Thursday, November 8, 2018

Alfred Hitchcock




ത്രില്ലറുകളുടെ തമ്പുരാൻ എന്ന് ഏതെങ്കിലും ഒരു സംവിധായകനെ ആരാധകരും വിമർശകരും ഒരുപോലെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ, അയാൾ അതിന് പൂർണമായും അർഹനാണെന്ന് പിന്നീട് വന്ന തലമുറ വാഴ്ത്തി പാടിയിട്ടുണ്ടെങ്കിൽ അത് ആൽഫ്രഡ്‌ ഹിച്ച്കോക് എന്ന അതുല്യ പ്രതിഭയെ ആണ്. ആൽഫ്രഡ്‌ ഹിച്ച്കോക് എന്ന സംവിധായകന് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല, അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അംശം ഇങ് മലയാളത്തിൽ വരെ കാണിച്ച് തരാൻ കഴിഞ്ഞേക്കും, ഒരു സംവിധായകൻ എന്ന നിലയ്ക്ക് ഏതൊരു വ്യക്തിയും കൊതിച്ച് പോവുന്ന സ്വപ്ന തുല്യമായ ലെഗസിക്കും പാത്രമാണ് ആൽഫ്രഡ്‌ ഹിച്ച്കോക്. ജാക്ക് ദി റിപ്പർ മോഡലിൽ ഉള്ള സീരിയൽ കില്ലെറിനെ പ്രമേയമാക്കി ഇരുപതുകളുടെ അവസാനം പുറത്തിറങ്ങിയ ദി ലോഡ്ജർ എന്ന ചിത്രം തൊട്ട് ആരംഭിക്കുന്നു ഐതിഹാസികമായ ആ സിനിമാ ജീവിതം, അവിടെ നിന്നങ്ങോട്ട് അഞ്ച് പതിറ്റാണ്ടുകൾ കാഴ്ചക്കാരനെ ആകാംക്ഷയുടെയും അമ്പരപ്പിന്റെയും കൊടുമുടി കയറ്റിയ ഒരുപാട് ചിത്രങ്ങൾ, വർഷങ്ങൾ മാറി ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും ഇന്നും പഴക്കം തോന്നിക്കാതെ അടുത്ത തലമുറകൾക്കും പാഠ പുസ്തകങ്ങളായി നിലനിൽക്കുന്നുണ്ട് ഈ ചിത്രങ്ങളെല്ലാം. തന്റെ ചിത്രങ്ങൾ പുലർത്തുന്ന നിലവാരത്തിനൊപ്പം തന്നെ പുതിയ വഴികളിലൂടെ ആ ദൃശ്യാനുഭവത്തെ പരിപോഷിപ്പിക്കാനായി ഹിച്ച്കോക് നടത്തിയ ശ്രമങ്ങളും എടുത്ത് പറയേണ്ടി ഇരിക്കുന്നു. ത്രീഡി ടെക്ക്നിക്കുകൾ പരിചിതമല്ലാത്ത കാലത്ത് അതിന് വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങളും ലോങ്ങ് ഷോട്ടുകളിൽ നടത്തിയ പരീക്ഷണങ്ങളും എല്ലാം എടുത്ത് പറയേണ്ടി ഇരിക്കുന്നു. ഹിച്ച്കോക് എന്ന ഇതിഹാസത്തിന്റെ അഞ്ച് സിനിമകൾ പരിചയപ്പെടുത്താനുള്ള എളിയ ശ്രമം ആണ് ഈ പോസ്റ്റ്.



