Thursday, August 16, 2018

Shining (1980) - Part 5


പോസ്റ്റ് 5 : ഭാഗം 6

അച്ഛനും മകനും

ഷൈനിംഗ് എന്ന ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരാൻ പോവുന്ന ഈ സാഹചര്യത്തിലും ,ചിത്രം പ്രധാനമായും ശ്രദ്ധ ചെലുത്താൻ പോവുന്നത് ഡാനിയിൽ ആയതിനാലും ജാക്കും ഡാനിയും തമ്മിലുള്ള ബന്ധം ഒരു പരിധി വരെ ചിത്രത്തെ മുന്നോട്ട് നയിക്കുന്ന ഘടകം ആയതിനാലും ഈ ഭാഗം അതിലേക്ക് വെളിച്ചം വീശാനുള്ള ഒരു എളിയ ശ്രമം ആണ്. ഡാനിയുടെയും ജാക്കിന്റെയും സ്വഭാവ വൈകല്യങ്ങളെ കുറിച്ച് മുൻഭാഗങ്ങളിൽ പരാമർശിച്ചിരുന്നല്ലോ ,എന്നാൽ ഇരുവരും തമ്മിലുള്ള വൈകാരിക ,ശാരീരിക ബന്ധത്തിൽ വേണ്ട ശ്രദ്ധ നമ്മൾ ഇനിയും നൽകിയിട്ടില്ല. ചിത്രത്തിൽ തന്റെ മനസ്സ് കൈവിട്ട ശേഷം ജാക്ക് ഡാനിയ്ക്ക് നേരെ കാട്ടിക്കൂട്ടിയ ചെയ്ത്തുകൾ ഒരു ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല ,പ്രത്യേകിച്ചും ചിത്രത്തിന്റെ ആരംഭത്തിൽ വെന്ഡി ഡാനിയെ പരിശോധിക്കാനായി എത്തിയ ഡോക്ടറോട് പറയുന്ന സംഭാഷണങ്ങൾ ശ്രദ്ധിക്കുക. ജാക്കിന് തന്റെ മകനോടുള്ള സ്നേഹത്തെ പറ്റിയും ,ഒരുനാൾ മദ്യ ലഹരിയിൽ അവനോട് ചെയ്ത് പോയ തെറ്റിനെ പറ്റിയും തുടർന്ന് മദ്യപാനം ഉപേക്ഷിച്ച സംഭവത്തെയും എല്ലാം വെന്ഡി വിശദീകരിക്കുന്നുണ്ട് ,എന്നാൽ അവ പറയുമ്പോൾ അവളുടെ മുഖത്ത് നിഴലിച്ച് നിന്ന നിസ്സംഗതയും ,നിർവികാരതയും ,നിസ്സഹായതയും മറ്റൊരു മാനം ആണ് നൽകുന്നത്.

ഈ ഭാഗത്ത് വളരെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട് ,സമയം എന്ന വസ്തുത. മകനെ ഉപദ്രവിച്ചതിൽ മനോവിഷമം ഉണ്ടായിരുന്ന ഡാനി മദ്യപാനം ഉപേക്ഷിച്ചത് വെൻഡിയുടെ വാക്കുകളിൽ അഞ്ച് മാസങ്ങൾക്ക് മുൻപാണ്. ഇനി പറയാൻ പോവുന്ന കാലയളവുകൾ പ്രത്യേകം ശ്രദ്ധിക്കുക ,വെന്ഡി അഞ്ച് മാസങ്ങൾക്ക് മുന്നേ നടന്ന കാര്യം ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിച്ചതും ഓർക്കുക. ടോറെൻസ് കുടുംബം ഓവർലുക് ഹോട്ടലിൽ ചിലവഴിക്കുന്നത് ഒരു മാസത്തോളം സമയമാണ് ,ചില്ലറ മാറ്റങ്ങൾ കൂടി പരിഗണിക്കുകയാണെങ്കിൽ രണ്ട് മാസം എന്ന് വേണമെങ്കിൽ ഉറപ്പിക്കാം. അതായത് മുൻപ് സൂചിപ്പിച്ച മദ്യപാന സമയവും ജാക്ക് തന്റെ മനസ്സ് കൈവിട്ട് പോവുന്നതുമായ കാലത്തിന് ഇടയിൽ ഏകദേശം ഏഴ് മാസങ്ങളുടെ പഴക്കം മാത്രം.


