ടാരന്റിനോ എന്ന സംവിധായകനെയോ അദ്ദേഹത്തിന്റെ സിനിമകളെയോ വിദേശ സിനിമാ ആസ്വാദകർക്ക് പ്രത്യേകം പരിചയപ്പെടുത്തണം എന്ന് തോന്നുന്നില്ല. പൾപ് ഫിക്ഷൻ, ഇൻഗ്ലോറിയസ് ബസ്റ്റാർഡ്സ്, റിസെർവോയർ ഡോഗ്സ് തുടങ്ങി മികവുറ്റ ഒരു പിടി നല്ല ചിത്രങ്ങൾ ടാരന്റിനോ സിനിമയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്, ഇത് വഴി ലോകത്താകമാനം മികച്ചൊരു ആരാധക ശൃംഖലയും ടിയാൻ കെട്ടി പൊക്കിയിട്ടുണ്ട്. എന്നാൽ ടരന്റീനോയുടെ സിനിമകളിൽ മിക്കതും ഒരേ യുണിവേഴ്സിൽ അരങ്ങേറുന്നതാണ് എന്ന കാര്യം ഇന്നും പലർക്കും അന്യമാണ്. തന്റെ കഥകൾ എല്ലാം തന്നെ അരങ്ങേറുന്നത് രണ്ട് യുണിവേഴ്സിൽ ആണെന്ന് ടാരന്റിനോ തന്നെ സമ്മതിച്ച കാര്യമാണ്. ഒന്ന് യഥാർത്ഥ മനുഷ്യരുടെ ലോകത്ത്, അതായത് കഥാപാത്രങ്ങൾ തിന്നുകയും കുടിക്കുകയും ഒക്കെ ചെയ്യുന്ന റിയൽ ലൈഫ് യുണിവേഴ്സിലും, മറ്റേത് ഈ യുണിവേഴ്സിന് ഉള്ളിലുള്ള സിനിമാറ്റിക് യുണിവേഴ്സിലും. ഒരല്പം തല കറക്കം തോന്നാം, സ്വാഭാവികമാണ് എന്നാൽ ഇതിന് വ്യക്തമായ കാരണങ്ങൾ ഉണ്ടെന്നും പല ചിത്രങ്ങളും നമ്മൾ കണ്ട് കൊണ്ടിരിക്കെ അത്ഭുതാവഹമായ ചില സൂചനകൾ സംവിധായകൻ ചിത്രങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ട് എന്ന് പറഞ്ഞാലോ. ഈ സൂചനകളിൽ മിക്കതും ചിത്രം ചികഞ്ഞ് പരിശോധിച്ച ആരാധകവൃന്ദത്തിന്റെ കണ്ടെത്തലുകളാണ്, സംവിധായകൻ തുറന്ന് സമ്മതിച്ചവയേതുമില്ല അതിനാൽ തന്നെ ഒരുപാട് ആണെങ്കിലോ ങ്കിലോ ങ്കിലോ എന്ന സാദ്ധ്യതകൾ മാത്രമാണ് ഇവയുടെ അടിത്തറ, എന്തിരുന്നാലും ടാരന്റിനോ പോലെയൊരു സംവിധായകന്റെ ചിത്രങ്ങളിൽ ഇത് പോലുള്ള സൂചനകൾ അദ്ദേഹത്തിന്റെ മനസ്സറിവ് ഇല്ലാതെ കടന്ന് വരും എന്നും കരുതുന്നില്ല. ഈ സൂചനകളിലേക്ക് ഒരു ചെറിയ എത്തിനോട്ടം നടത്തി നോക്കാം.
