പോസ്റ്റ് 4 : ഭാഗം 5
ജാക്ക് ടോറൻസ്
"Its Just The Story Of One Mans Family Quietly Going Insane Together" ഷൈനിങ് എന്ന ചിത്രത്തെ മേല്പറഞ്ഞ സംഭാഷണത്തിലൂടെ ഏറ്റവും ലളിതമായി വിവരിച്ചത് ചിത്രത്തിന്റെ സംവിധായകനായ കുബ്രിക് തന്നെയാണ്.
സിനിമയിൽ പറയപ്പെടുന്ന സംഭവങ്ങളിലും കഥകളിലും ജാക്കിനുള്ള പങ്ക് ഓരോരുത്തരിലും വെവ്വേറെ നിഗമനങ്ങൾ ആണ് ഉണ്ടാക്കിയിരിക്കുന്നത് എങ്കിലും ജാക്കിന്റെ മാനസിക നില ഒരു സ്വാഭാവിക മനുഷ്യനിൽ നിന്നും വളരെ വ്യത്യസ്തമാണെന്ന് തർക്കം ഏതുമില്ലാതെ പറയാനാവും. മറ്റൊരു രീതിയിൽ പറയുകയാണെങ്കിൽ വീഴാൻ തയാറായി നിന്ന ഒരു വടവൃക്ഷത്തിന് ലഭിച്ച തട്ട് മാത്രമാണ് ഓവർലുക് ഹോട്ടൽ.
ഓവർലുക്ക് ഹോട്ടലിൽ കെയർടേക്കറായി എത്തുന്നതിന് മുൻപേയുള്ള ജാക്കിന്റെ ജീവിതത്തെ കുറിച്ചും ,ഡാനിയോടുള്ള പെരുമാറ്റത്തെ കുറിച്ചുമുള്ള അസ്വാഭാവികമായ ചിത്രം വെണ്ടി ഡോക്ടറുമായി നടത്തുന്ന സംഭാഷണങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. മദ്യപാനിയായ ജാക്കിന്റെ ആക്രമണ മനോഭാവത്തെ കുറിച്ചും പഠിപ്പിച്ചിരുന്ന കോളേജിൽ നിന്നും പടിയിറങ്ങേണ്ടി വന്നതിനെ കുറിച്ചും ,ജാക്കിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട നിമിഷം ഡാനിയുടെ കഴുത്തിന് സംഭവിച്ച അപകടത്തെ കുറിച്ചുമെല്ലാം ചിത്രത്തിൽ പലയിടത്തും പരോക്ഷമായി സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. ജാക്കിന്റെ മനസികനിലയെ കുറിച്ച് കൂടുതൽ ആഴത്തിൽ പോവാനായി ചിത്രത്തിലെ നാല് സംഭവങ്ങൾ ഉപയോഗിക്കുകയാണ്. താഴെ പറയാൻ പോവുന്ന കാര്യങ്ങൾ യാതൊരു വിധത്തിലും സമർത്തിക്കലല്ല. യഥാർത്ഥത്തിൽ ഈ രംഗങ്ങളിൽ എന്താണ് ഉദ്ദേശിച്ചത് എന്താണെന്ന് വിശദീകരിക്കാൻ കൂബ്രിക് തന്നെ വരേണ്ടിവരും ,ആയതിനാൽ ഒരു അന്വേഷണ മനോഭാവത്തിലാണ് കാര്യങ്ങൾ പ്രതിപാദിച്ചിരിക്കുന്നത്.
ജാക്കിന്റെ മനസികനിലയെ ചോദ്യം ചെയ്യേണ്ട ആവശ്യകത ഒരു ചോദ്യചിഹ്നമായി പ്രേക്ഷകരിൽ എത്തുന്ന ആദ്യ രംഗം ജാക്ക് വെണ്ടിയുമായി വഴക്ക് ഉണ്ടാക്കിയ ശേഷം ബാറിലേക്ക് നടന്ന് പോവുന്ന രംഗമാണ്.വെണ്ടിയുമായുണ്ടായ വാക്കുതർക്കത്തിനിടെ ജാക്ക് ഡാനിയെ മർദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവം വെണ്ടി പ്രതിപാദിച്ചത് ജാക്കിനെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്. മദ്യപിച്ചിരുന്നെങ്കിലും അന്ന് നടന്ന പ്രസ്തുത സംഭവം ജാക്കിനെ വല്ലാതെ ബാധിച്ചിരുന്നെന്നും മനസ്സിനെ ഉലച്ചിരുന്നെന്നും അതിനാലാണ് ജാക്ക് മദ്യപാനം നിർത്തിയത് എന്നും ഓർക്കണം. വെണ്ടി പഴയ സംഭവങ്ങൾ വീണ്ടും പ്രതിപാദിച്ചപ്പോൾ ജാക്കിന്റെ ഉള്ളിൽ ഉറങ്ങി കിടന്ന പശ്ചാത്താപവും വിഷമവും എല്ലാം വീണ്ടും ഉണരുകയാണ്. ബാറിലേക്ക് നടന്ന് പോവുമ്പോൾ തന്റെ പ്രതിബിംബം കണ്ണാടിയിൽ കണ്ട ജാക്ക് അറപ്പോടെയും വെറുപ്പോടെയും അതിനെ നോക്കുന്നത് അതിനാൽ തന്നെ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു രംഗമാണ്.