ഗോൾഡ്‌റൂമിൽ ജാക്ക് ലോയ്ഡും ആയി ഏർപ്പെട്ട സംഭാഷണങ്ങൾ ശ്രദ്ധിക്കുക ,ഇവയിൽ ജാക്ക് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട് തന്റെ ജീവിതം കീഴ്മേൽ മറിച്ചതും നശിപ്പിച്ചതും എല്ലാം അഞ്ച് മാസങ്ങൾക്ക് മുന്നേ നടന്ന സംഭവങ്ങൾ ആണെന്നത്. എന്നാൽ ഈ വിഷയത്തിലെ ഏറ്റവും വൈരുധ്യം സൂചിപ്പിക്കുന്ന സംഭാഷണം ജാക്കിൽ നിന്ന് തന്നെ കേൾക്കാനാവും. അങ്ങേയറ്റം ക്ഷുഭിതനും തനിക്ക് ചുറ്റും അരങ്ങേറുന്ന സംഭവ വികാസങ്ങളിൽ തിരിച്ചറിവ് നഷ്ട്ടപ്പെട്ടു നിൽക്കുന്ന സമയത്ത് ജാക്കിന്റെ വാക്കുകൾ ശ്രദ്ധിക്കുക "I did hurt him once ok. It was an accident, completely unintentional. And It was 3 goddamn years ago...."

ആദ്യം വെന്ഡി സൂചിപ്പിച്ച അഞ്ച് മാസം എന്ന കണക്കും ,പിന്നീട് സ്വാഭാവികമായി രൂപപ്പെട്ട ഏഴ് മാസം എന്ന കണക്കും ,ജാക്ക് ലോയ്ഡിനോട് പറഞ്ഞ അഞ്ച് മാസ കണക്കും ,പിന്നീട് സംഭാഷണത്തിൽ അറിയാതെ എങ്കിലും പറഞ്ഞ മൂന്ന് വർഷത്തെ കണക്കും ,ഇവയ്‌ക്കെല്ലാം പുറമെ ഓവർലുക്ക് ഹോട്ടലിൽ വെച്ച് മകനെ കൊല്ലാനുള്ള ജാക്കിന്റെ ശ്രമങ്ങളും എല്ലാം വിരൽ ചൂണ്ടുന്നത് ഒരേയൊരു വസ്തുതയിലേക്ക് ആണ്. ജാക്ക് ടോറെൻസ് അന്നും ഇന്നും എന്നും അച്ഛൻ എന്ന നിലയിൽ തികഞ്ഞ ഒരു റാസ്കൽ തന്നെ ആയിരുന്നു ,വെണ്ടി എത്ര മറച്ച് വെക്കാൻ ശ്രമിച്ചാലും സത്യം സത്യമല്ലാതാവുന്നില്ല.

ഭാഗം 7

ടോറെൻസ് കുടുംബം

മകനെ വേദനിപ്പിക്കുന്നതും ഉപദ്രവിക്കുന്നതും ഒരു ശീലമാക്കിയ വ്യക്തി ആണ് ജാക്ക് എന്ന വസ്തുതയിൽ നിന്ന് കൊണ്ട് ടോറെൻസ് കുടുംബത്തെ ഒന്ന് നിരീക്ഷിച്ച് നോക്കാം. "അച്ഛാ ,നിങ്ങൾക്ക് ഒരിക്കലും അമ്മയെയും എന്നെയും ഉപദ്രവിക്കാൻ കഴിയില്ലല്ലോ അല്ലെ ?" ചിത്രത്തിന്റെ ആദ്യ പകുതിയിൽ ഡാനി ജാക്കിനോട് ചോദിക്കുന്ന ഈ ചോദ്യം ശ്രദ്ധിക്കുക. മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇതിൽ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നത് ,ആദ്യമായി ഈ സംഭാഷണം പിന്നീട് അരങ്ങേറിയ സംഭവങ്ങളെ എത്രത്തോളം മികച്ച രീതിയിൽ മുൻകൂട്ടി സൂചിപ്പിക്കുന്നുണ്ട് എന്നതാണ് ,അത് പോരാതെ മറ്റൊരു കാര്യം മിക്കവരും വിട്ട് പോയത് ജാക്കിന്റെ ശബ്ദത്തിൽ വരുന്ന മാറ്റമാണ്. അത്രയും നേരം ഡാനിയോട് സംസാരിച്ച ശാന്തമായ ശബ്ദത്തിൽ നിന്നും ഞൊടിയിടയിൽ വന്ന വന്യമായ ശബ്ദ മാറ്റവും അതിനോടൊത്ത തീക്ഷ്ണതയും ഉറങ്ങി കിടക്കുന്ന ദ്വന്ത്വ സ്വഭാവത്തിന്റെ സൂചനയാണ്, എന്നാൽ ഏറ്റവും ശ്രദ്ധ ചെലുത്തേണ്ടത് ഡാനിയിൽ തന്നെയാണ്. അവന്റെ ഭയം ,അത് ലഘു ആയി തള്ളിക്കളയേണ്ട കാര്യമല്ല.