സൂചനകളിലേക്ക് കടക്കുകയാണെങ്കിൽ ആദ്യം തന്നെ പൾപ് ഫിക്ഷൻ, കിൽ ബിൽ എന്നീ ചിത്രങ്ങളെ പരിശോധിക്കാം. ഇപ്പൊ സ്വാഭാവികമായും രണ്ട് ചിത്രങ്ങളും കണ്ടിട്ടുള്ള ഒരു വ്യക്തിയുടെ മനസിലൂടെ കടന്ന് പോയിട്ടുണ്ടാവുക ഇത് രണ്ടും എങ്ങിനെ ഒരേ യുണിവേഴ്സിൽ അരങ്ങേറുന്ന സംഭവം ആവും എന്നതാവും, പ്രത്യേകിച്ചും രണ്ടിലും നായികയായി ഉമാ തുർമാൻ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളായി എത്തുമ്പോൾ. ഇതിനുള്ള ഉത്തരം പൾപ് ഫിക്ഷൻ എന്ന ചിത്രത്തിലെ പാർലർ ഡാൻസ് സീനിൽ നിന്നും ലഭിക്കും, സംഭാഷണങ്ങൾക്കിടെ താൻ നായികയായി എത്തിയ ഫോക്സ് ഫോഴ്സ് ഫൈവ് എന്ന സീരീസിനെ കുറിച്ച് മിയ വിന്സന്റിനോട് പറയുന്നുണ്ട്. ആ സംഭാഷണങ്ങൾ പരിശോധിച്ചാൽ അതിൽ വിവിധ കഥാപാത്രങ്ങൾക്ക് കൊടുത്തിരിക്കുന്ന വിശേഷണങ്ങൾ കിൽ ബിൽ എന്ന ചിത്രത്തിലെ അസാസിൻ ടീമുമായി അടുത്ത സാമ്യം പുലർത്തുന്നതായി കാണാം, ഒരു പക്ഷെ (സാധ്യത മാത്രം) കിൽ ബിൽ എന്ന ചിത്രം ഫോക്സ് ഫോഴ്സ് ഫൈവ് എന്ന സീരീസിന്റെ ചലച്ചിത്രാവിഷ്കാരം ആണെങ്കിലോ, അത് നിലനിൽക്കുന്നത് ടരന്റീനോയുടെ റിയൽ യുണിവേഴ്സിന് അകത്തുള്ള മൂവി യുണിവേഴ്സിൽ ആണെങ്കിലോ. അപ്പോഴും നില നിൽക്കുന്നൊരു പ്രശനം സാമുവൽ ജാക്സൺ ആണ്, ജൂൾസ് എന്ന കഥാപാത്രം ആയി പൾപ് ഫിക്ഷനിലും റൂഫസ് ആയി കിൽ ബില്ലിലും (ഒരൊറ്റ സീനിൽ) അദ്ദേഹം വന്ന് പോവുന്നുണ്ട്. ഇതിന് നല്കാൻ കഴിയുന്ന വിശദീകരണം രണ്ടും ഒരേ കഥാപാത്രം തന്നെ ആയിരിക്കാം എന്നാണ്, ഒരുപക്ഷെ കുറ്റ കൃത്യങ്ങളുടെ ജീവിതത്തിൽ നിന്നും മാറി നടന്ന ശേഷം ജൂൾസ് ഐഡന്റിറ്റി മാറ്റി മറ്റൊരാളായി തീർന്നിരിക്കാം. ഇതിനൊക്കെ ഉള്ള സാധ്യത എന്താണ്, What Are The Odds ?? എന്നൊക്കെ ചോദിക്കുക ആണെങ്കിൽ ടാരന്റിനോ സ്റ്റൈലിൽ F**k The Odds, There Is A Slight Chance എന്നെ പറയാനുള്ളൂ.
