Thursday, August 16, 2018

Shining (1980) - Part 2


ഭാഗം 1 : ഒരു സ്പൂഫിലേക്ക്

ആദ്യത്തെ പോസ്റ്റിന് നൽകിയ മികച്ച പ്രതികരണത്തിന് നന്ദി പറഞ്ഞ് കൊണ്ട് ആരംഭിക്കുന്നു. ഷൈനിംഗ് എന്ന ചിത്രത്തിനോളം തന്നെ പ്രായമുണ്ട് ഇതൊരു ഹൊറർ ചിത്രമാണോ അതോ സൈകോളോജിക്കൽ ത്രില്ലർ ആണോ എന്ന ചോദ്യത്തിന്. രണ്ട് വാദങ്ങളെയും ശെരി വെയ്ക്കുന്ന വസ്തുതകൾ ചിത്രത്തിൽ ഉടനീളം കാണാൻ കഴിയും.എന്നാൽ ഇവ രണ്ടിലും പെടാത്ത മൂന്നാമതൊരു സാധ്യത കൂടി ഈ ചിത്രത്തിൽ ഒളിഞ്ഞു കിടപ്പുണ്ടെന്നതാണ് സത്യം.ഷൈനിങ് എന്ന ഹൊറർ ചിത്രത്തിനും ഷൈനിങ് എന്ന ത്രില്ലറിനും അപ്പുറം അതുവരെ നിലനിന്ന ഹൊറർ സങ്കല്പങ്ങളെ പരിഹസിച്ച് കൊണ്ട് പുറത്തുവന്ന ഷൈനിങ് എന്ന ഹൊറർ സ്പൂഫ് ചിത്രത്തെ അധികമാരും ശ്രദ്ധിക്കാൻ വഴിയില്ല.

സ്പൂഫ് എന്ന വാക്ക് അല്പം കടന്നുപോയി എന്ന് ചിലർക്ക് തോന്നാമെങ്കിലും അതിനെ ന്യായീകരിക്കുന്ന ചില വസ്തുവകകൾ ചിത്രത്തിൽ ഉണ്ട്.ഒന്നാമതായി ചിത്രത്തിലെ പ്രധാന രംഗങ്ങളിൽ ഒന്നായ 237ആമത്തെ റൂമിലെ സ്ത്രീയുടെ സീൻ.തന്റെ മാദക സൗന്ദര്യം കാണിച്ച് അപരിചിതരെ വശീകരിച്ച് കൊണ്ടുപോയി,ഒടുവിൽ തന്റെ യഥാർത്ഥ രൂപം കാണിച്ച് പേടിപ്പിക്കുന്ന മൂലകഥ ഹാൻസെൽ ആൻഡ് ഗ്രിറ്റിൽ എന്ന കാർട്ടൂണിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണെന്ന് ചിത്രത്തിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകരിൽ ഒരാൾ പിന്നീട് പറയുക ഉണ്ടായി. മിക്കി മൗസ് ,മിന്നി മൗസ്,ഗൂഫി,സെവൻ ദ്വാരഫ്സ് തുടങ്ങി പ്രത്യക്ഷത്തിൽ ചിത്രത്തിൽ എത്തിയ കാർട്ടൂൺ കഥാപാത്രങ്ങളും കുറവല്ല.കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലുമുണ്ട് നിരവധി കാർട്ടൂൺ റെഫെറെൻസുകൾ. ഡിക്ക് ഹല്ലോരൻ എന്ന കഥാപാത്രം ഡാനിയെ അഭിസംബോധന ചെയ്ത് കൊണ്ട് പറയുന്ന "What's Up Doc" എന്ന സംഭാഷണം മുതൽ തന്റെ ഭാര്യയയോടും മകനോടും കൊലവെറിയോടെ ജാക്ക് ടോറൻസ് പറയുന്ന "Little Pigs,Little Pigs Let Me Come In" എന്ന സംഭാഷണം വരെ പ്രശസ്തമായ കാർട്ടൂൺ ഡയലോഗുകൾ തന്റെ ഇഷ്ടാനുസരണം കുബ്രിക് ഉപയോഗ പെടുത്തിയതാണ്. കഥാപാത്രങ്ങളുടെ അതി നാടകത്വം പ്രകടമാക്കുന്ന അഭിനയവും മറ്റൊരു തെളിവ് ആയി കണക്കാക്കാം.എന്തിരുന്നാലും ഏറ്റവും വലിയ കാർട്ടൂൺ റെഫെറെൻസുകളിൽ ഒന്ന് വെണ്ടിയുടെയും ഡാനിയുടെയും ഇൻട്രോ സീനിലാണ്.ഡാനിയെ ചികിൽസിക്കാൻ എത്തിയ ഡോക്ടറുടെ പുറകിലുള്ള ഗൂഫിയുടെ ആക്ഷൻ ഫിഗറും അതിന്റെ കോസ്ട്യുമും വെണ്ടിയുടേതുമായി വളരെ സാമ്യമുള്ളതാണ്.ചിത്രത്തിലെ പ്രശസ്തമായ ബേസ് ബോൾ ബാറ്റ് സീനിലെ വെണ്ടിയുടെ ഭാവങ്ങൾക്ക് കാർട്ടൂൺ കഥാപാത്രം ഗൂഫിയുടെ ചില ഭാവങ്ങളുമായി സാമ്യതകൾ ഉള്ളതായി പറയപ്പെടുന്നു.


