മിലുള്ള സംസാരം പ്രേക്ഷകർക്കുള്ള സൂചനകളുടെ പെരുങ്കളിയാട്ടം തന്നെയാണ്.സംഭവിക്കാൻ പോവുന്ന കാര്യങ്ങൾക്കൊപ്പം ചിത്രം മുന്നോട്ട് വെക്കുന്ന ഡുവാലിറ്റിയാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. കഥാപാത്രങ്ങളുടെ ദ്വന്ത്വ വ്യക്തിത്വം, ലൊക്കേഷന്റെ ദ്വന്ത്വസ്വഭാവം സർവോപരി പ്രേക്ഷകന്റെ മനസ്സും, കഥയും തമ്മിലുള്ള അന്തരവും നിരന്തര കലഹവും. ഇവയ്‌ക്കൊക്കെയുള്ള സൂചനകളാണ് കണ്ണാടികളും പ്രതിബിംബങ്ങളും.

ഭാഗം 4 : വൺ പോയിന്റ് പേഴ്‌സ്പെക്ടിവ്

ഷൈനിങ് എന്ന ചിത്രത്തിൽ ഇടക്കിടയ്ക്ക് വന്നുപോവുന്ന മറ്റൊരു പ്രതിഭാസം ആണ് വൺ പോയിന്റ് പേഴ്‌സ്പെക്ടിവ്. കുബ്രിക് തന്റെ ചിത്രങ്ങളിൽ മിക്കതിലും ഉപയോഗിച്ച ഒരു സിദ്ധാന്തം, ക്ലോക്ക് വർക്ക് ഓറഞ്ചിലെ ഓപ്പണിങ് രംഗത്തും, പാത്ത്സ് ഓഫ് ഗ്ലോറിയിലെ ജനറലിന്റെ മാസ്സ് ഓപ്പണിങ് രംഗത്തും ഒക്കെ ആവേശമായി മാറിയ ഈ ടെക്നിക് ഷൈനിങ്ങിൽ അതിന്റെ പൂർണതയിൽ കാണാം. കുബ്രിക്കല്ല കണ്ടുപിടിച്ചതെങ്കിലും ഈ പഴ്സ്പെക്ടിവ് സിദ്ധാന്തം പ്രസിദ്ധി നേടിയത് അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ തന്നെ.ഏറ്റവും മികച്ച രീതിയിൽ വൺ പോയിന്റ് പെർസ്പെക്റ്റീവ് വിശദീകരിക്കാനാവുക യേശുക്രിസ്തുവിന്റെ അവസാന അത്താഴം എന്ന പെയിന്റിങ്ങിലൂടെ ആവും. തന്റെ കാഴ്ചക്കാരന്റെ ശ്രദ്ധ പൂർണമായും പിടിച്ചെടുക്കാൻ വേണ്ടി സ്ക്രീനിലെ പ്രധാന കഥാപാത്രത്തെ സീനിന്റെ ഒത്ത നടുക്ക് പ്രതിഷ്ഠിക്കുന്ന ടെക്നിക് ആണ് ഇത്. സീനിലെ ഇരു വശങ്ങളിലെയും വസ്തുക്കൾ തമ്മിൽ സിമെട്രി കൂടി ഉണ്ടായിരിക്കുന്നതാണ്.പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഈ ഒറ്റ ട്രിക്കിലൂടെ സംവിധായകൻ നേടിയെടുക്കുന്നത്.ആദ്യമായും കാഴ്ചക്കാരന്റെ മുഴുവൻ ശ്രദ്ധയും കഥാപാത്രങ്ങളിലേക്ക് നേടിയെടുക്കും, മനോഹരമായ വിശ്വൽ ആണ് ഈ ടെക്നിക്കിന്റെ മറ്റൊരു പ്രത്യേകത.എന്നാൽ പ്രധാനമായും ഇതിലൂടെ തങ്ങൾ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്ന സീനിൽ പ്രാധാന്യം അർഹിക്കുന്ന എന്തോ സംഭവിക്കാൻ പോവുന്നു എന്ന ഒരു ചിന്ത പ്രേക്ഷകരിൽ എത്തുകയും ജാഗരൂകൻ ആവാൻ മുന്നറിയിപ്പ് കൊടുക്കുകയും ചെയ്യുന്നു.


വൺ പോയിന്റ് പെർസ്പെക്റ്റീവ് പ്രധാനമായും ഈ ചിത്രത്തിൽ കടന്നുവന്നിരിക്കുന്ന സന്ദർഭങ്ങൾ ഡാനി സൈക്കിൾ ഓടിക്കുന്ന രംഗവും ,ജാക്ക് ബാറിലേക്ക് കടന്ന് ചെല്ലുന്ന രംഗവും ,237ആം നമ്പർ മുറിയിലേക്ക് ജാക്ക് കയറുന്ന രംഗവും, വെണ്ടി ഉന്തുവണ്ടി തള്ളിക്കൊണ്ട് പോവുന്ന രംഗവും ,ഹല്ലോരൻ ഹോട്ടലിൽ മടങ്ങിയെത്തി ഡാനിയേയും വെണ്ടിയെയും അന്വേഷിക്കുന്ന രംഗവുമാണ്.ഇതിൽ ആദ്യം പറഞ്ഞ മൂന്ന് രംഗത്തും ചില സാമ്യതകളുണ്ട്. അസ്വസ്ഥരായ കഥാപാത്രങ്ങളാണ് ഈ മൂന്ന് രംഗത്തും കടന്ന് വരുന്നത് ,സീനിന്റെ അവസാനം ഇരുവരും തങ്ങൾ ജീവിതത്തിൽ മറക്കാനാവാത്ത മൂന്ന് കാഴ്ചകൾ കാണുന്നു. ഡാനി കൊല്ലപ്പെട്ട സഹോദരിമാരെയും ജാക്ക് ബാത്ത്ടബ്ബിലെ ജീർണിച്ച ശരീരത്തെയും,പിന്നീട് സംസാരത്തിൽ പോലും ഭയം നിഴലിപ്പിക്കുന്ന ബാർടെൻഡറെയും കണ്ട് മുട്ടുന്നു. മനുഷ്യ മനസ്സിന് വിവരിക്കാനാവാത്ത മൂന്ന് കാഴ്ചകൾ. മൂന്നും മനോഹരമായ വൺ പോയിന്റ് പെർസ്പെക്റ്റീവിന്റെ മുന്നറിയിപ്പിന് ശേഷം വന്ന രംഗങ്ങൾ. ശേഷമുള്ള രണ്ട് രംഗങ്ങളിലുമുണ്ട് സാമ്യതകൾ വെണ്ടിയും ഹല്ലോരനും നടക്കുന്ന വഴി ഒന്ന് തന്നെയാണ്. ഹാളിലൂടെയുള്ള ഹല്ലോരന്റെ നടത്തം കലാശിക്കുന്നത് പില്ലറിന് പിന്നിലുള്ള ജാക്കിന്റെ കയ്യിലൂടെയുള്ള മരണം ആണെങ്കിൽ വെണ്ടി നടന്ന് ആ പില്ലറിന് അടുത്തെത്തുമ്പോൾ സീൻ പെട്ടെന്ന് അവസാനിക്കുന്നു. ഈ ചിത്രം പല വഴികളിലൂടെ അത്ഭുത പെടുത്തുന്നത് തുടർന്നു കൊണ്ടേയിരിക്കുന്നു.


No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...