ഭയം അത് എന്തിനോട് ആയാലും എന്ത് തന്നെ ആയാലും കാരണം ഉണ്ടാവും. ഡാനിയെ സംബന്ധിച്ചിടത്തോളം ഈ ഭയത്തെ സൂചിപ്പിക്കാൻ ഒരു കാരണമേ നമുക്ക് മുന്നിലുള്ളൂ. മകനെ ഉപദ്രവിക്കുന്നതിലും ,വേദനിപ്പിക്കുന്നതിലും അവനെ ഒരു പരിധി വരെ ശാരീരികമായി മുതലെടുക്കുന്നതിലും ഉന്മാദം കണ്ടെത്തുന്ന അച്ഛനും ,ഇതിനെല്ലാം മൗനം അല്ലാതെ മറ്റൊരു മറുപടിയും ഇല്ലാത്ത നിസ്സഹായ ആയ അമ്മയും ആവണം ഭയത്തിന്റെ കാരണങ്ങൾ. ഇവരോടൊപ്പം ഒരു അവധിക്കാലം മുഴുവൻ ചിലവഴിക്കാനായി ഓവർലുക് ഹോട്ടലിൽ എത്തുന്ന ഡാനിയുടെ മനസ്സിലെ ഭയം തീർത്തും ന്യായവുമാണ്.

ഈ സംഭവങ്ങളിൽ ജാക്കിന്റെ നിലപാട് വിശദമാക്കാൻ അയാളുടെ മൂന്ന് സംഭാഷണങ്ങൾ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു, വെണ്ടിയുമായി തർക്കത്തിൽ ഏർപ്പെട്ട ജാക്ക് അവളോട് സ്വയം ന്യായീകരിച്ച് കൊണ്ട് പറയുന്ന സംഭാഷണത്തിൽ "ഇത് അവൻ തന്നെ അവനോട് ചെയ്തതാണ് ,ഈ സംഭവത്തെ പറ്റിയുള്ള അവന്റെ വിശദീകരണം ഒഴിവാക്കി നോക്കിയാൽ മനുഷ്യബുദ്ധിക്ക് നിരക്കുന്ന എന്താണ് ഉള്ളത് ? ഇത് പഴയ സംഭവം പോലെ തന്നെയാണ്" എന്ന് പറയുന്നുണ്ട്. ഇവയിൽ കാണാനാവുക ഒരു തരം ഡിനയൽ ആണ് ,സത്യം എന്താണ് എന്ന് ജാക്കിന് അറിയാം ,അത് വെണ്ടിക്കും അറിയാം എന്നാൽ അംഗീകരിക്കാൻ തയാറല്ല ,അത് അയാളോട് പറയാൻ പോലും അവൾക്ക് ഭയം ആണ്. മേല്പറഞ്ഞ സംഭാഷണത്തിന് ശേഷം ഡോർ വലിച്ചടച്ച് കൊണ്ട് ഡാനിക്ക് നേരെ വൈരാഗ്യ ബുദ്ധിയോട് കൂടിയ നോട്ടം നൽകി കടന്ന് പോവുന്ന ജാക്കിനെയും ഓര്മിക്കേണ്ടി ഇരിക്കുന്നു.

