ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ കാലഘട്ടത്തിൽ, പ്രത്യേകിച്ചും രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സിനിമാ മേഖല ഉയിർത്തെഴുന്നേൽപ്പ് നടത്തിയൊരു കാലഘട്ടം ഉണ്ടായിരുന്നു, ചലച്ചിത്രവും ചലച്ചിത്ര പ്രവർത്തകരും നിയോ റിയലിസ്റ്റിക് ശൈലിയിലേക്ക് കടന്ന് ചിന്തിക്കാൻ തുടങ്ങിയ ഈ കാലഘട്ടമാണ് പിന്നീടുള്ള സിനിമയുടെ ഉയർച്ചയ്ക്ക് അടിത്തറ പാകിയത് എന്ന് ഒട്ടും അതിശയോക്തി ഇല്ലാതെ പറയാം. അതിനാൽ തന്നെ ഈ കാലഘട്ടത്തിലെ പ്രതിഭാധനൻ ആയ ഫെഡറികോ ഫെല്ലിനി എന്ന സംവിധായകൻ സിനിമാ മേഖലയ്ക്ക് നൽകിയ സംഭാവനകളെ ഒരു രീതിയിലും കുറച്ച് കാണാനാവില്ല. സ്വാഭാവിക സന്ദർഭങ്ങളെക്കാൾ സ്വപ്നങ്ങളും മായികതയും എല്ലാം ഇട കലർത്തി കൊണ്ടുള്ള വ്യത്യസ്തമായ ശൈലി പിന്തുടർന്ന ഫെല്ലിനി ഒരു പരിധി വരെ മറ്റുള്ളവർക്ക് അനുകരിക്കാൻ കഴിയാത്ത വിധം അതിനെ സ്വായത്താക്കുകയും ചെയ്തിരുന്നു, ഈ ശൈലിയുടെ പാത പിന്തുടർന്ന് കാഴ്ചക്കാരൻ എന്നും ഓർക്കുന്ന ഒരു പിടി ലോകോത്തര ചിത്രങ്ങൾ ഫെല്ലിനി സൃഷ്ടിച്ചിട്ടുണ്ട്. നാല്പതുകളിൽ സംവിധായകനായ റോബർട്ടോ റോസെല്ലിനിയെ കണ്ട് മുട്ടിയിടത്ത് നിന്നും ആരംഭിച്ച ഫെല്ലിനിയുടെ സിനിമാ ജീവിതത്തിൽ പ്രശസ്തി ലഭിച്ചു തുടങ്ങിയത് തിരക്കഥാകൃത്തായുള്ള അരങ്ങേറ്റ ശേഷം ആയിരുന്നു. അമ്പതുകളിൽ വെറൈറ്റി ലൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ ഐതിഹാസികമായ സംവിധാന വേഷം അണിഞ്ഞ ഫെല്ലിനിയുടെ മികച്ച കുറച്ച് ചിത്രങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശമാണ് ഈ പോസ്റ്റിന് പിന്നിൽ. ചുവടെ ഉൾപ്പെടുത്തിയിരിക്കുന്ന അഞ്ച് ചിത്രങ്ങൾ ഒരിക്കലും മികച്ച അഞ്ച് എന്ന രീതിയിലോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള റാങ്കിങ്ങോ അടിസ്ഥാനമാക്കി ഉൾപ്പെടുത്തിയത് അല്ല എന്ന് പറയട്ടെ, ഫെല്ലിനി എന്ന പ്രതിഭയുടെ വ്യത്യസ്ത ശൈലിയും, പ്രതിഭാ മികവും ബോധ്യപ്പെടുത്താനായി ഉൾപ്പെടുത്തിയ തികച്ചും വ്യത്യസ്തത പുലർത്തുന്ന ചിത്രങ്ങളാണ് ഇവ എല്ലാം തന്നെ.
8½ (1963)
Genre : Drama
Rating : 8.1/10
Duration : 138 Minutes
ഫെഡറികോ ഫെല്ലിനിയുടെ ആത്മകഥാംശം ഉള്ള 8½ എന്ന ചിത്രത്തെ പൊതുവിൽ ''The Film Which Marked The Beginning Of Modern Cinema" എന്ന് വിശേഷിപ്പിച്ച് കാണാറുണ്ട്, ഇത് ഒരല്പം കൂടുതലല്ലേ എന്ന ചിന്ത ചിലരിൽ എങ്കിലും ജനിക്കാൻ ഇടയുണ്ടെങ്കിക്കും അതിനുള്ള ഉത്തരങ്ങളെല്ലാം ഈ ചിത്രം നൽകും എന്ന ഉറച്ച വിശ്വാസം നിലനിൽക്കുന്നുണ്ട്, പ്രത്യേകിച്ചും ആദ്യ അര മണിക്കൂർ തന്നെ മതിയാവും. ഒരു സംവിധായകൻ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം, ടിയാന് തന്റെ ജോലിയിലുള്ള താല്പര്യം എവിടെയോ നഷ്ട്ടപ്പെട്ട് പോയിരിക്കുന്നു. വ്യക്തി ജീവിതത്തിലെ പരാജയങ്ങളോ, വിട്ട് പിരിയാതെ കൂടെ പോന്ന ഓർമകളോ കാരണമാവാം ഈ വ്യക്തിക്ക് തന്റെ ജീവിതത്തിൽ സന്തോഷം എന്നത് നാമ മാത്രമായി മാറിയിരിക്കുന്നു. ഈ ചിത്രം പ്രസ്തുത കഥാപാത്രത്തിന് തിരിച്ചറിവുകളുടേത് ആണെങ്കിൽ പ്രേക്ഷകന് അത് ഒരു കാരണവശാലും ഒഴിവാക്കാൻ പാടില്ലാത്ത ചലച്ചിത്ര അത്ഭുതമാണ്.
