ബെർണാർഡോ ബെർട്ടോലൂച്ചി എന്ന ഇതിഹാസ തുല്യനായ സംവിധായകന്റെ ജീവിതത്തെ രണ്ട് രീതിയിൽ സമീപിക്കാം, ഉത്തരങ്ങളെക്കാൾ ചോദ്യങ്ങൾ ബാക്കി നിർത്തിയ, ഒരു വ്യക്തി എങ്ങിനെ ആവരുത് എന്നതിന് ഉദാഹരണമാവേണ്ട വ്യക്തി ജീവിതവും ഏതൊരു സിനിമാ ആസ്വാദകനും മാതൃക ആക്കാവുന്ന അസൂയ ജനിപ്പിക്കും വിധം സമ്പന്നമായ സിനിമാ ജീവിതവും ചേർന്നതാണ് ബെർട്ടോലൂച്ചി എന്ന വ്യക്തിയുടെ ലെഗസി. വ്യക്തി ജീവിതവും വിവാദങ്ങളും നമ്മുടെ വിഷയം അല്ലാത്തതിനാൽ ബെർട്ടോളുച്ചിയുടെ സിനിമകളിലേക്കും സംഭാവനകളിലേക്കും ശ്രദ്ധ ചെലുത്താം, അറുപതുകളുടെ തുടക്കത്തിൽ ആരംഭിച്ച സിനിമാ ജീവിതത്തിൽ ലൈംഗികതയ്ക്കും വ്യക്തി ബന്ധങ്ങൾക്കും പ്രാധാന്യം നൽകി കൊണ്ടുള്ള ശൈലിയാണ് ബെർട്ടോലൂച്ചി പിന്തുടർന്നത്, ഈ കാലഘട്ടത്തിലെ സ്ഥിരം അമേരിക്കൻ ശൈലികളിൽ വീണ് പോവാതെ തീർത്തും വ്യത്യസ്തമായി തന്റെ കാഴ്ചപ്പാടിന് ചേർന്ന രീതിയിലുള്ള ചിത്രങ്ങൾ സൃഷ്ട്ടിക്കാൻ കഴിഞ്ഞു എന്നിടത്താണ് ബെർട്ടോലൂച്ചി മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാവുന്നത്. തന്റെ സിനിമകൾ പ്രേക്ഷകനുമായി സംവദിക്കാനുള്ള തന്റെ ഉപാധിയാണ് എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ബെർട്ടോലൂച്ചി അതിനാൽ തന്നെ ആവണം രീതികളിലും ശൈലിയിലും വെള്ളം ചേർക്കലുകൾക്ക് മുതിരാതിരുന്നത്, കൊമേർഷ്യൽ സിനിമകളുടെ ലോകം തനിക്ക് അന്യം ആണെന്ന ബെർണാർഡോയുടെ വാക്കുകളും തിരിച്ചറിവും തന്നെ ആയിരുന്നു മുന്നോട്ട് പോവാനുള്ള പ്രചോദനവും. വ്യക്തി ജീവിതത്തിൽ ആരെയും സുഖിപ്പിക്കാനോ, ഇഷ്ടം പിടിച്ച് പറ്റാനോ ശ്രമിക്കാതിരുന്ന വ്യക്തിയുടെ റിബൽ സ്വഭാവം അതിന്റെ പൂർണതയിൽ സിനിമകളിലും കാണാൻ കഴിയും. ബെർട്ടോലൂച്ചി എന്ന വ്യക്തിയെ പലരും പല രീതിയിൽ വിലയിരുത്തിയേക്കും, എന്നാൽ അദ്ദേഹത്തിന്റെ സിനിമകളെ അതൊന്നും ബാധിക്കില്ല, കാലത്തിന് പോലും പഴക്കം ചെലുത്താൻ കഴിയാത്തവയെ കേവലം വിമർശനങ്ങൾക്ക് തളർത്താനാവും എന്ന ചിന്ത പോലും അസംബന്ധമാണ്. അത് എന്ത് തന്നെ ആയാലും തന്റെ യാത്ര പൂർത്തിയാക്കി മടങ്ങിയ ബെർട്ടോളൂച്ചിയുടെ സിനിമകളിലൂടെയുള്ള ഒരു ചെറിയ യാത്രയാണ് ഈ പോസ്റ്റ്.