ഇനി കുറച്ച് കൂടി സാദ്ധ്യതകൾ ഏറിയ സൂചനകളിലേക്ക് കടക്കാം, കഥാപാത്രങ്ങളെയും അവരുടെ പേരുകളും വിശേഷങ്ങളും പരിശോധിച്ചാൽ ഒരുപാട് ഉത്തരങ്ങൾ ലഭിക്കും. പൾപ് ഫിക്ഷൻ എന്ന ചിത്രത്തിലെ ട്രവോൾട്ടയുടെ കഥാപാത്രം സിനിമ കണ്ടവർ ആരും മറക്കാനിടയില്ല, മർസെലസ് വാലസ് എന്ന അധോലോക രാജാവിന്റെ കയ്യാളായ വിൻസെന്റ് വേഗയുടെ സഹോദരനെ മറ്റൊരു ടാരന്റിനോ ചിത്രത്തിൽ നമുക്ക് കാണാനാവും, റിസെർവോയർ ഡോഗ്സിലെ മൈക്കൽ മാഡിസൺ അവതരിപ്പിച്ച സാഡിസ്റ്റായ വിക് വേഗയുടെ രൂപത്തിൽ. രണ്ട് കഥാപാത്രങ്ങളെയും കൂടി ചേർത്ത് ടാരന്റിനോ ഒരു പ്രീക്വൽ ചിത്രം പ്ലാൻ ചെയ്തിരുന്നു എന്നതിനേക്കാൾ നല്ലൊരു ഉറപ്പ് ഈ സാധ്യതയ്ക്ക് വേറെ നല്കാനില്ല. ഇത് പോലെ ബന്ധം പുലർത്തുന്ന അനവധി കഥാപാത്രങ്ങളെ ടാരന്റിനോ യുണിവേഴ്സിൽ കാണിച്ച് തരാൻ കഴിഞ്ഞേക്കും
റിസെർവോയർ ഡോഗ്സ് എന്ന ചിത്രത്തിലെ ഹാർവി കീറ്റലിന്റെ മിസ്റ്റർ മിസ്റ്റർ വൈറ്റ് എന്ന കഥാപാത്രത്തെ ശ്രദ്ധിക്കുക, "If You Shoot Me In A Dream, You Better Wake Up And Apologize" എന്ന മരണ മാസ്സ് ഡയലോഗ് ഒക്കെ വീശുന്ന കഥാപാത്രത്തെ മറ്റ് രണ്ട് ടാരന്റിനോ ചിത്രങ്ങളുമായി കൂട്ടി വായിക്കാം. മിസ്റ്റർ വൈറ്റ് തന്റെ പേര് ലാറി ഡിമ്മിക്ക് ആണ് എന്ന് പറയുമ്പോൾ അത് പൾപ് ഫിക്ഷനിലെ ടാരന്റിനോ തന്നെ അവതരിപ്പിച്ച ജിമ്മി ഡിമ്മിക്ക് എന്ന കഥാപാത്രത്തിലേക്കുള്ള സൂചന ആണ്, അവർ തമ്മിൽ ഏതെങ്കിലും രീതിയിൽ ബന്ധമുണ്ടാവാം. ഇനി മിസ്റ്റർ വൈറ്റ് ആദ്യം പ്രത്യക്ഷപ്പെടുന്ന രംഗത്തെ സംഭാഷണം ശ്രദ്ധിക്കുക ആണെങ്കിൽ പുള്ളിക്ക് അലബാമ എന്നൊരു യുവതിയുമായി അടുപ്പം ഉണ്ടെന്ന് മറ്റൊരു കഥാപാത്രം സൂചിപ്പിക്കുന്നുണ്ട്, ഈ അലബാമയെ ട്രൂ റൊമാൻസ് എന്ന ടാരന്റിനോ തിരക്കഥ രചിച്ച ചിത്രത്തിൽ കാണാനാവും.
ജാങ്കോ അൺചെയിൻഡ് എന്ന ചിത്രത്തിലെ ക്രിസ് വാൽട്സിന്റെ കഥാപാത്രമായ കിംഗ് ഷൂൾസിന്റെ ഭാര്യയുടെ കല്ലറ കിൽ ബില്ലിൽ കാണാനിടയായതും, ജാങ്കോയിലെ ചെറിയൊരു രംഗത്ത് പത്ര പരസ്യത്തിലൂടെ കണ്ട ക്രേസി കൂൺസ് എന്ന കഥാപാത്രത്തിന്റെ പേരിനോട് സാമ്യമുള്ള ക്യാപ്റ്റൻ കൂൺസ് ആയി ക്രിസ്റ്റഫർ വാക്കൻ പൾപ് ഫിക്ഷനിൽ എത്തിയതും യാദൃച്ഛികം ആണെന്ന് തോന്നുന്നില്ല. കഥാപാത്രങ്ങൾ തമ്മിൽ വര്ഷങ്ങളുടെ അന്തരം ഉണ്ടെങ്കിലും ഒരേ തായ് വഴി എന്ന് പറയാം (സാധ്യത മാത്രം). ഇൻഗ്ലോറിയസ് ബസ്റ്റാർഡ്‌സിലെ ബേസ് ബോൾ ബാറ്റ് കറക്കി മാസ്സ് കാണിക്കുന്ന ഡോണി