എന്തിനു വേണ്ടി ഇതുപോലെ പ്രമേയത്തിലും അവതരണത്തിലും ഗൗരവമേറിയ ഒരു ചിത്രത്തിൽ ഇതുപോലെ കാർട്ടൂൺ ,ഫെയറി ടെയ്ൽ റെഫെറെൻസുകൾ കുബ്രിക് ഉൾപ്പെടുത്തി എന്ന ചോദ്യത്തിൽ നിന്ന് തന്നെയാണ് മേൽ പറഞ്ഞ മൂന്നാമത്തെ സാധ്യത ഉരുത്തിരിഞ്ഞു വരുന്നത്. അത് വരെ ഇറങ്ങിയ ഹൊറർ ചിത്രങ്ങളോട് പൊതുവെ വൈമുഖ്യം പ്രകടിപ്പിച്ചിരുന്ന കുബ്രിക് ആളുകളെ ഭയപ്പെടുത്താൻ ഭയാനകമായ സീക്വൻസുകൾ വേണ്ടെന്നും കേട്ട് പഴകിയ പഴങ്കഥകൾ മതിയെന്നും പറയാതെ പറഞ്ഞതാവണം.

ഭാഗം 2 - ഓവർലുക്ക് ഹോട്ടൽ

ഭൂമിശാസ്ത്രവും കാലാവസ്ഥയും എല്ലാം ഒഴിച്ചു നിർത്തി ഒരു ശരാശരി മനുഷ്യന്റെ ബുദ്ധിയിൽ ചിന്തിച്ചാൽ പോലും ഒരു തരത്തിലും വിശദീകരിക്കാനാവാത്ത ഒന്നാണ് ഓവർലുക്ക് ഹോട്ടലിന്റെ ഘടന. ഒരു രീതിയിലും സാധ്യമാവാത്ത ജനാലകളും വാതിലുകളും ചിലയിടത്ത് അപ്രതീക്ഷിതമായി കടന്ന് വരുന്ന കണ്ണാടികളും ചിത്രത്തിൽ ഉടനീളം കാണാൻ ആയേക്കും. ഇങ്ങനെയുള്ള അസാധ്യമായ ചില വസ്തുതകകളാണ് ഈ ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്.