അടുത്ത സംഭാഷണം ഒരു തരം മനോഗതമാണ് ,"I Wouldn't touch one hair of his goddamn head, I love the little son of a bitch, I'd do anything for him....." ഈ സംഭാഷണത്തിൽ കാണാൻ കഴിയുക വ്യത്യസ്തനായ ഒരു ജാക്കിനെ ആണ് ,തന്റെ മകനെ താൻ ഉപദ്രവിക്കില്ല ,അതിന് തന്നെക്കൊണ്ട് കഴിയില്ല എന്ന് നൂറാവർത്തി മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിക്കുകയും ,എന്നാൽ അയാൾ പോലും അറിയാതെ വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും അണ വാക്കുകളിൽ പൊട്ടി ഒഴുകുന്നത് നിയന്ത്രിക്കാൻ പോലും കഴിയാത്ത തികച്ചും വന്യമായ ജാക്ക് ടോറെൻസ്.


മൂന്നാമത്തെ സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്ന കഥാപാത്രങ്ങൾ ഭാര്യയും ഭർത്താവുമാണ്. ഇവിടെ വിഷയം തന്റെ മകനെ ചികിൽസിക്കാനായി ഡോക്ടറെ കൊണ്ടുവന്ന സംഭവം ആണ് ,സ്വാഭാവികം ആയും ഡോക്ടറുടെ വരവിനെ ജാക്ക് എതിർക്കുകയാണ്. ഇവിടെ ഉളവാകുന്ന വികാരം താനും ഭാര്യയും മകനും ഉൾപ്പെടുന്ന കുടുംബകാര്യങ്ങളിലേക്ക് മൂന്നാമത് ഒരു വ്യക്തി കൂടി കടന്നുവരുന്നതിൽ ജാക്കിനുള്ള നീരസം ആണ്. ഈ വികാരത്തിനുള്ള കാരണം തന്റെ മകനോടുള്ള തന്റെ പെരുമാറ്റം മറ്റൊരാൾ അറിയും എന്നതും ,അത് സ്വാഭാവികമായും തന്റെ വികട വ്യക്തിത്വത്തിനുള്ള അടി ആവും എന്ന ജാക്കിന്റെ തിരിച്ചറിവ് തന്നെയാണ്.

മേല്പറഞ്ഞ സംഭവങ്ങൾ വിരൽ ചൂണ്ടുന്നത് മദ്യപാനിയും ഉന്മാദിയും ആയ ജാക്ക് ടോറെൻസിന്റെയും അയാളുടെ ജീർണിച്ച കുടുംബത്തിന്റെയും ദുരഭിമാനത്തിന്റെയും വസ്തുതകൾ ആണെന്ന് കരുതാം ,അപ്പോഴും ബാക്കി നിൽക്കുന്നത് സ്റ്റോർ റൂമിൽ നിന്നും അയാളെ ആര് പുറത്തിറക്കി എന്നതും ഒരുപാട് കുഴക്കിയ മറ്റൊരു സംഭവവും ആണ്. ഹോട്ടലിലേക്ക് കടന്നുവന്ന ജാക്കിനോട് പറയുന്ന സംഭാഷണം ശ്രദ്ധിക്കുക ,അതിൽ വ്യക്തമായി പറയുന്നുണ്ട് അവധി കാലത്ത് ഹോട്ടലിലെ മദ്യം ഉൾപ്പെടെ ഉള്ള വസ്തുവകകൾ ഒഴിവാക്കും എന്നത് ,എന്നാൽ ബാറിൽ വെച്ച് ജാക്ക് കുടിക്കുന്ന മദ്യവും അത് ഒരു നിമിഷത്തേക്കെങ്കിലും അയാളിൽ ഉണ്ടാക്കിയ പൈശാചിക മാറ്റവും ഒരു ചോദ്യചിഹ്നമാണ്. മദ്യത്തിന്റെ കാര്യം ഒഴിവാക്കാം ,അത് വെറുമൊരു ഭാവന മാത്രമാണ് എന്നും കരുതാം എന്നാൽ ആ സീനിൽ ജാക്കിന്റെ മുഖഭാവം ക്ലൈമാക്സിൽ മരണത്തിന് തൊട്ട് മുൻപുള്ള ഭാവവുമായി അത്ഭുതാവഹമായ സാമ്യം വന്നതെങ്ങനെ ,ഇത് കൊണ്ട് ഉദ്ദേശിക്കുന്നതെന്താണ്. ചോദ്യങ്ങൾ ഒരുപാട് അവശേഷിക്കുന്നു ,ഈ സിനിമ ഓരോ കാഴ്ചയിലും ഒരത്ഭുതമായി മാറുകയാണ്.

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...