ഡോണോവിറ്സിന്റെ മകനാണ് ട്രൂ റൊമാൻസിലെ നായകൻ ലീ ഡോനോവിറ്സ് എന്നും പറയപ്പെടുന്നു. നാച്ചുറൽ ബോൺ കില്ലേഴ്സ് എന്ന ചിത്രത്തിലെ നായികാ നായകന്മാർ കൊന്ന് തള്ളുന്ന ജെറാൾഡിന്റെയും റിസെർവോയർ ഡോഗ്സിൽ ചെവി നഷ്ട്ടപ്പെടുന്ന മാർവിന്റെയും പേരിന്റെ അവസാനം നാഷ് എന്നായതും, ഗാവിൻ നാഷ് എന്ന പേരിൽ ഇവർക്ക് രണ്ട് തലമുറ മുന്നേ മറ്റൊരു കഥാപാത്രം ജാങ്കോയിൽ വന്ന് പോയതും യാദൃച്ഛികമാവില്ല. ഹെയ്റ്റ്ഫുൾ എയ്റ്റിലെ ടിം റോത്തിന്റെ കഥാപാത്രവും ഇൻഗ്ലോറിയസ് ബസ്റ്റാർഡ്സ് എന്ന ചിത്രത്തിലെ ഫേസ്ബൻഡറിന്റെ കഥാപാത്രവും ഹികോക്സ് എന്ന നാമം പേരിനോട് ചേർത്ത് കൊണ്ട് നടക്കുന്നതും ആകസ്മികമല്ല, തലമുറകളുടെ വ്യത്യാസത്തിൽ ബന്ധുക്കളാവാം ഇരുവരും.
കൗതുകങ്ങൾ ഇവിടെയും അവസാനിക്കുന്നില്ല, ജാങ്കോയിലും പൾപ് ഫിക്ഷനിലും വന്ന് പോവുന്ന രണ്ട് കഥാപാത്രങ്ങൾ ഏറെക്കുറെ ഒരേ മാനറിസങ്ങൾ പാലിക്കുന്നതിനും, ഇരുവരും റാസിസ്റ്റ് ആണ് എന്നതിനും ഉത്തരം ലഭിക്കുന്നത് രണ്ട് പേരുടെയും പേരിന്റെ അവസാനം മെയ്‌നാർഡ് എന്നാണെന്ന് അറിയുമ്പോഴാണ്. കിൽ ബിൽ എന്ന ചിത്രത്തിലെ ബ്രൈഡ് എന്ന നായികാ കഥാപാത്രത്തിനെ കോമയിൽ ആയിരിക്കെ റേപ്പ് ചെയ്യുന്ന ട്രക്ക് ഡ്രൈവർ ജാസ്പറിനെ ഡെത് പ്രൂഫ് എന്ന ചിത്രത്തിലും കാണാനാവും, രണ്ടിടത്തും സ്ത്രീകളോട് വല്ലാത്തൊരു തരം വികാരം കഥാപാത്രം പ്രകടിപ്പിക്കുന്നുമുണ്ട്. മിസ്റ്റർ ബ്ലോണ്ട് റിസെർവോയർ ഡോഗ്സിൽ സൂചിപ്പിച്ച സ്കഗ്നെറ്റി എന്ന കഥാപാത്രത്തോട് സാമ്യം പുലർത്തുന്നൊരു കഥാപാത്രം നാച്ചുറൽ ബോൺ കില്ലേഴ്സ് എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. റിസർവോയർ ഡോഗ്സിൽ ഒരു കഥാപാത്രം വെടി കൊണ്ട് കിടക്കവേ തങ്ങളെ സഹായിക്കാൻ കഴിയുന്ന ബോണി എന്ന നേഴ്‌സ് ഉണ്ടെന്ന് മറ്റൊരു കഥാപാത്രം പറയുന്നതും, പൾപ് ഫിക്ഷൻ എന്ന ചിത്രത്തിൽ ഡിമ്മിക്കിന്റെ ഭാര്യ അതേ പേരുള്ള നേഴ്സ് ആണെന്നതും, ഈ കഥാപാത്രം ട്രൂ റൊമാൻസിൽ വീണ്ടും സ്മരിക്കപ്പെടുന്നതും വെറുതെ ആണെന്ന് തോന്നുന്നില്ല. ഇങ്ങനെ പരിശോധിക്കുക ആണെങ്കിൽ ടരന്റീനോയുടെ മിക്ക ചിത്രങ്ങളും മറ്റുള്ളവയുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ട് കിടക്കുന്നതായി കാണാൻ സാധിച്ചേക്കും, ഒന്ന് ഒഴിച്ച്. ഒരുപക്ഷെ മറ്റൊരാളുടെ നോവൽ ആധാരമാക്കി ടാരന്റിനോ അണിയിച്ചൊരുക്കിയ ചിത്രം ആയതിനാലാവണം ജാക്കി ബ്രൗൺ ഇതിൽ എവിടെയും വന്ന് പെട്ടതായി കാണാനാവില്ല.