Psycho (1960)

Genre : Horror

Rating : 8.5/10

Duration : 109 Minutes


ട്വിസ്റ്റ് ഒരു അത്ഭുതമായി മാറിയ ചിത്രം എന്നൊക്കെ പല സിനിമകളെയും വിശേഷിപ്പിച്ച് കണ്ടിട്ടുണ്ട്, എന്നാൽ യാതൊരു സംശയവും കൂടാതെ ട്വിസ്റ്റ് ഒരു ശാപമായി മാറിയ ചിത്രം എന്ന് സൈക്കോയെ വിശേഷിപ്പിക്കാം കാരണം വിദേശ ഭാഷാ സിനിമകളെ കുറിച്ച് വെറും കേട്ടറിവ് ഉള്ള വ്യക്തി ആണെങ്കിൽ കൂടിയും സൈക്കോ എന്ന ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ച് അറിഞ്ഞിട്ടുണ്ടാവും. എന്നാൽ കേവലം ഈ ഒരു വാതുതയിൽ മാത്രം നിലനിൽക്കുന്ന ഒരു ചിത്രമല്ല സൈക്കോ മറിച്ച് ശക്തമായ തിരക്കഥയിലും അന്യായ അഭിനയത്തിലും എല്ലാത്തിലും ഉപരി സസ്പെൻസ് നിറഞ്ഞ് നിൽക്കുന്ന അവതരണത്തിലും ശക്തമാണ് ഈ ചിത്രം. അവിചാരിതമായി തന്റെ കയ്യിൽ വലിയൊരു തുക ലഭിക്കുന്ന യുവതി അതുമായി നഗരം വിടുന്നതും ബേറ്റ്സ് മോട്ടൽ എന്ന ലോഡ്ജിൽ എത്തുന്നതും തുടർന്ന് അരങ്ങേറുന്ന സംഭവങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം, അതിലേക്ക് കൂടുതൽ കടക്കുന്നില്ല. ഈ ചിത്രം കണ്ടില്ലെങ്കിൽ നഷ്ടമാണ് എന്ന ഡയലോഗ് ഒന്ന്കൂടി ആവർത്തിക്കുകയാണ്, അതെ സൈക്കോ കണ്ടില്ലെങ്കിൽ നഷ്ടം തന്നെയാണ്.



Rear Window (1954)

Genre : Mystery

Rating : 8.5/10

Duration : 112 Minutes


ഒരപകടത്തിൽ കാലിന് വയ്യാതെ വീൽ ചെയറിൽ ദിവസങ്ങൾ തള്ളി നീക്കുകയാണ് സിനിമയുടെ ആരംഭത്തിൽ നമ്മുടെ കഥാനായകൻ, തന്റെ ജോലിയും ഹോബിയും ആയിരുന്ന ഫോട്ടോഗ്രാഫി ഇപ്പോൾ സാധ്യമല്ലാത്തതിനാലും ഇങ്ങനെ കെട്ടി ഇടപെട്ട അവസ്ഥ ആയതിനാലും വല്ലാത്തൊരു മടുപ്പാണ് അയാൾക്ക് ജീവിതത്തോട് തന്നെ. ഈ സമയം അത്രയും തന്റെ അയൽക്കാരെ നിരീക്ഷിക്കുക എന്നതാണ് ടിയാന്റെ ഏക വിനോദം, അവരുടെ കളിയും ചിരിയും തമാശയും കുറ്റം പറച്ചിലും ദേഷ്യവും എല്ലാം നായകന്റെയും ദിനചര്യയുടെ ഭാഗമായി മാറി. ആയിടയ്ക്കാണ് തന്റെ താമസ സ്ഥലത്തിന് എതിരെ ഉള്ള ഫ്ലാറ്റുകളിൽ ഒന്നിൽ ഒരു കുറ്റകൃത്യം അരങ്ങേറുന്നുണ്ട് എന്ന സംശയം നായകനിൽ ഉടലെടുക്കുന്നത്, പിന്നീടുള്ള ദിവസങ്ങളിൽ അയാളുടെ കണ്ണും കാതും ആ ഫ്ളാറ്റിന് ചുറ്റുമായിരുന്നു. റിയർ വിൻഡോ എന്ന ചിത്രം കണ്ടില്ലെങ്കിൽ ഹിച്ച്കോക്കിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നല്ല, ലോകത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്ന് നിങ്ങൾ കണ്ടില്ല എന്ന് തന്നെ പറയേണ്ടി വരും, പ്രത്യേകിച്ചും സിനിമയുടെ നല്ലൊരു ഭാഗവും ഇരുട്ടിൽ തപ്പുന്ന നായകൻ തന്റെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്ന രംഗങ്ങളും അവയിലെ സസ്‌പെൻസും അക്ഷരാർത്ഥത്തിൽ വേറെ ലെവൽ തന്നെ ആണ്.



