പറഞ്ഞതിൽ കൂടുതൽ കഥ ഒളിപ്പിച്ചു വെച്ച് കൊണ്ട് ഷൈനിങ് എന്ന ചിത്രം സ്റ്റാൻലി കുബ്രിക് പ്രേക്ഷകന് സമ്മാനിച്ചത് മുപ്പത്തേഴ് വർഷങ്ങൾക്ക് മുൻപാണ്. ഈ മുപ്പത്തിയേഴ് വർഷങ്ങൾക്കിപ്പുറം ചിത്രം ഇന്നും ഒരു അമ്പരപ്പാണ് ,ഓരോ കാഴ്ചയിലും പുതിയത് എന്തെങ്കിലും ഈ ചിത്രം നൽകുന്നു .ഷൈനിങ് ഒരു തരത്തിൽ പറഞ്ഞാൽ ഒരു മരീചിക ആണ് ,സംവിധായകന്റെ മനസ്സിനൊപ്പം സഞ്ചരിച്ചവർ ചുരുക്കം മനസ്സിലാക്കിയവർ അപൂർവം. ഒരുപാട് അത്ഭുതപ്പെടുത്തിയ ചിത്രം ആയതിനാൽ തന്നെ പത്തിൽ കൂടുതൽ തവണ ഈ ചിത്രം കണ്ടിട്ടുണ്ട് ,ചിത്രത്തിനാധാരമായ നോവലും മറ്റ് കാര്യങ്ങളും തേടിപ്പിടിച്ച് വായിച്ചിട്ടുമുണ്ട്.ഇവയിൽ നിന്നെല്ലാം മനസ്സിലുടക്കിയ കൗതുകമുളവാക്കുന്ന കാര്യങ്ങളും കരണങ്ങളുമാണ് ഈ പോസ്റ്റിൽ ചേർത്തിരിക്കുന്നത്. ചിത്രത്തിന്റെ കഥാ സംബന്ധമായ കാര്യകാരണങ്ങൾ ഉൾപ്പെടുത്തി മറ്റൊരു പോസ്റ്റ് കൂടി എഴുതാമെന്ന് പ്രതീക്ഷിക്കുന്നു.
1. ചിത്രത്തിൽ ബാലതാരമായി അഭിനയം തുടങ്ങിയ ഡാനി ലോയ്ഡിനോട് ഇതൊരു ഹൊറർ ചിത്രമാണെന്നോ ,ഇത് പ്രമേയമാക്കിയ വിഷയത്തെക്കുറിച്ചോ ആരും ഒന്നും തന്നെ പറഞ്ഞിരുന്നില്ല. മാതാപിതാക്കളെ മോശമായി പ്രതിപാദിക്കുന്ന കഥ ആയതിനാൽ തന്നെ ഒരു അഞ്ച് വയസ്സുകാരനെ അത് ഏതു രീതിയിൽ ബാധിക്കും എന്ന് കുബ്രിക് ഭയപ്പെട്ടിരുന്നു.അതിനാൽ തന്നെ ഡാനിയുടെ കഥാപാത്രത്തെയും കൊണ്ട് വെൻഡി (അമ്മ) നിലവിളിച്ച് കൊണ്ട് ഓടുന്ന സീനിൽ കളിപ്പാവയെയാണ് ഉപയോഗിച്ചിരിക്കുന്നത്.
2. ചിത്രത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയാൽ സ്വാഭാവികമായും ചെന്നെത്തുന്നത് ജാക്ക് നിക്കോൾസന്റെ അസാമാന്യ പ്രകടനവും , Here's Johnny എന്ന ഡയലോഗിലും ആണ്. എന്നാൽ തന്റെ സിനിമയുടെ പെർഫെക്ഷന്റെ കാര്യത്തിൽ സന്ധിയില്ലാത്ത കുബ്രിക് ഈ സീൻ ഷൂട്ട് ചെയ്യാനായി മൂന്ന് ദിവസവും അറുപതോളം വാതിലുകളും ഉപയോഗിച്ചു .