ഇവയ്ക്ക് പുറമെ പൾപ് ഫിക്ഷനിലെ ബച്ച് (ബ്രൂസ് വില്ലിസ്) ഉപയോഗിച്ച കാർ കിൽ ബില്ലിൽ കാണാൻ കഴിയും എന്ന സ്ഥിരീകരിച്ചിട്ടില്ലാത്ത വാദവും ഉണ്ട്, ബിഗ് കാഹൂണ ബർഗർ എന്ന സാമുവൽ ജാക്സണിന്റെ സ്പെഷ്യൽ ഐറ്റം ഡസ്ക് റ്റിൽ ഡോൺ, ഡെത് പ്രൂഫ്, റിസെർവോയർ ഡോഗ്സ് എന്നീ ചിത്രങ്ങളിലും കാണാൻ കഴിഞ്ഞേക്കും. ഇനി ഇതുമായി ഒന്നും ബന്ധമില്ലാത്ത മറ്റൊരു കൗതുകകരമായ കാര്യം കൂടി പറയാം, പൾപ് ഫിക്ഷൻ എന്ന ചിത്രത്തിൽ ബ്രൂസ് വില്ലിസ് അവതരിപ്പിച്ച ബച്ച് എന്ന കഥാപാത്രം ഒരു ആയുധത്തിന് വേണ്ടി സ്റ്റോറിൽ തപ്പുന്ന രംഗം ഉണ്ട്, ഇതിൽ ആദ്യം ബച്ച് കയ്യിൽ എടുക്കുന്ന ബേസ്‌ബോൾ ബാറ്റ് പിന്നീട് ഇൻഗ്ലോറിയസ് ബസ്റ്റാർഡ്‌സിലെ ഡോണിയുടെ ആയുധമായും, ചുറ്റിക ഡികാപ്രിയയുടെ കയ്യിലും, കറ്റാന കിൽ ബില്ലിലും കാണാൻ കഴിഞ്ഞു, ചൈൻസോ എന്ന ആയുധം കൂടി ബച്ച് ഈ രംഗത്ത് ഉപയോഗിക്കുന്നുണ്ടെങ്കിലും അത് ഇതുവരെ മറ്റൊരു ടാരന്റിനോ ചിത്രത്തിൽ കാണാൻ സാധിച്ചിട്ടില്ല (ഒരുപക്ഷെ അടുത്ത വർഷം വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡിൽ കാണാൻ സാധിച്ചേക്കും)
മേൽ സൂചിപ്പിച്ച വസ്തുതകൾ എല്ലാം ശെരി ആണെന്ന് യാതൊരു ഉറപ്പുമില്ല, എല്ലാം സാദ്ധ്യതകൾ മാത്രമാണ് എന്തിരുന്നാലും 12 ആംഗ്രി മെൻ എന്ന ചിത്രം പഠിപ്പിച്ചത് പോലെ ഒരു ചെറിയ സാധ്യത അവശേഷിക്കുന്നിടത്തോളം കാലം അവ തെറ്റാവുന്നുമില്ല. (കടപ്പാട് റെഡിറ്റിലെ പ്രിയ സഹോദരന്മാർക്ക്) ബാക്കി കിടക്കുന്ന ചോദ്യം അടുത്ത വര്ഷം റിലീസിന് ഒരുങ്ങുന്ന ടാരന്റിനോ - ഡികാപ്രിയോ - ബ്രാഡ് പിറ്റ് സഖ്യത്തിന്റെ ചിത്രം ഇതിൽ എവിടെ വരും എന്നതാണ്, അതിനുള്ള ഉത്തരം അടുത്ത വർഷം ജൂലൈയിൽ.
No comments:
Post a Comment