The Birds (1963)

Genre : Horror

Rating : 7.7/10

Duration : 119 Minutes


ബേർഡ്‌സ് എന്ന ഹിച്ച്കോക് ചിത്രം അവസാനത്തോട് അടുക്കുമ്പോൾ ഒരു മൂന്ന് മിനുട്ട് ദൈർഘ്യം ഉള്ള രംഗം ഉണ്ട്, നായകൻ തന്റെ വീടിന്റെ ജനാലയും വാതിലും ഒക്കെ അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്ന രംഗം. ഈ രംഗത്തിൽ സംഭാഷണങ്ങൾ ഏതും ഇല്ല, കഥാപാത്രങ്ങൾ എല്ലാം തന്നെ പരിഭ്രാന്തിയോട് കൂടി കാത്തിരിക്കുകയാണ്, പക്ഷികളെ. ആക്രമണം ഉണ്ടാവും എന്ന കാര്യത്തിൽ സിനിമയിലെ അഭിനേതാക്കൾക്കോ, കണ്ടിരിക്കുന്ന പ്രേക്ഷകർക്കോ യാതൊരു സംശയവുമില്ല, എന്നാൽ ഈ രംഗത്തിൽ ഉടലെടുക്കുന്ന സസ്പെൻസ്, ആ കാത്തിരിപ്പ് നൽകുന്ന പേടി ഇതൊന്നും പറഞ്ഞോ എഴുതിയോ വിശദീകരിക്കാൻ കഴിയില്ല, അനുഭവിച്ച് തന്നെ അറിയണം. നഗരത്തിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ മനുഷ്യരെ അകാരണമായി പക്ഷികൾ ആക്രമിക്കുന്നതും തുടർന്നുള്ള സംഭവങ്ങളും ആണ് ഈ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം, കൂടുതൽ ഒന്നും പറയുന്നില്ല ഞെട്ടിയിരിക്കും.



North By Northwest (1959)

Genre : Thriller

Rating : 8.3/10

Duration : 136 Minutes


നോർത്ത് ബൈ നോർത്‌വെസ്റ്റ് എന്ന ചിത്രം ഈയിടെ ഒരു സുഹൃത്തിന് പറഞ്ഞ് കൊടുക്കുക ഉണ്ടായി, ആ വ്യക്തിയുടെ സംശയം തീർത്ത് കൊടുക്കാനായി കഥയെ കുറിച്ചുള്ള ചെറിയൊരു ഔട്ട്ലൈൻ പറഞ്ഞ് കൊടുത്തപ്പോൾ പുള്ളിയുടെ അഭിപ്രായം ഇതിലെന്താണ് ഇതിനും മാത്രം ഉള്ളത് എന്നതായിരുന്നു. ശെരിയാണ് കഴിഞ്ഞ ആറ് പതിറ്റാണ്ടുകൾക്ക് ഇടെ ഏറെക്കുറെ ഈ കഥയോട് സാമ്യതകൾ പുലർത്തുന്ന അനവധി ചിത്രങ്ങൾ വിവിധ രാജ്യങ്ങളിലും ഭാഷകളിലും ആയി പുറത്തിറങ്ങിയിട്ടുണ്ട്, എന്നാൽ ഇവ ഒന്നും തന്നെ നോർത്ത് ബൈ നോർത്‌വെസ്റ്റിന്റെ പ്രൗഢി കുറയ്ക്കുന്നില്ല. ചിത്രത്തിന്റെ കഥയെ കുറിച്ചുള്ള സംസാരം മേല്പറഞ്ഞ സന്ദർഭത്തിന് വഴി വെച്ചേക്കാം എന്നതിനാൽ ഒരു ചെറിയ ക്ലൂ തരാം, തെറ്റിദ്ധാരണകൾ ആണ് ചിത്രത്തിനെ മുന്നോട്ട് കൊണ്ടുപോവുന്ന വസ്തുത. കൂടുതൽ പറഞ്ഞ് മുഷിപ്പിക്കുന്നില്ല, തികച്ചും എൻഗേജിങ് ആയ സസ്പെൻസ് നിറഞ്ഞ് നിൽക്കുന്ന ഒരു ത്രില്ലർ നിങ്ങളെയും കാത്ത് കിടപ്പുണ്ട്.



