Director : Mahsun Kırmızıgül
Genre : Drama
Rating : 7.7/10
Country : Turkey
Duration : 136 Minutes
🔸സിനിമകളുടെ ലാളിത്യം ഒരു അത്ഭുതമായി തോന്നിയിട്ടുണ്ടെങ്കിൽ അത് തുർക്കിഷ് ഭാഷയിൽ ആണ്, പ്ലോട്ട് മാത്രമായി എടുക്കുക ആണെങ്കിൽ ഇത് വെച്ച് ഒരു സിനിമ എടുക്കാൻ കഴിയുമോ അല്ലെങ്കിൽ എടുത്താൽ തന്നെ അത് ആസ്വാദ്യകരം ആവുമോ അല്ലെങ്കിൽ വലിച്ച് നീട്ടൽ പോലെ തോന്നുമോ തുടങ്ങിയ സംശയങ്ങൾ ഉണ്ടാവുക സാധാരണമാണ്, എന്നാൽ ഇവ മിക്കതും തരുന്ന ആ ഒരു അനുഭവം അല്ലെങ്കിൽ ഫീൽ പറഞ്ഞ് അറിയിക്കാൻ പറ്റാത്തതാണ്, ഇവിടെ മുസീസ് ദി മിറക്കിൾ എന്ന ചിത്രത്തിന്റെ കാര്യത്തിലും സ്ഥിതി ഗതികൾ വ്യത്യസ്തമല്ല.
🔸മഹിർ എന്ന കഥാപാത്രം ആളൊരു അധ്യാപകനാണ്, കാലഘട്ടം ആയിരത്തി തൊള്ളായിരത്തി അറുപതുകളും. ടിയാൻ ജോലി ചെയ്യുന്നത് നഗര പ്രദേശത്ത് ആണെങ്കിലും ഒരുനാൾ സ്ഥലം മാറ്റം ലഭിക്കുകയാണ്, ഒരു ഓണം കേറാ മൂല എന്നൊക്കെ പറയാവുന്ന, എന്തിനധികം കേട്ട് കേൾവി പോലുമില്ലാത്ത ഒരു കുഗ്രാമത്തിലേക്ക്. മാഹിറിന്റെ ഭാര്യയ്ക്കും മക്കൾക്കും ഇതിനോട് വലിയ താല്പര്യം ഇല്ല എങ്കിലും സ്വതേ അഭിമാനി ആയ മാഹിർ ഇറങ്ങി തിരിക്കുകയാണ്, പുതിയ ജോലി സ്ഥലത്തേക്ക്. മാഹിറിനെ സംബന്ധിച്ചിടത്തോളം അവിടെ എത്തിപ്പെടുക എന്നത് തന്നെ ആയിരുന്നു ആദ്യത്തെ കടമ്പ.
🔸പരസ്തുത ഗ്രാമത്തിലേക്കുള്ള ഒരേയൊരു മാർഗം ബസ് ആണ്, അതും വാവിനും വെള്ളിയാഴ്ചക്കും മാത്രം ഉള്ള തോതിൽ ഒന്ന്. ഇതിൽ യാത്ര തിരിച്ചെങ്കിലും ഉദ്ദേശിച്ച സ്ഥലത്ത് എത്താൻ മാഹിറിന് കഴിഞ്ഞില്ല, കാരണം അവിടേക്ക് ഇന്നേവരെ ഗവണ്മെന്റ് റോഡ് വെട്ടിയിട്ട് പോലുമില്ല, ഇനി എന്ത് ചെയ്യണം എന്ന മാഹിറിന്റെ ചോദ്യത്തിന് ലഭിക്കുന്ന ഉത്തരം രണ്ട് മല കേറി ഇറങ്ങി അതിനപ്പുറമുള്ള പുഴയും കടന്ന് ചെന്നാൽ നിങ്ങൾക്ക് ഗ്രാമത്തിൽ എത്താം എന്നാണ്. എന്തായാലും മറ്റ് മാർഗങ്ങൾ ഇല്ലാത്തത് കൊണ്ട് മാഹിർ അവിടേക്കുള്ള യാത്ര കാൽനടയായി തുടങ്ങുകയാണ്.
🔸ഗരാമത്തിൽ എത്തിയപ്പോഴാണ് മാഹിറിന് ഒരു കാര്യം കൂടി ബോധ്യപ്പെടുന്നത്, താൻ പഠിപ്പിക്കാനായി എത്തിയ ഇവിടെ ഒരു സ്‌കൂൾ പോലുമില്ല, ആകെ ഉള്ളത് പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത ഒരുകൂട്ടം ഗ്രാമീണരും, പിന്നെ കുറെ വിദ്യാർത്ഥികളും മാത്രം. എന്ത് ചെയ്യണം എന്ന് പിടിയില്ലാതെ നിൽക്കുന്ന മാഹിറിൽ നിന്നുമാണ് സിനിമ തുടങ്ങുന്നത്, ഇവിടെ ഞാൻ പറയാത്ത ഒരുപാട് കാര്യങ്ങൾ വേറെയുണ്ട്, അത് മനഃപൂർവം തന്നെയാണ് ഒഴിവാക്കിയതും, അവ എല്ലാം കണ്ട് തന്നെ അനുഭവിക്കേണ്ടതുമാണ്. മുസിസ് ഞാൻ കണ്ട ഏറ്റവും ബ്യുട്ടിഫുൾ സിനിമകളിൽ ഒന്നാണ്, തീർച്ചയായും കാണാൻ ശ്രമിക്കുക.
"Some People Have Eyes In Their Heart, It Is Through The Heart They View The World....❤️"
Verdict : Must Watch
DC Rating : 4.75/5
No comments:
Post a Comment