The Last Emperor (1987)
Genre : Epic
Rating : 7.8/10
Duration : 163 Minutes
ഒരു രാജ്യം മുഴുവൻ തന്റെ ഉത്തരവുകൾക്ക് വേണ്ടി കാത്തിരുന്നിട്ടും അവയെല്ലാം ഒഴിവാക്കി വീട്ടിലേക്ക് മടങ്ങണം എന്ന ആഗ്രഹം മാത്രം പ്രകടിപ്പിച്ച ചൈനയുടെ അവസാന ചക്രവർത്തി ആയ പുയിയുടെ ജീവിതമാണ് ദി ലാസ്റ്റ് എമ്പറർ എന്ന ബെർട്ടോലൂച്ചി ചിത്രം. എല്ലാവിധ സൗഭാഗ്യങ്ങളോടും കൂടി പണത്തിന്റെയും പദവിയുടെയും പ്രതാപത്തിന്റെയും ഇടയിൽ ജനിച്ച് വീണിടത്ത് നിന്നും യുദ്ധ കുറ്റവാളിയിലേക്കും സാധാരണക്കാരനിലേക്കും ഉള്ള വീഴ്ച അല്ലെങ്കിൽ യാത്ര ആണ് ഈ സിനിമയുടെ പ്രമേയം. ചൈന എന്ന രാജ്യം രാഷ്ട്രീയ പരിസ്ഥിതികളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൈക്കൊണ്ടിരുന്ന കാലയളവിൽ ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന ഒരു വ്യക്തിയുടെ ഭാഗത്ത് നിന്ന് കൊണ്ട് കഥ പറഞ്ഞ് പോവുന്ന ചിത്രം ഏതൊരു കാഴ്ചക്കാരനും മികച്ചൊരു അനുഭവം തന്നെ ആയിരിക്കും എന്നുറപ്പ്, അക്കാഡമി അവാർഡ് പോലെ അനവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ ഈ ഒരു ചിത്രം മതിയാവും ബെർട്ടോലൂച്ചി എന്ന പ്രതിഭയെ പരിചയപ്പെടുത്താൻ.
Last Tango In Paris (1972)
Genre : Erotic
Rating : 7.1/10
Duration : 129 Minutes
ലാസ്റ്റ് ടാംഗോ ഇൻ പാരീസ് എന്ന ബെർട്ടോലൂച്ചി ചിത്രം പിൽക്കാലത്ത് പ്രശസ്തി ആർജിച്ചത് സിനിമാ ചരിത്രത്തിലെ ഏറ്റവും മൃഗീയമായ റേപ്പ് സീനുകൾ ഉൾപ്പെട്ട ചിത്രം എന്ന നിലയ്ക്കാണ്, സംവിധായകനും നായകനും എതിരെ നായിക തൊടുത്തുവിട്ട ആരോപണങ്ങളും ഈ കുപ്രസിദ്ധി ഏറ്റുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാൽ ഇതിനെല്ലാം അപ്പുറം ലാസ്റ്റ് ടാംഗോ ഇൻ പാരീസ് നല്ലൊരു ചിത്രം ആണ് എന്നതിൽ സംശയത്തിന് സ്ഥാനം ഇല്ല. തന്റെ വാർധക്യ കാലത്തിലേക്ക് കടക്കുന്ന വിഭാര്യനായ പോളിന് ചെറുപ്പക്കാരി ആയ ജീന്നിനോട് തോന്നുന്ന അടുപ്പവും, ഇരുവർക്കും ഇടയിൽ ഉടലെടുക്കുന്ന ബന്ധവും എല്ലാമാണ് ചിത്രത്തിന്റെ പ്രമേയം. ലൈംഗികതയുടെ അതിപ്രസരത്തോട് കൂടിയാണ് ഈ ബന്ധം ബെർട്ടോലൂച്ചി വരച്ചിടുന്നത്, ആയതിനാൽ തന്നെ സിനിമയ്ക്ക് നേരിടേണ്ടി വന്ന വിമർശനങ്ങക്കും ആരോപണങ്ങൾക്കും കയ്യും കണക്കുമില്ല. എന്തിരുന്നാലും ശക്തമായ കഥയും കഥാപാത്രങ്ങളും എല്ലാം ഉൾപ്പെട്ട ചിത്രം കാണാതിരുന്നാൽ നഷ്ടമാവും എന്ന കാര്യത്തിലും എതിരഭിപ്രായമില്ല.
The Conformist (1970)
Genre : Drama
Rating : 8.1/10
Duration : 111 Minutes
ബെർട്ടോലൂച്ചി എന്ന സംവിധായകന്റെ കഴിവ് വിളിച്ചോതുന്ന ചിത്രം ദി ലാസ്റ്റ് എമ്പറർ ആണെങ്കിലും എല്ലാ വശങ്ങളിൽ കൂടിയും പരിശോധിക്കുമ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സൃഷ്ടി എന്നത് ദി കൺഫെർമിസ്റ്റ് എന്ന ചിത്രം ആണെന്ന് തോന്നിയിട്ടുണ്ട്. കഥ തിരക്കഥ അവതരണം പ്രകടനം ഛായാഗ്രാഹണം തുടങ്ങി സർവ മേഘലകളികും ഇത്രയും മികച്ച് നിന്ന മറ്റൊരു ബെർട്ടോലൂച്ചി ചിത്രം കാണിച്ച് തരാനാവില്ല. രഹസ്യ പോലീസ് ആയ മാഴ്‌സെലോ തന്റെ ഭാര്യയോടൊപ്പം ഹണിമൂൺ ചിലവഴിക്കാൻ പാരിസിൽ എത്തുന്നതും, ആ കാലയളവിൽ മറ്റൊരു ദൗത്യം അദ്ദേഹം കയ്യാളുന്നതും തുടർന്ന് അരങ്ങേറുന്ന സംഭവങ്ങളും എല്ലാമാണ് ചിത്രത്തിന്റെ പ്രമേയം. യുദ്ധാനന്തര ഇറ്റാലിയൻ സിനിമാ ഇൻഡസ്ട്രിയുടെ ഉയർച്ചയിൽ കൺഫെർമിസ്റ്റിന്റെ പങ്ക് ചെറുതല്ല, ലോകോത്തര സിനിമകളോട് കിട പിടിക്കുന്നത് എന്ന രീതിയിൽ പുറത്തിറങ്ങിയ ആദ്യ ഇറ്റാലിയൻ ചിത്രങ്ങളിൽ ഒന്നായി വിശേഷിപ്പിക്കുന്ന കൺഫെർമിസ്റ്റ് തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്നാണ്.