Vertigo (1958)

Genre : Mystery

Rating : 8.3/10

Duration : 129 Minutes


ഉയരം പേടിയുള്ള വ്യക്തിയാണ് നമ്മുടെ കേന്ദ്ര കഥാപാത്രമായ സ്കോട്ടി ഫെർഗുസൺ, ഈയൊരു കുഴപ്പം കാരണം തന്നെ തന്റെ വ്യക്തി ജീവിതത്തിൽ ധാരാളം നഷ്ടങ്ങൾക്ക് പത്രമാവേണ്ടി വന്നിട്ടുണ്ട് ടിയാന്. ഔദ്യോഗിക ജീവിതത്തിൽ നിന്നും പൊടുന്നെന്നെ ഉണ്ടായ വിരമിക്കലിന് കാരണവും മറ്റൊന്നല്ല, ഇങ്ങനെ വിശ്രമ ജീവിതം നയിച്ച് കൊണ്ടിരിക്കെ ആണ് സ്‌കോട്ടിക്ക് പഴയ സുഹൃത്തായ ഗാവിനിന്റെ ഫോൺ കോൾ ലഭിക്കുന്നത്. ഒരല്പം കുഴപ്പം നിറഞ്ഞ അഭ്യർത്ഥന ആയിരുന്നു ഗാവിനിന്റേത്. തന്റെ ഭാര്യ വിചിത്ര സ്വഭാവം വെച്ച് പുലർത്തുന്നുണ്ടെന്നും അവളുടെ ജീവൻ അപകടത്തിൽ ആണെന്നും അവളെ പിന്തുടർന്ന് തന്റെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തി നൽകണം എന്നുമായിരുന്നു അയാളുടെ ആവശ്യം. അവിടെ നിന്നങ്ങോട്ട് ആരംഭിക്കുന്നത് രണ്ട് മണിക്കൂർ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സസ്പെൻസ് ത്രില്ലെർ ചിത്രമാണ്, അക്ഷരം തെറ്റാതെ മാസ്റ്റർപീസ് എന്നൊക്കെ വിശേഷിപ്പിക്കാൻ കഴിയുന്ന ഐറ്റം.



ഈ ചിത്രങ്ങൾക്ക് പുറമെ Strangers On A Train (1951), Notorius (1946), The 39 Steps (1935), Rope (1948), Shadow Of A Doubt (1943), Rebecca (1940), The Lady Vanishes (1938), Dial M For Murder (1953), Blackmail (1929) എന്നിവയും കണ്ടിരിക്കേണ്ട ചിത്രങ്ങളാണ്.

No comments:

Post a Comment

1334. A Different Man (2024)

Director : Aaron Schimberg Cinematographer : Wyatt Garfield Genre : Drama Country : USA Duration : 112 Minutes 🔸A24 എന്ന പേരിന്റെ മുകളിൽ ഒര...