1. ഉൽമാന്റെ മുറിയിലെ ജനാല - ജാക്ക് ആദ്യമായി ഓവർലുക്ക് ഹോട്ടലിൽ എത്തി ഹോട്ടലുടമ ആയ ഉൽമാനെ കാണുന്ന രംഗത്തിൽ ആണ് ഹോട്ടൽ ഘടനയിലെ ആദ്യ പ്രത്യക്ഷമായ പോരായ്മ തെളിഞ്ഞു കാണുന്നത്. പ്രസ്തുത സീനിൽ ഉൽമാന്റെ പിറകിൽ വിശാലമായ ജനാല കാണാമെങ്കിലും ചിത്രത്തിന്റെ ബാക്കിഭാഗം കണക്കിൽ എടുക്കുമ്പോൾ യഥാർത്ഥത്തിൽ അങ്ങനെ ഒരു ജനാലയുടെ സാധ്യത വളരെ കുറവാണ്.ഇതിന് കാരണം ടോറെൻസ് കുടുംബം ഹോട്ടലിൽ താമസിക്കാൻ എത്തി പരിചയപ്പെടുന്ന സീനിൽ നിന്ന് തന്നെ വ്യക്തമാവും.ഈ സീനിൽ ഉൽമനോടൊപ്പം ഹോട്ടൽ ചുറ്റിക്കാണാൻ ഇറങ്ങിയ ടോറൻസ് കുടുംബം ഓഫീസ് റൂം മറികടക്കുന്നതും അതിന് പിന്നിലെ കോറിഡോറിലൂടെ നടക്കുന്നതും വ്യക്തമായി കാണിച്ചിരിക്കുന്നു. ഈ കോറിഡോറിലൂടെ തന്നെ ജാക്കിനെ ഭയന്ന് ഓടുന്ന ഡാനിയും, ഭാര്യയെ കൊല്ലാനായി ജാക്കും, വിരുന്നുകാരെ കണ്ട് പേടിച്ച വെണ്ടിയും പിന്നീട് കടന്നുപോവുന്നുണ്ട്.അവയിലൊന്നും ജനാലയോ ആകാശമോ കാണാനില്ല അതിനാൽ തന്നെ പ്രസ്തുത ഘടന തെറ്റ് ആണെന്ന് കാണാനാവും.
2. 237ആം മുറിയിലേക്കുള്ള കോറിഡോർ - മേല്പറഞ്ഞ വിഷയം സങ്കീർണമായ ഷൂട്ടിങ്ങിനിടെ സംവിധായകന് പറ്റിയ ഒരു കൈപ്പിഴ ആയി കണ്ട് ഒഴിവാക്കാമായിരുന്നു,ഇത്തരത്തിൽ ഒരു തെറ്റ് വീണ്ടും അവർത്തിച്ചില്ലായിരുന്നുവെങ്കിൽ. ടോറെൻസ് കുടുംബത്തിനെയും കൂട്ടിക്കൊണ്ട് ഉൽമാൻ ഹോട്ടൽ ചുറ്റി കാണിക്കുന്ന സീനിൽ വസ്തുതകൾക്ക് നിരക്കാത്ത ഒന്നിലധികം മാറ്റങ്ങൾ ചൂണ്ടികാണിക്കാനാവും. ആദ്യമായി ഹാളിൽ കാണുന്ന റൂഫ് മുതൽ നിലം വരെ നീണ്ടു നിൽക്കുന്ന ജനാലയും അതില്കൂടി കാണുന്ന പുറംകാഴ്ചകളും. തൊട്ടടുത്ത സീനിൽ എതിർ ഭാഗത്തേക്ക് നടന്ന് കയറുന്ന സംഘം ഇങ്ങനെ ഒരു സീനിനുള്ള സാദ്ധ്യതകൾ തള്ളിക്കളയുന്നു. ഏറ്റവും വിചിത്രമായത് ബാക്ക്ഗ്രൗണ്ടിൽ വഴിയില്ലാതെ ഭാഗത്തേക്ക് തങ്ങളുടെ ബാഗുകളുമായി നടന്ന് പോവുന്ന വിരുന്നുകാരാണ്.
3. ടോറൻസ് അപാർട്മെന്റ് - തെറ്റുകളുടെ (??) ഒരു പെരുങ്കളിയാട്ടം തന്നെയാണ് ടോറെൻസ് അപാർട്മെന്റ്. ആദ്യമായി പ്രേക്ഷകൻ അപാർട്മെന്റിന്റെ ഉൾവശം കാണുമ്പോൾ രണ്ട് ജനാലകൾ പരസ്പരം 90 ഡിഗ്രിയിലുള്ള രണ്ട് ചുവരുകളിൽ ഉള്ളതായി കാണാം. അതിൽ നിന്ന് തന്നെ ഹോട്ടലിന്റെ എതോ ഒരു മൂലയ്ക്ക് ആണ് ടോറൻസ് അപാർട്മെന്റ് എന്ന് മനസിലാക്കാനാവും. എന്നാൽ പ്രശനം സങ്കീർണം ആവുന്നത് ഒരു ഇരുപത് മിനിറ്റ് മുന്നിലേക്ക് പോവുമ്പോഴാണ് ,ഉൽമാനും സംഘവും അപ്പാർട്മെന്റിലേക്ക് നടന്ന് വരുന്ന കോറിഡോറിൽ അപാർട്മെന്റ് ഏകദേശം മധ്യ ഭാഗത്ത് ആയാണ് കൊടുത്തിരിക്കുന്നത്.അതിനാൽ തന്നെ തൊണ്ണൂറ് ഡിഗ്രി രൂപത്തിൽ ജനാല സാധ്യമല്ല ,ഇനി സാധ്യമാണെങ്കിൽ തന്നെ അതിലൂടെ പുറം കാഴ്ചകളും വെയിലും കാണാൻ ഇടയില്ല.എന്നാൽ ഏറ്റവും പ്രധാനമായ ചോദ്യം കോറിഡോർ അപാർട്മെന്റിന്റെ മുന്നിൽ അവസാനിക്കുന്നില്ലെങ്കിൽ അത് എവിടേക്കാണ് നീണ്ട് പോയത് എന്നതിനാണ്.ജാക്കിൽ നിന്നും രക്ഷപ്പെടാനായി ജനൽ വഴി ഐസിലൂടെ ഡാനി ഊർന്ന് ഇറങുന്ന സീൻ വെളിച്ചം വീശുന്നത് അപാർട്മെന്റ് കോറിഡോറിന്റെ മധ്യഭാഗത്ത് ആണ് എന്ന വസ്തുതയിലേക്കാണ്.