കണ്ണാടികൾ വെച്ച് കുബ്രിക് കളിച്ച കളിയുടെ പ്രാധാന്യം വീണ്ടും ഏറി വരികയാണ്. മേൽ പറഞ്ഞ സീനിന്റെ തൊട്ടടുത്ത രംഗം ഓർക്കുക. ബാറിലെത്തിയ ജാക്ക് ഒഴിഞ്ഞ മുറിയും ടേബിളും നോക്കി ഒരു നിമിഷം ഇരുന്ന ശേഷം മുൻപ് പ്രതിപാദിച്ച അറപ്പോടും വെറുപ്പോടും കൂടി തന്റെ മുഖം പൊത്തി ഇരിക്കുന്നത് കാണാനാവും. വീണ്ടും ഈ മുഖഭാവം ആവർത്തിക്കാനുള്ള കാരണം മറ്റൊന്നുമല്ല ,താൻ ഇരുന്ന കസേരയ്ക്ക് എതിർവശം ജാക്ക് കണ്ട തന്റെ പ്രതിബിംബം തന്നെയാണ്. ചിത്രത്തിന്റെ ഗതി മാറുന്നത് ഇവിടെ നിന്നുമാണ് ,ആരുമില്ലാതെ ഒഴിഞ്ഞു കിടന്ന ഓവർലുക്ക് ഹോട്ടലിൽ ബാർമാൻ ആയ ലോയ്ഡിന്റെ രംഗപ്രവേശനം ഇവിടെയാണ്. ഈ രംഗത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇരിപ്പുണ്ട്, ഒന്നാമതായി ലോയ്ഡിന്റെ മുഖത്ത് നിറഞ്ഞുനിൽക്കുന്ന നിസ്സംഗത ,രണ്ടാമതായി അയാളും ജാക്കും ഇട്ടിരിക്കുന്ന വസ്ത്രങ്ങളും ചിരിയും ,പരസ്പരം വർഷങ്ങളായി അറിഞ്ഞതു പോലെയുള്ള പെരുമാറ്റവും. ചിത്രത്തിന്റെ മറ്റൊരു ഭാഗത്തും ലോയ്ഡിനെ കാണിക്കുന്നതോ പറയുന്നതോ ഇല്ല എന്നതും ശ്രദ്ധേയമാണ്.
മേല്പറഞ്ഞ രംഗങ്ങളോടൊപ്പം തന്നെ ചേർത്തുവായിക്കേണ്ട രംഗങ്ങളാണ് ജാക്ക് റൂം നമ്പർ 237ൽ കാണുന്ന സ്ത്രീയും ,ലവട്ടറിയിൽ വെച്ച് കണ്ടുമുട്ടുന്ന ഗ്രേഡിയും. ലോയ്ഡിനെ സംബന്ധിച്ച് പറഞ്ഞത് പോലെ അത്യന്തം രഹസ്യ സ്വഭാവമുള്ള കഥാപാത്രങ്ങൾ. എന്നാൽ ഈ മൂന്ന് കഥാപാത്രങ്ങൾക്കും ചില സാമ്യതകളുണ്ട് ,പ്രത്യേകിച്ചും ജാക്കുമായി ഇടപെടുന്ന രീതികളിൽ. മൂന്ന് കഥാപാത്രങ്ങളും സിനിമയിലെ ജാക്കിന്റെ ആ സമയത്തെ മനസികനിലയുമായി വളരെ അടുത്തിരിക്കുകയാണ്. ലോയ്ഡിന്റെ മുഖത്ത് കണ്ട നിസ്സംഗതയും വേദനയും ദേഷ്യവും തന്റെ ഭൂതകാലം വീണ്ടും വേദനപ്പിക്കുന്ന ഒരു ഓർമയായി തിരികെ വരുമ്പോഴുള്ള ജാക്കിന്റെ മനോഭാവം ഓർമിപ്പിക്കുമ്പോൾ ,237ആം നമ്പർ മുറിയിലെ യുവതി ജാക്കിൽ ഉറങ്ങി കിടക്കുന്ന ഭയത്തെ ഉണർത്തുകയാണ് ,തന്റെ ജീവിതം കൈവിട്ട് പോവുമെന്ന ഭയം ,തന്റെ കുടുംബത്തിന്റെ നാശം താൻ കാരണം ആവും എന്ന ഭയം. ഗ്രേഡിയുമായുള്ള കൂടിക്കാഴ്ച ജാക്കിന്റെ വീഴ്ചയുടെ അവസാന ഭാഗമാണ് ,അയാൾ അയാളെ മറന്ന് തുടങ്ങിയിരിക്കുന്നു ,അയാളുടെ കുടുംബത്തെയും സ്നേഹത്തെയും മറന്ന് തുടങ്ങിയിരിക്കുന്നു. അയാളുടെ കുടുംബത്തെ ഇല്ലാതാക്കാനായി മാനസികമായി തയാറെടുക്കുന്ന ജാക്കിനെയാണ് ഈ രംഗത്ത് കാണാൻ ആവുക.ഗ്രേഡിയുമായുള്ള സംഭാഷണത്തിനിടെ മക്കളെ കൊന്ന കാര്യം ജാക്ക് പരോക്ഷമായി പ്രതിപാദിക്കുന്നത് ശ്രദ്ധിക്കുക.