3. തന്റെ ചിത്രങ്ങളുടെ സ്ക്രിപ്റ്റുകൾ ചിത്രീകരണത്തിനിടയ്ക്കും തോന്നലിന് അനുസരിച്ചും മാറ്റാൻ ഒരു മടിയുമില്ലാത്ത ആളാണ് കുബ്രിക്.ആയതിനാൽ തന്നെ ഈ ചിത്രം ഷൂട്ട് ചെയ്തത് കഥ നടക്കുന്ന ക്രമത്തിൽ തന്നെയാണ്.എല്ലാ സീറ്റുകളും എല്ലാ നടീനടന്മാരും ഏത് സമയത്തും ലൊക്കേഷനിൽ വേണം എന്നത് കുബ്രിക്കിന് നിർബന്ധമുള്ള കാര്യമായിരുന്നു.
4. ചിത്രത്തിനായി ഷൂട്ട് ചെയ്ത ഒരു സീൻ പിന്നീട് റിഡ്‌ലി സ്കോട്ടിന്റെ ബ്ലേഡ് റണ്ണർ എന്ന ചിത്രത്തിലും ,ഹോട്ടലിന്റെ സെറ്റ് പിന്നീട് കുറച്ച് മാറ്റം വരുത്തി ഇന്ത്യാന ജോൺസ് ചിത്രത്തിലെ പ്രശസ്തമായ പാമ്പുകളുടെ കല്ലറ സീനിലും ഉപയോഗിച്ചിട്ടുണ്ട്.
5. ചിത്രത്തിലെ ഏറ്റവും കഠിനം എന്ന് പൊതുവെ തോന്നിക്കുന്ന സീനായ് എലവറ്ററിൽ നിന്നും രക്തം ഒഴുകി വരുന്ന സീൻ വെറും മൂന്ന് ടേക്കിൽ കഴിഞ്ഞെങ്കിലും ഷോട്ട് റെഡി ആക്കാൻ ഉദ്ദേശം ഒരു വർഷമെടുത്തു.
6.ഒരു സീൻ ഏറ്റവും കൂടുതൽ റീടേക് എടുത്തതിനുള്ള റെക്കോർഡ് ഈ ചിത്രത്തിനാണ്.ഹോട്ടലിലെ ഷെഫ് ഡാനിക്ക് ഷൈനിങ് എന്താണ് എന്ന് വിവരിച്ചു കൊടുക്കുന്ന സീൻ 148 ടേക്കിൽ ആണ് പൂർത്തിയാക്കിയതെങ്കിൽ,നായിക സ്വയരക്ഷയ്ക്കായി ബാറ്റ് വീശുന്ന രംഗം നൂറോളം ടേയ്ക്കുകൾക്ക് ശേഷമാണ് റെഡി ആയത്.
7. തന്റെ നടീ നടന്മാരോട് അങ്ങേയറ്റം മോശം പെരുമാറ്റം ആയിരുന്നു കുബ്രിക് ഈ ചിത്രത്തിന്റെ സെറ്റിൽ.കഥയ്ക്ക് ആവശ്യമായ മൂഡ് കിട്ടുന്നതിനായി അവർക്ക് ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ മാത്രം ചെയ്യുന്നത് മുതൽ തുടർച്ചയായുള്ള ടേയ്ക്കുകളും അവരെ നന്നായി ബുദ്ധിമുട്ടിച്ചു.
8. കുബ്രിക്കിന്റെ ഈ പെരുമാറ്റം കൊണ്ട് തന്നെയാവണം ബാലതാരമായ ഡാനിയുടെയും ,ബാത്ത്ടബ് സീനിൽ അഭിനയിച്ച വൃദ്ധയുടെയും യുവനടിയുടെയും എല്ലാം അവസാന ചിത്രമായിരുന്നു ഷൈനിങ്.തങ്ങളുടെ ജീവിതകാലത്ത് പിന്നീടൊരു ചിത്രത്തിൽ ഇവർ പ്രത്യക്ഷപ്പെട്ടില്ല .