ഇതിൽ നിന്നെല്ലാം ഉയർന്ന് വരുന്ന ചോദ്യം എന്തിന് എന്നതാണ്. ഇത് പോലെയുള്ള ഘടനയിലെ തെറ്റുകളും, അസാധ്യമായ രീതികളും എന്തിന് കുബ്രിക് തന്റെ ചിത്രത്തിൽ ഉൾപ്പെടുത്തി ??. ഈ ചോദ്യത്തിലേക്ക് വെളിച്ചം വീശാൻ ഒരു ചെറിയ ശ്രമം നടത്താം. ആദ്യമായി ഓവർലുക്ക് ഹോട്ടൽ എന്നത് വെറുമൊരു ഒറ്റപ്പെട്ട ഹോട്ടൽ അല്ല ,ചിത്രത്തിൽ തന്നെ കാണിച്ചിട്ടുള്ള വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന മെയ്‌സിന്റെ മറ്റൊരു പതിപ്പാണ്.ഓരോ കാഴ്ചയിലും മെയ്‌സിന്റെ ഘടന മാറിയതായി കാണാൻ ആവും,അതുപോലെ തന്നെയാണ് ഓവർലുക്ക് ഹോട്ടലും. ഹോട്ടലിനുള്ളിൽ പെട്ടുപോയവരുടെ മാനസികാവസ്ഥ മാറുന്നതിന് അനുസരിച്ച് ഹോട്ടലും പരിണമിക്കുകയാണ്.ഒരിക്കൽ അകപ്പെട്ടുപോയവർക്ക് പിന്നീട് രക്ഷപെടാൻ ആവുന്നില്ലെന്ന് മാത്രമല്ല അവർ ഹോട്ടലിന്റെ ഭാഗമായി മാറുകയാണ്. ഇങ്ങനെ ഒരേ സംഭവങ്ങളിലൂടെ തുടർച്ചയായി കടന്നു പോവുന്നത് കഥാപാത്രങ്ങളെ ഭ്രാന്തിലേക്ക് കടത്തി വിടുന്നു.

"All Work And No Play Makes Jack A Dull Boy"

No comments:

Post a Comment

1329. The Burmese Harp (1956)

Director : Kon Ichikawa Cinematographer : Minoru Yokoyama Genre : War Country : Japan Duration : 116 Minutes 🔸രണ്ടാം ലോക മഹായുദ്ധത്തോളം സിന...