ഈ മൂന്ന് രംഗങ്ങളിലും ഏറ്റവും കൗതുകം ഉണർത്തുന്ന കാര്യം ഇതൊന്നുമല്ല, ജാക്ക് അല്ലാതെ മറ്റുള്ള കഥാപാത്രങ്ങളൊന്നും തന്നെ യാഥാർഥ്യം അല്ല എന്ന വസ്തുതയാണ്. ഈ രംഗങ്ങളെ രണ്ട് രീതിയിൽ കാണാം. ഒന്നാമതായി പ്രസ്തുത സംഭവങ്ങൾ എല്ലാം തന്നെ ജാക്കിന്റെ മനസ്സിൽ ആണ് നടക്കുന്നത് എന്ന രീതിയിൽ കണ്ട് ചിത്രത്തിലെ സൂപ്പർനാച്ചുറൽ വസ്തുതകളെ ഒഴിവാക്കാം. രണ്ടാമതായി ചിത്രത്തിൽ ഭൂത പ്രേത പിശാചുക്കൾ ഉണ്ട് എന്ന രീതിയിൽ കണ്ട് ജാക്ക് നോർമൽ ആണ് എന്ന രീതിയിലും കാണാം. ചിത്രം കണ്ടപ്പോൾ ഉണർന്ന ചിന്തകൾ കാരണം ആദ്യ കാരണമാണ് സീരീസിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് സഹായകമായ ഒരു കാര്യം പ്രസ്തുത രംഗങ്ങളിൽ ഒന്നിൽ നിന്ന് തന്നെ ചൂണ്ടികാണിക്കട്ടെ. ഗ്രേഡിയുമായുള്ള സംഭാഷണത്തിനിടെ ജാക്ക് സംസാരിക്കുന്നത് സ്‌ക്രീനിൽ കാണിക്കുന്ന ഗ്രേഡിയുടെ ശരീരത്തിനോടല്ല ,മറിച്ച് ഗ്രേഡിയുടെ പിന്നിലുള്ള കണ്ണാടിയിലേക്കാണ്. അതിനാൽ തന്നെ പ്രസ്തുത കഥാപാത്രങ്ങളെല്ലാം തന്നെ ജാക്കിന്റെ മനസ്സിലെ ഉറങ്ങിക്കിടക്കുന്ന പല വികാരങ്ങളുടെയും പ്രോജക്‌ഷൻ ആണെന്ന് വിശ്വസിക്കേണ്ടി ഇരിക്കുന്നു.
ഇവയെല്ലാം ചിന്തിച്ച് കൂട്ടി ഒരു തീരുമാനത്തിൽ എത്തി എന്ന നിലയിൽ ഇരിക്കുമ്പോൾ ഒരു ചെറിയ സംശയം മനസ്സിനെ അലട്ടുകയാണ്. ഇതുവരെ പറഞ്ഞ എല്ലാത്തിനെയും മാറ്റിയെഴുതാൻ നിർബന്ധിക്കുന്ന സംശയം, ഇനിയങ്ങോട്ട് പറയാൻ ഉള്ളതിനെയെല്ലാം ബാധിക്കാൻ പോവുന്ന സംശയം. ചിത്രത്തിൽ സൂപ്പർനാച്ചുറൽ പ്രെസെൻസ് ഇല്ല എന്ന് കരുതാം ,പക്ഷെ പൂട്ടിയിട്ട ജാക്കിനെ തുറന്ന് വിട്ടതാരാണ് ? കളി മുഴുവൻ നടന്നത് ജാക്കിന്റെ മനസിലാണെങ്കിൽ അത് വെച്ച് അടച്ചിട്ടിരിക്കുന്ന ഒരു വാതിൽ ,അതും പുറത്ത് നിന്ന് തുറക്കാനാവില്ലല്ലോ. അവിടെ നിന്ന് അടുത്ത ഭാഗം....
No comments:
Post a Comment