9. ചിത്രത്തിന്റെ വിശ്വൽസിലെ ഒരു പ്രത്യേകതയാണ് ഒരു പ്രധാന സംഭവം നടക്കുമ്പോൾ പ്രേക്ഷകരുടെ പൂർണ ശ്രദ്ധ ലഭിക്കാനായി സംഭവത്തെയോ വസ്തുവിനെയോ കൃത്യമായി സെന്ററിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ശ്രദ്ധ പിടിച്ചുപറ്റാനും കഥയുടെ ആവശ്യത്തിനുമായി മിക്ക സീനുകളിലും ചുവപ്പ് നിറവും കാണാനാവും.
10. മരണാന്തര ജീവിതവും പ്രേതവും ഉൾപ്പെടുന്ന കഥയിൽ എന്ത്കൊണ്ട് കുബ്രിക്കിന് താല്പര്യമേറി എന്ന സ്റ്റീഫൻ കിങ്ങിന്റെ ചോദ്യത്തിന് കുബ്രിക് നൽകിയ ഉത്തരം "പ്രേതകഥ പോലെ മനുഷ്യന് പ്രതീക്ഷ നൽകുന്ന ഒരു കഥ വേറെയില്ല കാരണം ഇതിൽ നമ്മൾ മരണത്തെയും അതിജീവിക്കുന്നു" എന്നാണ്.
11. ചിത്രത്തിലെ ജാക്ക് നിക്കോൾസന്റെ കഥാപാത്രത്തിനായി പരിഗണിച്ച നടന്മാരിൽ റോബർട്ട് ഡെനിരോ,റോബിൻ വില്യംസ്,ഹാരിസൺ ഫോർഡ് എന്നിവരും ഉണ്ടായിരുന്നു.വർഷങ്ങൾക്കിപ്പുറം തിരിഞ്ഞ് നോക്കുമ്പോൾ ആ കഥാപാത്രത്തിന് നിക്കോൾസനോളം മികച്ച ഒരു കാസ്റ്റിംഗ് ലഭിക്കാനില്ല എന്ന് പറയേണ്ടി വരും.
12. ചിത്രത്തിന് പ്രചോദനമായി കുബ്രിക് ഉയർത്തിക്കാട്ടിയത് മൂന്ന് ചിത്രങ്ങളാണ്. Eraserhead, Rosemarys Baby ,The Exorcist.
13. ചിത്രത്തിലെ മറ്റൊരു ബുദ്ധിമുട്ടേറിയ ഷോട്ട് ആയിരുന്നു ജാക്ക് നിക്കോൾസന്റെ കഥാപാത്രം ടെന്നീസ് ബോൾ ചുവരിലേക്ക് എറിയുന്ന സീൻ.തിരിച്ചുവരുന്ന ബോൾ ക്യാമറയുടെ ലെൻസിൽ തട്ടണം എന്ന് നിര്ബന്ധമുണ്ടായിരുന്നു സംവിധായകൻ അത് സാധ്യം ആവുന്നത് വരെ ഏറിയിച്ച് കൊണ്ടേയിരുന്നു.ഒടുവിൽ സെറ്റിലെ ഓരോരുത്തരും ശ്രമിക്കാൻ തുടങ്ങി.നീണ്ട പരിശ്രമത്തിനൊടുവിൽ അഞ്ചാം ദിവസം പന്ത് ലെൻസിൽ കൊണ്ടു.