1900 (1976)
Genre : Epic
Rating : 7.7/10
Duration : 317 Minutes
ഇഷ്ട നായകനായ റോബർട്ട് ഡി നീറോ ബെർണാർഡോ ബെർട്ടോലൂച്ചിയോടൊപ്പം ഒന്നിച്ച ചിത്രം, സംവിധായകന്റെ ഏറ്റവും ദൈർഘ്യമേറിയ ചിത്രം തുടങ്ങി 1900 എന്ന ചിത്രം കാണാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ അനവധി ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇറ്റലിയിലെ ഗ്രാമ പ്രദേശങ്ങളിൽ നിന്നും കടന്ന് വന്ന രണ്ട് സുഹൃത്തുക്കളുടെ ജീവിതവും അതിൽ അരങ്ങേറുന്ന സംഭവങ്ങളും അതിനാൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളും എല്ലാമാണ് ഈ ബെർട്ടോലൂച്ചി ചിത്രം പറയുന്നത്, ഈ കഥയ്ക്കിടയിൽ അൻപത് വർഷങ്ങളോളം നീണ്ട് നിൽക്കുന്ന ഇറ്റാലിയൻ ചരിത്രവും, തൊഴിലാളി സമരങ്ങളും, കമ്മ്യുണിസത്തിന്റെ വരവും, മഹായുദ്ധങ്ങളും എല്ലാം ഭാഗമായി മാറുന്നുണ്ട്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രത്തിന്റെ ദൈർഘ്യം ഒരു പ്രശനമായി അനുഭവപ്പെട്ടേക്കാം എങ്കിലും ഒഴിവാക്കാൻ പാടില്ലാത്തത് എന്ന നിർദ്ദേശമാണ് ഈ ചിത്രത്തെ കുറിച്ചും നൽകാൻ ഉള്ളത്.
The Dreamers (2003)
Genre : Romance
Rating : 7.2/10
Duration : 116 Minutes
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ബെർട്ടോലൂച്ചി ചിത്രം എന്ന് ദി ഡ്രീമേഴ്സിനെ വിശേഷിപ്പിക്കാം. പഠന സംബന്ധമായ ആവശ്യങ്ങൾക്കായി ഫ്രാൻസിൽ എത്തുന്ന മാത്യു എന്ന യുവാവ് തിയോ, ഇസബെൽ എന്നീ സഹോദരീ സഹോദരന്മാരെ പരിചയപ്പെടുന്നതും, അവരുടെ ജീവിതത്തിന്റെ ഭാഗമാവുന്നതും, തുടർന്ന് ഈ മൂവർ സംഘത്തിന്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളും എല്ലാമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഈ കഥയുടെ ചുവട് പിടിച്ച് മാവോയിസം, വിദ്യാർത്ഥി പ്രക്ഷോഭം, ലൈംഗികത തുടങ്ങിയ വിഷയങ്ങളും ബെർട്ടോലൂച്ചി പ്രതിപാദിക്കുന്നുണ്ട്. ഈ വിഷയങ്ങൾ വന്ന് പോവുന്നുണ്ടെങ്കിലും ചിത്രം അവസാനിക്കുമ്പോൾ പ്രേക്ഷകന്റെ ഓർമയിൽ നിൽക്കുക ഇവ ഗ്രീൻ എന്ന പേരും ബെർട്ടോലൂച്ചി മുന്നോട്ട് വെയ്ക്കുന്ന സെക്ഷ്വൽ ലിബർട്ടി എന്ന വികാരവും മാത്രമാവും.
ഈ സിനിമകൾക്ക് പുറമെ Little Budha (1994), La Luna (1979), The Sheltering Sky (1990), The Tragedy Of A Ridiculous Man (1982), Before The Revolution (1964) എന്നിവയും ബെർട്ടോളൂച്ചിയുടെ നല്ല സിനിമകളാണ്.
No comments:
Post a Comment