La Dolce Vita (1960)
Genre : Drama
Rating : 8.1/10
Duration : 180 Minutes
ഫെല്ലിനിയുടെ ചിത്രങ്ങളിൽ മിക്കതിലും ആത്മകഥയുടെ അംശങ്ങൾ ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്, സിനിമാ മേഖലയിലേക്ക് കടന്ന് വരുന്നതിന് മുന്നേ പത്ര പ്രവർത്തകനായി ജോലി ചെയ്തിരുന്ന ഫെല്ലിനിയുടെ ആ കാലഘട്ടങ്ങളിലെ അനുഭവങ്ങളാണ് ലാ ഡോൾസ് വിറ്റ എന്ന ചിത്രത്തിന് ആധാരം. പത്ര പ്രവർത്തക ജീവിതത്തിലെ സ്ഥിരം താറടിക്കലും, ഗോസിപ്പുകളും, വെള്ളം ചേർക്കലുകളും എല്ലാം എപ്പിസോഡുകളായി അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രം. ഈ എപ്പിസോഡുകളെല്ലാം കൂട്ടി ചേർത്താൽ ഏറെക്കുറെ ഒരു പത്ര പ്രവർത്തകന്റെ ഒരാഴ്ച കാലത്തെ ജീവിതമായി മാറും. ഇവിടെ വ്യക്തി ജീവിതവും, ഔദ്യോഗിക ജീവിതവും, ആഘോഷവും, പരാജയവും, നഷ്ടവും, നേട്ടവും എല്ലാം വിഷയമായി വരുന്നു. തീര്ച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളുടെ പട്ടികയിലേക്ക് നിസ്സംശയം ഉൾപ്പെടുത്താം ഈ ഫെല്ലിനി ചിത്രത്തെയും.
La Strada (1954)
Genre : Drama
Rating : 8.1/10
Duration : 104 Minutes
"A complete catalogue of my entire mythological world, a dangerous representation of my identity that was undertaken with no precedent whatsoever." ലാ സ്ട്രാഡ എന്ന ചിത്രത്തെ കുറിച്ചുള്ള ഫെല്ലിനിയുടെ വാക്കുകളാണ് മുകളിൽ ചേർത്തിരിക്കുന്നത്, തന്റെ ജീവിതം അപകടകരമാം വിധം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ചിത്രമാണ് ലാ സ്ട്രാഡ എന്ന് സമ്മതിച്ച ഫെല്ലിനി ഒരു ചിത്രം സാക്ഷാത്കരിക്കുന്നതിനായി ഏറ്റവും അധ്വാനിച്ചതും, അതിന്റെ വിജയത്തിൽ മനസ്സ് തുറന്ന് ആഹ്ലാദിച്ചതും ഈ ചിത്രത്തിന് വേണ്ടി ആയിരുന്നെന്ന് പിൽക്കാലത്ത് പറയുക ഉണ്ടായി. ഫെഡറികോ ഫെല്ലിനി എന്ന നാമം ഇറ്റാലിയൻ സിനിമാ ചരിത്രത്തിലും ലോക സിനിമയിൽ തന്നെയും രേഖപ്പെടുത്താൻ കാരണമായതും ലാ സ്ട്രാഡ ആയിരുന്നു എന്നത് മനോഹരമായ ഒരു ആകസ്മികത ആവാം. ഇറ്റാലിയൻ തെരുവുകളിലെ ദാരിദ്ര്യത്തിന്റെയും, അനാഥത്വത്തിന്റെയും സന്തതികളായ അഭയാർഥികളുടെ ജീവിതമാണ് ഈ ചിത്രം പ്രേക്ഷകന്റെ മുന്നിൽ എത്തിക്കുന്നത്, കൂടുതൽ പറയുന്നില്ല കണ്ട് തന്നെ അറിയേണ്ടി ഇരിക്കുന്നു ഈ ചിത്രത്തെ.