14. ചിത്രത്തിനാധാരമായ നോവൽ പ്രകാരമാണെങ്കിൽ ഡാനിയോട് സംസാരിക്കുന്ന അദൃശ്യനായ കൂട്ടുകാരൻ ഡാനി തന്നെയാണ്.ഭാവിയിൽ നിന്നും തന്റെ ചുറ്റിലും നടക്കുന്ന കാര്യങ്ങൾ ഡാനിയെ അറിയിക്കാൻ എത്തിയ ഡാനിയുടെ ഭാവി പ്രതിരൂപം.എന്നാൽ ഈ കഥാ ബീജം കുബ്രിക് ചിത്രത്തിൽ ഉൾപ്പെടുത്തിയില്ല.
15. ക്ലാസിക് എന്ന് പിൽക്കാലത്ത് വിലയിരുത്തപ്പെട്ടെങ്കിലും അന്ന് മോശം നടിക്കും സംവിധായകനുമുള്ള റാസ്‌പേറി പുരസ്‌കാരത്തിന് ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.
16. കഥയ്ക്ക് ചേരാത്തത് എന്ന അഭിപ്രായത്തിൽ കുബ്രിക് വെട്ടിമാറ്റിയ ഒരു ക്ലൈമാക്സ് കൂടിയുണ്ട് ചിത്രത്തിന്.അത് പ്രകാരം വെൻഡിയെ കാണാൻ എത്തുന്ന ഹോട്ടൽ മാനേജർ അവർ പറയുന്ന സംഭവങ്ങൾ അവിടെ നടന്നതിന് തെളിവൊന്നുമില്ലെന്നും സംശയം മാറാൻ കുറച്ച് ദിവസം അയാളുടെ സാന്നിധ്യത്തിൽ അവർ അവിടെ വന്ന് താമസിക്കണം എന്നും നിർദേശിക്കുന്നു.
17. ജാക്കിന്റെ കഥ വെൻഡി പരിശോധിക്കുന്ന സീനിൽ അവൾ കാണുന്ന പേപ്പറുകളും അതിലെ All Work And No Play Makes Jack A Dull Boy എന്ന സംഭാഷാങ്ങളും പൂർണമായി ടൈപ്പ് ചെയ്തതാണ്.ഇതിനായി കുബ്രിക് ഒരു അസിസ്റ്റന്റിനെ മൂന്ന് മാസത്തോളം ജോലിക്ക് നിർത്തിയതായും പറയപ്പെടുന്നു.
18. ചിത്രത്തിന്റെ കഥ രചിച്ച സ്റ്റീഫൻ കിംഗ് ബാൾറൂം പാർട്ടി സീനിൽ കണ്ടക്ടറായി അഭിനയിച്ചിട്ടുണ്ട്. പൂർത്തിയായ ചിത്രത്തിൽ സ്റ്റീഫൻ കിംഗ് പിൽക്കാലത്ത് അതൃപ്തി പ്രകടിപ്പിച്ചത് ചരിത്രം.
ഇതുപോലെ ഒരുപാട് വ്യത്യസ്തമായ കാര്യങ്ങൾ ഈ ചിത്രത്തെ കുറിച്ച് പറയാൻ ബാക്കി കിടക്കുന്നു. ഒരു തവണയെങ്കിലും ഈ ചിത്രം കണ്ടില്ലെങ്കിൽ അതിനെ നഷ്ടം എന്ന് പറഞ്ഞാൽ തീരില്ല.ഷൈനിങ് എന്ന ചിത്രത്തിൽ തന്റെ കഥാപാത്രങ്ങൾക്കും നടീ നടന്മാർക്കും അപ്പുറം പ്രേക്ഷകന്റെ മനസ്സ് വെച്ച് കളിച്ച കുബ്രിക്കിന്റെ ചില കളിതമാശകൾ ഉൾപ്പെടുത്തി കൊണ്ട് മറ്റൊരു പോസ്റ്റുമായി എത്താം എന്ന് പ്രതീക്ഷിക്കുന്നു.
No comments:
Post a Comment