The Nights Of Cabiria (1957)
Genre : Drama
Rating : 8.1/10
Duration : 118 Minutes
അൻപതുകളും അറുപതുകളും ഏറെക്കുറെ പൂർണമായും ഫെല്ലിനി യുഗം തന്നെ ആയിരുന്നു എന്ന് പറയേണ്ടി വരും, കാരണം അസാധാരണം എന്നതിൽ കുറഞ്ഞ് വിശേഷിപ്പിക്കാൻ ഒരൊറ്റ സിനിമ പോലും അദ്ദേഹം ഈ കാലയളവിൽ സൃഷ്ടിക്കുക ഉണ്ടായില്ല. ആവശ്യമായ അർഹിക്കുന്ന പരിഗണന ഈ ചിത്രങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നതാണ് നിരാശ പകരുന്ന വസ്തുത, പ്രത്യേകിച്ചും നൈറ്റ്സ് ഓഫ് കബീറിയ പോലെയുള്ള ചിത്രങ്ങൾ ഇന്നും നല്ലൊരു ശതമാനം കാഴ്ചക്കാർക്ക് അപരിചിതമാണ്. ക്യാബിരിയ എന്ന വേശ്യ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം, തന്റെ കാമുകനായ ജോർജിയോയുടെ കൂടെ ഒരു രാത്രി ആഘോഷിക്കുന്ന കബീരിയയ്ക്ക് അവനിൽ നിന്നും വധശ്രമം നേരിടേണ്ടി വരുന്നതും തുടർന്നുള്ള സംഭവങ്ങളും എല്ലാം ചേർന്നതാണ് ഈ ചിത്രം. ആദ്യ രംഗം തൊട്ടു തന്നെ പ്രേക്ഷകനെ ആകാംക്ഷാഭരിതരാക്കുന്ന ചിത്രം അവിടെ നിന്നും കൂടുതൽ മികച്ചതാവുന്നെ ഉള്ളൂ, തീർച്ചയായും കണ്ടിരിക്കേണ്ട മറ്റൊരു മികച്ച ഫെല്ലിനി ചിത്രമാണ് നൈറ്റ്സ് ഓഫ് കബീറിയ.
I Vitelloni (1953)
Genre : Drama
Rating : 8/10
Duration : 103 Minutes
വിഖ്യാത സംവിധായകനായ മാർട്ടിൻ സ്കോർസെസെ ഒരിക്കൽ ഒരഭിമുഖത്തിൽ പറയുക ഉണ്ടായി, തന്റെ ചെറുപ്പകാലത്ത് എണ്ണമില്ലാത്ത അത്രയും തവണ താൻ കണ്ടതും, തന്നെ ആവേശഭരിതൻ ആക്കുകയും ചെയ്തത് ഇറ്റാലിയൻ നിയോ റിയാലിസ്റ്റ് ചിത്രങ്ങൾ ആണെന്നും, അവയിൽ ഏറ്റവും പ്രിയപ്പെട്ടത് ഐ വിറ്റലോണി എന്ന ഫെല്ലിനി ചിത്രം ആണെന്നും. ഇതിനേക്കാൾ മികച്ചൊരു സെര്ടിഫിക്കറ്റ് ഈ ചിത്രത്തിന് വേറെ നല്കാനില്ല. തങ്ങളുടെ ജീവിതത്തിലെ നിർണ്ണായകമായ ഒരു ഘട്ടത്തിൽ കൂടി കടന്ന് പോവുന്ന ഒരു കൂട്ടം ഇറ്റാലിയൻ ചെറുപ്പക്കാരുടെ കഥയാണ് ഐ വിറ്റലോണി പറയുന്നത്. യൗവനം കടന്ന് ഉത്തരവാദിത്ത ജീവിതത്തിലേക്ക് കടക്കുന്ന ഈ വ്യക്തികളുടെ ആകുലതകളും വ്യാധികളും പ്രശ്നങ്ങളും എല്ലാമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്ന ഘടകങ്ങൾ. നഷ്ടബോധവും നൊസ്റ്റാൾജിയയും എല്ലാം വിറ്റലോണിയുടെ നിർണ്ണായക ഭാഗമാണ്, സിനിമയെ ഇഷ്ടപ്പെടുന്നവർ, പഠന വസ്തുവായി സമീപിക്കുന്നവർ തീർച്ചയായും കാണാൻ ശ്രമിക്കുക ഈ ചിത്രം.
ഈ ചിത്രങ്ങൾക്ക് പുറമെ Amarcord (1973), Juliet Of Spirits (1965), Roma (1972), City Of Women (1980), And The Ship Sails On (1983) എന്നിവയും കണ്ടിരിക്കേണ്ട, മികച്ച ഫെല്ലിനി ചിത്രങ്ങളാണ്.
No comments:
Post a Comment